Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

പ്രളയം പറയാന്‍ ബാക്കിവെച്ചത്

ബശീര്‍ മുഹ്‌യിദ്ദീന്‍

നാം പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇതിനെ നമുക്ക് പ്രളയാനന്തര കാലഘട്ടം എന്നു വിളിക്കാം; യുദ്ധാനന്തരകാലം എന്നു പറയുന്നപോലെ. പ്രളയത്തിന് മുമ്പും ശേഷവും ജീവിതം ഒരുപോലെയല്ല. നാമിപ്പോള്‍ ധാരാളം അനുഭവങ്ങളുള്ളവരായിരിക്കുന്നു; കഴിഞ്ഞ തലമുറയെപ്പോലെ. അവര്‍ക്ക് ധാരാളം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. 1924-ലെ വെള്ളപ്പൊക്കത്തെപ്പറ്റി അവരില്‍ പലരും പറഞ്ഞുതന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച്, ലോകയുദ്ധങ്ങളെക്കുറിച്ച്. നമ്മുടെ നാട്ടില്‍ വസൂരിയും പ്ലേഗും പടര്‍ന്നതിനെക്കുറിച്ച്, ക്ഷാമം ബാധിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ തീരാത്തത്രയും അനുഭവങ്ങള്‍ കഴിഞ്ഞ തലമുറക്ക് നമ്മോട് പറയാനുണ്ടായിരുന്നു.

ഇപ്പോള്‍ ഈ പ്രളയകാലത്ത് നമ്മളും ധാരാളം അനുഭവങ്ങളുള്ളവരായിരിക്കുന്നു. വരും തലമുറയോട് അനുഭവകഥകള്‍ പറയാനുള്ള ശേഷി നാം നേടിയിരിക്കുന്നു. അത് ജീവിതം പങ്കുവെച്ചതിന്റെ, കാരുണ്യത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ ഗാഥകളാണ്. തോരാതെ മഴപെയ്തുകൊണ്ടിരുന്ന നാളുകളെക്കുറിച്ച്, ഡാമുകള്‍ തുറന്നിട്ടപ്പോള്‍ മഹാപ്രളയമായി നാടുകളും വീടുകളുമൊക്കെ വെള്ളം മുക്കിക്കളഞ്ഞതിനെക്കുറിച്ച് നമുക്ക് പറയാം. പോലീസും പട്ടാളവും ഇറങ്ങിയതിനെക്കുറിച്ച്, നോഹയുടെ പെട്ടകം പോലെ പലഭാഗത്തുനിന്നും കടലിന്റെ മക്കളും മറ്റുള്ളവരും എല്ലാം കൈനീട്ടി ആളുകള്‍ക്ക് രക്ഷകരായിമാറിയതിനെക്കുറിച്ച് നമുക്ക് പറയാം. കണ്ണും മനസ്സും നിറച്ച സഹായ വാഗ്ദാനങ്ങളെക്കുറിച്ച് പറയാം. എല്ലാം നഷ്ടപ്പെട്ടപ്പോഴും ആത്മവിശ്വാസത്തിന്റെ ചിന്തകളുണര്‍ത്തിയ നല്ല മനുഷ്യരെക്കുറിച്ച് വരും തലമുറയോട് നമുക്ക് പങ്കുവെക്കാം.

പ്രളയം പലതും കടപുഴക്കി എറിഞ്ഞിട്ടുണ്ട്. എന്നാലും പ്രളയം ചിലത് ബാക്കിവെച്ചിട്ടുമുണ്ട്. മേല്‍ക്കൂരകളിലും മരക്കൊമ്പുകളിലും മറ്റു പലയിടങ്ങളിലും പലതും ബാക്കിവെച്ചിട്ടുണ്ട്. നമ്മുടെ ഓര്‍മകള്‍ അങ്ങനെ ബാക്കിയാക്കപ്പെട്ട നന്മകളുമായി ബന്ധപ്പെട്ടതാണ്.

നിങ്ങളോര്‍ക്കുന്നില്ലേ, പ്രളയത്തില്‍ ജാതിയും മതവും തമ്മില്‍ തല്ലിയില്ല, രാഷ്ട്രീയം പറഞ്ഞ് നേരംപോക്ക് കളിച്ചില്ല. ആരും പരസ്പരം തര്‍ക്കിച്ചില്ല. അന്ന് 'മാനുഷരെല്ലാം ഒന്നുപോലെ'യായിരുന്നു. ഒരുപോലെ ചിന്തിച്ച, ഒരുപോലെ പ്രവര്‍ത്തിച്ച നാളുകളായിരുന്നു അത്.

