Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 03

3062

1439 ദുല്‍ഖഅദ് 20

ദുല്‍ഹജ്ജ് മാസത്തിലെ കര്‍മങ്ങള്‍

എം.സി അബ്ദുല്ല

ഹജ്ജ് കര്‍മങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്നാണ് അത് അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ എന്നിവയെയാണ് ഹജ്ജ് കാലം എന്ന് പറയുക. ശവ്വാല്‍ ഒന്നു മുതല്‍ ഹജ്ജിന് ഇഹ്‌റാം ചെയ്തു തുടങ്ങാം.

ദുല്‍ഹജ്ജ് എട്ട്

ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്‌റാമില്‍നിന്ന് ഒഴിവായവരും മക്കാ നിവാസികളും അന്നാണ് ഇഹ്‌റാം ചെയ്യുന്നത്. ഓരോരുത്തരും അവരുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്‌റാം ചെയ്യുക. അന്ന് ളുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളും പിറ്റേന്ന് സ്വുബ്ഹ് നമസ്‌കാരവും മിനായില്‍വെച്ച് നിര്‍വഹിക്കലും അന്ന് രാത്രി അവിടെ നമസ്‌കരിക്കലും സുന്നത്താണ്.

ദുല്‍ഹജ്ജ് എട്ടിനുതന്നെ മിനായിലേക്ക് പോവല്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മമല്ല. ഒരാള്‍ ദുല്‍ഹജ്ജ് ഒമ്പതിന് മക്കയില്‍നിന്ന് ഇഹ്‌റാം ചെയ്ത് നേരെ അറഫയിലേക്ക് പുറപ്പെട്ടാലും ഹജ്ജിന് ദോഷം സംഭവിക്കുന്നില്ല. സുന്നത്തുകള്‍ നഷ്ടപ്പെടുമെന്നേ ഉള്ളൂ. മിനായില്‍ താമസിക്കുന്ന ദിവസങ്ങളില്‍ ഓരോ നമസ്‌കാരവും അതതിന്റെ സമയത്താണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍, ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്‌റാക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്.

ദുല്‍ഹജ്ജ് ഒമ്പത്

ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ നമിറയില്‍ ഇറങ്ങി താമസിക്കലും അവിടെ വെച്ച് ളുഹ്‌റും അസ്വ്‌റും നമസ്‌കരിക്കലും സുന്നത്താണ്. അതിന് കഴിയാത്തവര്‍ അറഫയില്‍ ഇറങ്ങുകയും അവിടെ വെച്ച് ളുഹ്‌റും അസ്വ്‌റും നമസ്‌കരിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. ളുഹ്‌റും അസ്വ്‌റും ളുഹ്‌റിന്റെ സമയത്ത് ഒരു ബാങ്കോടും രണ്ട് ഇഖാമത്തോടും കൂടി ജംഉം ഖസ്‌റുമായി നമസ്‌കരിക്കുകയാണ് വേണ്ടത്. സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല.

ദുല്‍ഹജ്ജ് പത്ത്

ഹജ്ജിലെ ഏറ്റവും തിരക്കു പിടിച്ച ദിവസമാണ് ദുല്‍ഹജ്ജ് പത്ത്. അന്ന് താഴെ പറയുന്ന കര്‍മങ്ങളാണ് അനുഷ്ഠിക്കുക:

1. ജംറത്തുല്‍ അഖബയില്‍ കല്ലേറ്: ഹാജിമാര്‍ മുസ്ദലിഫയില്‍നിന്ന് മിനായിലെത്തിക്കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുന്ന കാര്യമാണ് ജംറത്തുല്‍ അഖബയിലെ കല്ലേറ്. ജംറയുടെ അടുത്തെത്തിയാല്‍ തല്‍ബിയത്ത് നിര്‍ത്തുകയും ഏഴ് കല്ലുകള്‍കൊണ്ട് ജംറയില്‍ എറിയുകയും വേണം. ഓരോ കല്ല് വീതമാണ് എറിയേണ്ടത്. ഓരോ കല്ലെറിയുമ്പോഴും 'അല്ലാഹു അക്ബര്‍' എന്ന് പറയുന്നത് സുന്നത്താണ്. അര്‍ധരാത്രിക്ക് ശേഷം മുസ്ദലിഫയില്‍നിന്ന് മിനായിലേക്ക് പുറപ്പെടാന്‍ അനുവാദമുള്ള സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ മുതലായവര്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും നേരം പുലരുന്നതിനു മുമ്പ് തന്നെ ജംറത്തുല്‍ അഖബയില്‍ കല്ലെറിയാവുന്നതാണ്.

2. ബലിയറുക്കല്‍: ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞു കഴിഞ്ഞാല്‍ ബലിയറുക്കാനുള്ളവര്‍ അത് നിര്‍വഹിക്കണം. ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വഹിച്ച് അതേ വര്‍ഷം ഹജ്ജ് ചെയ്യുന്നവര്‍ക്കും, ഹജ്ജും ഉംറയും ഒന്നായി നിര്‍വഹിക്കുന്നവര്‍ക്കും ബലി നിര്‍ബന്ധമാണ്. ഹജ്ജ് മാത്രം നിര്‍വഹിക്കുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല.

ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിമൃഗങ്ങള്‍. ആടാണെങ്കില്‍ ഒരാള്‍ക്ക് ഒന്ന് തന്നെ നിര്‍ബന്ധമാണ്. മാടോ ഒട്ടകമോ ആണെങ്കില്‍ ഒരു മൃഗത്തില്‍ ഏഴു പേര്‍ക്ക് വരെ പങ്കുകാരാവാം.

