Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

ദേശീയ നിയമ കമീഷന്‍ റിപ്പോര്‍ട്ട് രാജ്യത്തോട് പറയുന്നത്

അഡ്വ. സി അഹ്മദ് ഫായിസ്

2016 ജൂണിലാണ് കേന്ദ്ര നിയമമന്ത്രാലയം ദേശീയ നിയമ കമീഷനോട് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കും  വിദഗ്ധാഭിപ്രായങ്ങള്‍ക്കും ശേഷം, കമീഷന്റെ കാലാവധി തീരാനിരുന്ന ആഗസ്റ്റ് മുപ്പതിന് വിഷയത്തിലെ അന്തിമ റിപ്പോര്‍ട്ടിന് പകരം, 'കുടുംബ നിയമങ്ങളില്‍ പരിഷ്‌കരണം' (Reform of Family Law) എന്ന തലക്കെട്ടില്‍ ഒരു  ചര്‍ച്ചാ രേഖ മുന്നോട്ടു വെക്കുകയാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ അധ്യക്ഷതയിലുള്ള കമീഷന്‍ ചെയ്തത്. എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളില്‍ വിശിഷ്യാ, പിന്തുടര്‍ച്ച -അനന്തരാവകാശ നിയമങ്ങളില്‍ പലതരം ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ചര്‍ച്ചാ രേഖ, സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954, ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ് ആക്ട് 1869 എന്നിവയിലുള്ള അഭാവങ്ങളെയും  അവ്യക്തതകളെയും അഭിമുഖീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. ബഹുഭാര്യത്വം, നികാഹ് ഹലാല, വ്യഭിചാരവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് എന്നിവ സംബന്ധിച്ചെല്ലാം രേഖയില്‍ ചര്‍ച്ചകളുണ്ടെങ്കിലും ഈ വിഷയങ്ങളിലുള്ള കേസുകളില്‍ സുപ്രീം കോടതി  നിലവില്‍ വാദം കേള്‍ക്കുന്നതിനാല്‍, അവയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ ഘട്ടത്തില്‍ പരാമര്‍ശിക്കുകയുണ്ടായിട്ടില്ല.

മുസ്‌ലിം വ്യക്തി നിയമ പരിഷ്‌കരണം, മുത്ത്വലാഖ് നിരോധനം തുടങ്ങിയ ചര്‍ച്ചകള്‍ കൊഴുപ്പിച്ചുകൊണ്ടാണ് ഏക സിവില്‍ കോഡ് വിഷയം പഠിക്കാനുള്ള ദൗത്യം മോദി സര്‍ക്കാര്‍ നിയമ കമീഷനെ ഏല്‍പ്പിച്ചത്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏക സിവില്‍ കോഡ് ആവശ്യമുള്ളതോ അഭിലഷണീയമോ അല്ലെന്നും സമുദായങ്ങള്‍ തമ്മിലുള്ള സമീകരണത്തേക്കാള്‍, സമുദായങ്ങള്‍ക്കുള്ളില്‍ സ്ത്രീക്കും പുരുഷന്നുമിടയിലുള്ള തുല്യത ഉറപ്പാക്കുന്ന കാര്യമാണ് നിയമ നിര്‍മാണ സഭ ആദ്യം പരിഗണിക്കേണ്ടതെന്നും കമീഷന്‍ വിലയിരുത്തി. ഏക സിവില്‍ കോഡിന് പുറമെ രാജ്യദ്രോഹ നിയമമെന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124-എ വകുപ്പിനെ സംബന്ധിച്ചുള്ള ചര്‍ച്ചാ രേഖയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് പൊതു ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ടും കൂടി  കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ രാജ്യത്ത് സമവായമില്ലെന്നും വ്യക്തി നിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുകയാണ് ഏറ്റവും ഉചിതമായ നിലപാട് എന്നും കമീഷന്‍ വ്യക്തമാക്കുന്നു. ഒപ്പം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമല്ല വ്യക്തി നിയമങ്ങളെന്നു ഉറപ്പുവരുത്തണമെന്നും രേഖ പറയുന്നുണ്ട്. വ്യതിരിക്തത അംഗീകരിക്കുന്നതിലേക്കാണ് മിക്ക രാജ്യങ്ങളും ഇപ്പോള്‍ നീങ്ങുന്നതെന്ന് ചൂണ്ടിക്കാണിച്ച കമീഷന്‍ വ്യത്യാസം നിലനില്‍ക്കുന്നത് കൊണ്ട് വിവേചനമുണ്ട് എന്നര്‍ഥമില്ല എന്ന് അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നുമുണ്ട്. സാമുദായികമായ വ്യത്യാസങ്ങള്‍ വിവേചനമല്ല, ഊഷ്മളമായ ജനാധിപത്യത്തിന്റെ സൂചനയാണ്. പല വ്യക്തി നിയമങ്ങള്‍ ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം എടുത്ത് കാട്ടുമ്പോള്‍ തന്നെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തഴയപ്പെടരുതെന്നും, വ്യതിരിക്തത ഇല്ലാതാക്കി കൊണ്ടല്ല ഇതിന് പരിഹാരം കാണേണ്ടതെന്നും കമീഷന്‍ പറഞ്ഞുവെക്കുന്നു.

