Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ചാണ്. പുനര്‍നിര്‍മാണം കേവലം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാകാവതല്ല. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദവും പരസ്പര സ്‌നേഹവും സഹകരണവും പ്രളയ, പ്രളയാനന്തര കാലത്തെപ്പോലെ പൂത്തുലഞ്ഞ സന്ദര്‍ഭമുണ്ടായിട്ടില്ല. മനുഷ്യന്റെ നന്മ തിരിച്ചറിയാനും അനുഭവിച്ചറിയാനും അവസരം ലഭിച്ചതാണിതിനു കാരണം. അജ്ഞതയും അതുണ്ടാക്കിയ തെറ്റിദ്ധാരണകളും അകല്‍ച്ചകളും അവസാനിപ്പിക്കാനും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ പടുത്തുയത്തിയ മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റാനും ഒരു പരിധിയോളം വെള്ളപ്പൊക്കമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് സാധിച്ചു. ജാതി, മത, സമുദായ പരിഗണനകള്‍ക്കതീതമായാണ് മഹാ ഭൂരിപക്ഷവും പ്രളയബാധിതരെ രക്ഷിക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും ശാരീരികവും സാമ്പത്തികവുമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നോട്ടു വന്നത്. ഇതര സമൂഹങ്ങളെ സംബന്ധിച്ച് തങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന ധാരണകളൊക്കെ തെറ്റായിരുന്നുവെന്നും ഭൂമിയിലെ മാലാഖമാരായാണ് അവരെ തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും ഒട്ടേറെ പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും തുറന്നു പറയുകയുണ്ടായി. സേവന പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിലും മുന്നിട്ടു നിന്നത് മുസ്‌ലിംകളായതിനാല്‍ ഏറെ പേരും സംസാരിച്ചുകൊണ്ടിരിക്കുന്നത് അവരെക്കുറിച്ചാണ്. വര്‍ഗീയ വിദ്വേഷവും വെറുപ്പും വളര്‍ത്തി സാമുദായിക ധ്രുവീകരണവും ശത്രുതയും അകല്‍ച്ചയും സൃഷ്ടിക്കാന്‍ ദുശ്ശക്തികള്‍ നിരന്തരം നടത്തിപ്പോന്ന ശ്രമങ്ങള്‍ക്ക് ഒട്ടൊക്കെ തടയിടാന്‍ പ്രളയ കാലത്ത് വളര്‍ന്നു വന്ന കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

  ക്ഷേത്രങ്ങളും ചര്‍ച്ചുകളൂം വൃത്തിയാക്കാന്‍ മുന്നോട്ടു വന്ന മുസ്‌ലിം യുവത ഏവരുടെയും പ്രശംസയര്‍ഹിക്കുന്നു. ജാതി, മത ഭേദമില്ലാതെ അഭയാര്‍ഥികള്‍ക്ക് ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും കവാടങ്ങള്‍ തുറന്നു കൊടുത്ത ഭാരവാഹികളും അഭിനന്ദനമര്‍ഹിക്കുന്നു. സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ  മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരവും ജുമുഅയും മറ്റു നമസ്‌കാരങ്ങളും നിര്‍വഹിക്കാന്‍ ക്ഷേത്ര പരിസരത്ത് സൗകര്യമൊരുക്കിക്കൊടുത്തവരും ചര്‍ച്ചുകളുടെ കവാടങ്ങള്‍ തുറന്നു കൊടുത്തവരും പ്രളയാനന്തര കൈരളിക്ക് നല്‍കുന്ന സന്ദേശം സംസ്ഥാനത്തെ മഹിതമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിന്റേതാണ്.

