Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

ദുരന്തഭൂമിയില്‍ സ്‌നേഹത്തിന്റെ പ്രളയം തീര്‍ത്തവര്‍

പി. മുജീബുര്‍റഹ്മാന്‍

ഒരു മഹാപ്രളയം സൃഷ്ടിച്ച ദുരിതക്കെടുതിയില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. കേരളത്തിന്റെ ഭൂപ്രകൃതിയും ആവാസ വ്യവസ്ഥയും മറ്റേത് സംസ്ഥാനത്തേക്കാളും സുരക്ഷിതമാണെന്ന കേരളീയരുടെ പൊതുധാരണക്കുമേല്‍ വലിയ ചോദ്യങ്ങളാണ് ഈ പ്രളയം ഉയര്‍ത്തിയിരിക്കുന്നത്. മഴ നിലച്ചില്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിന് മറികടക്കാനാവുന്നതിനുമപ്പുറമാകുമായിരുന്നു. എന്നാല്‍, ഒറ്റ മനസ്സോടെ കേരളം ഈ മഹാപ്രളയത്തെ അഭിമുഖീകരിച്ചു. സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക-സാംസ്‌കാരിക വേദികള്‍ തുടങ്ങി വ്യത്യസ്ത തുറകളില്‍ പെട്ടവര്‍ ഒരു ശരീരം പോലെയാണ് ദുരന്തമുഖത്ത് ഉറച്ചുനിന്നത്. ദുരിതബാധിതര്‍ക്കെന്നപോലെ കേരളീയ സമൂഹത്തിനും ഇത് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം പ്രളയത്തോളം തന്നെ വലുതായിരുന്നു. കുത്തിച്ചൊരിയുന്ന മഴയില്‍ ആര്‍ത്തലച്ചു വരുന്ന മലവെള്ളപ്പാച്ചില്‍ വകവെക്കാതെ സഹജീവികള്‍ക്കായി മലയാളി ദുരന്തമേഖലകളിലേക്കിറങ്ങി. റെസ്‌ക്യൂ ഓപ്പറേഷനുകള്‍ക്ക് കൂട്ടായി നേതൃത്വം നല്‍കി. ഒറ്റപ്പെട്ട തുരുത്തുകളില്‍നിന്ന് ജീവനുവേണ്ടി നിലവിളികളുയര്‍ന്നപ്പോള്‍ ജീവഭയം വിട്ട് ഇറങ്ങിത്തിരിച്ചു. മലപോലെ പൊങ്ങിവരുന്ന പെരിയാറിനു കുറുകെ മരണഭയമില്ലാതെ ബോട്ടോടിച്ചു.

ജാതി, വംശം, പണം, തറവാട് തുടങ്ങി മനുഷ്യമനസ്സില്‍ വേരുറപ്പിച്ച വിവേചനത്തിന്റെ മുഴുവന്‍ മതില്‍ക്കെട്ടുകളും പ്രളയത്തില്‍ തകര്‍ന്നു വീണു. മനുഷ്യന്‍ മനുഷ്യനെ എല്ലാം മറന്ന് ചേര്‍ത്തു പിടിച്ചു. പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും ദുരിതബാധിതര്‍ക്കുള്ള അഭയകേന്ദ്രങ്ങളായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി. കേരളത്തിന്റെ മുഴുവന്‍ ആള്‍ക്കൂട്ടവും സര്‍ക്കാര്‍-സര്‍ക്കാരേതര സംവിധാനങ്ങളും ഒത്തുചേര്‍ന്ന് ദുരിതബാധിതര്‍ക്കു മേല്‍ കാരുണ്യത്തിന്റെ ചിറകു വിരിച്ചു.

