ജുമുഅ ഖുത്വ്ബ: ശ്രോതാവിന്റെ സങ്കടങ്ങള്‍
ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ് വെള്ളിയാഴ്ചയിലെ ജുമുഅ ഖുത്വ്ബയും നമസ്‌കാരവും. ഖുത്വ്ബ ഒഴിവാക്കാനാവാത്തതാണ്. നാലു റക്അത്ത് ളുഹ്ര്‍ നമസ്‌കാരം ജുമുഅ ദിവസം രണ്ടു റക്അത്തായി ചുരുക്കി നിശ്ചയിച്ചതില്‍നിന്നുതന്നെ നമസ്‌കാരത്തോളം പ്രാധാന്യമുണ്ട് ഖുത്വ്ബക്ക് എന്ന് വ്യക്തമാണ്. മറ്റു പല പ്രസംഗപരിപാടികളിലും പങ്കെടുക്കുക ഐഛികമാണ്. എന്നാല്‍, ജുമുഅ ഖുത്വ്ബ അങ്ങനെയല്ല. അതില്‍ പങ്കെടുത്തേ മതിയാകൂ. അതുകൊണ്ട് ഒട്ടും നിലവാരമില്ലാത്ത പ്രസംഗരൂപങ്ങള്‍ക്കു മുന്നിലും ചിലപ്പോള്‍ നിര്‍ബന്ധിതമായി ഇരിക്കേണ്ടിവരുന്നു എന്നതാണ് ദയനീയം.
മറ്റെല്ലാ വ്യവഹാരങ്ങളും മാറ്റിവെച്ച് ജുമുഅക്ക് ഭക്തിനിര്‍ഭരമായ മനസ്സുമായി വിശ്വാസികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതും ആത്മീയ ഔന്നത്യം ആര്‍ജിച്ച് ദീനീബോധം ഊട്ടിയുറപ്പിക്കാനുതകുന്നതുമാവണം മിമ്പറില്‍നിന്ന് കേള്‍ക്കുന്ന വാക്കുകള്‍. ഇസ്‌ലാമിക-സമകാലിക വിഷയങ്ങളിലുള്ള പാണ്ഡിത്യത്തോടൊപ്പം, മുന്നിലിരിക്കുന്നവരുടെ വിശ്വാസ-സാംസ്‌കാരിക-ജീവിത വ്യവഹാരത്തിലും നിലവാരത്തിലും അങ്ങേയറ്റം താല്‍പര്യമുള്ള, അലിവാര്‍ന്ന ഹൃദയത്തിനുടമ കൂടിയാവണം ഖത്വീബ്.
വിഷയ ദാരിദ്ര്യം കൊണ്ട് വരളുന്ന ചില ഖത്വീബുമാര്‍ക്ക് മിക്കപ്പോഴും ചില വിഷയങ്ങള്‍ മാത്രമേ പറയാനുള്ളൂ. ആവര്‍ത്തനവിരസമായ ഏതാനും തലക്കെട്ടുകളില്‍ ബന്ധിതരായിരിക്കും അവര്‍. മരണം, സമയം, തഖ്‌വ... തുടങ്ങിയവ ഉദാഹരണം. പിന്നെ കുറേ പരിദേവനങ്ങളും സങ്കടം പറച്ചിലുകളും. ഒട്ടനവധി വേവലാതികളാല്‍ വേവുന്ന മനസ്സുമായി ഇത്തിരി സമാശ്വാസത്തിന് പ്രതീക്ഷാപൂര്‍വം പള്ളിയിലേക്കു കടന്നുവന്ന വിശ്വാസിക്ക് നിരാശയുടെ വര്‍ത്തമാനമാണ് മിക്കപ്പോഴും ഖുത്വ്ബകളില്‍ നിന്ന് കിട്ടുക. അസഹനീയമായ അട്ടഹാസവും ശബ്ദഘോഷങ്ങളുമാണ് മറ്റൊരു പ്രശ്‌നം. ഭീഷണികളെല്ലാം ഏറ്റുവാങ്ങി ഒരുതരം 'മരിച്ച' (മരവിച്ച) മനസ്സുമായാണ് പലരും മടങ്ങിപ്പോകുന്നത്.
