Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

പ്രളയം തകര്‍ത്ത മതിലുകള്‍

ബഷീര്‍ തൃപ്പനച്ചി

ഓരോ ദുരന്തവും ദുരിതത്തിന്റെ കാഴ്ചകള്‍ക്കൊപ്പം കണ്‍കുളിര്‍മയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. അത്തരം നന്മകളുടെ അനേകായിരം ബഹുവര്‍ണ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടത്. നിലക്കാത്ത മഴയേറ്റ് കേരളത്തിന്റെ മണ്ണില്‍ മാത്രമല്ല, കേരളീയരുടെ മനസ്സുകളിലുമാണ് ഉറവ പൊട്ടിയൊഴുകിയത്. സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും ആ ഉറവയാണ് ദുരിതാശ്വാസ സഹായങ്ങളായി പരന്നൊഴുകിയത്. വ്യവസായികള്‍, പ്രവാസികള്‍, കലാകാരന്മാര്‍, ചെറുകിട കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, മത സംഘടനകള്‍, യുവജന ക്ലബുകള്‍, വിദ്യാര്‍ഥി കൂട്ടായ്മകള്‍ തുടങ്ങി എല്ലാ മലയാളികളും സഹായ ഹസ്തങ്ങളുമായി ഒന്നായൊഴുകുകയായിരുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ക്കൊപ്പം ഇത്തരം ജനകീയ കൂട്ടായ്മകളും വിഭവ സമാഹരണം നടത്തിയപ്പോഴാണ് 'ഈ ക്യാമ്പില്‍ വിഭവ സഹായങ്ങള്‍ വേണ്ടതില്ല' എന്ന ബോര്‍ഡ് ചില ക്യാമ്പുകളിലെങ്കിലും ഉയര്‍ന്നത്.

ഈ നൂറ്റാണ്ടില്‍ കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രളയത്തെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മള്‍ നേരിടുകയായിരുന്നു. വീടുകളില്‍ വെള്ളം കയറി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന ആദ്യനിമിഷങ്ങളില്‍ കണ്ണുടക്കിയ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു: 'എന്റെ വീട് ചെറുതാണ്. എങ്കിലും ഒരു കുടുംബത്തിനു കൂടി ഇവിടെ സുഖമായി താമസിക്കാം. വീടു വിട്ടിറങ്ങേണ്ടിവന്ന ഒരു കുടുംബത്തെ എന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.' ദുരന്തമേഖലയില്‍നിന്ന് വരുന്ന ഓരോ മെസേജും വെറുതെ ഫോര്‍വേഡ് ചെയ്യാനുള്ളതല്ലെന്ന് ബോധ്യപ്പെടുത്തിയത് ഒരു പ്ലസ്ടു വിദ്യാര്‍ഥിയാണ്. 'ഇവിടെയാകെ ഇരുട്ടിലാണ്. ചുറ്റും ഒരാള്‍പ്പൊക്കത്തില്‍ വെള്ളമുള്ളതിനാല്‍ അടുത്ത ദിവസങ്ങളിലൊന്നും കറന്റ് വരാന്‍ സാധ്യതയില്ല. മെഴുകുതിരിയാവട്ടെ സമീപ പ്രദേശങ്ങളില്‍ പോലും സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു.' ആരോ പോസ്റ്റ് ചെയ്ത വാട്സ്ആപ്പ് സന്ദേശം ഫോണിലെത്തിയപ്പോള്‍  മലയാളിയുടെ പൊതു ശീലം പോലെ നാട്ടിലെ ഒരു ഗ്രൂപ്പിലേക്കത് ഫോര്‍വേഡ് ചെയ്തു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ആ പ്ലസ്ടുകാരന്റെ കാള്‍ വന്നത്. 'മൂന്ന് പാക്ക് മെഴുകുതിരിയും തീപ്പെട്ടികളും ഞാന്‍ വാങ്ങിയിട്ടുണ്ട്. എവിടെ ഏല്‍പ്പിച്ചാലാണിത് ആവശ്യമുള്ളിടത്ത് എത്തിക്കുക?' ഫോര്‍വേഡ് ചെയ്യാന്‍ മാത്രമുള്ള ഒരു മെസേജായിരുന്നില്ല അതെന്നും 'എന്നെ കൊണ്ടാവുന്നത് ഞാനും ചെയ്യാനുള്ള ആഹ്വാനം' അതിലടങ്ങിയിരുന്നുവെന്നും മനസ്സിലായതപ്പോഴാണ്. അവന്‍ നല്‍കിയ ആ പാഠം മുന്നില്‍ വെച്ച് വിഭവസമാഹരണത്തിന് പ്രാദേശിക സൗകര്യമൊരുക്കി. അതിനായി വാട്സ്ആപ്പ് സന്ദേശമയച്ചപ്പോള്‍ അതേറ്റെടുത്ത് വീടുകള്‍ കയറിയിറങ്ങി വിഭവങ്ങള്‍ ശേഖരിക്കാന്‍ മുന്നോട്ടുവന്നതും ജാതിമത ഭേദമന്യേ അവനെപ്പോലെയുള്ള ന്യൂജന്‍ ചെറുപ്പമായിരുന്നു. ജന്മദിനത്തിന് ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങാന്‍ ശേഖരിച്ച നാണയങ്ങള്‍ ദുരിതാശ്വാസ സഹായനിധിയിലേക്ക് നല്‍കിയ കുട്ടിയുടെയും വാര്‍ധക്യ പെന്‍ഷന്‍ കൈമാറിയ വൃദ്ധ ദമ്പതികളുടെയും ഉംറക്കായി സ്വരൂപിച്ച പണം നല്‍കിയ ഉമ്മയുടെയും വാര്‍ത്തകള്‍ നന്മയുടെ നിറക്കൂട്ടുകള്‍ ചാലിച്ചതായിരുന്നു.

