ഇന്ത്യന്‍ സെക്യുലരിസത്തെ എന്തുകൊണ്ട് പിന്തുണക്കുന്നു?
ബ്രിട്ടനില്‍ ഉന്നതാധികാരത്തെ കുറിക്കാനുള്ള സാങ്കേതിക പ്രയോഗം ഇങ്ങനെയാണ്: 'പാര്‍ലമെന്റില്‍ രാജ്ഞി ദൈവത്തിനു കീഴെ' (Queen in Parliament under God). ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചുകൊടുക്കുന്നുണ്ടല്ലോ ഈ പ്രയോഗം. ബ്രിട്ടീഷ് രാജ കിരീടം ചൂടേണ്ടത് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയാവണമെന്ന് ഭരണഘടനാപരമായി തന്നെ നിര്‍ദേശിക്കപ്പെടുന്നുമുണ്ട്. ഭരണഘടനക്ക് തുല്യം എന്ന് കരുതപ്പെടുന്ന അരAct of Settlement-ലും Bill of Rights-ലും വളരെ വ്യക്തമായി ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: ''ഒരു കത്തോലിക്കാ രാജകുമാരന്‍ ഭരണം നടത്തിയാല്‍ അത് ഈ പ്രൊട്ടസ്റ്റന്റ് ഭരണകൂടത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കും അനുഗുണമാവില്ലെന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു'' (....it hath been found by experience that it is inconsistent with the safety and welfare of this Protestant Kingdom to be governed by a Papist Prince).
ബ്രിട്ടീഷ് രാജ്ഞിയുടെ / രാജാവിന്റെ ഭര്‍ത്താവ്/ ഭാര്യ വരെ പ്രൊട്ടസ്റ്റന്റ് ആയിരിക്കണമെന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള ചട്ടം.1
രാജാവിന്റെയോ രാജ്ഞിയുടെയോ കിരീടധാരണം നടക്കുന്ന സമയത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് ഓഫ് കാന്റര്‍ബറിക്ക് മുന്നില്‍ ഒരു പ്രതിജ്ഞ ചൊല്ലണം. പ്രതിജ്ഞ ചൊല്ലുന്നത് ചോദ്യോത്തര രൂപത്തിലായിരിക്കും. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ചോദിക്കും: 'ദൈവത്തിന്റെ നിയമങ്ങളും സുവിശേഷത്തിലെ അധ്യാപനങ്ങളും എല്ലാ അധികാരവുമുപയോഗിച്ച് താങ്കള്‍ നടപ്പാക്കുകയില്ലേ? നിയമാനുസൃതം സ്ഥാപിതമായ പ്രൊട്ടസ്റ്റന്റ് മതത്തെ ബ്രിട്ടനില്‍ നിലനിര്‍ത്താന്‍ താങ്കള്‍ താങ്കളുടെ മുഴുവന്‍ അധികാരങ്ങളും ഉപയോഗിക്കില്ലേ?'
കിരീടധാരണ സമയത്ത് രാജാവോ രാജ്ഞിയോ ഈ ചോദ്യങ്ങള്‍ക്ക് 'അതേ' എന്ന് മറുപടി പറയണം. പ്രതിജ്ഞയെടുക്കുന്ന രീതിയും അതിലെ വാക്കുകളുമെല്ലാം ബ്രിട്ടീഷ് രാജ്ഞിയുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങളോടെ കാണാം.2
നമുക്കെല്ലാവര്‍ക്കുമറിയാവുന്നതുപോലെ, ബ്രിട്ടീഷ് പാര്‍ലമെന്റിന് രണ്ട് സഭകളുണ്ട്- പ്രഭുസഭ (House of Lords) യും പൊതുസഭ (House of Commens)യും. പൊതുസഭ നമ്മുടെ ലോക്‌സഭ പോലെയാണ്. ജനപ്രതിനിധികളാണ് അതില്‍ ഉണ്ടാവുക. പക്ഷേ, ബ്രിട്ടീഷ് ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ്, നമ്മുടെ രാജ്യസഭയില്‍നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയില്‍ ലോക്‌സഭയും രാജ്യസഭയും അധികാരത്തില്‍ തുല്യത പുലര്‍ത്തുമ്പോള്‍, ബ്രിട്ടനില്‍ പ്രഭുസഭക്ക് മേല്‍ക്കൈ ലഭിക്കുന്നു. പൊതുസഭയെ നിരീക്ഷിക്കുകയാണ് അതിന്റെ ജോലി.3 പാര്‍ലമെന്റിന്റെ ഏറ്റവും പ്രധാന സഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ രണ്ടു തരം അംഗങ്ങളാണ് ഉണ്ടാവുക. സാധാരണ അംഗങ്ങളാണ് ഒരു വിഭാഗം. അവരെ Lords of Temporal എന്ന് വിളിക്കുന്നു. രണ്ടാമത്തെ വിഭാഗംLords of Spiritual അഥവാ ആത്മീയ നേതാക്കള്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 44 ബിഷപ്പുമാരില്‍ 26 ബിഷപ്പുമാരായിരിക്കും അതിലെ അംഗങ്ങള്‍. ഇവര്‍ ബിഷപ്പുമാരായി എന്നതല്ലാതെ, ആ സ്ഥാനത്തിരിക്കുന്നു എന്നതല്ലാതെ ഈ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ മറ്റൊരു മാനദണ്ഡവുമില്ല. യാതൊരു തെരഞ്ഞെടുപ്പു പ്രക്രിയയുമില്ലാതെ അവര്‍ അംഗങ്ങളാവുകയും നിയമാനുസൃതമായിത്തന്നെ ഭരണത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
അമേരിക്കന്‍ ഭരണഘടനയിലാണെങ്കില്‍, ദൈവത്തെ പേരെടുത്തു തന്നെ പറയുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഖണ്ഡികയില്‍ 'നാം നമ്മുടെ രക്ഷകന്റെ വര്‍ഷത്തില്‍ ഇതില്‍ ഒപ്പു വെക്കുന്നു' (We sign in the year of our Lord) എന്നുണ്ട്. അമേരിക്കയിലെ അമ്പതു സ്റ്റേറ്റുകളിലെ ഭരണഘടനയിലും ദൈവമോ ദൈവിക അധ്യാപനങ്ങളോ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഹവായിയുടെ ഭരണഘടനയില്‍ 'ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്' എന്നെഴുതിയിരിക്കുന്നു. ചില സ്റ്റേറ്റുകളിലെ ഭരണഘടനാ പരാമര്‍ശങ്ങള്‍ മാത്രം നാമിവിടെ എടുത്തെഴുതുകയാണ്. അലബാമ സ്റ്റേറ്റിന്റെ ഭരണഘടനയില്‍ ഇങ്ങനെയുണ്ട്: ''ഞങ്ങള്‍, അലബാമയിലെ പൊതുസമൂഹം, നീതി സ്ഥാപിക്കുന്നതിനും ആഭ്യന്തര സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനും, ഞങ്ങള്‍ക്കും ഞങ്ങളുടെ വരുംതലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനും, സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും അര്‍ഥിച്ചുകൊണ്ട്, അലബാമ സ്റ്റേറ്റിന്റെ ഭരണഘടനയും ഭരണരൂപവും താഴെ പറയും വിധമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു.''4
മസച്യൂറ്റ്‌സ് ഭരണഘടനയില്‍: ''ഞങ്ങള്‍ മസച്യൂറ്റ്‌സിലെ ജനങ്ങള്‍ വളരെ കൃതജ്ഞതാഭരിതമായ മനസ്സോടെ പ്രപഞ്ച നിയമദാതാവിന്റെ (ദൈവത്തിന്റെ) മഹത്വം അംഗീകരിക്കുന്നു; ആ ശക്തിയാണ് ഞങ്ങള്‍ക്ക് സമാധാനപരമായ രീതിയില്‍... ഒരു പുതിയ ഭരണഘടന ഉാക്കാന്‍ അവസരം നല്‍കിയത്... താഴെ പറയുന്ന അവകാശ പ്രഖ്യാപനങ്ങള്‍ക്കും ഭരണസംവിധാനത്തിനും ആ ശക്തിയുടെ മാര്‍ഗനിര്‍ദേശവും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''5 (ഫുള്‍ ടെക്സ്റ്റ് അടിക്കുറിപ്പില്‍).
ഈ ഭരണഘടനയുടെ ഭാഗം ഒന്ന്, ഖണ്ഡിക രണ്ടില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ബാധ്യതയാണ് ഈ മഹാ ആസ്തിക്യത്തിന്, മഹാനായ സ്രഷ്ടാവിന്, പരിപാലകന് ആരാധനയര്‍പ്പിക്കല്‍ എന്നു കൂടി എഴുതിച്ചേര്‍ക്കുന്നുണ്ട്.
അര്‍കന്‍സസ് സ്റ്റേറ്റിന്റെ ഭരണഘടനയുടെ 19-ാം ഖണ്ഡികയില്‍ (പേജ് 42) ഇങ്ങനെ കാണാം: 'ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് പൊതുമേഖലയില്‍ ജോലി നല്‍കപ്പെടുകയില്ല; കോടതികളില്‍ അവരുടെ സാക്ഷ്യം സ്വീകാര്യവുമല്ല.'
