Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

ഇടിഞ്ഞുവീഴുന്ന രൂപ, നോട്ടു നിരോധമെന്ന വിഡ്ഢിത്തം ബി.ജെ.പി ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണ്?

ഒ.കെ ഫാരിസ്

അവസാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. 15.41 ലക്ഷം കോടി രൂപയുടെ കറന്‍സി നിരോധിച്ചതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ട് തിരിച്ചെത്തിയിരിക്കുന്നു. നിരോധിത നോട്ടിന്റെ 99.3 ശതമാനവും തിരിച്ചെത്തിയെന്നര്‍ഥം.

കള്ളനോട്ടുകള്‍ ഒഴിവാക്കുക, കള്ളപ്പണം തിരിച്ചു പിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയുക എന്നീ ന്യായങ്ങള്‍ നിരത്തിയാണ് 2016 നവംബര്‍ 8-ന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയില്‍ നിലവിലുള്ള 500 രൂപയുടെയും ആയിരം രൂപയുടെയും കറന്‍സികള്‍ മുഴുവനായും പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. അതോടെ രാഷ്ട്രീയ സാമ്പത്തിക രംഗത്തുള്ള പ്രമുഖരില്‍നിന്ന് അനുകൂലവും പ്രതികൂലവുമായ ധാരാളം പ്രതികരണങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നു. 

ഈ ലക്ഷ്യങ്ങളില്‍ ഒന്നു പോലും നേടിയെടുക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ധാരാളം നഷ്ടങ്ങളും രാഷ്ട്രത്തിന് വരുത്തിവെച്ചുവെന്നാണ് രു വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള അനുഭവങ്ങളും കണക്കുകളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വര്‍ത്തമാനവും ബോധ്യപ്പെടുത്തുന്നത്.

നിരോധത്തിന് ശേഷം അടിച്ചിറക്കിയ 500, 2000-ത്തിന്റെ നോട്ടുകളുടെ വ്യാജ നോട്ടുകള്‍ നിരോധത്തിന് ശേഷം ഒരു മാസത്തിനകം തന്നെ ഇറങ്ങിത്തുടങ്ങി. കള്ളപ്പണം ഇന്ത്യയില്‍ ധാരാളമുണ്ടെങ്കിലും അതിന്റെ ചെറിയ ഒരു ഭാഗം പോലും തടയാന്‍ നോട്ട്‌നിരോധം കൊണ്ട് സാധിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും കഴിഞ്ഞില്ല. എന്നാല്‍ പുതിയ നോട്ട് അടിച്ചിറക്കാന്‍ വന്ന കോടികള്‍, എ.ടി.എം സംവിധാനങ്ങള്‍ പുതിയ നോട്ടിന് പാകമാകുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ വേണ്ടി വന്ന തുക തുടങ്ങി പലതും രാജ്യത്തിന്റെ ഖജനാവിന് വലിയ നഷ്ടം വരുത്തിവെച്ചു. ഇതിന് പുറമെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോന്ന പല കമ്പനികളും വ്യാപാര വ്യവസായ സംരംഭങ്ങളും നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ചിലത് അടച്ചു പൂട്ടി. ധാരാളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. പൊതുജനം സ്വയം അധ്വാനിച്ചുണ്ടാക്കിയ പണത്തിന് വേണ്ടി ബാങ്കുകള്‍ക്ക് മുന്നില്‍ ജോലിക്ക് പോകാന്‍ പോലും കഴിയാതെ ദിവസവും ക്യൂ നില്‍ക്കേണ്ടി വന്നു. ക്യൂവില്‍ തളര്‍ന്ന് വീണ് കുറേ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചുരുക്കിപ്പറഞ്ഞാല്‍ നേട്ടങ്ങളൊന്നുമില്ലാതെ കോട്ടങ്ങള്‍ മാത്രം വരുത്തി വെച്ച ഒരു മഹാവിഡ്ഢിത്തമായിരുന്നു നോട്ട് നിരോധം.

