Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ഹിംസ മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം

എസ്.എം സൈനുദ്ദീന്‍

മനുഷ്യനോളം പവിത്രമായ മറ്റൊന്നും പാരിലില്ലെന്നും അതിനെ ഹനിക്കുന്നതിനേക്കാള്‍ വലിയ പാപം മറ്റൊന്നുമില്ലെന്നുമാണ് ദൈവം മനുഷ്യനെ ആദ്യമായി പഠിപ്പിച്ചത്. അക്രമിയോട് തോന്നിയേക്കാവുന്ന പകയും പ്രതികാര ചിന്തയും പാപമാണെന്ന മൂല്യാടിത്തറയിലാണ് മാനവ നാഗരികത കെട്ടിപ്പടുക്കേണ്ടതെന്ന വിചാരത്താലാകാം ആദം പുത്രനായ ഹാബീല്‍ തന്റെ ഘാതകനാകാന്‍ പോകുന്ന സഹോദരന്‍ ഖാബീലിനോട് ഇങ്ങനെ പ്രതികരിച്ചത്: ''എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ'' (അല്‍മാഇദ 29). ജീവനെടുക്കാന്‍ വന്ന ക്രൂരതയുടെ മുന്നില്‍ മാറ് വിരിച്ചു നിന്നു വരിച്ച വീരമൃത്യുവിനോളം ധീരതയല്ല ഖാബീലിന്റെ ഹിംസ എന്നതും ആ സംഭവ വിവരണത്തിന്റെ വരികള്‍ക്കിടയില്‍ നമുക്ക് വായിച്ചെടുക്കാം. ഹിംസയുടെ മതവും രാഷ്ട്രീയവും വിശകലനം ചെയ്യുമ്പോള്‍ ഇവിടെ നിന്നാണ് ആരംഭിക്കേണ്ടത്.

ഹിംസ രൗദ്രഭാവം പുറത്തെടുക്കുകയും ഒറ്റക്കും കൂട്ടം ചേര്‍ന്നും ആര്‍ക്കും ആരെയും ഇല്ലാതാക്കാമെന്ന് വരികയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഒരുവിധ അസ്വാഭാവികതയും ഇല്ലാത്ത നിലയില്‍ പൊതുബോധം പരുവപ്പെടുകയും ആള്‍ക്കൂട്ട മനശ്ശാസ്ത്രം രൂപപ്പെടുകയും ചെയ്തിരിക്കുന്നു. സമാധാനത്തിനു മുന്നിലെ ഏറ്റവും വലിയ ഭീഷണിയായി ഇതു മാറി എന്നതില്‍ രണ്ടു പക്ഷമില്ല. ഈ അവസ്ഥാവിശേഷത്തെ എങ്ങനെ നേരിടാമെന്ന് ആലോചിക്കുകയാണ് എല്ലാവരും. ഓരോ അപമൃത്യുവും കൊലപാതകവും കഴിയുമ്പോഴും ഇത് ഒടുവിലത്തേതാവട്ടേ എന്ന് നാം ആശിക്കും. കൂട്ട നരഹത്യകള്‍ക്കെതിരെ പ്രതിഷേധിക്കും. കുറ്റക്കാരെ കടുത്ത ശിക്ഷക്ക് വിധേയമാക്കാന്‍ മുറവിളി ഉയരും.  വാര്‍ത്തയുടെ ചൂടാറും മുറക്ക് ധാര്‍മിക രോഷവും അടങ്ങും. ജാഗ്രത നിലക്കും. കൊലയും പ്രതികാര കൊലയും തുടര്‍ന്നുകൊണ്ടേയിരിക്കും. കൊലപാതകങ്ങളെ മതമായും രാഷ്ട്രീയമായും വിശേഷിപ്പിക്കുന്നതിനോളം വലിയ അശ്ലീലത മറ്റെന്താണുള്ളത്! മനുഷ്യ ഹിംസയില്‍ എന്ത് മതവും രാഷ്ട്രീയവുമാണുള്ളത്? ജീവന്റെയും ജീവിതത്തിന്റെയും സ്വഛമായ യാത്ര സാധ്യമാക്കാന്‍ വേണ്ടിയാണല്ലോ മതവും രാഷ്ട്രീയവും.