വടക്കന്‍ കരലൈന ഭരണഘടനയുടെ തുടക്കത്തില്‍ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിന്റെ സൂചനകള്‍ കാണാം: ''ഞങ്ങള്‍ വടക്കന്‍ കരലൈനയിലെ ജനങ്ങള്‍ സര്‍വ ദേശങ്ങളുടെയും പരമാധികാരിയായ സര്‍വശക്തനായ ദൈവത്തോട് കടപ്പെട്ടവരാണ്; അമേരിക്കന്‍ യൂനിയനെ സംരക്ഷിക്കുന്നതിന്, ഞങ്ങളുടെ സിവില്‍-രാഷ്ട്രീയ-മത സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിന്. ഞങ്ങള്‍ക്കും ഞങ്ങളുടെ തലമുറകള്‍ക്കും ആ അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ ആ ശക്തിയെയാണ് ഞങ്ങള്‍ അവലംബിക്കുന്നത്.''6 ദൈവനിഷേധികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കില്ലെന്നും അതില്‍ എഴുതിവെച്ചിരിക്കുന്നു.7
ഈ ഖണ്ഡികകളൊക്കെ അമേരിക്കന്‍ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ സ്റ്റേറ്റ് ഭരണഘടനകളില്‍ എഴുതിച്ചേര്‍ത്തതാണെന്നും ഇപ്പോഴവ കണക്കിലെടുക്കപ്പെടാറില്ലെന്നും സുപ്രീം കോടതിയില്‍ അവ ചോദ്യം ചെയ്യപ്പെടാറുണ്ടെന്നതുമൊക്കെ ശരിയായിരിക്കാം. ഇതൊക്കെ സെക്യുലര്‍ വീക്ഷണത്തിന് എതിരല്ലേ എന്ന ചര്‍ച്ചയും കോടതികളില്‍ നടക്കുന്നു. ഈ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും അത്തരം പരാമര്‍ശങ്ങള്‍ സെക്യുലരിസത്തിന് എതിരാണെന്ന് സമര്‍ഥിക്കാന്‍ കഴിഞ്ഞിട്ടില്ല.8
അപ്പോള്‍ സെക്യുലരിസത്തിന്റെ ആംഗ്ലോ-സാക്‌സന്‍ മോഡല്‍ പ്രകാരം രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ മതം പരാമര്‍ശിക്കുന്നതുകൊണ്ട് ഒരു തകരാറുമില്ല. ഒരു ഭരണാധികാരി ഇന്ന മതക്കാരനായിരിക്കണം എന്ന് ഉപാധി വെച്ചാലും അത് സെക്യുലര്‍ വിരുദ്ധമാവുന്നില്ല. തങ്ങള്‍ ദൈവിക നിയമങ്ങള്‍ അനുസരിക്കുമെന്ന് ഒരു ജനത തങ്ങളുടെ ഭരണഘടനയില്‍ എഴുതിവെച്ചാലും പ്രശ്‌നമൊന്നുമില്ല. ഈ സെക്യുലര്‍ വീക്ഷണമനുസരിച്ച്, ഒരു ഭരണാധികാരിക്ക് താന്‍ ഒരു പ്രത്യേക മതത്തിന്റെ നിയമാവലികള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് ശപഥമെടുക്കുക വരെ ചെയ്യാം. അപ്പോള്‍ എന്താണ് സെക്യുലരിസം? ഈ ചിന്താഗതിയനുസരിച്ച്, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കല്‍പിക്കാതിരിക്കുക, ഏതെങ്കിലുമൊരു മതം അടിച്ചേല്‍പിക്കാതിരിക്കുക എന്നതിന്റെ പേരാണ് സെക്യുലരിസം.
