Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ഹൗസ് ഡ്രൈവര്‍ എന്ന ആടുജീവിതം കൂടി ഇല്ലാതാകുമ്പോള്‍....

കെ.പി നൗഷാദ് മാള

ഇന്ത്യയുടെ നവലിബറല്‍ പശ്ചാത്തലത്തില്‍ മുസ്‌ലിം ജനതയുടെ ആഭ്യന്തര വികസനമാതൃകയുടെ പൊരുള്‍ തേടിയുള്ള ഒരു അന്വേഷണമാണിത്. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ ജീവിതം വഴിമുട്ടി തിരിച്ചു വണ്ടികയറുന്നവരെയും, അവിടെ നിവാസികളായവരെയും കുറിച്ചുള്ള ഒരു ഏറ്റുപറച്ചില്‍.  ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി മുസ്‌ലിംകള്‍ എണ്ണത്തില്‍ അധികമാണെങ്കിലും വണ്ണത്തില്‍ കുറവാണെന്ന കാരണത്തിന്റെ പൊരുള്‍ തേടുന്നതും ഊതിപ്പെരുപ്പിച്ച കണക്കുകളും വര്‍ത്തമാനങ്ങളും കേട്ട് കര്‍ണപുടങ്ങളൊക്കെ നുരുമ്പിച്ചു തുടങ്ങിയതും, ഈ കുറിപ്പിനൊരു ഹേതുവായെന്നു പറയാം. ഗള്‍ഫില്‍ നടക്കുന്ന നാഷ്‌നലൈസേഷന്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉത്തമസമുദായമെന്ന മേലങ്കിയണിഞ്ഞവരെയാണല്ലോ. സുഊദിയില്‍ എന്നല്ല ഏതാണ്ടെല്ലാ ഗള്‍ഫ് നാടുകളിലും അവസാന ബെല്ലടിക്കാന്‍ കപ്യാര് ഊഴംകാത്ത് നില്‍ക്കുമ്പോള്‍ മലയാളി പ്രവാസികളുടെ ഹൃദയധമനികളുടെ ബ്രേക്കും ഏതാണ്ട് പോയ മട്ടാണ്. അവസാന കച്ചിത്തുരുമ്പായ ഹൗസ് ഡ്രൈവിംഗിലും ഇപ്പോള്‍ ഹാന്റ്‌ബ്രെയ്ക് വീണിരിക്കുന്നു. 

പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രായം നോക്കാതെ എവിടം വരെ പഠനം കൊണ്ടെത്തിക്കാമോ അതെല്ലാം പഠിച്ചുകഴിഞ്ഞാണ് മുന്‍കാലങ്ങളില്‍ പലരും ഗള്‍ഫില്‍ പോകാനുള്ള പാസ്‌പോര്‍ട്ടിനെക്കുറിച്ച്

ചിന്തിച്ചിരുന്നത്. അതിനാല്‍ അവരില്‍ ഭൂരിപക്ഷം പേരെയും ഇപ്പോള്‍ ഗള്‍ഫ്‌നാടുകളില്‍ നടക്കുന്ന നാഷ്‌നലൈസേഷന്‍ പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷേ, ഇത്തരക്കാര്‍ കേരള മുസ്‌ലിംകളില്‍ വളരെ കുറയും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നഴ്‌സുമാരും ചാര്‍ട്ടേഡ്അക്കൗണ്ടന്റുമാരും ബാങ്ക് ഉദ്യോഗസ്ഥരും മുതല്‍ മള്‍ട്ടിനാഷ്‌നല്‍ എണ്ണക്കമ്പനികളിലെ എഞ്ചിനീയര്‍മാരും ടെക്നീഷ്യന്മാരും വരെ നാഷ്‌നലൈസേഷന്റെ പേരില്‍ ഒഴിവാക്കപ്പെട്ടാല്‍ അറബ്‌നാടുകള്‍ നിശ്ചലമാകുമെന്നറിയാം. ആ സ്ഥാനത്തൊക്കെയിരിക്കാന്‍ പറ്റിയ സ്വദേശികള്‍ ഇപ്പോഴും തുഛമാണ്. ഇത്തരം ജോലികളില്‍നിന്നെല്ലാം കേരള മുസ്‌ലിംകള്‍ പൊതുവെ അകറ്റപ്പെട്ടതിന്റെ പ്രധാന കാരണം വിദ്യയുടെ കുറവ് തന്നെയായിരുന്നു.