കേരളത്തിലെ പുകള്‍പെറ്റ പുരാതന മുസ്‌ലിം പള്ളികള്‍ക്കെല്ലാം സ്ഥലം സംഭാവന ചെയ്തത് ഹൈന്ദവ സഹോദരന്മാരാണ്. ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്ക് മതവിദ്യാഭ്യാസം നല്‍കാനായി സ്ഥാപിതമായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഹൈന്ദവ സഹോദരന്മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

''1900 സെപ്റ്റംബര്‍ 07, മഹാഗുരു മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാരുടെ നേതൃത്വത്തില്‍, പൊന്നാനിയില്‍  മഊനത്തുല്‍ ഇസ്‌ലാം സഭ സ്ഥാപിതമായി. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പുതു വിശ്വാസികള്‍ക്ക് ഒരു മത പഠനകേന്ദ്രം!

മദ്രാസ് ഹൈക്കോടതിയിലെ അഡ്വ. കൃഷ്ണന്‍ നായര്‍ അതിനൊരു നിയമാവലിയുണ്ടാക്കി. 1882-ലെ ഇന്ത്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച്  വിക്‌ടോറിയ രാജ്ഞി ലണ്ടനില്‍നിന്ന് അതിന് അംഗീകാരം നല്‍കി. സ്ഥാപനത്തിന്റെ നടത്തിപ്പിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും സംഭാവന നല്‍കാന്‍ തുടങ്ങി. ഹിന്ദുക്കളും കൊടുത്തു; നാലാം വേദത്തിലേക്ക് മാര്‍ഗം കൂട്ടാനുണ്ടാക്കിയ മഊനത്തിന്. 

കൂട്ടത്തില്‍ പെരുന്തല്ലൂരിലെ ഒരു ഉണ്ണൂരിയമ്മയും ഉണ്ടായിരുന്നു. സ്വന്തം പുരയിടം അടങ്ങുന്ന 13 സെന്റ് ഭൂമി അവര്‍ സഭയ്ക്ക് സംഭാവന ചെയ്തു. ഇസ്‌ലാമിലേക്ക് 'ആളെക്കൂട്ടാന്‍ ഉണ്ടാക്കിയ മത പരിവര്‍ത്തന കേന്ദ്രം' ആണിതെന്നറിഞ്ഞിട്ടും ഹിന്ദുവിന്റെ സംഭാവന! 

വഖ്ഫ് നിയമമനുസരിച്ച് പൊന്നാനി മഊനത്ത് റജിസ്റ്റര്‍ ചെയ്തപ്പോഴാണ് ഒരു ഹൈന്ദവ സഹോദരന് തന്റെ 7 സെന്റ് ഭൂമിയും പുരയിടവും സ്ഥാപനത്തിന് കൊടുക്കാന്‍ മോഹം. 'മത പരിവര്‍ത്തന കേന്ദ്ര'ത്തില്‍ വന്ന് അന്വേഷിച്ചപ്പോഴാണ്  ഇസ്‌ലാമിക സ്ഥാപനത്തിന് വഖ്ഫ് ചെയ്യാന്‍ അമുസ്‌ലിംകള്‍ക്ക് വകുപ്പ് ഇല്ലെന്നും അത് സാധുവാകില്ലെന്നും ആരോ പറഞ്ഞത്. ഉടന്‍ അദ്ദേഹമത് ഒരു മുസ്‌ലിം സഹോദരന് ദാനമായി നല്‍കി. അയാളത് മഊനത്തിന് വഖ്ഫ് ചെയ്തു!

ക്ഷേത്രത്തിലേക്ക് നേര്‍ച്ച നേരുമ്പോള്‍, ഒരു വിഹിതം മഊനത്തിനും ഉഴിഞ്ഞുവെച്ചിരുന്ന ഒരു നല്ല കാലം പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലം വരെ നിലനിന്നിരുന്നത്രെ!

ഇത്തരം പാരമ്പര്യങ്ങളെ മണ്ണിട്ടു മൂടി പകരം പകയുടെ വിഷത്തൈകള്‍ നട്ടത് സമുദായത്തിന്  പുറത്തുള്ളവര്‍ മാത്രമല്ല, അകത്തുള്ളവര്‍ കൂടിയാണ്. അകറ്റുക തന്നെ വേണം; അത്തരക്കാരെ. നാടിന്റെയും ദീനിന്റെയും വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്' (അന്‍വര്‍ സാദിഖ് ഫൈസി, താനൂര്‍).

വര്‍ഗീയ ശക്തികളുടെ ദുഷ്ട ശ്രമങ്ങളെ മറികടന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സുവര്‍ണ ഭൂതത്തിലേക്ക് തിരിഞ്ഞുനടക്കാനാവശ്യമായ ദിശാ ബോധം പ്രളയത്തോടനുബന്ധിച്ചുണ്ടായ കൂട്ടായ്മക്ക് കഴിഞ്ഞിരിക്കുന്നു. അതിനെ എത്രത്തോളം പ്രയോജനപ്പെടുത്താനും മുന്നോട്ടു നയിക്കാനും സാധിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും പുനര്‍നിര്‍മിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി.

 

മാറണം നമ്മുടെ ജീവിത ശൈലി

പ്രളയം നല്‍കിയ ഗുണപാഠങ്ങളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്ന നിരവധി അഭിപ്രായ പ്രകടനങ്ങളില്‍ ഒന്നിങ്ങനെ വായിക്കാം.' ഞാന്‍ സംഭവിച്ച ദുരിതങ്ങളൊക്കെയും രചനാത്മകമായി ഉള്‍ക്കൊള്ളുന്നു. ഞാന്‍ വിശപ്പറിഞ്ഞു. കിടപ്പാടത്തിന്റെ വിലയറിഞ്ഞു. കുടിക്കുന്ന വെള്ളത്തിന്റെ വിലയറിഞ്ഞു. വസ്ത്രത്തിന്റെ വിലയറിഞ്ഞു. ഈ ലോകത്ത് എന്തൊക്കെയുണ്ടോ അതിന്റെയൊക്കെ വിലയറിഞ്ഞു. എന്റെ കുടുംബം അറിഞ്ഞു. നമുക്ക് കൂടുതല്‍ വസ്ത്രത്തിന്റെ ആവശ്യമില്ല. ആഭരണത്തിന്റെ ആവശ്യമില്ല. ഞാന്‍ കാലില്‍ ചെരിപ്പ് പോലുമില്ലാതെ ഒരു ചെറിയ പാന്റ്‌സും ബനിയനുമിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ക്യൂ നിന്നത്. എന്നെ കണ്ടാല്‍ പിച്ചക്കാരിയേക്കാളും വലിയ  പിച്ചക്കാരിയായേ തോന്നുമായിരുന്നുള്ളു. നമ്മള്‍ ഒരു ദിവസം എത്ര പ്രാവശ്യമാണ് കണ്ണാടിയുടെ മുന്നില്‍ നോക്കി നില്‍ക്കുക! ഏതു സാരി ധരിച്ചാലാണ്, ഏത് ആഭരണം അണിഞ്ഞാലാണ് മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുക എന്നൊക്കെയല്ലേ നാം ആലോചിച്ചിരുന്നത്.എല്ലാം പ്രകൃതി ഒരു നിമിഷനേരം കൊണ്ട് തട്ടിയെടുത്തിരിക്കുന്നു. പ്രകൃതി നമ്മെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഞാനിനി നന്നാകാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ സങ്കടപ്പെടുന്നില്ല. ഞാന്‍ പോസിറ്റീവായെടുക്കുകയാണ്. അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. ഇനിയും നമുക്ക് അവസരമുണ്ട്, നന്നാകാന്‍. സഹായിച്ച് കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഞാനും ഇനി മുതല്‍  നിങ്ങളോടൊപ്പമുണ്ടാകും, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍.' 

