Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ഹിംസയുടെ രാഷ്ട്രീയത്തെ ജനാധിപത്യം കൊണ്ട് ചെറുക്കുക

ടി.ടി ശ്രീകുമാര്‍

തികച്ചും പ്രതികൂലവും ഹിംസാത്മകവുമായൊരു കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകത്തെവിടെയും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുകയല്ലാതെ നിര്‍വാഹമില്ലെന്ന് വന്നിരിക്കുന്നു. ദൈനംദിനം അത്രയുമധികം അതിക്രമങ്ങളും ഹിംസകളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. 

അഹിംസയുടെയും സമാധാനത്തിന്റെയും സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി ലോകത്തെ വന്‍ശക്തികളോടും അതിക്രമകാരികളോടും പോരടിച്ചവരുടെ ചരിത്രവും ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട്. ഗാന്ധിജിയെ പോലുള്ളവര്‍ ഈ മേഖലയില്‍ ആഘോഷിക്കപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ പോലും പ്രവര്‍ത്തനങ്ങളില്‍ ചില ഹിംസകള്‍ ഒളിഞ്ഞിരുന്നതായി നമുക്ക് കാണാനാകും. എന്നാല്‍ അത്തരം എല്ലാ ഹിംസകളെയും മറികടന്ന് മികച്ചുനിന്നൊരു നേതാവായിരുന്നു അംബേദ്കര്‍. കാരണം, ദലിതുകളുടെ രാഷ്ട്രീയാധികാരത്തിന്റെ സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ തടയാന്‍ പൂനെ പാക്ടിലേക്ക് എത്തിക്കുന്ന തരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടാക്കാന്‍ ഗാന്ധിജി സമരം നയിച്ചു. യഥാര്‍ഥത്തില്‍ ആ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയായിരുന്നില്ല, ദലിതരുടെ അവകാശങ്ങള്‍ക്കെതിരെയായിരുന്നു ഗാന്ധിജി സമരം നയിച്ചത്. തങ്ങള്‍ക്കെതിരാണ് ഗാന്ധിയുടെ സമരമെങ്കിലും അദ്ദേഹത്തിന്റെ ജീവന് വിലയുണ്ടെന്ന് പ്രഖ്യാപിച്ച് ആ ജീവന്‍ ഹനിക്കപ്പെടരുതെന്ന് പ്രഖ്യാപിച്ച നേതാവാണ് അംബേദ്കര്‍. 

ഇതാണ് യഥാര്‍ഥ അഹിംസയുടെ മനസ്സ്. ഏത് കോണില്‍നിന്ന് ഹിംസയുടെ സാധ്യതകളുണ്ടാകുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാനുള്ള മനസ്സാണത്. മറ്റുള്ളവരില്‍ തന്റെ നന്മയെ കാണാനാണ് ബുദ്ധന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് അംബേദ്കര്‍ ഗാന്ധിയുടെ മതത്തിലെ ഹിംസയെ ഉപേക്ഷിച്ച് മറ്റുള്ളവരെകൂടി ഉള്‍ക്കൊള്ളാനാകുന്ന ബുദ്ധിസത്തിലേക്ക് പോയത്. 

തന്റെ ചുറ്റും നടക്കുന്ന ഹിംസാത്മക പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായ അഹിംസകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച് വിജയിച്ച മറ്റൊരു മഹാനാണ് നെല്‍സണ്‍ മണ്ടേല. അധിനിവേശവും കോളനിവല്‍ക്കരണവും അവസാനിച്ചിട്ടും അരനൂറ്റാണ്ട് കാലത്തോളം തുടര്‍ന്ന ശക്തമായ വര്‍ണവിവേചനത്തെയാണ് മണ്ടേല തന്റെ സമാധാന സമരങ്ങളിലൂടെ നേരിട്ടത്. ഈ സമരങ്ങള്‍ അദ്ദേഹത്തെ 27 വര്‍ഷം നീണ്ട ജയില്‍വാസത്തിലേക്കാണ് നയിച്ചത്. നീണ്ട ജയില്‍വാസവും പീഡനങ്ങളുമൊന്നും അദ്ദേഹത്തിന്റെ ഇഛാശക്തിയെ ദുര്‍ബലമാക്കിയില്ല. കരുത്തോടെ പൊരുതാനുള്ള ആയുധമായാണ് അദ്ദേഹം തന്റെ അനുഭവങ്ങളെ ഉപയോഗപ്പെടുത്തിയത്. അതാണ് ഹിംസയെ പ്രതിരോധിക്കുന്നതിന്റെ ശക്തി. 

