Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

സുസ്ഥിര വികസനത്തിന് ഇസ്‌ലാമിക് മൈക്രോഫിനാന്‍സ്

ഡോ. മുഹമ്മദ് പാലത്ത്

വികസനം എല്ലാ സമൂഹങ്ങളുടെയും ലക്ഷ്യമാണ്. അതേസമയം വികസനത്തിന്റെ നിര്‍വചനം ആപേക്ഷികമാണ്. പൊതുവെ സാമൂഹിക, സാമ്പത്തിക ഘടനയിലുണ്ടാവുന്ന മുന്നേറ്റത്തെയാണ് വികസനം എന്ന് പറയുന്നത്. ദാരിദ്ര്യത്തില്‍ കുറവ് വരിക, സാമൂഹികമായ ഒറ്റപ്പെടല്‍ ഒഴിവാക്കുക, പൊതു സൗകര്യങ്ങളില്‍ വര്‍ധനവുാവുക, ഇതുവഴി ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ആപേക്ഷികമായ മാറ്റമുാവുക- ഇവയെല്ലാമാണ് വികസന സ്വപ്‌നത്തില്‍ പൊതുവെ ഉാവുക. ഇവ എങ്ങനെ അളക്കാം എന്ന ചോദ്യത്തിന് സാമ്പത്തിക ശാസ്ത്രം ഉത്തരം കണ്ടെത്തുന്നത്, പ്രതിശീര്‍ഷ വരുമാന വര്‍ധന അതിന്റെ സൂചകമാണെന്ന് ചൂിക്കാട്ടിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനമാണ് വികസന സൂചികയായി ഉപയോഗിക്കുന്നത്.

എന്നാല്‍, ഇന്ത്യയുടെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ നമുക്ക് ആശാവഹമായ ഉത്തരമല്ല നല്‍കുന്നത്. ഒരു ഭാഗത്ത് വികസനത്തിന്റെയും വളര്‍ച്ചയുടെയും പെരുമ്പറയടിക്കുമ്പോഴും ബഹുഭൂരിഭാഗം പൗരന്മാര്‍ക്കും വികസനമെന്നത് ഇപ്പോഴും സ്വപ്‌നമാണ്. 25 കോടി ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ വരുമാനം ഇപ്പോഴും ലോക ദാരിദ്ര്യരേഖയായ രണ്ട് ഡോളറിനും താഴെയാണ്. രാജ്യത്തെ 80 ശതമാനം സമ്പത്തും കൈയടക്കി വെക്കുന്നത് 10 ശതമാനം സമ്പന്നരാണ്. ഏറ്റവും സമ്പന്നരായ 16 പേര്‍ 600 മില്യന്‍ ജനങ്ങളുടേതിന് സമാനമായ സമ്പത്ത് കൈയടക്കി വെച്ചിരിക്കുന്നു. സാമ്പത്തിക അസമത്വങ്ങള്‍ ഭീകരമായ തോതില്‍ വര്‍ധിച്ചുവരുന്നു എന്നു സാരം.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ഓക്ഫാം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ വര്‍ഷം രാജ്യത്ത് 17 പുതിയ ശത കോടീശ്വരന്മാര്‍ പുതുതായി ഉണ്ടായതായി പറയുന്ന റിപ്പോര്‍ട്ട് രാജ്യത്തെ 101 ബില്യനയര്‍മാരുടെ ഇക്കഴിഞ്ഞ വര്‍ഷം വര്‍ധിച്ച സമ്പത്ത് സംസ്ഥാനങ്ങളുടെ ബജറ്റ് എസ്റ്റിമേറ്റിന്റെ 85 ശതമാനം വരുമെന്ന് വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച 73 ശതമാനം സമ്പത്തും അതിസമ്പന്നരായ ഒരു ശതമാനത്തിലൂടെയാണ് ലഭിച്ചത്. ഇങ്ങനെ പോയാല്‍ രാജ്യം മൊത്തം വിലയ്ക്കു വാങ്ങാന്‍ അതിസമ്പന്നര്‍ക്ക് അധികകാലം വേിവരില്ല. ആധുനിക മുതലാളിത്ത വ്യവസ്ഥ നടപ്പാക്കിയ പല പദ്ധതികളും വിപരീത ഫലമാണ് ഉണ്ടാക്കിയത്. അതാവട്ടെ യാദൃഛികമാകാനും വഴിയില്ല.

മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണോപാധി എന്ന നിലയില്‍ പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനം വ്യാപകമാവുന്നത് 17-ാം നൂറ്റാണ്ട് മുതല്‍ക്കാണ്. മുതലാളിത്ത വികസനത്തിന് ആവശ്യമായ പണം ബാങ്കുകള്‍ വഴി പൊതു സമ്പാദ്യം സ്വരൂപിച്ച് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കോളനിവത്കരണത്തിലൂടെ ആധുനിക ബാങ്കിംഗ് മാതൃക ലോകത്തുടനീളം വ്യാപിച്ചു. ആദ്യഘട്ടത്തില്‍ വികസനത്തിന്റെ സൂചകമായാണ് ബാങ്കുകളെ പരിഗണിച്ചത്. എന്നാല്‍ സാമ്പത്തിക വിദഗ്ധനും ഇസ്‌ലാമിക പണ്ഡിതനുമായ പ്രഫ. ഖുര്‍ശിദ് അഹ്മദ്  ഇതു സംബന്ധമായി നടത്തിയ പഠനത്തില്‍ പറയുന്നത്, കോളനികള്‍ മൂന്നാം ലോക രാജ്യങ്ങളായി പരിവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനത്തിന്റെ വ്യാപനമാണന്നാണ്. ഇന്ന് കാണുന്ന ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ പലതും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത് ഈ മുതലാളിത്ത വികസന മാതൃകയിലൂടെയാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം സമര്‍ഥിക്കുന്നു. 

രണ്ടാം ലോക യുദ്ധത്തിനു ശേഷം കോളനിവത്കരണത്തിന്റെ അന്ത്യം കുറിച്ചപ്പോള്‍ നവ കോളനീകരണത്തിന്റെ വിത്ത് മുളപ്പിക്കാനും അവര്‍ ശ്രദ്ധിച്ചു. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും രൂപീകരണം ലോകരാജ്യങ്ങളെ തുടര്‍ന്നും ചൂഷണം ചെയ്യാനുള്ള അജണ്ടയുടെ ഭാഗമയിരുന്നു. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് എന്ന പേരില്‍ വായ്പകള്‍ നല്‍കുകയും അവയെ കൊള്ളയടിക്കുകയും ചെയ്യുക എന്നതാണ് മുതലാളിത്ത രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ശൈലി. നമ്മുടെ രാജ്യം മൊത്തം ചെലവിന്റെ 20 ശതമാനവും ചെലവഴിക്കുന്നത് പലിശയടക്കാനാണ് എന്നോര്‍ക്കുക. രാജ്യത്തെ ദരിദ്രരുടെ അന്നത്തില്‍നിന്ന് കൈയിട്ടു വാരിയാണ് നാം ഐ.എം.എഫിന് നല്‍കാനുള്ള പലിശ കണ്ടെത്തുന്നത്. ഇതുവഴി ദരിദ്ര രാജ്യങ്ങളില്‍നിന്ന് സമ്പന്ന രാജ്യങ്ങളിലേക്ക് സമ്പത്തിന്റെ വ്യവസ്ഥാപിതമായ ഒഴുക്കാണ് സാധ്യമാകുന്നത്. സ്വാതന്ത്യാനന്തരം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പലിശാധിഷ്ഠിത ബാങ്കിംഗ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കൈക്കൊണ്ടത്. വികസനത്തിന്റെ സൂചകമായാണ് നാം ബാങ്കുകളെ കണ്ടത്. ദാരിദ്ര്യത്തിനു കാരണം സാമ്പത്തിക മേഖലയില്‍ ദരിദ്രരെ ഉള്‍ച്ചേര്‍ക്കാത്തതു കൊണ്ടാണെന്നും അതിനാല്‍ ദാരിദ്യനിര്‍മാര്‍ജനം സാധ്യമാവാന്‍ എല്ലാവരും ബാങ്കുകളിലേക്ക് വരണമെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സമൂഹത്തില്‍ 40 ശതമാനം വരുന്ന ദരിദ്രര്‍ക്ക് ബാങ്കില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നുായിരുന്നില്ല. ഇങ്ങനെ ബാങ്കിംഗ് മേഖലയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടവരെ ഉള്‍ച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുതലാളിത്തത്തിന്റെ  അടുത്ത ചുവടുവെപ്പ് ദരിദ്രരായവര്‍ക്ക് മൈക്രോഫിനാന്‍സിലൂടെ സാമ്പത്തിക സേവനം ലഭ്യമാക്കി ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുക എന്നതായിരുന്നു. 1970-കളില്‍ ആരംഭിച്ച് ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമായി മൈക്രോഫിനാന്‍സ് മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര നാണയനിധിയും ഐക്യരാഷ്ട്ര സഭയും മൈക്രോഫിനാന്‍സിന്റെ വളര്‍ച്ചക്ക് കൈമറന്ന് സഹായിച്ചു. സാമ്പത്തിക ശാക്തീകരണത്തോടൊപ്പം സാമൂഹിക വികസനം, സ്ത്രീശാക്തീകരണം, തൊഴില്‍ പോഷണം, സ്വയം തൊഴില്‍ പദ്ധതികള്‍, ജീവിത പരിശീലനങ്ങള്‍ എന്നിവയും മൈക്രോഫിനാന്‍സിന്റെ ലക്ഷ്യങ്ങളായി അംഗീകരിക്കപ്പെട്ടു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഒറ്റമൂലി എന്ന നിലയിലാണ് സാമ്പത്തിക വിദഗ്ധര്‍ മൈക്രോഫിനാന്‍സിനെ അവതരിപ്പിച്ചത്.