മഴ പ്രളയമായി നാട്ടിലേക്കൊഴുകിയപ്പോള്‍ വീടുകള്‍ക്ക് മുന്നില്‍ നാം കെട്ടിപ്പൊക്കിയ മതിലുകള്‍ക്കൊപ്പം മനസ്സില്‍ മുന്‍വിധികളുടെ ശിലകളാല്‍ തീര്‍ത്ത ജാതിമത ബോധങ്ങളുടെ വേലിക്കെട്ടുകള്‍ കൂടിയാണ് തകര്‍ത്തെറിയപ്പെട്ടത്. ജാതിമതഭേദം മറന്ന രക്ഷാ പ്രവര്‍ത്തനമായിരുന്നു പിന്നീട്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിലാണ് പലരും ജീവിതത്തിന്റെ കരപറ്റിയത്. തൊട്ടുകൂടായ്മകള്‍ മനസ്സിലിപ്പോഴും ബാക്കിവെക്കുന്നവര്‍ക്കു പോലും കലങ്ങിമറിഞ്ഞൊഴുകുന്ന പ്രളയത്തിലേക്കത് തൂത്തെറിയേണ്ടിവന്നു. പല ജാതി മതക്കാര്‍ ഒരുമിച്ച് ഒരു ക്യാമ്പില്‍ ഉണ്ടുറങ്ങി. കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ തണുത്ത് വിറക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ മലയാളികളെ കണ്ടപ്പോള്‍ സൗജന്യമായി വിതരണം ചെയ്ത ഉത്തരേന്ത്യക്കാരന്‍ നമ്മുടെ വംശീയ ബോധത്തെ കൂടിയാണ് തിരുത്തിയത്. മഴ മാറി വെള്ളമിറങ്ങിയപ്പോള്‍ ചെളി കെട്ടിനില്‍ക്കുന്ന വീടുകള്‍ വൃത്തിയാക്കുന്നതിലെ കൂട്ടായ സേവന പ്രവര്‍ത്തനങ്ങളും ജാതിമത ശുദ്ധിബോധങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതായിരുന്നു. ചെളി നിറഞ്ഞ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും വൃത്തിയാക്കുന്നതില്‍ മുസ്ലിം സഹോദരങ്ങളുമുണ്ടായിരുന്നു. അമ്പലമുറ്റത്തെ പെരുന്നാള്‍ നമസ്‌കാരവും ചര്‍ച്ചിനകത്തെ ജുമുഅ നമസ്‌കാരവും ഈ പ്രളയം മലയാളിക്ക് സമ്മാനിച്ച മനോഹര കാഴ്ചകളായിരുന്നു. പ്രളയം തകര്‍ത്തത് നമുക്കിടയില്‍ ശക്തിപ്പെട്ടുവന്നിരുന്ന ജാതിയുടെയും മതത്തിന്റെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും വന്‍മതിലുകള്‍ കൂടിയായിരുന്നു. ദുരിതമൊഴിഞ്ഞ്  ജീവിതം  ശാന്തമായൊഴുകാന്‍ തുടങ്ങുമ്പോള്‍ പ്രളയത്തിലൊഴുക്കിക്കളഞ്ഞ ആ ജാതിമത രാഷ്ട്രീയങ്ങളുടെ വിദ്വേഷത്തിന്റെ മാറാപ്പുകളെ മലയാളികള്‍ വീണ്ടും കുടിയിരുത്തില്ലെന്ന് പ്രത്യാശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