ആരുടേതാണ് വിയറ്റ്‌നാമിലെ ഈ വിസ്മയത്തുരുത്തുകള്‍?
മരതകം മൂടിയ സമതലഭൂമിയെ പിളര്‍ന്ന് കരനിറഞ്ഞൊഴുകുകയാണ് മി കോങ്ങ് നദി. ഹിമവല്‍ ശൃംഗങ്ങളില്‍നിന്നുയിര്‍കൊണ്ട് ചൈനയിലേക്ക് ചാലിട്ടൊഴുകിയിറങ്ങിയ തെളിനീര്‍ കണങ്ങള്‍ മ്യാന്മറും ലാവോസും തായ്ലന്റും കംബോഡിയയും വിയറ്റ്‌നാമും കടന്ന് സാഗരസംഗമത്തിനെത്തി നില്‍ക്കയാണീ അഴിമുഖത്ത്....
മലയിറങ്ങിവന്ന നദി അനേകം കൈവഴികളായി പിരിഞ്ഞ് കടലിലൊടുങ്ങുന്ന വിസ്തൃത സമതലഭൂമി. തെക്കുകിഴക്കന്‍ വിയറ്റ്‌നാമിലെ മികോങ്ങ് തുരുത്ത്. വയലുകളും മധുരഫലതോട്ടങ്ങളും മത്സ്യസമ്പത്തും ജൈവ വൈവിധ്യങ്ങളും വേണ്ടുവോളം നിറച്ച് വിയറ്റ്‌നാമിനെ സുഭിക്ഷമായൂട്ടുന്ന ഭക്ഷണത്തളിക. മികോങ്ങ് ഡെല്‍റ്റ എന്നറിയപ്പെടുന്ന തുരുത്തു ദേശത്തെ 'ടിയാന്‍ യാങ്ങ്' പ്രവിശ്യാ തലസ്ഥാനമായ 'മിയിഥോ' നഗരിയിലെ നദിക്കരയില്‍ മറുകരയിലെ തുരുത്തിലേക്ക് കടത്തുബോട്ടും കാത്തിരിപ്പാണ് ഞാന്‍.
ചെമ്മണ്ണില്‍ കുഴഞ്ഞ് രക്തവര്‍ണമാര്‍ന്ന വിസ്തൃത ജലപ്പരപ്പില്‍ നൃത്തമാടി ഒഴുകുന്ന പച്ചപ്പായല്‍ കൂട്ടങ്ങള്‍. നദിക്ക് കുറുകെ ആളെക്കടത്തുന്ന ബോട്ടുകള്‍. അവയുടെ യന്ത്രത്തുഴകളില്‍ ഒഴുക്കിനോട് മത്സരിക്കുന്ന വിയറ്റ്‌നാമീസ് പെണ്‍കരുത്തുകള്‍. വിദൂരതയില്‍, നെല്‍പ്പാടങ്ങളും മാതളത്തോട്ടങ്ങളും ഡ്രാഗണ്‍ ഫലത്തോട്ടങ്ങളും ഇടതൂര്‍ന്ന മറുകര. കരകളില്‍നിന്ന് നദിയിലേക്ക് നീട്ടിവെച്ച മരക്കാലുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന തകരവീടുകളുടെ നിരകള്‍. അവയുടെ പൂമുഖങ്ങളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വിയറ്റ്‌നാമീസ് കിടാങ്ങളുടെ ദൈന്യമുഖങ്ങള്‍. ഓളങ്ങളില്‍ ചാഞ്ചാടുന്ന വള്ളങ്ങളുമായി നദിയില്‍ ജീവിതം പരതുന്ന മുക്കുവര്‍.