 

വിവാഹ പ്രായം, വിവാഹം, വിവാഹ മോചനം

കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തി നിയമങ്ങളും പരമാവധി ഏകീകരിക്കണമെന്നാണ് കമീഷന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, സ്ത്രീ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 18 ആയി ഏകീകരിക്കണമെന്നാണ് കമീഷന്റെ നിലപാട്. വോട്ട് ചെയ്യാന്‍ എല്ലാ പൗരനും പൊതുവായ പ്രായം നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇണയെ തെരഞ്ഞെടുക്കുന്നതിനു യോഗ്യമാകുന്ന ചുരുങ്ങിയ പ്രായവും നിശ്ചയിക്കപ്പെടണമെന്നാണ് കമീഷന്റെ നിലപാട്. വിവാഹം കഴിക്കാന്‍ പുരുഷന് ഒരു പ്രായം, സ്ത്രീക്ക് മറ്റൊരു പ്രായം എന്ന വേര്‍തിരിവിന് അടിസ്ഥാനമില്ലെന്നും പുരുഷനെയും സ്ത്രീയെയും തുല്യരായി ഗണിക്കണമെന്നും രേഖയിലുണ്ട്. പുരുഷന് വിവാഹ പ്രായം 21 എന്നും സ്ത്രീക്ക് 18 എന്നും നിശ്ചയിക്കുമ്പോള്‍, ഭാര്യ ഭര്‍ത്താവിനേക്കാള്‍ ചെറുപ്പമായിരിക്കണമെന്ന കാഴ്ചപ്പാട് നിലനിര്‍ത്തുന്നതിന് സാധൂകരണമുണ്ടാകുന്നുവെന്നും, ആണിനും പെണ്ണിനും വിവാഹം കഴിക്കുന്നതിനുള്ള നിയമപരമായ  പ്രായം 1875-ലെ ഇന്ത്യന്‍ മജോറിറ്റി ആക്ട് പ്രകാരമുള്ള പതിനെട്ട് വയസ്സായി  നിജപ്പെടുത്തണമെന്നുമാണ് കമീഷന്റെ നിലപാട്.

