Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

മതതീവ്രത, അതിവാദങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഇസ്‌ലാമിക പ്രവര്‍ത്തകരെ നാശത്തിലേക്ക് തള്ളിവീഴ്ത്തുന്ന വിപത്താണ് തീവ്രത. മതത്തിലെ തീവ്രതയും അതിവാദങ്ങളും വിശ്വാസി സമൂഹത്തിനും പ്രസ്ഥാനത്തിനും രാജ്യത്തിനുമേല്‍പിക്കുന്ന ആഘാതങ്ങള്‍ ഗുരുതരമാണ്. ഇസ്‌ലാമിന് അതേല്‍പിക്കുന്ന പരിക്കുകള്‍ നിസ്സാരമായി ഗണിക്കാനാവില്ല.

വാക്കുകളിലും കര്‍മങ്ങളിലുമുള്ള തീവ്രവും കര്‍ക്കശവുമായ നിലപാടുകളും സമീപനങ്ങളും അല്ലാഹുവും ദൂതനും ശക്തമായി വിലക്കിയതാണ്. വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അവക്ക് ഇല്ലാത്ത അര്‍ഥവും പൊരുളുമുണ്ടാക്കി കഠിനതരമാക്കും തീവ്രത. പൂര്‍വവേദക്കാരെ അല്ലാഹു ഉണര്‍ത്തി: ''വേദക്കാരേ! നിങ്ങള്‍ മതകാര്യത്തില്‍ അതിരു കവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്'' (അന്നിസാഅ്: 171). സൂറത്തുല്‍ മാഇദയില്‍ വീണ്ടും: ''പറയുക, വേദക്കാരേ, നിങ്ങള്‍ സ്വന്തം മതത്തില്‍ അന്യായമായി അമിതത്വം കൈക്കൊള്ളാതിരിക്കുക. നിങ്ങള്‍ക്കു മുമ്പ് സ്വയം ദുര്‍മാര്‍ഗികളാവുകയും അനേകരെ ദുര്‍മാര്‍ഗത്തിലാക്കുകയും സല്‍പന്ഥാവില്‍നിന്ന് വ്യതിചലിക്കുകയും ചെയ്ത ജനത്തിന്റെ ഭാവനകളെ നിങ്ങള്‍ പിന്‍പറ്റാന്‍ പാടില്ലാത്തതാകുന്നു'' (77). നബി(സ) മൂന്ന് തവണയാണ് ആവര്‍ത്തിച്ചത്; 'തീവ്രത കൈക്കൊള്ളുന്നവര്‍ നശിച്ചു' (മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു: 'അല്ലാഹുവാണ, തീവ്രവാദികളോട് നബി(സ)യെപോലെ കര്‍ക്കശ സമീപനം സ്വീകരിച്ച ഒരാളെയും എനിക്കറിയില്ല. അബൂബക്‌റും അവരോട് അയവില്ലാത്ത സമീപനം കൈക്കൊണ്ടു. ഉമറാവട്ടെ, അതിവാദ-തീവ്ര സമീപനമുള്ളവരെക്കുറിച്ചും അവരെച്ചൊല്ലിയും അങ്ങേയറ്റം ഭീതിയിലും ആശങ്കയിലുമായിരുന്നു' (ദാരിമി, സുനന്‍).

നാഫിഅ് മൗലാ അബ്ദുല്ല ഒരു സംഭവം അനുസ്മരിക്കുന്നു. സബീഉല്‍ ഇറാഖി എന്നയാള്‍ മുസ്‌ലിം സൈനികര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഖുര്‍ആനില്‍നിന്നുള്ള ചില സൂക്തങ്ങള്‍ എടുത്തിട്ടു. അയാള്‍ ഈജിപ്തിലുമെത്തി. അയാളെ അംറുബ്‌നുല്‍ ആസ്വ് ഖലീഫ ഉമറിന്റെ അടുത്തേക്കയച്ചു. ദൂതനോട് ഉമര്‍: 'എവിടെ അയാള്‍?' 'കൂടാരത്തില്‍' - ദൂതന്റെ മറുപടി. തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട പ്രതിയെ ഉമര്‍ അടി നല്‍കി ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയായപ്പോള്‍ ഇറാഖിലേക്ക് തിരിച്ചുപോവാന്‍ അയാളെ അനുവദിച്ചു. അയാളുമായി ഇടപഴകാന്‍ ആരെയും അനുവദിക്കരുതെന്ന് ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരിക്ക് നിര്‍ദേശം നല്‍കി. തന്റെ അതിവാദങ്ങളെല്ലാം കൈയൊഴിച്ച് പശ്ചാത്തപിച്ച അയാളോട് പിന്നീട് ജനങ്ങള്‍ ഇടപെട്ടു തുടങ്ങി (ദാരിമി, സുനന്‍).

