Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

കല്‍ബും ദൂമതുല്‍ ജന്‍ദല്‍ നഗരവും

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-65

ഖുളാഅ ഗോത്രത്തിന്റെ ഒരു ശാഖ തന്നെയാണ് കല്‍ബും. അറേബ്യയുടെ അങ്ങേയറ്റം വടക്കുള്ള ദൂമതുല്‍ ജന്‍ദല്‍ (ഇന്നത്തെ ജൗഫ്) ആയിരുന്നു അവരുടെ പ്രധാന നഗരം. പൗരാണിക അറേബ്യയില്‍ വളരെ പ്രാധാന്യമുണ്ടായിരുന്നു അതിന്. കാരണം വടക്കോട്ടേക്കും തെക്കോട്ടേക്കുമുള്ള കച്ചവട സംഘങ്ങളുടെ പാതകള്‍ ഇവിടെ വെച്ചാണ് പരസ്പരം മുറിച്ചു കടന്നിരുന്നത്. അരാം, ബാബിലോണിയ, ഈജിപ്ത്, ഇന്ത്യ തുടങ്ങി വിവിധ ദേശങ്ങളിലേക്കുള്ള പാതകളും ഇതുവഴിയാണ് കടന്നുപോവുക. എന്തിന്, മക്കക്കാര്‍ക്ക് വരെ സിറിയയിലേക്കോ ഇറാഖിലേക്കോ പോവണമെങ്കില്‍ ഇവിടം വരെ എത്തി തിരിഞ്ഞു പോവുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.1 മാരിദ്2 എന്ന പ്രശസ്തമായ കോട്ടയും വദ്ദ് എന്ന വിഗ്രഹം പ്രതിഷ്ഠിച്ച ദേവാലയവും ഇവിടെ ആയിപ്പോയതില്‍ അതിനാല്‍ തന്നെ ഒട്ടും അത്ഭുതമില്ല. ഖുര്‍ആന്‍ പരാമര്‍ശിക്കുക വഴി വദ്ദ് എന്ന പേര് അനശ്വരമാക്കപ്പെട്ടിട്ടുമുണ്ടല്ലോ. ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന പുരാവൃത്തങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്: നോഹയുടെ കാലത്തെ പ്രളയത്തില്‍ അന്നാട്ടുകാര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ ഒഴുക്കില്‍പെട്ട് ജിദ്ദയില്‍ വന്ന് അടിഞ്ഞിരുന്നത്രെ. അവ കണ്ടെത്തിയതാകട്ടെ, ജിന്ന് വിവരം കൊടുത്തതു പ്രകാരം, ഖസ്അമിക്കാരനായ അംറുബ്‌നു റബീഅയും! പിന്നെ ആ വിഗ്രഹങ്ങളെ അറേബ്യയിലെ വിവിധ ഗോത്രങ്ങള്‍ക്കായി വീതംവെച്ചു. ഇങ്ങനെയാണത്രെ കല്‍ബ് വംശജനായ ഔഫ് (ഔഫ് ബ്‌നു കിനാന ബ്‌നു ഔഫു ബ്‌നു ഉദ്‌റ ബ്‌നു സൈദല്ലാത് ബ്‌നു റുഫൈദ ബ്‌നു കല്‍ബ്) വദ്ദ് വിഗ്രഹത്തെ സ്വന്തമാക്കിയതും ദൂമതുല്‍ ജന്‍ദലില്‍ പ്രതിഷ്ഠിച്ചതും. ഖുളാഅക്കാരെല്ലാം അതിനെ പൂജിക്കാനും തുടങ്ങി.3 ഈ മേഖലയുടെ പ്രത്യേകത കൊണ്ടു തന്നെയാണ് ദൂമതുല്‍ ജന്‍ദലില്‍ ഓരോ വര്‍ഷവും സുപ്രധാനമായ ഒരു ചന്ത സംഘടിപ്പിക്കപ്പെട്ടിരുന്നത്. അതേസമയം, മേഖലയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം അറ്റമില്ലാതെ തുടര്‍ന്നുപോരുകയും ചെയ്തിരുന്നു. അവിടത്തെ ചന്തകളെക്കുറിച്ചും സാമ്പത്തിക ജീവിതത്തെക്കുറിച്ചുമുള്ള ഒരു സുപ്രധാന വിവരണം കാണുക:

