ലണ്ടന്‍ വഴി ടൊറണ്ടോവിലേക്ക്
[എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - ഏഴ്]
ലോക പ്രസിദ്ധമായ കാംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റികളും ലോകഗ്രന്ഥശാലകളില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയും മറ്റും കാണാന്‍ ബ്രിട്ടന് സന്ദര്‍ശിക്കുന്ന ഏതു വിജ്ഞാന ദാഹിയും കൊതിക്കും. പക്ഷേ, ഒരാഴ്ച ബ്രിട്ടനില്‍ തങ്ങിയിട്ടും അതൊന്നും എന്റെ മനസ്സിനെ മോഹിപ്പിച്ചില്ല. കാരണം, എന്റെ മുഴുവന്‍ ശ്രദ്ധയും മൂന്നു ലക്ഷ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു നില്‍ക്കുകയായിരുന്നു. ഒന്ന്, ലണ്ടനില്‍ന്ന് എത്രയും വേഗത്തില്‍, ഏറ്റവും കുറഞ്ഞ നിരക്കില്‍ ടോറണ്ടോവിലേക്കു എയര്‍ ടിക്കറ്റ് കരസ്ഥമാക്കുക. രണ്ട്, ലണ്ടനിലെ പ്രസിദ്ധമായ ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ചു അവിടത്തെ പുതിയ ഇസ്ലാമിക ചലനങ്ങള്‍ അറിയാന്‍ ശ്രമിക്കുക. മൂന്ന്, യു.കെ ഇസ്ലാമിക മിഷന് ആസ്ഥാനം സന്ദര്‍ശിച്ചു മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷനുമായി ബന്ധം സ്ഥാപിക്കുക.
മദീനയില്‍ നിന്ന് ടോറണ്ടോവിലേക്കുള്ള യാത്രക്കിടയിലാണ് ഞാന്‍ ലണ്ടനിലെത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു പാശ്ചാത്യ രാജ്യത്തു കാല് കുത്തുന്നത്. അവിടെ ഒരു മാര്‍ഗദര്‍ശിയോ, പരിചയക്കാരനോ ഇല്ല. ഹോസ്റ്റലിലേക്കുളള വഴി കണ്ടെത്താന്‍ ഇന്റര്‍നെറ്റ് സൗകര്യമൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അല്ലാഹുവിലുള്ള തവക്കുലും സ്വന്തം പരിശ്രമവും മാത്രമായിരുന്നു കൈമുതല്‍. 'ഉപകാരപ്രദമായ ലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് അല്ലാഹുവില്‍ തവക്കുല്‍ ചെയ്തു അവയുടെ സാക്ഷാത്കാരത്തിനായി കഠിനാധ്വാനം ചെയ്യുക' എന്ന നബി വചനമായിരുന്നു പ്രചോദനം. മുമ്പ് പറഞ്ഞ പോലെ കുറഞ്ഞ ഡോളറുകള്‍ മാത്രം കൈവശമുള്ള എനിക്ക് ലണ്ടനില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ റൂം എടുക്കേണ്ടി വന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ലണ്ടനിലെ ഒരു സ്റ്റുഡന്റ്സ് ഹോസ്റ്റലില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ താമസസൗകര്യം ലഭിക്കുകയുണ്ടായി.
ഇന്നിപ്പോള്‍ ഇതൊക്കെ വലിയ അതിശയമായും അസാധ്യമായ കാര്യമായും അനുഭവപ്പെടുന്നു. ഹിപ്പികള്‍ താമസിക്കുന്ന ഒരു റൂമിലാണ് ഞാന്‍ എത്തിപ്പെട്ടത്. എന്റെ റൂമില്‍ അഞ്ചോ ആറോ പേര് ഉണ്ടായിരുന്നുവെന്നാണ് ഓര്മ. സമയമാകുമ്പോള്‍ ഞാന്‍ റൂമില്‍ തന്നെ നമസ്കരിക്കാനൊരുങ്ങും. എന്റെ നമസ്കാരം കണ്ട് അത്ഭുതപ്പെട്ട് ഒരിക്കല്‍ അവര്‍ ചോദിച്ചു: 'താങ്കള്‍ എന്താണ് കാട്ടിക്കൂട്ടുന്നത്? കുനിയുന്നു, നിവരുന്നു, വീണ്ടും കുനിയുന്നു, നിവരുന്നു! അഞ്ചുനേരം എന്തിനാണിങ്ങനെ ആവര്‍ത്തിക്കുന്നത്?' 'ഞാനൊരു മുസ്ലിമാണ്. ഇത് എന്റെ ആരാധനാ കര്‍മമാണ്. ഇതുവഴിയാണ് ഞാനെന്റെ ദൈവത്തോട് തേടുന്നതും അവനെ വണങ്ങുന്നതും' - ഞാന്‍ പറഞ്ഞു. അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. കാനഡയിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍, അവിടത്തെ കാഠിന്യമേറിയ കാലാവസ്ഥയെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് തന്നു. പക്ഷേ എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അവരോട് പറഞ്ഞു. ഒരാഴ്ചയോളം സ്റ്റുഡന്റ്സ് ഹോസ്റ്റലില്‍ തങ്ങേണ്ടി വന്നു. ഇതിനിടെ ലണ്ടനിലെ ഇസ്ലാമിക് സെന്ററും യു.കെ ഇസ്ലാമിക് മിഷന് ഓഫീസും സന്ദര്‍ശിക്കുകയുണ്ടായി.
ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ മുസ്ലിം പള്ളിക്കു പല പേരുകളുമുണ്ട്; ലണ്ടന്‍ സെന്‍ട്രല്‍ മോസ്ക് (London Central Mosque), ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (Islamic Cultural Centre), റീജന്റ്സ് പാര്‍ക്ക് മോസ്ക് (Regent's Park Mosque) എന്നിങ്ങനെ. ഈ പള്ളിയുടെ ഗതകാലം ബ്രിട്ടനിലെ ഇസ്ലാമിന്റെ ചരിത്രവും വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞ് കിടക്കുന്നതാണ് ഇസ്ലാമിന്റെ വേരുകള്‍. യൂറോപ്യന്‍ നാടുകളിലെയും നോര്‍ത്ത് അമേരിക്കയിലെയും ഇസ്ലാമിക ചലനങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇത് പ്രയോജനപ്പെടും. മാത്രമല്ല അടുത്ത അധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും ഇത് അറിഞ്ഞിരിക്കേതു്.
ആര്‍നോള്‍ഡ് ടോയന്‍ബി (Arnold Toynbee 1889- 1975) ലോകപ്രസിദ്ധനായ ബ്രിട്ടീഷ് ചരിത്രകാരനാണ്. ലോക ചരിത്രത്തെ കുറിച്ച് അദ്ദേഹം രചിച്ച 12 വാല്യങ്ങളടങ്ങുന്ന എ സ്റ്റഡി ഓഫ് ഹിസ്റ്ററി (A Study of History) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമത്രെ. അതിലദ്ദേഹം ചരിത്രത്തിലെ 23 സംസ്കാരങ്ങളുടെ വളര്‍ച്ചയും തകര്‍ച്ചയും വിവരിക്കുന്നുണ്ട്. സോഷ്യല്‍ സയന്‍സസിന്റെ പിതാവ് എന്ന് പലരും വിശേഷിപ്പിച്ച പ്രസിദ്ധ മുസ്ലിം ചരിത്രകാരനും പണ്ഡിതനുമായ ഇബ്നു ഖല്ദൂന് ടോയന്‍ബിയെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇബ്നു ഖല്‍ദൂന്റെ മുഖദ്ദിമ ഒരു നിസ്തുല കൃതിയാണെന്നു മാത്രമല്ല അത്തരമൊരു കൃതി ചരിത്രത്തില്‍ ഒരാളും രചിക്കുകയോ വിഭാവന ചെയ്യുകയോ ഉായിട്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. മുഖദ്ദിമയുടെ ഒരു പ്രത്യേകത വിവിധ ഭരണകൂടങ്ങളുടെയും നാഗരികതകളുടെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും കാരണങ്ങള്‍ ശാസ്ത്രീയമായി വിവരിക്കുന്നുവെന്നതാണ്. ടോയന്‍ബി, ഇബ്നു ഖല്‍ദൂന്റെ മാതൃകയില്‍ ചരിത്രത്തിലെ 23 നാഗരികതകളുടെ ഉയര്‍ച്ചയും തകര്‍ച്ചയും അപഗ്രഥിച്ച ശേഷം, പാശ്ചാത്യ സംസ്കാരത്തെ പറ്റിയും ചില പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയിലൊന്ന് പാശ്ചാത്യ ലോകത്ത് ഇസ്ലാമിന്റെ ഭാവി സാധ്യതകളെ കുറിച്ചാണ്.
ടോയന്‍ബിയുടെ അഭിപ്രായത്തില്‍ പാശ്ചാത്യ നാഗരികതയുടെ ഏറ്റവും വലിയ പാപ്പരത്വം അതിന്റെ ആത്മീയ ശൂന്യതയാണ്. 'പാശ്ചാത്യ നാഗരികത ഒരു കാട്ടുതീ പോലെ ലോകം മുഴുവന്‍ പന്തലിച്ചു കിടക്കുന്നുണ്ടെങ്കിലും അത് തീപിടിച്ച പഞ്ഞിക്കെട്ടുകള്‍ പോലെയാണ്. ഈ നാഗരികതയുടെ ആത്മീയമായ അടിത്തറ തകര്‍ന്നുതരിപ്പണമായി കൊണ്ടിരിക്കുകയാണ്.'
ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിന് പാശ്ചാത്യലോകത്ത് വലിയ സാധ്യതകള്‍ കാണുന്നുണ്ട് അദ്ദേഹം; 'ഇസ്ലാം അനുയായികളില്‍ വളര്‍ത്തി യെടുക്കുന്ന സാഹോദര്യബോധം മനുഷ്യരാശിക്ക് അവഗണിക്കാന്‍ പറ്റുന്നതല്ല. സത്യവിശ്വാസികള്‍ തമ്മിലുള്ള ഐക്യം ആ മതത്തിന്റെ ദൈവ സങ്കല്‍പ്പത്തിന്റെ പ്രയോഗവത്കരണമാണ്. ഇസ്ലാം ലോകത്തിനു സമര്‍പ്പിച്ച ഏറ്റവും വലിയ സംഭാവന കറകളഞ്ഞ ഏകദൈവ വിശ്വാസമാണ്. ഈ സംഭാവന നമുക്ക് ഒരിക്കലും അവഗണിക്കാന്‍ പറ്റുന്നതല്ല. കാരണം ഈ സന്ദേശം ഇന്ന് ലോകത്തിനു എത്രയും ആവശ്യമാണ്. ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു വെളിച്ചം കാണാതെ തപ്പി നടക്കുന്ന പാശ്ചാത്യര്‍ അവരുടെ മുസ്ലിം അയല്‍വാസികളുടെ സംഭാവന അംഗീകരിക്കുക തന്നെ വേണം. അത് നമ്മുടെ ഭാവി നിലനില്പിന് അനിവാര്യമാണ്.' ടോയന്‍ബിയുടെ വാക്കുകള്‍ ഇന്ന് വളരെ പ്രസക്തമായി തോന്നുന്നു.