യഥാര്‍ഥത്തില്‍ ഒരു ശുദ്ധികലശമല്ലേ നടന്നത്? അല്ലാഹു വെള്ളംകൊണ്ട് ഈ നാടിനെ ശുദ്ധീകരിക്കുകയാണ് ചെയ്തത്. വിശുദ്ധ ഖുര്‍ആനില്‍ തോരാതെ പെയ്യുന്ന മഴയുടെ ഒരു ഉദാഹരണമുണ്ട്. മലമുകളില്‍നിന്ന് താഴേക്കൊഴുകി താഴ്‌വരകളെ തഴുകി പ്രവഹിച്ച ഒരു മഴ. അതിശക്തമായ കുത്തൊഴുക്കായിരുന്നു അത്. നുരയും പതയും നുരഞ്ഞുപൊന്തിയിരുന്നു. അല്ലാഹു പറഞ്ഞു: ഒഴുകിപ്പരന്ന നുരയും പതയുമുണ്ടല്ലോ അത് വറ്റിവരണ്ട് ഇല്ലാതാകും, ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ചിലത് ആ പ്രളയത്തിലുണ്ട്; അത് ബാക്കിയാകും. സൂറ അര്‍റഅ്ദിലെ 17-ാം സൂക്തത്തില്‍ വളരെ സുന്ദരമായ ഉപമയിലൂടെയാണ് അല്ലാഹു ഇത് പറഞ്ഞത്.

സത്യത്തെയും അസത്യത്തെയും മാറ്റുരച്ചുകൊണ്ടാണ് അല്ലാഹു ഇക്കാര്യം പറഞ്ഞത്. അസത്യം നുരയും പതയും പോലെ വറ്റിവരണ്ടു പോകാനുള്ളതാണ്. എന്നാല്‍, ചില സത്യങ്ങള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും.

പ്രളയത്തിന്റെ അടയാളങ്ങള്‍ പലതും മാഞ്ഞുകൊണ്ടിരിക്കുകയാണ്; നമ്മള്‍ തന്നെ മായ്ച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അപ്പോഴും ജനങ്ങള്‍ക്കും തലമുറകള്‍ക്കും പ്രയോജനപ്പെടുന്ന നന്മകള്‍ ഒരുപാട് പ്രളയം ബാക്കിവെച്ചിട്ടുണ്ട്.

അതിലേറ്റം പ്രധാനപ്പെട്ടത്, നമ്മള്‍ അയല്‍വാസിക്ക് മുന്നില്‍ കെട്ടിയുയര്‍ത്തിയ മതില്‍ക്കെട്ടുകള്‍ മാത്രമല്ല, തറവാടിത്തത്തിന്റെയും അന്ധമായ കുലമഹിമയുടെയും ജാതിചിന്തയുടെയും പേരും പെരുമയും കൊണ്ടുനടന്നുള്ള പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും വന്മതിലുകള്‍ ഈ പ്രളയം തകര്‍ത്തെറിഞ്ഞിരിക്കുന്നു എന്നതാണ്. മാനവികതയുടെ അടിസ്ഥാന വീക്ഷണം പ്രളയം ബാക്കിവെച്ചു. 'മനുഷ്യരേ' എന്ന് ഖുര്‍ആന്‍ നിരന്തരം വിളിച്ചില്ലേ. യാ അയ്യുഹന്നാസ്, ജനങ്ങളേ എന്നാണ് ഖുര്‍ആന്റെ ആദ്യത്തെ വിളി. വിശ്വാസികളേ എന്നല്ല. ആ മാനവികതയുടെ വിളംബരമാണ് പ്രളയത്തിന്റെ ഒന്നാമത്തെ പാഠം. മനുഷ്യ ജീവന്റെ വില നമ്മള്‍ തിരിച്ചറിഞ്ഞു. നിങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍, മേല്‍വിലാസങ്ങള്‍ പോസ്റ്റ്മാന് കത്ത് കൊണ്ടുതരാനുള്ള മേല്‍വിലാസം മാത്രമാണ്. എന്നാല്‍ അല്ലാഹുവിങ്കല്‍ ആദരണീയര്‍ ഭക്തരാരോ അവരാണ് എന്നാണ് ഖുര്‍ആനിക പാഠം.

