Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍

റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അക്ബര്‍ ഖാന്‍ എന്ന 28-കാരന്‍ ആള്‍ക്കൂട്ട കൊലക്ക് ഇരയായി എന്നതാണ് വിരോധാഭാസം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ഗോ രക്ഷയുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊല നാലിരട്ടി വര്‍ധിച്ചുവെന്നാണ് കണക്ക്. 2010-ല്‍ അഞ്ചു ശതമാനമെന്നത് 2017 ആയപ്പോള്‍ 20 ശതമാനമായി ഉയര്‍ന്നു. സംഘ് പരിവാരങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 84 ശതമാനം മുസ്‌ലിംകളും 16 ശതമാനം ദലിതരുമാണ് ഇരകള്‍. ആള്‍ക്കൂട്ടം, നിയമം കൈയിലെടുത്ത് നടത്തിയ ഇത്തരം ആക്രമണങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ ഭൂരിപക്ഷവും ബി.ജെ.പി വാഴുന്നവയാണ്. ഗോരക്ഷകരെന്ന് അവകാശപ്പെട്ട് രംഗം കൈയടക്കുന്നവര്‍ യഥാര്‍ഥത്തില്‍ തനി തെമ്മാടിക്കൂട്ടമാണെന്നാണ് ഗുജറാത്തിലെ ഗവ. ചീഫ് സെക്രട്ടറി ജി.ആര്‍ ഗ്ലോറിയ പറയുന്നത്.

പെഹ്‌ലൂ ഖാനെ സംഘ് പരിവാരങ്ങള്‍ അടിച്ചുകൊന്നപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി പോലും ചെയ്തത്. ഗോരക്ഷാ ഗുണ്ടകളുടേത് ഒരു സത്കര്‍മമെന്ന് വിശേഷിപ്പിച്ച് പ്രശംസിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. പ്രധാനമന്ത്രി മോദിയുടെ 'ജനപ്രീതി' വര്‍ധിച്ചുവരുമ്പോള്‍ അതിനെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘവാല്‍ പ്രതികരിച്ചത്. അഖ്‌ലാഖിനെ വധിച്ച കേസിലെ പ്രതി ജയിലില്‍ വെച്ച് മരിച്ചപ്പോള്‍ അയാളുടെ മൃതദേഹം ത്രിവര്‍ണ പതാക പുതപ്പിക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ മുന്നോട്ടുവന്നത്, ഇത്തരം കൊലപാതകങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണക്കുള്ള തെളിവത്രെ. അഖ്‌ലാഖിനെ ആക്രമിച്ച 15 പേര്‍ക്ക് എന്‍.പി.ടി.സിയില്‍ മന്ത്രിയുടെ ശിപാര്‍ശയനുസരിച്ച് ജോലി കിട്ടി. കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനു പകരം ഇരകളുടെ കുടുംബത്തിനെതിരെയാണ് കേസുകള്‍ ഫയല്‍ ചെയ്യുന്നത്. പെഹ്‌ലൂ ഖാന്റെ കേസില്‍ അദ്ദേഹത്തിന്റെ സഹോദരന്നും സുഹൃത്തുക്കള്‍ക്കുമെതിരെ അനധികൃത പശുക്കടത്ത് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ തെളിവില്ലെന്നു പറഞ്ഞ് വിട്ടയക്കുകയും ചെയ്തു.

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലക്ക് വിധേയനായ മാംസ വ്യാപാരി അലീമുദ്ദീന്റെ കൊലയാളികളെ മാലയിട്ട് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ തയാറായി.

രാജ്യത്ത് പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ ബീഫ് തിന്നുന്നത് നിര്‍ത്തണമെന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ ഭീഷണി. പശുക്കടത്ത് അവസാനിപ്പിച്ചാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകുമെന്നാണ് രാജസ്ഥാനിലെ അന്‍വറില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹുജ പറഞ്ഞത്. പശുവിന് 'രാഷ്ട്ര മാതാവ്' പദവിയും സംരക്ഷണത്തിന് കര്‍ശന നിയമവും ഉണ്ടാക്കാത്ത പക്ഷം, പശുവിനെ ചൊല്ലിയുള്ള ആള്‍ക്കൂട്ട കൊലപാതകം അവസാനിക്കില്ലെന്ന് തെലങ്കാനയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് ലോധി താക്കീത് ചെയ്യുന്നു!