യൂറോപ്പിലും അമേരിക്കയിലും ഇന്ന് പലരും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ട് എന്നതില്‍ സംശയമില്ല. ബ്രിട്ടനില്‍ പ്രത്യേകിച്ചു ഇസ്ലാം വലിയ തോതില്‍ പ്രചരിക്കുന്നതായി അവിടത്തെ പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2011 ജനുവരിയില്‍ ഡെയ്ലി മൈലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ 100,000 ബ്രിട്ടീഷുകാര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നുവെന്നും അതില്‍ എഴുപതു ശതമാനത്തിലേറെയും വെള്ളക്കാരായ സ്ത്രീകളാണെന്നും പറയുകയുണ്ടായി.
യൂറോപ്പിലും അമേരിക്കയിലും ആളുകള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാവാന് പല കാരണങ്ങളുമുണ്ട്. അതില്‍ രണ്ടെണ്ണം പ്രധാനമാണ്. ഒന്ന്, നൂറ്റാണ്ടുകളായി അവരുടെ മത-രാഷ്ട്രീയ ചിന്തകന്മാരും നേതാക്കളും ഇസ്ലാമിനെതിരില്‍ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുക പതിവായിരുന്നു. അതിന്റെ പ്രതികരണമെന്നോണം പലരും ഇസ്ലാമിനെ പഠിക്കാന്‍ പ്രേരിതരായി. സത്യാവസ്ഥ മനസ്സിലാക്കി അവരില്‍ പലരും ഇസ്ലാം ആശ്ലേഷിച്ചു. രണ്ടാമതായി, സ്ഥാപിത മതത്തിന്റെ (ക്രിസ്തുമതത്തിന്റെ) യുക്തിക്കു നിരക്കാത്ത പാരമ്പര്യ ശിക്ഷണങ്ങളിലും ആചാരങ്ങളിലും അവര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. അങ്ങനെ ആന്മീയ ശൂന്യതയില്‍ അകപ്പെട്ടവര്‍ ഇസ്ലാമിനെ ഒരു മരുപ്പച്ചയായി കണ്ടു. അതിന്റെ വിശ്വാസ പ്രമാണങ്ങള്‍ യുക്തിക്കു യോജിക്കുന്നതായി അവര്‍ മനസ്സിലാക്കുന്നു.
ബ്രിട്ടനിലെ ഇസ്ലാമിന്റെ വേരുകള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. എന്നാല്‍ ബ്രിട്ടനെ പിടിച്ചു കുലുക്കിയത്, വിക്ടോറിയന്‍ ബ്രിട്ടനിലെ ഏറ്റവും മേലെ തട്ടിലുള്ള ചില പ്രമുഖ വ്യക്തികളുടെ ഇസ്ലാം സ്വീകരണമാണ്. അവരാണ് ഇസ്ലാമിന്റെ വേരുകള്‍ ബ്രിട്ടന്റെ മണ്ണില്‍ ആഴത്തില്‍ ഉറപ്പിച്ചത്. അവരില്‍ നാലു പേര് പ്രധാനികളാണ്. അടുത്ത അധ്യായങ്ങളിലെ ചില വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇവരെ കുറിച്ച് അറിയുന്നത് നല്ലതാണ്.
ഹൗസ് ഓഫ് ലോര്‍ഡ്സിലെ (House of Lords) ആദ്യത്തെ മുസ്ലിം മെമ്പറായിരുന്നു ഹെന്റി സ്റ്റാന്‍ലി (Henry Stanley). അദ്ദേഹം അറിയപ്പെടുന്നത് 3ൃറ ബാരണ്‍ സ്റ്റാന്‍ലി ഓഫ് ആല്ഡര്ലി എന്ന പേരിലാണ്. അദ്ദേഹം 1869-ലാണ് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത്. അദ്ദേഹം ബ്രിട്ടനിലെ പേരുകേട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. പ്രസിദ്ധ ബ്രിട്ടീഷ് തത്ത്വചിന്തകന് ബെര്‍ട്രാന്‍ഡ് റസ്സലിന്റെ മാതാവ് അദ്ദേഹത്തിന്റെ സഹോദരിയാണ്.
