Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

അതിവാദങ്ങളില്‍നിന്ന് അകലെ

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

തീവ്ര-അതിവാദ ചിന്തകള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ട്. ഇസ്‌ലാമിന് അതേല്‍പിക്കുന്ന പ്രഹരം മാരകമാണ്. സന്തുലിത ദര്‍ശനമായ ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് മുന്നില്‍ വികൃതമായി അവതരിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ പ്രത്യാഘാതം. ഖുര്‍ആന്‍ സൂക്തങ്ങളിലോ പ്രവാചക ചര്യയിലോ പരതിയാല്‍ ആധാരം കാണാത്ത തീവ്ര ചിന്തകള്‍ കൊണ്ടുനടക്കുകയും സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കടുത്ത ദ്രോഹമാണ് ഇസ്‌ലാമിനോട് ചെയ്യുന്നത്. അക്ഷരപൂജകരായ അത്തരക്കാരില്‍നിന്നാണ് ഇസ്‌ലാമിനെ മോചിപ്പിക്കേണ്ടത്. കാലത്തോടും ലോകത്തോടുമൊപ്പം വളരുന്ന ഇസ്‌ലാമികാധ്യാപനങ്ങളെ തങ്ങളുടെ സങ്കുചിത വീക്ഷണത്തിനും താല്‍പര്യങ്ങള്‍ക്കുമൊത്ത് വ്യാഖ്യാനിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

വിശ്വാസത്തിലും ജീവിതരീതിയിലും ആരാധനാകര്‍മങ്ങളിലും തീവ്രതയും കാര്‍ക്കശ്യവും പുലര്‍ത്തുന്നവര്‍ വെറുക്കപ്പെട്ട മനുഷ്യ ജന്മങ്ങളാണ്. ജനങ്ങള്‍ അവരെ വെറുക്കുകയും അവജ്ഞയോടെ അകറ്റിനിര്‍ത്തുകയും ചെയ്യും. നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന വിഷയത്തിലായാല്‍ പോലും അയവില്ലാത്ത സമീപനങ്ങളെ അങ്ങേയറ്റം അധിക്ഷേപിക്കുകയാണ് റസൂല്‍ ചെയ്തത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഓര്‍ക്കുന്നു: ഒരാള്‍ നബി(സ)യോട് ആവലാതിപ്പെട്ടു: ഒരു വ്യക്തി ദീര്‍ഘമായി ഓതി നമസ്‌കരിക്കുന്നതിനാലാണ് ഞാന്‍ പ്രഭാത നമസ്‌കാരത്തിന് വൈകിയെത്തുന്നത്. അന്ന് കോപാകുലനായതുപോലെ നബി(സ)യെ അത്ര കോപാകുലനായി മറ്റൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. നബി (സ) പറഞ്ഞു: ''നിങ്ങളുടെ കൂട്ടത്തിലുണ്ട് ജനങ്ങളെ വെറുപ്പിക്കുന്ന ചിലര്‍. നിങ്ങളിലാരെങ്കിലും നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയാണെങ്കില്‍ അയാള്‍ സൗമ്യ സമീപനം സ്വീകരിക്കണം, മിതമായി ഓതണം. കാരണം പിറകിലുള്ളവരില്‍ ദുര്‍ബലരുണ്ട്, പല ആവശ്യങ്ങള്‍ക്കുമായി പോകേണ്ടവരുണ്ട്'' (ബുഖാരി). ഉമര്‍ (റ) പറഞ്ഞു: ''നിങ്ങള്‍ ജനങ്ങളില്‍ അല്ലാഹുവിനോട് വെറുപ്പ് ഉളവാക്കരുത്. അത് എങ്ങനെയെന്നാല്‍ ഒരാള്‍ ഇമാമായി നില്‍ക്കും, ദീര്‍ഘമായി നിന്ന് നമസ്‌കരിക്കും. മറ്റുള്ളവരില്‍ ആ കര്‍മത്തോടു തന്നെ അവജ്ഞയുണ്ടാകും'' (ബൈഹഖി).