രാഷ്ട്രീയം എന്നാല്‍ ആസൂത്രണവും സംസ്‌കരണവുമാണ്. ഒരു കൂട്ടം ആളുകള്‍ തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും രാഷ്ട്രീയം എന്നാണ് പറയുക. മതമാകട്ടെ ആത്മീയതയുമായി ബന്ധപ്പെട്ടതുമാണ്. ആത്മീയത സ്വയംതന്നെ ജീവനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഒരു കൊലയെയും ഇനിമേല്‍ നാം രാഷ്ട്രീയ കൊലയെന്നും മതകൊലയെന്നും വിളിക്കാതിരിക്കുക. കാരണം രാഷ്ട്രീയത്തെയും മതത്തെയും തെറ്റായി അവതരിപ്പിക്കലാണത്. ഹിംസയും ഹത്യയും പാതകവും തെറ്റുമാണ്. രാഷ്ട്രീയമായ തെറ്റും മതപരമായ തെറ്റും സംഭവിക്കാം. എന്നാല്‍ തെറ്റ് ഒരിക്കലും മതമോ രാഷ്ട്രീയമോ ആവുകയില്ല.

മനുഷ്യ വികാസത്തിന്റെയും മതവികാസത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ നാം വിസ്മയിച്ചുപോകും. കാരണം അവിടെ നിന്ന് മനുഷ്യനും മതവും തിരിഞ്ഞു നടക്കുകയാണല്ലോ എന്നോര്‍ത്ത്. മനുഷ്യ സൃഷ്ടിപ്പിന്റെ സന്ദര്‍ഭത്തില്‍ പറുദീസയില്‍ വെച്ച് മലക്കുകള്‍ അല്ലാഹുവോട് ചോദിക്കുന്നുണ്ട്: ''ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയാണോ നീ ഭൂമിയിലേക്ക് പ്രതിനിധിയായി നിയോഗിക്കുന്നത്?'' മനുഷ്യനിലെ സഹജ പ്രകൃതമായ ഹിംസ തെറ്റാണ് എന്ന് തിരിച്ചറിയാവുന്ന ആന്തരിക ബോധവും മനുഷ്യനില്‍ ജന്മനാ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. സാന്മാര്‍ഗിക ദര്‍ശനം വഴി ആ ബോധത്തെ വളര്‍ത്തുകയും ഹിംസയോട് വിട്ടുനില്‍ക്കല്‍ ഭക്തിയുടെ താല്‍പര്യമാണെന്ന് ഇസ്‌ലാം ദര്‍ശിക്കുകയും ചെയ്യുന്നു.

ഭൂമിയില്‍ ആദ്യം നടന്ന പാപം ഹിംസയായിരുന്നു. ലോകത്തെ ആദ്യത്തെ മത പ്രഭാഷണവും പ്രബോധനവും രാഷ്ട്രീയ പ്രഖ്യാപനവും ഹിംസക്കെതിരായ ആദം പുത്രന്‍ ഹാബീലിന്റെ സംസാരമായിരുന്നു. ജീവന്റെ പാവനതയെക്കുറിച്ച മതതത്ത്വം ആണ് ഇത്; രാഷ്ട്രീയ തത്ത്വവും. ''നീ അവര്‍ക്ക് രണ്ട് ആദം പുത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും.' അപരന്‍ പറഞ്ഞു: 'ഭക്തന്മാരുടെ ബലിയേ ദൈവം സ്വീകരിക്കുകയുള്ളൂ... എന്നെ  കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ.' എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന്‍ അവനെ പ്രേരിപ്പിച്ചു. അങ്ങനെ അവന്‍ അയാളെ കൊന്നു. അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി'' (അല്‍മാഇദ 27,30).