സാങ്കല്‍പിക സംഭവങ്ങള്‍ ഉന്നയിച്ച് ഫത്‌വയും തേടി നടക്കുന്ന ചിലരെ കാണാം. അവരുടെ തലച്ചോര്‍ ഫിത്‌നയുടെ പ്രഭവ കേന്ദ്രങ്ങളാണ്. സമൂഹത്തില്‍ ആശയക്കുഴപ്പവും ഛിദ്രതയും മാത്രമാണ് അവരുടെ ലക്ഷ്യം. ഉബയ്യുബ്‌നു കഅ്ബി(റ)നോട് ഒരാള്‍: 'അബൂ മുന്‍ദിര്‍! ഇന്നയിന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം?' ഉബയ്യ്: 'നി

ങ്ങള്‍ ചോദിച്ച കാര്യം ഉണ്ടായതാണോ?' അയാള്‍: 'സംഭവിച്ചതല്ല.' ഉബയ്യ്: 'എങ്കില്‍ അത് സംഭവിക്കട്ടെ. നമുക്കപ്പോള്‍ നോക്കാം.' അബ്ദുല്ലാഹിബ്‌നു ഉമറിനോട് ഒരാള്‍ സംഭവിക്കാത്ത കാര്യത്തെക്കുറിച്ച് തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം, 'സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് തീരുമാനം തേടുന്നവരെ ഉമര്‍ ശപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്' എന്നായിരുന്നു.

 

മതതീവ്രതയുടെ ലക്ഷണങ്ങള്‍

1. സാങ്കല്‍പിക ചോദ്യങ്ങളും നിരന്തര സംശയങ്ങളും. ഒരുവേള അവ അല്ലാഹു തന്നെ നിര്‍ദേശമൊന്നും നല്‍കാതെ ഒഴിവാക്കിയ കാര്യങ്ങളാവാം. അത്തരക്കാരെക്കുറിച്ച് ഖുര്‍ആന്‍: ''വിശ്വസിച്ചവരേ, വെളിപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അരോചകമായിത്തീരുന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കുവിന്‍. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നിങ്ങള്‍ അതേപ്പറ്റി ചോദിച്ചാല്‍ അത് വെളിപ്പെടുത്തപ്പെടുക തന്നെ ചെയ്യും. നിങ്ങള്‍ ഇതുവരെ ചെയ്തത് അല്ലാഹു പൊറുത്തുതന്നിരിക്കുന്നു. അല്ലാഹു മാപ്പരുളുന്നവനും കനിവുറ്റവനുമാകുന്നു. നിങ്ങള്‍ക്ക് മുമ്പ് ഒരു വിഭാഗം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. എന്നിട്ടോ, അതേ കാര്യങ്ങളുടെ പേരില്‍ അവര്‍ നിഷേധികളായിത്തീര്‍ന്നു'' (അല്‍മാഇദ: 101-102).

2. ഏറ്റവും നിര്‍ബന്ധവും ശ്രേഷ്ഠകരവുമായ കര്‍മങ്ങള്‍ കൈയൊഴിക്കാന്‍ നിര്‍ബന്ധിതനാകുവോളം ഐഛിക കര്‍മങ്ങളില്‍ കടുംപിടിത്തം. രാത്രി മുഴുവന്‍ സുന്നത്ത് നമസ്‌കാരങ്ങളില്‍ മുഴുകുന്നത് നിമിത്തം നിര്‍ബന്ധ കര്‍മമായ സ്വുബ്ഹ് നമസ്‌കാരം യഥാസമയം നിര്‍വഹിക്കാന്‍ സാധിക്കാതിരിക്കുക ഉദാഹരണം. ജമാഅത്ത് നഷ്ടപ്പെടാം. ചില സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം സൂര്യോദയത്തിനു ശേഷവും നിര്‍വഹിക്കേണ്ടിവരാം.