പണ്ടൊക്കെ എട്ടാം ക്ലാസ് കഴിഞ്ഞ് തയ്യലും ഡ്രൈവിംഗും പഠിച്ച് ഗള്‍ഫിലേക്ക് വണ്ടികയറിയിരുന്നത് മാറി ഈ ന്യൂജെന്‍ യുഗത്തില്‍ ഫ്രീക്കന്മാര്‍ രണ്ടു മാസ 'മൊബൈല്‍ എഞ്ചിനീയറിംഗും' (മൊബൈല്‍ ടെക്‌നീഷ്യന്‍), ലിഫ്റ്റ് ടെക്‌നോളജിയും ആയി ഉയര്‍ന്നുവെന്നതാണ് ശരി. പത്രപരസ്യം കണ്ട് രണ്ടു മാസ കോഴ്സിലൂടെ 'എഞ്ചിനീയറായി'  അപ്പോഴത്തെ ഒരു മുട്ടുശാന്തി കിട്ടുമെന്നല്ലാതെ ഒരു പ്രഫഷനല്‍ കോഴ്സിലൂടെ കിട്ടുന്ന ജോലിയുടെ വരുമാനവും ഉയര്‍ച്ചയും ലഭ്യമല്ലെന്ന് ഇത്തരം കോഴ്‌സ് പഠിച്ച് പടിക്കു പുറത്തായവരില്‍നിന്ന് മനസ്സിലാക്കാം. വിദ്യാഭ്യാസത്തെ ഫോക്കസ് ചെയ്യുന്നത് ഗള്‍ഫില്‍ കാലുകുത്തിയാലുടനെ കിട്ടുന്ന ജോലിയെ ആശ്രയിച്ചാവുന്നതാണ് കുഴപ്പം. ഗള്‍ഫ് സാധ്യത അസ്തമിച്ചു നാട്ടില്‍പോയാലും ജീവിക്കണമെന്ന ധാരണയേ ഇല്ല! അതുകൊണ്ടുതന്നെ ഗള്‍ഫില്‍നിന്ന് നല്ലസമയത്ത് തിരിച്ചുപോരേണ്ടിവന്നാലും നാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അടുത്ത വിസക്ക് കാത്തുനില്‍ക്കുകയാണ് മലയാളി മുസ്‌ലിം പ്രവാസികള്‍.

ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് കിട്ടുന്നത്ര ഉദ്‌ബോധനങ്ങള്‍ ഭൂമിയില്‍ മറ്റൊരു കൂട്ടര്‍ക്കും കിട്ടുന്നില്ല. മദ്‌റസാ- ദര്‍സ് കാലഘട്ടം മുതല്‍ മരണംവരെ വെള്ളിയാഴ്ച ഖുത്വ്ബയും, സ്വന്തം മഹല്ലിലെ ഖുത്വുബ പോരാഞ്ഞിട്ട് വാട്ട്‌സ് ആപ്പ്, ഫെയ്സ്ബുക്ക്, യുട്യൂബ് വഴി ജി.സി.സി നാടുകളിലെയും അവരവരുടെ സംഘടനാ പള്ളികളിലെയും ഖുത്വ്ബ അടക്കം ഒരു ആഴ്ചയില്‍തന്നെ എത്രയധികം ഖുത്വ്ബകളാണ്! അതിനും പുറമെ മറ്റു ദീനീക്ലാസുകള്‍, വഅ്‌ള്, ഓണ്‍ലൈന്‍-സോഷ്യല്‍മീഡിയാ പ്രഭാഷണങ്ങള്‍ എല്ലാം കിട്ടിയിട്ടും ഇതൊന്നും കിട്ടാത്ത മറ്റുള്ളവരെക്കാള്‍ അവര്‍ പിന്നാക്കവും.