'പ്രാഗ് ഇസ്‌ലാമിക കാലത്തെ അറേബ്യയില്‍ പല പേരുകേട്ട ചന്തകളും ഉണ്ടായിരുന്നു. അതിലൊന്നാണ് ഹിജാസിനും സിറിയക്കുമിടയിലെ ദൂമതുല്‍ ജന്‍ദലില്‍ നടന്നുവന്നിരുന്ന ചന്ത. റബീഉല്‍ അവ്വല്‍ മാസം ഒന്നുമുതല്‍ മാസാവസാനം വരെ തുടരും ഈ ചന്തദിനങ്ങള്‍. പിന്നെ അടുത്ത വര്‍ഷം അതേ കാലയളവില്‍ സംഗമിക്കാനായി അവര്‍ പിരിഞ്ഞു പോകും. ജദീല (ത്വയ്യ് ഗോത്രത്തിന്റെ ശാഖ)യും കല്‍ബുമാണ് പരിസരങ്ങളില്‍ താമസിച്ചിരുന്നത്. ഇവിടത്തെ അധികാരം ഇബാദി-സകൂനി വിഭാഗക്കാരനായ ഉകൈദറിനും കല്‍ബി വിഭാഗക്കാരനായ ഖുനാഫക്കുമിടയില്‍ തുടര്‍ച്ചയായി മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇബാദികള്‍ക്കാണ് ആധിപത്യമെങ്കില്‍ ചന്ത നടത്തുന്നത് അവരുടെ നേതാവ് ഉകൈദിര്‍ ആയിരിക്കും. ഗസ്സാനികള്‍ക്ക് (കല്‍ബികള്‍?) മേല്‍ക്കൈ ലഭിക്കുമ്പോള്‍ ഖുനാഫയായിരിക്കും നടത്തിപ്പുകാരന്‍. അധികാരക്കൈമാറ്റത്തിന് ഒരു രീതിയൊക്കെയുണ്ട്. കടങ്കഥ പറച്ചില്‍ പോലുള്ള ഒരു കളിയിലൂടെയാണ് അധികാരം ആര്‍ക്കാണെന്ന് നിശ്ചയിക്കുക. രണ്ട് ഗോത്രമുഖ്യന്മാരും ഓരോ കടങ്കഥ വീതം പറയും. ഇതില്‍ ജയിക്കുന്നവന്‍ ചന്ത നടത്താന്‍ നേതൃത്വം നല്‍കും. തോറ്റയാള്‍ ആ അവകാശത്തെ മാനിക്കും. ചന്തയില്‍ എന്ത് വില്‍ക്കണമെങ്കിലും ഈ നടത്തിപ്പുകാരന്റെ അനുവാദം വേണം. അതായത് തന്റെ ഉരുപ്പടികളൊക്കെ വിറ്റഴിച്ചിട്ടേ മറ്റുള്ളവര്‍ക്ക് വില്‍ക്കാന്‍ അനുവാദം നല്‍കൂ എന്നര്‍ഥം. മാത്രമല്ല, ചരക്കുകള്‍ക്ക് പത്തിലൊന്ന് നികുതിയും അയാള്‍ക്ക് ഈടാക്കാം. കല്‍ബ് ഗോത്രക്കാര്‍ നിരവധി അടിമകളെ (വേശ്യകളെ) ചന്തയില്‍ കൊണ്ടു വരുമായിരുന്നു. കമ്പിളി ടെന്റുകളാണ് അവരുടെ 'ജോലിസ്ഥലം.' ഈ ഗോത്രക്കാര്‍ സ്വന്തം ഗോത്രത്തിലെ യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുമായിരുന്നു. ഈ ചന്തയില്‍ ഏറ്റവും കൂടുതലായെത്തുന്നതും കല്‍ബ് ഗോത്രക്കാര്‍ തന്നെ. ചരല്‍ക്കല്ലെറിഞ്ഞുള്ള ഒരു