അദ്ദേഹം ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചു, ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചു ജീവിച്ചു. അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനു പുറമെ തഹജ്ജുദ് നമസ്കാരത്തിലും കൃത്യനിഷ്ഠ പാലിച്ചിരുന്നുവെന്നും ജീവ ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ ആദ്യത്തെ മുസ്ലിം മെമ്പറായിരുന്നു അദ്ദേഹം. തന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ അദ്ദേഹം ആല്‍ക്കഹോള്‍ പൂര്‍ണമായും നിരോധിക്കുകയുണ്ടായി. അതോടൊപ്പം തകര്‍ന്നു വീണ പല ക്രിസ്ത്യന്‍ പള്ളികളും അദ്ദേഹം പുനരുദ്ധരിക്കുകയും ചെയ്തു. തന്റെ മയ്യിത്തു സംസ്കരണം ഇസ്ലാമിക മുറകള്‍ പ്രകാരമായിരിക്കണമെന്നു അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. അതനുസരിച്ചു അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ജനാസ സംസ്കരണം വളരെ ലളിതമായി ഇസ്ലാമിക രീതിയിലാണ് നിര്‍വഹിക്കപ്പെട്ടത്.
ആ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്, ബ്രിട്ടനിലെ ഇസ്ലാം സ്വീകരിച്ച ഏറ്റവും പ്രസിദ്ധനായ മുസ്ലിം ലീഡറും പ്രബോധകനുമായ വില്യം ക്വില്യം (William Quilliam 1856-1932) ആയിരുന്നു. അദ്ദേഹത്തിന്റെ മുസ്ലിം പേര് അബ്ദുല്ലാഹ് ക്വില്യം എന്നാണ്. ഉസ്മാനി ഖലീഫ അബ്ദുല്‍ ഹമീദ്, ശൈഖുല്‍ ഇസ്ലാം ഓഫ് ബ്രിട്ടീഷ് ഇസ്ലസ് (Shaikhul Islam of British Isles) എന്ന ബഹുമാന പദവി നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ബ്രിട്ടനില്‍ ഇസ്ലാമിക പ്രബോധന മാര്‍ഗത്തില്‍ അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ നിസ്തുലമാണ്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി മസ്ജിദ് നിര്‍മിച്ചത് അദ്ദേഹമായിരുന്നു. ലോര്‍ഡ് ഹെന്ററി സ്റ്റാന്‍ലിയെപ്പോലെ അദ്ദേഹവും ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലിവര്‍പൂളിലെ ഒരു പേര്കേട്ട ക്രിസ്ത്യന്‍ മെതഡിസ്റ്റ് മിനിസ്റ്ററും (Methodist Minister) പൗര പ്രധാനിയുമായിരുന്നു.
പക്ഷേ അദ്ദേഹത്തിന് ക്രമേണ ക്രിസ്തുമതത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. വര്‍ഷങ്ങളോളം അഭിഭാഷകനായി ജോലി ചെയ്ത അദ്ദേഹം ക്രിസ്തുമതത്തിന്റെ പരാജയം നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തതാണ് കാരണം. ആ വേളയിലാണ് അദ്ദേഹം മൊറോക്കോ സന്ദര്‍ശിക്കാനിടയായത്. അങ്ങനെ ഇസ്ലാമിനെയും മുസ്ലിംകളെയും നേരിട്ട് അറിയാനും പഠിക്കാനും അദ്ദേഹം തല്പരനായി. ഇസ്ലാം അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്നെടുത്തു. അദ്ദേഹം ഇസ്ലാമിലെത്താന്‍ വൈകിയില്ല. തുടര്‍ന്ന്, ബ്രിട്ടനിലെ ഇസ്ലാമിക പ്രബോധന രംഗത്ത് സജീവമായി. ആ രംഗത്ത് ഒട്ടേറെ ക്രിയാത്മക രീതികള്‍ അദ്ദേഹം ആവിഷ്കരിക്കുകയുണ്ടായി.
1887-ല്‍ അദ്ദേഹം ലിവര്‍പൂളില്‍ ഒരു വലിയ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപിച്ചു. പള്ളി, ആണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗ് സ്കൂള്‍, പെണ്‍കുട്ടികള്‍ക്ക് ഡേ സ്കൂള്‍, ഓര്‍ഫനേജ്, മദീന ഹൗസ്, ഡേ കെയര്‍, പ്രിന്റിംഗ് പ്രസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയൊരു സ്ഥാപന സമുച്ചയമായിരുന്നു അത്. അദ്ദേഹത്തിന്റെ സവിശേഷമായ പ്രബോധന രീതി അറുനൂറില്പരം ബ്രിട്ടീഷുകാരെ ഇസ്ലാമിലേക്ക് ആകര്ഷിച്ചിട്ടു്. ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി ആദ്യമായി വ്യവസ്ഥാപിത രൂപത്തില്‍ ഇംഗ്ലീഷില്‍ ഗ്രന്ഥരചനയും പത്ര പ്രവര്‍ത്തനവും തുടങ്ങിയത് അദ്ദേഹമായിരുന്നു. Crescent എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പും Islamic Monthly എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാരെ മാത്രം ലക്ഷ്യമാക്കി ഇംഗ്ലീഷില്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹം എഴുതിയ കൃതികള്‍ ബ്രിട്ടനിലെ ഉയര്‍ന്ന കുടുംബങ്ങളില്‍ പോലും പ്രചരിച്ചിരുന്നു. ആ പുസ്തകങ്ങള്‍ അദ്ദേഹം നേരിട്ട് തന്നെ വിക്ടോറിയ രാജ്ഞിക്കു അയച്ചു കൊടുത്തു. അവരതു വായിക്കുകയും സ്വന്തം കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി അദ്ദേഹത്തോട് കൂടുതല്‍ കോപ്പികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്രമേല്‍ സ്വാധീനമുണ്ടായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ക്ക്. ഇന്ത്യയിലെ പ്രമുഖ മുസ്ലിം നേതാവും പണ്ഡിതനും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിലൊരാളുമായ മൗലാനാ മുഹമ്മദലി ജൗഹര്‍(1878-1931) അബ്ദുല്ല ക്വില്യമിനെയും മറ്റു ബ്രിട്ടീഷ് മുസ്ലിം നേതാക്കളെയും സന്ദര്‍ശിക്കുകയുണ്ടായി. കമാല്‍ അതാതുര്‍ക്കിന്റെ ഖിലാഫത്ത് നിരോധത്തിനെതിരായ പ്രക്ഷോഭത്തില്‍ പിന്തുണതേടുകയും അത് ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായ സമരം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ ശ്രമം വിജയിക്കുകയുണ്ടായില്ല. 1932-ല്‍ ലണ്ടനില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അവിടത്തെ പ്രസിദ്ധമായ ബ്രുക്വൂവുഡ് സെമിത്തേരിയിലായിരുന്നു ഖബ്റടക്കം. ബ്രിട്ടനില്‍ ഇസ്ലാം സ്വീകരിച്ച പലരും അവിടെയാണ് ഖബ്റടക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് ബ്രിട്ടനില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരില്‍ വലിയ ശതമാനവും സ്ത്രീകളാണ്. അവരില്‍ ബഹുഭൂരിഭാഗവും പാശ്ചാത്യ സംസ്കാരത്തിന്റ ആത്മീയ ശൂന്യതയില്‍ മനം മടുത്ത് ഇസ്ലാമിന്റെ ആത്മീയ ചൈതന്യത്തിലേക്ക് ആകൃഷ്ടരായവരാണ്്. ഇവരുടെയെല്ലാം മുന്‍ഗാമിയായി, പ്രസിദ്ധയായ ലേഡി എവെലിന് കോബ്ബോള്ഡിനെ(ഘമറ്യ ഋ്ലഹശി ഇീയയീഹറ 18671963) മനസ്സിലാക്കാം. സ്കോട്ട്ലന്റിലെ വളരെ കുലീനമായ ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയായിരുന്നു അവര്‍. 1931-ല്‍ അറുപത്തഞ്ചാം വയസ്സിലാണ് അവര്‍ ഇസ്ലാം സ്വീകരിച്ചത്. അവര്‍ ആദ്യമായി ഇസ്ലാമിനെ പരിചയപ്പെടുന്നത് അള്‍ജീരിയയില്‍ വെച്ചാണ്. വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ച അവര്‍ നേരത്തേ തന്നെ ഇസ്ലാമിലേക്ക് ആകൃഷ്ടയായിരുന്നെങ്കിലും ഔപചാരികമായി ഇസ്ലാം സ്വീകരിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് അവര്‍ ഒരിക്കല്‍ ഇറ്റലി സന്ദര്‍ശിക്കാന്‍ ഇടയായത്. അവിടെവെച്ച് ഒരു സുഹൃത്ത് അവരോട് പോപ്പിനെ കാണാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. പോപ്പ് അവരോട് കാത്തലിക് ആണോ എന്ന് ചോദിച്ചു. അവര്‍ ഉടനെ മറുപടി പറഞ്ഞു: 'അല്ല, ഞാനൊരു മുസ്ലിമാണ്.' ഇതു സംബന്ധിച്ച് അവര്‍ പറഞ്ഞതിങ്ങനെ; ''എന്താണ് പെട്ടെന്ന് അങ്ങനെ യൊരു മറുപടി പറയാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. അത് പെെട്ടന്നു എന്റെ മനസ്സില്‍ ഉദിച്ചുയര്‍ന്ന ഒരു പ്രകാശരശ്മി ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കാരണം ഇസ്ലാമിനെ വളരെ ഇഷ്ടമായിരുന്നെങ്കിലും അത് സ്വീകരിക്കാന്‍ അതുവരെ ഞാന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ പോപ്പുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം താമസിയാതെ തന്നെ ഞാന്‍ ഇസ്ലാമിനെ ആഴത്തില്‍ പഠിക്കുകയും സ്വീകരിക്കുകയുമായിരുന്നു.''
മുസ്ലിമായി അധികം താമസിയാതെ തന്നെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവര്‍ മക്കയിലെത്തി. ആദ്യമായി ഹജ്ജ് ചെയ്ത ഒരു പാശ്ചാത്യ വനിത അവരാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടു്. മാത്രമല്ല തന്റെ ഹജ്ജ് യാത്രയെക്കുറിച്ച് മനോഹരമായി വിവരിക്കുന്ന 'മക്കയിലേക്കുള്ള തീര്‍ഥാടനം' (Pilgrimage to Mecca) എന്ന ഗ്രന്ഥവും അവര്‍ തയാറാക്കുകയുണ്ടായി. ഇംഗ്ലീഷില്‍ ആദ്യമായി ഹജ്ജിനെ കുറിച്ച് പുസ്തകം എഴുതിയതും അവര്‍ തന്നെ.