അസമത്വങ്ങള്‍ ഭേദഗതികളിലൂടെ നീക്കണമെന്നും ഗാര്‍ഹിക പീഡന നിരോധന നിയമം, ക്രൂരത തടയാനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമ വ്യവസ്ഥകള്‍ എന്നിവ പ്രകാരം ഏകപക്ഷീയ വിവാഹ മോചനം ശിക്ഷാര്‍ഹമാക്കണമെന്നും, മുത്ത്വലാഖ് നിരോധിച്ച് അതുവഴി നികാഹ് ഹലാലക്ക് സ്വാഭാവിക നിയന്ത്രണമുാക്കണമെന്നും കമീഷന്‍ വ്യവസ്ഥ ചെയ്യുന്നു. ഇസ്‌ലാമില്‍ ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അത് അപൂര്‍വമാണ്. മറ്റു സമുദായങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിക്കുന്നവര്‍ മറ്റൊരു വിവാഹത്തിന് സാധുത നല്‍കാന്‍ അത് ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്നും രേഖ പറയുന്നു. 1939-ലെ മുസ്‌ലിം വിവാഹ ഭഞ്ജന ആക്ടില്‍ വ്യഭിചാരം വിവാഹ മോചനത്തിനുള്ള ഒരു കാരണമായി ഉള്‍പ്പെടുത്തണമെന്നും പ്രസ്തുത കാരണം പുരുഷനും സ്ത്രീക്കും ഒരുപോലെ വിവാഹ മോചനത്തിനുള്ള ന്യായമായ കാരണമായി ഉന്നയിക്കാന്‍ അവകാശമുണ്ടായിരിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു. മാത്രവുമല്ല, നികാഹ് നാമയില്‍ ബഹുഭാര്യത്വം ഒരു ക്രിമിനല്‍ കുറ്റമാണെന്ന കാര്യം വ്യക്തമാക്കണമെന്നും ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 494 എല്ലാ സമുദായങ്ങള്‍ക്കും  ഒരേപോലെ ബാധകമാക്കണമെന്നും രേഖയിലുണ്ട്. 

മുസ്‌ലിംകളിലടക്കം എല്ലാവരിലും   വിവാഹ ശേഷം സമ്പാദിക്കുന്ന സ്വത്ത് ദമ്പതികളുടെ പൊതു സ്വത്തായി കണക്കാക്കണം. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ കാരണം തൊഴില്‍  സാധ്യത നഷ്ടമാവുന്നത് മിക്കവാറും സ്ത്രീകള്‍ക്കാണ്. ജീവനാംശത്തിനുള്ള അവകാശം പലപ്പോഴും കാറ്റില്‍ പറത്തുന്നുവെന്നിരിക്കെ, ഈ ആശയം മുന്നില്‍ വെച്ച് മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാണ് കമീഷന്റെ ആവശ്യം. പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കമീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ സുന്നി-ശീഈ മദ്ഹബ് വ്യത്യാസമില്ലാതെ ഏകീകരിക്കണം. നികുതി വെട്ടിപ്പിനു വഴിയൊരുക്കുന്ന ഹിന്ദു നിയമത്തിലെ കൂട്ടു കുടുംബ ആനുകൂല്യങ്ങള്‍ എടുത്തു കളയണമെന്നും സംയുക്ത പിന്തുടര്‍ച്ചാവകാശ രീതി ഇല്ലാതാക്കണമെന്നും രേഖ പറയുന്നു. ക്രിസ്ത്യന്‍, പാഴ്‌സി, സിഖ് തുടങ്ങിയ മറ്റു സമുദായങ്ങളിലെ വിഷയങ്ങളും കമീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രിസ്തീയ സമുദായത്തിലെ കുമ്പസാരം വിവാദമായ പശ്ചാത്തലത്തില്‍ കുമ്പസാരം നിരോധിക്കണം എന്ന് ദേശീയ വനിതാ കമീഷന്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെടുകയുണ്ടായി. പ്രസ്തുത ആവശ്യം നിരാകരിച്ച കമീഷന്‍ വരും കാലങ്ങളില്‍ സ്ത്രീകളുടെ കുമ്പസാരത്തിന് കന്യാസ്ത്രീകളെ നിയോഗിക്കണം എന്ന നിര്‍ദേശമാണ് പുരോഗമനാത്മകവും ഗുണപരവുമെന്ന് വിലയിരുത്തുകയും ചെയ്തു. ക്രിസ്ത്യന്‍ നിയമത്തില്‍ വിവാഹ മോചനം നടപ്പിലാവണമെങ്കില്‍ അപേക്ഷ നല്‍കി രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു ജീവിക്കണമെന്ന നിയമം സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ വകുപ്പുകള്‍ക്ക് സമാനമായ രീതിയിലാക്കണമെന്നും കമീഷന്‍ ആവശ്യപ്പെടുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  നിഷ്‌കര്‍ഷിച്ചിട്ടുള്ള മുപ്പത് ദിവസത്തെ നോട്ടീസ് കാലാവധി എന്ന വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും പ്രസ്തുത വകുപ്പ് മിശ്ര ജാതി മിശ്ര മത വിവാഹങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്നും കമീഷന്‍ നിരീക്ഷിക്കുന്നു. 

