Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ശാന്തപുരത്തെ പഠനമുറികള്‍

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന സംഭവങ്ങളോ സ്ഥാപനങ്ങളോ വ്യക്തികളോ ഉണ്ടാവുക സ്വാഭാവികമാണ്. ആ നിലക്ക് എന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ശാന്തപുരം ഇസ്‌ലാമിയ കോളേജ്; ഇന്നത്തെ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ. ഉപ്പയുടെ കവിഞ്ഞ താല്‍പ്പര്യവും ഹാജി സാഹിബിന്റെ കനത്ത നിര്‍ദേശവുമായിരുന്നു എന്നെ ശാന്തപുരത്ത് എത്തിച്ചത്. മുന്‍ വര്‍ഷത്തെ മുഴുസമയ മദ്‌റസാ പഠനം ശാന്തപുരത്തെ മുന്നില്‍ കണ്ടുള്ള ഒരു ഹ്രസ്വകാല പരിശീലനമായിരുന്നെന്ന് അവിടെയെത്തിക്കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. മദ്‌റസയിലെ ആ  മുന്നൊരുക്കം ശാന്തപുരത്ത് മൂന്നാം തരത്തില്‍ അഡ്മിഷന്‍ കിട്ടുന്നതിന് സഹായകമായി. എന്റെ സഹോദരങ്ങള്‍ അധികപേരും ശാന്തപുരത്ത് പഠിച്ചിട്ടുണ്ട്. അവരില്‍ ഞാനും കുഞ്ഞുമൊയ്തീന്‍ കുട്ടിയും ഇളയ സഹോദരി സ്വഫിയ്യയും കോഴ്‌സ്  പൂര്‍ത്തിയാക്കിയവരാണ്. യൂനുസ്  സലീമും അബ്ദുശുകൂറും അവിടെ കുറേ  വര്‍ഷങ്ങള്‍ പഠിച്ചെങ്കിലും  പൂര്‍ത്തിയാക്കിയില്ല.  യൂനുസ് സലീം  അവിടെനിന്ന് ചേന്ദമംഗല്ലൂരില്‍ പോയി പഠിച്ചു. എന്റെ മറ്റൊരു സഹോദരി ഫാത്വിമ ചേന്ദമംഗല്ലൂരില്‍  പഠിച്ചിട്ടുണ്ട്.  

എന്നെ ഞാനാക്കിയത് ശാന്തപുരവും എന്റെ ഉപ്പയും പിന്നെ അബുല്‍ ജലാല്‍ മൗലവിയുമാണെന്ന് നിസ്സംശയം പറയാം. തികഞ്ഞ ഏകാഗ്രതയും ആത്മീയതയും നിറഞ്ഞ ശാന്തപുരത്തെ പഠന മുറികള്‍ എനിക്കു നല്‍കിയത് അറിവിന്റെയും ഇസ്‌ലാമിക ചിന്തകളുടെയും അനന്തസാധ്യതകളായിരുന്നു. അവിടത്തെ അധ്യാപകര്‍, പാഠപുസ്തകങ്ങള്‍, ലൈബ്രറി, സംവാദങ്ങള്‍.... എല്ലാറ്റിനുമുപരി ആ കാമ്പസ് അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന വൈജ്ഞാനികവും ആധ്യാത്മികവുമായ അനുഭൂതി വിശേഷങ്ങള്‍ നമ്മെ ആനയിക്കുന്നത് നിര്‍വൃതിദായകമായ അനുഭവങ്ങളിലേക്കായിരുന്നു. മികച്ച ഭൗതിക സൗകര്യങ്ങളുടെ ഭ്രമങ്ങള്‍ക്കപ്പുറത്ത്, ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമുപരി, ഇത്തരമൊരു അന്തരീക്ഷത്തിന്റെ ചൈതന്യമാണ് നമ്മുടെ അകം നിറയ്ക്കുന്നത്.