അമേരിക്കയിലെ വര്‍ണവിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ നടന്ന സമരങ്ങളിലും ഇതേ ശൈലി കാണാം. അവിടെ കറുത്ത വര്‍ഗക്കാര്‍ക്കായി പോരാടിയ ബഹുഭൂരിപക്ഷവും പിന്തുടര്‍ന്നത് അഹിംസാത്മകമായ ശൈലിയായിരുന്നു. വെള്ളക്കാര്‍ പലപ്പോഴും 'വിസ്‌ഫോടനാത്മക സമൂഹങ്ങള്‍' എന്ന് വിശേഷിപ്പിച്ചിരുന്ന വിവിധ വംശീയ വിഭാഗങ്ങളുള്‍ക്കൊള്ളുന്ന കറുത്ത വര്‍ഗക്കാരെ വലിയ പൊട്ടിത്തെറിയില്‍നിന്ന് രക്ഷിക്കാന്‍ ഈ നിലപാടുകള്‍ക്ക് സാധിച്ചിരുന്നു. അക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളിലൂടെയാണിതെല്ലാം സാധിച്ചത്. ലോകത്ത് പലതരത്തില്‍ സ്ഥായിയായ വിജയങ്ങളും തുടര്‍ച്ചയുള്ള നേട്ടങ്ങളും സാധ്യമാക്കിയിട്ടുള്ളത് സമാധാനപരമായ സമരങ്ങളിലൂടെയാണെന്ന് കാണാം.

ഇസ്‌ലാം എന്നും ഹിംസക്കെതിരെ സംസാരിച്ച പ്രത്യയശാസ്ത്രമാണ്. അതിന്റെ പ്രധാന കാരണം ഇസ്‌ലാം ചരിത്രത്തില്‍ പലപ്പോഴും തുല്യതയില്ലാത്ത ഹിംസകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നതാണ്. പ്രത്യേകിച്ചും അവസാന 1000 വര്‍ഷങ്ങളില്‍. അവസാന അഞ്ച് നൂറ്റാണ്ടുകളില്‍ നടന്ന ഏറ്റവും വലിയ ഹിംസയായിരുന്നു സാമ്രാജ്യത്വ അധിനിവേശങ്ങള്‍. കൊളംബസും കൂട്ടാളികളും അമേരിക്കയിലേക്കും ഇന്ത്യയിലേക്കും പുറപ്പെട്ടതാണ് അതിന്റെ തുടക്കമെന്ന് പറയാം. കൊളംബസ് ഈ യാത്രകള്‍ക്ക് സാമ്പത്തിക സഹായം തേടിച്ചെന്നത് സ്‌പെയിനിലെ ഫെര്‍ഡിനാന്റ് രാജാവിന്റെയും ഇസബെല്ലാ രാജകുമാരിയുടെയും അടുത്തായിരുന്നു. അവര്‍ അതിന് പണം നല്‍കി. ആ പണം സ്‌പെയിനിലെ അവസാന മുസ്‌ലിം ഭരണകൂടമായിരുന്ന മൂറുകളിനിന്ന് കൊള്ളയടിച്ചതായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഹിംസകളുടെ നേട്ടത്തില്‍നിന്നായിരുന്നു ഈ അധിനിവേശങ്ങള്‍. ആ സമയത്ത് സ്‌പെയിന്‍ സൈന്യം മൂറുകള്‍ക്കെതിരെ നടത്തിയത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളായിരുന്നു. കീഴടങ്ങിയ സൈനികര്‍ക്ക് പുറമെ സാധാരണക്കാരെയും ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ തയാറാകാത്ത എല്ലാവരെയും ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത്. ലൈബ്രറികളും പുസ്തകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും ആരാധനാലയങ്ങളും അവര്‍ തകര്‍ത്തുകളഞ്ഞു. 

ഈ ഹിംസയിലൂടെയാണ് വലിയ ഹിംസകളിലേക്ക് യൂറോപ്പ് കാലെടുത്തുവെക്കുന്നത്. സഞ്ജയ് സുബ്രഹ്മണ്യം ദ കരിയര്‍ ആന്റ് ലെജെന്റ് ഓഫ് വാസ്‌കോഡഗാമ എന്ന പുസ്തകത്തില്‍ ഇതിന്റെ യഥാര്‍ഥ രൂപങ്ങള്‍ വിവരിക്കുന്നുണ്ട്. തുടര്‍ന്നങ്ങോട്ട് നിരന്തരമായ ഹിംസകളിലൂടെയാണ് അധിനിവേശം വികസിച്ചത്. ഇന്ത്യയിലും മറ്റും ഇതേ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അവര്‍ ചെയ്തത്. ബംഗാളില്‍ വലിയ ക്ഷാമം പിടിപെട്ടതിനെകുറിച്ചുള്ള റിപ്പോര്‍ട്ട് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മുന്നിലെത്തിയപ്പോള്‍, 'എന്നിട്ടുമെന്താണ് ആ ഗാന്ധി ചാകാത്തത്' എന്ന് അദ്ദേഹം ചോദിച്ചെന്ന് ഈയടുത്ത് ശശി തരൂര്‍ ചില രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ഈ സംഭവം വലിയ നയതന്ത്രജ്ഞനും മഹാനുമായി വാഴ്ത്തപ്പെടുന്ന ചര്‍ച്ചിലിന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഹിംസാത്മകതയുടെ ഭീകരത വെളിവാക്കുന്നുണ്ട്. 

