Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

പോപ്പുലര്‍ ഫ്രണ്ടണ്ടിനോടുള്ള നിലപാട്

ഹംസ കടന്നമണ്ണ

'ഏത് മാനദണ്ഡം വെച്ചു നോക്കിയാലും മത തീവ്രവാദ സംഘടനയാണ് എസ്.ഡി.പി.ഐ. അവരുടെ പ്രവര്‍ത്തകരുള്‍പ്പെട്ട കൊലപാതകങ്ങളും അക്രമങ്ങളും നിരവധി. ജനാധിപത്യത്തിലോ മതേതരത്വത്തിലോ ദേശീയതയിലോ വിശ്വാസമില്ല. എന്തും കാണിക്കുന്നവയാണ് അവരുടെ വാക്കും പ്രവൃത്തിയും.... ഹാദിയ കേസ് കൈകാര്യം ചെയ്ത രീതിയിലൂടെ അവര്‍ കേരളത്തില്‍ ഉല്‍പാദിപ്പിച്ച വര്‍ഗീയത ഓര്‍ത്തു നോക്കിയാലും അത് വ്യക്തമാകും' (14-7-2018-ലെ ദേശാഭിമാനിയിലെ 'എന്താണീ എസ്.ഡി.പി.ഐ' ലേഖനത്തില്‍ എം.എന്‍ കാരശ്ശേരി). ഈ വിലയിരുത്തലിനോട് മുജീബ് യോജിക്കുന്നുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയും മൗലാനാ മൗദൂദിയുമാണ് മറ്റുള്ളവര്‍ക്ക് തീവ്രവാദത്തിന് വഴിവെച്ചതെന്ന കാരശ്ശേരിയുടെ വാദങ്ങളെക്കുറിച്ച് മുജീബിന് എന്തുണ്ട് പറയാന്‍?

 

എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും ആദിരൂപമായ എന്‍.ഡി.എഫ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ തന്നെ അതിന്റെ മൗലികാടിത്തറയോടും നയനിലപാടുകളോടുമുള്ള കടുത്ത വിയോജനം ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കിയിരുന്നതാണ്. ബഹുസ്വര മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരവും നിയമാനുസൃതവുമായ പ്രവര്‍ത്തനങ്ങളല്ലാത്ത എന്തും അപകടകരവും വിനാശകരവുമാണെന്നായിരുന്നു ജമാഅത്തിന്റെ ഉറച്ച നിലപാട്. ആ നിലപാട് ഇപ്പോഴും തുടരുന്നു. ഇസ്‌ലാം ആരുടെ മേലും അടിച്ചേല്‍പിക്കേ ആദര്‍ശമല്ല, അതിന് ഖുര്‍ആനോ പ്രവാചകനോ അനുമതി നല്‍കിയിട്ടുമില്ല. സമുദായത്തിന്റെ പ്രതിരോധം എന്ന ആശയം തന്നെ ഗൗരവതരമായ വിചിന്തനം ആവശ്യപ്പെടുന്നതാണ്. യഥാര്‍ഥ തൗഹീദിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ആദര്‍ശ സമൂഹമായി മുസ്‌ലിംകള്‍ നിലകൊള്ളുമ്പോഴാണ്, ഖൈറു ഉമ്മത്ത് അഥവാ ഉത്തമ സമുദായമായി അവരെ വിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കുന്നത്. നാസ്തികരും നിഷേധികളും കപടന്മാരും അധര്‍മികളും വഴിവിട്ട ജീവിതം നയിക്കുന്നവരും ക്രിമിനലുകളുമടങ്ങിയ ഒരു സമൂഹം കേവലം പിറവി അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായമെന്ന് വിളിക്കപ്പെടുന്നത് സാങ്കേതികമായി മാത്രമാണ് ശരി. ശീഈകളും സുന്നികളും അവരുടെ തന്നെ അവാന്തര വിഭാഗങ്ങളായ ബോഹ്‌റമാരും അലവികളും ദറൂസികളും കാക്കത്തൊള്ളായിരം ത്വരീഖത്തുകളുമെല്ലാമടങ്ങുന്ന ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ നിയമാനുസൃതമായ അവകാശങ്ങള്‍ക്കും സുരക്ഷക്കുമായി ഭരണഘടനാനുസൃതവും നിയമപരവുമായ മാര്‍ഗേണ പ്രവര്‍ത്തിക്കുകയല്ലാതെ അവരെ വര്‍ഗീയമായി സംഘടിപ്പിക്കുന്നതും ബലപ്രയോഗത്തിന്റെ വഴി അന്വേഷിക്കുന്നതും ഇസ്‌ലാമികമായിത്തന്നെ നീതീകരണമുള്ള കാര്യമല്ല. ഭരണഘടനാപരമായി നിയമവാഴ്ച നിലനില്‍ക്കുന്ന ഇന്ത്യയില്‍ സായുധ പ്രതിരോധം ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യങ്ങളൊക്കെ ജമാഅത്ത് വക്താക്കളും പ്രസിദ്ധീകരണങ്ങളും സമയാസമയങ്ങളില്‍ വിശദീകരിക്കാതിരുന്നിട്ടില്ല.