മഴക്കെടുതി ആരംഭിച്ചതു മുതല്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പോഷക സംവിധാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2018 ജൂണ്‍ 15-ന് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കട്ടിപ്പാറയിലായിരുന്നു തുടക്കം. ജൂലൈ 15 മുതല്‍ രണ്ടു ദിവസം തുടര്‍ച്ചയായി മഴ തിമിര്‍ത്തുപെയ്തതോടെ ആലപ്പുഴ ജില്ലയിലെ ലോവര്‍ കുട്ടനാട് വെള്ളത്തിനടിയിലായി. പതിനേഴു മുതല്‍ തന്നെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സേവന സന്നദ്ധരായി  ലോവര്‍ കുട്ടനാട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. സര്‍ക്കാറിന്റെയോ ഇതര സന്നദ്ധ സംഘടനകളുടെയോ ശ്രദ്ധ വേണ്ടത്ര പതിയാതിരുന്ന ഉള്‍നാടന്‍ മേഖലകളില്‍ ചെന്നെത്തുകയും ഭക്ഷണവും മറ്റുമില്ലാതെ വലയുന്നവര്‍ക്ക് അതെത്തിച്ചു നല്‍കുകയും ചെയ്തു. വിപുലമായ തോതില്‍ മെഡിക്കല്‍ ക്യാമ്പുകളും നടത്തി. ഒരു മാസത്തിലേറെയായി കുട്ടനാട് പ്രദേശം വെള്ളത്തിലാണ്. ഇതേ സമയം കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായി. ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ മഴ പിന്നെയും ശക്തിപ്പെട്ടു. പത്തനംതിട്ട, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങി വിവിധ ജില്ലകളില്‍ കടുത്ത നാശനഷ്ടങ്ങളുായി. ഈ മേഖലകളിലെല്ലാം നേരത്തേ തന്നെ ഇസ്‌ലാമിക പ്രസ്ഥാനം സജീവമായി രംഗത്തിറങ്ങുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 15-ഓടെ മഴ ശക്തി പ്രാപിച്ചു. 40 ഡാമുകളില്‍ 32-ഉം തുറന്നു. ഇടവേളയില്ലാതെ മഴ കുത്തിച്ചൊരിഞ്ഞു. കാസര്‍കോടൊഴികെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളുടെയും വലിയ ഭാഗം വെള്ളത്തിനടിയിലായി. ഔദ്യോഗിക കണക്കനുസരിച്ച് 500-ഓളം പേര്‍ മരണപ്പെട്ടു. മൃഗങ്ങള്‍ ചത്തൊടുങ്ങി, റോഡുകളും പാലങ്ങളും തകര്‍ന്നു, വൈദ്യുതി നിലച്ചു, കേരളം ഇരുട്ടിലായി. റെയില്‍, വ്യോമഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ജനങ്ങളില്‍ ഭീതി പടര്‍ന്നു. 2774 ക്യാമ്പുകളിലായി 278781 കുടുംബങ്ങളിലെ 1040686 വ്യക്തികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയെത്തി. 7000 വീടുകള്‍ പൂര്‍ണമായും 50000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ക്കപ്പുറത്താണ് ദുരിതബാധിതരുടെ എണ്ണം.

രാജ്യത്തിനകത്തും പുറത്തും രൂപപ്പെട്ട ദുരന്തമേഖലകളിലെല്ലാം ഓടിയെത്തുകയും സേവനം നിര്‍വഹിക്കുകയും ചെയ്ത പാരമ്പര്യമുള്ള ജമാഅത്തെ ഇസ്‌ലാമി ഏറെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമായിരുന്നു ഇത്. 2018 ആഗസ്റ്റ് 16-ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ സെല്ലിന് കോഴിക്കോട്ട് ജമാഅത്ത് തുടക്കം കുറിച്ചു. സംസ്ഥാനത്ത് സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സെല്ലുവഴി ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ ദുരിതാശ്വാസ സെല്ലുകള്‍ തുറന്നു. ദുരിതബാധിതര്‍ക്കായി ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ സംഭരണത്തിനായി ജില്ലാ കേന്ദ്രങ്ങളില്‍ വെയര്‍ ഹൗസ് സംവിധാനം ഏര്‍പ്പെടുത്തി.

 

സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍

ഏതൊരു ദുരന്തത്തിലുമെന്നപോലെ സെല്‍ ആദ്യഘട്ടം ശ്രദ്ധിച്ചത് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലാണ്. സഹായം അവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍ ആഗസ്റ്റ് 16-ന് ജനങ്ങളിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാതിരാവുകളില്‍ വരെ വന്ന നിലക്കാത്ത ഫോണ്‍ കോളുകള്‍ ദുരന്തത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. ഒറ്റപ്പെട്ട തുരുത്തുകളില്‍നിന്ന്, വെള്ളമുയര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളില്‍നിന്ന്, ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കാത്ത ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന്, വീടു വിട്ടോടിയപ്പോള്‍ വേര്‍പെട്ടുപോയ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി... ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് നിലവിളികളായി നമ്മുടെ മുമ്പിലേക്ക് ആര്‍ത്തലച്ചു വന്നത്. 