തരം കച്ചവട രീതിയായിരുന്നു ഇവിടെ. ഒരു വസ്തു വാങ്ങാന്‍ ഒന്നിലധികം ആളുകള്‍ വന്നുവെന്നിരിക്കട്ടെ. അവര്‍ കച്ചവടക്കാരനോട് വിലപേശും. കച്ചവടക്കാരന്‍ പറഞ്ഞ വില സമ്മതമായവന്‍ ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ വസ്തു അവന്റേതായി. ഇനി ഒരേസമയം ഒന്നില്‍ കൂടുതലാളുകള്‍ വില സമ്മതമാണെന്ന് അറിയിച്ച് കല്ലെറിഞ്ഞാലോ, ആ കച്ചവടച്ചരക്ക് അവര്‍ക്കിടയില്‍ വീതിക്കേണ്ടി വരും. ചിലപ്പോള്‍ വാങ്ങാന്‍ വരുന്നവര്‍ ഒരു ധാരണയിലെത്തും. അവരില്‍ ഒരാളും കല്ലെറിയുകയില്ല. അപ്പോള്‍ സ്വാഭാവികമായും ഉടമ വില കുറയ്ക്കാന്‍ നിര്‍ബന്ധിതനാകും. യമനില്‍നിന്നും ഹിജാസില്‍നിന്നും കച്ചവടത്തിനെത്തുന്നവര്‍ മുദര്‍ വിഭാഗത്തിന്റെ ആവാസ ഭൂമിയിലൂടെ കടന്നുവരുമ്പോള്‍ സുരക്ഷക്കായി ഒപ്പം കൂട്ടുക ഖുറൈശികളെയായിരിക്കും. കാരണം മുദരികള്‍ മറ്റൊരു മുദരി ശാഖയെ കടന്നാക്രമിക്കുകയില്ല; മുദറിന്റെ സഖ്യകക്ഷികള്‍ തിരിച്ചും അങ്ങനെ ചെയ്യില്ല. അതിനാല്‍ കല്‍ബികള്‍ അവരെ ആക്രമിക്കില്ല. കാരണം അവര്‍ തമീം ഗോത്രവുമായി സഖ്യത്തിലാണ്. ബനൂ അസദുമായി സഖ്യമുള്ളതു കാരണം ത്വയ്യുകാരും കടന്നാക്രമണത്തിന് മുതിരില്ല. ഇത്തരം ഗോത്ര ധാരണകള്‍ സാര്‍വത്രികമായിരുന്നു. ഇനിയവര്‍ ഇറാഖിലേക്ക് പോവുകയാണെങ്കില്‍, ബനൂ ഖൈസു ബ്‌നു സഅ്‌ലബയുടെ ശാഖയായ ബനൂ അംറു ബ്‌നു മര്‍സദിന്റെ ആളുകളെയായിരിക്കും ഒപ്പം കൂട്ടുക. റബാഅ വിഭാഗത്തില്‍പെടുന്ന എല്ലാ ഗോത്രശാഖകളുടെയും ആവാസ പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ ഇത് മതിയാവും. പിന്നെ അവര്‍ പോകുന്നത് ഹജര്‍ മേഖലയിലെ മുശഖറിലേക്കാണ്. അവിടെയും ഒരു ചന്ത നടക്കുന്നുണ്ടായിരുന്നു, ജുമാദുല്‍ ആഖിറ ഒന്നു മുതല്‍ ആ മാസാവസാനം വരെ. കടല്‍ കടന്ന് പേര്‍ഷ്യക്കാര്‍ തങ്ങളുടെ കച്ചവടച്ചരക്കുകളുമായി ഇവിടെ എത്താറുണ്ട്. എല്ലാവരും തിരിച്ചു പോകുന്നത് ഇതേ വര്‍ഷം ഇതേ സമയം തിരിച്ചു വരാനാണ്.

