Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്ത നോട്ട് നിരോധം

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്ത നോട്ട് നിരോധത്തിന് രണ്ടു വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്നു. ജനത്തിന്റെ കൈവശമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍, ഉപയോഗ ശൂന്യമായ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അവര്‍ക്ക് രണ്ട് മാസമാണ് സമയം കൊടുത്തത്. അവ എണ്ണിത്തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നീട്ടി നല്‍കിയ സമയമാകട്ടെ ഒന്നര വര്‍ഷത്തില്‍ കൂടുതല്‍! ഇത്ര സമയമെടുത്താണെങ്കിലും എണ്ണിത്തീര്‍ത്തതില്‍ അവരെ അഭിനന്ദിക്കുക. കണക്കു കൂട്ടി നോക്കുമ്പോള്‍ റദ്ദാക്കിയ കറന്‍സികളുടെ 99.3 ശതമാനവും തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ കള്ളപ്പണം എവിടെപ്പോയി? അതിനെ പിടിക്കാന്‍ വേണ്ടിയായിരുന്നല്ലോ ഈ അതിസാഹസികമായ മണ്ടത്തരം.

നോട്ട് നിരോധം അനിവാര്യമാക്കുന്ന കാരണങ്ങളായി അന്ന് എന്തൊക്കെയായിരുന്നു പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞിരുന്നത്? കള്ളപ്പണത്തെ കെട്ടുകെട്ടിക്കും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തും, കള്ളനോട്ടുകള്‍ ഇല്ലാതാക്കും, ചെറുപ്പക്കാര്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കും. ഈ പ്രഖ്യാപിത ലക്ഷ്യങ്ങളൊക്കെയും മുഖം കുത്തി വീണുവെന്നാണ് ഭരണകക്ഷിയില്‍ വരെ അടക്കിപ്പിടിച്ച സംസാരം. എന്നല്ല അതൊക്കെയും തിരിഞ്ഞുകുത്തുകയും ചെയ്തു. കള്ളപ്പണമെല്ലാം ബാങ്കുകളില്‍ തിരിച്ചെത്തി വെളുപ്പിക്കപ്പെടുകയാണുണ്ടായതെന്ന ആരോപണം ഇന്ന് വളരെ ശക്തമാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കുംഭകോണമാണ് നടന്നിരിക്കുന്നതെന്നും പതിനഞ്ചോ ഇരുപതോ കുത്തക മുതലാളി സുഹൃത്തുക്കളെ സുഖിപ്പിക്കാനാണ് രാജ്യത്തെ ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപിച്ചെങ്കിലും അത്തരമൊരു അന്വേഷണവും മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് നമ്മെ അമ്പരപ്പിക്കുന്നു. നോട്ടു നിരോധത്തെത്തുടര്‍ന്നുള്ള കടുത്ത ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിച്ച് തൊടുന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പക്ഷത്താണ് അവ നിലയുറപ്പിക്കുന്നത്. പ്രലോഭനങ്ങളോ ഭീഷണികളോ ആവാം ഇതിന് കാരണം. ഏതായാലും മുഖ്യധാരാ മാധ്യമങ്ങളുടെ ഈ മുട്ടിലിഴയല്‍ നോട്ടു നിരോധത്തേക്കാള്‍ വലിയ ദുരന്തമായാണ് പരിണമിക്കാന്‍ പോകുന്നത്. നോട്ട് നിരോധത്തിനു ശേഷം തങ്ങളുടെ സ്ഥാപനത്തിലെ ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ പണം അമ്പത് ശതമാനം വര്‍ധിച്ചു എന്ന സ്വിസ് ബാങ്കിന്റെ തന്നെ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ആഴത്തില്‍ അന്വേഷിക്കാത്തത്?

നോട്ട് നിരോധത്തിനു ശേഷം ചെറുകിട വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറുകയാണ് നമ്മുടെ നാട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഒരു റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ചുരുങ്ങിയത് പതിനഞ്ച് ലക്ഷം പേര്‍ക്കാണ് ഉപജീവനത്തിനുള്ള തൊഴിലുകള്‍ നഷ്ടപ്പെട്ടത്. ചെറുകിട കച്ചവടവും തൊഴിലുമായി ജീവിതം തള്ളിനീക്കുന്ന മുസ്‌ലിംകളെപ്പോലുള്ള പിന്നാക്ക സമുദായങ്ങളെയാണ് നോട്ട് നിരോധം ഏറെ പ്രതികൂലമായി ബാധിക്കുക എന്ന് തുടക്കത്തിലേ പലരും നിരീക്ഷിച്ചതാണ്. അതാണ് സംഭവിച്ചതും. തൊഴിലും ഉപജീവന മാര്‍ഗവും നഷ്ടമായ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ തലയിലിതാ പെട്രോള്‍ വിലക്കയറ്റമെന്ന ഇടിത്തീയും വീണുകൊണ്ടിരിക്കുന്നു. അരുണ്‍ ഷൂറി നിരീക്ഷിച്ചതുപോലെ, കടുത്ത ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന ഈ അഴിമതി ഭരണകൂടത്തെ എല്ലാവരും കൈകോര്‍ത്തു പിടിച്ച് തെരഞ്ഞെടുപ്പിലൂടെ പുറത്താക്കുകയേ നിവൃത്തിയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