മതമീമാംസയുടെ ചരിത്രത്തില്‍ ഈ സംഭവം മറ്റൊരു കാര്യം കൂടി പഠിപ്പിക്കുന്നുണ്ട്. സുപ്രധാനവും ആരും ശ്രദ്ധിക്കാത്തതുമാണത്. ഈ സംഭവത്തെ ആധാരമാക്കിയാണ് ഹിംസയുടെ ആഘാത പ്രത്യാഘാതങ്ങള്‍ വേദഗ്രന്ഥം അപഗ്രഥിക്കുന്നത്. ജീവന്റെ മഹത്വവും ഹിംസയുടെ അനന്തരഫലവും ജീവന്‍ പരിരക്ഷിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും അനിവാര്യതയും ഇവിടെ അരക്കിട്ടുറപ്പിക്കുന്നു: ''അക്കാരണത്താല്‍ ഇസ്രാഈല്‍ സന്തതികളോട് നാം കല്‍പിച്ചു: ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും'' (അല്‍മാഇദ 32).

മനുഷ്യനെയും അവന്റെ ജീവനെയും പരാമര്‍ശിച്ചിടങ്ങളിലെല്ലാം ഖുര്‍ആന്‍ അതിന്റെ മഹത്വം ഊന്നിപ്പറയുന്നതു കാണാം. ''ഉറപ്പായും മനുഷ്യരെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും നാം അവരെ വഹിച്ചു. ഉത്തമ വിഭവങ്ങള്‍ ആഹരിപ്പിച്ചു. നാം പടച്ച അനേകം സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (അല്‍ ഇസ്രാഅ് 70). മനുഷ്യ ജീവനെ ഹനിക്കരുതെന്ന ശാസനകളിലെല്ലാം ജീവന് നല്‍കുന്ന വിശേഷണം 'ദൈവം ആദരിച്ചത്' എന്നതാണ് (അല്‍അന്‍ആം 151, അല്‍ഇസ്രാഅ് 33, അല്‍ ഫുര്‍ഖാന്‍ 68). മനുഷ്യോല്‍പത്തിയുടെ പ്രാരംഭമായിരുന്നല്ലോ ആദമും ഹവ്വയും. മനുഷ്യകുലത്തിന്റെ മാതാവും പിതാവുമാണവര്‍. അവരുടെ മക്കളാണ് മുഴുവന്‍ മനുഷ്യരും. ''ജനങ്ങളേ, ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ച നാഥനെ നിങ്ങള്‍ സൂക്ഷിക്കുക'' (അന്നിസാഅ് 1). കൊലപാതകമെന്ന മാനവികതക്കെതിരായ തിന്മയെ വെടിയുന്നതിന് മറ്റുള്ളവരെ തന്റെ ഭാഗമായി കാണാനുള്ള ശേഷിയാണ് ഒന്നാമതായി നമുക്ക് കൈവരിക്കാനാകേണ്ടത്. ആരും അന്യരല്ലെന്ന വിചാരത്തിലൂടെയല്ലാതെ ഇത് സാധ്യമല്ല.