പോലീസ്, ഫയര്‍ഫോഴ്‌സ്, ഐ.ആര്‍.ഡബ്ല്യു, പോഷക സംഘടനകള്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ പല വിഷമസന്ധികളെയും നാം മറികടന്നു. പരിഹരിക്കാനാവാത്ത വിഷയങ്ങളും ധാരാളമുണ്ടായിരുന്നു. എറണാകുളത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍നിന്ന് ഒരാള്‍ വിളിക്കുന്നത് അര്‍ധരാത്രിയാണ്. ''ഞങ്ങള്‍ 30 പേരിവിടെ രണ്ട് ദിവസമായി ഒരു കെട്ടിടത്തിന്റെ 3-ാം നിലയില്‍ കഴിയുകയാണ്. രണ്ട് ഗര്‍ഭിണികളുണ്ട്. കൊച്ചുകുട്ടികളുമുണ്ട്. ഭക്ഷണമില്ല, പലരും തളര്‍ന്നിരിക്കുന്നു.'' ശക്തമായ കുത്തൊഴുക്കു കാരണം ആ സമയം അവര്‍ക്കരികിലെത്താന്‍ കഴിയുമായിരുന്നില്ല. ആലുവയില്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ആദ്യ ബോട്ടുയാത്ര ഏറെ പരിഭ്രാന്തിയുണ്ടാക്കി. എട്ട് പേരുമായി വന്ന ബോട്ടു മറിഞ്ഞു. പ്രവര്‍ത്തകര്‍ ഇഛാശക്തി കൈവിടാതെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ എട്ടു പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ 50,000 പേര്‍ മരിക്കാന്‍ പോകുന്നുവെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് സ്ഥലം എം.എല്‍.എ സജി ചെറിയാനായിരുന്നു. ദുരന്തഭൂമിയിലെ ഹൃദയം പിളര്‍ക്കുന്ന കാഴ്ച കണ്ട് അലറുകയായിരുന്നു അദ്ദേഹം. അതിനും മുമ്പെ ചെങ്ങന്നൂരിനെക്കുറിച്ച് നമ്മുടെ പ്രവര്‍ത്തകര്‍  മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍നിന്ന് ഒരു സംഘം പുറപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിനോട് മല്ലിട്ടായിരുന്നു ആ അതിസാഹസിക യാത്ര. രക്ഷാപ്രവര്‍ത്തനത്തിനിടെ ആ ബോട്ട് തകര്‍ന്നു. കൂടെയുള്ളവര്‍ ഉള്‍പ്പെടെ തൊട്ടടുത്ത കെട്ടിടത്തില്‍ കയറിപ്പറ്റി. ഏറെ മണിക്കൂറുകള്‍ക്കു ശേഷമാണ് കരയണഞ്ഞത്. ഐ.ആര്‍.ഡബ്ല്യുവിന്റെ പ്രവര്‍ത്തകര്‍ പക്ഷേ പിന്തിരിഞ്ഞില്ല. ചെങ്ങന്നൂരിലെത്തുന്നതിനായി വീണ്ടും ഒരു ശ്രമംകൂടി അവര്‍ നടത്തുകയുണ്ടായി. നിരന്തരമായ പരിശ്രമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ അത് വിജയിച്ചു. പ്രളയം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു. അവര്‍ ചെങ്ങന്നൂരിലെത്തി. അവിടെ  കണ്ട കാഴ്ച ഏറെ ഭീകരമായിരുന്നു. ചെങ്ങന്നൂരില്‍നിന്ന് പിന്നീട് വന്ന അടിയന്തര സന്ദേശം, നാല് ഡബ്ള്‍ എഞ്ചിന്‍ ബോട്ടും വളന്റിയേഴ്‌സും ഉടന്‍ എത്തണമെന്നാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹംകൊണ്ട് ഒറ്റ രാത്രിയില്‍  നേരം പുലരും മുമ്പ് നാല് ബോട്ടും മുപ്പതോളം വളന്റിയര്‍മാരും എത്തി. കേരളത്തിന്റെ വിവിധ ദിക്കുകളില്‍നിന്ന് സഹായഹസ്തവുമായി ഈ സംഘം കൂടി വന്നു ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഐ.ആര്‍.ഡബ്ല്യുവിന് സാധിച്ചു. 25 ബോട്ടുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത സംവിധാനങ്ങളിലൂടെ ആയിരക്കണക്കിനാളുകളെ പ്രളയത്തില്‍നിന്ന് ജീവിതതീരത്തെത്തിക്കാന്‍ നമുക്ക് സാധിച്ചു. 

