Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

വിശാലതയിലേക്ക് വളരുന്ന വഴികള്‍

സദറുദ്ദീന്‍ വാഴക്കാട്

താബിഉകളുടെ കാലമെത്തിയപ്പോള്‍ അഭിപ്രായ ഭിന്നതകള്‍ പിന്നെയും വിപുലപ്പെട്ടു. ഇസ്‌ലാമിക സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികാസമായിരുന്നു അടിസ്ഥാന കാരണം. നിരവധി പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു, അവക്ക് നിയമ വിധികള്‍ ആവശ്യമായി. സ്വഹാബികള്‍ വിവിധ ദേശങ്ങളിലേക്ക് കുടിയേറിയതോടെ, അവിടങ്ങളില്‍ തങ്ങളുടെ അറിവും ബോധ്യവുമനുസരിച്ച് നിയമ വ്യാഖ്യാനങ്ങളും ഫത്‌വകളുമുണ്ടായി. ഇത് ഓരോ ദേശത്തും വ്യത്യസ്തതകള്‍ കൊണ്ടുവന്നു. പിന്നീട്, മദീന, ഇറാഖ്, ഈജിപ്ത്, യമന്‍ തുടങ്ങിയ ദേശങ്ങള്‍ കേന്ദ്രീകരിച്ച് ഫിഖ്ഹീ മദ്ഹബുകള്‍ രൂപം കൊണ്ടപ്പോള്‍ സംഭവിച്ച അഭിപ്രായ ഭിന്നതകള്‍ക്ക് ഒരു പ്രധാന കാരണവും ഇതായിരുന്നു. പക്ഷേ, അമവി ഭരണ കാലം കഴിഞ്ഞ് അബ്ബാസി ഘട്ടവും മദ്ഹബുകളുടെ വികാസ കാലവുമെത്തിയതോടെ ഫിഖ്ഹുല്‍ ഖിലാഫിന് സ്വതന്ത്ര വിജ്ഞാന ശാഖയുടെ പദവി കൈവന്നുവെങ്കിലും, തീര്‍ത്തും ശാഖാപരമായ (ജുസ്ഈ) വിഷയങ്ങളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പരിമിതപ്പെട്ടു നിന്നു. മാത്രമല്ല, ഫിഖ്ഹുല്‍ ഖിലാഫിലെ ആദ്യഘട്ട രചനകള്‍ ഏതെങ്കിലുമൊരു മദ്ഹബിന്റെ വീക്ഷണങ്ങളില്‍നിന്നു കൊണ്ടുള്ളതായിരുന്നു; അവ അന്ധമായ പക്ഷപാതിത്വത്തില്‍ നിന്ന് മുക്തമായിരുന്നെങ്കിലും. ഇമാം ഔസാഇയുടെ സിയറിന് ഇമാം അബൂ യൂസുഫ് എഴുതിയ മറുപടി, മുഹമ്മദ് ബിന്‍ ഹസന്‍ ശൈബാനിക്ക് ഇമാം ശാഫിഈ നിരത്തിയ മറുവാദങ്ങള്‍, മദീനക്കാരുമായുള്ള സംവാദത്തില്‍ മുഹമ്മദ് ബിന്‍ ഹസന്‍ തന്റെ അല്‍ ഹുജ്ജ എന്ന കൃതിയില്‍ ഉന്നയിച്ച വാദഗതികള്‍ തുടങ്ങിയവ ഉദാഹരണം. 