കുട്ടികളുടെ കസ്റ്റഡി-രക്ഷാകര്‍തൃത്വം, ദത്തവകാശം,  ചിലവ് നല്‍കല്‍ എന്നിവയിലെല്ലാം പല പുതിയ നിര്‍ദേശങ്ങളും കമീഷന്‍ മുന്നോട്ട് വെക്കുന്നു. ഉദാഹരണമായി, മുസ്‌ലിം നിയമത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വാഭാവിക രക്ഷകര്‍ത്താവ് എന്ന പദവിക്ക് അഛനും അമ്മക്കും തുല്യ അവകാശമായിരിക്കണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ  എല്ലാ സമുദായക്കാര്‍ക്കും  ദത്തെടുക്കാന്‍ കഴിയും  വിധം 2015-ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് വിപുലീകരിക്കണമെന്നും കമീഷന്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ എല്ലാ കുടുംബ നിയമങ്ങളിലെയും വിവേചനപരമായ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തി നിയമപരമായ സാധ്യമായ നടപടികള്‍ നിര്‍ദേശിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയമ കമീഷന്‍ വിശദീകരിച്ചു. അങ്ങനെ ചെയ്യുക വഴി സാംസ്‌കാരിക, സാമൂഹിക സ്വഭാവം രൂപപ്പെടുത്തുന്ന നാനാത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്ന താല്‍പര്യമാണ് കമീഷനുള്ളത്.

 

രാജ്യദ്രോഹ നിയമം 

ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം ഏതെങ്കിലും വ്യക്തിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ലെന്നുമാണ്  നിയമ കമീഷന്‍ പുറത്തുവിട്ട മുപ്പത്തൊന്നു പേജുള്ള രണ്ടാമത്തെ ചര്‍ച്ചാ രേഖയില്‍ പറയുന്നത്. പൊതു സമാധാനം തകര്‍ക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു. തന്റെ രാജ്യത്തോടുള്ള കൂറ് തനതായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