അമേരിക്ക, ജര്‍മനി, ഇസ്രയേല്‍, ഇക്വഡോര്‍, സിംബാബ്‌വെ, ഇറാഖ്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ തുടങ്ങി പല രാജ്യങ്ങളിലും മുമ്പ് നോട്ട് നിരോധം ഉായിട്ടുണ്ട്. 1969 അമേരിക്കയില്‍ 500, 1000, 5000, 10000 തുടങ്ങി ഡോളര്‍ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. ഉപയോഗത്തിലില്ലാത്ത കറന്‍സികളാണ് അന്ന് പിന്‍വലിച്ചത്. യൂറോപ്യന്‍ യൂനിയന്‍ 28 രാജ്യങ്ങളിലെ കറന്‍സികള്‍ ഏകീകരിക്കുന്ന സന്ദര്‍ഭത്തിലാണ് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. യുദ്ധത്തെ തുടര്‍ന്ന് 1923-ല്‍ ജര്‍മന്‍ കറന്‍സിയായ മാര്‍ക്ക് വമ്പിച്ച തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു ജര്‍മനിയിലെ നോട്ട് നിരോധം. 1985-ല്‍ ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍ നേരിട്ട പഴയ കറന്‍സിക്ക് പകരമായി പുതിയ കറന്‍സി ഇറക്കാന്‍ വേണ്ടിയായിരുന്നു  ഇസ്രയേല്‍ നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. ഇവയില്‍ പലതും അനിവാര്യമായതും എന്നാല്‍ രാജ്യത്തിന് പരിക്കേല്‍ക്കാതെ നടപ്പില്‍ വരുത്തിയവയുമാണ്. എന്നാല്‍ ഇത്തരം യാതൊരു കാരണവുമില്ലാതെ, യുദ്ധങ്ങളോ ഹൈപ്പര്‍ ഇന്‍ഫ്‌ളേഷനോ മറ്റ് സാമ്പത്തിക പ്രയാസങ്ങളോ കറന്‍സിയുടെ അനിയന്ത്രിതമായ മൂല്യത്തകര്‍ച്ചയോ ഒന്നും ഇല്ലാത്ത ഒരു സന്ദര്‍ഭത്തിലാണ് ഇന്ത്യയില്‍  നോട്ട് നിരോധം നടപ്പില്‍ വരുത്തിയത്.

കള്ളപ്പണം, കള്ളനോട്ട്, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് നോട്ട് നിരോധം നടപ്പിലാക്കിയ രാജ്യങ്ങളും ഉണ്ട്. 1991-ല്‍ ഗോര്‍ബച്ചേവ് സര്‍ക്കാര്‍ സോവിയറ്റ് യൂനിയനില്‍ 50, 100 നോട്ടുകള്‍ നിരോധിക്കുകയുണ്ടായി. കള്ളപ്പണം ഒഴിവാക്കുക എന്നതു തന്നെയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തീര്‍ത്തും പരാജയമായിരുന്നു ആ നോട്ട് നിരോധം എന്ന് കാലം തെളിയിച്ചു. 1982-ല്‍ ഘാനയില്‍ 50-ന്റെ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. രാജ്യത്തെ കള്ളപ്പണം തിരിച്ചുപിടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ കറന്‍സിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും രാജ്യത്തിന്റെ എക്കണോമിയെ അത് സാരമായി ബാധിക്കുകയും ചെയ്തു.

1987-ല്‍ മ്യാന്മറില്‍ കള്ളപ്പണം, അഴിമതി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു നോട്ട് നിരോധം നടപ്പാക്കിയപ്പോള്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും അത് ആയിരക്കണക്കിനാളുകളുടെ മരണത്തില്‍ കലാശിക്കുകയുമാണുായത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് രണ്ടാമന്‍ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നോട്ട് നിരോധം നടപ്പാക്കിയെങ്കിലും, രാജ്യത്തിന്റെ സമ്പദ് ഘടനയെ അത് വളരെ മോശമായി ബാധിച്ചതോടെ അന്നത്തെ ധനകാര്യമന്ത്രിയെ കൊലപ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ വഷളായി.

കള്ളപ്പണം തിരിച്ചു പിടിക്കാന്‍ ലോകത്ത് ഇന്നേവരെ നടന്ന നോട്ട് നിരോധങ്ങളൊന്നും വിജയകരമായിരുന്നില്ല എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. നോട്ട് നിരോധം വന്ന സന്ദര്‍ഭത്തില്‍ തന്നെ സാമ്പത്തിക വിദഗ്ധര്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. അത് തന്നെയാണ് ഇന്ന് യാഥാര്‍ഥ്യമാകുന്നത്. ബാക്കിയാവുന്ന ചോദ്യം ആര്‍ക്കു വേണ്ടിയായിരുന്നു അല്ലെങ്കില്‍ എന്തിനു വേണ്ടിയായിരുന്നു മോദി സര്‍ക്കാര്‍ ഈ ഉദ്യമത്തിന് ഒരുങ്ങി പുറപ്പെട്ടത് എന്നത് മാത്രമാണ്.

മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം എത്രത്തോളം ഗുണകരമാണ് എന്നത് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ആര്‍ക്കാണ് അത് ഉപകരിക്കുന്നത്? ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കള്‍?