എന്നാല്‍, ഏതെങ്കിലുമൊരു മദ്ഹബിനെ പ്രതിരോധിക്കുകയോ, അതിന്റെ പക്ഷം ചേരുകയോ ചെയ്യാതെ സ്വതന്ത്രമായ താരതമ്യ പഠന സ്വഭാവത്തില്‍ രചിക്കപ്പെട്ട 'ഫിഖ്ഹുല്‍ മുഖാരിനി'ലെ ആദ്യ ഗ്രന്ഥമാണ് ഇമാം ത്വബ്‌രിയുടെ ഇഖ്തിലാഫുല്‍ ഫുഖഹാഅ്. പിന്നീട് സമാനസ്വഭാവമുള്ള കൃതികള്‍ എഴുതപ്പെട്ടു തുടങ്ങി; മറൂസിയുടെ ഇഖ്തിലാഫുല്‍ ഉലമാ, ഇബ്‌നു മുന്‍ദിറിന്റെ ഇശ്‌റാഫു അലാ മദാഹിബില്‍ ഉലമാ, ദബൂസിയുടെ തഅ്‌സീസിന്നള്ര്‍ തുടങ്ങിയവ ഉദാഹരണം. ഒരേ വിഷയത്തിലാണെങ്കിലും ഭിന്ന മാനങ്ങളില്‍ രചിക്കപ്പെട്ടവയാണിവ.

അടുത്ത ഘട്ടത്തില്‍ ഫിഖ്ഹുല്‍ മുഖാരിന്‍ വിപുലമായ സ്വീകാര്യത നേടുകയും പക്ഷം ചേരാത്ത നിരവധി ഗ്രന്ഥങ്ങള്‍ വിഷയകമായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. വിഭിന്നമായ കര്‍മശാസ്ത്ര അഭിപ്രായങ്ങളെ, ഏതെങ്കിലുമൊന്ന് സ്ഥാപിക്കാന്‍ വേണ്ടിയല്ലാതെ, കാര്യങ്ങള്‍ മനസ്സിലാക്കാനും സംഘര്‍ഷം ലഘൂകരിക്കാനും വേണ്ടി താരതമ്യ വിശകലനം ചെയ്യുന്നതാണ് ഇവയുടെ ഉള്ളടക്കം. മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ ആശയ- നിയമ-സമീപനങ്ങളോടു മുസ്‌ലിം ലോകം നടത്തിയ ഗുണാത്മക സംവാദത്തിന്റെ മറ്റൊരു വശമാണിത്. ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിച്ചതു പോലെ, 'ഫിഖ്ഹുല്‍ ഖിലാഫ്' (ഭിന്നതയുടെ കര്‍മശാസ്ത്രം) എന്ന തലക്കെട്ട്, അല്‍ ഫിഖ്ഹുല്‍ മുഖാരിന്‍, അല്‍ ഫിഖ്ഹുത്തത്വ്ബീഖി എന്നൊക്കെ കൂടുതല്‍ അര്‍ഥസമ്പൂര്‍ണമായ സംജ്ഞകളിലേക്ക് മാറുന്നതും ഈ ഘട്ടത്തിലാണ്. ഫിഖ്ഹുല്‍ മുഖാരിന്‍ ഒത്തിരി വിശാലമായി എന്നത് ഈ ഘട്ടത്തിന്റെ സവിശേഷതയാണ്. രണ്ടോ, നാലോ മദ്ഹബുകള്‍ക്കിടയിലെ താരതമ്യ വായനയില്‍ ഫിഖ്ഹുല്‍ മുഖാരിന്‍ ഒതുങ്ങി നിന്നില്ല. അതിലുമധികം മദ്ഹബുകളെ ഈ ചര്‍ച്ച ഉള്‍ക്കൊണ്ടു. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഹദീസ് വിശദീകരണങ്ങളിലും താരതമ്യ കര്‍മശാസ്ത്രത്തിന്റെ സ്വാധീനമുണ്ടായി; ഖുര്‍ത്വുബിയുടെ അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ജസ്വാസിന്റെ അഹ്കാമുല്‍ ഖുര്‍ആന്‍, ഇമാം ശൗകാനിയുടെ നൈലുല്‍ ഔത്വാര്‍ തുടങ്ങിയവ ഉദാഹരണം. 