സെക്യുലരിസം ഇന്ത്യയില്‍
ഇനി ഇന്ത്യയിലേക്കു വരാം. ചരിത്രപരവും ഭാഷാപരവും മറ്റുമായ വിവിധ കാരണങ്ങളാല്‍ ഇന്ത്യക്കാരായ നമുക്ക് യൂറോപ്യന്‍ (ഫ്രഞ്ച് മാതൃക) സെക്യുലരിസത്തോടല്ല, ആംഗ്ലോ-സാക്‌സന്‍ സെക്യുലരിസത്തോടാണ് കൂടുതല്‍ അടുപ്പമുള്ളത്. ആംഗ്ലോ-സാക്‌സന്‍ ആശയങ്ങളാണ് നമ്മെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും. രണ്ട് നൂറ്റാണ്ട് കാലത്തോളം ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിലായിരുന്നല്ലോ. സ്വാഭാവികമായും അവരുടെ മത, രാഷ്ട്രീയ സമ്പ്രദായങ്ങളാണ് ഇവിടെ ആഴത്തില്‍ പതിഞ്ഞത്. ഇവിടത്തെ ചരിത്രപരവും സാമൂഹികവും മതപരവും മറ്റുമായ സവിശേഷ പശ്ചാത്തലം മുന്‍നിര്‍ത്തി ആംഗ്ലോ-സാക്‌സന്‍ മോഡലിനോട് അടുത്തു നില്‍ക്കുന്ന ഒരു സെക്യുലര്‍ മാതൃകക്ക് നാം രൂപകല്‍പന നടത്തുകയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചയുടന്‍ ഭരണഘടനാ രൂപവത്കരണ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഇതു സംബന്ധിച്ച് വിശദമായ ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയില്‍ പ്രഫ. കെ.ടി ഷാ വാദിച്ചത്, സെക്യുലരിസത്തിന്റെ യൂറോപ്യന്‍ (ഫ്രഞ്ച്) മാതൃക പിന്തുടരണമെന്നും ഭരണകൂടം ഒരു നിലക്കും മതത്തെ സഹായിച്ചുകൂടെന്നുമായിരുന്നു. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ചര്‍ച്ചകളുടെ സമാഹാരം പരിശോധിച്ചാല്‍ ഇതൊക്കെ കണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ഇതിനെ എതിര്‍ക്കുകയും ഈ നിര്‍ദേശം തള്ളപ്പെടുകയുമാണുണ്ടായത്. ഡോ. രാധാകൃഷ്ണന്റെ നിലപാടിനെയായിരുന്നു അസംബ്ലിയിലെ മിക്കവരും പിന്തുണച്ചത്. ഇന്ത്യയില്‍ സെക്യുലരിസത്തിന്റെ വിവക്ഷ യൂറോപ്പില്‍നിന്ന് കടം കൊണ്ടതല്ലെന്നും ഒരു മതത്തോടും പക്ഷം ചേരാതിരിക്കുക എന്നതിന്റെ പേരാണതെന്നും അദ്ദേഹം വളരെ വ്യക്തമായി തന്നെ എഴുതിവെച്ചിട്ടുണ്ട്: ''നാം ഇന്ത്യയില്‍ സെക്യുലരിസം എന്നു പറയുമ്പോള്‍ നാം അദൃശ്യ ശക്തികളുടെ അസ്തിത്വത്തെ നിരാകരിക്കുന്നുണ്ട് എന്നോ, ജീവിതത്തില്‍ മതത്തിനുള്ള പ്രസക്തി തള്ളിക്കളയുന്നുവെന്നോ, മതമില്ലായ്മയെ നാം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നോ അര്‍ഥമാക്കുന്നില്ല. സെക്യുലരിസം തന്നെ ഒരു ക്രിയാത്മക മതമായി മാറുമെന്നോ, സ്റ്റേറ്റിന് സവിശേഷമായ മതാധികാരങ്ങള്‍ നല്‍കപ്പെടുമെന്നോ എന്നും അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല. ഒരു മതത്തിനും (ഭരണകൂടം) സവിശേഷ പരിഗണന നല്‍കുകയില്ല എന്നാണ് നാം ഉദ്ദേശിക്കുന്നത്.''9
ഇന്ത്യന്‍ സെക്യുലരിസത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ഖണ്ഡികകളിലായി വിവരിച്ചിട്ടുണ്ട്. സുപ്രീം കോടതി അവയെ അവലംബിച്ചാണ് എപ്പോഴും സെക്യുലരിസത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഖണ്ഡിക 51 (മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ല), ഖണ്ഡിക 52 (അഭിപ്രായ സ്വാതന്ത്ര്യം, മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അത് പ്രബോധനം ചെയ്യാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം), ഖണ്ഡിക 26 (മതകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം) എന്നിവയാണവ. ഭരണഘടനയുടെ ഈ മൂന്നിടങ്ങളിലോ മറ്റു സെക്ഷനുകളിലോ മതവിരുദ്ധമായ യൂറോപ്യന്‍ ക്ലാസിക്കല്‍ സെക്യുലരിസത്തെ പിന്തുണക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിയില്ല എന്നതാണ് സത്യം.