നോട്ട് നിരോധമായാലും മറ്റേത് സാമ്പത്തിക നയങ്ങളോ സമീപനങ്ങളോ ആയാലും ശരി, അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത് മോദിയുടെ സഹകാരികളായ കോര്‍പ്പറേറ്റുകളും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണെന്ന് കാണാം. നോട്ട് നിരോധത്തോടനുബന്ധിച്ച് അമിത് ഷാ ഡയറക്ടറായ ബാങ്കിലേക്ക് കോടികള്‍ വന്നത് പുറത്തായ വിവരമാണ്. താഴേക്കിടയിലെ ജനങ്ങള്‍ പ്രയാസത്തിന്റെ നടുക്കയത്തില്‍ രക്ഷക്ക് വേണ്ടി നിലവിളിക്കുമ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ കടം എഴുതിത്തള്ളിക്കൊടുത്തത് നാം കണ്ടതാണ്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കോടികള്‍ തിരിച്ചു പിടിക്കുമെന്നത് തെരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ വാഗ്ദാനമാണ്. പക്ഷെ കള്ളപ്പണത്തിനെതിരെ ചെറുവിരലനക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മറുവശത്ത് 2012-ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്ക് പ്രകാരം തന്നെ ജനസംഖ്യയുടെ 22 ശതമാനം ദാരിദ്യരേഖക്ക് താഴെയാണ്. എന്നാല്‍ ലോകബാങ്കിന്റെ അന്താരാഷ്ട്ര ദാരിദ്ര്യ രേഖ മാനദണ്ഡങ്ങള്‍ പ്രകാരം നോക്കിയാല്‍ 60 ശതമാനം ദരിദ്രരാണ്. ഭൂരിപക്ഷം വരുന്ന ഇവരുടെ ഉന്നമനത്തിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ പോലും ഇന്നേവരെ സാധിച്ചിട്ടില്ല.

രൂപ അതിന്റെ സര്‍വകാല തകര്‍ച്ചയില്‍ എത്തി നില്‍ക്കുന്നു. നോട്ട് നിരോധം വഴി കള്ളപ്പണവും കള്ളനോട്ടും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രൂപയുടെ മൂല്യം കുത്തനെ കൂടിയേനെ. എന്നാല്‍ അത് സാധിക്കാതെ വരികയും അതോടൊപ്പം സാമ്പത്തിക മേഖലക്ക് കൂടുതല്‍ പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് രൂപയുടെ മൂല്യത്തകര്‍ച്ച.

അതോടൊപ്പം സാധാരണക്കാരെയടക്കം നേരിട്ട് ബാധിക്കുന്ന ഇന്ധന വിലയും സര്‍വകാല റെക്കോഡിലാണ്. അന്താരാഷ്ട്ര വില നിലവാരമനുസരിച്ചാണ് ഇന്ധനവില വര്‍ധിക്കുന്നതും കുറയുന്നതും എന്നാണ് സര്‍ക്കാര്‍ വാദം. അത് നിര്‍ണയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്കാണ്. എന്നാല്‍ അന്താരാഷ്ട്ര വില കുറയുമ്പോഴും ഇന്ത്യയില്‍ വില വര്‍ധിക്കുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. മാത്രമല്ല കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് അന്താരാഷ്ട്ര വില വര്‍ധിച്ചപ്പോഴും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചു നിര്‍ത്തിയതും നാം കണ്ടതാണ്. ഇന്ധന വിലയുടെ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയതോടെ ടാക്‌സ് ഇനത്തിലും ധാരാളം തുക സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്. 

2018-'19 സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ ജി.ഡി.പി 8.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത് ഒരു പ്രധാന ചര്‍ച്ചയാണ്. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ എല്ലാ പ്രവചനങ്ങളേക്കാളും മുകളിലാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് എന്നത് സംശയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ട്. 

ഇന്ത്യയില്‍ സാമ്പത്തികരംഗത്ത് ധാരാളം പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും തൊഴിലാളികളുമായ ദരിദ്ര ജനകോടികളുടെ മനുഷ്യരുടെ സാമ്പത്തിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ രാജ്യത്തിന് സാധിക്കേണ്ടതുണ്ട്. എന്നാല്‍ സമൂഹത്തില്‍ സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന വളരെ ചുരുങ്ങിയ വിഭാഗത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് സാമ്പത്തിക രംഗം കൈകാര്യം ചെയ്യപ്പെടുന്നത്. സാമ്പത്തിക രംഗത്ത് മുന്‍ഗണനാക്രമം നിശ്ചയിച്ച് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം എടുത്ത് ചാടിയുള്ള സമീപനങ്ങള്‍ സമ്പദ് ഘടനയെ തകര്‍ക്കുമെന്നതില്‍ സംശയമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