പകയില്‍നിന്നാണ് ഹിംസ ഉടലെടുക്കുന്നത്. പകയെ അനിസ്‌ലാമികമായ -ജാഹിലിയ്യത്ത്- വികാരമായിട്ടാണ് ഖുര്‍ആനും പ്രവാചകനും കാണുന്നത്. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പ്രവാചകന്‍ പറഞ്ഞു: ''ജാഹിലിയ്യത്തിന്റെ എല്ലാ കുടിപ്പകകളും എന്റെ കാല്‍ക്കീഴിലാക്കി അവയെ ഞാന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.'' ഉഹുദ് രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ കൊല്ലപ്പെട്ടതറിഞ്ഞ പ്രവാചകന്‍, 'എനിക്കൊരവസരം ലഭിച്ചാല്‍ ഇതുപോലെ എഴുപത് ഖുറൈശികളെ ഞാന്‍ വധിക്കും' എന്ന് രോഷത്തോടെ പ്രതികരിച്ചു. ഈ സന്ദര്‍ഭത്തിലാണ്, 'നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതു തന്നെയാണ് ശ്രേഷ്ഠം' എന്ന ആയത്ത് (അന്നഹ്ല്‍ 126) അവതരിച്ചത്. പ്രവാചകന്‍ പറഞ്ഞു: 'ഞങ്ങള്‍ ക്ഷമിക്കുന്നു രക്ഷിതാവേ.' അല്ലാഹു മുസ്‌ലിംകള്‍ക്ക് ആധിപത്യം നല്‍കുകയും മക്ക അവര്‍ക്ക് കീഴടങ്ങുകയും ചെയ്തപ്പോള്‍ പ്രവാചകന്‍ അവര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കി. അവിടുന്ന് പറഞ്ഞു: 'പോകുക, നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്ന് നിങ്ങളോട് പ്രതികാരമില്ല' (ത്വബറാനി, ബൈഹഖി, ഇബ്‌നു മര്‍ദവൈഹി).

അക്രമിയോട് തത്തുല്യമായ പ്രതികാരം ചെയ്യാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടും, ആക്രമണത്തിനും നിന്ദ്യതക്കും നിരന്തരം പാത്രമാകുമ്പോഴും മനുഷ്യമനസ്സില്‍ അന്തര്‍ലീനമായ പ്രതികാര വാഞ്ഛയെ നിയന്ത്രിക്കാനാവുക എന്നത് പ്രയാസകരമായിരിക്കെയാണ്, പ്രവാചകന്‍ ഉദാത്തമായ നിലപാട് കൊലയാളികളോട് പുലര്‍ത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അപര വിദ്വേഷത്തിന്റെ കണികപോലും മനസ്സില്‍ സൂക്ഷിച്ചുവെക്കരുതെന്ന മഹത്തായ പാഠവും ഇത് മാനവരാശിക്ക് പകര്‍ന്നു നല്‍കുന്നു.

കൊലപാതകം മാത്രമല്ല ഹിംസ. ജീവനും സ്വത്തിനും അഭിമാനത്തിനും നേരെയുള്ള ഏത് വിധത്തിലുള്ള അക്രമവും ഹിംസയാണ്. ഇവയാകട്ടെ ജീവന്‍ പോലെ തത്തുല്യമായ ആദരവ് സിദ്ധിച്ചിട്ടുള്ളവയുമാണ്. 'നിങ്ങളുടെ ജീവനും ധനവും അഭിമാനവും ആദരണീയവും പവിത്രവുമാണ്. പരിശുദ്ധമായ മക്കാ പട്ടണവും പവിത്ര മാസവും പവിത്ര ദിനവും പോലെ' എന്ന് പ്രവാചകന്‍ പറഞ്ഞത് എത്ര ശ്രദ്ധേയമാണ്! ലോകത്ത് വന്ന മുഴുവന്‍ പ്രവാചകരും അവതരിച്ച മുഴുവന്‍ വേദങ്ങളും ഊന്നിപ്പറഞ്ഞിട്ടുള്ളത് ഈ മൂന്ന് അടിസ്ഥാനങ്ങളുടെ സംരക്ഷണത്തെക്കുറിച്ച പ്രമേയങ്ങളാണ്. മതത്തിന്റെ ആശയപരിസരത്തു നിന്ന് ഈ വക മൂല്യസങ്കല്‍പങ്ങള്‍ അടര്‍ത്തിമാറ്റുന്നതും ഹിംസയോട് അതിനെ ചേര്‍ത്തുനിര്‍ത്തുന്നതും എത്രമാത്രം ചരിത്ര വിരുദ്ധതയാണ്!

