Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

പ്രളയ ദുരന്തം: പിന്തുണയുമായി ജമാഅത്തെ ഇസ്‌ലാമി ദേശീയ നേതൃത്വം

കെ. നജാത്തുല്ല

കേരളം കണ്ട മഹാപ്രളയകാലം അതിന്റെ ഭീകരതയുടെ മുഖം അനാവരണം ചെയ്ത ആദ്യനാളുകള്‍ മുതല്‍ തന്നെ നിരന്തരമായ അന്വേഷണങ്ങളും പിന്തുണയുമായി ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം  സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ ജമാഅത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘങ്ങളെ കേരളത്തിലേക്കയക്കുന്നതിനെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ചും സജീവ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ മുസ്‌ലിംകളിലെ പ്രബല സംഘടന എന്ന നിലക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെ ശ്രദ്ധ കേരളത്തിന്റെ ദുരിതമുഖത്തേക്ക് തിരിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം  വലിയ പങ്ക് വഹിച്ചു. ഉര്‍ദു പത്രങ്ങളില്‍ ജമാഅത്ത് അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുടെ ആഹ്വാനം വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സേവനത്തിന് തയാറായ വളന്റിയര്‍ സംഘങ്ങളെ കുറിച്ച അറിയിപ്പുകള്‍ സംസ്ഥാന ഓഫീസിലും സംസ്ഥാന ദുരിതാശ്വാസ സെല്ലിലും വന്നുകൊണ്ടിരുന്നു. ദിവസങ്ങള്‍ക്കു മുമ്പേ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘം ആലുവയിലെത്തിയിട്ടുണ്ടായിരുന്നു. കേരളത്തിലെന്ന പോലെ ജമാഅത്ത് അമീറിന്റെ ആഹ്വാനപ്രകാരം വെള്ളിയാഴ്ചകളിലും ഈദ് ദിനത്തിലും ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ധനസമാഹരണം നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ എസ്.ഐ.ഒ അടക്കമുള്ള പോഷക വിഭാഗങ്ങളും കേരളത്തിന് കൈത്താങ്ങൊരുക്കാന്‍ രംഗത്തിറങ്ങി.

ദുരന്തമേഖലകളില്‍ വളന്റിയര്‍ സേവനം ലഭ്യമാക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെടുന്നതിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും കേരളത്തോടൊപ്പം ചേര്‍ന്നു.

ജമാഅത്ത് അമീറിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് അമീറുമാരായ നുസ്രത്ത് അലിയും ടി. ആരിഫലിയും ബലിപെരുന്നാള്‍ ദിനത്തില്‍ തന്നെ കേരളത്തിലെത്തി. പ്രധാനപ്പെട്ട ദുരിത മേഖലകള്‍ നേരില്‍ കണ്ട് സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ക്യാമ്പിലുള്ളവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. വിവിധ മേഖലകളിലെ സേവന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരുമായി സംസാരിച്ചു. വളന്റിയര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന യോഗങ്ങളിലും നേതാക്കള്‍ സജീവമായി പങ്കു കൊു. 

ദുരന്തത്തെ അതിജീവിക്കുന്നതില്‍ കേരള സര്‍ക്കാരും സമൂഹവും കാണിച്ച സാഹസികതയെയും ഊര്‍ജസ്വലതയെയും നേതാക്കള്‍ അഭിനന്ദിച്ചു. വലിയ ആഘാതമാണ് കേരളത്തിന് പ്രളയമുണ്ടാക്കിയിട്ടുള്ളതെന്നും പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് തുടര്‍ന്നും സര്‍ക്കാറും ജനങ്ങളും ഒന്നിച്ച് നീങ്ങണമെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ആയിരക്കണക്കിനാളുകള്‍ ദുരിതത്തിനിരയായിട്ടുണ്ട്. ഇവര്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങളെത്താത്ത മേഖലകളിലേക്കും വ്യക്തികളിലേക്കുമാണ് സന്നദ്ധ സംഘങ്ങളുടെ നോട്ടമെത്തേണ്ടത്. രക്ഷാപ്രവര്‍ത്തനത്തില്‍ എടുത്തുപറയാവുന്നതും പ്രശംസനീയവും സാഹസികവുമായ പ്രവര്‍ത്തനമാണ് ജമാഅത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സന്നദ്ധ സംഘടനകള്‍ നിര്‍വഹിച്ചത്. ദുരിത മേഖലകളില്‍ വിശദമായ പഠനം നടത്തി വിപുലമായ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വികസന രീതികള്‍, സാമൂഹിക ഘടന എന്നിവയുടെ വിലയിരുത്തലിനും പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ ജമാഅത്തിന്റെ എല്ലാ പിന്തുണയും കേരളത്തിന് ഉറപ്പു നല്‍കി.

തമിഴ്‌നാട് നേതൃത്വം കേരളത്തിലെത്തുകയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തമിഴ്‌നാട് അമീറിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരിതാശ്വാസ സെല്ലിലെത്തിയ സംഘം കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അയല്‍ സംസ്ഥാനത്തെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പിന്തുണയും സാന്നിധ്യവും ഉറപ്പുനല്‍കി. തെലങ്കാന അമീര്‍ പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തി പൊതുസമൂഹത്തിന്റെ പിന്തുണ തേടി.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി, അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി അബ്ദുല്ലക്കോയ, പി. മുജീബുര്‍റഹ്മാന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ.കെ മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്, ജനറല്‍ സെക്രട്ടറി എം. ഉമര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ സി.ടി സുഹൈബ്, ജനറല്‍ സെക്രട്ടറി കെ.പി തൗഫീഖ്, ജമാഅത്ത് ജില്ലാ നേതാക്കള്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