പൂളേംകുന്നന്‍ മുഹമ്മദ് എന്ന കുഞ്ഞാന്‍ ഹാജി
മലപ്പുറം വടക്കാങ്ങര നുസ്രത്തുല്‍ അനാം ട്രസ്റ്റ് സ്ഥാപകാംഗവും സെന്‍ട്രല്‍ ഘടകത്തിലെ മുതിര്‍ന്ന അംഗവുമായ കുഞ്ഞാന്‍ ഹാജി വിട പറഞ്ഞു. ചെറുപ്പത്തില്‍ കാര്യമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. വായനയിലൂടെയും ഖുര്‍ആന്‍ ക്ലാസ്സുകളിലും ഹല്‍ഖായോഗങ്ങളിലുമുള്ള കൃത്യമായ പങ്കാളിത്തത്തിലൂടെയും ദീനി വിജ്ഞാനവും കാഴ്ചപ്പാടുമുള്ള വ്യക്തിയായി അദ്ദേഹം വളര്‍ന്നു. മര്‍ഹൂം അബ്ദുല്‍ ഖാദിര്‍ മൗലവി ആദ്യകാലങ്ങളില്‍ വടക്കാങ്ങരയുടെ വിവിധ പ്രദേശങ്ങളില്‍ ആഴ്ചതോറും രാത്രികാലങ്ങളില്‍ നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസ്സുകളില്‍ അദ്ദേഹത്തിന്റെ വലംകൈയായി പെട്രോള്‍ മാക്‌സുമായി കുഞ്ഞാന്‍ ഹാജിയുമുണ്ടായിരുന്നു.
പുഞ്ചിരിയോടെയും നര്‍മം കലര്‍ന്ന കുശലാന്വേഷണങ്ങളിലൂടെയും പ്രായഭേദമന്യേ എല്ലാവരുമായും അടുത്ത് ഇടപഴകി. മനസ്സില്‍ ഒന്നും ഒളിച്ചു വെക്കാതെ താന്‍ ശരിയെന്നു കരുതുന്ന കാര്യം തുറന്നു പറയുന്ന പ്രകൃതമായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ അദ്ദേഹം കാണിച്ചിരുന്ന കണിശത മാതൃകാപരമായിരുന്നു. വലിയ സാമ്പത്തിക ശേഷിയില്ലെങ്കിലും നാട്ടിലെ എല്ലാ നല്ല സംരംഭങ്ങളെയും അകമഴിഞ്ഞ് സഹായിച്ചു. തുച്ഛമായ തന്റെ ഭൂസ്വത്തില്‍ നിന്ന് നാട്ടിലെ ഒരു പാവപ്പെട്ട സഹോദരന് വീട് വെക്കാന്‍ അഞ്ചു സെന്റ് സ്ഥലം അദ്ദേഹം നല്‍കുകയുണ്ടായി. താന്‍ കണ്ട ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈകൊണ്ടത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജീവിതാവസാനംവരെ ട്രസ്റ്റ് യോഗങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
Comments