***
അനന്യമായ യുദ്ധക്കെടുതികളുടെയും കൊടുംപീഡനങ്ങളുടെയും ഐതിഹാസികമായ ചെറുത്തുനില്‍പിന്റെയും യുദ്ധവിജയത്തിന്റെയും കഥകള്‍ വായിച്ചറിഞ്ഞ നാളുകളിലേ മനസ്സില്‍ കരുതിവെച്ചതായിരുന്നു ഒരു വിയറ്റ്‌നാം യാത്ര. തെക്കും വടക്കുമായി വിഭജിക്കപ്പെട്ട വിയറ്റ്‌നാമീസ് ഭൂപടം ഒരു മഹായുദ്ധാനന്തരം ഒരൊറ്റ കമ്യൂണിസ്റ്റ് രാഷ്ട്രമായി മാറ്റിവരക്കപ്പെട്ട ചരിത്രത്തിന് ഏതാനും വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. യുദ്ധാനന്തരം ഹോചിമിന്‍ സിറ്റിയായി മാറിയ സൈഗോണ്‍ നഗരിയിലാണ് ഞാന്‍ വിമാനമിറങ്ങിയത്. പാശ്ചാത്യ നിയന്ത്രിത തെക്കന്‍ വിയറ്റ്‌നാമിന്റെ തലസ്ഥാനമായിരുന്നു സൈഗോണ്‍. ഒരിക്കല്‍ കംബോഡിയന്‍ രാഷ്ട്രാതിര്‍ത്തിക്കകത്തായിരുന്നു ഈ പ്രദേശം. ഏതോ വിയറ്റ്‌നാമീസ് രാജകുമാരിയില്‍ അനുരക്തനായ കംബോഡിയന്‍ രാജകുമാരന്‍ വിയറ്റ്‌നാമീസ് ജനതക്കിവിടെ താമസിക്കാന്‍ അനുമതി കൊടുത്തെന്നും അങ്ങനെ വിരുന്നു വന്നവര്‍ ഉടമകളായെന്നും ക്രമേണ തെക്കുകിഴക്കന്‍ ദേശം മുഴുവനും വിയറ്റ്‌നാമായി മാറിയെന്നും ഒരു കഥ. യുദ്ധസ്മൃതികളും ആധുനിക നിര്‍മിതികളും വ്യാപാരസമുച്ചയങ്ങളും തെരുവോര ഭക്ഷണശാലകളും നിറഞ്ഞ പ്രൗഢഗംഭീര ചരിത്രനഗരിയാണ് ഹോചിമിന്‍ സിറ്റി. ഇത് വിയറ്റ്‌നാമിന്റെ പുറംലോക വാതില്‍. ഈ ചരിത്രഭൂമിയില്‍ വന്നിറങ്ങിയ രണ്ടാം നാളാണ് ഞാന്‍ മിയിഥോയിലേക്ക് യാത്ര പോകുന്നത്.
കണ്ണെത്താ ദിക്കോളം നീണ്ടുകിടക്കുന്ന നെല്‍വയലുകളും കൃഷിത്തോട്ടങ്ങളും മുറിച്ചുപായുന്ന വൃത്തിയുള്ള കറുത്ത പാത. പ്രധാന പാതയുടെ വശങ്ങള്‍ ചേര്‍ന്ന് പലയിടത്തും ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേക യാത്രാ വീഥികള്‍. വഴികടന്നുപോകുന്ന ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആര്‍ഭാടങ്ങളില്ലാത്ത കൊച്ചുവീടുകളും വാണിജ്യപ്പുരകളും. കൃഷിയിടങ്ങളില്‍ കുടിലുകളും തലയില്‍ പരമ്പരാഗത കൂണ്‍തൊപ്പികള്‍ വെച്ച് ജോലിയില്‍ വ്യാപൃതരായ കര്‍ഷകരും. കുടിലുകളുടെ മുറ്റങ്ങളിലും വയല്‍തിട്ടകളിലുമൊക്കെ ഭംഗിയായി കെട്ടിയുയര്‍ത്തിയ അസ്ഥിത്തറകള്‍. യുദ്ധാനന്തര വിയറ്റ്‌നാം പൂര്‍ണമായും കമ്യൂണിസ്റ്റ് രാഷ്ട്രമായെന്നും ജനങ്ങളേറെയും മതരഹിതരാണെന്നുമാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും മഹാഭൂരിപക്ഷവും പാരമ്പര്യ ചൈനീസ് താവോയിസത്തിലോ ബുദ്ധമതത്തിലോ വിശ്വസിക്കുന്നവര്‍. വര്‍ത്തമാന വിയറ്റ്‌നാം പൂര്‍ണമായും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിലാണ്. ഏക പാര്‍ട്ടിഭരണം. ചുവപ്പുനാടകളും കെടുകാര്യസ്ഥതയും അഴിമതികളുമെല്ലാം സാധാരണപോലെ അരങ്ങുവാഴുന്നു. മണ്ണില്‍ ജീവിതാഗ്രങ്ങള്‍ അറ്റമൊപ്പിക്കാന്‍ വിയര്‍ക്കുന്ന സാധാരണ ജനങ്ങള്‍.