 

ദുരിതാശ്വാസ ക്യാമ്പുകള്‍

3000-ത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് കേരളത്തില്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഇത്തരം ക്യാമ്പുകളിലും സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്ഥാനം നേതൃത്വം നല്‍കി. ചില ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രസ്ഥാനം നേരിട്ടാണ് നടത്തിയത്. ഭക്ഷണവും വസ്ത്രവും മാത്രം മതിയാവുമായിരുന്നില്ല. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സമനില തെറ്റാതെ ജീവിതത്തിന്റെ താളം കണ്ടെത്താനുള്ള കൗണ്‍സലിംഗും അനിവാര്യമായിരുന്നു. കവിഞ്ഞൊഴുകിയ സ്‌നേഹം കൊണ്ട് അവരെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവര്‍ക്ക് തെല്ലൊരാശ്വാസമായി. വിവാദമായ പന്തളം ദുരിതാശ്വാസ ക്യാമ്പുള്‍പ്പെടെ പല ക്യാമ്പുകളിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ കാണിച്ച ആത്മാര്‍ഥതയും ഉയര്‍ന്ന സ്വഭാവഗുണങ്ങളും സേവനമനസ്സും ജനങ്ങളെ ഏറെ സ്വാധീനിച്ചു. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും' എന്ന നബിവചനം അന്വര്‍ഥമാക്കുംവിധം പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്നു. പന്തളം ക്യാമ്പ് ഒരു പ്രതിസന്ധി ഘട്ടത്തില്‍ നാം ഏറ്റെടുത്തതാണ്. ആരോരും ശ്രദ്ധിക്കാനില്ലാതെ 200 പേര്‍ പ്രയാസമനുഭവിക്കുന്നു എന്ന വിവരമാണ് പ്രസ്ഥാന പ്രവര്‍ത്തകരെ പന്തളം ക്യാമ്പിലെത്തിച്ചത്. 200 പേര്‍ പിന്നീട് ആയിരത്തോളമായി വര്‍ധിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംതൃപ്തി നല്‍കുംവിധം ക്യാമ്പിനെ ജമാഅത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടു കൊണ്ടുപോയി. നിക്ഷിപ്ത താല്‍പര്യം വെച്ചുപുലര്‍ത്തുന്ന ചില രാഷ്ട്രീയ കക്ഷികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു നമ്മുടെ ക്യാമ്പ് സംവിധാനം. അവര്‍ നിരന്തരമായി ക്യാമ്പിനെ ശല്യം ചെയ്തു. അവസാനം ഭരണസ്വാധീനം ഉപയോഗിച്ച് തഹസില്‍ദാറെയും പോലീസിനെയും രംഗത്തിറക്കി സര്‍ക്കാര്‍ ക്യാമ്പ് ഏറ്റെടുത്തതായി അറിയിച്ചു. എന്നാല്‍ തഹസില്‍ദാറുടെ നിര്‍ദേശം പ്രസ്ഥാനം സ്വീകരിച്ചുവെങ്കിലും ജനങ്ങള്‍ അംഗീകരിച്ചില്ല. ഡി.വൈ.എസ്.പി, കലക്ടര്‍, എം.പി, എം.എല്‍എ തുടങ്ങി ഉദ്യോഗസ്ഥ - ജനപ്രതിനിധികള്‍ ഇടപെട്ടു. അവരോടെല്ലാം ക്യാമ്പംഗങ്ങള്‍ക്ക് പറയാനുള്ള മറുപടി ഒന്നുമാത്രമായിരുന്നു. 'പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം പുറം തിരിഞ്ഞു നിന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ് ഞങ്ങള്‍ക്ക് അഭയം നല്‍കിയത്. അവരുടെ സേവനത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. അതിനാല്‍ ഇനിയും ഞങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി മതി.' ക്യാമ്പ് വിട്ടുപോകാന്‍ പ്രസ്ഥാന പ്രവര്‍ത്തകരെ ആ നാട്ടുകാര്‍ അനുവദിച്ചില്ല. അവസാനം പ്രവര്‍ത്തകര്‍ പടിയിറങ്ങിയതോടെ ക്യാമ്പിലെ 90 ശതമാനം അംഗങ്ങളും ക്യാമ്പ് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ദുരിതക്കയങ്ങളില്‍ നാം പകര്‍ന്നു നല്‍കിയ ഒരു കൈത്താങ്ങിന് ജീവിതായുസ്സുകൊണ്ട് സമ്പാദിക്കാനാവാത്ത ആത്മബന്ധമാണ് അവര്‍ തിരിച്ചു നല്‍കിയത്. ക്യാമ്പുകളില്‍നിന്ന് നാം നല്‍കിയ ആഹാരവിഭവത്തേക്കാളും വസ്ത്രങ്ങളേക്കാളുമെല്ലാം അവരുടെ മനസ്സില്‍ ഹൃദ്യമായ അനുഭൂതിയായി ശേഷിച്ചത് നമ്മുടെ പ്രവര്‍ത്തകരുടെ ഉയര്‍ന്ന സ്വഭാവഗുണങ്ങളാണ്. സമാനമാണ് ഒട്ടുമിക്ക ക്യാമ്പുകളുടെയും അനുഭവം.