ഈ ദുന്‍യാവില്‍ അഹിതകരമായി സംഭവിക്കുന്ന എന്തിന്റെയും ഉത്തരവാദിത്തം അബുല്‍ അഅ്‌ലാ മൗദൂദിയുടെയും അദ്ദേഹം ബീജാവാപം ചെയ്ത പ്രസ്ഥാനത്തിന്റെയും തലയില്‍ കെട്ടിയേല്‍പിക്കാന്‍ പ്രതിജ്ഞയെടുത്ത എം.എന്‍ കാരശ്ശേരി പ്രഭൃതികളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് ഈ പംക്തിയില്‍ തന്നെ നിരവധി തവണ മറുപടി നല്‍കിയിട്ടുള്ളതാണ് (സംശയമുണ്ടെങ്കില്‍ ഇസ്‌ലാം, ഇസ്‌ലാമിക പ്രസ്ഥാനം ചോദ്യങ്ങള്‍ക്ക് മറുപടി എന്ന ഐ.പി.എച്ച് സമാഹാരം മറിച്ചുനോക്കുക). സയ്യിദ് മൗദൂദിയും സയ്യിദ് ഖുത്വ്ബുമൊക്കെ എഴുതിയ കൃതികളും ചെയ്ത പ്രസംഗങ്ങളും ലോക ഭാഷകളില്‍ നിരവധി പുസ്തകങ്ങളിലായി രേഖപ്പെട്ടു കിടക്കുന്നതാണ്. അതിലൊരിടത്തും മതരാഷ്ട്രവാദം എന്നൊരു സങ്കല്‍പം അവതരിപ്പിച്ചിട്ടേയില്ല. പകരം സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങളിലും പ്രവാചക മാതൃകകളിലും അധിഷ്ഠിതമായ ഒരാദര്‍ശ ധാര്‍മിക സ്റ്റേറ്റിന്റെ രൂപരേഖ അവതരിപ്പിച്ചിട്ടുണ്ട്.  അതാവട്ടെ പൂര്‍ണമായും ജനാധിപത്യാടിസ്ഥാനത്തില്‍ നിലവില്‍ വരേണ്ടതുമാണ്. ഏകാധിപത്യത്തെയും സ്വേഛാധിപത്യത്തെയും പൗരോഹിത്യ വാഴ്ചയെയും കുടുംബ വാഴ്ചയെയുമെല്ലാം ഇസ്‌ലാമിക പ്രസ്ഥാന നായകന്മാര്‍ തീര്‍ത്തും തള്ളിപ്പറഞ്ഞിട്ടേയുള്ളൂ. ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിക സ്റ്റേറ്റ് സ്ഥാപിക്കാനാവില്ല, സ്ഥാപിതമായാലും നിലനില്‍ക്കുകയുമില്ല. കാരണം, പൗരന്മാരുടെ ധാര്‍മിക ബോധത്തെ ആശ്രയിച്ചാണ് ഇസ്‌ലാമിക സ്റ്റേറ്റിന്റെ നിലനില്‍പ് എന്നാണ് മൗദൂദി അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയോ അതിന്റെ പോഷക സംഘടനകളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് നിസ്സാര തെളിവുകള്‍ പോലും ചൂണ്ടിക്കാട്ടാനില്ലെന്നിരിക്കെ മറ്റാരുടെയോ തലച്ചോറില്‍ രൂപം കൊണ്ട സാമുദായിക കൂട്ടായ്മകളുടെ ഒരുത്തരവാദിത്തവും ഏറ്റെടുക്കാന്‍ ജമാഅത്ത് തയാറല്ല. 