ദൗര്‍ഭാഗ്യവശാല്‍ കൊല മാത്രമാണ് ഹിംസയായി ഇന്ന് പരിഗണിക്കപ്പെടുന്നത്. എല്ലാ കൊലകളെയും ഹിംസയായി കാണാനും നമുക്ക് സാധിക്കുന്നുമില്ല. അതായത് ചില കൊലകള്‍ നടക്കേണ്ടതാണ് എന്ന കാപട്യം മനസ്സില്‍ സൂക്ഷിച്ചാണ് അവയെ അപലപിക്കുന്നതു പോലും. ഈ മാനസികാവസ്ഥ കൊലയേക്കാള്‍ വലിയ സാമൂഹിക വിപത്താണ്. ഇത്തരമൊരു ആള്‍ക്കൂട്ട മനശ്ശാസ്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ രാജ്യത്തും ലോകത്തും ഒരു രാഷ്ട്രീയ അവസ്ഥ വളര്‍ന്നുവന്നിരിക്കുന്നു. ആള്‍ക്കൂട്ട കൊലകളില്‍ പ്രതിയാകുന്നവര്‍ക്ക് വ്യാപകമായ ജാമ്യം ലഭിക്കുന്നതായി ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടക്കുന്ന സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ രീതിയില്‍ നടന്ന സംഭവങ്ങളുടെ എണ്ണമോ എഫ്.ഐ.ആറോ കേസോ എടുത്തവയുടെ വിവരങ്ങളോ ഡിജിറ്റല്‍ ഇന്ത്യയില്‍ കൃത്യമായി ലഭ്യവുമല്ല എന്നത് എത്ര വിപത്കരമാണ്! മുഹമ്മദ് അഖ്‌ലാഖില്‍ തുടങ്ങിയ 'മോബ് ലിഞ്ചിംഗ്' എന്ന പ്രതിഭാസം കൊലപാതകം മാത്രമല്ല. കൊള്ളയും മാനഭംഗവും തുടങ്ങി എല്ലാ ഹിംസകളും ചേര്‍ന്ന് സങ്കല്‍പിക്കാനാകാത്ത ക്രൂരതയായി അത് മാറിക്കഴിഞ്ഞു. ആള്‍ക്കൂട്ട ഹിംസക്കെതിരെ നിയമനിര്‍മാണം വേണമെന്ന് പരമോന്നത കോടതി ആവശ്യപ്പെടുവോളം കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.

ഹിംസ നടക്കുമ്പോള്‍ അത് സ്വാഭാവികം എന്ന് പറയുന്ന മാനസികാവസ്ഥ ഹിംസയേക്കാള്‍ വലിയ തിന്മയാണ്. 'വല്‍ ഫിത്‌നതു അശദ്ദു മിനല്‍ ഖത്ല്‍' (അല്‍ബഖറ 191). അഥവാ ഫിത്‌നക്ക് അവാസ്തവ ന്യായം ചമയ്ക്കല്‍ വധത്തേക്കാള്‍ ദുഷ്ടമാകുന്നു. അഹന്ത പെരുത്ത വ്യക്തികളും സംഘങ്ങളും പടച്ചുവിടുന്നതാണ് ഈ മാനസിക നില. ഈ മനോനില ക്രൗഡ് സൈക്കോളജിയോ മോബ് സൈക്കോളജിയോ ആയി രൂപപ്പെട്ട് എല്ലാ ഹിംസകളും സാധ്യമാവുന്ന പരുവത്തിലെത്തിയിരിക്കുന്നു. സദ് വിചാരമോ നീതിബോധമോ ആയിരിക്കില്ല അഹന്ത പെരുത്ത ഈ ആള്‍ക്കൂട്ടത്തെ നയിക്കുക; അധമമായ അക്രമ വാസനയും ക്രിമിനലിസവുമായിരിക്കും. 'അഹന്തയുടെ കണികയെങ്കിലും മനസ്സിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല; അഹന്തയെന്നാല്‍ സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിന്ദിക്കലുമാണ്' എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഹാബീല്‍-ഖാബീല്‍ സംഭവത്തിലും അഹന്തയുടെ അംശം നമുക്ക് വായിച്ചെടുക്കാം. ഈ അഹന്തയാണ് ഹിംസയിലേക്ക് നയിക്കുന്ന ഒന്നാമത്തെ കാരണം.