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ഈ ഹിംസയുടെ രാഷ്ട്രീയം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, അതിനപ്പുറത്തേക്കും ഇത് പരക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ശീതയുദ്ധം നമുക്കെല്ലാവര്‍ക്കും അറിയാം. അമേരിക്കയും റഷ്യയും തമ്മില്‍ നേരിട്ടൊരു യുദ്ധം നടന്നിട്ടില്ല. എന്നാല്‍ ലോകത്തിന്റെ മുഴുവന്‍ മേഖലകളിലും ശീതയുദ്ധത്തിന്റെ ഭാഗമായി ഇടപെടലുകള്‍ നടന്നു. അഫ്ഗാനിസ്താനില്‍, ചിലി, നിക്കരാഗ്വ പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, മധ്യപൗരസ്ത്യ ദേശങ്ങളില്‍, യൂറോപ്പിലെ തന്നെ വിവിധ വംശീയ വിഭാഗങ്ങള്‍ ജീവിച്ചിരുന്ന മേഖലകളില്‍, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ എല്ലാം ഇടപെടലുകള്‍ നടന്നു. തുടര്‍ച്ചയായ ഹിംസകളായിരുന്നു അതിന്റെ ഫലം. രണ്ട് വന്‍ശക്തികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ, ലോകത്തിന്റെ വിവിധ മേഖലയിലുള്ള ആളുകള്‍ക്ക് മേല്‍ ശക്തമായി അടിച്ചേല്‍പ്പിക്കുന്നതിനെയാണ് വളരെ നിസ്സാരമായി ശീതസമരമെന്നു പറഞ്ഞ് നാം ശീതീകരിച്ചത്. കോടിക്കണക്കിന് മനുഷ്യരുടെ രക്തമാണ് ഇതിന് വിലയായി നല്‍കിയത്. 

ആന്തരിക വൈരുധ്യങ്ങള്‍ കാരണം സോവിയറ്റ് യൂനിയനും സമാന ചേരികളും തകര്‍ന്നു. നമ്മുടെ രാജ്യത്ത് 19 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയെ നാം ഇന്നും വലിയ ഞെട്ടലോടെ ഓര്‍ക്കാറുണ്ട്. എന്നാല്‍ സോവിയറ്റ് റഷ്യയില്‍ തുടര്‍ച്ചയായ 70 വര്‍ഷമാണ് അടിയന്തരാവസ്ഥയുണ്ടായിരുന്നത്, ശബ്ദിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ഇല്ലാതാക്കപ്പെട്ടത്. അത്രയും വലിയ ഹിംസയായിരുന്നു അവിടെ തുടര്‍ന്നുകൊണ്ടിരുന്നത്. ഇതിന്റെയൊക്കെ ഫലമായി ചരിത്രത്തിലെ അനിവാര്യതയെന്ന നിലയില്‍ റഷ്യന്‍ ചേരി തകര്‍ന്നു. 

റഷ്യന്‍ ചേരിയുടെ തകര്‍ച്ചയോടെയുണ്ടായ മറ്റൊരു പ്രശ്‌നം ഇവിടെ അമേരിക്കക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു എതിരാളിയില്ലാതായി എന്നതാണ്. ആയുധ കച്ചവടത്തിനും അതുപോലുള്ള വ്യാപാരങ്ങള്‍ക്കും ഒരു ശത്രുവിനെ ചൂണ്ടിക്കാണിക്കല്‍ അനിവാര്യമാണ്. തങ്ങളുടെ ഹിംസകളെ ന്യായീകരിക്കാന്‍ ഇത്തരം എതിരാളികള്‍ അനിവാര്യമാണ്. ഇതിനെ മറികടക്കാനാണ് ഇസ്‌ലാമിക ഭീകരത, മുസ്‌ലിം ഭീകരത തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും ലോകത്ത് രൂപപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഹിംസക്കെതിരെയുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ ചര്‍ച്ചയിലേക്ക് വരുന്നത് ഇതിന്റെ വെളിച്ചത്തില്‍ വേണം നാം മനസ്സിലാക്കാന്‍. 

മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശത്രുപക്ഷത്ത് നിര്‍ത്തി അധിനിവേശത്തെ പിടിച്ചുനിര്‍ത്തുന്ന തന്ത്രമായിരുന്നു അമേരിക്ക പയറ്റിയിരുന്നത്. എന്നാല്‍ അതിന്റെ തകര്‍ച്ചയോടെ ആ തന്ത്രം സാധ്യമല്ലാതായി. തുടര്‍ന്ന് അവരുണ്ടാക്കിയൊരു സിദ്ധാന്തമാണ് ഇനി സംഘട്ടനം നടക്കുന്നത് സംസ്‌കാരങ്ങള്‍ തമ്മിലായിരിക്കുമെന്നത്. അതാണ് സാമുവല്‍ പി. ഹണ്ടിംഗ്ടണിന്റെ ക്ലാഷ് ഓഫ് സിവിലൈസേഷന്റെ ഉള്ളടക്കം. ക്ലാഷില്ലാതെ കാശുണ്ടാക്കാനാകില്ലെന്നതാണ് ഇവിടെയുള്ള പ്രശ്‌നം. ഹിംസകളിലൂടെ നേട്ടമുണ്ടാക്കുന്ന തന്ത്രം. 

യഥാര്‍ഥത്തില്‍ സംസ്‌കാരങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വമാണുണ്ടാവുക. സമന്വയങ്ങളാണ് സാധ്യമാകേണ്ടത്. എന്നാല്‍ അതിനെയും സംഘട്ടനമായി വികസിപ്പിക്കേണ്ടത് അധികാരശക്തികളുടെ ആവശ്യമാണ്, തങ്ങളുടെ അധികാരങ്ങള്‍ നിലനിര്‍ത്താന്‍. ഇതാണ് നാഗരികതകളുടെ സംഘട്ടനത്തിന്റെ പശ്ചാത്തലം. മുസ്‌ലിംകളുടെ സംസ്‌കാരമാണ് അമേരിക്കക്ക് ഏറ്റവും വലിയ വെല്ലുവിളിയാകാന്‍ പോകുന്നതെന്നും ഹണ്ടിംഗ്ടണ്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിനെതിരായ നിലവിലെ പ്രചാരണങ്ങളെ മനസ്സിലാേക്കണ്ടത്. ശൂന്യതയില്‍നിന്ന് ഇസ്‌ലാമിക തീവ്രവാദമെന്ന ശത്രു ഉണ്ടാക്കപ്പെടുകയാണിവിടെ ചെയ്തത്. അതിന് മുമ്പ് എവിടെയെങ്കിലും ഈ വാക്ക് കേട്ടിട്ടുണ്ടോ? 

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഫലസ്ത്വീനില്‍ വര്‍ഷങ്ങളായി കുട്ടികളെയും സ്ത്രീകളെയുമടക്കം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയുമാണ് ഇസ്രയേല്‍ ചെയ്യുന്നത്. അതിന് ശക്തികൂട്ടാനാണ് ഈ നടപടി കാരണമാക്കുക. എന്നാല്‍ അതിനെതിരെ കാര്യമായി പ്രതികരിക്കാന്‍ ഇവിടെ ആരുമുണ്ടായില്ല. എന്നാല്‍ ഫലസ്ത്വീനികളുടെ പ്രതിരോധങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു ഇസ്രയേല്‍ ഭടനോ പൗരനോ പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ ലോക മാധ്യമങ്ങളും ലോകരാഷ്ട്രങ്ങളും ഇളകിവരുന്നത് നമുക്ക് കാണാം. ഫലസ്ത്വീന്‍ തീവ്രവാദം പിന്നീട് തുടര്‍ച്ചയായ ചര്‍ച്ചകളിലുണ്ടാകും. 

ഇവിടെ വന്‍ശക്തികള്‍ നടത്തുന്ന വലിയ ഹിംസകളും അതിന്റെ പ്രതികരണമായുണ്ടാകുന്ന ചെറിയ സംഭവങ്ങളും വേര്‍തിരിച്ച് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇവയെ വേര്‍തിരിക്കാനായില്ലെങ്കില്‍ നിലവിലെ സംഭവങ്ങളെ മനസ്സിലാക്കുന്നതില്‍ വലിയ പിഴവുകളായിരിക്കും സംഭവിക്കുക. ഈയൊരു പശ്ചാത്തലം അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. കാരണം ആധിപത്യവര്‍ഗം പാര്‍ശ്വവല്‍കൃതരെ ചുമരിലേക്ക് തള്ളി നിര്‍ത്തുകയാണ്. തിരിച്ചൊന്ന് തള്ളിയാല്‍ അത് വലിയ ഹിംസയായി മുദ്രകുത്തപ്പെടും. ഇതാണവസ്ഥ. 