 

 

'കാഫിറെ അഅ്‌സം'

''ജിന്നയുടെ രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശകനായിരുന്ന മൗദൂദി അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'കാഫിറെ അഅ്‌സം' എന്നായിരുന്നു....'' 2018 മെയ് 21-ന്റെ സമകാലിക മലയാളത്തില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ നടത്തിയ ഈ പരാമര്‍ശത്തിന്റെ നിജഃസ്ഥിതി എന്താണ്?

അഹ്മദ് നുഅ്മാന്‍ തണലോട്ട്, തലശ്ശേരി

 

സയ്യിദ് മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ച് അപവാദ പ്രചാരണം മുഖ്യ തൊഴിലാക്കിയവരില്‍ കേമന്‍ ഹമീദോ കാരശ്ശേരിയോ എന്ന് തീരുമാനിക്കാന്‍ ഒരുപക്ഷേ വിരമിച്ച പോലീസ് മേധാവി സെന്‍കുമാറിനേ കഴിയൂ. മൗദൂദി അവിഭക്ത ഇന്ത്യയിലെ ഹൈന്ദവ ദേശീയതാ വാദത്തിന്റെയും മുസ്‌ലിം ദേശീയതാ വാദത്തിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. അതിനാല്‍ മുസ്‌ലിം ദേശീയത അഥവാ സാമുദായികതാ പ്രസ്ഥാനത്തിന്റെ നായകനായിരുന്ന മുഹമ്മദലി ജിന്നയെ ആദര്‍ശപരമായും താത്ത്വികമായും എതിര്‍ത്തുവെന്നത് ശരിയാണ്. എന്നാല്‍ പാകിസ്താന്‍ സ്ഥാപിതമാവുന്നതിന് മുമ്പോ പിമ്പോ ജിന്നാ സാഹിബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒന്നും മൗദൂദി എഴുതിയിട്ടില്ല, പറഞ്ഞിട്ടുമില്ല. വിരോധികള്‍ പറഞ്ഞുപരത്തിയ ഒരു ദുരാരോപണം മാത്രമാണ് 'കാഫിറെ അഅ്‌സം.' വ്യക്തിപരമായി ജിന്നാ സാഹിബിനു മൗദൂദിയോട് ബഹുമാനമായിരുന്നു, തിരിച്ചും അതേ.

മൗദൂദിയുടെ ദൂതന്‍ ഖമറുദ്ദീന്‍ ഖാനോട് ജിന്നാ സാഹിബ് ഇപ്രകാരം പറഞ്ഞതായി 'മൗദൂദി: തോട്ട് ആന്റ് മൂവ്‌മെന്റ്' എന്ന കൃതിയില്‍ അസ്അദ് ഗീലാനി ഉദ്ധരിച്ചിട്ടുണ്ട്: ''ഇസ്‌ലാമിനു വേണ്ടി പ്രശംസാഹര്‍മായ സേവനമാണ് മൗദൂദി ചെയ്തുകൊണ്ടിരിക്കുന്നത്. ലീഗിന്റെയും ജമാഅത്തിന്റെയും ലക്ഷ്യം ഒന്നുതന്നെ. ജമാഅത്തെ ഇസ്‌ലാമി ഉന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ ലീഗ് ഉടനടിയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. അവയുടെ പരിഹാരം മൗദൂദിയുടെ ഭാവി ദൗത്യത്തിലേക്കുള്ള വഴിയൊരുക്കും'' (പേജ് 128).

 

 

പുരോഹിതന്മാരുടെ ലൈംഗികാതിക്രമങ്ങള്‍

ക്രിസ്തീയ സഭകളില്‍നിന്ന് ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. വൈദികരില്‍ അടിച്ചേല്‍പിക്കപ്പെട്ട ബ്രഹ്മചര്യമല്ലേ ഇതിനു കാരണം?