ശാന്തപുരത്തെ ആദ്യ ദിനങ്ങള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങിട്ടതാണ് എന്നെ പ്രകോപിതനാക്കിയത്. വീടുമായുള്ള അകല്‍ച്ചയും ഉമ്മയുടെ അസാന്നിധ്യവും  വേദനയുണ്ടാക്കുന്നതായിരുന്നു. ഉമ്മയുമായി  വല്ലാത്തൊരു ആത്മബന്ധമായിരുന്നെനിക്ക്. മൂത്ത കുട്ടിയെന്ന നിലക്ക് തിരിച്ച് ഉമ്മക്ക് എന്നോടും. ചെറുപ്പം മുതലേ വയലിലും പറമ്പിലും ഓടിച്ചാടി നടന്നും കുളങ്ങളില്‍ നീന്തിയും പക്ഷികളെ പിടിച്ചും മറ്റും സ്വാതന്ത്ര്യം ആഘോഷിച്ച എനിക്ക് ശാന്തപുരം പാരതന്ത്ര്യത്തിന്റെ വേദനയായിരുന്നു തുടക്കത്തില്‍. ആദ്യമായി ശാന്തപുരത്ത് ചേര്‍ന്നപ്പോള്‍ അത് ഒരു ബൂട്ട് ക്യാമ്പ് ആയിട്ടാണ് അനുഭവപ്പെട്ടത്. ഒരു ബൂട്ട് ക്യാമ്പിലെ ദൈനംദിന ചര്യകള്‍ മിനിറ്റും മണിക്കൂറുകളും കണക്കാക്കി ചിട്ടപ്പെടുത്തിയതാണ്. അവരുടെ ട്രെയ്‌നിംഗ് അതിരാവിലെ അഞ്ചു മണിക്ക് തുടങ്ങി രാത്രി ഒമ്പതു മണിക്കാണ്  അവസാനിക്കുന്നത്. അതിനിടയില്‍ കൃത്യസമയത്ത് പരിമിതമായ ഭക്ഷണവും അങ്ങേയറ്റത്തെ ക്ഷമ പരീക്ഷിക്കുന്ന കായിക പരിശീലനങ്ങളും നടക്കും. ശാന്തപുരം കോളേജിലെ അന്നത്തെ ജീവിതവും ബൂട്ട് ക്യാമ്പിലെ ജീവിതവും സാമ്യമുള്ളതായിരുന്നു. കോളേജില്‍ ഓരോ വിദ്യാര്‍ഥിയും സ്വുബ്ഹ് നമസ്‌കാരത്തിന് മുമ്പായി എഴുന്നേല്‍ക്കുകയും നമസ്‌കാരത്തിന് ശേഷം ഒരു മണിക്കൂര്‍ ഖുര്‍ആന്‍ ഓതുകയും ചെയ്യണം. ശേഷം ഒരു ചെറു ബ്രേക് ഫാസ്റ്റ്. അതിനു ശേഷം പത്തു മണിക്ക് ഒരു കഞ്ഞിയുണ്ടാവും. പക്ഷേ പലരും അത് കഴിക്കുകയില്ല. കാരണം മിക്കപ്പോഴും അതത്ര നല്ലതായിരുന്നില്ല. ഫത്ഹുല്‍ മുഈന്‍ പ്രകാരം അരിയിലും പഴങ്ങളിലുമുള്ള പുഴുക്കള്‍ കഴിക്കുന്നത് തെറ്റല്ല എന്നായിരുന്നു ഫിഖ്ഹ്! ഞങ്ങളില്‍ പലര്‍ക്കും ആ കഞ്ഞി കുടിക്കാന്‍ ഇഷ്ടമായിരുന്നില്ല. ഇതു കൊണ്ടെല്ലാം തന്നെ അവിടെനിന്ന് ഒളിച്ചോടാന്‍ ഞാന്‍ പല പ്രാവശ്യം ശ്രമിച്ചു. ഒരു കൊല്ലത്തോളം പല പല അസുഖങ്ങളും പറഞ്ഞ് വീട്ടിലേക്കു മടങ്ങിയെങ്കിലും ഉപ്പ ദൃഢനിശ്ചയത്തോടെ അവിടേക്കു തന്നെ എന്നെ  തിരിച്ചയച്ചുകൊണ്ടിരുന്നു. ഇന്നാണെങ്കില്‍ രക്ഷിതാക്കള്‍ ഈ വിധത്തില്‍ കുട്ടികളെ നിര്‍ബന്ധിക്കുമെന്ന്  തോന്നുന്നില്ല. പല കാലത്തും പല സമീപനങ്ങളാണല്ലോ. എന്റെ ഒളിച്ചുചാട്ട മനോഭാവത്തെ തകര്‍ക്കാന്‍ പോന്ന ദൃഢനിശ്ചയമായിരുന്നു ഉപ്പക്കുണ്ടായിരുന്നത്. ഒരു വാശിയും വിലപ്പോകില്ലെന്നുറപ്പായതോടെ ഞാന്‍ അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു.  

ഒരു തടവറ പോലെ കോളേജ് അനുഭവപ്പെടാനുണ്ടായ മറ്റൊരു കാരണം നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സ്വഭാവമായിരുന്നു. അമിതമായ സ്വാതന്ത്ര്യം  അനുവദിച്ചിരുന്നില്ല. വീട്ടിലേക്കു പോകാനുള്ള അനുമതി ലഭിക്കാന്‍ മുമ്പേ കൊടുക്കുന്ന ആപ്ലിക്കേഷനുകള്‍! അവക്ക് വൈകി വരുന്ന മറുപടി! ഇതെല്ലാം എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു. എനിക്കോര്‍മയുണ്ട്, അന്നെന്റെ സഹപാഠിയും കവിയുമായിരുന്ന  കെ.എം ഹനീഫ് വീട്ടില്‍ പോകാനുള്ള അനുവാദത്തിനായി അബുല്‍ ജലാല്‍ മൗലവിയുടെ അരികെയെത്തി. അബുല്‍ ജലാല്‍ മൗലവി വലിയ ഗൗരവം തോന്നിക്കുന്ന വ്യക്തിയായിരുന്നതിനാല്‍  വിദ്യാര്‍ഥികള്‍ക്കു അദ്ദേഹത്തോട് സമ്മതം ചോദിക്കാന്‍ ഭയമായിരുന്നു. കെ.എം ഹനീഫ് നാട്ടില്‍ പോകാന്‍ സമ്മതം ചോദിക്കാനായി മൗലവിയുടെ മുമ്പില്‍ വന്നു വിറച്ചുകൊണ്ട് ഉപ്പ, വീട്.... എന്നിങ്ങനെ ഏതാനും വാക്കുകള്‍ ഉച്ചരിച്ചു.  'അര്‍ഥപൂര്‍ണമായ ഒരു വാചകത്തില്‍' (ജുംല മുഫീദ) കാര്യം പറഞ്ഞാല്‍ മാത്രമേ  നാട്ടില്‍ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് അബുല്‍ ജലാല്‍ മൗലവി അദ്ദേഹത്തോട് പറഞ്ഞു. ഒടുക്കം അനുമതി കിട്ടാനായി അദ്ദേഹത്തിന്റെ ഉപ്പാക്ക് ലക്കിടിയില്‍നിന്നും ശാന്തുപുരത്തേക്ക് കത്തയക്കേണ്ടി വന്നു. എന്നാലും ഹനീഫ് സാഹിബിനു ഇപ്പോഴും അബുല്‍ ജലാല്‍ മൗലവിയോട് വലിയ ബഹുമാനവും മതിപ്പുമാണ്. ഈയിടെ നാട്ടില്‍ വന്നപ്പോള്‍ പോലും അദ്ദേഹത്തെക്കുറിച്ച് ഹനീഫ് സാഹിബ് വളരെ ബഹുമാനപൂര്‍വം സംസാരിക്കുകയുണ്ടായി. അബുല്‍ ജലാല്‍ മൗലവി എപ്പോഴും വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വളര്‍ച്ചയിലും ഉന്നതിയിലും താല്‍പര്യം കാണിച്ചിരുന്ന ഒരു മഹാ വ്യക്തിയായിരുന്നു എന്നതാണ് കാരണം. 