പതിറ്റാണ്ടുകളായി കേരളം കമ്പോള സംസ്‌കാരത്തിന്റെ പിടിയിലായിരുന്നു . ശരീര കാമനകളുടെ കേളികൊട്ടുകള്‍ക്ക് കീഴ്‌പ്പെടാത്തവരിവിടെ വളരെ വിരളം. പലരും ഭോഗാസക്തിക്കടിപ്പെട്ട് ആര്‍ത്തി മൂര്‍ത്തികളായി മാറുകയായിരുന്നു. കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിച്ചു. ചിലരെങ്കിലും  എങ്ങനെയെങ്കിലും എല്ലാം തട്ടിയെടുത്തു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെച്ചു. അതിനാല്‍ ആര്‍ഭാടവും ആഡംബരവും പലയിടത്തും നിറഞ്ഞാടുകയായിരുന്നു. ധൂര്‍ത്തും ദുര്‍വ്യയവും നമ്മുടെ ജീവിതത്തിന്റെ മുഖമുദ്രയാവുകയായിരുന്നു.

ചരിത്രത്തില്‍ പലപ്പോഴും പലയിടത്തും സംഭവിച്ചതുപോലെ പ്രകൃതി വിപത്ത് വന്‍ പ്രളയമായി കേരള ജനതയെ അഗാധമായി ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഏതു ശിലാഹൃദയന്റെ പോലും കരളലിയിക്കുന്ന കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. ജീവനുവേണ്ടി കരഞ്ഞട്ടഹസിച്ചവര്‍, മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകളോളം പേടിച്ചു വിറച്ചവര്‍, ജീവിതകാലം മുഴുവന്‍ കഠിനമായി അധ്വാനിച്ച് നേടിയതൊക്കെ നിമിഷനേരം കൊണ്ട് നിശ്ശേഷം നഷ്ടപ്പെട്ടവര്‍, വലിയ പ്രതീക്ഷയോടെ പാടുപെട്ടുണ്ടാക്കിയ വീട് പാടേ തകര്‍ന്നടിഞ്ഞവര്‍, വീട് നിന്നിടം അടയാളം പോലും അവശേഷിപ്പിക്കാതെ ഒലിച്ചുപോയത് നിസ്സഹായരായി നോക്കി നില്‍ക്കുന്നവര്‍, സമ്പന്ന കുടുംബത്തില്‍ ജനിച്ച് സുഖലോലുപതയില്‍ വളര്‍ന്ന് ദിവസങ്ങളോളം വിശന്നും ദാഹിച്ചും ഉടുതുണിയല്ലാതൊന്നുമില്ലാതെ തണുത്ത് വിറച്ചും കഴിഞ്ഞവര്‍, ഒരു നേരത്തെ ആഹാരത്തിനും ഒരു ഗ്ലാസ് വെള്ളത്തിനും ഒരു കീറ് പായക്കും ഒരു കഷ്ണം തുണിക്കും വേണ്ടി ക്യൂ നില്‍ക്കേണ്ടി വന്നവര്‍, സ്വകാര്യ ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രങ്ങള്‍ക്ക് വേണ്ടി കേണു  കരഞ്ഞ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍... ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരുടെ ഉറക്കം കെടുത്തുന്ന അസംഖ്യം അനുഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്.

ഇത് കേരള ജനതയുടെ സദ്‌വികാരത്തെയും ഉദാരതയെയും സഹാനുഭൂതിയെയും സാഹോദര്യബോധത്തെയും സേവന സന്നദ്ധതയെയും ത്യാഗമനസ്സിനെയും സഹായ സഹകരണ ശീലത്തെയും ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ നിരവധി മികച്ച ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

എന്നാല്‍ അത്ര തന്നെയോ അതിനേക്കാളോ പ്രധാനമാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ജീവിത ശൈലീ മാറ്റം. ധൂര്‍ത്തിനോടും ദുര്‍വ്യയത്തോടും ആര്‍ഭാടത്തോടും അമിത വ്യയത്തോടും വിട പറയുമെന്ന് പ്രതിജ്ഞയെടുക്കാന്‍  ഓരോ വറ്റും ഓരോ കഷ്ണം തുണിയും വളരെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ ഈ ദുരിതകാലത്ത് നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് നമുക്ക് ഇത്തരമൊരു തിരിഞ്ഞുനടത്തത്തിനു സാധിക്കുക?