ചില സുപ്രീം കോടതി വിധികള്‍ ഇന്ത്യന്‍ സെക്യുലരിസത്തിന്റെ വിവക്ഷ എന്ത് എന്ന് വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എസ്.ആര്‍ ബൊമ്മെ v/s യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിച്ചു: ''എല്ലാ മതവിഭാഗങ്ങളോടും യാതൊരു വിവേചനവുമില്ലാതെ തുല്യ രീതിയില്‍ പെരുമാറുക, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്നൊക്കെയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സെക്യുലരിസത്തിന്റെ വിവക്ഷ. ഈ രാഷ്ട്രത്തിലെ ഒരു പൗരന് അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അത് പ്രചരിപ്പിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. സ്റ്റേറ്റിനെ സംബന്ധിച്ചാണെങ്കില്‍ ഒരു പൗരന്റെയും മതമോ വിശ്വാസമോ ഒന്നും പരിഗണനാര്‍ഹമല്ല. എല്ലാ പൗരന്മാരും ഒരേ പരിഗണന അര്‍ഹിക്കുന്നുണ്ട്.''10
ഇത്തരം പരാമര്‍ശങ്ങളുള്ള വേറെയും വിധിപ്രസ്താവങ്ങള്‍ കാണാം. അവ തമ്മില്‍ ചിലപ്പോള്‍ വൈരുധ്യവും കണ്ടെന്നു വരും. പക്ഷേ അവയെല്ലാം അഭിപ്രായഭേദമില്ലാതെ ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്: ഇന്ത്യന്‍ സെക്യുലരിസമെന്നാല്‍ സമൂഹത്തെ മതത്തില്‍നിന്ന് വേര്‍പ്പെടുത്തുന്നതിന്റെ പേരല്ല; മതസഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സെക്യുലരിസം എന്ന വാക്ക് പല അര്‍ഥങ്ങളില്‍ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നുണ്ട്. യൂറോപ്യന്‍ നവോത്ഥാനകാലത്തെ തത്ത്വചിന്തയില്‍ സെക്യുലരിസത്തിന് നല്‍കപ്പെട്ട വ്യാഖ്യാനത്തില്‍നിന്ന് ലോകം ഇന്ന് വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. യൂറോപ്പില്‍ പോലും അതിന്റെ ക്ലാസിക്കല്‍ വിവക്ഷക്ക് ഏതാണ്ട് അന്ത്യം കുറിക്കപ്പെട്ടുകഴിഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സെക്യുലരിസം ഏത് മതത്തോട് ചേര്‍ന്നു നില്‍ക്കാനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു എന്നു മാത്രമല്ല, ഭരണകൂടത്തിനു തന്നെ ഏതെങ്കിലുമൊരു മതത്തെ ഔദ്യോഗികമായി സ്വീകരിക്കാനും അനുവാദമുണ്ട്. അതേസമയം ഇതിന്റെ പേരില്‍ വിവേചനം പാടില്ല. അവര്‍ക്ക് പൂര്‍ണ മതസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഈയൊരു വിവക്ഷയുമായി അടുത്തു നില്‍ക്കുന്നതാണ് ഇന്ത്യയിലെ സെക്യുലരിസം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാട്
ഈ വിഷയത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലപാടെന്ത് എന്നതാണ് ചോദ്യം. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഒരു പ്രമേയത്തില്‍ ഇക്കാര്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്:
''വിവിധ മതാനുയായികള്‍ക്കിടയില്‍ ഭരണഘടന യാതൊരൂു വിവേചനവും കല്‍പിക്കുന്നില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യയിലുള്ളത് ഒരു സെക്യുലര്‍ ഭരണ സംവിധാനമാണ്. മതത്തിന്റെ പേരില്‍ ഒരു പൗരനും അനീതിക്കിരയാവില്ലെന്നര്‍ഥം. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഓരോ പൗരനും താനിഷ്ടപ്പെടുന്ന വിശ്വാസം സ്വീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്... ഇന്ത്യന്‍ ഭരണഘടനയുടെ ഈ സവിശേഷതകള്‍ ദൈവിക സന്ദേശം എത്തിയിട്ടില്ലാത്ത ബഹുഭൂരിപക്ഷം ജീവിക്കുന്ന ഒരു പ്രദേശത്ത് ഇസ്‌ലാമിക പ്രബോധനത്തിന് വളരെ അനുഗുണമാണ്. അതിനാല്‍ ഫാഷിസ്റ്റ്, സര്‍വാധിപത്യ ഭരണരൂപങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് മേല്‍പറഞ്ഞ തരത്തിലുള്ള ജനാധിപത്യ-സെക്യുലര്‍ ഇന്ത്യ നിലനില്‍ക്കണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നു. പൗരന്മാരുടെ ഇത്തരം മൗലിക സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്ന, സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവരുടെ അവകാശത്തിനു മേല്‍ കടന്നുകയറുന്ന അധികാര പ്രവണതകളെ നിരാകരിക്കുകയും ചെയ്യുന്നു....