ആധുനിക നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവവും അതിന്റെകൂടി സ്വാധീനഫലമായി, മദ്ഹബ് കക്ഷി ഭിന്നതകള്‍ക്കതീതമായി ചിന്തിക്കുന്ന ഒരു തലമുറയുടെ രംഗപ്രവേശവും ആഭ്യന്തര സംഘര്‍ഷം ലഘൂകരിക്കപ്പെട്ട ലോക ഇസ്‌ലാമിക സമൂഹത്തിനു വേണ്ടിയുള്ള ആഗ്രഹങ്ങളും ഫിഖ്ഹുല്‍ മുഖാരിന്ന് കൂടുതല്‍ ജനകീയ മുഖം നല്‍കി. ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളില്‍ ബിരുദ പഠനത്തിന്റെയും ഡോക്ടറല്‍ തിസീസുകളുടെയും വിഷയമായും താരതമ്യ കര്‍മശാസ്ത്രം സ്ഥാനം നേടി. ഇന്നിപ്പോള്‍, കര്‍മശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അനിവാര്യമായ പഠനമേഖലയാണിത്. ഇസ്‌ലാമിക കര്‍മശാസത്രത്തിന്റെ മൂല്യവും ഗവേഷണ സ്വഭാവവും മനസ്സിലാക്കാന്‍ താരതമ്യ കര്‍മശാസ്ത്രം പ്രയോജനപ്പെടുന്നു. കര്‍മശാസ്ത്ര സംബന്ധിയായ ചിന്താവികാസത്തിനും വഴി തുറക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലെ അനേകം പണ്ഡിതാഭിപ്രായങ്ങള്‍, അവയിലേക്കെത്തിയ ഗവേഷണ വഴികള്‍, പ്രമാണങ്ങളില്‍നിന്ന് വിധികള്‍ ഉരുത്തിരിച്ചെടുക്കുന്ന രീതി തുടങ്ങിയവയിലുടെ കടന്നുപോകാന്‍ ഫിഖ്ഹുല്‍ മുഖാരിന്‍ അവസരമൊരുക്കുമ്പോള്‍, ഫിഖ്ഹി ഗവേഷകരുടെ യോഗ്യതയും നൈപുണിയും മനസ്സിലാക്കാന്‍ സാധിക്കുന്നു,  പണ്ഡിതാഭിപ്രായങ്ങളിലെ വൈവിധ്യത ഇസ്‌ലാമിക സമൂഹത്തിന് ഗുണകരമാകുന്ന മേഖലകളും ബോധ്യപ്പെടും. ഇമാം നവവി അല്‍മജ്മൂഇന്റെ മുഖവുരയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്; 'പൂര്‍വികരുടെ അഭിപ്രായങ്ങള്‍ തെളിവു സഹിതം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കാരണം, ശാഖാ വിഷയങ്ങളില്‍ അവരുടെ അഭിപ്രായ വൈജാത്യങ്ങള്‍ അനുഗ്രഹമാണ്. ഗവേഷകര്‍ക്ക് ചിന്താ മുരടിപ്പില്‍ നിന്നും മദ്ഹബീ പക്ഷപാതിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇത് വഴിയൊരുക്കുന്നു. നീണ്ട കാലമായി ഇസ്‌ലാമിക സമൂഹത്തെ കാര്‍ന്നുതിന്നുന്ന രോഗമാണ് മദ്ഹബീ പക്ഷപാതിത്വം. ആ രോഗത്തില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ കുറേയൊക്കെ രക്ഷപ്പെടുത്തുന്ന ശമനൗഷധമായിത്തീരാന്‍ താരതമ്യ കര്‍മശാസ്തത്തിന് സാധിക്കും. 

 