കല്‍ബ് ഗോത്രത്തിന്റെ അയല്‍വാസികളായിരുന്നു അബ്ദുല്‍ ഖൈസ്, തമീം വിഭാഗക്കാര്‍. അല്‍മുന്‍ദിറു ബ്‌നു സാവായുടെ കുടുംബത്തിലെ ബനൂ അബ്ദില്ലാഹിബ്‌നു സൈദ് ശാഖയിലെ തമീമുകളായിരുന്നു ഇവിടത്തെ നാടുവാഴികള്‍. മേഖലയില്‍ അവരെ നിശ്ചയിക്കുക പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരായിരിക്കും. ബനുന്നസ്വ്ര്‍ നാടുവാഴികളെ ഹീറയിലും ബനുല്‍ മുസ്തക്ബിര്‍ നാടുവാഴികളെ ഉമാനിലും അവര്‍ നിശ്ചയിച്ചിരുന്നതുപോലെ. നേരത്തേപറഞ്ഞ മുശഖര്‍ നാടുവാഴികളായിരുന്നു ദൂമതുല്‍ ജന്‍ദലില്‍ ഭരണാധികാരികളെ പോലെ പെരുമാറിയിരുന്നത്. അവര്‍ പത്തിലൊന്ന് നികുതി ചുമത്തുകയും ചെയ്തിരുന്നു. അവിടെ പോകുന്നവരൊക്കെ ഖുറൈശികളുടെ എസ്‌കോര്‍ട്ട് ആവശ്യപ്പെടും. കാരണം മുദര്‍ അധിവാസമേഖല മുറിച്ചു കടന്നുകൊണ്ടു മാത്രമേ അവിടേക്ക് എത്തിച്ചേരാന്‍ പറ്റുമായിരുന്നുള്ളൂ.'4