''തീര്‍ത്തും വിരുദ്ധമായ മറ്റൊരു വ്യാഖ്യാനവും സെക്യുലരിസത്തിന് നല്‍കപ്പെടുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. അതനുസരിച്ച് മതം സാമൂഹിക ജീവിതത്തില്‍ ഇടപെടുന്നത് തടയുന്നു എന്നു മാത്രമല്ല, വിദ്യാഭ്യാസ-മീഡിയാ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് മതബോധം ആര്‍ജിക്കുന്നതില്‍നിന്ന് ഓരോ വ്യക്തിയെയും വിലക്കുകയും ചെയ്യുന്നു. ഇതില്‍നിന്നെല്ലാം മുന്നോട്ടു പോയി, സോവിയറ്റ് യൂനിയനിലും ഇതര സോഷ്യലിസ്റ്റ് രാജ്യങ്ങളിലും വളരെ മാരകവും അപകടകരവുമായ വിവക്ഷ സെക്യുലരിസത്തിന് വന്നുചേരുകയുണ്ടായി. അവിടങ്ങളില്‍ നിരീശ്വരത്വത്തിന്റെ പര്യായമെന്നോണം സെക്യുലരിസം പ്രയോഗിക്കപ്പെടുകയും മതത്തിനെതിരെ കനത്ത പ്രോപഗണ്ടകള്‍ സംഘടിപ്പിക്കപ്പെടുകയും മത സ്വാധീനത്തെ പിഴുതുമാറ്റുക എന്നത് രാഷ്ട്രത്തിന്റെ നയമായി അംഗീകരിക്കപ്പെടുകയും ചെയ്തു. വ്യക്തിജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ ദൈവിക മാര്‍ഗദര്‍ശനത്തിന് യാതൊരു ഇടവും അനുവദിക്കില്ലെന്ന സെക്യുലരിസത്തെ കുറിച്ച ദൈവനിഷേധത്തോളം ചെന്നെത്തുന്ന ഈ മതവിരുദ്ധ വ്യാഖ്യാനം ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നു മാത്രമല്ല, ആത്മീയ-ധാര്‍മിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തീര്‍ത്തും അപരിചിതവുമാണത്. ഇത്തരമൊരു വ്യാഖ്യാനം ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലേക്കും ഭരണവ്യവസ്ഥയിലേക്കും കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്; അത് പ്രതിഷേധാര്‍ഹവുമാണ്.''11
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളത് ദീനിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) ആണ്. രാഷ്ട്രീയം തൊട്ട് ജീവിതത്തിന്റെ മുഴുമേഖലകളെയും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിപ്പണിയുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഘട്ടംഘട്ടമായി പൊതു സമൂഹത്തിന്റെ നിലപാടുകളില്‍ മാറ്റം വന്നതിനു ശേഷമേ അത് പ്രായോഗികമാവുകയുള്ളൂ. ലക്ഷ്യത്തിലേക്കുള്ള പ്രയാണം ക്രമപ്രവൃദ്ധമായാണ് നടക്കുക.
മൗലാനാ മൗദൂദി എഴുതുന്നു: ''നാം ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത് ശൂന്യതയിലല്ല, സംഭവലോകത്താണ്. സത്യം വിളിച്ചു പറയുക മാത്രമാണ് നമ്മുടെ ലക്ഷ്യമായിരുന്നെങ്കില്‍ നമുക്കത് നിര്‍വഹിച്ചു മതിയാക്കാമായിരുന്നു. പക്ഷേ ആ സത്യത്തെ സംസ്ഥാപിക്കാനാണ് നാം ശ്രമിക്കുന്നത്; അതിനു വേി സംഭവലോകത്ത് ഒരു വഴി വെട്ടിത്തെളിക്കാനും. അതിനാല്‍ ദര്‍ശനവും പ്രായോഗിക കര്‍മപദ്ധതിയും തമ്മില്‍ സന്തുലനം ഉണ്ടാക്കിക്കൊണ്ടേ നമുക്ക് മുന്നോട്ടു പോകാനാവൂ. ദര്‍ശനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും താല്‍പര്യം, നാം നമ്മുടെ കാഴ്ചപ്പാട് വ്യക്തമായി സമര്‍പ്പിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും അതില്‍ തല്‍പരരാക്കുകയും ചെയ്യുക എന്നതാണ്. പ്രായോഗിക സമീപനത്തിലേക്കും കര്‍മപദ്ധതിയിലേക്കും വരുമ്പോള്‍, ഘട്ടംഘട്ടമായേ അത് സാധ്യമാകൂ. ലോകത്തെ സംഭവങ്ങളെ നമുക്കനുകൂലമായി മാറ്റിയെടുക്കാനുള്ള യത്‌നങ്ങളുണ്ടാവണം. നമുക്ക് വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളെ തട്ടിമാറ്റുകയും വേണം. അതിനാല്‍തന്നെ അന്തിമ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന നമുക്ക് ഇടക്കാല ലക്ഷ്യങ്ങളോ (ദര്‍മിയാനീ മഖാസ്വിദ്), പെട്ടെന്ന് നേടാവുന്ന ലക്ഷ്യങ്ങളോ (ഖരീബുല്‍ ഹുസ്വൂല്‍ മഖാസ്വിദ്) വഴിമധ്യേ സ്വീകരിക്കുന്നതിന് തടസ്സമില്ല. മുന്നോട്ടു നീങ്ങാന്‍ അതൊക്കെ വേണ്ടിവന്നേക്കാം.''12
ഇടക്കാല ലക്ഷ്യങ്ങള്‍ മുഖ്യ ലക്ഷ്യത്തിലേക്ക് എത്തിക്കുമെങ്കില്‍ നമുക്കവ സ്വീകരിക്കാം. ഇബ്‌നു അഖീലിനെ അവലംബിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം ഇസ്‌ലാമിക രാഷ്ട്രീയത്തിന് ഒരു നിര്‍വചനം നല്‍കുന്നുണ്ട്. അതിപ്രകാരമാണ്: ''ജനങ്ങള്‍ നന്മയിലേക്ക് ഏറ്റവും കൂടുതല്‍ അടുക്കാനും തിന്മയില്‍നിന്ന് ഏറ്റവും കൂടുല്‍ അകലാനും കാരണമാക്കുന്നതെന്തോ അതാണ് (ഇസ്‌ലാമിക) രാഷ്ട്രീയം എന്ന് പറയുന്നത്; അക്കാര്യത്തില്‍ ദിവ്യ വെളിപാടോ പ്രവാചകന്റെ മാര്‍ഗനിര്‍ദേശങ്ങളോ വന്നിട്ടില്ലെങ്കിലും.''13
ഇസ്‌ലാമിന്റെ സന്ദേശം മനസ്സിലാക്കിയിട്ടില്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മുന്‍ഗണന എന്തായിരിക്കണം? ഇസ്‌ലാമിക പ്രബോധനത്തിനുതന്നെ എന്ന കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് കാര്യമായ ഭിന്നാഭിപ്രായമൊന്നുമില്ല. ബലപ്രയോഗവും രഹസ്യ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങളും ഒട്ടും സ്വീകാര്യമല്ല. പൊതുസമൂഹം തുറന്ന മനസ്സോടെ, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമിനെ അറിയട്ടെ. ആ ദര്‍ശനത്തിന്റെ പ്രസക്തിയും പ്രയോജനവും അവര്‍ക്ക് സ്വയം ബോധ്യപ്പെടട്ടെ. ശരിയാണ്, ഇതൊക്കെ സംഭവിക്കണമെങ്കില്‍ ഒരുപാട് കാലമെടുക്കാം. ഇവിടെയാണ് മൗലാനാ മൗദൂദി പറഞ്ഞ ഇടക്കാല ലക്ഷ്യങ്ങള്‍ വരുന്നത്. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പുള്ള ഈ ഇടക്കാലത്ത്, ഇസ്‌ലാമിക പ്രബോധനം സ്വസ്ഥമായും സ്വതന്ത്രമായും നടത്താനുള്ള അന്തരീക്ഷം നിലനില്‍ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമോ മുസ്‌ലിംകളോ വിവേചനങ്ങള്‍ക്കിരയാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏകാധിപത്യ, സര്‍വാധിപത്യ ഭരണ സംവിധാനങ്ങളെ ചെറുക്കുകയും സെക്യുലരിസത്തെ പിന്തുണക്കുകയും ചെയ്യുന്നത്. മതവിരുദ്ധ ആശയത്തെ പിന്തുണക്കുന്നു എന്ന് അതിന് അര്‍ഥമില്ല. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കാന്‍, വിവേചനങ്ങള്‍ക്കിരയാവാതിരിക്കാന്‍ ഇടക്കാല ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന നിലപാടായി അതിനെ കാണാം.