ഖുത്വ്ബ മലയാളത്തില്‍ മാതൃഭാഷയില്‍ നടത്തുന്നതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ അതിന്റെ നിലവാരമുയര്‍ത്തുന്നതിലും കാണിക്കേണ്ടതുണ്ട്. സന്മാര്‍ഗ-സദാചാര-സൗഹാര്‍ദ-ധാര്‍മിക ഭദ്രമായ ജീവിതം നയിച്ച് ആത്മീയോന്നതിയും പാരത്രിക മോക്ഷവും കൈവരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുക എന്നതാണ് ഖത്വീബിന്റെ പ്രഥമവും പ്രധാനവുമായ ചുമതല. അതോടൊപ്പം, വര്‍ത്തമാനകാലത്ത് ഇസ്‌ലാമിക സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുക, സമൂഹത്തിന്റെ പാതിയായ സ്ത്രീകളുടെ ശാക്തീകരണം, പരിസ്ഥിതിയും ആഗോള മാനവരാശിയും നേരിടുന്ന കൊടും വിപത്തുകള്‍ തിരിച്ചറിയുക, നിരുപാധികമായ സ്‌നേഹത്തോടെയും ത്യാഗമനോഭാവത്തോടെയും സാമൂഹിക പുനര്‍നിര്‍മാണത്തില്‍ ഭാഗഭാക്കായിക്കൊണ്ട് 'ഇസ്സത്തോ'ടെ ഇഹലോക ജീവിത പുരോഗതി കൈവരിക്കുക, സര്‍വോപരി വിദ്യാഭ്യാസം, തൊഴില്‍, ശാസ്ത്ര-സാംസ്‌കാരിക-സാഹിത്യ- രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിലൊക്കെയുള്ള പിന്നാക്കാവസ്ഥയില്‍നിന്ന് കരകയറാന്‍ പ്രതിഭയും ഉള്‍ക്കരുത്തുമാര്‍ജിക്കുക തുടങ്ങിയ എത്രയെങ്കിലും കാര്യങ്ങളുണ്ടല്ലോ ഖത്വീബിന് ഉമ്മത്തിനെ ഉപദേശിക്കാനും ഉണര്‍ത്താനും. തന്മയത്വത്തോടെയും മനശ്ശാസ്ത്രപരമായ സമീപനത്തിലൂടെയും വിശ്വാസികളെ ഇതിനൊക്കെ പ്രേരിപ്പിക്കണമെങ്കില്‍, പരമ്പരാഗത ഭീഷണി ശൈലിയിലെ മരണ- നരകവിപത്ത് വിശദീകരണങ്ങളോ പരമ്പരാഗത സ്വര്‍ഗ വര്‍ണനകളോ മാത്രം മതിയാകില്ല.
എന്തിനുമേതിനും ശിക്ഷയുടെ വാളോങ്ങിനില്‍ക്കുന്ന പേടിക്കേണ്ട സത്വമായിത്തന്നെ അല്ലാഹുവിനെ അവതരിപ്പിക്കേണ്ടതുണ്ടോ? മതവേദികളില്‍ ശിക്ഷയെക്കുറിച്ച വര്‍ത്തമാനത്തിനാണ് ഊന്നല്‍ വരുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ബിസ്മിയില്‍ തുടങ്ങുന്ന, ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹുവാകട്ടെ 'റഹ്മാനും റഹീമും' ആണല്ലോ. അളവറ്റ അനുഗ്രഹത്തിന്റെയും ആദരവിന്റെയും കൃപാ-കാരുണ്യത്തിന്റെയും കരകാണാ കടല്‍ എന്നാണ് ഉസ്താദ് അബ്ദുല്ലാ യൂസുഫലി 'റഹ്മാനുര്‍റഹീം' എന്ന അറബി വാക്യത്തെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഈവിധം അഖിലാണ്ഡ മണ്ഡലമാകെയും വഴിഞ്ഞൊഴുന്ന അനുഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അപാരമായ ഉറവിടം...ആ അല്ലാഹുവിനെക്കുറിച്ചല്ലേ കൂടുതല്‍ പറയേത്.
ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വിശ്വാസികളെ ഉദ്ബുദ്ധരാക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ ഖുത്വ്ബ മാറ്റിത്തീര്‍ക്കാനായാല്‍തന്നെ മടുപ്പിക്കുന്ന ആവര്‍ത്തന വിരസതയില്‍നിന്നും മരണ ഭീഷണികളില്‍നിന്നും പ്രസംഗം വ്യത്യസ്തമാക്കാനാകും. കേള്‍വിക്കാര്‍ക്ക് കുറേയൊക്കെ പോസിറ്റീവ് എനര്‍ജിയും കിട്ടും. ഈവിധം വശ്യവചസ്സോടെ ഖുത്വ്ബ നിര്‍വഹിക്കപ്പെടുമ്പോള്‍, പരിണിതപ്രജ്ഞനായ ഖത്വീബിന്റെ ഒരു വാക്കുപോലും നഷ്ടപ്പെടുത്തിക്കൂടാ എന്ന ബോധ്യത്തോടെ തിരിച്ചറിവുള്ള വിശ്വാസികളെല്ലാം കാലേക്കൂട്ടി പള്ളിയിലെത്തും. നേരത്തേ എത്തുന്നവര്‍ക്ക് ഒട്ടകമറുത്തതിന്റെയും കോഴിയറുത്തതിന്റെയും കേട്ടുതഴമ്പിച്ച കൂലിവലിപ്പമൊന്നും ഏറെ വിശദീകരിക്കേണ്ടിവരില്ലെന്ന് ചുരുക്കം. പണ്ടത്തെപ്പോലെയല്ല. ഇറച്ചി ഇന്ന് സുലഭമാണല്ലോ. കൊഴുപ്പും പൊണ്ണത്തടിയുമൊക്കെ കൂടിക്കൂടി മരണകാരണം വരെയാകുന്ന കാലത്ത് ഫാറ്റ് കൂട്ടുന്ന ഇറച്ചിതന്നെ മെനുവില്‍നിന്ന് മാറ്റിവെക്കേണ്ട സന്ദര്‍ഭവുമുണ്ട്. ഒട്ടകവും അറവും ഇറച്ചിത്തീറ്റതന്നെയും ഇല്ലാത്ത ഇടങ്ങളും കണ്ടേക്കാം. അവിടെയൊന്നും അക്ഷരാര്‍ഥത്തിലല്ലല്ലോ, ആലങ്കാരികമായ ആ വചനത്തെ വിശദീകരിക്കേണ്ടത്.
ഖുത്വ്ബ ആകര്‍ഷണീയമാക്കാന്‍ പ്രമേയ സ്വീകരണത്തിലും അവതരണ-ഭാഷാ ശൈലിയിലും വരുത്താവുന്ന മാറ്റത്തെക്കുറിച്ച്, പരിമിതമായ അറിവിന്റെ വെളിച്ചത്തില്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു എന്നു മാത്രം.
പ്രതിജനഭിന്നമായ കഴിവിന്റെയും പ്രതിഭയുടെയും അടിസ്ഥാനത്തില്‍ അവനവന് ഉചിതമെന്നു തോന്നുന്ന ഏതു വിധത്തിലും അഴിച്ചുപണി നടത്താവുന്നതേയുള്ളൂ. ഏതായിരുന്നാലും ഖുത്വ്ബയില്‍ മാറ്റം അനിവാര്യമാണെന്നതില്‍ സംശയമില്ല. വിദഗ്ധമായ ശിക്ഷണവും ശാസ്ത്രീയ സമീപനവും ഇക്കാര്യത്തില്‍ ആവശ്യമാണ്. പൂതലിച്ച അറിവിന്റെയും ഭാഷാശൈലിയുടെയും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനനുവദിക്കാതെ അകത്തളത്തില്‍ നിരന്തരമായ അടിച്ചുതളിയും ആത്മീയ നവജാഗരണവും ശീലമാക്കിയാല്‍ പ്രസംഗ പാടവം നേടിയെടുക്കുക ബുദ്ധിമുട്ടേറിയതാവില്ല.