 

വീടുകളുടെ വീണ്ടെടുപ്പ്

മഴ കുറഞ്ഞതോടെ, വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഭീതി മാറി. പലരും ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായി. എന്നാല്‍, വീട്ടിലേക്കുള്ള മടക്കം അത്ര എളുപ്പമായിരുന്നില്ല. അത്രയേറെ ചെളിയുടെ കൂമ്പാരമാണ് ഓരോ വീട്ടിലും  വീട്ടുമുറ്റത്തും വന്നടിഞ്ഞിരുന്നത്. ഭദ്രമായി പണിത വീടുകള്‍ മാത്രമാണ് ക്ലീനിംഗിനുള്ള സാധ്യത ബാക്കിവെച്ചത്. പല വീടുകളും വെള്ളമിറങ്ങിയപ്പോള്‍ പാടേ നശിച്ചുകഴിഞ്ഞിരുന്നു. വീടു മാത്രമല്ല, വീട്ടിലുള്ളതെല്ലാം നശിച്ചു. വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഡോക്യുമെന്റുകള്‍, വസ്ത്രങ്ങള്‍, വലിയ ഗ്രന്ഥശേഖരങ്ങള്‍ തുടങ്ങി ജീവിതായുസ്സുകൊണ്ട് പലപ്പോഴായി പെറുക്കിക്കൂട്ടിയതെല്ലാം ഒലിച്ചുപോയി. വയനാട് ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഒരു സഹോദരന്‍ മറ്റാരെയുംപോലെ വളന്റിയര്‍മാരുമായി സ്വന്തം വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടു. ഏറെ നടന്ന് വീടു നിന്നിരുന്ന സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ തേങ്ങിക്കരയുന്നതാണ് കണ്ടത്. കാരണം, താനിറങ്ങിയോടിയ വീടിന്റെ ഒരടയാളംപോലും അവിടെ അവശേഷിക്കുന്നുണ്ടായിരുന്നില്ല. ഒലിച്ചുപോകാത്ത വീടുകളുടെ പൂര്‍ണാര്‍ഥത്തിലുള്ള വീണ്ടെടുപ്പും അത്ര എളുപ്പമായിരുന്നില്ല. 20-ഓളം പേര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ മാത്രമേ വീട്ടിലുള്ള മണ്ണ് പോലും നീക്കാന്‍ കഴിയുമായിരുന്നുള്ളൂ. മാലിന്യം വന്നടിഞ്ഞ വീടുകളുടെ വീണ്ടെടുപ്പ് ഇതിനേക്കാള്‍ ശ്രമകരമാണ്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് ഇതര ജില്ലകളില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് സേവനമനുഷ്ഠിക്കാനെത്തിയത്. അറഫാ ദിനത്തിലും ബലിപെരുന്നാളിലുമെല്ലാം പ്രവര്‍ത്തകരില്‍ പലരും അവരുടെ കുടുംബത്തോടൊപ്പമായിരുന്നില്ല, ദുരിതമനുഭവിക്കുന്നവരോടൊപ്പമായിരുന്നു. വീടും പരിസരവും മാത്രമല്ല, പൊതു സ്ഥാപനങ്ങളും ആരാധനാലയങ്ങളും അവര്‍ വൃത്തിയാക്കി. ദുരിത ബാധിതര്‍ക്ക് പള്ളികളില്‍ അഭയമൊരുക്കിയതും വിവിധ ദേവാലയങ്ങളുടെ ശുചീകരണത്തിനു ശേഷം അതേ ദേവാലയ പരിസരത്തുതന്നെ വളന്റിയര്‍മാര്‍ തങ്ങളുടെ ആരാധനാ കര്‍മം നിര്‍വഹിച്ചതും അസ്‌ക്യതയോടെയല്ല, ആനന്ദത്തോടെയാണ് കേരളം വീക്ഷിച്ചത്. അവരവരുടെ ദര്‍ശനങ്ങളില്‍ നിന്നുകൊണ്ട്, വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെത്തന്നെ ദുരന്തമുഖത്ത് പരസ്പര സഹായികളായി മാറാന്‍ നമുക്ക് കഴിയുമെന്ന് ഈ ദുരന്തം തെളിയിച്ചു. 

വീടുകള്‍ വീണ്ടെടുത്താലും വീടുകളുടെ ഡോക്യുമെന്റുകള്‍, കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ വീണ്ടെടുപ്പ് ചിലര്‍ക്കെങ്കിലും എളുപ്പമാകില്ല. കളിക്കോപ്പും നോട്ട്ബുക്കും സ്‌കൂള്‍ കിറ്റും തുടങ്ങി തന്റേതായ ലോകം മുഴുവന്‍ കൈവിട്ടുപോയ കുട്ടികളുടെ ജീവിതതാളം വീണ്ടെടുക്കാനും ഏറെ സമയമെടുക്കും. ഇതിനാവട്ടെ ധാരാളം കൗണ്‍സലിംഗ് സംവിധാനങ്ങള്‍ അനിവാര്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നമുക്ക് നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണ്. 