ഒരേ പല്ലവി ആവര്‍ത്തിക്കുന്നതല്ല ദേശഭക്തിയുടെ ലക്ഷണം. ക്രിയാത്മക വിമര്‍ശനത്തിനു വാതില്‍ തുറന്നിട്ടില്ലെങ്കില്‍, സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാവില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ ഉണ്ടായിരിക്കണം. ക്രിയാത്മകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് നടക്കേണ്ടത്. സര്‍ക്കാര്‍ നയത്തിലെ പഴുതുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഒരുപക്ഷേ പരുക്കനും അസുഖകരവുമായേക്കാം. എന്നാല്‍, അതിനെ രാജ്യദ്രോഹമെന്ന് മുദ്രകുത്തരുത്. നിരുത്തരവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ രാജ്യദ്രോഹമല്ല. കാര്യങ്ങളുടെ പോക്കില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് രാജ്യത്തിന് ഭീഷണിയായി മാറുന്നില്ല.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടണം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ഉപാധിയായി അത് ദുരുപയോഗിക്കപ്പെടരുത്. വിയോജിപ്പും വിമര്‍ശനവും ഊര്‍ജസ്വലമായ പൊതു ചര്‍ച്ചയുടെ അവശ്യ ഘടകങ്ങളാണ്. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്-കമീഷന്‍ വിലയിരുത്തുന്നു. മോദി സര്‍ക്കാറിന് കീഴില്‍ എതിര്‍ ശബ്ദങ്ങള്‍ ദേശീയതക്ക് എതിരായ ശബ്ദങ്ങളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നു്. ഈ വര്‍ഷമാദ്യം നടന്ന ഭീമ-കൊരെഗാവ് സംഘര്‍ഷങ്ങളുടെ സൂത്രധാരന്മാരാണെന്ന് ആരോപിച്ചും  മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തിയും ഹൈദരാബാദ്, ദല്‍ഹി, പൂനെയിലുമൊക്കെയായി ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയും സുപ്രീം കോടതി തന്നെ അത്തരം റെയ്ഡുകളെയും അറസ്റ്റുകളെയും വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നിയമ കമീഷന്റെ വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍  എന്നത് ഏറെ ശ്രദ്ധേയമാണ്.  രാജ്യദ്രോഹ നിയമമെന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ എന്ന വകുപ്പ് എടുത്തു കളയണോ വേണ്ടേ എന്നതിനെ കുറിച്ച് ആലോചിക്കാന്‍ പത്തു ചോദ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം എഴുതിയുണ്ടാക്കിയ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍  പ്രയോഗിച്ച ഈ നിയമം അവര്‍ സ്വന്തം നാട്ടില്‍ പത്തു വര്‍ഷം മുമ്പ് റദ്ദാക്കിയിരിക്കെ ഇപ്പോഴും ഐ.പി.സിയില്‍ തുടരുന്നതില്‍ എന്തുണ്ട് ന്യായമെന്ന ചോദ്യമാണ് അവയില്‍ പ്രധാനം.

 

ഒറ്റ തെരഞ്ഞെടുപ്പ്-അഭിപ്രായം തേടി നിയമ കമീഷന്‍

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നിയമ കമീഷന്‍ പുറത്തുവിട്ട ഡ്രാഫ്റ്റ് റിപ്പോര്‍ട്ടാണ് മറ്റൊരു ചര്‍ച്ചാ വിഷയം. ഒരേസമയം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് എന്നത് നല്ലൊരു ആശയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചെലവ് കുറക്കാനും മിക്കപ്പോഴും തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രാഷ്ട്രീയവും ഭരണപരവുമായ പ്രയാസങ്ങള്‍ ലഘൂകരിക്കാനും അതുവഴി കഴിയും. എന്നാല്‍, പ്രായോഗികമായി അതു സാധ്യമാണോ എന്നതാണ് ക്രമപ്രശ്‌നം. ഇതിന് ഭരണഘടനാ ഭേദഗതി വേിവരുമെന്നു മാത്രമല്ല, കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കു നിരക്കുന്നതുമല്ല ഒറ്റ തെരഞ്ഞെടുപ്പെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ അത് ബാധിക്കും. ചില നിയമസഭകളുടെ കാലാവധി നീട്ടുകയും മറ്റു ചിലത് കുറക്കുകയും ചെയ്യേണ്ടിവരും. അതൊക്കെ മറികടന്ന് ഒറ്റ തെരഞ്ഞെടുപ്പു നടത്തിയാല്‍പോലും കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതിനൊത്ത് ഇടക്കാലത്ത് സര്‍ക്കാറുകള്‍ വീണെന്നും വരാം. അതുകൊണ്ട് സര്‍ക്കാറുകളുടെ തെരഞ്ഞെടുപ്പ് ഒറ്റ അച്ചില്‍ വാര്‍ത്തെടുക്കേണ്ട എന്നാണ് നിയമ കമീഷന്‍ പറഞ്ഞുവെക്കുന്നത്. 