ബി.ജെ.പി ഭരണത്തില്‍ പുതിയ മാനം കൈവരിച്ച സംഘ് പരിവാര്‍ ഭീകരത സുപ്രീം കോടതിയുടെ ഇടപെടലും കര്‍ശന നിയമനിര്‍മാണവും കൊണ്ടുമാത്രം അവസാനിക്കുമെന്ന് കരുതുക വയ്യ. പ്രശ്‌ന പരിഹാരത്തിന് വഴി ഒന്നു മാത്രമാണ്, രാജ്യത്ത് മുടിയഴിച്ചാടുന്ന സംഘ് പരിവാര്‍ ഭീകരതക്ക് അന്ത്യം കുറിക്കാന്‍ മതേതര - ജനാധിപത്യ വിശ്വാസികളും സമാധാന കാംക്ഷികളുമായ സര്‍വ രാഷ്ട്രീയ സംഘടനകളും സാമൂഹിക സംഘടനകളും ഒറ്റക്കെട്ടായി അണിനിരന്ന് ആസുര സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് പിടിച്ചിറക്കുക.

 

 

 

തിരുത്ത്

പ്രബോധനം വാള്യം 75 ലക്കം 12-ല്‍ ഒരു പിശക് വന്നിരിക്കുന്നു. കെ.ടി ഹുസൈന്‍ എഴുതിയ 'രാഷ്ട്രീയ ഇസ്‌ലാം ആരുടെ അജണ്ട?' എന്ന ലേഖനത്തില്‍ 'വിശ്വസിച്ചവരേ നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കൂ' എന്ന ഖുര്‍ആന്‍ വചനത്തിന്റെ നമ്പര്‍ 1/49 എന്നാണ് കൊടുത്തിരിക്കുന്നത്. 2/208 എന്നതാണ് ശരി.

താഹിര്‍ മുഹമ്മദ്

 

 

 