അറിവും അനുഭവവും അടിക്കടി പുതുക്കിക്കൊണ്ടിരിക്കുന്ന വിനയാന്വിതനായ പ്രസംഗകനു മാത്രമേ ശ്രോതാക്കളുടെ മനം കവര്‍ന്ന് ആത്മസംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന വിധം ആകര്‍ഷകമായി സംവദിക്കാനാകൂ. സാരവത്തും സൗമ്യവുമായ പ്രസംഗം നിര്‍വഹിക്കാന്‍ കഴിയുന്ന വാഗ്മിത്വം നേടിയെടുക്കാന്‍ തീര്‍ച്ചയായും ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്ന അറിവിന്റെയും അനുഭവത്തിന്റെയും പൊതുജനസമ്പര്‍ക്കത്തിന്റെയും ഉലയില്‍ രാകി മിനുക്കുന്ന പ്രബുദ്ധമായ വാക്കുകള്‍ പ്രസംഗകനെന്ന നിലക്ക് ഖത്വീബും സ്വായത്തമാക്കേണ്ടതുണ്ട്. വാഗ്മിത, വാക്കുകളുടെ മേലുള്ള ആധിപത്യം കൂടിയാണ്. സാര സൗമ്യ സമ്പൂര്‍ണമായ അത്തരം വാക്കുകള്‍ നിയന്ത്രിച്ചും സൂക്ഷിച്ചും ഉപയോഗിക്കേണ്ടതായ ഏറ്റവും ആദ്യത്തെ സ്ഥലവും സന്ദര്‍ഭവുമാണല്ലോ പള്ളിയും മിമ്പറും.
ഇസ്‌ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യ പ്രതിപത്തി നിഷ്‌കര്‍ഷിക്കുന്നതോടൊപ്പം മാതൃഭാഷയിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും സോഷ്യോളജിയിലും മനശ്ശാസ്ത്രത്തിലുമൊക്കെ പ്രാഥമിക പരിജ്ഞാനമെങ്കിലും ഖത്വീബുമാര്‍ക്ക് ലഭ്യമാക്കുന്ന ശില്‍പശാലകളും പരിശീലനക്കളരികളും ഊര്‍ജിതവും കാര്യക്ഷമവുമായി നടത്തുന്നതിനെക്കുറിച്ച് സമുദായനേതൃത്വം ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
വൈവിധ്യവും ബഹുസ്വരതയും വിദ്യാഭ്യാസത്തിന്റെ സൃഷ്ടി
ഓരോ വിദ്യാഭ്യാസ വര്‍ഷത്തിന്റെയും തുടക്കത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് ഈടുറ്റ ലേഖനങ്ങള്‍ പ്രബോധനം പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണ പ്രബോധനത്തില്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനവും ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ അഭിമുഖവുമാണ് (ജൂണ്‍ 12) ഉള്‍ക്കൊള്ളിച്ചിരുന്നത്. അടിമുടി മാറിപ്പോയിരിക്കുന്നുവെന്ന് ചോദ്യകര്‍ത്താവ് കരുതുന്ന പുതിയ വിദ്യാഭ്യാസത്തെക്കുറിച്ച വിലയിരുത്തലില്‍ കൃത്യതയില്ലാത്ത വര്‍ത്തമാനമാണ് കാണാന്‍ കഴിഞ്ഞത്. വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ചോദ്യകര്‍ത്താവിനും ലേഖകനും കഴിയാതെ പോയി.