3. അല്ലാഹുവും റസൂലും അനുവദിച്ച ഇളവുകള്‍ സ്വീകരിക്കാതെ ആരാധനാ കര്‍മങ്ങള്‍ പൂര്‍ണതയില്‍ നിര്‍വഹിക്കണമെന്ന ശാഠ്യബുദ്ധി. തയമ്മും ചെയ്യാന്‍ അനുമതിയുണ്ടായിട്ടും വെള്ളം ഉപയോഗിച്ച് വുദൂവെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുക. വാശിയും ശാഠ്യവും തന്റെ ശരീരത്തിനേല്‍പിക്കുന്ന പീഡകള്‍ അയാള്‍ക്ക് പ്രശ്‌നമല്ല.

4. മൗലികവും അടിസ്ഥാനപരവുമായ വിഷയങ്ങള്‍ അവഗണിച്ച് ശാഖാപരവും അപ്രധാനവുമായ വിഷയങ്ങള്‍ക്ക് പിറകെയുള്ള നടത്തം. നമസ്‌കാരവേളയില്‍ ബ്രഷ് ചെയ്യുന്നതും വസ്ത്രം നീളം കുറക്കുന്നതും പരമപ്രധാനമായ കാര്യമായെണ്ണി അടിസ്ഥാനകാര്യങ്ങള്‍ അവഗണിക്കുന്ന ഇക്കൂട്ടര്‍ക്ക് അല്ലാഹുവിന്റെ ഭൂമിയില്‍ സൃഷ്ടികളുടെ അധികാരാധിപത്യം നിര്‍ബാധം നടക്കുന്നതും ദൈവിക നിയമങ്ങള്‍ അഗണ്യകോടിയില്‍ തള്ളപ്പെടുന്നതും പ്രശ്‌നമേ അല്ല. അവരുടെ മുഖ്യ ചിന്താവിഷയം നമസ്‌കാരത്തില്‍ 'ബിസ്മി' ഉറക്കെച്ചൊല്ലണമോ പതുക്കെ ചൊല്ലണമോ, നമസ്‌കാരത്തില്‍ കൈ എവിടെ കെട്ടണം; പൊക്കിളിന് മുകളിലോ പൊക്കിളിന്മേലോ താഴെയോ നെഞ്ചത്തോ തുടങ്ങിയ കാര്യങ്ങളാണ്. ഭൂമിയില്‍ നടമാടുന്ന കുഴപ്പങ്ങളും അധാര്‍മികതയുടെ അഴിഞ്ഞാട്ടവും മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും വ്യാപനവും തങ്ങള്‍ ഇടപെട്ട് തടയേണ്ട തിന്മകളാണെന്ന വിചാരമേ അവര്‍ക്കില്ല.

5. തെറ്റുകളും കുറ്റങ്ങളും ചെയ്യുന്നവരെ 'കുഫ്ര്‍ ചാപ്പ'കുത്തല്‍. അവിശ്വാസിയെ അവിശ്വാസിയെന്ന് വിളിക്കാത്തവനെ അവിശ്വാസിയാക്കല്‍, എന്ത് കാര്യത്തിന്റെയും അടിസ്ഥാനം നിരോധവും ഹറാമുമാണെന്ന് പ്രഖ്യാപിക്കല്‍ തുടങ്ങിയ ആത്യന്തിക സമീപനങ്ങള്‍. അവരുടെ ദൃഷ്ടിയില്‍ നിറങ്ങള്‍ കറുപ്പും വെളുപ്പും മാത്രമേയുള്ളൂ. അതിനിടയില്‍ മറ്റ് നിറങ്ങളേയില്ല. വ്യക്തമായ നിര്‍ദേശങ്ങള്‍ ഇല്ലാത്തിടത്തോളം ഏത് കാര്യത്തിന്റെയും അടിസ്ഥാനം 'അനുവദനീയം' എന്ന ഗണത്തില്‍പെടുമെന്ന് അവരോര്‍ക്കുന്നില്ല.

6. ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുക. അല്ലാഹുവിന്റെ ഗുണങ്ങള്‍, ഖുര്‍ആന്‍ സൃഷ്ടിവാദം, സ്വഹാബത്തിനിടയിലെ അഭിപ്രായഭിന്നത തുടങ്ങി ഈ കാലത്ത് ചിന്താ വിഷയമേ ആകേണ്ടതില്ലാത്ത കാര്യങ്ങളെക്കുറിച്ച ചര്‍ച്ചയിലും ഖണ്ഡന മണ്ഡനങ്ങളിലും വാദപ്രതിവാദങ്ങളിലും കെട്ടിമറിയുക. അതാണ് അവരുടെ ജീവിതവ്രതം. അവരുടെ പഠന-ഗവേഷണ മണ്ഡലം അതായിരിക്കും.

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