 

രേഖയില്ലാത്ത ജീവിതങ്ങള്‍

പ്രളയം കവര്‍ന്നെടുത്തത് ആയിരക്കണക്കിന് വീടുകളാണ്. സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്‌നം ജീവിതായുസ്സിന്റെ പാതിയെങ്കിലും നീക്കിവെച്ചാല്‍ മാത്രമേ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.  പലരും കൈയിലുള്ളതെല്ലാം വിറ്റും പണയപ്പെടുത്തിയും ബാങ്ക് വായ്പ എടുത്തുമാണ് വീട് കെട്ടിപ്പൊക്കുന്നത്. എന്നാല്‍ സ്വന്തമായി ഭൂമിയില്ലാത്ത പുറമ്പോക്കില്‍ വീടു വെച്ച് താമസിക്കുന്ന ആയിരങ്ങളുണ്ട്. അവര്‍ക്ക് വീടും ഭൂമിയും ഈ പ്രളയത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചുപോകാനിടമില്ലെന്നര്‍ഥം. ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കുമ്പോള്‍ നെടുവീര്‍പ്പിടുന്നത് ഇത്തരം നിരാലംബരായ മനുഷ്യരാണ്. നഷ്ടപ്പെട്ട കണക്കുകള്‍ അവതരിപ്പിക്കാന്‍ രേഖയുടെ പിന്‍ബലമില്ലാത്തവരാണിവര്‍. അതിനാല്‍ ഗവണ്‍മെന്റ് സഹായങ്ങളെക്കുറിച്ചും ഇവര്‍ക്ക് പ്രതീക്ഷയില്ല. സന്നദ്ധ സംഘടനകള്‍ മുഖ്യപരിഗണന നല്‍കേണ്ടത് ഇത്തരക്കാര്‍ക്കാണ്. ഇസ്‌ലാമിക പ്രസ്ഥാനവും ഈ വിഭാഗത്തെ ചേര്‍ത്തുനിര്‍ത്തണം. വയനാട് ജില്ലയില്‍ ദുരിതബാധിതരെ സന്ദര്‍ശിക്കുമ്പോഴാണ് ശംസുദ്ദീന്‍ എന്ന യുവാവിനെ കാണുന്നത്. പുഴക്കരികില്‍ ഒരു മണ്‍കൂനയില്‍ ഇരിക്കുകയാണയാള്‍. യഥാര്‍ഥത്തില്‍ അവിടെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അത് പൂര്‍ണമായും പുഴയെടുത്തു പോയിരിക്കുന്നു. തൊട്ടടുത്ത് സഹോദരന്‍ സൈനുദ്ദീന്‍ ഉണ്ട്. അയാളുടെ വീടും ഈ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. രണ്ടു പേരും കൂലിത്തൊഴിലാളികള്‍. അവരുടെ ഉമ്മ ഹജ്ജിന് പോയതാണ്. വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ബന്ധുവീട്ടില്‍നിന്നാണ് ഉമ്മ ഹജ്ജിന് ഇറങ്ങിയത്. ഇപ്പോഴും ഉമ്മക്കറിയില്ല രണ്ട് വീടും തകര്‍ന്ന വിവരം. ഉമ്മയെ അവരതറിയിച്ചിട്ടില്ല. ഉമ്മ സമാധാനത്തോടെ ഹജ്ജ് നിര്‍വഹിക്കട്ടെ എന്നാണ് ശംസു പറഞ്ഞത്. ഇനിയെങ്ങോട്ട് പോകുമെന്നും ഉമ്മയെ എങ്ങനെ സ്വീകരിക്കുമെന്നും അവര്‍ക്ക് നിശ്ചയമില്ല. കാരണം രേഖയില്ലാത്ത ഭൂമിയിലാണ് ഇരു കുടുംബവും വീടു വെച്ച് താമസിച്ചിരുന്നത്. ഇത് ഇവരുടെ മാത്രം കഥയല്ല, പ്രളയം വീട് കവര്‍ന്നെടുത്ത പുഴക്കരയിലും മലയോര മേഖലയിലും താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവിതാവസ്ഥയാണ്. വീടുകള്‍ക്ക് നമ്പറുണ്ട്, പക്ഷേ ഭൂമിക്ക് രേഖയില്ല. രേഖയില്ലാത്ത ഈ ജീവിതങ്ങള്‍ക്കും ജീവിക്കാന്‍ അവസരമൊരുക്കേണ്ടത് നമ്മുടെയെല്ലാം ബാധ്യതയാണ്. 