എ.ആര്‍ ചെറിയമുണ്ടം

 

ബ്രഹ്മചര്യ അഥവാ പൗരോഹിത്യം ക്രൈസ്തവര്‍ മതത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അല്ലാഹു അത് നിയമമാക്കിയതല്ലെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (57:27). യേശുവിന്റെ കാലത്തോ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കാലത്തോ സഭകളും അച്ചന്മാരും അനുബന്ധ ആചാരങ്ങളുമൊന്നും ഇല്ലായിരുന്നു. പില്‍ക്കാലത്താണ്് അതൊക്കെ ക്രൈസ്തവാചാരങ്ങളില്‍ സ്ഥലം പിടിച്ചത്. പൗരോഹിത്യം സദുദ്ദേശ്യപൂര്‍വം ഏര്‍പ്പെടുത്തിയതാണെങ്കില്‍ തന്നെ അത് നേരാംവണ്ണം തുടരാനും ക്രൈസ്തവര്‍ തയാറായില്ലെന്നാണ് ഖുര്‍ആന്റെ ആരോപണം.

മനുഷ്യവംശത്തിന്റെ നിലനില്‍പിനായി ദൈവം നിശ്ചയിച്ചതാണ് വിവാഹം. അത് നിരുത്സാഹപ്പെടുത്തുന്നതും വിലക്കുന്നതും പ്രകൃതിവിരുദ്ധമാണ്. ഉത്തരവാദിത്തപൂര്‍ണവും വിഹിതവുമായ ദാമ്പത്യ ജീവിതം മനുഷ്യനെ തെറ്റുകളില്‍നിന്നും അരുതായ്മകളില്‍നിന്നും മാറ്റിനിര്‍ത്തുകയും സന്തോഷഭരിതനാക്കുകയും ചെയ്യുന്നു. പുരുഷന് പിതൃത്വവും സ്ത്രീക്ക് മാതൃത്വവും മനം കുളിര്‍പ്പിക്കുന്ന സംഗതികളാണ്. വിവാഹത്തിലൂടെയല്ലാതെ അത് സാധ്യമല്ല. ദത്തെടുക്കല്‍ പോലുള്ള നടപടികള്‍ ഗത്യന്തരമില്ലാതെ ചെയ്യുന്ന ബദല്‍ ഏര്‍പ്പാടുകള്‍ മാത്രമാണ്. മനുഷ്യര്‍ ചരിത്രത്തിലുടനീളം വൈവിധ്യപൂര്‍ണമായ ആചാരങ്ങളോടെ വൈവാഹിക ജീവിതം നയിച്ചുകൊണ്ടേ വന്നിട്ടുണ്ട്. യേശുവിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം കത്തോലിക്കാ സഭകള്‍ പുരോഹിതര്‍ക്ക് വിവാഹം വിലക്കിയത് അവരുടെ പൂര്‍ണ ശ്രദ്ധ ആത്മീയ കാര്യങ്ങളിലേക്കും തദനുസൃതമായ സേവന പ്രവൃത്തികളിലേക്കും തിരിച്ചുവിടാന്‍ വേണ്ടിയാവണം. ഉദ്ദേശ്യശുദ്ധി മാനിച്ചുകൊണ്ടുതന്നെ, വിവാഹ വിലക്ക് സഭക്ക് തന്നെ അപമാനകരമായ പതനത്തിലെത്തുമ്പോള്‍ പുനഃപരിശോധന വേണമെന്ന അഭിപ്രായം അച്ചന്മാരില്‍ വലിയൊരു വിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയോട് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പല പുരോഹിത പ്രമുഖരും ഈയാവശ്യം ഉന്നയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വിവാഹം പൂര്‍ണമായി അവിഹിതബന്ധങ്ങളുടെ വാതിലടക്കും എന്നില്ല. വിഹിത ബന്ധങ്ങളുടെ വാതില്‍ തുറന്നു കിടന്നാല്‍ പുരോഹിതന്മാരെ ഗുണദോഷിക്കാനും വേണ്ടിവന്നാല്‍ ശിക്ഷിക്കാനും ന്യായമുണ്ടാവുമല്ലോ.

 

 

മൗലാനാ മുഹമ്മദലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം?

