ജീവിത വിജയത്തിനൊരു താക്കോല്‍
'Don't ruin a good today by thinking a bad yesterday, let it go'
മികച്ച കഴിവുകള്‍ ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിരാശക്കടിപ്പെട്ടവര്‍, ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും താഴ്ന്ന ജോലിയില്‍ തുടരേണ്ടിവരുന്നവര്‍, നിര്‍ഭാഗ്യത്തെയും വിധിയെയും പഴിച്ച് അലസരായി കഴിയുന്നവര്‍... ഇവര്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കു വരെ അല്‍പം മനസ്സുവെച്ചാല്‍ ജീവിത വിജയം നേടാന്‍ സഹായിക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ ഇതില്‍ കണ്ടെത്താം. അതുപോലെ നവ സാമൂഹിക മാധ്യമങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗത്തിന്റെ ദൂഷ്യങ്ങളും അവ നിയന്ത്രണവിധേയമായി ഉപയോഗിക്കാനുതകുന്ന രീതിശാസ്ത്രവും ഇതിലൂടെ പരിശീലിച്ചെടുക്കാം. ജീവിതത്തിന്റെ ലക്ഷ്യം തെറ്റിക്കുന്ന സംഗതികളെ അടയാളപ്പെടുത്തി മാറ്റിനിര്‍ത്താനും വിജയത്തിലേക്ക് മുന്നേറാനും ഇരുപത്തിരണ്ട് ചെറിയ അധ്യായങ്ങളിലായി 109 പേജുകളില്‍ സംവിധാനിച്ച ഈ കൊച്ചു പുസ്തകം സഹായിക്കുമെന്ന് തീര്‍ച്ച.
ആദ്യ രണ്ട് അധ്യായങ്ങളില്‍ മാറ്റങ്ങളിലൂടെ സാര്‍ഥകമായ ജീവിതം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത് എന്ന് പറയുന്നതുപോലെ ജീവിതം നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അത് പ്രകൃതിപരമാവാം, പൊടുന്നനെ സംഭവിക്കുന്നതുമാവാം. ജീവിതത്തില്‍ ഓരോ വ്യക്തിയും ലക്ഷ്യം വെക്കുന്ന മാറ്റത്തിലേക്ക് എങ്ങനെ മുന്നേറാം എന്നാണിവിടെ വിവരിക്കുന്നത്. നിരന്തര വായനയിലൂടെയും പഠനത്തിലൂടെയും സ്വയം നവീകരിച്ച് കാലഘട്ടത്തിനനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്ത് ജീവിതത്തെ മാറ്റിമറിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണതു...
കാല്‍ഭാഗം ആചാര്യനില്‍നിന്നും കാല്‍ഭാഗം സ്വന്തം ബുദ്ധികൊണ്ടും കാല്‍ഭാഗം കൂടെ പഠിക്കുന്നവരില്‍നിന്നും കാല്‍ഭാഗം കാലം പോകുന്നതിനനുസരിച്ചും നേടുന്നു എന്ന് ശ്ലോകത്തില്‍ പറഞ്ഞപോലെ നിരന്തര വായനയിലൂടെ വിദ്യ നേടാനും വിജയത്തിലേക്ക് മുന്നേറാനും ഈ പുസ്തകം നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. നിഷേധാത്മക മനോഭാവങ്ങളും മുന്‍വിധികളും മാറ്റി ക്രിയാത്മക മനോഭാവം ഉണ്ടാക്കിയെടുത്ത് സ്വഭാവ ശീലങ്ങളെ മാറ്റിപ്പണിയേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്നു.
'ജീവിത വിജയത്തിന് അഞ്ച് അനുഷ്ഠാനങ്ങള്‍' എന്ന മൂന്നാമധ്യായം പേരു പോലെത്തന്നെ ജീവിത വിജയത്തിന് ഓരോ വ്യക്തിയിലും ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ ഹൃദ്യമായി വിവരിക്കുന്നു. നേരത്തേ ഉണരുക, നിത്യേനയുള്ള പഠനം, സമയത്തിന്റെ യുക്തിപൂര്‍വമായ വിനിയോഗം, കൃത്യമായ ആസൂത്രണം, ആത്മപരിശോധന എന്നീ അഞ്ച് അനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നവര്‍ വിജയത്തിലേക്ക് മുന്നേറുമെന്ന് പുസ്തകം ഉറപ്പു നല്‍കുന്നു. അഞ്ച് അനുഷ്ഠാനങ്ങള്‍ക്കൊപ്പം സ്വന്തത്തെ കണ്ടെത്താനും ജീവിത വിജയത്തിലേക്ക് മുന്നേറാനുമുള്ള നിര്‍ദേശങ്ങളാണ് 'നിങ്ങള്‍ നിങ്ങളാവുക' എന്ന അധ്യായത്തിലുള്ളത്.
നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളും ജീവിതയാത്രയില്‍ കൈയൊപ്പു ചാര്‍ത്തിയ മഹാന്മാരുടെ ജീവിതാനുഭവങ്ങളും ഉദ്ധരണികളും ഇഴചേര്‍ത്ത് സംവിധാനിച്ച അധ്യായങ്ങളായ 'ലക്ഷ്യബോധമുള്ള ജീവിതം', 'വിജയത്തിനു കുറുക്കുവഴികളില്ല', 'വേഗത കുറക്കൂ സന്തോഷം കണ്ടെത്തൂ', 'സംഭാഷണത്തെ വീണ്ടെടുക്കുക' എന്നിവ വായനക്കാരില്‍ പുതിയ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത അതിലളിതമായ ഭാഷയും ആഖ്യാനവുമാണ്. ഏതൊരാള്‍ക്കും എളുപ്പത്തില്‍ വായിച്ചുതീര്‍ക്കാമെങ്കിലും വായന ഫലപ്രദമാവണമെങ്കില്‍ മുന്നൊരുക്കങ്ങളും ആസൂത്രണവും ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നു. ചിതറിപ്പോകാത്ത ചിന്ത, വ്യതിരിക്തമായ മാര്‍ഗം, കീഴടങ്ങാത്ത മനസ്സ്, പ്രയോജനമില്ലാത്ത വിനോദങ്ങളില്‍നിന്നുള്ള വിട്ടുനില്‍ക്കല്‍, സ്വന്തത്തെക്കുറിച്ചുള്ള ബോധ്യം, പ്രയാസം നിറഞ്ഞ വഴികള്‍ തെരഞ്ഞെടുക്കാനുള്ള സന്നദ്ധത എന്നിവയാണ് യഥാര്‍ഥത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുന്നത് എന്ന് വായനക്കാരന് ബോധ്യമാവുന്നു.
പ്രയാസം നിറഞ്ഞ പ്രവാസ ജീവിതത്തെ മനസ്സു വെച്ചാല്‍ ആര്‍ക്കും സാര്‍ഥകമാക്കാമെന്ന് 'പ്രവാസം സഫലമാകണം' എന്ന അധ്യായം വിശദീകരിക്കുന്നു. ധൂര്‍ത്ത്, ദുര്‍വ്യയം എന്നിവ മാറ്റിവെച്ച് സാമ്പത്തിക അച്ചടക്കവും സാമ്പത്തിക ആസൂത്രണവും പാലിച്ചാല്‍ പ്രവാസ ജീവിതം സഫലവും സര്‍ഗാത്മകവുമാക്കാം.
വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ സമാഹരിച്ചതുകൊണ്ടാവണം നെല്‍സണ്‍ മണ്ടേലയുടെ ഒറ്റമുറി ജീവിതമെന്ന വാചകം പല അധ്യായങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നത്. അത്തരം ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാമായിരുന്നു. പകരം ഭാരതീയവും കേരളീയവുമായ ഉദ്ധരണികളും അനുഭവങ്ങളും ചേര്‍ത്താല്‍ ഒന്നുകൂടി ആകര്‍ഷകമാക്കാമായിരുന്നു. വായനയുടെ പ്രത്യേകതകളും ഗുണഫലങ്ങളും രീതിശാസ്ത്രവുമൊക്കെ വിവരിക്കുന്ന ചെറിയ അധ്യായങ്ങള്‍ ചേര്‍ത്ത് ഒന്നാക്കുകയും ചെയ്യാമായിരുന്നു.
കടുത്ത ജീവിത സാഹചര്യങ്ങളിലും കാലിടറാതെ ശുഭാപ്തിയോടെ വിജയത്തിലേക്ക് മുന്നേറാനും വായനക്കാരന്റെ മനസ്സില്‍ ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും പ്രായോഗിക ജീവിതത്തെ അതിനനുസരിച്ച് പാകപ്പെടുത്താനും ഈ കൊച്ചു കൃതി സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
Comments