കടങ്കഥ പറച്ചില്‍ പോലുള്ള മത്സരങ്ങളിലൂടെ തീര്‍ത്തും സമാധാനപരമായി, നിഷ്‌കളങ്കമായി ദൂമതുല്‍ ജന്‍ദലിലെ നാടുവാഴികളെ നിശ്ചയിച്ചിരുന്നുവെന്നത് അന്നത്തെ അറേബ്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതം തന്നെയാണ്. ഹിംസയും യുദ്ധവുമൊക്കെയായിരുന്നല്ലോ അവരുടെ പതിവു ശീലങ്ങള്‍.

ഇനി ഈ പ്രദേശത്തെ ജനവിഭാഗങ്ങള്‍ ആരൊക്കെയായിരുന്നു എന്ന് നോക്കാം. നമ്മളിപ്പോള്‍ നല്‍കിയ  ഉദ്ധരണിയില്‍ ഇബ്‌നുല്‍ കല്‍ബി, കല്‍ബ്, ജദീല, ഇബാദി-സകൂനി ഗോത്രങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതിന്റെയെല്ലാം ഉത്ഭവം യമനിലാണ്. അറേബ്യയുടെ വിദൂര തെക്കു ഭാഗത്തു നിന്നാണ് അവരുടെ വരവ്. ആ മേഖലയില്‍ അവര്‍ വളരെ മുമ്പേ എത്തിയിരിക്കണം. തെക്കന്‍ അറേബ്യയില്‍ അന്ന് മറ്റു അറബ് ഗോത്രങ്ങളൊന്നും ഉണ്ടായിരിക്കാനിടയില്ല. 'കല്‍ബ്' എന്നാല്‍ ഭാഷയില്‍ 'നായ' എന്നാണ് അര്‍ഥം. അവര്‍ നായ്ക്കളുടെ രൂപങ്ങളുണ്ടാക്കി ആരാധിച്ചിരുന്നുവെന്നോ അവയുടെ പിന്മുറക്കാരായി തങ്ങളെ സ്വയം കരുതിയിരുന്നുവെന്നോ എന്നൊന്നും ഇതിനര്‍ഥമില്ല. അറബികളുടെ പേരുകള്‍ മിക്കതും മൂന്ന് ഇനങ്ങളായി നമുക്ക് തിരിക്കാം; ചെടികളുടെ പേരുകള്‍, പറവകളുടെ പേരുകള്‍, മൃഗങ്ങളുടെ പേരുകള്‍. പിന്നെ ഒരു ആശയം ഉള്‍ക്കൊള്ളുന്ന പേരുകള്‍. ഔദാര്യവാന്‍, ധീരന്‍, വിജയി തുടങ്ങിയ അര്‍ഥങ്ങളുള്ള പേരുകള്‍ ഉദാഹരണം. നായക്ക് രണ്ട് ഗുണങ്ങളുണ്ട്; യജമാനനോടുള്ള വിശ്വസ്തത, അന്യരെ നിതാന്തം നിരീക്ഷിക്കല്‍. കല്‍ബ് എന്ന ഗോത്ര കുലപതിയുടെ മുത്തഛന്റെ പേര് തഗ്‌ലിബ് എന്നായിരുന്നു. കീഴടക്കുന്നവന്‍ എന്നാണതിന്റെ അര്‍ഥം. നിരന്തരം യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ഭൂപ്രദേശത്ത് സ്വാഭാവികമായും നായ, സിംഹം, കടുവ, പാറ പോലുള്ളവയുടെ ഗുണവിശേഷങ്ങളായിരിക്കും തന്റെ നവജാതന് പേരിടുമ്പോള്‍ ഒരു പിതാവിന് ആകര്‍ഷകമായി തോന്നുക. 'ഇബാദ്' വിഭാഗത്തെപ്പറ്റി നാം പറഞ്ഞല്ലോ. 'ആരാധന നടത്തുന്നവര്‍' എന്നാണതിന്റെ അര്‍ഥം. ചില വിവരണങ്ങള്‍ പ്രകാരം, യുദ്ധസന്ദര്‍ഭങ്ങളില്‍ അറബികള്‍ ഏറ്റവും വിലിപിടിപ്പുള്ളതായി കരുതിയിരുന്ന കുതിരകളെ ആയിരുന്നത്രെ ഈ വിഭാഗം ആരാധിച്ചിരുന്നത്. മഞ്ഞുറഞ്ഞ നാടുകളിലെ ചില വിഭാഗങ്ങള്‍ ചൂടിനെ പ്രതി സൂര്യനെ ആരാധിക്കുന്നതുപോലെത്തന്നെ.

കല്‍ബ്, ഇബാദ്, ത്വയ്യ് ഗോത്രങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നത് ശരിയാണെങ്കിലും പ്രവാചകന്റെ ആഗമനകാലത്ത്, ഉപരിപ്ലവമായിട്ടാണെങ്കിലും ഇവയിലെ എല്ലാ ശാഖകളും ക്രിസ്തുമതം സ്വീകരിച്ചു എന്ന് പറയുന്നത് ശരിയായിരിക്കില്ല. ത്വയ്യ് അധിവാസമേഖലയില്‍ ഫില്‍സ് വിഗ്രഹത്തിനും ദൂമതുല്‍ ജന്‍ദലില്‍ വദ്ദ് വിഗ്രഹത്തിനും ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നത് ഈ അനുമാനത്തെ ശരിവെക്കുന്നു. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം (ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പ്), കല്‍ബിന്റെ ഒരു ശാഖയായ ബനൂ അബ്ദില്ലയുമായി പ്രവാചകന്‍ സംസാരിക്കുന്നതിനിടെ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: 'അബ്ദുല്ല! അല്ലാഹുവിനെ ആരാധിക്കുന്നവന്‍, അവന്റെ അടിമ. എന്തൊരു മനോഹരമായ പേരാണ് നിങ്ങളുടേത്. ഏകദൈവത്വത്തില്‍ വിശ്വസിക്കാന്‍ നിങ്ങളാണ് ഏറ്റവും കൂടുതല്‍ യോഗ്യരായിട്ടുള്ളത്.' പക്ഷേ, അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.5