96-ാം വയസ്സിലാണ് എവെലിന് മൃതിയടഞ്ഞത്. മരണത്തിനു മുമ്പ് തന്റെ മയ്യിത്ത് സംസ്കരണം ഇസ്ലാമിക മുറ പ്രകാരമാവണമെന്നും മീസാന്‍ കല്ലില്‍, 'അല്ലാഹുവാണ് ആകാശ ഭൂമികളുടെ പ്രകാശം' എന്ന ഖുര്‍ആന്‍ സൂക്തം ഇംഗ്ലീഷില്‍ എഴുതി വെക്കണമെന്നും അവര്‍ വസ്വിയ്യത്തു ചെയ്തിരുന്നു.
ബ്രിട്ടനില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത മറ്റൊരു പ്രധാന വ്യക്തിയാണ് മര്‍മഡ്യൂക് പിക്താള് (Marmaduke Pickthall 1875-1936). അദ്ദേഹം വിശ്രുതനായ എഴുത്തുകാരനും നോവലിസ്റ്റുമായിരുന്നു. പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റുകളായ എച്ച്.ജി വെല്‍സ്, ഡി.എച്ച് ലോറന്‍സ്, ഇ.എം ഫോസ്റ്റര്‍ എന്നിവരുടെ ആദരവും ബഹുമാനവും നേടിയ പ്രതിഭാശാലി.
അദ്ദേഹം ഇസ്ലാമിനെയും മുസ്ലിംകളെയും ആദ്യമായി പരിചയപ്പെടുന്നത് മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും നടത്തിയ യാത്രകളിലൂടെയാണ്. ഇസ്ലാമിനെക്കുറിച്ച് പ്രത്യേകിച്ച് ക്രിസ്തീയ പുരോഹിതന്മാരും നേതാക്കളും നടത്തിയിരുന്ന പ്രചാരണങ്ങള്‍ തികച്ചും ബാലിശവും അവാസ്തവവുമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. എങ്കിലും അദ്ദേഹം ജനിച്ചുവളര്‍ന്ന ക്രിസ്തുമതം അനുസരിച്ച് ജീവിക്കുകയും എല്ലാ ഞായറാഴ്ചയും ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കു ചേരുകയും ചെയ്യുന്നത് തുടര്‍ന്നു. പക്ഷേ, ഒരു സംഭവം അദ്ദേഹത്തെ പിടിച്ചുകുലുക്കി. ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍ മിനിസ്റ്റര്‍ തന്റെ പ്രാര്‍ഥനയില്‍ വളരെ രൂക്ഷവും ഹീനവുമായ രീതിയില്‍ ഇസ്ലാമിനെയും പ്രവാചകനെയും പേരെടുത്തു പറഞ്ഞു ശാപ പ്രാര്‍ഥന നടത്തുന്നത് കേട്ട് അദ്ദേഹം രോഷാകുലനായി, ഉടനെത്തന്നെ ചര്‍ച്ചില്‍നിന്ന് പുറത്തുപോയി. പിന്നീടൊരിക്കലും അദ്ദേഹം ചര്‍ച്ചിലേക്ക് മടങ്ങിയില്ല. അധികം താമസിയാതെ ഇസ്ലാമിനെ ഗഹനമായി പഠിക്കുകയും സത്യസരണി പുല്‍കുകയുമാണ് ചെയ്തത്. ഇസ്ലാം സ്വീകരിച്ചശേഷം തന്റെ ജീവിതവും അതിന്റെ പ്രചാരണത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. ഇസ്ലാമിക സേവന പാതയില്‍ തന്നെ അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്തു.
പിക്താളിന്റെ ഏറ്റവും വലിയ സംഭാവന ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. അദ്ദേഹത്തിനു മുമ്പ് പലരും ഖുര്‍ആന്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരെല്ലാം അമുസ്ലിംകളും ഇസ്ലാമിനെ അംഗീകരിക്കാത്തവരുമായിരുന്നു. ആദ്യമായി ഖുര്‍ആന്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത, ഇംഗ്ലീഷ് മാതൃഭാഷയായുള്ള മുസ്ലിം പിക്താളാണ്. മാത്രമല്ല, പേരു കേട്ട ഇംഗ്ലീഷ് നോവലിസ്റ്റും അംഗീകരിക്കപ്പെട്ട എഴുത്തുകാരനുമായിരുന്നു അദ്ദേഹമെന്നത് ഈ ഖുര്‍ആന്‍ പരിഭാഷയുടെ സവിശേഷതയും സ്വീകാര്യതയുടെ കാരണവുമാകാം. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷ ഇംഗ്ലീഷില്‍ ആദ്യമായി പുറത്തു വന്നപ്പോള്‍ ബ്രിട്ടനിലെ പ്രസിദ്ധമായ ടൈംസ് ലിറ്റററി സപ്ലിമെന്റ് (Times Literary Supplement) അതിനെ ഒരു വലിയ സാഹിത്യ സംഭാവനയായി വിശേഷിപ്പിക്കുകയുണ്ടായി.