തൊട്ടതിനും പിടിച്ചതിനുമൊക്കെ

പാതിരാപ്രസംഗവും ക്ലാസ്സുകളും

നടത്തുന്ന മതപ്രഭാഷകരും സമുദായനേതാക്കളും ഉമ്മത്തിന്റെ ഗള്‍ഫ്ജീവിതത്തിലെ പ്രതിസന്ധിയെകുറിച്ച് ഒന്നും പറയാനില്ലാതെ വീണ്ടും വിണ്ടും നരകശിക്ഷയെക്കുറിച്ച് പറഞ്ഞു പേടിപ്പിക്കുകയാണ്. നമ്മള്‍ എത്രകാലം ഗള്‍ഫില്‍ കഴിയുമോ അത്രയും കാലം നമ്മുടെ സമുദായ പത്രപ്രസിദ്ധീകരണങ്ങള്‍ക്ക് വരിചേര്‍ത്ത് പ്രസിദ്ധീകരണങ്ങളും, സ്വര്‍ഗം കിട്ടാന്‍ നരകം പറഞ്ഞു പേടിപ്പിച്ച് അനാഥ-അഗതിമന്ദിരങ്ങളും പള്ളികളും പണിയാന്‍ പിരിവു വാങ്ങാനല്ലാതെ അവര്‍ക്കും മറുത്തൊന്നും ഉപദേശിക്കാനില്ല. എന്തുകൊണ്ടാണ് നാം നാട്ടിലെപോലെ ഗള്‍ഫിലും പിന്നാക്കക്കാരായത്? മാമുക്കോയ സിനിമപോലെ 'അസ്സലാമു അലൈകും' പറഞ്ഞ് അറബികളെ കൈയിലെടുത്ത് ജോലി നേടിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ഇനി ഏതു പാതിരാപ്രസംഗക്കാരനില്‍നിന്നാണ് നാം പ്രതീക്ഷിക്കുന്നത്! ഇപ്പോഴും നമ്മള്‍ ഖുര്‍ആന്‍- ഹദീസ് വാക്യങ്ങളെ പരലോകജീവിതവുമായി മാത്രം കൂട്ടിയോജിപ്പിച്ചാണ് വായിക്കുന്നത്. അവയെ ഇഹലോക ജീവിതവുമായി ബന്ധിപ്പിക്കാറില്ല. പാതിരാപ്രഭാഷണങ്ങളിലും 'ആധുനിക' ഖുര്‍ആന്‍-ഹദീസ് ക്ലാസ്സുകളിലും എല്ലാം അങ്ങനെത്തന്നെ.