എല്ലാം മനുഷ്യന് വേണ്ടിയാണ് എന്ന് അല്ലാഹു നമ്മെ പഠിപ്പിച്ചു. പക്ഷേ, നാം പലതിനുവേണ്ടിയും മനുഷ്യരെ കുരുതി കൊടുത്തുകൊണ്ടിരുന്നു. മനുഷ്യ ജീവന് വിലയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍, മനുഷ്യ ജീവന്‍ ആദരണീയമാണെന്ന് നാം പഠിച്ചു. മനുഷ്യന് അതുല്യമായ കഴിവുകളും ശേഷികളും നല്‍കി താന്‍ ആദരിക്കുകയും അവനെ ശ്രേഷ്ഠനാക്കുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞു. പക്ഷേ, നമ്മള്‍ കേട്ട, കേട്ടുകൊണ്ടിരിക്കുന്ന ഒരായിരം പ്രസംഗങ്ങള്‍ക്ക് സാധിക്കാത്തത്, ഒരായിരം പേജുകളില്‍ രേഖപ്പെടുത്തപ്പെട്ട വാക്കുകള്‍ക്ക് സാധിക്കാത്തത് ഒറ്റ രാത്രികൊണ്ട് നമ്മള്‍ പഠിച്ചു. കേട്ടിട്ടും വായിച്ചിട്ടും ഒരു മാറ്റവും ഒരു പ്രതികരണവും സൃഷ്ടിക്കാത്ത മഹത്തായ മൂല്യങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നമ്മുടെ മനസ്സുകളിലേക്ക് ഇരമ്പിക്കയറി വന്നിരിക്കുന്നു എന്നതാണ് പ്രളയം ബാക്കിവെച്ച മറ്റൊരു വലിയ കാര്യം.

ഒരു ബഹുസ്വര സമൂഹത്തില്‍, വ്യത്യസ്ത ജീവിത വീക്ഷണങ്ങളുള്ള, ചിന്താഗതിയുള്ള മനുഷ്യര്‍ക്കിടയില്‍ ഒരു മുസ്‌ലിം എങ്ങനെ ജീവിക്കണം എന്നത് ഇക്കാലത്തെ വലിയ ചര്‍ച്ചയാണല്ലോ. ഈ ചര്‍ച്ചയിലേക്ക് യഥാര്‍ഥത്തില്‍ നമ്മുടെ കാലം ഇടപെടുകയായിരുന്നു എന്നു നാം മനസ്സിലാക്കണം. പലതും നമുക്ക് ചരിത്ര കഥകളായിരുന്നു. കേട്ട് കേട്ട് മടുപ്പു തോന്നിയ കേട്ട് മറക്കാനുള്ള ചരിത്രങ്ങളായിരുന്നു. ചിലവ നമുക്ക് നിരന്തരം തര്‍ക്കിക്കാനുള്ള കര്‍മശാസ്ത്ര പ്രശ്‌നങ്ങളായിരുന്നു. ഈ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ആണ് ഈ പ്രളയം നമുക്ക് വേണ്ടി ബാക്കിയാക്കിയത്. ഇപ്പോഴും സംശയിക്കുന്നവരുണ്ടാകാം, ഇതര മതസ്ഥരെ അല്ലെങ്കില്‍ മതമില്ലാത്തവരെ നമ്മുടെ പള്ളിയിലേക്ക് കയറ്റാമോ എന്ന്. നമ്മുടെ നാട്ടുകാര്‍ക്ക് സംശയമുണ്ടാവാനിടയില്ല. പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും ചര്‍ച്ചുകളിലേക്കും ജനം ഓടിക്കയറിയില്ലേ. പള്ളിയൊന്ന് കാണാന്‍ കൊതിക്കുന്ന, പള്ളിയിലെ പ്രാര്‍ഥനകള്‍ കാണാനാഗ്രഹിക്കുന്ന, പ്രഭാഷണങ്ങള്‍ കേള്‍ക്കേണ്ടിയിരുന്നു എന്നു വിചാരിക്കുന്ന ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭയമായിരുന്നില്ലേ? ഭയം മാറിയോ മനസ്സില്‍നിന്ന്? പ്രളയം ബാക്കിവെച്ച നന്മകളില്‍ അതും കൂടിയുണ്ട്. ആരാധനാലയങ്ങള്‍ ആര്‍ക്കും പ്രവേശിക്കാനുള്ളതാണ്; പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ആരാധനാലയങ്ങള്‍. അത് നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്.