ഹോചിമിന്‍ സിറ്റിയില്‍നിന്ന് മിയിഥോയിലേക്ക് എഴുപതു കിലോമീറ്റര്‍ ദൂരം. യാത്രയിലുടനീളം യാത്രാസഹായി എയ്ഞ്ചല്‍ വിയറ്റ്‌നാം യുദ്ധകഥകളും വിയറ്റ്‌നാമീസ് മധ്യവര്‍ഗത്തിന്റെ അതിജീവനവര്‍ത്തമാനങ്ങളും വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
'ചെറിയ ശരീരമാണ് ഞങ്ങള്‍ക്ക്. ഭക്ഷണവും കുറച്ചു മതി. അതാണ് തളരാത്ത ചെറുത്തുനില്‍പ്പിന്റെയും യുദ്ധവിജയത്തിന്റെയും രഹസ്യം.' ആരും പറയാത്ത രഹസ്യം. യുദ്ധഭൂമിയില്‍ ആഴത്തില്‍ കുഴിച്ച ഇടുങ്ങിയ ദൈര്‍ഘ്യമേറിയ തുരങ്ക പാതകളിലും ഭൂഅറകളിലും നുഴഞ്ഞുപോകാനും ഒരു നുള്ള് ഭക്ഷണം കൊണ്ട് ഏറെ നാള്‍ ഊര്‍ജസ്വലരായിരിക്കാനുമുള്ള വിയറ്റ്‌നാമീസ് കരുത്താണ് അമേരിക്കന്‍ പട്ടാളക്രൂരതകളെയും ഭൂമി കരിച്ച നാപാം ബോംബിന്റെ സംഹാരവീര്യങ്ങളെയും കെടുത്തിക്കളഞ്ഞതെന്ന് അവര്‍ പറഞ്ഞു.
യാത്രാമധ്യേ ഒരു വഴിയോര ഭക്ഷണശാലയില്‍ ഞങ്ങള്‍ ഉച്ചയാഹാരത്തിനായിറങ്ങി. പന്നിമാംസം കലരാത്ത വിഭവങ്ങള്‍ അപൂര്‍വം. വിയറ്റ്‌നാമീസ് ഭക്ഷണങ്ങള്‍ പ്രകൃതിയില്‍നിന്നേറെ അകലെ മാറാതെ കൃത്രിമം തീരെ കുറഞ്ഞവ. അതുകൊണ്ടുതന്നെ നമ്മുടെ രസമുകുളങ്ങള്‍ക്ക് ഏറെ അരുചികരവും. മത്സ്യവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ചേര്‍ന്ന ഏതൊക്കെയോ വിയറ്റ്‌നാമീസ് വിഭവങ്ങള്‍കഴിച്ച് ഞാന്‍ വയറു നിറച്ചു. ഏയ്ഞ്ചല്‍, പക്ഷേ വഴിവക്കിലെ ഉന്തുവണ്ടിയില്‍നിന്ന് കപ്പയും തേങ്ങയും കുഴച്ച് അരച്ചെടുത്ത വെളുത്ത മിശ്രിതം ഒരു ഉള്ളംകൈയോളം അളവില്‍ വാങ്ങിക്കഴിച്ച് ഉച്ചഭക്ഷണത്തിന്റെ സംതൃപ്തി ആഘോഷിച്ചു. വിയറ്റ്‌നാമീസ് മധ്യവര്‍ഗത്തിന്റെ ഭക്ഷണക്രമം വളരെ ലളിതം. അല്‍പ്പം കപ്പയോ മധുരക്കിഴങ്ങോ ഒരുപിടി ചോറോ മസാലകള്‍ ഒന്നും ചേര്‍ക്കാത്ത മത്സ്യമോ ഒരു ചെറുകഷ്ണം മാംസമോ മതി സംതൃപ്തിയോടെ അവരുടെ വയറുനിറക്കാന്‍. രാത്രി ഏറെയും പഴങ്ങള്‍.
