Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

എ.കെ സൈതാലി

അമീര്‍ അലി കിണാശ്ശേരി

ഒരു മനുഷ്യായുസ്സ് പള്ളിയും മദ്‌റസയും തലയിലേറ്റിയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നെഞ്ചിലേറ്റിയും ജീവിച്ചു തീര്‍ത്ത വ്യക്തിത്വമാണ് കിണാശ്ശേരി ജമാഅത്ത് ഘടകത്തിലെ ആദ്യകാല പ്രവര്‍ത്തകന്‍ എ.കെ സൈതാലി സാഹിബ്. കിണാശ്ശേരി മുസ്‌ലിം സേവാ സംഘത്തിനു (KMSS) കീഴിലുള്ള പള്ളിയുടെയും മദ്‌റസയുടേയും ജോയന്റ് സെക്രട്ടറിയായും മരണം വരെ പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 55 വര്‍ഷത്തോളമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലം.

കൗമാരത്തില്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ രോഗിയായി കിടന്ന കുറഞ്ഞകാലം ഒഴിച്ച് നിര്‍ത്തിയാല്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കുടുംബത്തെയും ഈ മാര്‍ഗത്തില്‍ ഒപ്പം കൂട്ടാനായി. രണ്ടു വര്‍ഷം മുമ്പ് ഭാര്യ ഖദീജ മരണപ്പെട്ടു. അവര്‍ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകയായിരുന്നു. മൂത്തമകന്‍ ഷബീര്‍ അലി ജമാഅത്തെ ഇസ്‌ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പ്രവര്‍ത്തകനാണ്. ജമാഅത്ത് ഘടകത്തിന്റെ കീഴില്‍ ആരംഭിച്ച പലിശരഹിത നിധി സൈതാലി സാഹിബിന്റെ പൂര്‍ണ ചുമതലയിലായിരുന്നു.

കല്ലായിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റഡി സര്‍ക്ക്‌ളിലൂടെയാണ് പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. കിണാശ്ശേരി ഘടകം രൂപീകരിച്ചതിനു ശേഷം അങ്ങോട്ട് മാറി. സഹോദരന്മാരായ മുഹമ്മദും സുലൈമാനുും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നത് ഇദ്ദേഹത്തിന്റെ മാതൃകാ ജീവിതത്തില്‍ ആകൃഷ്ടരായാണ്.

ജനങ്ങളോടുള്ള പെരുമാറ്റ രീതിയും സംസാരത്തിലെ മിതത്വവും സാമ്പത്തിക ഇടപാടിലെ കൃത്യനിഷ്ഠയും ലളിത ജീവിതവും എടുത്ത് പറയേണ്ടതുതന്നെ.

 

 

ഇ.കെ മൊയ്തീന്‍ കുട്ടി മൗലവി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും തിരൂര്‍ക്കാട് ഓര്‍ഫനേജില്‍ ചിരകാലം അധ്യാപകനുമായിരുന്നു ഇ.കെ മൊയ്തീന്‍ കുട്ടി മൗലവി.

ജീവിതത്തിന്റെ സിംഹഭാഗവും അനാഥക്കുട്ടികളുടെ ക്ഷേമ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി നീക്കിവെച്ച അദ്ദേഹത്തിന്റെ നിഷ്‌കാമ യത്‌നങ്ങളും നിഷ്‌കളങ്കതയും പ്രസ്ഥാനത്തോടുള്ള കൂറും എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയില്‍ മടവൂര്‍മുക്ക് സ്വദേശിയായ അദ്ദേഹം മദ്‌റസ, സ്‌കൂള്‍ പഠനശേഷം ദര്‍സില്‍ ചേരുകയും തുടര്‍ന്ന് അറബി മുന്‍ഷി പരീക്ഷ പാസ്സാവുകയും ചെയ്തു. കുറച്ചുകാലം വാണിയമ്പലം ഗവ. എല്‍.പി സ്‌കൂള്‍, തുടര്‍ന്ന് പോത്തുകല്ല് മദ്‌റസാ അധ്യാപകന്‍, തിരൂര്‍ക്കാട് യതീംഖാനാ വാര്‍ഡന്‍, മദ്‌റസാ അധ്യാപകന്‍ എന്നിങ്ങനെ ജോലിനോക്കി. ആദ്യകാല ജമാഅത്ത് മെമ്പറായ അദ്ദേഹം പ്രസ്ഥാനമാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ചു. കരുവമ്പൊയില്‍ പ്രാദേശിക ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം ശാരീരിക അവശതകളില്‍ പോലും പ്രാസ്ഥാനിക കാര്യങ്ങളില്‍ അതീവ കണിശത പുലര്‍ത്തി. വിനയത്തില്‍ മാതൃകയായിരുന്നു. കരുവമ്പൊയിലില്‍ സ്ഥിര താമസമാക്കിയ ശേഷം, കരുവമ്പൊയില്‍, കൊടുവള്ളി എന്നിവിടങ്ങളില്‍ മദ്‌റസകളിലും പള്ളികളിലും സേവനം ചെയ്തിരുന്നു. മൗലവിയുടെ സഹധര്‍മിണി ആഇശ. മക്കള്‍: സുഹ്‌റ, സദറുദ്ദീന്‍, വഹീദുദ്ദീന്‍.

കെ. അബ്ദുല്‍ ഖാദിര്‍ കരുവമ്പൊയില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