ഫുആദ് സസ്ഗിന്‍ വിടപറഞ്ഞ ഗവേഷണ പ്രതിഭ
വിശ്രുത ചരിത്ര ഗവേഷകനും പണ്ഡിതനുമായ ഡോ. ഫുആദ് സസ്ഗിന്‍ വിടവാങ്ങി. ജീവിത സായാഹ്നം ചെലവഴിച്ച ഇസ്തംബൂള്‍ നഗരത്തിലായിരുന്നു ആ ധന്യ ജീവിതത്തിന് തിരശ്ശീല വീണത്. ഒരായുഷ്‌കാലം വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് സമര്‍പ്പിച്ച വ്യക്തിത്വം. പലയിടങ്ങളിലേക്ക് വേരുകള്‍ പടര്‍ന്നിട്ടുള്ള അറബിസാഹിത്യചരിത്രം, നവീന ശാസ്ത്ര പുരോഗതിക്ക് അസ്തിവാരമിട്ട നിരവധി പ്രതിഭകളുടെ വൈജ്ഞാനിക പൈതൃകങ്ങള്‍, ഇസ്‌ലാമിക സംഹിതകളുടെ ആധാര രേഖകള്‍ തുടങ്ങിയവയായിരുന്നു ഫുആദ് സസ്ഗിന്റെ ഗവേഷണ മേഖലകള്‍.
സാമ്രാജ്യത്വ അധിനിവേശം ഇസ്‌ലാമിക ലോകത്ത് കടുത്ത രാഷ്ട്രീയ, സാമൂഹിക, ധൈഷണിക പ്രതിസന്ധികള്‍ സൃഷ്ടിച്ച കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍. എന്നാല്‍ അധിനിവേശാനന്തര ഘട്ടത്തില്‍ വൈജ്ഞാനിക, ഗവേഷണ രംഗം പുനരുജ്ജീവനം നേടുകയും നിരവധി പ്രതിഭകള്‍ രംഗത്തു വരികയും ചെയ്തു. ഈ ഗണത്തില്‍ പ്രത്യേകം എടുത്തു പറയേണ്ടവരാണ് ഡോ. മുഹമ്മദ് ഹമീദുല്ലയും ഫുആദ് സസ്ഗിനും.
1924 ഒക്‌ടോബര്‍ 24-നു തുര്‍ക്കിയിലെ അനത്തോലിയ പ്രവിശ്യയിലെ ബത്‌ലീസ് നഗരത്തിലാണ് ഫുആദിന്റെ ജനനം. നവോത്ഥാന നായകനായ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ ജന്മഗ്രാമം കൂടിയാണ് ബത്‌ലീസ്. കുര്‍ദ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഫുആദ് സ്വപിതാവില്‍നിന്ന് അറബി ഭാഷയും പ്രാഥമിക വിജ്ഞാനങ്ങളും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ പഠനം. 1947-ല്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
പ്രശസ്ത ജര്‍മന്‍ ഓറിയന്റലിസ്റ്റും ബഹുഭാഷാ വിദഗ്ധനുമായ ഹെല്‍മുട്ട് റിട്ടറാണ് ഫുആദ് സസ്ഗിന്റെ പ്രധാന മാര്‍ഗദര്‍ശിയും ഗുരുവര്യനും. ഒന്നാം ലോക യുദ്ധം മുതല്‍ തുര്‍ക്കിയാണ് റിട്ടറുടെ കര്‍മഭൂമി. ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ പഠനവിഭാഗത്തിന്റെ സ്ഥാപകനുമാണ്. റിട്ടറുടെ പ്രഭാഷണങ്ങള്‍ ഫുആദ് സസ്ഗിന്റെ ചിന്തകളെ സ്വാധീനിക്കുകയും എഞ്ചിനീയറിംഗ് പഠനത്തില്‍നിന്ന് അദ്ദേഹത്തെ പിന്മാറ്റുകയും ചെയ്തു. പിന്നീട് ഭാഷാചരിത്ര പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സുറിയാനി, അരമായ, ലാറ്റിന്‍, ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ നല്ല പരിജ്ഞാനം കരസ്ഥമാക്കിയിരുന്നു.