മിയിഥോ നഗരിയിലേക്കുള്ള യാത്രാമധ്യേയാണ് വിയറ്റ്‌നാം മുസ്‌ലിംകളെക്കുറിച്ച് ഏയ്ഞ്ചല്‍ പറഞ്ഞുതുടങ്ങിയത്. ജനസംഖ്യയുടെ അരശതമാനത്തിലും കുറവ് മാത്രമുള്ള വിയറ്റ്‌നാം മുസ്‌ലിംകള്‍ ഏറെയും ചാം വംശജര്‍. ചമ്പരാഷ്ട്ര പ്രജകളുടെ വംശപിന്മുറക്കാര്‍. അവരിലേറെയും മികോങ്ങ് ഡെല്‍റ്റ പ്രദേശങ്ങളില്‍ ചിതറിക്കിടക്കുന്നു.
മധ്യദക്ഷിണ വിയറ്റ്‌നാം പ്രദേശം നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാംസ്‌കാരിക പൊലിമയുള്ള ചമ്പരാഷ്ട്രമായിരുന്നു. ചമ്പക്ക് വടക്ക് വിയറ്റ്‌നാം. തെക്കും പടിഞ്ഞാറും കംബോഡിയ. ഇന്ത്യന്‍ സാംസ്‌കാരിക സമ്പര്‍ക്കത്തില്‍ ക്ഷേത്രങ്ങളും ധര്‍മശാലകളും നിറഞ്ഞ ദേശം. കൃഷിയിലും നിര്‍മാണ വാസ്തുവിദ്യയിലും നിപുണരായിരുന്നു ചമ്പദേശവാസികള്‍. നിര്‍മാണ വിസ്മയങ്ങളുടെ കലവറയായിരുന്ന ഈ രാഷ്ട്രത്തെ അതിരുകളില്‍നിന്ന് വിയറ്റ്നാമും കംബോഡിയയും ഞെരുക്കിയൊതുക്കിക്കൊണ്ടിരുന്നു. പൊരുതിനില്‍ക്കാനാവാതെ പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ചമ്പരാജ്യം ചുരുങ്ങി വന്നതോടെ ചാം വംശജരെ വിയറ്റ്നാമും കംബോഡിയയും വിഴുങ്ങിത്തുടങ്ങി.
രാജ്യം ശിഥിലമായിതുടങ്ങിയ ആ ദുരിതനാളുകളിലാണ് ഒരു ചമ്പന്‍ രാജകുടുംബം ഇസ്‌ലാം ആശ്ലേഷിക്കുന്നത്. അറേബ്യയില്‍നിന്ന് ചൈനയിലേക്ക് കടല്‍വഴി യാത്രപോയ മുസ്‌ലിം വാണിഭസംഘങ്ങള്‍ ചമ്പന്‍തീരങ്ങളില്‍ വിതറിയ പൊന്‍വെളിച്ചത്തിന്‍ വിസ്മയം. ഇസ്‌ലാം മതവിശ്വാസികളായിത്തീര്‍ന്ന രാജകുടുംബത്തോടൊപ്പം പ്രജകളിലേറെയും സത്യധര്‍മത്തിലേക്ക് ചുവടുവെച്ചു. മതംമാറ്റങ്ങളൊന്നും പക്ഷെ ചാം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സാഹോദര്യത്തിന് ഒട്ടും ഭംഗം വരുത്തിയില്ല. അവര്‍ നെല്‍പ്പാടങ്ങളില്‍ പുതിയ കാര്‍ഷിക പരീക്ഷണങ്ങളില്‍ മുഴുകി തങ്ങളില്‍ ഒതുങ്ങി ജീവിതം തുടര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ ചമ്പരാജ്യത്തിന്റെ ഒടുവിലത്തെ മണ്ണും വിയറ്റ്‌നാം കീഴ്‌പ്പെടുത്തിയതോടെ ചാംനിവാസികള്‍ സ്വന്തം ഭൂമിയില്‍ രാജ്യമില്ലാത്തവരായി. പിന്നീട്, ചരിത്രത്തിന്റെ പതിവ് തെറ്റിക്കാതെ ശുദ്ധിപ്രക്രിയയില്‍ അന്യരാക്കപ്പെട്ടവര്‍ ആട്ടിയോടിക്കപ്പെടുകയും കൂട്ടഹത്യക്കിരയാവുകയും ചെയ്തു. ചാംവംശജര്‍ ചിതറിയോടി. ഒട്ടനവധി പേര്‍ അയല്‍നാടുകളിലേക്ക് പലായനം ചെയ്തു. അവശേഷിച്ച സാധുജനങ്ങള്‍ മികോങ്ങ് ഡെല്‍റ്റ പ്രദേശങ്ങളിലെ വിദൂര കൃഷിയിടങ്ങളില്‍ അഭയംതേടി. കംബോഡിയന്‍ അതിരുകളില്‍ പെട്ടുപോയ ചമ്പദേശക്കാരാവട്ടെ കിരാതമായ കാമറൂഷ് നരനായാട്ടുകാലത്ത് തുല്യതയില്ലാത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടു. സ്വന്തം ഭൂമിയില്‍ അന്യരാക്കപ്പെട്ടവര്‍. അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പു ശ്രമങ്ങളൊക്കെയും രാജ്യദ്രോഹകുറ്റങ്ങളായി വിധിയെഴുതപ്പെട്ടു.
വിയറ്റ്‌നാം യുദ്ധകാലത്ത് ചാം ഹിന്ദുക്കളും മുസ്‌ലിംകളും സംയുക്ത മുന്നണിയായി രണ്ട് വിയറ്റ്‌നാമുകള്‍ക്കും എതിരെ സ്വാതന്ത്ര്യസമരത്തിനായി അണിനിരന്നു. എങ്ങുമെത്താത്ത പോരാട്ടം. ഒരുപക്ഷേ ചരിത്രപരമായ വലിയ വിഡ്ഢിത്തം. യുദ്ധം ജയിച്ച കമ്യൂണിസ്റ്റുകള്‍ ചാംവംശജരെ ചവിട്ടിയരച്ചു. പിറന്നമണ്ണില്‍ അഭയാര്‍ഥികളായി മികോങ്ങ് ഡെല്‍റ്റ പ്രദേശങ്ങളിലെ കൊച്ചുകൊച്ചു കോളനികളില്‍ കൃഷിയും മീന്‍പിടിത്തവും നെയ്ത്തുജോലികളും ചെയ്ത് ആ ദുരിത ജന്മങ്ങള്‍ ഇന്നും ജീവിക്കുന്നു.
ഞങ്ങള്‍ മിയിഥോ നഗരവീഥികളിലേക്ക് കടന്നു. നദിക്കരയിലെ കൊച്ചുപട്ടണം. നദിയും കൈവഴികളും ജീവരക്തചംക്രമണം ചെയ്യുന്ന നഗരം.
'ഈ നഗരത്തിലെവിടെയെങ്കിലും മുസ്‌ലിംപള്ളിയുണ്ടോ?'
എന്റെ ചോദ്യം കേട്ട ഏയ്ഞ്ചല്‍ ആരെയൊക്കെയോ ഫോണില്‍ വിളിച്ച് തുരുതുരാ സംസാരിച്ചു.
മികോങ്ങ് ഡെല്‍റ്റയുടെ ഉത്തരഭാഗങ്ങളിലും ഹോചിമിന്‍ സിറ്റിയിലും പള്ളികളുണ്ട്. വിശ്വാസികള്‍ക്കും വിദേശികള്‍ക്കുമായി അറേബ്യന്‍ സഹായത്തോടെ നിര്‍മിക്കപ്പെട്ടവ. വടക്കന്‍ വിറ്റ്‌നാമിലെ ഏക പള്ളിയാകട്ടെ തലസ്ഥാനനഗരിയായ ഹാനോയിലും.
