സി. അഹമ്മു സാഹിബ് (അയമ്മുക്ക)
പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപകാംഗങ്ങളില്‍ ഒരാളും അന്‍സാര്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാളിത്തം വഹിച്ച വ്യക്തിയുമായിരുന്നു അടുപ്പക്കാര്‍ അയമ്മുക്ക എന്ന് സ്‌നേഹാദരപൂര്‍വം വിളിച്ചിരുന്ന ചിറ്റോത്തയില്‍ അഹമ്മു സാഹിബ്. പെരുമ്പിലാവിന് കിഴക്ക് ഭാഗത്തുള്ള മുല്ലപ്പിള്ളിക്കുന്നില്‍ അന്‍സാര്‍ സ്‌കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ തീരുമാനം മാറ്റി പെരുമ്പിലാവ് സെന്ററില്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് സ്ഥാപനം തുടങ്ങുന്നതില്‍ നിര്‍ണായകമായത് അഹമ്മു സാഹിബിന്റെ ദീര്‍ഘദൃഷ്ടിയായിരുന്നു. പട്ടാമ്പി സ്വദേശിയും ബിസിനസുകാരനുമായിരുന്ന അദ്ദേഹം അന്‍സാര്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിനായി പെരുമ്പിലാവിലേക്ക് താമസം മാറുകയും പട്ടാമ്പിയിലെ കച്ചവടം ഒഴിവാക്കുകയുമായിരുന്നു. ജീവിതാന്ത്യം വരെ ട്രസ്റ്റ് മാനേജിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം ആരോഗ്യം അനുവദിക്കാതിരുന്നപ്പോള്‍ പോലും അന്‍സാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവരെപ്പോലെ ഇടപെട്ടിരുന്നു.
ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ശ്രദ്ധപുലര്‍ത്തി. പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന അദ്ദേഹം ഭവനരഹിതരായ നിരവധി പേര്‍ക്ക് വീട് വെച്ചുകൊടുക്കുന്നതില്‍ മാതൃകയായി. അദ്ദേഹത്തിന്റെ മുന്‍കൈയില്‍ രൂപം കൊണ്ട ഇസ്‌ലാമിക സംരംഭങ്ങള്‍ നിരവധിയാണ്.
പാലക്കാട് കച്ചവടം നടത്തിയിരുന്ന കാലത്ത് ഒലവക്കോട് റെയില്‍വേ കോളനിയില്‍ മുസ്‌ലിം ഉദ്യോഗസ്ഥരെയും മറ്റ് പ്രമുഖരെയും സംഘടിപ്പിച്ചുകൊണ്ട് സ്റ്റഡി സര്‍ക്ക്ള്‍ രൂപീകരിക്കുകയും അവിടെ പള്ളി നിര്‍മാണത്തിന് മുന്‍കൈ എടുക്കുകയും ചെയ്തു. തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിനാവശ്യമായ പലചരക്കു സാധനങ്ങള്‍ മാസങ്ങളോളം കടമായി നല്‍കിയിരുന്നു.
സഹോദര സമുദായാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അനുകരണീയ മാതൃക സൃഷ്ടിക്കുകയും ചെയ്തു.
Comments