അന്നത്തെ സാമ്പത്തിക നില ശാന്തപുരത്തെ ഭക്ഷണത്തിലും ഹോസ്റ്റലിലും കാണാമായിരുന്നു. ദാരിദ്ര്യത്താല്‍ സമൃദ്ധമായിരുന്നു ഭക്ഷണം. ഇടുങ്ങിയ കക്കൂസ് മുറിയാകട്ടെ പാതി മറച്ചതും വൃത്തി കുറഞ്ഞതും. ആഴ്ചയില്‍ ആറു ദിവസവും കുമ്പളങ്ങക്കറിയായിരുന്നു ശാന്തപുരത്തെ പതിവ്; ചിലപ്പോള്‍ പരിപ്പുമുണ്ടാകും. ആഴ്ചയിലൊരിക്കലാണ് പോത്തിറച്ചി. പല്ലില്‍ കുടുങ്ങാന്‍ പോലും തികയാത്ത ഒന്നോ രണ്ടോ ചെറിയ ഇറച്ചിക്കഷ്ണങ്ങള്‍ കണ്ട് ഭക്ഷണ ഹാളിലാകെ നെടുവീര്‍പ്പുയരും. അടുത്ത ആറു ദിവസത്തെ കുമ്പളങ്ങക്കറിയെ മനസ്സില്‍ കരുതി എല്ലാവരും ആ ഇറച്ചിക്കറിയിലൊരു ബിരിയാണി സുഖം കണ്ടെത്തി. 'യൗമുല്‍ മല്‍ഹമ' എന്നായിരുന്നു ഞങ്ങളാ ദിവസത്തെ വിശേഷിപ്പിച്ചിരുന്നത്. ഇറച്ചിക്കൊതിയുള്ള വലിയ കുട്ടികള്‍ അന്ന് വേലി പൊളിച്ച് മുന്നിലെത്താനായി ഓടുമായിരുന്നു. അതുകൊണ്ട് പലപ്പോഴും വേലി റിപ്പയര്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇറച്ചി ദിവസം പലപ്പോഴും ഒരു യുദ്ധം പോലെ ആയിരുന്നു. അതുകൊണ്ടാണ് ആ ദിവസത്തിന് 'യൗമുല്‍ മല്‍ഹമ' എന്ന് പ്രത്യേക പേരുവെച്ചിരുന്നത്. ഈ പദത്തിന് അറബിയില്‍ രണ്ടു അര്‍ഥങ്ങളുണ്ട്: ഒന്ന് മാംസം, മറ്റൊന്ന് യുദ്ധം. അതിനാല്‍ 'യൗമുല്‍ മല്‍ഹമ' എന്ന പേര് വളരെ അര്‍ഥവത്താണ്! ചില വികൃതികള്‍ ആരുമില്ലാത്ത നേരത്ത് മെസ്സ് ഹാളില്‍ ചെന്ന് കൂട്ടിയിട്ട കുമ്പളങ്ങക്ക് ഓട്ടകള്‍ വീഴ്ത്തുമായിരുന്നു. കുമ്പളങ്ങ കേടുവന്നാല്‍ മറ്റെന്തെങ്കിലും കറി കിട്ടുമല്ലോ! പക്ഷേ അതിന് പിറകെ ട്രക്കുകളില്‍ കുന്നുകൂടി വരുന്ന കുമ്പളങ്ങ ഞങ്ങള്‍ക്കൊരൊഴിയാ ബാധയായി. അല്‍ഹംദുലില്ലാഹ്! വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന്, അതില്‍ നിന്നെല്ലാം ഭിന്നമായി ശാന്തപുരം ഭൗതിക വികസനവും സാമ്പത്തിക ഭദ്രതയും കൈവരിച്ചിരിക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്.  

ബന്ധുക്കളും പരിചയക്കാരുമായി ഒട്ടേറെ പേരുണ്ടായിരുന്നു ശാന്തപുരത്ത്. ഹാജി സാഹിബിന്റെ സഹോദരിയുടെ  മകന്‍ ജമാലുദ്ദീന്‍ മൗലവിയെയാണ്  ഉപ്പ എന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. എന്റെ മേല്‍നോട്ടവും സംരക്ഷണവും അദ്ദേഹത്തിന്റെ കൈകളിലായിരുന്നു. ഹോസ്റ്റലിലെ ചിട്ടകളും മര്യാദകളും എനിക്ക് മനസ്സിലാക്കിത്തന്നത്, എന്നേക്കാള്‍ ഒരു വയസ്സിനു മൂത്ത എന്റെ ക്ലാസിലെതന്നെ ജമാല്‍ മലപ്പുറമാണ്. അദ്ദേഹം ഒന്നാം വര്‍ഷം മുതല്‍ അവിടെ പഠിക്കുന്നുണ്ടായിരുന്നു. തുണിയലക്കാനും പാത്രം കഴുകാനും തുടങ്ങി ഒട്ടുമിക്ക ദിനചര്യകളും  സ്‌നേഹ സൗഹാര്‍ദത്തോടെ ജമാല്‍ എന്നെ പഠിപ്പിച്ചു. വളരെ പെട്ടെന്നു തന്നെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സ്‌നേഹബന്ധം ഉടലെടുത്തു. ശാന്തപുരത്തെ എന്റെ മറ്റൊരു അടുത്ത കൂട്ടുകാരന്‍ വളാഞ്ചേരിക്കാരനായ പി.