റിട്ടറുടെ നിര്‍ദേശപ്രകാരം, ഹദീസ് ക്രോഡീകരണത്തിന് ഇമാം ബുഖാരി അവലംബിച്ച അടിസ്ഥാന സ്രോതസ്സുകളെപ്പറ്റിയായിരുന്നു ഫുആദ് ഗവേഷണം നടത്തിയത്. യാത്രകള്‍ ദുരിതപൂര്‍ണമായ ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മക്ക, മദീന, സിറിയ, ഈജിപ്ത്, ബഗ്ദാദ്, ഖുറാസാന്‍, മര്‍വ്, ബല്‍ഖ് മുതല്‍ അഫ്ഗാനിസ്താനിലെ ഹെറാത്ത് വരെ ഹദീസുകള്‍ തേടി ഇമാം ബുഖാരി നടത്തിയ സഞ്ചാരങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു. ഈ മഹാ യത്‌നത്തെപ്പറ്റിയുള്ള പ്രബന്ധത്തിന് 1954-ല്‍ ഫുആദ് സസ്ഗിന്‍ പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു.
തുടര്‍ന്ന് ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. അറുപതുകളുടെ തുടക്കത്തിലെ രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് ഇസ്തംബൂള്‍ വിടാന്‍ നിര്‍ബന്ധിതനായി. അങ്ങനെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂനിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറായി. ഈ ഘട്ടത്തില്‍ ആധുനിക രസതന്ത്രത്തിന്റെ പിതാവും മധ്യ നൂറ്റാണ്ടിലെ ശാസ്ത്രകാരനുമായ ജാബിറുബ്‌നു ഹയ്യാനെക്കുറിച്ച് ഗവേഷണം തുടങ്ങിയിരുന്നു. 1965-ല്‍ ഈ വിഷയത്തിലാണ് രണ്ടാമത്തെ പി.എച്ച്.ഡി. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് യൂനിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായി.
അറബി സാഹിത്യ ചരിത്രത്തെപ്പറ്റി ജര്‍മന്‍ ഭാഷയില്‍ ഒരു ബൃഹദ് ഗ്രന്ഥം രചിക്കുകയുണ്ടായി. താരീഖുത്തുറാസില്‍ അറബി അഥവാ അറബി പൈതൃക ചരിത്രം എന്ന ശീര്‍ഷകത്തില്‍ ഇത് അറബിയിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ജര്‍മന്‍ ഓറിയന്റലിസ്റ്റായ കാറല്‍ ബ്രാക് ലെമന്‍ അറബിസാഹിത്യ ചരിത്രത്തെ പറ്റി ഒരു ഗ്രന്ഥ പരമ്പര രചിച്ചിരുന്നു. കാറല്‍ ബ്രാക് ലെമന്റെ ഗ്രന്ഥത്തിലെ വീക്ഷണവൈകല്യങ്ങളും വൈരുധ്യങ്ങളും ഫുആദ് സസ്ഗിന്റെ ശ്രദ്ധയില്‍പെട്ടു. അതേതുടര്‍ന്നാണ് അറബി സാഹിത്യ ചരിത്രത്തെ പറ്റി അദ്ദേഹം രചന നടത്തുന്നത്. അറേബ്യന്‍ യൂനിവേഴ്‌സിറ്റികള്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥരചനക്കു പണ്ഡിത കൂടിയായ ഭാര്യ ഉര്‍സുല സഹായിച്ചിരുന്നു. 2015-ലാണ് ഈ ഗ്രന്ഥത്തിന്റെ അവസാന വാള്യം വെളിച്ചം കണ്ടത്. ഖുര്‍ആന്‍, ഹദീസ് വിജ്ഞാനീയങ്ങള്‍, കര്‍മശാസ്ത്രം, ചരിത്രം, വചന ശാസ്ത്രം, വൈദ്യം, ഓഷധനിര്‍മിതി, മൃഗചികിത്സ, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, കൃഷി, ഗോളശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, അറബി വ്യാകരണം എന്നീ വൈജ്ഞാനിക മേഖലകളിലും ഗവേഷണ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഖീൗൃിമഹ ളീൃ വേല ഒശേെീൃ്യ ീള അൃമയശരകഹെമാശര ടരശലിരല െ-ന്റെ എഡിറ്റര്‍ പദവി വഹിച്ചിരുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1979-ല്‍ വൈജ്ഞാനിക സേവനങ്ങള്‍ക്ക് കിംഗ് ഫൈസല്‍ അവാര്‍ഡ് ലഭിച്ചു. ഇതേ വര്‍ഷമാണ് സയ്യിദ് മൗദൂദിക്കും ഫൈസല്‍ അവാര്‍ഡ് ലഭിച്ച്. അവാര്‍ഡ് തുക വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഫുആദ് സംഭാവന ചെയ്തു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മസ്ജിദുല്‍ ഫാതിഹിലായിരുന്നു ജനാസ നമസ്‌കാരം.
Comments