വഴി
ഇങ്ങനെ ഒരു വഴിയുണ്ടായിരുന്നോ
പാഞ്ഞുകയറാനുള്ള വഴി
മുള്ളുകളും കല്ലുകളും
നിറഞ്ഞതാണങ്കിലും
ഓടിക്കയറാനെളുപ്പമുള്ള വഴി.
മുന്നോട്ട് കയറുംതോറും
കുന്നും മലയും വഴിമാറുന്നു
വേലികള്‍ താനേ പൊളിയുന്നു
മതിലുകള്‍ നിലംപതിക്കുന്നു
എളുപ്പത്തില്‍നിന്നും
എളുപ്പത്തിലേക്കുള്ള വഴി.
യാത്ര കഴിഞ്ഞാല്‍
വിയര്‍ത്തു കുളിച്ച്
ക്ഷീണിക്കുമായിരുന്നു
ഇതുവരെ സഞ്ചരിക്കാത്തത്ര
വേഗത്തിലാണ് സഞ്ചരിച്ചത്
ദൂരവും കൂടുതലുണ്ടായിരുന്നു
എന്നാലൊട്ടും വിയര്‍ക്കുന്നില്ല,
ക്ഷീണിക്കുന്നില്ല
യാത്രാവസാനം സംതൃപ്തി,
ആശ്വാസം
എന്തെന്നില്ലാത്ത മനക്കുളിര്.
ഈ എളുപ്പ വഴി
ഇതുവരെ നാം മറന്നുപോയതാണോ
ആരും നമ്മോട് പറയാതിരുന്നതാണോ
അതോ പറഞ്ഞിട്ട്
നാം കേള്‍ക്കാതെ പോയതാണോ?
അല്ല,
ഇങ്ങനെ ഒരു വഴി
നാമറിയാതിരിക്കാന്‍
ആര്‍ക്കെങ്കിലും
ബോധപൂര്‍വമായ
അജണ്ടയുണ്ടായിരുന്നോ?
ഏതായാലും
വെള്ളത്തില്‍ കുളിച്ച രാത്രിയില്‍
വിളക്കണഞ്ഞുപോയ രാത്രിയില്‍
മല മണ്ണ് വന്ന്
വീടാകെ നിറഞ്ഞ രാത്രിയില്‍
നാമാവഴി കണ്ടുപിടിച്ചു
മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക്
പാഞ്ഞു കയറാനുള്ള എളുപ്പ വഴി.
വന്ന വഴി മറക്കാതെ നോക്കണം
തുറന്ന വഴി വേലി കെട്ടാതെ കാക്കണം
അപ്പുറവും ഇപ്പുറവുമുള്ളവര്‍ക്ക്
ജീവിക്കാനുള്ള
വഴിയുണ്ടോയെന്ന് തിരക്കണം
അടുക്കാനുമിണങ്ങാനും
ഇത്രമേല്‍ എളുപ്പമുള്ള വഴി
മറ്റൊന്നുമില്ലെന്നറിഞ്ഞേയിരിക്കണം.
Comments