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടതെന്ന് പറഞ്ഞു തുടങ്ങിയ അഭിമുഖം കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചില വിദ്യാഭ്യാസ സംരംഭങ്ങള്‍ സ്പര്‍ശിച്ച് അവസാനിപ്പിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലും ഉള്ളടക്കത്തിലും ആന്തരിക മാറ്റങ്ങളാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ അത്തരം മാറ്റങ്ങളുടെ സ്വഭാവത്തെയോ രീതിയെയോ പറ്റി വ്യക്തമായൊന്നും പറയുന്നില്ല. വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അഭിമുഖീകരിക്കാന്‍ വിദ്യാഭ്യാസത്തിന് ശേഷിയുണ്ടാകണമെന്ന് പറയുമ്പോള്‍ ഇവ രണ്ടും വിദ്യാഭ്യാസത്തിന്റെ സംഭാവനകളാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത ചിന്തയും ഗവേഷണങ്ങളുമാണ് വൈവിധ്യങ്ങളെ സൃഷ്ടിച്ചത്. അത്തരം വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ലോക നാഗരികതയുടെ വളര്‍ച്ച. നിറഭേദങ്ങളെ ആരെങ്കിലും നിരാകരിക്കുന്നുണ്ടെങ്കില്‍തന്നെ അത് രാഷ്ട്രീയമോ വര്‍ഗപരമോ ആയ മേധാവിത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍നിന്നുണ്ടാകുന്നതാണ്. അത് അക്കൂട്ടര്‍ നേടിയ വിദ്യാഭ്യാസ രീതിയുടെ ഫലം കൂടിയായേ കാണാന്‍ കഴിയൂ.
'വിദ്യാഭ്യാസം പരീക്ഷക്കും മാര്‍ക്കിനും വേണ്ടി', 'ഗുരുശിഷ്യബന്ധം ആശങ്കാജനകം', 'ആത്മീയതയിലധിഷ്ഠിതമായ വിദ്യാഭ്യാസം' തുടങ്ങിയ വിഷയങ്ങള്‍ കാലങ്ങളായി നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ്. വിദ്യാഭ്യാസത്തെ ഭൗതികാതീതമായ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാതെ പോകുന്നത് ഒരു വലിയ പ്രതിസന്ധിയായി ലേഖകന്‍ കാണുന്നു. പ്രതിസന്ധികളുടെ പരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്‌ലിം ലോകത്തേക്ക് മാത്രം ഒതുങ്ങുന്നു. പണ്ടൊക്കെ ഇത്തരം പ്രതിസന്ധികളെ മുസ്‌ലിംകള്‍ തരണം ചെയ്തത് രാഷ്ട്രീയാധികാരത്തിന്റെ ഫലമായിട്ടായിരുന്നു എന്നാണ് ലേഖകന്റെ പക്ഷം. എന്നാല്‍ രാഷ്ട്രീയാധികാരം പടിഞ്ഞാറ് പിടിച്ചടക്കിയപ്പോള്‍ വിജ്ഞാനങ്ങളുടെ അധ്യക്ഷ സ്ഥാനം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുകയാണ് ഉണ്ടായത് എന്ന വാദഗതിയും 'വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ അധിനിവേശം ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കിത്തീര്‍ത്തു' എന്ന വീക്ഷണവും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇസ്‌ലാമിക പ്രബോധനത്തിന്റെയും വ്യാപനത്തിന്റെയും ചരിത്രം പരിശോധിക്കുമ്പോള്‍ പ്രതിസന്ധികളെയും രാഷ്ട്രീയ പ്രതിയോഗികളെയും അതിജീവിച്ച ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