 

ഐ.ആര്‍.ഡബ്ല്യു

രണ്ടര പതിറ്റാണ്ടിനു മുമ്പ് പ്രസ്ഥാനം രൂപം നല്‍കിയ സന്നദ്ധ സംഘടനയാണ് ഐ.ആര്‍.ഡബ്ല്യു. രാജ്യത്ത് എവിടെയെല്ലാം ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടോ അവിടെയെല്ലാം ആദ്യം ഓടിയെത്തിയ മലയാളി സന്നദ്ധ സംഘമെന്നതാണ് ഐ.ആര്‍.ഡബ്ല്യുവിന്റെ പ്രത്യേകത. ഭൂകമ്പം നാശം വിതച്ച ലാത്തൂരിലും വര്‍ഗീയ കലാപം നിറഞ്ഞാടിയ ഗുജറാത്തിലും അസം, ബിഹാര്‍ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഐ.ആര്‍.ഡബ്ല്യു സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടര പതിറ്റാണ്ടിന്റെ ഈ അനുഭവവും പരിചയവുമാണ് കേരളത്തിലെ മഹാ പ്രളയത്തിലും ഐ.ആര്‍.ഡബ്ല്യുവിനെ ശ്രദ്ധേയമാക്കിയത്. നിര്‍ണിത അംഗങ്ങളേ ഐ.ആര്‍.ഡബ്ല്യുവിനുള്ളൂ. എന്നാല്‍, സേവന സന്നദ്ധരായി വന്ന ആയിരക്കണക്കിനാളുകള്‍ക്ക് ദുരന്തഭൂമിയില്‍ കൈത്താങ്ങാവാന്‍ അവര്‍ക്ക് സാധിച്ചു. അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും ഐ.ആര്‍.ഡബ്ല്യു അഭിനന്ദനമര്‍ഹിക്കുന്നു. 

കേരളത്തിന്റെ പുതിയ ഗതിമാറ്റം ഐ.ആര്‍.ഡബ്ല്യുവിനെക്കുറിച്ചും അവശ്യഘട്ടത്തില്‍ അനിവാര്യമായ സംവിധാനങ്ങളെക്കുറിച്ചുമെല്ലാം ഗൗരവമേറിയ ചര്‍ച്ചക്ക് വഴിതുറക്കുന്നുണ്ട്. പരിശീലനം സിദ്ധിച്ച ധാരാളം യുവാക്കളും ഇത്തരം ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങളും ഇതുപോലുള്ള ഒരു സന്നദ്ധ സംഘത്തിന് അനിവാര്യമാണ്. ദുരന്തഭൂമിയില്‍ സേവന സന്നദ്ധരായി വലിയ ജനക്കൂട്ടം തന്നെ ഇന്ന് വന്നെത്തുന്നു്. ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഇവര്‍ പലപ്പോഴും കാഴ്ചക്കാരോ അല്ലെങ്കില്‍ ദുരന്ത നിവാരണ സേനക്ക് ബാധ്യതയോ ആയി മാറാറാണ് പതിവ്. എന്നാല്‍ പരിശീലനം സിദ്ധിച്ച വളന്റിയര്‍മാരും സംവിധാനങ്ങളുമുണ്ടെങ്കില്‍ ഈ ജനക്കൂട്ടത്തെ നയിക്കാനും അവരുടെ അധ്വാനശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കും. രണ്ട് പതിറ്റാണ്ടിന്റെ യാത്രക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും അംഗബലത്തോടെയും ഐ.ആര്‍.ഡബ്ല്യു കൂടുതല്‍ നവീകരിക്കാനും ശക്തിപ്പെടുത്താനുമാണ് കാലാവസ്ഥാ ഗതിമാറ്റം സംഭവിക്കുന്ന കേരളീയ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്.

 

കേരളത്തിന്റെ പുനര്‍നിര്‍മിതി

ജി.എസ്.ടി, ഡീമോണിറ്റൈസേഷന്‍, പ്രവാസികളുടെ മടക്കം തുടങ്ങിയ നിരവധി സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് കേരളം ഒരു മഹാദുരന്തത്തെ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറും ജനങ്ങളും സന്നദ്ധ സംഘടനകളും ഒരുപോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഏറെ സമയമെടുത്താണെങ്കിലും പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. കേരളത്തിന്റെ ഈ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഗവണ്‍മെന്റിനോടൊപ്പം ചേര്‍ന്നുനിന്ന് തങ്ങളുടെ പങ്ക് നിര്‍വഹിക്കാനാണ് ഇസ്‌ലാമിക പ്രസ്ഥാനം ആഗ്രഹിക്കുന്നത്. ഈ ആവശ്യാര്‍ഥമാണ് പ്രസ്ഥാനം ദുരിതാശ്വാസനിധി രൂപീകരിച്ചിട്ടുള്ളത്. രാജ്യം ദുരന്തം നേരിട്ട ഘട്ടങ്ങളിലെല്ലാം ഉദാരമതികളുടെ സഹായവും മനുഷ്യാധ്വാനവും ചേര്‍ത്തുവെച്ച് നിരവധി കുടുംബങ്ങള്‍ക്ക് തണലേകാന്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഈ അനുഭവവും ആത്മവിശ്വാസവുമാണ് പുതിയ പദ്ധതി ഏറ്റെടുക്കാന്‍ നമുക്ക് ധൈര്യം നല്‍കുന്നത്. 

