ഖുറൈശ് എന്നതിന്റെ വിവക്ഷ
ഖുറൈശ് എന്ന പദത്തെക്കുറിച്ച് വ്യത്യസ്തമായ നാല് അഭിപ്രായങ്ങളുണ്ട്. ഒന്ന്, 'ശിഥിലമായ ശേഷം ഉദ്ഗ്രഥിതമാവുക' എന്ന അര്‍ഥമുള്ള 'തഖര്‍റുശ്' എന്ന പദത്തില്‍നിന്നാണ് ഖുറൈശ് നിഷ്പന്നമായത്. ഹറമിനു പുറത്ത് ചിതറിക്കഴിഞ്ഞിരുന്ന 'ഖുറൈശി'കളെ നബി(സ)യുടെ നാലാമത്തെ പിതാമഹനായിരുന്ന ഖുസയ്യുബ്‌നു കിലാബ് ഹറമില്‍ കുടിയിരുത്തുകയായിരുന്നല്ലോ. മക്കയുടെ അധികാരവുമായും കഅ്ബയുമായും ബന്ധപ്പെട്ട ആറു ചുമതലകളും അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിലായിരുന്നു. ര്, പരിശോധിക്കുക എന്നര്‍ഥമുള്ള 'ഖര്‍ശ്' എന്ന പദത്തില്‍നിന്നാണ് 'ഖുറൈശ്' എന്ന പദമുണ്ടായത്. ഹജ്ജ് തീര്‍ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ചറിഞ്ഞ് പരിഹരിച്ചിരുന്നതിനാലാണ് ഈ പേരു വന്നതെന്നാണ് ഈ വാദക്കാര്‍ ഉന്നയിക്കുന്നത്.
മൂന്ന്, കച്ചവടത്തിലൂടെ പണം സമ്പാദിക്കുക എന്നര്‍ഥമുള്ള ഖര്‍ശ്, തഖര്‍റുശ് എന്ന പദത്തില്‍ നിന്നാണ് ഖുറൈശ് എന്നതിന്റെ ഉല്‍പത്തി. അക്കാലത്തെ പതിവുരീതികളായ കൊള്ള, കവര്‍ച്ച എന്നിവകളില്‍നിന്ന് അകന്ന് കച്ചവടത്തിലൂടെ പണമുണ്ടാക്കുക എന്നതായിരുന്നു ഖുറൈശികളുടെ രീതി. നാല്, മുആവിയ(റ)യുടെ ഒരു ചോദ്യത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ മറുപടിയനുസരിച്ച് 'ഖുര്‍ശ്' എന്നു പേരുള്ള ഒരു ഭീമന്‍ കടല്‍ ജീവിയുടെ പേരില്‍നിന്നാണ് ഖുറൈശ് ഉണ്ടായത്. ഈ ജീവിയെ മറ്റൊന്നിനും തിന്നാനാകില്ല. എന്നാല്‍ അത് മറ്റുള്ളവയെ തിന്നും. എല്ലാറ്റിലും മുകളിലെത്താന്‍ അതിനു കഴിയും. അതിന്റെ മീതെ എത്താന്‍ മറ്റൊന്നിനുമാവില്ല. ഖര്‍ശ് എന്നതിനു പകരം ഖുറൈശ് എന്നു പ്രയോഗിക്കുന്നത് ബഹുമാനപൂര്‍വമാണ്. പലതലങ്ങളിലും മികവു പുലര്‍ത്തിയ സമൂഹം എന്ന നിലയില്‍ ഖുറൈശ് എന്ന പദം മുന്‍ചൊന്ന അര്‍ഥങ്ങളിലെല്ലാം വിവക്ഷിക്കപ്പെടാവുന്നതാണ്. ഈ പറഞ്ഞതില്‍ മൂന്നും നാലും അര്‍ഥമാണ് സയ്യിദ് സുലൈമാന്‍ നദ്‌വി 'താരീഖു അര്‍ളില്‍ ഖുര്‍ആനി'ല്‍ കൊടുത്തിട്ടുള്ളത് (പേജ് 414, ദാറുല്‍ ഖലം പതിപ്പ്, അറബി വിവര്‍ത്തകന്‍. ഡോ. മുഹമ്മദ് അക്‌റം നദ്‌വി).
ഖുറൈശികളുടെ സമഗ്രമായൊരു ചരിത്രം 'താരീഖു ഖറൈശ്' എന്ന പേരില്‍ ഡോ. ഹുസൈന്‍ മുഅ്‌നിസ് രചിച്ചിട്ടുണ്ട്. അവരുടെ മതം, ഭാഷ, ചരിത്രം എന്നിവയെക്കുറിച്ച് ആധികാരികമായ വിവരണമാണ് സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ താരീഖു അര്‍ളില്‍ ഖുര്‍ആനിലുമുള്ളത്.