തീവ്ര സമീപനം സ്വീകരിക്കുന്നവര്‍ മടുത്ത് ഒടുവില്‍ രംഗം വിടുന്നതാണ് അനുഭവം. മനസ്സിന്റെയും ശരീരത്തിന്റെയും പ്രകൃതിക്കിണങ്ങാത്ത ജീവിതരീതി പരാജയപ്പെടുമെന്ന് തീര്‍ച്ച. നബി(സ) ഉണര്‍ത്തി: ''നിങ്ങള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി. നിങ്ങള്‍ക്ക് മടുക്കുവോളം അല്ലാഹുവിനും മടുക്കില്ല. അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മം, അത് ചെയ്യുന്ന ആള്‍ സ്ഥിരമായി ചെയ്യുന്നതാണ്; അതെത്ര കുറഞ്ഞതായാലും.'' ഇബ്‌നു അബ്ബാസില്‍നിന്ന്: നബി(സ)യുടെ ഒരു പരിചാരിക. പകല്‍ എന്നും നോമ്പ്. രാത്രി മുഴുവന്‍ നമസ്‌കാരം. ഇത് നബി(സ)യുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ നബി (സ): ''ഓരോ കര്‍മത്തിനും മുമ്പ് ഒരു ഉത്സാഹവേള. ഓരോ ഉത്സാഹമുഹൂര്‍ത്തത്തിനു ശേഷം ഒരു ഇടവേളയുണ്ട്. ആ വേളയും എന്റെ ചര്യയോട് ചേര്‍ന്നതാണെങ്കില്‍ അയാള്‍ സന്മാര്‍ഗചാരിയാണ്'' (ഹൈത്തമി).

തീവ്രവാദികള്‍ തങ്ങളുടേതായ ഭ്രമണപഥത്തില്‍ മാത്രം കറങ്ങാന്‍ ശീലിച്ചവരാണ്. ജീവിക്കുന്ന സമൂഹവും പരിസരവും അവരുടെ ചിന്താ വിഷയമല്ല. ഇതുമൂലം സമൂഹത്തോടും സമസൃഷ്ടികളോടുമുള്ള ബാധ്യതകള്‍ മറന്നായിരിക്കും അവരുടെ ജീവിതം. ഇബാദത്തുകളില്‍ മുഴുകി, തന്നെത്തന്നെ മറന്ന് ജീവിച്ച അംറുബ്‌നുല്‍ ആസ്വിനെ നബി ഗുണദോഷിച്ചു: ''പകലെന്നും നോമ്പും രാത്രി മുഴുവന്‍ നമസ്‌കാരവുമാണ് താങ്കളുടെ ശീലമെന്ന് എന്നോടാരോ പറഞ്ഞല്ലോ?''

അംറ്: ''ശരിയാണ് റസൂലേ.''

അംറിനെ ഗുണദോഷിച്ചുകൊണ്ട് നബി (സ): ''അങ്ങനെ ചെയ്യരുത്. നോമ്പ് നോല്‍ക്കുക, നോമ്പ് ഒഴിവാക്കുക. നമസ്‌കരിക്കുക, ഉറങ്ങുക. നിന്റെ ശരീരത്തിന് നിന്റെ മേല്‍ ഒരു അവകാശമുണ്ട്. നിന്റെ കണ്ണിന് നിന്റെ മേല്‍ ഒരവകാശമുണ്ട്. നിന്റെ ഭാര്യക്ക് നിന്റെ മേല്‍ അവകാശമുണ്ട്. നിന്റെ സന്ദര്‍ശകര്‍ക്കുമുണ്ട് നിന്റെ മേല്‍ അവകാശം'' (ബുഖാരി).

തീവ്രവാദിയുടെ മനസ്സിന് സ്വാസ്ഥ്യമുണ്ടാവില്ല. ആ മനസ്സ് ഏതു നിമിഷവും കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. തന്റെ അഭിരുചിക്കിണങ്ങാത്ത കാര്യങ്ങള്‍ ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ മനസ്സ് പ്രക്ഷുബ്ധമാവും, കലി തുള്ളും. അത് മറ്റുള്ളവരോടുള്ള പകയും വിദ്വേഷവുമായി പരിണമിക്കാന്‍ പിന്നെ അധികനേരം വേണ്ടിവരില്ല.

തീവ്രവാദി മറ്റുള്ളവരെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ തയാറാവുകയില്ല. സമൂഹത്തില്‍ ഛിദ്രതയും സംഘടനകളില്‍ പിളര്‍പ്പുമായിരിക്കും അതിന്റെ ഫലം. സമുദായ ശരീരത്തിലേക്ക് തീവ്ര ചിന്തകള്‍ എങ്ങനെ അരിച്ചെത്തുന്നു എന്ന ഉമറിന്റെ ചോദ്യത്തിന് ഇബ്‌നു അബ്ബാസ് നല്‍കിയ മറുപടി: ''അമീറുല്‍ മുഅ്മിനീന്‍! നമുക്ക് ഖുര്‍ആന്‍ അവതരിച്ചുകിട്ടി. നാം അത് പാരായണം ചെയ്തു. അതിന്റെ ഉള്ളടക്കം പഠിച്ചു. നമുക്കു ശേഷം വരും പല വിഭാഗങ്ങള്‍. അവരും ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷേ, അതിന്റെ പൊരുള്‍ അവര്‍ ഗ്രഹിക്കില്ല. ഓരോ വിഭാഗത്തിനുമുണ്ടാവും അവരുടേതായ അഭിപ്രായങ്ങള്‍. അങ്ങനെ വരുമ്പോള്‍ അവര്‍ ഭിന്നിക്കും.'' ഇബ്‌നു അബ്ബാസിന്റെ മറുപടി ഉമറിന് ബോധിച്ചു. ഓരോ വിഭാഗവും തങ്ങളുടെ മനോഗതിക്കിണങ്ങിയ വ്യാഖ്യാനങ്ങള്‍ നല്‍കിയതാണ് ഭിന്നതയുടെ കാരണമെന്നു സാരം. ഇത് തീവ്രതയാവാം, അതിവാദമാവാം,  അന്ധവിശ്വാസങ്ങളാവാം, ബിദ്അത്തുകളാവാം.