ബലിമൃഗങ്ങളുടെ മാംസം സാധിക്കുമെങ്കില്‍ സ്വയം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയുമാണ് വേണ്ടത്. എന്നാല്‍ ഹജ്ജില്‍ വന്ന വീഴ്ചകളുടെ ഫിദ്‌യ (പ്രായശ്ചിത്തം) ആയി അറുക്കുന്ന മൃഗങ്ങളുടെ മാംസം അറുക്കുന്നവര്‍ക്കു ഭക്ഷിക്കാന്‍ പാടില്ല. അത് ഹറമിലെ ദരിദ്രര്‍ക്ക് അവകാശപ്പെട്ടതാണ്.

ബലികര്‍മം ദുല്‍ഹജ്ജ് പത്തിനു തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല. ബലിയുടെ സമയം ദുല്‍ഹജ്ജ് പതിമൂന്ന് വൈകുന്നേരം വരെയുണ്ട്.

3. മുടിമുറിക്കല്‍: പിന്നീട് ഹാജിമാര്‍ തലമുടി എടുക്കുന്നു. മുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം. മുഴുവനായി കളയുകയാണ് ഉത്തമം. സ്ത്രീകള്‍ മുടിയുടെ അറ്റത്തു നിന്ന് ഒരു വിരല്‍ തുമ്പിന്റെ അത്ര വെട്ടുകയാണ് വേണ്ടത്.

4. ത്വവാഫുല്‍ ഇഫാദ: ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫായ ത്വവാഫുല്‍ ഇഫാദഃ അന്നു തന്നെ നിര്‍വഹിക്കുകയാണ് നല്ലത്. അത് പിന്തിക്കുന്നതിലും വിരോധമില്ല. പക്ഷേ, അത് ഹജ്ജിന്റെ പ്രായശ്ചിത്തം കൊണ്ട് പരിഹരിക്കപ്പെടാത്ത റുക്ന്‍ ആയതുകൊണ്ടും ഇഹ്‌റാമില്‍നിന്ന് ഒഴിവാക്കാന്‍ അത് ഉപാധികള്‍ ആയതുകൊണ്ടും കഴിവതും നേരത്തേ തന്നെ നിര്‍വഹിക്കുന്നതാണ് ഉത്തമം.

6. സഅ്‌യ്: ഹജ്ജിന്റെ മറ്റൊരു നിര്‍ബന്ധ കര്‍മമാണ് സ്വഫാ-മര്‍വക്കിടയിലെ സഅ്‌യ്. ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് അത് നിര്‍വഹിക്കേണ്ടത്.

 

ദുല്‍ഹജ്ജ് പത്തിന്റെ ശ്രേഷ്ഠത: നബി (സ) പറയുന്നു: 'ദുല്‍ഹജ്ജ് ഒന്നുമുതല്‍ നോമ്പ് ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ക്ക് മറ്റ് ദിവസങ്ങളേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊന്നില്ല' (ബുഖാരി).

അറഫ നോമ്പ്: മറ്റ് സുന്നത്ത് നോമ്പുകളേക്കാള്‍ പ്രാധാന്യമുണ്ട് അറഫാ നോമ്പിന്. നബി (സ) പറയുന്നു: 'അറഫാ നോമ്പ്, കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളെയും പൊറുപ്പിക്കും' (മുസ്‌ലിം).

ഉദുഹിയ്യത്ത് (ബലികര്‍മം): ദുല്‍ഹജ്ജ് പത്തിന് പെരുന്നാള്‍ നമസ്‌കാരശേഷം അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവും ഉദ്ദേശിച്ച് അനുഷ്ഠിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കര്‍മങ്ങളിലൊന്നാണ് ബലി. നബി (സ) പറയുന്നു: 'കഴിവുണ്ടായിട്ടും ബലികര്‍മം നിര്‍വഹിക്കാത്തവന്‍ നമ്മുടെ ഈദ്ഗാഹിലേക്ക് അടുക്കരുത്.' മറ്റൊരു നബിവചനം: 'ബലിപെരുന്നാള്‍ ദിനത്തില്‍ ബലിമൃഗത്തിന്റെ രക്തമൊഴിക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കല്‍ പ്രിയങ്കരമായ മറ്റൊന്നില്ല.'

ദുല്‍ഹജ്ജ് മാസം കണ്ടതുമുതല്‍, ബലികര്‍മം ഉദ്ദേശിക്കുന്നവര്‍ അത് നിര്‍വഹിക്കുന്നതുവരെ തങ്ങളുടെ നഖവും മുടിയും എടുക്കല്‍ ഉപേക്ഷിക്കലാണ് ഏറ്റവും അഭികാമ്യം.

അല്ലാഹുവിനെ മഹത്വപ്പെടുത്തല്‍: ദുല്‍ഹജ്ജ് ഒന്നു മുതല്‍ പത്തു വരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്: 'എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കാനും അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ നന്ദി രേഖപ്പെടുത്താനും വേണ്ടി' (ഖുര്‍ആന്‍). ബലിപെരുന്നാള്‍ ദിവസം അറഫാ ദിനത്തിലെ പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് പതിമൂന്നു വരെയും ചെറിയ പെരുന്നാള്‍ ദിനത്തില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതുമുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് പുറപ്പെടുന്നതുവരെയും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (1 - 2)
എ.വൈ.ആര്‍

ഹദീസ്‌

ഇബ്‌ലീസിന്റെ സന്തതികള്‍
അര്‍ശദ് കാരക്കാട്‌