ഖുര്‍ആനിന്റെ അമാനുഷികത പൂര്‍ണമായും ഉള്‍ക്കൊണ്ട അദ്ദേഹം തന്റെ പരിഭാഷ ഒരിക്കലും ഖുര്‍ആനായി പരിഗണിക്കരുതെന്ന് പറയുകയുണ്ടായി. കാരണം, ഖുര്‍ആന്‍ തികച്ചും അമാനുഷികമായതുകൊണ്ട് അതൊരിക്കലും ഒരാള്‍ക്കും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനാല്‍ തന്നെ തന്റെ എളിയ ശ്രമം ഖുര്‍ആനിന്റെ സന്ദേശം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ക്ക് പരിചയപ്പെടുത്താന്‍ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി.
ഞാന്‍ ലണ്ടനിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിക്കുമ്പോള്‍ മേല്പറഞ്ഞ പ്രസിദ്ധ ബ്രിട്ടീഷ് മുസ്ലിംകളാരും ജീവിച്ചിരുന്നില്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാം സ്വീകരിച്ച മറ്റൊരു വ്യക്തി ഇസ്ലാമിക് സെന്ററില്‍ ഇസ്ലാമിന് വേണ്ടി മഹത്തായ സംഭാവനകള്‍ ചെയ്യുന്നുണ്ടായിരുന്നു; ചാള്‍സ് ലെ ഗായ് ഈറ്റണ്‍ (Charles le Gai Eaton 1921-2010) എന്ന മഹദ് വ്യക്തിത്വം. ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചു, ഇംഗ്ലീഷില്‍ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് ഗായ് ഈറ്റണ്‍. മാത്രമല്ല ഇസ്ലാമിക് സെന്ററില്‍ വര്‍ഷങ്ങളോളം ഗവേഷകനും മാഗസിന് എഡിറ്ററും മറ്റുമായി അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിലപ്പെട്ട കൃതികളില്‍ ഒന്നാണ്, ഇസ്ലാം ആന്റ് ദി ഡെസ്റ്റിനി ഓഫ് മാന്‍. അത് വായിച്ചു പലരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കാന്‍ അവസരം ലഭിച്ചത് ടോറാേവില് എത്തിയ ശേഷമാണ്.
ലണ്ടനിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതൊരു പള്ളി മാത്രമല്ല. അതിലുപരി ഇസ്ലാമിക പ്രബോധനത്തിനായി ഒരുക്കിയ കേന്ദ്രമാണ്. അതില്‍ ലൈബ്രറിയും റീഡിംഗ് റൂമും സോഷ്യല്‍ ആക്ടിവിറ്റീസിന് പ്രത്യേക സംവിധാനങ്ങളുമുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഈ സ്ഥാപനം വഴി നൂറില്‍ പരം വ്യക്തികള്‍ ഓരോ വര്‍ഷവും ഇസ്ലാം സ്വീകരിക്കുന്നു്.
ഞാന്‍ സന്ദര്‍ശിച്ച ലണ്ടനിലെ മറ്റൊരു പ്രധാന സ്ഥാപനം യു.കെ ഇസ്ലാമിക മിഷനാണ്. ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധമുള്ള വ്യക്തികളാണ് ഇതിന്റെ സ്ഥാപകര്‍. അവര്‍ മുഖേനയാണ് എനിക്ക് മുസ്ലിം സ്റ്റുഡന്‍സ് അസോസിയേഷനുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്. അവരെനിക്ക് ടോറാേവിലെ മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെടാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും തന്നത് വളരെ പ്രയോജനപ്പെട്ടു.
അതുവഴി ടോറാേവിലേക്കു യാത്ര തിരിക്കും മുമ്പ് തന്നെ ഞാന്‍ അവരുമായി ബന്ധം സ്ഥാപിച്ചു. എന്റെ യാത്രാ വിവരങ്ങള്‍ അവരെ അറിയിച്ചു. അവര്‍ എന്നെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുമെന്ന് പറഞ്ഞത് വലിയ ആശ്വാസമായി. അതനുസരിച്ച്, റൊണാള്‍ഡോ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ എന്നെ സ്വീകരിക്കാനായി മുസ്ലിം സ്റ്റുഡന്‍സ് അസോസിയേഷന് പ്രതിനിധി അവിടെയുണ്ടായിരുന്നു.