'മിയിഥോയില്‍ ഒരു പള്ളിയുണ്ട്. ഞാന്‍ വഴിചോദിച്ചു മനസ്സിലാക്കി.' എന്റെ അന്വേഷണത്തിന് ഉത്തരം കണ്ടെത്തിയ സംതൃപ്തി അവരുടെ മുഖത്ത് തെളിഞ്ഞു .
വശങ്ങളില്‍ പഴകിയ കെട്ടിടങ്ങള്‍ നിരനില്‍ക്കുന്ന വീതികുറഞ്ഞ വീഥികളിലൂടെ കുറേദൂരം സഞ്ചരിച്ച് ഞങ്ങള്‍ വഴിയരികിലൊരു പഴയ മതില്‍കെട്ടിനരികില്‍ വാഹനം നിര്‍ത്തി. വെളുത്ത ചായംതേച്ച ചുറ്റുമതിലിലെ ഇരുമ്പുഗേറ്റിനു മുകളില്‍ പച്ചപ്പലകയില്‍ 'മസ്ജിദ് ജാമിഉല്‍ മുസ്ലിമീന്‍' എന്നെഴുതിവെച്ചിരിക്കുന്നു.
ഉയരത്തില്‍ കെട്ടിയ ചുറ്റുമതിലില്‍ തെരുവിലേക്ക് തുറന്നിട്ട ഇരുമ്പു വാതിലിലൂടെ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് കടന്നു. മിനുസക്കല്ലുകള്‍ പാകിയ ഇടുങ്ങിയ മുറ്റത്ത് ഒരു കോണില്‍ നിരത്തിവെച്ച തീന്മേശകള്‍ക്കരികിലിരുന്ന് ഏതാനും മലേഷ്യന്‍ സഞ്ചാരികള്‍ ഭക്ഷണം കഴിക്കുന്നു. കൈയില്‍ ഭക്ഷണത്തളികയുമായി ഒരു മധ്യവയസ്‌കന്‍ തീന്‍പാത്രങ്ങളില്‍ ധൃതിപ്പെട്ട് വിഭവങ്ങള്‍ നിറക്കുന്നു. കള്ളിമുണ്ടും വെളുത്ത ബനിയനും വെള്ളത്തൊപ്പിയും വേഷം. പുതിയ അതിഥികളെ കണ്ടതോടെ ഭക്ഷണപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറി അയാള്‍ ഞങ്ങള്‍ക്കരികിലെത്തി നിറഞ്ഞ ചിരിയോടെ ഹസ്തദാനം ചെയ്തു.
പള്ളി സൂക്ഷിപ്പുകാരനാണ്. അവരുടെ കുടുംബം ഈ മതില്‍കെട്ടിനുള്ളില്‍തന്നെ താമസിക്കുന്നു. വരുമാനത്തിനായി പള്ളിമുറ്റത്ത് ഹലാല്‍ ഭക്ഷണശാലയും. ഞങ്ങള്‍ ദ്വിഭാഷിയിലൂടെ വേഗം പരിചയപ്പെട്ടു.
'പള്ളിയൊന്ന് കാണണം, നമസ്‌കരിക്കണം' ആഗമനോദ്ദേശ്യം അറിഞ്ഞതോടെ അയാള്‍ ഞങ്ങളെ പള്ളിയുടെ പിന്‍വശത്തേക്ക് നടത്തി. പിറകിലൊരുവശത്ത് പൈപ്പിന്‍ചോട്ടില്‍ കുമിഞ്ഞുകിടക്കുന്ന കഴുകാത്ത ഭക്ഷണപാത്രങ്ങള്‍ അരികിലേക്കൊതുക്കി വുദൂചെയ്യാനുള്ള സ്ഥലമൊരുക്കിത്തന്നു.