കര്‍ക്കശ സമീപനങ്ങള്‍ ജനങ്ങളെ ദീനില്‍നിന്ന് വിമുഖരാക്കും. അയവുള്ള സൗമ്യ സമീപനങ്ങളാണ് ജനഹൃദയങ്ങളെ ആകര്‍ഷിക്കുക. നബി(സ)യുടെ പ്രബോധന രീതിയെ ശ്ലാഘിച്ച് അല്ലാഹു: ''അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് താങ്കള്‍ ജനങ്ങളോട് സൗമ്യതയില്‍ വര്‍ത്തിക്കുന്നത്. പരുഷപ്രകൃതിയും കഠിനമനസ്‌കനുമായിരുന്നു താങ്കളെങ്കില്‍ അവര്‍ എന്നോ താങ്കളുടെ പരിസരത്തില്‍നിന്ന് പിരിഞ്ഞുപോകുമായിരുന്നു'' (ആലുഇംറാന്‍ 159).

സമൂഹത്തില്‍ തീവ്രവാദം പടര്‍ന്നുകയറുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് വിവേകപൂര്‍വമായ സമീപനത്തിലൂടെയാവണം. വ്യക്തിയിലും സമൂഹത്തിലും രാജ്യത്തും ദൈവിക നിയമങ്ങളുടെ പ്രയോഗവത്കരണമാണ് അന്തിമ വിശകലനത്തില്‍ ഇവക്കെല്ലാമുള്ള പ്രതിവിധി. വിശ്വാസവും ആരാധനാ കര്‍മങ്ങളും പെരുമാറ്റ രീതികളും സംസ്‌കാരവും ദൈവിക നിര്‍ദേശങ്ങള്‍ക്ക് അനുരോധമായി വരുമ്പോള്‍ അതിന്റെ സദ്ഫലങ്ങള്‍ സമൂഹത്തില്‍ പ്രകടമാവും. തീവ്ര ചിന്തകള്‍ക്ക് വളരാന്‍ അവിടെ ഇടമുണ്ടാവില്ല. പ്രബോധകന്മാരും പണ്ഡിതന്മാരും തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഇടപെടുകയാണ് മറ്റൊരു പ്രതിരോധ മാര്‍ഗം. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മനസ്സിലാക്കിയ പണ്ഡിതന്മാര്‍ക്ക് മാത്രമേ മുന്‍ഗണനാക്രമങ്ങളെ കുറിച്ച് ബോധമുണ്ടാവൂ. തീവ്രവാദത്തെ ചെറുത്തു തോല്‍പിക്കാന്‍ അവര്‍ക്കേ സാധിക്കൂ. തീവ്ര ചിന്തകള്‍ക്ക് അടിപ്പെട്ടുപോയവരെ സ്‌നേഹത്തോടെയും പിതൃതുല്യമായ വാത്സല്യവായ്‌പോടെയും തിരിച്ചുകൊണ്ടുവരാന്‍ നിരന്തര ശ്രമം വേണം. അവരുടെ ചിന്തകളും ചായ്‌വുകളും പ്രേരകങ്ങളും പഠിച്ചു വേണം അവരുമായി ഇടപെടുന്നത്. തീവ്ര ചിന്താഗതിക്കാര്‍ സമൂഹത്തില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണെന്ന തിരിച്ചറിവ് വേണം. ന്യൂനപക്ഷത്തിന്റെ അപഥ സഞ്ചാരം സമൂഹത്തിന്റെ മൊത്തം സ്വഭാവവും സംസ്‌കാരവുമാണെന്ന മുന്‍വിധി കൈയൊഴിക്കണം. സമൂഹത്തിനു മേല്‍ മൊത്തം തീവ്രവാദം ആരോപിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