ദൂമതുല്‍ ജന്‍ദല്‍ മദീനയില്‍നിന്ന് വളരെ ദൂരെയായിരുന്നു. പതിനഞ്ച് ദിവസത്തെ വഴിദൂരമുണ്ട് അങ്ങോട്ടേക്ക്; മക്കയില്‍നിന്നാവുമ്പോള്‍ 27 ദിവസത്തെയും. അതുകൊണ്ടുതന്നെ ദൂമതുല്‍ ജന്‍ദല്‍ നിവാസികളുമായി നേരില്‍ ആശയവിനിമയം നടത്താന്‍ മദീനയിലെ ഭരണകൂടത്തിന് വളരെയേറെ സമയം വേണ്ടിവന്നു. ഹി. അഞ്ചാം വര്‍ഷം ദൂമതുല്‍ ജന്‍ദല്‍ ഭരണാധികാരി ഉകൈദിറിനെ ശിക്ഷിക്കാന്‍ പ്രവാചകനും സംഘവും ഹി. അഞ്ചാം വര്‍ഷം പടനീക്കം നടത്തിയിരുന്നുവെന്ന് മസ്ഊദി6 രേഖപ്പെടുത്തുന്നു. കാരണം, 'ചക്രവര്‍ത്തി ഹെറാക്ലിയസിന് (കിസ്‌റകള്‍?) കീഴിലുണ്ടായിരുന്ന അയാള്‍ മദീനയിലേക്ക് പോകുന്ന കച്ചവടസംഘങ്ങളെ കടന്നാക്രമിച്ചിരുന്നു.' ഈ പടനീക്കവും ഖന്‍ദഖ് യുദ്ധത്തിന് തൊട്ടുമുമ്പായി മദീനയെ കടന്നാക്രമിക്കാനുള്ള ഗൂഢനീക്കവും ഒത്തുവന്നതിനെക്കുറിച്ച് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്.