വീടിനൊപ്പം ജീവിതോപാധിയും കൂടി നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി  വിവിധ ജനവിഭാഗങ്ങളുടെ ജീവിതം പൂര്‍ണമായും വഴിമുട്ടിയിരിക്കുന്നു. അതിനാല്‍ തൊഴില്‍, കൃഷി, വീടുകളുടെ അറ്റകുറ്റപ്പണി, വീടുനിര്‍മാണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ കേന്ദ്രീകരിച്ചാണ് പുനരധിവാസ പദ്ധതികള്‍ രൂപപ്പെടേണ്ടത്. പദ്ധതി രൂപീകരണത്തിനാവശ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ നാം ആരംഭിച്ചുകഴിഞ്ഞു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മുഖേനയായിരിക്കും പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍വഹിക്കുക. ചെറുതെങ്കിലും ജാതിമത ഭേദമന്യേ ഏറ്റവും അര്‍ഹരിലേക്ക് എത്തും വിധമായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. 

പ്രളയത്തെ നേരിട്ട മലയാളി മനസ്സിന് ഒരേ സ്വരവും താളവുമാണുണ്ടായിരുന്നത്. 40 ഡാമുകളില്‍ 32-ഉം തുറന്ന് ഇടവേളകളില്ലാതെ മഴ കുത്തിച്ചൊരിഞ്ഞപ്പോഴും നാം പിടിച്ചുനിന്നത് അങ്ങനെയാണ്. കഴുത്തോളമല്ല, ഒരുനില കെട്ടിടത്തോളം വെള്ളമുയര്‍ന്നപ്പോഴും അതിനേക്കാള്‍ ഉയര്‍ന്ന മനസ്സുമായി നാം പരസ്പരം ചേര്‍ത്തു പിടിക്കുകയായിരുന്നു. മഹാ പ്രളയത്തിനു മുമ്പില്‍ നാം സ്‌നേഹംകൊണ്ട് മറ്റൊരു പ്രളയം തീര്‍ക്കുകയായിരുന്നു. കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ കൂടി ഈ മനസ്സ് കാത്തുസൂക്ഷിക്കാനായാല്‍ ലോകത്തിന് മുമ്പില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഈ കൊച്ചു സംസ്ഥാനത്തിനാവും.  ഇതില്‍ മുഖ്യപങ്ക് നിര്‍വഹിക്കേണ്ടത് സര്‍ക്കാറാണ്. പിന്നീട് സാമൂഹിക-രാഷ്ട്രീയ-സന്നദ്ധ സംഘടനകളും. കേരളത്തിലെ ഓരോ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവരവരുടെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാറിനോടൊത്ത് പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം. തങ്ങളല്ലാത്തവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും ചുരുങ്ങിയത് അവഹേളിക്കാതിരിക്കാനുള്ള മാന്യതയെങ്കിലും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ വെച്ചുപുലര്‍ത്തണം. ഭീമാകാരം വെള്ളമുയര്‍ന്നിട്ടും, കഴുത്തറ്റം ചെളിയില്‍ മുങ്ങിയിട്ടും, ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിട്ടും നമ്മുടെ ധാര്‍ഷ്ട്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നുണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്ന പോലെ; ''സംശയമില്ല, മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു, തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍'' (അല്‍ അലഖ് 6,7).

ഇത് നമുക്ക് നമ്മെക്കുറിച്ച്, നമ്മുടെ നിലപാടുകളെക്കുറിച്ച്, നമ്മുടെ പരിസ്ഥിതി വികസന കാഴ്ചപ്പാടുകളെ കുറിച്ച് എല്ലാം ആത്മപരിശോധന നടത്താനുള്ള അവസരമാണ്. ആര്‍ത്തിപൂണ്ട വികസന സംസ്‌കാരവും നാഗരികതയും ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍ മറികടക്കാന്‍ ഇത്തരം ആത്മപരിശോധനകൂടി അനിവാര്യമായിത്തീരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