 

ആരും അവഗണിക്കപ്പെടേണ്ടവരല്ല

സമൂഹം പരിഗണന നല്‍കാത്ത ജനവിഭാഗമാണ് കടലിനോട് മല്ലടിച്ച് അന്നത്തിനു വക കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികള്‍. എല്ലാവരും എപ്പോഴും അവരെ കുറ്റപ്പെടുത്താറാണ് പതിവ്. പലതും പറഞ്ഞ്  ആക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ കേരളം  പ്രളയത്തില്‍പെട്ട് പിടഞ്ഞപ്പോള്‍ മരണവുമായി മല്ലടിച്ച നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്താന്‍ അവരേ ഉണ്ടായിരുന്നുള്ളൂ. അസാധാരണമായ മനുഷ്യസ്‌നേഹവും ജീവകാരുണ്യവും സഹാനുഭൂതിയും  സാഹസികതയുമാണ് അവരില്‍ നാം കണ്ടത്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും  ഉള്‍പ്പെടെ എല്ലാവരുടെയും പ്രശംസ  പിടിച്ചുപറ്റാന്‍ അവര്‍ക്ക് സാധിച്ചു.

ഒരറിവും ചെറുതല്ലെന്നും ഒരു ജോലിയും നിസ്സാരമല്ലെന്നുമുള്ള ശക്തമായ അവബോധം കേരളീയ  സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ പ്രളയം നിമിത്തമായി. ആരും അവഗണിക്കപ്പെടേണ്ടവരല്ലെന്നും ചെയ്യുന്ന ജോലിയല്ല, സമൂഹത്തോട് സ്വീകരിക്കുന്ന സമീപനമാണ് മഹത്വത്തിന്റെ മാനദണ്ഡമെന്നും ഈ സംഭവം എല്ലാവരെയും ബോധ്യപ്പെടുത്തി.

നാം ഓരോ ദിവസവും ജീവിക്കുന്നത് ആരെയൊക്കെയോ ആശ്രയിച്ചും ആരുടെയൊക്കെയോ അധ്വാനവും സഹായവും ഉപയോഗപ്പെടുത്തിയുമാണെന്ന് ആലോചിച്ചാല്‍ അവഗണിക്കപ്പെടേണ്ടവരായി ആരുമില്ലെന്ന് ബോധ്യമാകും. കര്‍ഷകര്‍, തൂപ്പുകാര്‍, കൂലിപ്പണിക്കാര്‍, ഇലക്ട്രിസിറ്റി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ബാര്‍ബര്‍മാര്‍, കല്ലുവെട്ടുകാര്‍, മരപ്പണിക്കാര്‍, മീന്‍ പിടിത്തക്കാര്‍ തുടങ്ങി എത്രയെത്ര പേരാണ് നമ്മുടെ ജീവിതം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നത്! നാം നോക്കേണ്ടത് തൊലിയുടെ നിറത്തിലേക്കോ തൊഴിലിലേക്കോ ധരിച്ച വസ്ത്രത്തിലേക്കോ താമസിക്കുന്ന വീട്ടിലേക്കോ സഞ്ചരിക്കുന്ന വാഹനത്തിലേക്കോ അല്ല. സമൂഹം എങ്ങനെ അവരെ അനുഭവിച്ചറിയുന്നുവെന്നതാണ് പ്രധാനവും പരിഗണനീയവും .