മുകളില്‍ പറഞ്ഞ മൂന്ന് റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങള്‍ ഏറെ കൊണ്ടാടിയപ്പോള്‍ മാധ്യമ ശ്രദ്ധ ലഭിക്കാതെ വിട്ടുപോയ വളരെയേറെ പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട് കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. തെറ്റായി അറസ്റ്റ് ചെയ്യപ്പെടുകയും കാലങ്ങളോളം വിചാരണ തടവുകാരായി ജയിലില്‍ കഴിഞ്ഞ് ഒടുവില്‍ നിരപരാധികളെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്യുന്ന നിരവധി പേരുടെ കഥകള്‍ കേള്‍ക്കുകയുണ്ടായി. ചെയ്യാത്ത കുറ്റത്തിന് ഇരുപത്തി മൂന്ന് വര്‍ഷം ജയിലില്‍ കിടന്ന മുഹമ്മദ് നിസാറുദ്ദീന്റെയും പതിനാലു വര്‍ഷം ജയിലില്‍ കിടന്ന മുഹമ്മദ് ആമിര്‍ ഖാന്റെയുമെല്ലാം ജീവിതം അവരുടെ ആത്മഭാഷണങ്ങളായി പുസ്തക രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട് തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗം ജയിലില്‍ ഹോമിക്കേണ്ടി വന്നയാളുകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവുമൊക്കെ വ്യവസ്ഥ ചെയ്യും വിധമുള്ള നിയമപരമായ പരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ അന്തിമ റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. Wrongful Prosecution (Miscarriage of Justice) : Legal Remedies എന്ന തലക്കെട്ടില്‍ നൂറ്റി അഞ്ചു പേജുള്ള ലോ കമീഷന്‍ റിപ്പോര്‍ട്ടില്‍,  ഇവ്വിഷയകമായി അന്താരാഷ്ട്രതലത്തിലും യു.എസ്, ന്യൂസിലാന്റ് തുടങ്ങി പല രാജ്യങ്ങളിലുമുള്ള  നിയമങ്ങളെ ചര്‍ച്ചക്കെടുക്കുന്നു. 1973-ലെ ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്  ഭേദഗതി ചെയ്ത് ഇരുപത്തി ഏഴാമതായി ഒരു അധ്യായം കൂട്ടിച്ചേര്‍ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക്  നഷ്ടപരിഹാരം, നഷ്ടപരിഹാരത്തിന് യോഗ്യരായ ആളുകള്‍, അതിന്റെ നിര്‍വചനം, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവയാണ്  പ്രസ്തുത അധ്യായത്തിലുള്ളത്. മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ദേശീയ നിയമ കമീഷന്റെ ഈ റിപ്പോര്‍ട്ട്.

 