''പ്രശസ്ത സാഹിത്യകാരനായിരുന്ന ഇ.വി കൃഷ്ണപിള്ള വിശുദ്ധ ഖുര്‍ആന്‍ പരിഭാഷക്ക് തുനിഞ്ഞ വിവരം തന്റെ ആത്മകഥയായ ജീവിത സ്മരണകള്‍ എന്ന പുസ്തകത്തിലെ മുപ്പതാം അധ്യായത്തിന്റെ ഒടുവിലത്തെ ഖണ്ഡികയില്‍ പറയുന്നുണ്ട്.... അലി സഹോദരന്മാരില്‍ പെട്ട മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള വിവര്‍ത്തനം വെച്ചായിരുന്നു ഈ യത്‌നം. അത് ഭാഷാപോഷിണി മാസികയിലാണ് പ്രസിദ്ധപ്പെടുത്തിവന്നത്.... ഈ ശ്രമം മുസ്‌ലിംകള്‍ എതിര്‍ത്തു. പലരും ഭീഷണിക്കത്തുകള്‍ അയച്ചു... പിന്നീട് ആ യത്‌നം ഉപേക്ഷിച്ചു'' (2018 മാര്‍ച്ച് 2-ന്റെ പ്രബോധനത്തില്‍ വന്ന ലേഖനത്തില്‍നിന്ന്).

ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ സീതി സാഹിബിനെ പറ്റി എം.സി വടകര എഴുതിയ ലേഖനത്തിലും മൗലാനാ മുഹമ്മദലിയുടെ ഖുര്‍ആന്‍ പരിഭാഷയെപ്പറ്റിയുള്ള പരാമര്‍ശമുണ്ട് (2018 ഏപ്രില്‍ 14). അതേസമയം മറ്റു ചിലര്‍ മൗലാനാ മുഹമ്മദലി ഖുര്‍ആന്‍ പരിഭാഷ രചിച്ചിട്ടേയില്ലെന്ന് കട്ടായം പറയുന്നു (ഉദാ: തേജസ് മെയ് 5). ഇതിന്റെ നിജഃസ്ഥിതി എന്താണ്?

ടി. ജംഷാദ് മാത്തോട്ടം, കോഴിക്കോട്

 

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ മുസ്‌ലിം നേതാക്കളില്‍ പ്രമുഖനുമായ മൗലാനാ മുഹമ്മദലി ജൗഹര്‍ വിശുദ്ധ ഖുര്‍ആന്‍ ഉര്‍ദുവിലേക്കോ ഇംഗ്ലീഷിലേക്കോ വിവര്‍ത്തനം ചെയ്തിരുന്നതായി ആധികാരിക രേഖകളില്ല. അദ്ദേഹത്തിന്റെ ഉര്‍ദു മാസിക 'കൊമ്രേഡി'ല്‍ ഖുര്‍ആന്‍ വിവര്‍ത്തനം പ്രസിദ്ധീകരിച്ചിരുന്നുവോ എന്ന് ഉറപ്പുവരുത്തണമെങ്കില്‍ പ്രസ്തുത മാസികയുടെ പഴയ വാള്യങ്ങള്‍ കാണണം. ഒരുവേള അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ അന്വേഷിച്ചാല്‍ കണ്ടെത്തിയേക്കും.

എന്നാല്‍ മറ്റൊരു സാധ്യത മുഹമ്മദലി ലാഹോരിയുടെ 'ദ ഹോളി ഖുര്‍ആന്‍' പരിഭാഷാ ഗ്രന്ഥം കണ്ടവര്‍, ഗ്രന്ഥകര്‍ത്താവ് മൗലാനാ മുഹമ്മദലിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കാനാണ്. അഹ്മദിയാ ജമാഅത്തിലെ ലാഹോരി വിഭാഗക്കാരനായിരുന്നു ഈ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്. ലനില്‍നിന്ന് ദ ഇസ്‌ലാമിക് റിവ്യൂ മാസിക പുറത്തിറക്കിയതും ഈ മുഹമ്മദലി ലാഹോരിയായിരുന്നു. അതിപ്പോഴും ലഭ്യമാണെന്നിരിക്കെ അതായിരിക്കണം ഇ.വി കൃഷ്ണപിള്ള മുതല്‍ പേര്‍ വായിച്ചത്. പരേതനായ സി.എന്‍ അഹ്മദ് മൗലവി പുറത്തിറക്കിയ മലയാള ഖുര്‍ആന്‍ പരിഭാഷയില്‍ പ്രകടിപ്പിച്ച ചില നൂതനാഭിപ്രായങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയ മുജാഹിദ് പണ്ഡിതന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദഗതി, സി.എന്‍ അതെല്ലാം മുഹമ്മദലി ലാഹോരിയുടെ 'ദ ഹോളി ഖുര്‍ആനില്‍'നിന്ന് പകര്‍ത്തിയതാണ് എന്നുള്ളതായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