വി അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു. ഞങ്ങള്‍ എടയൂരിലും ഒന്നിച്ചാണ് പഠിച്ചത്. അദ്ദേഹം ഹാജി സാഹിബിന്റെ അളിയനാണ്. എന്നെ പോലെ അദ്ദേഹവും ശാന്തപുരത്തുനിന്ന് പല പ്രാവശ്യം ഓടിപ്പോകാന്‍ ശ്രമിച്ചിരുന്നു. അവസാനം അദ്ദേഹം എത്തിപ്പെട്ടത് ഉമറാബാദിലാണ്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു എന്നാണ് ഇന്ന് അദ്ദേഹത്തിനു തോന്നുന്നത്. 

തീര്‍ച്ചയായും ശാന്തപുരവുമായി ഞാനിണങ്ങിച്ചേര്‍ന്നതു മുതല്‍ എനിക്കനുഭവപ്പെട്ടത് ഏറെ ഭിന്നമായൊരു വൈജ്ഞാനികാന്തരീക്ഷമാണ്. രണ്ടും വ്യത്യസ്തമായ രണ്ട് മാനസികാവസ്ഥകളായിരുന്നിരിക്കണം. അവിടത്തെ ജീവിതവും പഠനവും ഞാന്‍ ആസ്വദിച്ചു തുടങ്ങുകയായിരുന്നു. വായനയുടെയും അറിവിന്റെയും വാതിലുകള്‍ പതുക്കെയാണെങ്കിലും തുറന്നു കഴിഞ്ഞാല്‍ നാം പുതിയൊരു ലോകത്തേക്കായിരിക്കും പ്രവേശിക്കുക. അങ്ങനെയൊരു ലോകം മിക്ക കലാലയങ്ങളുടെയും ലൈബ്രറിയിലും വരാന്തയിലും മുറ്റത്തും മറ്റുമൊക്കെയുണ്ട്. പരിമിതികളെയും പ്രശ്‌നങ്ങളെയും പഴിച്ചിരിക്കാതെ അത്തരം വാതിലുകള്‍ തുറന്ന് അകത്തു കയറുന്ന വിദ്യാര്‍ഥികളാണ് പിന്നീട് വിജയിക്കുന്നത്. 

ശാന്തപുരത്തെ അടുക്കും ചിട്ടയും നിറഞ്ഞ ജീവിതം ഒരു കൊല്ലം കൊണ്ട് എനിക്ക് ശീലമായി. അങ്ങനെ വെറുതെ പാടത്തും വളപ്പിലും ഓടിനടന്നിരുന്ന ശീലം മാറി എന്നില്‍ വായനയിലും എഴുത്തിലും ആവേശവും താല്‍പര്യവും  വളര്‍ന്നു വന്നു. അറബിയിലും ഇംഗ്ലീഷിലും ഇടക്കിടെ മലയാളത്തിലും വല്ലപ്പോഴും ഉര്‍ദുവിലും പുസ്തകങ്ങളും മാസികകളും വായിക്കുക ശീലമായി. ലൈബ്രറിയില്‍ വരുന്ന പുതിയ പുസ്തകങ്ങളും മാസികകളും വായിക്കാനായി വിദ്യാര്‍ഥികള്‍ മത്സരിച്ചിരുന്നത്  എനിക്കിപ്പോഴും ഓര്‍മയുണ്ട്. എന്തുകൊണ്ടോ എനിക്ക് ചെറുപ്പം മുതലേ ഇംഗ്ലീഷില്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നു. അതിന്റെ കാരണം പിന്നീടാണ്  മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഞാന്‍ നോര്‍ത്ത് അമേരിക്കയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം നിര്‍വഹിക്കാനായിരുന്നു  അല്ലാഹുവിന്റെ വിധി. ഇതാകാം അല്ലാഹു എന്റെ മനസ്സില്‍ അങ്ങനെയൊരു താല്‍പര്യം സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ കിട്ടാവുന്ന എല്ലാ ഇംഗ്ലീഷ് പുസ്തകങ്ങളും മാസികകളും ന്യൂസ് പേപ്പറുകളും  ആവേശത്തോടെ  വായിക്കുമായിരുന്നു. അന്ന് എടയൂരില്‍നിന്ന് ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന ദ മെസ്സേജ് (The Message) മാസികയുടെ സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍.  റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയും ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയും  മറ്റും  കൃത്യമായി വായിക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും അസ്വ്ര്‍ നമസ്‌കാരത്തിനു ശേഷം കൈയില്‍ ഒരു പുസ്തകവുമായി ഞാന്‍ മലമുകളിലേക്ക്  നടക്കുമായിരുന്നു. മഗ്രിബ് സമയത്തുമാത്രമേ  മടങ്ങാറുണ്ടായിരുന്നുള്ളൂ.

ഇംഗ്ലീഷിനു പുറമെ അറബി സാഹിത്യത്തിലും കവിതയിലും വലിയ താല്‍പര്യമായിരുന്നു. ഇതെല്ലാം എനിക്ക്  ഉപരിപഠനത്തിന് വളരെ സഹായകമായിത്തീര്‍ന്നു. ഇംഗ്ലീഷിനോടുള്ള എന്റെ പ്രത്യേക താല്‍പര്യം അബുല്‍ ജലാല്‍ മൗലവിയും മറ്റ് അധ്യാപകരും പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്.