സമൂഹത്തിലെ  പരമദരിദ്രര്‍ പോലും കഷ്ടപ്പെടുന്നവരെ  സഹായിക്കാന്‍ തങ്ങളുടെ വശമുള്ളതൊക്കെയും നല്‍കിയ അനുഭവം കേരള ജനതക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. എത്ര  ചെറുതും ഒട്ടും നിസ്സാരമല്ലെന്നും വളരെ വലുതാണെന്നും  ഇത്  നമ്മെ  ബോധ്യപ്പെടുത്തുന്നു.

 

ഭൂമിക്കിണങ്ങുന്ന വികസനം

പ്രളയ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മലപ്പുറം ജില്ലയിലെ പുളിക്കല്‍ പ്രദേശത്ത് പന്ത്രണ്ട് പേരുടെ മരണത്തിനിടയാക്കിയ  തകര്‍ന്ന വീടുകള്‍ കണ്ടുകൊണ്ടാണ്. ഒരു വീട്  തകര്‍ന്ന് ഒമ്പത് പേരും മറ്റൊന്ന്  തകര്‍ന്ന് മൂന്നു പേരും മരണപ്പെടുകയുണ്ടായി. ഈ രണ്ടു വീടുകളും മല കുത്തനെ ചെത്തിയിടിച്ച് നിരത്തി ഉണ്ടാക്കിയവയാണ്. ചെന്നു കാണുന്ന ആര്‍ക്കും മല ഇടിയാന്‍ കാരണം പെട്ടെന്നു തന്നെ ബോധ്യമാകും. ഉരുള്‍പൊട്ടല്‍ നടന്ന  പല പ്രദേശങ്ങളും ചെന്ന് കാണുന്ന ആര്‍ക്കും മനസ്സിലാകും, പാറ പൊട്ടിച്ചും മലയിടിച്ചും ഭൂമിക്ക് ഏല്‍പ്പിച്ച ആഘാതമാണ് അതിന് വഴിവെച്ചതെന്ന്. വയലുകളും തോടുകളും കുളങ്ങളും  തണ്ണീര്‍ത്തടങ്ങളും തൂര്‍ത്ത് കെട്ടിടങ്ങള്‍ പണിതത് പ്രളയദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും നാശനഷ്ടങ്ങള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

ഭൂമിയെ കൊല്ലുന്ന വികസനം  നാടിന്റെ നാശത്തിനാണ് നിമിത്തമാവുകയെന്ന് ഇനിയാര്‍ക്കും നിഷേധിക്കാനാവില്ല. 'എന്തുവിലകൊടുത്തും  നിന്നെ ഞാന്‍ സ്വന്തമാക്കും' എന്ന് പറഞ്ഞ മനുഷ്യനോട് 'ഒരു വിലയും തരാതെ നിന്നെ ഞാന്‍ സ്വന്തമാക്കും' എന്ന് ഭൂമി മറുപടി പറഞ്ഞതായി ആപ്ത വാക്യമുണ്ട്. പ്രകൃതിയോട് പോരടിച്ച് നാം കെട്ടിപ്പൊക്കുന്നതൊക്കെയും ക്ഷണനേരം കൊണ്ട് നശിച്ചതിന് നാം സാക്ഷികളായതാണല്ലോ.

കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ വികസനം ഭൂമിക്കിണങ്ങുന്നതും ആവാസ വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കുന്നതുമാകണമെന്ന് വിളിച്ചു പറയുന്നവരെ വികസനവിരോധികളെന്ന് ആക്ഷേപിക്കുന്നതിനു അറുതി വരുമെന്ന് പ്രതീക്ഷിക്കാം; പുതിയ വികസന സംസ്‌കാരം വളര്‍ന്നു വരുമെന്നും. കേരളം കണ്ട  ഏറ്റവും കടുത്ത പ്രളയക്കെടുതിയില്‍നിന്ന് ഇത്രയെങ്കിലും പഠിക്കാന്‍ നമുക്കായില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പു നല്‍കില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