ഇത് സെക്യുലരിസത്തിന്റെ രാഷ്ട്രീയ വശം. കലകളിലും വിജ്ഞാനങ്ങളിലും സാമൂഹിക ജീവിതത്തിന്റെ മറ്റു മേഖലകളിലും ആഴത്തില്‍ പിടിമുറുക്കിയ മറ്റൊരു സെക്യുലരിസമുണ്ട്. ഇന്നത്തെ തത്ത്വശാസ്ത്രവും സയന്‍സും ടെക്‌നോളജിയും സകല ജ്ഞാനശാസ്ത്രങ്ങളും മതമൂല്യങ്ങളില്‍നിന്ന് മുക്തനായ മനുഷ്യനെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജീവിത പ്രശ്‌നങ്ങളില്‍ ദൈവവും അനുബന്ധ വിശ്വാസ പ്രമാണങ്ങളുമൊന്നും ഇടപെടേണ്ടതില്ല എന്ന തോന്നലിലേക്ക് അത് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണിത്. രാഷ്ട്രീയമുള്‍പ്പെടെ ജീവിതത്തിന്റെ നിഖില മേഖലകളിലും ദൈവിക മാര്‍ഗദര്‍ശനമാണ് ആവശ്യം എന്ന ബോധ്യത്തിലേക്ക് സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കെല്‍പുറ്റ കരുത്തുറ്റ ഡിസ്‌കോഴ്‌സുകള്‍ക്ക് നാം തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
കുറിപ്പുകള്‍
1. English Bill of Rights 1689, in the Avalon Project at i http://avalon.law.yale.edu/17th century/england.asp retrieved on 4-12-2017
2. ""Will you to the utmost of your power maintain the Laws of God and the true profession of the Gospel? Will you to the utmost of your power maintain in the United Kingdom the Protestant Reformed Religion established by Law?'' (https. royal.uk/coronation-oath-2 june-1953; retrieved on 4.12.2017)
3. Reidy, Aisling; Russel, Meg (June 1999), Second Chembers as Constitutional Guardians and Protectors of Human Rights, London: The Constitution Unit, School of Public Policy, University College, London, p.2
4. ""We, the poeple of State of Alabama, in order to establish justice, insure domestic tranquility, and secure the blessing of liberty to ourselves and our posterity, invoking the favor and guidence of Almighty God, do ordain and establish the following Constitution and form of goverment for the State of Alabama'' (അലബാമ ഭരണഘടനയുടെ ആമുഖം).
5. ""We, therefore, the people of Massachusetts, acknowledging, with grateful hearts, the goodness of the great Legislator of the Universe, in affording us, in the course of His providence, an opportunity, deliberately and peaceably, without fraud, violence or surprise, of entering into an original, explicit, and solemn compact with each other; and of forming a new constitution of civil government, for ourselves and posterity; and devoutly imploring His direction in so interesting a design, do agree upon, ordain and establish the following Declaration of Rights, and Frame of Government, as the Constitution of the Commonwealth of Massachusetts'' (മസച്യൂസെറ്റ്‌സ് ഭരണഘടനയുടെ ആമുഖം കാണുക).
6. ""We, the poeple of the State of North Carolina, grateful of Almighty God, the Sovereign Ruler of nations, for the preservation of the American Union and the existence of our civil, political and religious liberties, and acknowledging our dependence upon Him for the continuance of those blessings to us and our posterity, do, for the more certain security thereof and for the better government of this State, ordain and establish this Constitution''(വടക്കന്‍ കരലൈന ഭരണഘടന, ആമുഖം).
7. അൃശേരഹല ഢക, ടലരശേീി 8
8. ഇതു സംബന്ധമായ കോടതി വ്യവഹാരങ്ങളുടെ വിശദാംശങ്ങള്‍ക്ക് കാണുക: Kenneth D. Wald and Alison Brown: Religion and Politics in the United States; Rowman and Littlefield Publishers, Plymouth, 2010 P. 78-104
9. ""When India is said to be a secular state, it does not mean that we reject the reality of an unseen spirit or the relevance of religion to life, or that we exalt irreligion. It does not mean that secularism itself becomes a positive religion or that the state assumes divine prerogatives... We hold that not one religion shoud be given preferential status'' (Dr. S Radhakrishnan; Recovery of Faith; Goerge Alean & Unwin Ltd London;1955, പേജ് 202).
10. കേസിന്റെ വിശദാംശങ്ങള്‍ക്ക് നോക്കുക: http://www.legalserviceindia.com/article/1324-S-R- Bommai-v.-Union-of-india.html
11. മര്‍കസി മജ്‌ലിസ് ശൂറാ പ്രമേയങ്ങള്‍ (1961 മുതല്‍ 1997 വരെ) പ്രസാധനം: മര്‍കസി മക്തബ ഇസ്‌ലാമി, ന്യൂദല്‍ഹി.
12. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി: റസാഇല്‍ വ മസാഇല്‍ (നാലാം ഭാഗം), ഇസ്‌ലാമിക് പബ്ലിഷിംഗ് ലിമിറ്റഡ്, ലാഹോര്‍, 1965, പേജ് 305.
13. ഇബ്‌നുല്‍ ഖയ്യിം-അത്ത്വുറുഖുല്‍ ഹികമിയ്യ ഫിസ്സിയാസത്തിശ്ശര്‍ഇയ്യ (ഒന്നാം വാള്യം), മജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, ജിദ്ദ, പേജ് 29.
Comments