പാശ്ചാത്യ മേല്‍ക്കോയ്മക്കു ശേഷം ലോകത്തിന് നഷ്ടമായത് ഇസ്‌ലാമിന്റെ ജ്ഞാന ദര്‍ശനമാണെന്ന് പറയുന്ന ലേഖകന്‍ അതിനുള്ള പരിഹാരമായി നിര്‍ദേശിക്കുന്നത് രാഷ്ട്രീയാധികാരം ലഭ്യമാക്കുക എന്നതാണ്. ഇതില്‍ വൈരുധ്യമില്ലേ? രാഷ്ട്രീയാധികാരം ലഭിക്കണമെങ്കില്‍ ബുദ്ധിപരവും ചിന്താപരവുമായ വിപ്ലവവും സാമൂഹിക മുന്നേറ്റങ്ങളും ആവശ്യമാണ്. ഇതിന് മുന്നോടിയായി വേണ്ടത് വിദ്യാഭ്യാസമാണ്. ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നതിന്റെ സൂചനയാണ് വിദ്യാഭ്യാസം ഭരണകൂടങ്ങളില്‍നിന്ന് പൂര്‍ണമായി സ്വതന്ത്രമാവണം എന്ന വാദം. അങ്ങനെ വരുമ്പോള്‍ ഓരോ സമൂഹത്തിനും അവരുടെ ഇംഗിതത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാന്‍ കഴിയുന്ന അവസ്ഥ നിലവില്‍വരും. അത് കൂടുതല്‍ പ്രയാസങ്ങള്‍ക്ക് ഇടവരുത്തുകയാണ് ചെയ്യുക.
രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തുന്ന പ്രതിഭാധനരായ യുവാക്കള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കണമെന്നും അവരുടെ അറിവിന് ദാര്‍ശനികവും വൈജ്ഞാനികവുമായ അടിത്തറ ഉറപ്പുവരുത്തണമെന്നുമുള്ള ലേഖകന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇത് നമ്മുടെ സംസ്‌കാരത്തിന്റെയും പ്രബോധനത്തിന്റെയും ഭാഗമായി നിര്‍വഹിക്കപ്പെടേണ്ട ഒരു ബാധ്യതയാണ്.
പി.എ ബാസിം
പുറമ്പോക്കുകളിലെ ജീവിതങ്ങള്‍
പ്രബോധനം (ജൂണ്‍ 29) വായിച്ചു. അവസാന പേജിലെ 'എവിടെയും സ്വാഗതമില്ലാത്ത ചിലര്‍' എന്ന തലക്കെട്ട് തന്നെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഈ വിഷയം വളരെ മുമ്പേതന്നെ ചര്‍ച്ചയാവുകയും കലാ സാഹിത്യ രചനകളിലും മറ്റും ഇടം നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ ആധുനിക ലോകം തപ്പിത്തടയുകയാണ്. മറ്റൊരു കാര്യം, ഏഷ്യന്‍ രാജ്യങ്ങളില്‍ ഒമ്പതില്‍ ഒരാള്‍ പട്ടിണിയിലാണ്. ഐക്യ രാഷ്ട്രസഭക്കും ഈ വിഷയത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ, പൗരനെന്ന നിലക്കുള്ള ഒരു രേഖയുമില്ലാതെ എത്രയോ മനുഷ്യര്‍ ജീവിതത്തിന്റെ പുറമ്പോക്കുകളിലുണ്ട്; 'എവിടെയും സ്വാഗതമില്ലാത്ത' മനുഷ്യരാണവര്‍! തമ്മിലടിച്ചും കൊള്ളയും കൊലയും നടത്തിയും കഴിഞ്ഞുകൂടിയ ഒരു ജനതയെ ജീവിതത്തിന്റെ മാധുര്യമൂറുന്ന പൂങ്കാവനങ്ങളിലേക്ക് നയിച്ചത് പരിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും ആയിരുന്നല്ലോ. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് പോലും ഭൗതികമായും ആത്മീയമായും മുന്നേറാന്‍ കഴിയുന്നില്ല എന്നുകൂടി പറയേണ്ടിവരുന്നു. ആധുനിക മുതലാളിത്ത മൂല്യബോധത്തിന്റെയും സൗന്ദര്യ സങ്കല്‍പത്തിന്റെയും ഉപഭോക്താക്കളായി മുസ്‌ലിം സമുദായവും മാറുന്നു എന്നതാണ് വസ്തുത. സമ്പന്നരായ മുസ്‌ലിം ഉള്ളിടത്തുതന്നെ വളരെ ദരിദ്രരായ മുസ്‌ലിംകള്‍ എങ്ങനെയാണുണ്ടാവുന്നത്?