പ്രധാന കൃതികള്‍

മദ്ഹബി ഗ്രന്ഥങ്ങള്‍ (അല്‍ കുതുബുല്‍ മദ്ഹബിയ), അഭിപ്രായാന്തര രചനകള്‍ (കുതുബുല്‍ ഖിലാഫ്), ആധുനിക ഗ്രന്ഥങ്ങള്‍ (അല്‍കുതുബുല്‍ ഹദീസ്) എന്നിങ്ങനെ മൂന്ന് ഇനം കൃതികളാണ് താരതമ്യ കര്‍മശാസ്ത്രത്തിലുള്ളത്. മദ്ഹബുകളുടെ നിലപാടുകള്‍ താരതമ്യം ചെയ്തുകൊണ്ട്, ഗ്രന്ഥരചയിതാവിന്റെ മദ്ഹബിന് പ്രാമുഖ്യം നല്‍കുകയും അതിന്റ വീക്ഷണങ്ങളെ തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയും ഇതര മദ്ഹബുകളുടെ വീക്ഷണങ്ങള്‍ ദുര്‍ബലമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നവയാണ് മദ്ഹബീ കൃതികള്‍; അബു ഇസ്ഹാഖ് ശീറാസിയുടെ (ഹി. 394-476) അല്‍ മഊനത്തു ഫില്‍ ജദ്ല്‍, ഖാളി അബ്ദുല്‍ വഹാബ് മാലികിയുടെ (ഹി. 422-ക്രി. 1031) അല്‍ഇശ്‌റാഫു അലാ നുകതി മസാഇലില്‍ ഖിലാഫ്, അല്ലാമാ മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹമീദ് അല്‍ അസ്മന്‍ദിയുടെ (ഹി. 488-552) ത്വരീഖത്തുല്‍ ഖിലാഫ് ഫില്‍ ഫിഖ്ഹി ബൈനല്‍ അഇമ്മത്തില്‍ അസ്‌ലാഫ്, അബുല്‍ ഹസന്‍ അലിയ്യുബ്‌നു മുഹമ്മദ് ബിന്‍ ഹബീബ് മാവര്‍ദിയുടെ (ഹി. 364-540) അല്‍ഹാവീ അല്‍കബീര്‍, അബു മുഹമ്മദ് അലിയ്യുബ്‌നു അഹ്മദ് ബിന്‍ ഹസമിന്റെ (ഹി. 384-456) അല്‍ മുഹല്ലാ, അബുല്‍ ഖത്വാബ് മഹ്ഫൂള് ബിന്‍ അഹ്മദ് ബിന്‍ ഹുസൈന്‍ കല്‍വാസീനിയുടെ (ഹി.510) അല്‍ ഖിലാഫുല്‍ കബീര്‍, ശൈഖ് അലാഉദ്ദീന്‍ അബൂബകര്‍ ബിന്‍ മസ്ഊദ് അല്‍കാസാനി ഹനഫീയുടെ (ഹി.587- ക്രി. 1191) ബദാഇഉസ്വനാഇഅ ഫീ തര്‍തീബി ശറാഇഅ, ഇബ്‌നു ഖുദാമ അല്‍ ഹമ്പലിയുടെ (541 620) കിതാബുല്‍ മുഗ്‌നി (ഹമ്പലി മദ്ഹബിലെയും ഫിഖ്ഹുല്‍ മുഖാരിനിലെയും വിജ്ഞാനകോശമായാണ് ഇത് അറിയപ്പെടുന്നത്), അബൂ സകരിയ്യ മുഹ്‌യിദ്ദീന്‍ ബിന്‍ ശറഫ് അന്നവവിയുടെ (ഹി.631-676) അല്‍മജ്മൂഅ് (ശീറാസിയുടെ അല്‍ മുഹദ്ദബിന്റെ വ്യാഖ്യാനമാണിത്), ശൈഖ് മുഹമ്മദ് അശ്ലത്വീ അല്‍ഹമ്പലിയുടെ (കി.1307) മദ്ഹബുല്‍ ഇമാം ദാവൂദുളാഹിരീ തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