ശാന്തപുരത്തെ പണ്ഡിത സഭാതലവന്‍ അബുല്‍ ജലാല്‍ മൗലവി, അറബി സാഹിത്യത്തില്‍ അഗ്രഗണ്യനായിരുന്നു. തലയെടുപ്പുള്ള ആ അത്ഭുത പ്രതിഭ എല്ലാവരുടെയും ആദരപുരുഷനായി. ആ മഹാ വിദ്യാലയത്തിന്റെ സമസ്ത മേഖലകളും മൗലവിയുടെ ചിന്തകളാല്‍ സജീവമായി. ശാന്തപുരത്തെ പേരുകേട്ട ഒരു ഉയര്‍ന്ന സ്ഥാപനമാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അദ്വിതീയമത്രെ. ആ കാലഘട്ടത്തില്‍ യാഥാസ്ഥിതിക ചിന്തകളെ പിഴുതെറിഞ്ഞ്, സാഹിത്യത്തെയും വിവിധ ഭാഷകളെയും സര്‍വ വിജ്ഞാന-സംസ്‌കാര മേഖലകളെയും അദ്ദേഹം സ്വാഗതം ചെയ്തു. അറബി, ഇംഗ്ലീഷ് പ്രാവീണ്യം മൗലവിയുടെ വായന വിശാലമാക്കി. പല സമയങ്ങളിലും അദ്ദേഹം ഇംഗ്ലീഷിലെ ടൈം മാഗസിന്‍ വായിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംഘടനയില്‍നിന്നു മാത്രമല്ലാതെ പണ്ഡിതന്മാരെ സ്വാഗതം ചെയ്ത് കുട്ടികള്‍ക്ക് ഇല്‍മ് പകരുന്നതില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ചെറുതൊന്നുമല്ല. 

അദ്ദേഹം പലയിടത്തുനിന്നും പണ്ഡിതന്മാരെയും അധ്യാപകന്മാരെയും പ്രഫസര്‍മാരെയും തിരഞ്ഞുപിടിച്ചു കോളേജില്‍ കൊണ്ടുവരുമായിരുന്നു. സെക്യുലര്‍ സ്ഥാപനങ്ങളില്‍നിന്ന് പോലും പല പ്രഫസര്‍മാരെയും വിസിറ്റിംഗിന് കൊണ്ടുവന്നു. അഡ്വ. കുട്ടിയമ്മു സാഹിബ്, പ്രഫ. വി മുഹമ്മദ് സാഹിബ്, പ്രഫ. ശുകൂര്‍ സാഹിബ്, പ്രഫ. അബ്ദുസ്സലാം മൗലവി, പ്രഫ. അബ്ദുല്ല സാഹിബ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. തന്റെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നോര്‍ത്ത് ഇന്ത്യയില്‍നിന്ന് ഉര്‍ദു ഭാഷാ വിദഗ്ധരെ കൊണ്ടുവന്നതും ഭൗതിക വിഷയങ്ങള്‍ക്ക് വേണ്ടി ഭിന്ന മതസ്ഥരെ സമീപിച്ചതും മൗലവിയുടെ തുറന്ന കാഴ്ചപ്പാടുകളെയാണ് അടയാളപ്പെടുത്തുന്നത്.

അക്കാലത്ത് ശാന്തപുരം പാഠ്യപദ്ധതി വളരെ തുറന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. അറബി, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളും വിവിധ വിഷയങ്ങളില്‍ ബഹുമുഖ പരിജ്ഞാനവും ഞാന്‍ സ്വായത്തമാക്കിയത് ഇവിടെ നിന്നാണ്. ഹ്യുമാനിറ്റീസും സോഷ്യല്‍ സയന്‍സും  സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനു പുറമേ മുഹമ്മദ് അബ്ദു, റശീദ് രിദ എന്നിവരുടെ പുരോഗമനാത്മക ഗ്രന്ഥങ്ങളും പഠിപ്പിച്ചിരുന്നു. പരന്ന വായനയും വൈവിധ്യമാര്‍ന്ന സംവാദങ്ങളും നിറഞ്ഞ വിമര്‍ശനാത്മക പഠനങ്ങളാണ് ആ ഒന്‍പതു വര്‍ഷങ്ങളില്‍ എന്നെ ഞാനാക്കിയത്. പുസ്തകങ്ങള്‍ക്കോ ചിന്താ സ്വാതന്ത്ര്യത്തിനോ മേല്‍ ഒരു തരത്തിലുള്ള തടസ്സവുമുണ്ടായിട്ടില്ല എന്നതാണ് അക്കാലത്ത് ശാന്തപുരത്തിന്റെ പ്രത്യേകത. പുസ്തകങ്ങളും എഴുത്തുകളും ഒരു പ്രത്യേക വീക്ഷണത്തിലോ വ്യവസ്ഥയിലോ  അധീനപ്പെട്ടു നില്‍ക്കേണ്ടതില്ലെന്ന ആവിഷ്‌കാര-ചിന്താ സ്വാതന്ത്ര്യത്തെ ശാന്തപുരം അന്നേ ഉയര്‍ത്തിപ്പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തിയതായി ഓര്‍ക്കുന്നില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ ചെന്ന് ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിപ്പിടിക്കുന്നതും ഗതകാല സ്മരണകളിലുണ്ട്. ഇംഗ്ലീഷിനു പുറമെ അറബി സാഹിത്യ കൃതികളോടും കടുത്ത ആരാധനയായിരുന്നു. മന്‍ഫലൂത്വി, ത്വാഹാ ഹുസൈന്‍, അഹ്മദ് അമീന്‍ തുടങ്ങിയ  ഒരുവിധം എഴുത്തുകാരുടെയെല്ലാം അറബി രചനകള്‍  അക്കാലത്ത്  വായിക്കുകയുണ്ടായി. ഹനഫീ- ശാഫിഈ മദ്ഹബ് വീക്ഷണക്കാര്‍ തമ്മില്‍ ആശയ സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു പാര്‍ലമെന്റ് സംവിധാനം നടപ്പാക്കിയിരുന്ന കാലം. ഒരു വിഷയത്തിലെ തന്നെ ഭിന്നവീക്ഷണങ്ങള്‍ തമ്മില്‍ കലഹിക്കുന്ന ചൂടന്‍ സംവാദാന്തരീക്ഷങ്ങളായിരുന്നു അവ. അന്നും  ഞാന്‍ ഇംഗ്ലീഷില്‍ വാദിച്ചുനോക്കിയിരുന്നു.