സൗജും ഇംറഅത്തും തമ്മിലുള്ള വ്യത്യാസം
'സൗജത്ത്' എന്ന വാക്ക് ഖുര്‍ആനില്‍ വന്നിട്ടില്ല. ആദര്‍ശം, ലക്ഷ്യം, മാര്‍ഗം എന്നീ കാര്യങ്ങളില്‍ ഒന്നായി പോകുന്നവര്‍ക്കേ സൗജ് എന്നു ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളു. കതകിന്റെ രണ്ടു പാളികളും ഒരുപോലെയാവണം. എന്നാല്‍ മാത്രമേ അതുകൊണ്ടു പ്രയോജനം ഉണ്ടാവൂ. ചെരുപ്പു രണ്ടും ഒരുപോലിരിക്കണം. എന്നാലേ അതുകൊണ്ടു നടക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തിലും ഇണകള്‍ ഒരേ ആദര്‍ശത്തിലും ലക്ഷ്യത്തിലും മാര്‍ഗത്തിലുമായിരിക്കണം. എന്നാല്‍ മാത്രമേ അവരില്‍ ശാന്തിയുണ്ടാവുകയുള്ളൂ. ''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു തന്നത്. നിങ്ങള്‍ പരസ്പരം ശാന്തി നുകരാന്‍'' (സൂറഃ അര്‍റും 21). അപ്പോള്‍ സൗജു-ഇണ-കളായിരുന്നാല്‍ മാത്രമേ അവര്‍ക്ക് ശാന്തിയും ആശ്വാസവും കിട്ടുകയുള്ളൂ എന്നര്‍ഥം.
'ഉസ്‌കുന്‍ അന്‍ത വ സൗജുകല്‍ ജന്നഃ' (നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിച്ചുകൊള്ളുക) എന്ന് ആദമിനോടും 'ഖുല്‍ലി അസ്‌വാജിക' (നിന്റെ ഇണകളോടു പറയുക) എന്ന് നബിയോടും പറയുന്നു. എന്നാല്‍ നബിമാരായിരുന്ന ലൂത്വി(അ)ന്റെയും നൂഹി(അ)ന്റെയും ഭാര്യമാരെപ്പറ്റി 'ഇംറഅത്തു ലൂത്വ്' എന്നും 'ഇംറഅത്തു നൂഹ്' എന്നുമാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ രണ്ടു പേരുടെയും ഭാര്യമാര്‍ നിഷേധികളായിരുന്നുവല്ലോ. അതേപോലെതന്നെയാണ് 'ഇംറഅത്തു ഫിര്‍ഔന്‍' എന്നു പറഞ്ഞതും. സ്ത്രീ വിശ്വാസിനിയും പുരുഷന്‍ കടുത്ത നിഷേധിയും.
വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് സന്താനലബ്ധി. സന്താന സൗഭാഗ്യം അല്ലാഹുവിന്റെ വിധിയനുസരിച്ചുമാണ്. ദമ്പതികളുടെ ഇടയില്‍ തവാഫുഖ് (പൂര്‍ണമായ യോജിപ്പ്) ഉണ്ടാവണമെങ്കില്‍ സന്താനങ്ങളുണ്ടാവണമല്ലോ. അതിനാല്‍ വന്ധ്യയായ സ്ത്രീയെയും ഖുര്‍ആന്‍ ഇംറഅത്ത് എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഖുര്‍ആന്റെ സൂക്ഷ്മമായ ഭാഷാപ്രയോഗമാണ്. യഹ്‌യ നബി (അ) ജനിക്കുന്നതിനു മുമ്പ് സകരിയ്യ നബി (അ) പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്: 'വ കാനത്തിംറഅത്തീ ആഖിറന്‍ ഫഹബ് ലീ മില്ലദുന്‍ക വലിയ്യാ' (എന്റെ ഇംറഅത്ത് വന്ധ്യയായിരിക്കുന്നു. അതിനാല്‍ നിന്റെ പക്കല്‍നിന്ന് ഒരു അനന്തരാവകാശിയെ നീ എനിക്കു നല്‍കേണമേ- സൂറഃ മര്‍യം: 5). എന്നാല്‍ യഹ്‌യാ (അ) ജനിച്ചതിനു ശേഷം അല്ലാഹു പറയുന്നതിങ്ങനെയാണ്: 'ഫസ്തജബ്‌നാ ലഹു വ വഹബ്‌നാലഹു യഹ്‌യാ വ അസ്‌ലഹ്‌നാ ലഹു സൗജഹു' (സൂറഃ അമ്പിയാഅ് 90). ''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കി. യഹ്‌യായെ നാം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൗജി-ഇണയെ-നെ നാം (ഗര്‍ഭധാരണത്തിന്) അനുയോജ്യമാക്കിക്കൊടുക്കുകയും ചെയ്തു.'' ഇവിടെ സൗജെന്നും ഇംറഅത്തെന്നും പ്രയോഗിച്ച സന്ദര്‍ഭം ഏതാണെന്ന് വളരെ വ്യക്തമാണല്ലോ.
Comments