അദ്ദേഹം ഏതാനും ദിവസങ്ങള്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി താമസിപ്പിച്ചു. ശേഷം ടൊറണ്ടോ യൂനിവേഴ്സിറ്റി കാമ്പസ്സില്‍ തന്നെ ഒരു റൂം വാടകക്കെടുക്കാന്‍ എനിക്ക് സൗകര്യം ചെയ്തു തന്നു. അദ്ദേഹമാണ് മുസ്ലിം സ്റ്റുഡന്റസ് അസോസിയേഷന് (Muslim Students' Association) ഭാരവാഹികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയത്. അവരില്‍ ബഹുഭൂരിഭാഗവും ഈജിപ്തില്‍ നിന്ന് വന്നവരും ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധമുള്ളവരുമായിരുന്നു. ഏറെപ്പേരും എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി എടുക്കാനെത്തിയവര്. അവരില്‍ നിന്ന് അനുഭവിച്ചറിഞ്ഞ സാഹോദര്യ ബന്ധം ഒരിക്കലും മറക്കാനാവില്ല. സ്വന്തം സഹോദരനായാണ് അവരെന്നെ സ്വീകരിച്ചത്. മാത്രമല്ല, എന്റെ ദീനീ പഠന പാരമ്പര്യം മനസ്സിലാക്കിയ അവര്‍ വൈജ്ഞാനിക സേവനങ്ങള്‍ക്കു എനിക്ക് അവസരമൊരുക്കിത്തരികയുമുണ്ടായി. അവരുടെ ഇസ്ലാമിക ആവേശം കപ്പോള്‍ ഒരു പ്രസിദ്ധ പണ്ഡിതന്റെ (മുഹമ്മദുല്‍ ഗസ്സാലി ആണെന്ന് തോന്നുന്നു) ഉപദേശമാണ് എനിക്ക് ഓര്മ വന്നത്. നോര്‍ത്ത് അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോകുന്ന ഒരു വിദ്യാര്‍ഥി അദ്ദേഹത്തിന്റെ ഉപദേശം തേടിയെത്തി. ആ വിദ്യാര്‍ഥിക്ക് അദ്ദേഹം കൊടുത്ത നിര്‍ദേശം ഇതായിരുന്നു; ''നിങ്ങള്‍ നോര്‍ത്ത് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കേണ്ടത് ഒരേ ഒരു വാതിലാണ്, എം.എസ്.എ (MSA). ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ രക്ഷപ്പെടും. അല്ലാത്ത പക്ഷം അത് നിങ്ങളുടെ നഷ്ടമായിരിക്കും.'' ഈ ഉപദേശത്തിന്റെ പ്രാധാന്യം അനുഭവിച്ചറിയാനായിട്ടുണ്ട് എനിക്ക്. കാരണം, നല്ല സംവിധാനങ്ങളില്‍ എത്തിപ്പെട്ടില്ലെങ്കില്‍ സാഹചര്യങ്ങള്‍ നമ്മെ വഴി തെറ്റിക്കുക എളുപ്പമാണ്. കുട്ടികളെ ഉപരിപഠനത്തിനയക്കുന്ന രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേതാണിത്.
അതിന്റെ മറ്റൊരു മുഖം, ഒരു തിക്താനുഭവം എന്റെ മുമ്പിലു്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ടൊറണ്ടോ യൂനിവേഴ്സിറ്റിയില്‍ ജവഉക്കു പഠിക്കാന്‍ വന്ന ഒരു വ്യക്തി, ഇന്ത്യക്കാരന്. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുകയും അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ മറക്കാന്‍ കഴിയില്ല: ''എനിക്ക് കാനഡയില്‍ നില്ക്കാന് ആഗ്രഹമില്ല. കാരണം ഇവിടെ നിന്നാല്‍ എന്റെ ഇസ്ലാമിക വിശ്വാസവും സംസ്കാരവും നില നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ പഠനം പൂര്‍ത്തീകരിച്ച് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹം.'' എന്നാല്‍ PhD നേടിയ അദ്ദേഹവും കുടുംബവും കാനഡയില്‍ തന്നെ തുടര്‍ന്നു, വൈകാതെ അവരുടെ വിശ്വാസവും ജീവിത രീതിയും തികച്ചും മാറിപ്പോയി. അവരുടെ മക്കളെ ഇസ്ലാമിക ജീവിത മുറകള്‍ തീരെ അഭ്യസിപ്പിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. ഇതിനു പ്രധാന കാരണം, നോര്‍ത്ത് അമേരിക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ നല്ല വാതിലുകള്‍ ഉപയോഗിക്കാത്തതും ഉത്തമ സുഹൃദ് വലയത്തില്‍ ജീവിക്കാത്തതുമാണ്.
1972 സെപ്റ്റംബറിലാണ് ഞാന്‍ ടൊറാേ യൂനിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നത്. യൂനിവേഴ്സിറ്റി കാമ്പസ്സില്‍ എം.എസ്.എയുടെ ആദ്യ നാളുകളായിരുന്നു അവ. എം.എസ്.എയുടെ വസന്തകാലം! ശാന്തപുരത്തെയും മദീനയിലെയും വിദ്യാഭ്യാസവും അതുവഴി ആര്‍ജിച്ച ദീനീ വിജ്ഞാനവും നിമിത്തം അവര്‍ക്കിടയില്‍ ഒരു പണ്ഡിത വ്യക്തിത്വത്തിന്റെ അംഗീകാരം ലഭിക്കാന്‍ ഭാഗ്യമുണ്ടായി. താമസിയാതെ കാമ്പസ്സില്‍ യൂനിവേഴ്സിറ്റി തന്നെ അനുവദിച്ച പ്രത്യേക ഹാളില്‍ സംഘടിപ്പിച്ചിരുന്ന ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തം എന്നില്‍ അര്‍പ്പിതമായി. അതിനു പുറമെ കാമ്പസിലെ ഇന്റര്‍നാഷ്നല്‍ സ്റ്റുഡന്റസ് സെന്ററില്‍ എല്ലാ ഞായറാഴ്ചയും സംഘടിപ്പിച്ചിരുന്ന ഹല്‍ഖാ പ്രോഗ്രാമില്‍ തഫ്സീര്‍ നടത്താനും എന്നെ ചുമതലപ്പെടുത്തി. അങ്ങനെ അറിവ് നേടിയും നല്‍കിയും ടൊറണ്ടോവില്‍ പുതിയ ജീവിതം തുടങ്ങുകയായിരുന്നു.
(തുടരും)
Comments