തന്റെയോ താന്‍ ഉള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെയോ മേല്‍ക്കോയ്മയും അധികാരവും മറ്റുള്ളവരുടെ മേല്‍ സ്ഥാപിച്ചെടുക്കുക എന്ന അധീശത്വബോധമാണ് ഹിംസയുടെ മറ്റൊരു കാരണം. ബലവാന്‍ ദുര്‍ബലനെയും, നാട്ടുവാസി വനവാസിയെയും, സവര്‍ണന്‍ അവര്‍ണനെയും, വംശീയമായി തങ്ങള്‍ ഉന്നതരെന്ന് വിചാരിക്കുന്നവര്‍ മറ്റുള്ളവരെയും കൊല ചെയ്യാറുണ്ട്. സോഷ്യല്‍ ഡാര്‍വിനിസത്തെ ആധാരമാക്കി അര്‍ഹതയുള്ളവന്റെ അതിജീവനം -സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്- എന്ന വാദഗതി ഹിംസയിലേക്ക് വളര്‍ന്നതും മാനവരാശി കണ്ടിട്ടുണ്ട്. വര്‍ഗ സമര-സംഘട്ടന സിദ്ധാന്തവും ആത്യന്തികമായി ഹിംസയെ ഒരു രാഷ്ട്രീയ പ്രവൃത്തിയായി മനസ്സിലാക്കുന്നുണ്ട്. എതിര്‍പക്ഷത്ത് അപരനെ നിര്‍ത്തിക്കൊണ്ടുള്ള എല്ലാ പദ്ധതികളിലും ഏറിയോ കുറഞ്ഞോ മേല്‍ക്കോയ്മാ ബോധം സ്വാധീനിച്ചതായി കാണാം. തൊഴിലാളി-ബൂര്‍ഷ്വാ വര്‍ഗീകരണം സാമൂഹിക വിശകലനത്തിന്റെ ആധാരമായി കാണുന്ന മാര്‍ക്‌സിസവും ദരിദ്ര ജനകോടികളായ പടിഞ്ഞാറേതര സമൂഹങ്ങളെ കോളനിവത്കരണത്തിലൂടെ അടിച്ചമര്‍ത്തിയ പടിഞ്ഞാറന്‍ മുതലാളിത്തവും ആര്യവംശ മേധാവിത്വവും സവര്‍ണ മേല്‍ക്കോയ്മയും മുസ്‌ലിം ന്യൂനപക്ഷത്തിനും ദലിതുകള്‍ക്കും മേല്‍ അടിച്ചേല്‍പിക്കുന്ന സംഘ് പരിവാര്‍ ഫാഷിസവും ജൂത വംശീയതയിലധിഷ്ഠിതമായ സയണിസവും മുസ്‌ലിം അല്ലാത്തവരെ കൊല്ലുന്നത് തെറ്റല്ലെന്ന് വിശ്വസിക്കുന്ന ഭീകരതയും ആത്യന്തികമായി മനുഷ്യ ജീവന് ഭീഷണിയാകുന്നത് അതിനാലാണ്.