പകര്‍ച്ച വ്യാധികളെ കരുതിയിരിക്കണം

പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് മരവിച്ചിരുന്ന കേരളം, ജാതി-മത-പാര്‍ട്ടി ഭേദമന്യേ അവരവരുടെ സുസജ്ജമായ സംവിധാനങ്ങള്‍ ഉപയോഗിച്ചും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും കൈയും മെയ്യും മറന്ന് കരുതലോടെ, കൂട്ടായി പ്രവര്‍ത്തിച്ചും പതിയെ പതിയെ ദുരന്തത്തെ അതിജീവിക്കുന്ന പ്രതീക്ഷാ നിര്‍ഭരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കരുണയുടെയും ആര്‍ദ്രതയുടെയും ഈ വറ്റാത്ത ഉറവകളുടെ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ തുടര്‍ന്നങ്ങോട്ട് അധികാരികള്‍ ശ്രദ്ധിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങള്‍ പലതുമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് പ്രളയക്കെടുതികളുടെ ഉപോല്‍പ്പന്നമായി പ്രതീക്ഷിക്കാവുന്ന പകര്‍ച്ചവ്യാധികളുടെ വ്യാപനം. 300-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ കൊടും പ്രളയത്തിന്റെ നാശനഷ്ടങ്ങളുടെ ആക്കം കുറക്കാന്‍ ആരോഗ്യ വകുപ്പും അനുബന്ധ ഏജന്‍സികളും ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കീഴ്ഘടകങ്ങളില്‍ പലപ്രദമായി എത്തിക്കേണ്ടതുണ്ട്. പ്രളയത്തെതുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഉരുള്‍പൊട്ടലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും കുത്തൊഴുക്കില്‍ ഉണ്ടായ ചെളി വെള്ളവും മാലിന്യവും മഹാരോഗങ്ങള്‍ പടര്‍ത്തുമെന്നതില്‍ സംശയമില്ല. നിറഞ്ഞൊഴുകിയ സെപ്റ്റിക് ടാങ്കുകളിലെ മലിനജലം തുറസ്സായ സ്ഥലങ്ങളില്‍ ഒഴുകി പരന്നിട്ടുണ്ട്. അത് ശുദ്ധജല സോത്രസ്സുകളില്‍ കലര്‍ന്ന് അവയെ മലിനമാക്കാനുള്ള സാധ്യതയും മുന്‍കൂട്ടി കണേണ്ടതാണ്. വളര്‍ത്തുമൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും മൃതാവശിഷ്ടങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ദുരന്തഫലങ്ങളും പഠനവിധേയമാക്കി മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം പൊട്ടി പുറപ്പെടുന്ന അണുക്കളും ജനിതക വ്യതിയാനത്തെ തുടര്‍ന്ന് (മ്യൂട്ടേഷന്‍) പരക്കുന്ന വൈറസുകളും മനുഷ്യന്റെ പ്രകൃതിയാലുള്ള പ്രതിരോധ ശക്തിയെ ഇല്ലായ്മ ചെയ്ത് മഹാമാരികളായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നതും വസ്തുതയാണ്. കോളറ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങളും വായുവിലൂടെയും  കൊതുകുകളിലൂടെയും എലികളിലൂടെയും പകരുന്ന മറ്റു പകര്‍ച്ചവ്യാധികളും ഭീഷണിയാണ്. അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തോടൊപ്പം അടിയന്തര പ്രാധാന്യത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട കാര്യം തന്നെയാണ് പകര്‍ച്ചവ്യാധികളുടെ നിര്‍മാര്‍ജനവും അതിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

 

 

 

'ലൈക് പേജ്'

ആഗസ്റ്റ് 17-ന്റെ ലൈക് പേജ് ചിന്തനീയം. ചരിത്രത്തിന് ചരമക്കുറിപ്പെഴുതല്‍ ഫാഷിസത്തിന്റെ പാഠഭാഗമാണ്. ഇത് ധാരാളം കേട്ടവരാണ് നാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ഭൂമികയിലെ അതിമഹത്തായ പുറങ്ങളാണ് മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റേത്. അതിലെ ധീരരായ ചരിത്ര പുരുഷന്മാരിലധികവും മുസ്‌ലിംകളായതുകൊണ്ട് തന്നെയാണ് ഫാഷിസ്റ്റ് മനഃസ്ഥിതിക്കാര്‍ അതിന് ചരമക്കുറിപ്പെഴുതി വരുന്നത്. അവര്‍ക്ക് 'ഹലേലുയ്യ' പാടാന്‍ അന്നും ഇന്നും ഇവിടെ അടിമത്ത മാനസരുണ്ട്. ഈ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒരിക്കലും ഭീരുക്കളോ 'വൈരം വിഴുങ്ങി'കളോ 'റാന്‍ മൂളി'കളോ ആയിട്ടില്ല. കഴുമരത്തില്‍ പിടഞ്ഞ് രക്തസാക്ഷിത്വം വരിച്ചവരോ ശരീരഭാഗങ്ങള്‍ വെട്ടിമുറിക്കപ്പെട്ട് കവലകളില്‍ കുത്തിനാട്ടപ്പെട്ടവരോ ആയിരുന്നു. പതുക്കെയാണെങ്കിലും സത്യം വിജയിക്കുമെന്നത് പ്രകൃതി നിയമം. അതിന്റെ ഉത്തമോദാഹരണമാണ് ശിഹാബ് പൂക്കോട്ടൂരിന്റെ കുറിമാനത്തിലുള്ള പെന്‍ഡുലം ബുക്‌സിന്റെ 'ആലിമുസ്‌ലിയാര്‍'.

അലവി വീരമംഗലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