തൊണ്ണൂറുകള്‍ക്ക് ശേഷം മൈക്രോഫിനാന്‍സിനെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടക്കുകയുണ്ടായി. അവയില്‍ മിക്കതും ദാരിദ്യ നിര്‍മാര്‍ജനത്തിനും വികസനത്തിനുമുള്ള മാതൃക എന്ന നിലയില്‍ മൈക്രോഫിനാന്‍സിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. 

മൈക്രോഫിനാന്‍സിന്റെ പല മാതൃകകളിലും 60 ശതമാനം വരെ പലിശ ഈടാക്കപ്പെടുന്നു്. ദരിദ്രരുടെ സമ്പാദ്യം അവരറിയാതെ ഊറ്റികുടിക്കുന്ന തന്ത്രമാണ് മൈക്രോഫിനാന്‍സ് സ്വീകരിച്ചത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആത്മഹത്യ വര്‍ധിക്കാനുള്ള ഒരു കാരണം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവയെ നിയന്ത്രിക്കുന്നതിന് നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ആന്ധ്രാ പ്രദേശിലെ മൈക്രോഫിനാന്‍സ് ആക്ടില്‍, ഈടാക്കാവുന്ന പരമാവധി പലിശയായി നിര്‍ദേശിക്കുന്നത് 26 ശതമാനമാണ്. സമ്പന്നര്‍ക്ക് ബാങ്കുകളില്‍നിന്ന് 10 ശതമാനം പലിശക്ക് വായ്പ ലഭിക്കുമ്പോള്‍ ദാരിദ്യ നിര്‍മാര്‍ജനം ലക്ഷ്യംവെക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ദരിദ്രരില്‍നിന്ന് ഈടാക്കേണ്ടത് 26 ശതമാനം പലിശയാണെന്ന് സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നു. എങ്ങനെയാണ് ഇവിടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിര്‍മാര്‍ജനവും സാധ്യമാവുക?

ഇവിടെയാണ് പലിശ രഹിതമായി പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സംവിധാനങ്ങളുടെ പ്രസക്തി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലെ പലിശയൊഴികെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് പലിശരഹിത മൈക്രോഫിനാന്‍സ്. 1970- കളില്‍ ബംഗ്ലാദേശില്‍ ആരംഭിച്ച ആധുനിക ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് വിവിധ രാജ്യങ്ങളില്‍ വിവിധങ്ങളായ മാതൃകയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സുസ്ഥിര വികസനത്തിന്  പലിശയില്ലാത്ത വികസന രീതികള്‍ യാഥാര്‍ഥ്യമാക്കുകയാണ് ഇവ ചെയ്തുകൊണ്ടിരിക്കുന്നത്.