രവി ചിത്രലിപി
നാളെ നാളെ എന്ന ചിന്ത വേണ്ട
ഡോ. സയ്യിദ് മുഹമ്മദ് നൂഹ് എഴുതിയ തര്‍ബിയത്ത് ലേഖനം (ജൂണ്‍ 29) നന്നായിരുന്നു. നന്മകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ നാളേക്ക് മാറ്റിവെക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. പക്ഷേ, നാം ജീവിക്കുന്ന ഓരോ ഇന്നിനെയും നന്മകള്‍കൊണ്ട് നിറച്ച് നല്ല നാളേക്കുവേണ്ടി കാത്തിരിക്കുന്നവരാകണം വിശ്വാസികള്‍.
റുഖിയാ അബ്ദുല്ല പറവൂര്‍
തുര്‍ക്കിയുടെ കപ്പിത്താന്‍; മുസ്‌ലിം ലോകത്തിന്റെയും
അത്താതുര്‍ക്കിന്റെ പ്രേതം വട്ടമിട്ട് പറന്നിരുന്ന അങ്കാറയുടെ തെരുവില്‍ പ്രതീക്ഷയുടെ വെള്ളിനക്ഷത്രമായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉദിച്ചുയരുകയാണ്. യൂറോപ്പിലെ രോഗിയായി അറിയപ്പെട്ടിരുന്ന തുര്‍ക്കിയെ സര്‍വതോമുഖമായ പുരോഗതിയിലേക്ക് നയിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയായിരുന്നു അക് പാര്‍ട്ടിയും അമരക്കാരന്‍ ഉര്‍ദുഗാനും. ചാടിവീഴാന്‍ തക്കം പാര്‍ത്തിരുന്ന കമാലിസം ബാധിച്ച സൈന്യത്തെ ബാരക്കുകളില്‍ തന്നെ തളച്ചിടാന്‍ കഴിഞ്ഞു. ഐ.എം.എഫിന്റെ കടബാധ്യതയില്‍ പെട്ടിരുന്ന രാഷ്ട്രത്തെ ഐ.എം.എഫിന് കടം കൊടുക്കുന്ന രാഷ്ട്രമാക്കി മാറ്റാനും സാമ്പത്തിക പുരോഗതിയില്‍ 111-ാം സ്ഥാനമുണ്ടായിരുന്ന തുര്‍ക്കിയെ ആരെയും അതിശയിപ്പിക്കുന്ന 14-ാം സ്ഥാനത്തേക്ക് ഉയര്‍ത്താനും തൊഴിലില്ലായ്മ ഗണ്യമായി കുറക്കാനും (38-ല്‍നിന്ന് രണ്ടിലേക്ക്) ദാരിദ്ര്യത്തിന്റെ തോത് കുറക്കാനും ഒരു ക്ഷേമ രാഷ്ട്രമാക്കി തുര്‍ക്കിയെ മാറ്റാനും കുറഞ്ഞ കാലം കൊണ്ട് അക് പാര്‍ട്ടിക്ക് സാധിച്ചു.
ബശ്ശാറുല്‍ അസദിന്റെ ആസുര ഭരണം കൊണ്ട് പൊറുതിമുട്ടി പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കാനും പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ കടന്നാക്രമണങ്ങളെ ചോദ്യം ചെയ്യാനും ഇരകള്‍ക്കും മര്‍ദിതര്‍ക്കും താങ്ങും തണലുമാകാനും തുര്‍ക്കിക്ക് കഴിയുന്നുണ്ട്.