'സ്വയംമാറാന്‍ തയാറാകാത്ത ഒരു ജനതയെയും അല്ലാഹു പരിവര്‍ത്തിപ്പിക്കില്ല' എന്ന ഖുര്‍ആനിക വാക്യത്തെ ആധുനിക കാഴ്ചപ്പാടില്‍ ഒന്ന് നിര്‍ധാരണം ചെയ്തുനോക്കുക. സ്വയംമാറാന്‍ തയാറാകാത്ത നമ്മെ പടച്ചവന്‍ മാറ്റുകയില്ലെന്നു പറയുമ്പോള്‍, നമ്മള്‍ ഇപ്പോഴും പാരമ്പര്യം പറഞ്ഞു പഴയതില്‍തന്നെ തൂങ്ങിക്കിടക്കുന്നു. സ്വയം മാറണമെന്ന് അല്ലാഹു കല്‍പിച്ചിട്ടും നമുക്കതിനു കഴിയുന്നില്ല. നമ്മെ കൂടാതെ ലോകംതന്നെ മാറിക്കൊണ്ടിരിക്കുന്നത് ഉറക്കത്തിലായ നാം കാണുന്നേയില്ല. 'ഒന്നില്‍നിന്ന് വിരമിച്ചാല്‍ താങ്കള്‍ അടുത്ത ഉദ്യമത്തിലേക്ക് തിരിയുക' എന്നും, 'നമസ്‌കാരം നിര്‍വഹിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിച്ചുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം തേടുക' എന്നും പറഞ്ഞത് എത്രയധികം മോട്ടിവേറ്റ് ചെയ്യുന്ന വര്‍ത്തമാനമാണ്! 'ഞെരുക്കത്തിനൊരു എളുപ്പമുണ്ട്' എന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ നാം ഞെരുങ്ങാന്‍ തയാറാകാതെ എളുപ്പം മാത്രം തേടിക്കൊണ്ടിരിക്കുന്നു. ആധുനിക മോട്ടിവേഷന്‍-കൗണ്‍സലിംഗ് ക്ലാസ്സുകളില്‍ കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ എത്ര അര്‍ഥവത്തായി നൂറ്റാണ്ടുകള്‍ക്കു മുന്നേ ഖുര്‍ആന്‍ വരച്ചിട്ടിരിക്കുന്നു! പ്രവാചകന്റെ ഒരു വചനം നാം പലവട്ടം കേട്ടിട്ടുണ്ടാകും; 'അന്ത്യനാള്‍ കണ്‍മുന്നില്‍ വന്നാല്‍പോലും നിന്റെ കൈയില്‍ ഒരുഫലവൃക്ഷത്തൈ ഉണ്ടെങ്കില്‍ അത് മണ്ണില്‍ നടുക.....!' ഖിയാമംനാള്‍ ഉറപ്പായാല്‍ കഅ്ബയിലോ ഏതെങ്കിലും പള്ളിയിലോ ഓടിക്കയറി പ്രാര്‍ഥിക്കൂ എന്നല്ലല്ലോ പറഞ്ഞത്! അതായത് ജീവിതപ്രതിസന്ധികളില്‍ തളരാതെ അവസാനശ്വാസംവരെ പ്രതീക്ഷവെച്ച് പണിയെടുക്കണമെന്ന സന്ദേശം ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് വിനിമയം ചെയ്യാനാവുക! നാം പണിയൊന്നുമെടുക്കാതെ പ്രാര്‍ഥിക്കുകയാണിന്ന്. 'ഒട്ടകത്തെ കെട്ടിയിട്ട് ദൈവത്തില്‍ ഭരമേല്‍പിക്കാന്‍' പറഞ്ഞതും താന്‍ പാതി ദൈവം പാതിയെന്ന കര്‍ത്തവ്യബോധത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അതല്ലാതെ, പരീക്ഷക്ക് പഠിക്കാതെ മന്ത്രിച്ചൂതിയ പേനകൊണ്ട് പരീക്ഷയെഴുതി തോല്‍ക്കാനല്ല. പരീക്ഷ ജയിക്കാന്‍ മന്ത്രിച്ചൂതിയപേനയും മറ്റു യന്ത്രങ്ങളുമുള്ളപ്പോള്‍ പഠിച്ചു സമയംകളയണോ എന്നാണ് 'ഖൗമി'ല്‍നിന്നുള്ള വിശേഷ വര്‍ത്തമാനം!

സമുദായ പത്രങ്ങളില്‍ വരുന്ന ചില ക്ലാസിഫൈഡ്പരസ്യങ്ങള്‍ ശ്രദ്ധിക്കാറില്ലേ? ഷവര്‍മമേക്കറെയും ജൂസ് മേക്കറെയും പൊറോട്ട മേക്കറെയും വേണം. വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് സംവരണം ചെയ്യപ്പെട്ട തൊഴില്‍ മേഖലകള്‍! ഈ പരസ്യങ്ങള്‍ മുത്തശ്ശിപ്പത്രങ്ങളിലൊന്നും കാണാറില്ല. കാരണം ഇവരെ കിട്ടണമെങ്കില്‍ സമുദായപത്രങ്ങളില്‍തന്നെ കൊടുക്കണം. ഗള്‍ഫില്‍ അവര്‍ക്ക് മാത്രമായി സംവരണംചെയ്യപ്പെട്ടതാണ് ഡ്രൈവര്‍മാര്‍ മുതല്‍ ഖദ്ദാമയും തബ്ബാക്കും മസ്റ തൊഴിലാളികളും വരെയുള്ളവ. ഏറ്റവുമൊടുവില്‍ സുഊദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പെര്‍മിഷന്‍ വന്നതോടെ, വീട്ടുതടവറയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന പതിനാലുലക്ഷത്തോളംപേര്‍, ജീവിതത്തില്‍ 'വട്ട' അല്ലാതെ മറ്റൊന്നും പിടിച്ച് പരിചയമില്ലാത്തതിനാല്‍ തൊഴില്‍രഹിതരായി 'വട്ടപ്പൂജ്യ'മായിപ്പോകുന്ന അവസ്ഥയാണ്. ഒരുപക്ഷേ അത് നല്ലൊരു വാര്‍ത്തയാണ്. ഇനിയെങ്കിലും ഒന്ന് തിരിഞ്ഞുനടക്കാന്‍ അത് കാരണമായെങ്കിലോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