ഇതിനുള്ള ഏക പ്രതിവിധി ജീവന്റെ പവിത്രതയെ മാനിക്കാനുള്ള ശേഷി നമ്മുടെ മതചിന്തക്കും രാഷ്ട്രീയ പ്രയോഗത്തിനും ഉണ്ടാവുക എന്നതു മാത്രമാണ്. ജീവന്റെ മതമെന്നോ രാഷ്ട്രീയമെന്നോ നമുക്കതിനെ വിളിക്കാം. മനുഷ്യരെല്ലാം തുല്യരാണെന്ന മാനവിക ദര്‍ശനത്തെയാണ് ഈ മതവും രാഷ്ട്രീയവും ആധാരമായി സ്വീകരിക്കേണ്ടത്. അതിനുള്ള ക്ഷമത ഇസ്‌ലാമിനുണ്ട്. ഇസ്‌ലാമിക നിയമസംഹിതയുടെ മൗലിക ലക്ഷ്യങ്ങള്‍ പഠിച്ചാല്‍ ഇത് മനസ്സിലാക്കാനാകും.

മനുഷ്യന്‍ ചെയ്യുന്ന ഏതു തെറ്റിനും ഭൗതികമായ പരിഹാരമുണ്ട്. എന്നാല്‍ ജീവധനാദികള്‍ക്കും മാനാഭിമാനത്തിനും ഏല്‍പിക്കുന്ന ക്ഷതത്തിന് കാരണമാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഭൗതികമായ പൂര്‍ണ പരിഹാരമില്ല. കൊലപാതകം തുല്യതയില്ലാത്ത കുറ്റമാണ്. അതിനാലാണ് കൊലപാതകത്തെ മാനവരാശിയോടുള്ള ക്രൈം ആയി ഇസ്‌ലാം കണക്കാക്കുന്നത്. അന്യായമായ കൊലകള്‍ക്ക് വധശിക്ഷയാണ് ഇസ്‌ലാമിക നിയമം. ഖിസ്വാസ്വ് അഥവാ പ്രതിക്രിയാ നിയമം എന്നാണിതിന് പറയുക. പ്രതിക്ക് വധശിക്ഷ നല്‍കുക എന്ന ഒറ്റത്തീര്‍പ്പല്ല ഖിസ്വാസ്വ്. പരസ്പരം ദയയും കാരുണ്യവും അനുവര്‍ത്തിച്ച് പ്രതിക്ക് മാപ്പ് നല്‍കി വിട്ടയക്കലും ആ നിയമത്തിന്റെ അനുബന്ധമായി ഖുര്‍ആന്‍ ചേര്‍ക്കുന്നുണ്ട്:

''വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. കൊന്നത് സ്വതന്ത്രനാകട്ടെ അടിമയാകട്ടെ സ്ത്രീയാകട്ടെ. എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് മാപ്പ് ലഭിക്കുകയാണെങ്കില്‍ നല്ല നിലയില്‍ അത് അംഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധിവിടുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (അല്‍ബഖറ 178, 179). പ്രതിക്രിയ കൂടാതെ വിട്ടുവീഴ്ച ചെയ്യല്‍, മോചന ധനം-ദിയ-വാങ്ങി ശിക്ഷയില്‍നിന്നൊഴിവാക്കല്‍ എല്ലാം ഖിസ്വാസ്വ് നിയമത്തിന്റെ ഭാഗമാണ്. ജീവന്റെ വിലയും മഹത്വവും എത്ര മാത്രമുണ്ട് എന്നതിന്റെ നിദര്‍ശനമാണ് ഈ നിയമം.

അപരവിദ്വേഷത്തിന്റെ വിഷബീജം പേറുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്ക് ജീവന്റെ ഹിംസയെ തടയാനുള്ള ആന്തരികമായ ശേഷിയില്ല. ജീവന്നും ജീവിതത്തിനും മനുഷ്യന്നും മുന്‍ഗണന നല്‍കാനുള്ള ഉള്‍ക്കരുത്തുള്ള ദര്‍ശനത്തിനേ അതിന് സാധിക്കൂ. ഹിംസയുടെ മതവും രാഷ്ട്രീയവും പരതിയുള്ള ചര്‍ച്ചകള്‍ തന്നെ അസംബന്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മതപരമോ സാമൂഹികമോ ആയ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് കാരണം. കൊലയാളി സംഘങ്ങള്‍, ഗുണ്ടകള്‍, ലഹരി മാഫിയകള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ തുടങ്ങിയവരാണ് കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇവര്‍ക്കെന്ത് മതം, എന്ത് രാഷ്ട്രീയം! ഇവര്‍ കേവലം ഉപകരണങ്ങള്‍ മാത്രമാണ്. രാഷ്ട്രീയവും മതപരവുമായ അവബോധം ഇവര്‍ക്ക് പകര്‍ന്നു നല്‍കി നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്‌നേഹ-സൗഹൃദങ്ങള്‍ അണികള്‍ക്കിടയിലും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ താഴേതട്ടില്‍നിന്നും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