ചുഴിയില്‍ പെട്ട നുരയും പതയും കണക്കെ ഒഴുകുന്ന മുസ്‌ലിം ലോകത്തിന് പ്രതീക്ഷയും പ്രത്യാശയും നല്‍കാന്‍ അക് പാര്‍ട്ടിക്കും ഉര്‍ദുഗാനും ശക്തി കൈവരട്ടെ എന്നാണ് പ്രാര്‍ഥന.
അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍
കമാലിസത്തിന്റെ അന്ത്യം
തുര്‍ക്കിയെക്കുറിച്ച കവര്‍ സ്റ്റോറിയും നബീല്‍ അല്‍ ഫുലിയുടെ ലേഖനവും ഇസ്താംബൂള്‍ യാത്രാ വിവരണവും ഹൃദ്യമായി (ലക്കം 3059). ഇസ്‌ലാമിക ലോക ചലനങ്ങള്‍ ശ്രദ്ധിച്ചുവരുന്നവര്‍ക്ക് പ്രത്യേകിച്ചും പ്രിയപ്പെട്ടതാകും ഈ ലക്കം. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പിനേക്കാള്‍ നെഞ്ചിടിപ്പോടെ കാതോര്‍ത്തിരിക്കുകയായിരുന്നു തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ്. ആധുനിക തുര്‍ക്കിയുടെയും ഈ തെരഞ്ഞെടുപ്പിന്റെയും അതിനെല്ലാമുപരി ഉര്‍ദുഗാന്റെ തന്നെയും ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുത്തിട്ടുണ്ട് ലേഖനം.
എന്റെ ചെറുപ്രായത്തില്‍ ചില വീടുകളിലെ ചുമരുകളില്‍ ഉസ്മാനിയാ സുല്‍ത്താന്മാരുടെ വലിയ പടങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കാണാമായിരുന്നു. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോള്‍ ബാപ്പ ബര്‍മയില്‍നിന്ന് കൊണ്ടുവന്ന കറുത്ത ചെണ്ടു(ഞെറി)ള്ള തുര്‍ക്കി തൊപ്പി അഭിമാനത്തോടെ തലയില്‍ വെച്ച് നടന്നിരുന്നു. അന്നൊക്കെ ഖിബ്‌ല കഅ്ബ തന്നെയാണെങ്കിലും മറ്റെല്ലാം തുര്‍ക്കിയിലേക്ക് നോക്കിയാണ് മുസ്‌ലിംകള്‍ പ്രത്യേകിച്ചും മലബാറുകാര്‍ ആചരിച്ചുവന്നിരുന്നത്. ഇന്നിപ്പോള്‍ എന്റെ ജീവിതകാലത്തുതന്നെ പുതു തുര്‍ക്കിയുടെ ആരംഭവും കമാലിസത്തിന്റെ അന്ത്യവും കണ്ടു തുടങ്ങിയതില്‍ സന്തോഷമുണ്ട്.
മമ്മൂട്ടി കവിയൂര്‍
കാലികപ്രസക്തം
അസ്‌ലം വാണിമേല്‍ എഴുതിയ 'സന്തോഷം വരുന്ന വഴികള്‍' (ലക്കം 3058) വായിച്ചു. മൂന്ന് പേജുള്ള ലേഖനത്തില്‍ ഭൗതിക വിവരങ്ങളും ഖുര്‍ആന്‍-ഹദീസ് ഉദ്ധരണികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയ സജീവമായാലും പ്രിന്റ് മീഡിയയെ മാറ്റിനിര്‍ത്തേണ്ടതല്ല എന്ന് ബോധ്യപ്പെടുത്തുന്ന, ഏത് പ്രകൃതക്കാരെയും ആകര്‍ഷിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചടുലവും കാലിക പ്രസക്തവുമാണ് പ്രബോധനം ലക്കങ്ങള്‍.
അബ്ദുര്‍റസ്സാഖ് പുലാപ്പറ്റ
Comments