മസാബത്തന്‍ ലിന്നാസി വ അംനഃ - ഇത് മനുഷ്യര്‍ക്ക് ആശാകേന്ദ്രവും സുരക്ഷിത സ്ഥാനവുമാണ് എന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം. പക്ഷേ, സമുദായത്തിന് ഇത് പ്രഖ്യാപിക്കാന്‍ ഭയമാണ്. അതുകൊണ്ട് നമ്മളാരും പരസ്പരം പറയില്ല. ഗതികെട്ടാല്‍, നിര്‍ബന്ധിതാവസ്ഥയില്‍ വേണമെങ്കില്‍ മഴകൊള്ളാതിരിക്കാന്‍ കയറിനിന്നോട്ടെ എന്ന് ഫത്‌വകളും വന്നേക്കും. പക്ഷേ, അല്ലാഹുവിന്റെ ഭവനങ്ങള്‍ ആശാകേന്ദ്രവും നിര്‍ഭയ സ്ഥാനവുമാണെന്ന് തുറന്നുപറയാന്‍ പ്രളയം വേണ്ടിവന്നു. അങ്ങനെ നമ്മുടെ ഈ പള്ളിയിലും ആള്‍ക്കൂട്ടമെത്തി. അല്‍ഹംദു ലില്ലാഹ്, 12-ഓളം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ഈ പള്ളിക്കും സാധിച്ചു എന്നത് മഹത്തായ കാര്യമാണ്. സഹോദരങ്ങളെ പള്ളിയിലേക്ക് കൊണ്ടുവരാന്‍, ഈ ഭവനത്തിന്റെ നന്മ പരിചയപ്പെടുത്താന്‍, പ്രതിഷ്ഠകളില്ലാത്ത, പ്രതിമകളില്ലാത്ത, ഏകനായ, അരൂപിയായ അല്ലാഹുവെ തിരിച്ചറിയാന്‍ കഴിയുന്ന ഇടമാണ് ഈ ഭവനമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അവസരം സൃഷ്ടിക്കേണ്ടേ? അതാണ് യഥാര്‍ഥത്തില്‍ പ്രളയം ബാക്കി വെച്ചത്.

അതോടൊപ്പം സ്വന്തം വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍തന്നെ, അതിലല്‍പവും വെള്ളം ചേര്‍ക്കാതെതന്നെ, തന്റെ സഹോദരങ്ങളുടെ വിശ്വാസം അവര്‍ക്ക് ഏറെ വിലപ്പെട്ടതാവാമെന്നും അതിനാല്‍ അതിനെ ആദരിക്കാനും സംരക്ഷിക്കാനും ചിലപ്പോള്‍ താന്‍ ബാധ്യസ്ഥനാണെന്നുമുള്ള പാഠവും പ്രളയം ബാക്കിവെച്ചിട്ടുണ്ട്. അങ്ങനെയാണ് നമ്മുടെ സഹോദരങ്ങള്‍ ചര്‍ച്ചുകള്‍ ശുദ്ധീകരിച്ചത്. അല്ലാഹുവിന്റെ ദീന്‍ പഠിപ്പിച്ചതാണത്. പിന്നെ എവിടെയായിരുന്നു നമുക്കിടയില്‍ മതില്‍ക്കെട്ടുകള്‍ ഉണ്ടായത്. ആ മതില്‍ക്കെട്ടുകള്‍ അല്ലേ പ്രളയം തള്ളിത്തകര്‍ത്തത്. 'അല്ലാഹുവിനെ മാറ്റിവെച്ച് അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന പ്രതിഷ്ഠകളും വിശ്വാസങ്ങളുമുണ്ടല്ലോ നിങ്ങള്‍ അവയെ ചീത്ത പറയരുത്, അനാദരിക്കരുത്' എന്നാണ് പടച്ചവന്‍ പഠിപ്പിച്ചത്.