അബ്ദുല്‍ ഹയ്യും അബ്ദുല്‍ അഹദ് തങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കഥാപ്രസംഗ വേദികളുണ്ടാകാറുണ്ട് ഇടക്ക് ശാന്തപുരത്ത്. അന്ന് അബ്ദുല്‍ ഹയ്യ് എന്നെ ഇംഗ്ലീഷ് കഥാപ്രസംഗത്തിന് നിശ്ചയിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ - മദ്‌റസാ വാര്‍ഷിക ദിനത്തില്‍- ഇംഗ്ലീഷ് കഥാപ്രസംഗത്തിന് ജെ.ഡി.ടിയുടെ ഹസന്‍ ഹാജിയില്‍നിന്ന് സമ്മാനം സ്വീകരിച്ചതൊക്കെ ഓര്‍മയിലുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ വെക്കേഷന് നാട്ടില്‍ വന്നാല്‍  അബ്ദുല്‍ ഹയ്യ് സാഹിബ് അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങള്‍ നടത്താന്‍ ഞങ്ങളെ  പലയിടത്തും കൊണ്ടുപോകുമായിരുന്നു. അതില്‍ വി.കെ അലി സാഹിബ്, എന്റെ ബന്ധുവായ അബ്ദുസ്സമദ് സാഹിബ്, എന്റെ അനുജന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നിവരും  ഞാനും അനിവാര്യ ഘടകങ്ങളായിരുന്നു. മറ്റുള്ളവര്‍ മലയാളത്തില്‍ പാട്ടുപാടുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഉത്തരവാദിത്തം ഇംഗ്ലീഷില്‍ പ്രസംഗിക്കുകയായിരുന്നു.

അന്ന് ശാന്തപുരത്തെ പാഠ്യപദ്ധതിയില്‍ ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനും ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയുമൊക്കെ ഉണ്ടായിരുന്നു. ആഴത്തിലല്ലെങ്കിലും  അവയൊക്കെ വിദ്യാര്‍ഥി ചര്‍ച്ചകളില്‍ വിശകലനം ചെയ്യപ്പെട്ടു. അറബി ക്ലാസിക്കുകള്‍, പ്രത്യേകിച്ച് ഇഹ്‌യയും മുഖദ്ദിമയും വായനക്കാരനു നല്‍കിയത് സാമൂഹിക- ആത്മീയ - രാഷ്ട്രീയ ദര്‍ശനങ്ങളായിരുന്നു. ഒരു ജനസമൂഹത്തിന് എക്കാലത്തും അതിജീവിക്കാനുള്ള വൈജ്ഞാനിക കരുത്തും ചരിത്ര പിന്‍ബലമുളള സാമൂഹികബോധവുമൊക്കെ അത്തരം കൃതികള്‍ വായനക്കാരനിലേക്ക് പൊതുവെയും, വിദ്യാര്‍ഥികളിലേക്ക് പ്രത്യേകിച്ചും സന്നിവേശിപ്പിക്കുന്നു. മത-ആത്മീയ വിഷയങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തപ്പെടുന്ന കുടുസ്സായ സിലബസ്സില്‍നിന്ന് മാറി ശാസ്ത്ര-സാമൂഹിക- രാഷ്ട്രീയ പഠന ഗവേഷണങ്ങളിലൂന്നിയ പാഠ്യക്രമങ്ങള്‍ക്കാണ് ശാന്തപുരം അന്ന് രൂപം നല്‍കിയത്. അബുല്‍ ജലാല്‍ മൗലവിയാല്‍ നിയമിതരായ വിദഗ്ധരായ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടികളായി. ഒരു വൈജ്ഞാനിക ചിന്താസരണിയായി ഒഴുകാന്‍ ശാന്തപുരത്തിന് അക്കാലത്ത് സാധിച്ചിരുന്നുവെന്ന് നിസ്സംശയം പറയാം. 