വിവിധ മാതൃകകളില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുണ്ട്. സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചുള്ള സംവിധാനങ്ങളാണ് വ്യാപകമായി കാണപ്പെടുന്നത്. പ്രാദേശിക തലങ്ങളില്‍ 20 സ്ത്രീകളോ പുരുഷന്മാരോ ചേര്‍ന്നുള്ള ഗ്രൂപ്പാണ് സ്വയം സഹായ സംഘങ്ങള്‍. അവരില്‍ സമ്പാദ്യ സ്വരൂപണം പ്രോത്സാഹിപ്പിക്കുക, പരസ്പര സഹകരണത്തോടെ വായ്പ ലഭ്യമാക്കുക, സ്ത്രീ ശാക്തീകരണം, സാമൂഹിക ശാക്തീകരണം തുടങ്ങിയവക്ക് അനുഗുണമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് അയല്‍കൂട്ടങ്ങള്‍ ചെയ്തു വരുന്നത്. അതതു പ്രദേശങ്ങളിലെ സാമ്പത്തിക വിഭവങ്ങള്‍ ഉപയോഗിച്ചു തന്നെ പ്രാദേശിക വികസനം സാധ്യമാക്കാം എന്നാണ് ഈ മാതൃക വരച്ചുകാണിക്കുന്നത്.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം പലിശരഹിതവും പരസ്പര സഹകരണത്തിലധിഷ്ഠിതവുമായ  മൈക്രോഫിനാന്‍സ് സംവിധാനം ശക്തിപ്പെടുത്താനുള്ള യത്‌നത്തിലാണ്. ജാതിമത ഭേദമന്യേ സകല മനുഷ്യര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഈ സംവിധാനം യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ രണ്ടായിരത്തോളം അയല്‍കൂട്ടായ്മകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വികസനത്തിന്റെയും ശാക്തീകരണത്തിന്റെയും ആവേശകരമായ റിപ്പോര്‍ട്ടുകളാണ് ഇവിടങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും കൂടുതലാളുകളെ ഈ നവ വികസന മാതൃകയുടെ കണ്ണികളായി ചേര്‍ത്തു കൊണ്ട് പ്രാദേശിക തലങ്ങിളില്‍ വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ് പ്രസ്ഥാനത്തിന് കീഴിലുള്ള INFACC  Sustainable Development Society  ലക്ഷ്യമിടുന്നത്.

കേരളത്തിലും മറ്റു പ്രദേശങ്ങളിലുമുള്ള പലിശ രഹിത മൈക്രോഫിനാന്‍സ് സംവിധാനങ്ങളെ പറ്റി നിരവധി പഠനങ്ങള്‍ നടക്കുന്നു്. ചൂഷണമുക്തമായതും പരസ്പര സഹകരണത്തോടെ സമ്പത്ത് ആവശ്യമുള്ളവര്‍ക്കിടയില്‍ ലഭ്യമാക്കുന്നതുമായ ഈ സംവിധാനം അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും തൊഴില്‍, വരുമാനം എന്നിവ വര്‍ധിപ്പിക്കാനും ഏറെ പ്രയോജനപ്പെട്ടിട്ടുന്നെ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകള്‍ പോലും കിട്ടാക്കടങ്ങള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഈ സ്ഥാപനങ്ങളിലെ തിരിച്ചടവു ശേഷി 99.7 ശതമാനമാണ് എന്നാണ് കണക്കുകള്‍. സംതൃപ്തരായ ജനതയാണ് വികസനത്തിന്റെ ലക്ഷ്യമെങ്കില്‍ അതു യാഥാര്‍ഥ്യമാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു പരിധി വരെ സാധിക്കുന്നുണ്ട്. ഐ.എം.എഫില്‍നിന്നും മറ്റും വായ്പ വാങ്ങി വികസനത്തിനു മുതല്‍മുടക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന മാതൃകയേക്കാള്‍ എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് സുസ്ഥിര വികസനത്തിന്റെ ഈ മാതൃകകള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