മുസ്‌ലിം സമുദായത്തിന്റെബാധ്യതകള്‍

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ തെരഞ്ഞെടുപ്പ് മുതല്‍ ഭരണഘടനാ രൂപീകരണ കാലം മുതല്‍ വിവാദമായ വ്യക്തി നിയമങ്ങള്‍ വരെ ഒട്ടുവളരെ വിഷയങ്ങളെക്കുറിച്ച് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ചര്‍ച്ചാ രേഖകളും റിപ്പോര്‍ട്ടുകളുമാണ് നിയമ കമീഷന്‍ പുറത്ത് വിട്ടിട്ടുള്ളത്. കാലങ്ങളായി പലരും പറഞ്ഞു കൊണ്ടിരിക്കുന്ന ഏക സിവില്‍ കോഡ്  ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ സാമൂഹിക അവസ്ഥയില്‍ പ്രായോഗികമല്ല എന്ന് അസന്ദിഗ്ദമായി ലോ കമീഷന്‍ പറഞ്ഞു വെച്ചിരിക്കെ ഇനിയും ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍  പറഞ്ഞിട്ടുള്ള ഏക സിവില്‍ കോഡ് നടപ്പിലാക്കണം എന്ന ആവശ്യം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തില്ല എന്നു കരുതാം. അതേസമയം ഓരോ സമുദായത്തിന്റെയും വ്യക്തി നിയമങ്ങളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് ലോ കമീഷന്‍ റിപ്പോര്‍ട്ട് അടിവരയിട്ടു പറയുകയും പല നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട്. വിശിഷ്യാ മുസ്‌ലിം വ്യക്തി നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചുള്ള നിയമ കമീഷന്റെ പല നിര്‍ദേശങ്ങളും വിശുദ്ധ ഖുര്‍ആനുമായും തിരുസുന്നത്തുമായും ഒത്തുപോകുന്നുാേ എന്നത് വിശദമായി പഠിക്കേണ്ടതുണ്ട്.  ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള ബഹുഭാര്യത്വം, നികാഹ് ഹലാല തുടങ്ങിയവയെ സംബന്ധിച്ചുള്ള കേസുകളില്‍ ലോ കമീഷന്‍ ചര്‍ച്ചാ രേഖ എത്രത്തോളം സ്വാധീനം ചെലുത്തും എന്നതും കാണേണ്ടിയിരിക്കുന്നു. മുത്ത്വലാഖ് പോലെ തന്നെ ശരീഅത്തിന്റെ മൂല്യങ്ങളോട് ഒത്തുപോകാത്ത നികാഹ് ഹലാല പോലുള്ള സംഗതികള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയാറായാല്‍ മാത്രമേ മുസ്‌ലിം സമുദായത്തിന്റെ അജണ്ടകള്‍ പുറത്തുള്ളവര്‍ നിശ്ചയിക്കുന്നത് തടയാന്‍ കഴിയൂ. ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെ  വ്യക്തി നിയമങ്ങളെ വ്യാഖ്യാനിക്കാനും തങ്ങള്‍ക്ക്  നല്ലതെന്നും പുരോഗമനാത്മകമെന്നും തോന്നുന്ന ഒരു മതത്തെ  വ്യാഖ്യാനങ്ങളിലൂടെ 'നിര്‍മിക്കാനും' കഴിഞ്ഞ എഴുപത് വര്‍ഷ കാലത്തിനിടക്ക് ഇന്ത്യന്‍ കോടതികള്‍ -വിശിഷ്യാ സുപ്രീം കോടതി - സ്വയം അധികാരം നേടിയെടുത്തിട്ടുണ്ട്. മുസ്‌ലിം വ്യക്തി നിയമത്തിലെ അനന്തരാവകാശം, ദത്തവകാശം തുടങ്ങി വിവാഹ നിയമങ്ങള്‍ വരെ ഭൂരിപക്ഷ മതത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായി വ്യാഖ്യാനിക്കാനും ഫലത്തില്‍ അതിനോട് തുല്യമാക്കാനും (Homogenize) പല കോടതി വിധികളിലൂടെയും  ശ്രമിച്ചിട്ടുണ്ട് എന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു. ലോ കമീഷന്റെ നിര്‍ദേശങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമത്തിലെ  പിന്തുടര്‍ച്ചാ അവകാശങ്ങള്‍, ദത്തവകാശം തുടങ്ങിയ വിഷയങ്ങളിലെ നിര്‍ദേശങ്ങളില്‍ അത്തരമൊരു ശ്രമം നമുക്ക് കാണാന്‍ കഴിയും. മുസ്‌ലിം സമുദായത്തില്‍ മുസ്‌ലിം വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ ആചാരങ്ങളും (അനാചാരങ്ങളും) ഇസ്‌ലാമിക ശരീഅത്ത് ആണെന്ന ധാരണ അറിഞ്ഞോ അറിയാതെയോ പരത്തുകയും കോടതി ഇസ്‌ലാമിക ശരീഅത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയുമാണ് ഇതഃപര്യന്തം മുസ്‌ലിം സമുദായത്തിലെ മിക്ക  സംഘടനകളും ചെയ്തുപോരുന്നത്. നിയമ കമീഷന്റെ ചര്‍ച്ചാ രേഖയിലെ നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കി പ്രതികരിക്കാന്‍ സമുദായ നേതൃത്വം തയാറാകേണ്ടതുണ്ട്. രാജ്യദ്രോഹ നിയമം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രയോഗവത്കരണ ശ്രമങ്ങളില്‍ ഭാഗഭാക്കാവുകയും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ പിന്നിലുള്ള കുബുദ്ധി  തിരിച്ചറിഞ്ഞു കമീഷന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതുമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