ശാന്തപുരത്തെ ആദ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു. അദ്ദേഹം വളരെ വിനീതനും മഹല്ലിലെ ഖാദിയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട  മഹദ് വ്യക്തിയുമായിരുന്നു. എനിക്ക് സാഹിത്യത്തോട് പ്രതിപത്തി ജനിപ്പിച്ച അധ്യാപകരിലൊരാള്‍ വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. ശാന്തപുരത്ത് പല പണ്ഡിതന്മാരും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ പ്രധാനികളായിരുന്നു ഇസ്ഹാഖലി മൗലവി, പി.കെ അബ്ദുല്ല മൗലവി, ശരീഫ് മൗലവി തുടങ്ങിയവര്‍. ഇസ്ഹാഖലി മൗലവി ഉസ്വുലുല്‍ ഫിഖ്ഹിലും മറ്റു വിഷയങ്ങളിലും അതീവ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. പി.കെ അബ്ദുല്ല മൗലവി മഹല്ലിലെ ഖാദിയും ശാഫിഈ ഫിഖ്ഹിലെ പ്രസിദ്ധ ഗ്രന്ഥമായ മഹല്ലിയുടെ അധ്യാപകനുമായിരുന്നു. ശരീഫ് മൗലവി അറബിയിലും ഉര്‍ദുവിലും ലോജിക്കിലും അവഗാഹമുള്ള പണ്ഡിതനും നല്ലൊരു അറബി കവിയുമായിരുന്നു. നഹ്ജുല്‍ ബലാഗയെ ക്കുറിച്ച് അദ്ദേഹം ദല്‍ഹിയിലെ ഒരു പണ്ഡിത സംഗമത്തില്‍ എഴുതി വായിച്ച പദ്യവും ക്ലാസിക്കല്‍ അറബി സാഹിത്യത്തിന്റെ മാതൃകയില്‍ രചിച്ചതായിരുന്നു. ശാന്തപുരം മഹല്ല് സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു കെ.എം ഹനീഫ. ജനങ്ങളോടും അവരുടെ വിശ്വാസത്തോടും കൂറും കടപ്പാടും പുലര്‍ത്തിയ ജനപ്രിയന്‍. 

മറ്റൊരു അധ്യാപകന്‍ ചേകനൂര്‍ മൗലവി ആയിരുന്നു. അദ്ദേഹം കടുത്ത യാഥാസ്ഥിതിക പാരമ്പര്യത്തില്‍നിന്ന് വന്ന ആളായിരുന്നു. എന്നാല്‍, അദ്ദേഹം പിന്നീട് ഇസ്‌ലാമിനെ കുറിച്ച ഓറിയന്റലിസ്റ്റ് ആശയങ്ങള്‍ അപ്പടി സ്വീകരിച്ചു, ഒരു മോഡേണ്‍ ഇസ്‌ലാമിന്റെ സ്ഥാപകനായി മാറി. ഇംഗ്ലീഷ് അറിയാത്തതിനാല്‍ അത്തരം ആശയങ്ങള്‍ അദ്ദേഹത്തിന് കിട്ടിയത് അവരുടെ വാലുകളായ ഇംഗ്ലീഷറിയുന്ന ചില എഴുത്തുകാരില്‍നിന്നാണ്. അതില്‍ ഏറ്റവും കുപ്രസിദ്ധ ഗ്രന്ഥം അബൂറയ്യ എഴുതിയ 'അദ്‌വാഉന്‍ അലസ്സുന്നത്തില്‍ മുഹമ്മദിയ്യ' യാണ്. ആ ആശയങ്ങള്‍ മുഴുവനും ചേകനൂര്‍ അപ്പടി മലയാളത്തിലേക്ക് പകര്‍ത്തി. അബൂ റയ്യയെ അനുകരിച്ച് ചേകനൂര്‍ പ്രസിദ്ധ സ്വഹാബിയായ അബൂഹുറയ്‌റയെ കള്ളനായി അവതരിപ്പിച്ചു. ചേകനൂര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന വിഷയം ഇപ്പോള്‍ ഓര്‍മ വരുന്നില്ല. പക്ഷേ, ഒരിക്കല്‍ പരീക്ഷക്ക്  ഒരു ചോദ്യം തന്നതായി  ഓര്‍ക്കുന്നു: അബൂഹുറയ്‌റ കെട്ടിച്ചമച്ച മൂന്നു ഹദീസുകള്‍ ഉദ്ധരിക്കുക! അത് ഞാന്‍ പരീക്ഷയുടെ സൂപ്പര്‍വൈസറായ ഇസ്ഹാഖലി മൗലവിയെ കാണിച്ചു. അതു വായിച്ച് അദ്ദേഹം അങ്ങേയറ്റം കോപാകുലനായി. അതിനു ശേഷം അധികനാള്‍ ചേകനൂര്‍ ശാന്തപുരത്ത് തുടര്‍ന്നില്ല. 

അബുല്‍ ജലാല്‍ മൗലവിയുടെ നേതൃത്വത്തില്‍ ശാന്തപുരത്തിന് കൈവന്ന പ്രൗഢി പിന്നീട് ഇടക്കാലത്ത് നിറം മങ്ങിപ്പോയിരുന്നു എന്നാണ് എന്റെ വിലയിരുത്തല്‍. നമ്മുടെ വിദ്യാഭ്യാസരംഗത്ത് മാറിമാറി വന്ന പാഠ്യപദ്ധതികളും അധ്യാപന രീതികളും വാസ്തവത്തില്‍ വരുംതലമുറയെ വൈജ്ഞാനിക ഗരിമയില്‍ വളര്‍ത്താന്‍ പര്യാപ്തമായതല്ല. ഒരു കാലത്ത് ധിഷണശാലികള്‍ ഉയര്‍ന്നുവന്നിടത്ത് പിന്നീട് ഒരുതരം ശൂന്യത അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. ഇഹ്‌യയും മുഖദ്ദിമയും പോലുള്ള ക്ലാസിക് രചനകള്‍ വേണ്ട വിധം പരിചയിച്ചിട്ടില്ലാത്ത, ഖുര്‍ആനിന്റെ വൈജ്ഞാനിക ആഴങ്ങളിലേക്ക് ഊളിയിടാത്ത, അകക്കാമ്പ് നഷ്ടപ്പെട്ട ആകാരമോടി കൊണ്ട് മാത്രം പദവികളില്‍ അലംകൃതരായവരും പില്‍ക്കാല തലമുറയിലുണ്ടായി.