ഏതെങ്കിലുമൊരു മദ്ഹബിന് പ്രാമുഖ്യം നല്‍കാതെ നിലപാടുകള്‍ താരതമ്യം ചെയ്ത് രചിക്കപ്പെട്ട കൃതികളാണ് ഇല്‍മുല്‍ ഖിലാഫിലെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. അവയില്‍ പ്രധാനമായവ; ഇഖ്തിലാഫുല്‍ ഉലമാഅ് (അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ നസ്വര്‍ അല്‍മറൂസി ഹി.202-294), ഇഖ്തിലാഫുല്‍ ഫുഖഹാഅ് (അബുജഅ്ഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ അത്വബരി ഹി.224-310 ), അല്‍ ഇശ്‌റാഫു അലാ മദാഹിബില്‍ ഉലമാഅ് (അബൂബകര്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീമു ബിന്‍ മുന്‍ദിര്‍ ഹി. 242-318), ഹില്‍യത്തുല്‍ ഉലമാഅ് (അബൂബകര്‍ മുഹമ്മദ് അശ്ശാശീ അല്‍ഖഫാല്‍, ഹി. 429-507), തഅസീസുന്നള്ര്‍ (അബൂസൈദ് ഉബൈദുല്ല അദ്ദബുസി, ഹി.450-ക്രി.1039), അല്‍ഇഫ്‌സ്വാഹു അന്‍ മആനിസ്സിഹാഹ് (അല്‍ വസീര്‍ ഔനുദ്ദീന്‍ അല്‍ഹമ്പലി, ഹി. 560-499), ബിദായത്തുല്‍ മുജ്തഹിദ് വനിഹായത്തുല്‍ മുഖ്തസിദ് (ഇബ്‌നു റുശ്ദ് എന്ന് അറിയപ്പെടുന്ന അബുല്‍ വലീദ് മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ മാലികി, ഹി. 520-595), അല്‍ ഫിഖ്ഹു അലല്‍മദാഹിബി അര്‍ബഅ (അബ്ദുര്‍റഹ്മാന്‍ അല്‍ ജസീരി), റഹ്മത്തുല്‍ ഉമ്മ ഫീ ഇഖ്തിലാഫില്‍ അഇമ്മ (അബൂ അബ്ദുല്ല മുഹമ്മദ് ബിന്‍ അബദുര്‍റഹ്മാന്‍ ദിമഷ്ഖി, മരണം ഹി. 785), അല്‍ ബഹ്‌റു സഖാര്‍ അല്‍ജാമിഉ ലി മദാഹിബി ഉലമാഇല്‍ അംസ്വാര്‍ (അഹ്മദ് ബിന്‍ യഹ്‌യ അല്‍മുര്‍തളാ അസൈദി ഹി. 764-840), അല്‍മീസാനുല്‍ കുബ്‌റാ (ശഅറാനി എന്ന് അറിയപ്പെടുന്ന അബുല്‍ മവാഹിബ് ബിന്‍ അഹ്മദ് ബിന്‍ അലി അല്‍ അന്‍സാരി, ഹി. 895-973).

ആധുനിക പണ്ഡിതന്മാരുടെ വിശിഷ്ട രചനകളും താരതമ്യ കര്‍മശാസ്തത്തെ സമ്പന്നമാക്കിയിട്ടുണ്ട്; മുഖാറനത്തുല്‍ മദാഹിബ് (ശൈഖ് മുഹമ്മദലി അസ്സീസ്, ശൈഖ് മഹ്മൂദ് ശല്‍ത്വൂത്വ്), മസാഇലുന്‍ ഫില്‍ ഫിഖ്ഹില്‍ മുഖാരിന്‍ (ഡോ. സുലൈമാനുല്‍ അശ്കര്‍), അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വ അദില്ലത്തുഹു (ഡോ. വഹബ സുഹൈലി), ബുഹൂസുന്‍ ഫീ ഫിഖ്ഹില്‍ മുഖാരിന്‍ (ഡോ. മഹ്മൂദ് അബുല്ലൈല്‍, ഡോ. മാജിദ് അബുര്‍റഖിയ്യ), മുഹാളറാത്തുന്‍ ഫില്‍ ഫിഖ്ഹില്‍ മുഖാരിന്‍ (ഡോ. സഈദ് റമദാന്‍ ബൂത്വി), ദിറാസാത്തുന്‍ ഫില്‍ ഫിഖ്ഹില്‍ മുഖാരിന്‍ (ഡോ. മുഹമ്മദ് സമാറ), ബുഹൂസുന്‍ മുഖാറന ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി വ ഉസൂലിഹി (ഡോ. മുഹമ്മദ് ഫത്ഹീ അദ്ദറീനി).

പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഈ കൃതികളിലൂടെ മുന്നോട്ടു വെക്കുന്ന വൈജ്ഞാനിക ചര്‍ച്ചകള്‍ ആരോഗ്യകരമാം വിധം ജനകീയവല്‍ക്കരിക്കാന്‍ സാധിച്ചാല്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തുറവിക്ക് വഴിയൊരുങ്ങും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