ദൂമതുല്‍ ജന്‍ദലിലെ നാടുവാഴിയെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ ഖൈബറിലെ ഗോത്രമുഖ്യന്മാര്‍ സ്വീകരിച്ച വഴികളെന്തായിരുന്നു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ്: അനുദിനം വര്‍ധിച്ചുവരുന്ന മദീനയിലെ ജനസംഖ്യ8യുടെ ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാഖ്-സിറിയ ഭാഗത്തുനിന്ന് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പ്രവാചകന്‍ തീരുമാനിച്ചിരുന്നു. വ്യാപാരസംഘങ്ങളുടെ സുരക്ഷ പ്രവാചകന്‍ ഇറാഖുകാര്‍ക്കും സിറിയക്കാര്‍ക്കും ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. മെസപ്പൊട്ടേമിയ ഭാഗത്തു നിന്നുള്ള തങ്ങളുടെ കാരവനുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ തന്നെയാവാം പ്രവാചകനോട് പരാതിപ്പെട്ടിട്ടുണ്ടാവുക. റബീഉല്‍ അവ്വലില്‍ തന്നെ പ്രവാചകന്‍ സൈന്യവുമായി പുറപ്പെടാന്‍ കാരണമുണ്ട്. ആ മാസമാണ് ദൂമതുല്‍ ജന്‍ദലില്‍ ചന്ത നടക്കാറുണ്ടായിരുന്നത്. ഉകൈദിറിനെയും കൂട്ടാളികളെയും ചന്തയില്‍ വെച്ച് കാണാനാവുമെന്ന് ഉറപ്പുമുണ്ടായിരുന്നു. മസ്‌കൂറുല്‍ ഉദ്‌രി എന്നയാള്‍ വഴികാട്ടിയിരുന്ന ഈ പടനീക്കത്തില്‍ നബിക്കൊപ്പമുണ്ടായിരുന്നത് ആയിരം പേര്‍. ഇബ്‌നു സഅ്ദ് പറയുന്നത് നബിയും സൈന്യവും അവിടെയെത്തിയപ്പോള്‍ ദൂമതുല്‍ ജന്‍ദലില്‍ ആരുമുണ്ടായിരുന്നില്ല എന്നാണ്. അത് അവിശ്വസനീയമായാണ് തോന്നുന്നത്. കുറേക്കൂടി സ്വീകാര്യമായി തോന്നുന്നത് ഇബ്‌നു ഹിശാമിന്റെ വിവരണമാണ്. വഴി പാതി പിന്നിട്ടപ്പോള്‍ പ്രവാചകന്‍ തിരിച്ചു പോന്നു എന്നാണതില്‍ പറയുന്നത്. ഇബ്‌നു സഅ്ദിന്റെ വിവരണത്തില്‍, പ്രവാചകന്‍ ഗത്വ്ഫാന്‍ അധിവാസ മേഖല മുറിച്ചുകടന്നു എന്നു പറയുന്നുണ്ട്.9 ഇതേ പടനീക്കത്തിലാണ് പ്രവാചകന്‍ ഗത്വ്ഫാന്‍ നേതാവായ ഉയൈനബ്‌നു ഹിസ്വ്‌നുമായി സഖ്യം ചേരുന്നതും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പരിധിയിലുള്ള തഗ്‌ലമൈനിലെ പുല്‍മേടുകളില്‍ കാലികളെ തീറ്റാനുള്ള അനുവാദം നേടിയെടുക്കുന്നതും. അതിനു മുമ്പ് ഉയൈന, ചില ആനുകൂല്യങ്ങള്‍ക്ക് പകരമായി മദീനാ അധിനിവേശ നീക്കത്തില്‍ പങ്കാളികളാവാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഗത്വ്ഫാനികളോ മറ്റോ ബുദ്ധിമോശം കാണിച്ചതിന്റെ ഫലമായിട്ടാവുമോ മദീന കീഴടക്കാനുള്ള ശത്രുക്കളുടെ ഗൂഢനീക്കം പ്രവാചകന്‍ മണത്തറിഞ്ഞത്? നല്ല സാധ്യതയുണ്ട്. അതിനാലാണ് തന്റെ ലക്ഷ്യസ്ഥാനമായ ദൂമതുല്‍  ജന്‍ദല്‍ വേണ്ടെന്നു വെച്ച് പ്രവാചകന്‍ മദീനയിലേക്കു തന്നെ തിരിച്ചുപോന്നത്. പിന്നെ മദീന ഉപരോധിക്കാന്‍ ശത്രുസംഘങ്ങള്‍ എത്തിച്ചേരുന്നതുവരെ പ്രവാചകന്‍ എങ്ങും പോയില്ല. ബനുല്‍ മുസ്വ്ത്വലിഖിനെ ശിഥിലമാക്കാന്‍ നടത്തിയ ഒരു നീക്കം മാത്രമാണ് അപവാദം.

 

(തുടരും)

കുറിപ്പുകള്‍

1. ഖല്‍ഖശന്ദി - സ്വുബ്ഹ്, IV, 292

2. ലിസാനുല്‍ അറബ് കാണുക

3. മുഹമ്മഖ്, പേ: 405

4. മുഹബ്ബര്‍, പേ: 263

5. ഇബ്‌നു ഹിശാം, പേ: 282-3

6. മസ്ഊദി - തന്‍ബീഹ് പേ; 248, ഇബ്‌നു സഅ്ദ് 2/I, പേ: 44

7. മഖ്‌രീസി പറയുന്നത് (I, 467) ഉകൈദിര്‍ പിന്നീട് ഇറാഖില്‍ സ്ഥിരതാമസമാക്കി എന്നാണ്. ഇബ്‌നു അസാകിറിന്റെ വിവരണത്തില്‍ (ക, 422) ഇറാനിയന്‍ ചക്രവര്‍ത്തിയില്‍നിന്ന് ഉകൈദിര്‍ സ്ഥാന വസ്ത്രം സ്വീകരിച്ചിരുന്നു എന്നാണ്. അദ്ദേഹം കൂറുമാറ്റം നടത്തിയിരുന്നുവോ?

8. ഇബ്‌നു ഹിശാം, പേ: 911, അബൂ ഉബൈദ് - അംവാല്‍, No: 1397, മഖ്‌രീസി I, 194

9. ഇബ്‌നു ഹിശാം, പേ: 668, ഇബ്‌നു സഅ്ദ് 2/I, പേ: 44-45

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