Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

പലിശ രഹിത സംഗമം അയല്‍കൂട്ടായ്മ പ്രതീക്ഷയുടെ കൈത്താങ്ങ്

ടി.കെ ഹുസൈന്‍

സംഗമം അയല്‍കൂട്ടായ്മയുടെ വ്യാപനം ലക്ഷ്യംവെച്ച് സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ കേരളത്തില്‍ ഇന്‍ഫാക് സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി അയല്‍കൂട്ടായ്മകളുടെ കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. 'സുരക്ഷ, സമൃദ്ധി, സ്വയം പര്യാപ്തത' എന്ന തലക്കെട്ടിലാണ് കാമ്പയിന്‍. നിലവിലെ അയല്‍കൂട്ടായ്മകളുടെ ശാക്തീകരണത്തോടൊപ്പം പുതിയ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കാനും ശ്രമിക്കും. ഇന്‍ഫാക് സസ്റ്റയിനബിള്‍  ഡവലപ്‌മെന്റ് സൊസൈറ്റിയുമായി അഫിലിയേഷന്‍ ലഭിക്കാത്തവ അത് പൂര്‍ത്തിയാക്കണം. ജമാഅത്തെ ഇസ്‌ലാമി ഏരിയയും പ്രാദേശിക ഘടകങ്ങളും എന്‍.ജി.ഒകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

അയല്‍കൂട്ടായ്മാ സംഗമങ്ങളും വിപണന മേളകളും അയല്‍കൂട്ടായ്മകള്‍ തമ്മില്‍ കലാ-കായിക മത്സരങ്ങളും സംഘടിപ്പിക്കും.

 

അയല്‍കൂട്ടായ്മാ സംഗമം 

പ്രാദേശിക എന്‍.ജി.ഒകള്‍ക്ക് കീഴിലുള്ള അയല്‍കൂട്ടായ്മകളുടെ സംഗമമാണിത്. ഈ ഒത്തു ചേരലില്‍ പലിശരഹിത അയല്‍കൂട്ടായ്മ (ടഒഏ)യുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവും. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുക്കും. അയല്‍കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളുടെ പരിപാടികള്‍, വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ ആദരിക്കല്‍, മികവു പുലര്‍ത്തിയ അയല്‍കൂട്ടായ്മകളെ ആദരിക്കല്‍, കലാ-കായിക പരിപാടികളുടെ സമ്മാന വിതരണം, ചെറിയ സംരംഭകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കും. 

 

വിപണന മേളകള്‍

സംഗമം അയല്‍കൂട്ടായ്മകളുടെ പ്രവര്‍ത്തകരും ഭാരവാഹികളും നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍, മരുന്നുകള്‍, ഭക്ഷണ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് മേളകളില്‍ നടക്കുക. ഇത് അയല്‍കൂട്ടായ്മാ പ്രചാരണത്തിനും അംഗങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനും ഉപകരിക്കും.

 

കലാ-കായിക മത്സരങ്ങള്‍

എന്‍.ജി.ഒകള്‍ അയല്‍കൂട്ടായ്മാ അംഗങ്ങളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ അംഗങ്ങള്‍ക്കിടയിലുള്ള ഐക്യവും സ്‌നേഹവും സൗഹാര്‍ദവും വര്‍ധിക്കാന്‍ നിമിത്തമാകും. പ്രസംഗം, കവിത, മൊബൈല്‍ ഫോട്ടോ മത്സരം, നാടന്‍ കളികള്‍ (സൂചി നൂല്‍ കോര്‍ക്കല്‍, കസേര കളി, വാട്ടര്‍ ഫില്ലിംഗ്, ലെമണ്‍ സ്പൂണ്‍, ഓല മെടയല്‍) എന്നിവ കലാ-കായിക പരിപാടികളില്‍ ഉള്‍പ്പെടുത്താം. 

 

മൈക്രോഫിനാന്‍സ് അയല്‍കൂട്ടം

സാധാരണക്കാരുടെ ചെറിയ രീതിയിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് അനൗപചാരിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മതല സാമ്പത്തിക സംവിധാനങ്ങളാണ് മൈക്രോഫിനാന്‍സ് അയല്‍കൂട്ടങ്ങള്‍. പാവപ്പെട്ട ജനങ്ങള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കി വരുമാനം വര്‍ധിപ്പിച്ച് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയാണ് മൈക്രോഫിനാന്‍സ്  ലക്ഷ്യംവെക്കുന്നത്.

ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ മൈക്രോഫിനാന്‍സ് രംഗത്ത് അയല്‍കൂട്ടങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. യു.എന്‍ അടക്കമുള്ള സര്‍ക്കാര്‍-സര്‍ക്കാറിതര സംവിധാനങ്ങള്‍ അവക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. സ്ത്രീകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇതുവഴി സാധിക്കും. രാഷ്ട്രീയ - സാംസ്‌കാരിക-മതസംഘടനകള്‍ മുതല്‍ കോര്‍പറേറ്റുകള്‍ വരെ അയല്‍കൂട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് പ്രവര്‍ത്തനമാരംഭിച്ച മൈക്രോഫിനാന്‍സ് സംവിധാനങ്ങളില്‍ പലതും വന്‍ പലിശ ഈടാക്കി ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവിടെയാണ് പലിശരഹിത മൈക്രോഫിനാന്‍സ് സംവിധാനങ്ങളുടെ പ്രസക്തി.

അംഗങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുക, സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുക, പലിശ രഹിത പരസ്പര വായ്പകള്‍ അനുവദിക്കുക, തൊഴില്‍ പരിശീലനം സംഘടിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് സംഗമം അയല്‍കൂട്ടായ്മ ബോധവത്കരണവും സേവനപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്.

 

INFACC Sustainable Development Society

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ചു വരുന്ന 'ഇന്‍ഫാക്' പലിശരഹിത നിധികളെ അയല്‍കൂട്ടം രീതികളിലേക്ക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. അയല്‍കൂട്ടങ്ങളും എന്‍.ജി.ഒകളും സംസ്ഥാനത്ത് വളര്‍ച്ചയുടെ പാതയിലാണ്. ഇന്‍ഫാക് സുസ്ഥിര  വികസന സൊസൈറ്റി സാമ്പത്തികവും സാമൂഹികവുമായ സഹകരണത്തിലൂടെ കേരളീയ സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിയും ജനക്ഷേമവും മുന്‍നിര്‍ത്തി രൂപീകരിച്ച സന്നദ്ധ സംഘടനയാണ്. പലിശ രഹിതമായി പ്രവര്‍ത്തിക്കുന്ന അയല്‍കൂട്ടായ്മകളാണ് ഇന്‍ഫാകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തട്ടില്‍ ബലേമകുന്നത്. പ്രാദേശിക, പഞ്ചായത്ത് തലങ്ങളില്‍ സമാന ലക്ഷ്യങ്ങളോടെ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത പ്രാദേശിക സന്നദ്ധ സംഘടനകളെ ഇന്‍ഫാകില്‍ അഫിലിയേറ്റ് ചെയ്യാം. പ്രാദേശിക എന്‍.ജി.ഒകള്‍ക്ക് ആവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും ഇന്‍ഫാക് നല്‍കുന്നു. 

നൂറിലേറെ എന്‍.ജി.ഒകളും 2000-ത്തിലേറെ അയല്‍കൂട്ടങ്ങളും ഇപ്പോള്‍ നിലവില്‍ വന്നു കഴിഞ്ഞു. പുതിയ സംവിധാനം രൂപീകരിക്കുന്ന പ്രദേശങ്ങളില്‍ സംഘടനാ പ്രവര്‍ത്തനരംഗത്തും പുതിയ ഉണര്‍വ് ഉണ്ടാകുന്നുണ്ട്. കഴിയുന്ന സ്ഥലങ്ങളിലൊക്കെ പലിശരഹിത സംഗമം അയല്‍കൂട്ടായ്മകള്‍ യാഥാര്‍ഥ്യമാക്കി മാറ്റത്തിന്റെ പാതയില്‍ കൈകോര്‍ക്കാന്‍ നമുക്ക് കഴിയണം. പലിശയുടെ ചൂഷണത്തില്‍നിന്ന് കഴിയുന്നത്ര ജനങ്ങളെ മോചിപ്പിച്ച് ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുകയാണ് ഇന്‍ഫാകിന്റെ പ്രഖ്യാപിത ലക്ഷ്യം. അത് യാഥാര്‍ഥ്യമാവാന്‍ പ്രാര്‍ഥനയോടും പ്രത്യാശയോടും ചുവടുവെച്ചു മുന്നേറാം. സാധാരണ പൗരന്മാരുടെ സുസ്ഥിര വികസനത്തിന് മാതൃകയാവാന്‍ പലിശരഹിത സംഗമം അയല്‍കൂട്ടായ്മയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് നവ കേരളം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