നിലത്തും അകംചുവരിലും ടൈല്‍സ് വിരിച്ച വൃത്തിയുള്ള പള്ളിമുറി. വര്‍ണ മൊസൈക്കിന്‍ കഷ്ണങ്ങള്‍കൊണ്ട് അലങ്കരിച്ച മിഹ്റാബ്. വശത്തിലെ പ്രസംഗപീഠത്തിനരികില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്ത കൈപ്പിടിയുള്ള തടിച്ച മരവടി ചാരിവെച്ചിരിക്കുന്നു. മുന്‍ചുവരിലെ ആണികളില്‍ തൂങ്ങിക്കിടക്കുന്ന പഴയ ഘടികാരങ്ങളും ഒരു കറുത്തനീളന്‍ കുപ്പായവും.
'ഇതൊക്കെ ഇന്ത്യയില്‍നിന്ന് പണ്ടെന്നോ കൊണ്ടുവന്നതാണ്'
അയാള്‍ ചുമരിലെയും മിഹ്‌റാബിലെയും മിനുസങ്ങളില്‍ കൈകൊണ്ട് തടവി. മരവടി കൈയിലെടുത്ത് മരപ്പിടിയുടെ കൊത്തുപണി വര്‍ണനകള്‍ വിസ്തരിച്ചു. അകംപള്ളിയുടെ മുക്കുമൂലകളിലെ കൊച്ചുകൊച്ചു വിശേഷങ്ങളിലൂടെയൊക്കെയും ഏതോ മഹാവിസ്മയം കാണിച്ചുകൊടുക്കുന്ന ഉത്സാഹത്തോടെ കൈപിടിച്ചുകൊണ്ട് നടന്നു.
'ജുമുഅക്ക് കുറേ ആളുകള്‍ വരാറുണ്ടോ?'
എന്റെ ജിജ്ഞാസ അയാളുടെ മുഖത്തെ വെളിച്ചംകെടുത്തി.
'ജുമുഅ നടക്കാറില്ല'
വാടിയ മുഖത്തോടെ അയാള്‍ പള്ളിച്ചെരുവിലെ ജനാലയിലൂടെ പുറത്തെ തെരുവിലേക്കു നോക്കി. ആ മുഖപ്രസാദമപ്പോള്‍ ഏറെയും മങ്ങിക്കഴിഞ്ഞിരുന്നു.
'സുഹൃത്തേ, ഒരുകാലത്ത് ഈ തെരുവോരം മുഴുവന്‍ മുസ്‌ലിം വീടുകളായിരുന്നു. അവരൊക്കെയും പോയി. ചിലര്‍ ജീവിതം തേടി. പലരും ജീവിതത്തില്‍നിന്നും. ബാക്കിയായത് ഞങ്ങള്‍ മാത്രം. ഏഴു അംഗങ്ങളുള്ള ഏകകുടുംബം. എന്റെ കുടുംബം.'
ആളും ആരവങ്ങളുമൊഴിഞ്ഞ തെരുവില്‍ ഒരു പള്ളിയും അതിന്റെ കാവല്‍ കുടുംബവും മാത്രം.
ആരൊക്കെയോ വരക്കുന്ന ദേശരാഷ്ട്ര അതിര്‍വരകളില്‍ ചുറ്റിവരിഞ്ഞൊടുങ്ങുന്ന സാധുജനജീവിതങ്ങള്‍. എന്തിനെന്നറിയാതെ, വംശവെറിയുടെ ഹോമകുണ്ഡങ്ങളില്‍ വലിച്ചെറിയപ്പെടുന്ന കണക്കറ്റ മനുഷ്യജന്മങ്ങള്‍. ആട്ടിയോടിക്കപ്പെട്ടവര്‍, അരികുചേര്‍ത്ത് ഞെരുക്കിയൊടുക്കപ്പെടുന്നവര്‍. അവരുടെയൊക്കെയും ദൈന്യരോദനങ്ങള്‍ മനസ്സില്‍ ആര്‍ത്തലക്കവെ, ആ പ്രേതഭൂമിയിലെ പ്രാര്‍ഥനാമുറിയില്‍ പ്രപഞ്ചനാഥന്റെ നാമം മഹത്വപ്പെടുത്തി കൈകെട്ടിയപ്പോള്‍ മാനമാകെ വിങ്ങിപ്പുകഞ്ഞു. ആകാശത്തേക്ക് കൈയുയര്‍ത്തി അവര്‍ക്കൊക്കെയും വേണ്ടി പ്രാര്‍ഥിച്ചു. ആ പള്ളിമുറിയില്‍ അദൃശ്യരായി നിറഞ്ഞ സ്വഫ്ഫുകളില്‍ ദൈവത്തിന്റെ മാലാഖമാര്‍ ഈ പ്രാര്‍ഥനകള്‍ എറ്റുചൊല്ലാതിരിക്കില്ല.