അബുല്‍ ജലാല്‍ മൗലവിയുടെ ക്രാന്തദര്‍ശിത്വം പോലെയൊന്ന് ആ ചരിത്രഘട്ടത്തിനു ശേഷം വിദ്യാഭ്യാസ മണ്ഡലത്തെ പിന്നീട് ആ വിധത്തില്‍ ആശയപരമായി സമ്പന്നമാക്കിയിട്ടില്ല. ഏറക്കുറെ പഴയ ശാന്തപുരത്തിന്റെ തുടര്‍ച്ച, വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സ്വാധീനഫലമായിട്ടാകണം വളാഞ്ചേരി അല്‍വാഫിയിലും ചെമ്മാട് ദാറുല്‍ഹുദായിലും എനിക്ക് കാണാനായതും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. എനിക്കറിയാന്‍ കഴിഞ്ഞ, അവരുടെ തുറന്ന മനോഭാവവും വിശാല കാഴ്ചപ്പാടുകളും  പഴയ ശാന്തപുരത്തിന്റെ അനുഭൂതി പകരുന്നതാണ്. മേല്‍പ്പറഞ്ഞ ഈ രണ്ട് സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും അവിടത്തെ അധ്യാപകരെയും മുതിര്‍ന്ന വിദ്യാര്‍ഥികളെയും പരിചയപ്പെടാനും അവരുമായി സംവദിക്കാനും എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഒരിക്കല്‍ വാഫി കോളേജ് അവരുടെ വാര്‍ഷിക സമ്മേളനത്തിന് എന്നെ ക്ഷണിച്ചു. അവരുടെ മനസ്സ് എത്രമാത്രം തുറന്നതാണെന്ന് അറിയാന്‍ വേണ്ടി, എന്റെ കുടുംബ പശ്ചാത്തലം എങ്ങനെ ജമാഅത്തുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. 'ഞാന്‍ ജമാഅത്തെ ഇസലാമിയുടെ കേരളത്തിലെ സ്ഥാപകന്‍ ഹാജി സാഹിബിന്റെ ബന്ധുവും ശാന്തപുരത്തെ പൂര്‍വ വിദ്യാര്‍ഥിയുമാണെ'ന്ന് എന്നെ പരിചയപ്പെടുത്തി. അത്യധികം താല്‍പ്പര്യത്തോടെ അവരെന്നെ കേള്‍ക്കുകയായിരുന്നു. വേദിയില്‍നിന്നിറങ്ങിയ ശേഷം  അവരെന്റെ അടുക്കല്‍ വന്നു;  അവരുടെ സിലബസ്സ് എനിക്കു തന്നു. പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍  അഭ്യര്‍ഥിക്കുകയും ചെയ്തു. അതിലൂടെ കണ്ണോടിച്ചപ്പോള്‍ സന്തോഷം തോന്നി. നമ്മുടെ പഴയ ശാന്തപുരത്തോളം തന്നെ വിശിഷ്ടമായ പാഠ്യപദ്ധതിയായിരുന്നു അത്! കൂടാതെ, 'ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടി'ന്റെ സര്‍വകലാശാലാ ബിരുദ പഠനത്തിന്റെ ഭാഗമായി ഇറക്കിയ ഗവേഷണ ഗ്രന്ഥവും അവരുടെ പാഠ്യപദ്ധതിയില്‍ കാണാനായി. വൈജ്ഞാനിക രംഗത്ത് ഇസ്‌ലാമിക അടിത്തറ ക്ഷയിച്ചുപോയിട്ടില്ലെന്ന് ആശ്വസിക്കാന്‍ ഇത് വഴിവെച്ചു. ശേഷം, പി.ജി വിദ്യാര്‍ഥികളുമായുള്ള ഒരു ഇന്ററാക്ടീവ് സെഷനുണ്ടായിരുന്നു. ഒരു മണിക്കൂര്‍ പ്രഭാഷണത്തിനു ശേഷം, സമകാലിക വിഷയങ്ങളില്‍ നടന്ന ചോദ്യോത്തരം ഗഹനമായിരുന്നു. അവിടെ ഒരു കോഴ്‌സ് പഠിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഞാന്‍ അതീവ തല്‍പരനായിരുന്നെങ്കിലും സമയപരിമിതി എനിക്കു തടസ്സമായി. ചെമ്മാട് ദാറുല്‍ ഹുദായിലും ഇതേ അനുഭവമാണ് എനിക്കുണ്ടായത്. ഒരിക്കല്‍, 'മഖാസിദുശ്ശരീഅ'യെക്കുറിച്ച്  ഒരു കോഴ്‌സ് പഠിപ്പിക്കാന്‍  എന്നോട് ആവശ്യപ്പെടുകയുണ്ടായി. അവരുടെ പഠന-ഗവേഷണ സംവിധാനങ്ങള്‍ ആലിമീങ്ങളായി വളരാന്‍ അടിത്തറയൊരുക്കുംവിധമാണ്. ആദര്‍ശധീരത മുറുകെപ്പിടിച്ച് കരുത്താര്‍ജിച്ച ഒരു ഇസ്‌ലാമിക ധാരയുടെ ഭാഗമായി വളര്‍ന്ന എനിക്ക്, അന്ന് യാഥാസ്ഥിതികരായി അടച്ചുപൂട്ടിയിരുന്നവരുടെ നവതലമുറയെ ഇന്ന് ഈ രൂപത്തില്‍ കാണുമ്പോള്‍ അത്ഭുതവും അഭിമാനവും തോന്നുന്നു.

   (തുടരും)

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