അല്‍അന്‍ആം അധ്യായത്തിലെ 108-ാം സൂക്തം ഒന്നുകൂടി വായിച്ചുനോക്കൂ. ഈ പ്രളയത്തിന്റെ കുത്തൊഴുക്കില്‍ നാം കുറച്ചുകൂടി തിരിച്ചറിഞ്ഞു. അവയെ അനാദരിക്കാതെ അവയെ മറ്റുള്ളവര്‍ ആദരിക്കുന്നവയായതിനാല്‍ അത് സംരക്ഷിക്കാനുള്ള ബാധ്യത കൂടി നമ്മള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന്. ചര്‍ച്ചില്‍ നമസ്‌കരിച്ചു. ക്ഷേത്രപരിസരത്ത് ജുമുഅ നടത്തി മാളയില്‍. മതിലുകള്‍ പലതും തകരുകയാണ്. അല്ലാഹു ബോധപൂര്‍വം തകര്‍ത്തു കളയുകയാണ്. പ്രളയം ബാക്കിവെച്ചത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സാണ്.

പടച്ചവന്‍ നേരത്തേ പറഞ്ഞുവെച്ചതാണ്. ലോകം ഇങ്ങനെയൊക്കെത്തന്നെയാണ്. അവനുദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യസമൂഹത്തെ ഒരൊറ്റ വിശ്വാസത്തില്‍, ഒരേ ചിന്തയില്‍, ഒരേ കര്‍മങ്ങളുള്ള ഒരേ മതത്തില്‍ വിശ്വസിക്കുന്നവരാക്കി മാറ്റാന്‍ പടച്ചവന് കഴിയുമായിരുന്നുവെന്ന്. പക്ഷേ, അവരിലെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുകതന്നെ ചെയ്യും; നിലനിര്‍ത്തുക തന്നെ ചെയ്യും. അതാണ് പടച്ചവന്റെ തീരുമാനം. വിശ്വാസത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അടിച്ചേല്‍പ്പിക്കലുകളുമുണ്ടാകില്ല എന്ന് പടച്ചവന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും നമ്മള്‍ മതിലുകള്‍ കെട്ടിപ്പടുത്തു. പരസ്പരം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ല.

നമ്മുടെ നാടിന്റെ മഹിതമായ പാരമ്പര്യം വീണ്ടും തിരിച്ചുപിടിച്ചു എന്നതാണ് പ്രളയം ബാക്കിവെച്ച നന്മ.

സഹജീവികളായി കഴിയുമ്പോള്‍ സുഖ-ദുഃഖങ്ങള്‍ പങ്കുവെച്ച് 'അന്‍ തബര്‍റൂഹും' - നിങ്ങളവരോട് പുണ്യകരമായി വര്‍ത്തിക്കൂ - എന്ന ഖുര്‍ആനിന്റെ പ്രയോഗത്തെ തെളിച്ച് കാണിക്കുകയായിരുന്നു. അങ്ങനെയാണവര്‍ പള്ളികളില്‍ എത്തിച്ചേര്‍ന്നത്. ഒന്നിച്ച് ഭക്ഷണപ്പൊതികള്‍ തുറന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയത്; ജാതി-മത ചിന്തകളില്ലാതെ.

ഇനിയും നമുക്ക് സംശയമുണ്ടോ പരസ്പരം സലാം പറയാന്‍ പറ്റുമോയെന്ന്. എന്താണ് സലാം; ഞാന്‍ നിന്റെ രക്ഷകനാണ്, സമാധാനമാണ് എന്നല്ലേ. നൂഹിന്റെ പേടകം പോലെ, ആ കപ്പല്‍ പോലെ, മനുഷ്യര്‍ മനുഷ്യരെ രക്ഷിച്ചെടുത്ത് നാം തെളിയിച്ച് കഴിഞ്ഞത്. അതുകൊണ്ട് ഇനിയും നമുക്ക് സംശയങ്ങള്‍ വേണ്ട. എല്ലാം പ്രളയം തകര്‍ത്തെറിഞ്ഞിരിക്കുന്നു.

സേവന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ ദീനിനെ അനുഭവത്തിലൂടെ പരിചയപ്പെടുത്താനുള്ള ഏറ്റവും നല്ല നാവാണ് എന്നുകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. പാഠങ്ങളുള്‍ക്കൊള്ളാന്‍ അല്ലാഹു നമുക്ക് ഉതവി നല്‍കുമാറാകട്ടെ.  (എറണാകുളം ദഅ്‌വാ മസ്ജിദില്‍ നടത്തിയ ജുമുഅ ഖുത്വ്ബ)

തയാറാക്കിയത്: സി.പി ജൗഹര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