ഇതിന് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. പൊളിറ്റിക്‌സോ ഐഡിയോളജിയോ അല്ല ഇന്ന് സംഘാടനത്തിനായി പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്; മറിച്ച് ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തെയാണ്. വികാര വിക്ഷോഭങ്ങളും വിദ്വേഷവുമാണ് കീഴ്ത്തട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ഇതര പാര്‍ട്ടികളെ, അതിലെ അണികളെ ശത്രുക്കളെന്ന പോലെ കാണുന്ന പ്രവണത മാരകമാംവിധം വളര്‍ന്നിരിക്കുന്നു. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങള്‍ വരെ വൈകാരിക ക്ഷോഭത്താല്‍ ഇളകിമറിയുകയാണ്. ആര്‍ക്കാണിതിനെ നിയന്ത്രിക്കാനാവുക?

മറ്റുള്ളവരുടെ വേദന ആസ്വദിക്കുന്ന മനോഭാവമാണ് കൊലയാളികള്‍ക്ക്. മധു എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തുന്നതിനു മുമ്പ് ദീനമായ അവന്റെ മുഖം തങ്ങളുടെ സെല്‍ഫിയില്‍ ഒപ്പിയെടുക്കാനും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനും കുറ്റവാളികള്‍ക്ക് സാധിച്ചത് അതിനാലാണ്. ഒടുവില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍, കൊലയെ ന്യായീകരിക്കാന്‍ അവന്റെ രാഷ്ട്രീയ വീക്ഷണങ്ങളും ആശയങ്ങളും സ്‌ക്രീന്‍ ഷോട്ടെടുത്ത് കുറ്റകൃത്യത്തെ വിമര്‍ശിക്കുന്ന ചര്‍ച്ചകളുടെ ചുവടെ കമന്റ് ബോക്‌സില്‍ പ്രചരിപ്പിച്ചതും എന്തിന്റെ ലക്ഷണമാണ്?

ദുര്‍ബലരില്‍ ഏറ്റവും ദുര്‍ബലനോട് കാരുണ്യവും ദയയും കാണിക്കാന്‍ പഠിപ്പിക്കുന്ന മതത്തില്‍ ഹിംസ പരത്തുന്നവരും അതിനു വേണ്ടി ഹിംസ അനുവര്‍ത്തിക്കുന്നവരും ദയവു ചെയ്ത് മതപ്രവര്‍ത്തനം മതിയാക്കണമെന്നേ പറയാനാകൂ. കൊലപാതകികളെ സംരക്ഷിക്കാന്‍ അധികാരവും രാഷ്ട്രീയവും ഉപയോഗിക്കുന്നവര്‍, ദയവു ചെയ്ത് തങ്ങളെ രാഷ്ട്രീയക്കാര്‍ എന്ന് സ്വയം പരിചയപ്പെടുത്താതിരിക്കുകയെങ്കിലും വേണം. കാരണം ഹിംസ മതമോ രാഷ്ട്രീയമോ അല്ല, കുറ്റകൃത്യമാണ്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കലാണ്, കുറ്റവാളികളെ സംസ്‌കരിക്കലാണ് മതത്തിന്റെ ധര്‍മം; രാഷ്ട്രീയത്തിന്റെയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