ഞങ്ങള്‍ മിയിഥോയിലെ പള്ളികവാടം കടന്ന് പുറത്തിറങ്ങി, മറുകരയിലെ മധുരഫലതോട്ടങ്ങള്‍ നിറഞ്ഞ തുരുത്തിലേക്ക് വഞ്ചികയറാന്‍ നഗരപാതയിലൂടെ മികോങ്ങ് നദിക്കരയിലേക്ക് യാത്രയായി.
'ബോട്ട് വന്നു, നമുക്ക് പോകാം'
യാത്രാസഹായി ഏയ്ഞ്ചല്‍ നദിക്കരയിലേക്ക് വിരല്‍ചൂണ്ടി.
ഇരുമ്പുകാലുകളില്‍ മേലാപ്പ് പിടിപ്പിച്ച യാത്രാനൗകയുടെ തറയില്‍ ഉറപ്പിച്ച മരക്കസേരയില്‍ ചാരിയിരുന്ന് മികോങ്ങ് നദിക്ക് കുറുകെ യാത്രയാരംഭിച്ചു.
കാറ്റും ജലവും ചിട്ടപ്പെടുത്തുന്ന താളത്തില്‍ അമരത്തിരുന്ന മധ്യവയസ്‌ക ജലയാത്രയുടെ ദിശാവേഗങ്ങള്‍ ക്രമപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും ഇടക്കൊക്കെ ലയംതെറ്റിക്കുന്ന കാറ്റ് ചെമ്മണ്ണ് കുഴഞ്ഞ ജലത്തുള്ളികള്‍ യാത്രക്കാരുടെ ദേഹത്ത് തളിച്ചുകൊണ്ടിരുന്നു.
ഭൂമുഖത്ത് മനുഷ്യന്‍ വരച്ച എല്ലാ അതിരുകളെയും അതിര്‍ത്തിനിയമങ്ങളെയും ലംഘിച്ച് ഈ കാറ്റും ജലവും ജലത്തില്‍ കുഴഞ്ഞ മണ്ണും. സഞ്ചാരവഴികളിലെ ഏതൊക്കെയോ ദേശഭൂമികളിലെ മണ്‍തരികളാണ് ഈ അഴിമുഖത്തടിഞ്ഞ് തുരുത്തുകളായി മാറിയത്, ഇവിടെ വളരുന്ന മരങ്ങളെയും മനുഷ്യരെയും ഊട്ടിയത്. ഏതൊക്കെയോ രാഷ്ട്രങ്ങളില്‍ കിനിഞ്ഞ ജലത്തുള്ളികളാണ് ഒഴുകിവന്ന് ഇവിടെ വിളയുന്ന ഫലങ്ങളിലെ മാധുര്യമായത്. രാഷ്ട്രസത്വം ഏതെന്നറിയാത്ത മാരുതനാണ് ഇവിടത്തെ വൃക്ഷലതാദികള്‍ക്കൊക്കെയും ശ്വാസവായു നല്‍കി ഈ ജലപ്പരപ്പിലെ ഓളങ്ങളെ നൃത്തംചെയ്യിക്കുന്നത്.
സത്യത്തില്‍ ഈ വിസ്മയത്തുരുത്തുകളൊക്കെയും ഏതു രാജ്യത്തിന്റെ? ഏതു വംശത്തിന്റെ?
Comments