നമ്മുടെ രാജ്യത്തേക്ക് വരികയാണെങ്കില്‍ ഇവിടെ ഹിന്ദുത്വയുടെ രണ്ട് വ്യത്യസ്തമായ ശൈലിയിലുള്ള ഭീകരമായ ഹിംസകള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്ന്, നേരിട്ടുള്ള ആള്‍ക്കൂട്ട കൊലകളിലൂടെയും പശുഭീകരതയിലൂടെയും നടപ്പിലാക്കുന്നത്. അതിനെതിരായ പ്രതികരണങ്ങള്‍ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ് ഇന്ന്. പ്രതികരിക്കുന്നവരെയും ഇല്ലാതാക്കുന്ന പ്രവണതകളുമുണ്ട്. രണ്ടാമത്തെ ശൈലി, മൃദുഹിന്ദുത്വയുടെ ശക്തിയെ ഉപയോഗപ്പെടുത്തുക എന്നതാണ്. പ്രത്യക്ഷമായ ഹിംസകള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങളോ മറ്റോ ഉണ്ടാകുന്നതിനെ ഭീകരമായി ചിത്രീകരിക്കാനും വേട്ടയാടാനുമുള്ള സാഹചര്യങ്ങളൊരുക്കുന്ന മാനസികാവസ്ഥയും സാമൂഹികാവസ്ഥയുമാണിത്. 

അക്രമ രാഷ്ട്രീയം നമ്മുടെ കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹിംസയുടെ രൂപമാണ്. കാമ്പസുകളിലും ഈ അക്രമരാഷ്ട്രീയം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തും അധ്യാപകനായപ്പോഴും ഈ യാഥാര്‍ഥ്യം നേരിട്ടു തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അഭിമന്യുവിനെ പോലുള്ളവര്‍ ബലികൊടുക്കപ്പെട്ടതില്‍ ഇതിന് വലിയ പങ്കുണ്ട്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെയുള്ള ഹിംസാത്മകതകളാണ് ഇത് സാധ്യമാക്കുന്നത്. നമ്മുടെ രാജ്യത്ത് മുസ്‌ലിംകളും ദലിതുകളുമാണ് ഏറ്റവും വലിയ ഇരകളാക്കപ്പെടുന്നത്. ഹിംസയും കൊലപാതകവും കാമ്പസിനകത്തും പുറത്തും ആര് നടത്തിയാലും അപലപിക്കപ്പെടേണ്ടതും തടയപ്പെടേണ്ടതുമാണ്. എന്നാല്‍ അത് ഏതെങ്കിലും മതത്തോടോ മറ്റോ ബന്ധപ്പെടുത്തി, ആ മേഖലയില്‍നിന്നുള്ള എല്ലാ ഇടപെടലുകള്‍ക്കും തടയിടാനുള്ള മാര്‍ഗമായി അതിനെ പ്രചാരണത്തിനുപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. കാരണം ഇവിടെയുള്ള ഫാഷിസ്റ്റ് ശക്തികള്‍ക്കു തന്നെയാണ് അതിന്റെ അവസാന നേട്ടം. അവര്‍ ആഗ്രഹിക്കുന്നതാണ് ഇതിലൂടെ ബാക്കിയുള്ളവര്‍ നേടിക്കൊടുക്കുന്നത്. 

ഇത്തരം ഹിംസകളോടുള്ള പ്രതികരണങ്ങളുടെ ശൈലി തീരുമാനിക്കുന്നത് വളരെ സൂക്ഷ്മതയാവശ്യപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രതിഹിംസകള്‍ അടിച്ചമര്‍ത്തപ്പെട്ടവരെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുമെന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. അപ്പോള്‍ ഇത്തരം ഹിംസകള്‍ക്ക് ജനാധിപത്യ രീതികളിലൂടെ ഹിംസകളെ ആശ്രയിക്കാതെ പരിഹരിക്കാനാകണം നമ്മുടെ സമരങ്ങളെന്നാണ് എനിക്ക് തോന്നുന്നത്.  

 

('ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്‌ലാം പ്രതികരിക്കുന്നു' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

തയാറാക്കിയത്: ജന്ന കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