നിശ്ശബ്ദം ഒച്ചവെക്കുന്ന നമ്മള്‍
ബഹളങ്ങളുടെ ലോകമാണിത്. ഒരല്‍പം സ്വസ്ഥത കിട്ടാന്‍ നമ്മളെങ്ങോട്ടുപോകുമെന്ന് ആശങ്കപ്പെടുന്ന കാലം. ഈ ഇ-കാലത്ത് നമുക്ക് ഏകാന്തത വിധിച്ചിട്ടില്ല.
എല്ലാവരും നിശ്ശബ്ദം ഒച്ചവെച്ചുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ പടക്കുന്ന ശബ്ദമലിനീകരണം അത്രയധികമുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും കലഹിച്ചും കലാപം കൂട്ടിയും പോസ്റ്റിടുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന കാലം.
ഗ്ലോബലായ ഒരു മാധ്യമത്തെ എവ്വിധം സങ്കുചിതമായി ഉപയോഗിക്കാം എന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.
തനിക്ക്, തന്റെ മതത്തിന്, സംഘടനക്ക്, നിലപാടിന് കൊമ്പ് മൂന്നെന്ന് മുഷ്‌ക് പറഞ്ഞും വാദിച്ചും യുദ്ധം കൂടുന്ന കാലം.
ഒട്ടേറെ ശരികളുള്ള ലോകത്ത് തന്റെ ശരികളിലേക്ക് മാത്രം ലോകത്തെ മൊത്തം സംഗ്രഹിക്കാന്‍ സര്‍വരും പെടാപ്പാട് പെടുന്നു.
തുടക്കകാലത്ത് ഫേസ്ബുക്കില്‍ ഫ്രണ്ട്‌സുകളെ ആഡ് ചെയ്യാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. ഇന്ന് ബ്ലോക്ക് ചെയ്തും അണ്‍ഫ്രണ്ട് ചെയ്തും മനസ്സമാധാനം നിര്‍മിക്കാനുള്ള തിരക്കാണ്. ചെറിയ കഴിവുകളും നന്മകളും പ്രോത്സാഹിപ്പിച്ച് സൗഹൃദത്തിലായിരുന്ന കാലത്തുനിന്ന്, തനിക്കിഷ്ടമല്ലാത്ത പാര്‍ട്ടിക്കാരന്റെ ചെറിയ പിഴവുകളെ പോലും ആഘോഷമാക്കി കൊണ്ടുനടക്കുന്ന മനോനിലയിലേക്ക് കുടിയേറി, പരിഹാസത്തിന്റെയും കെറുവിന്റെയും മറ്റൊരു രാജ്യം പണിതുകൊണ്ടിരിക്കുന്നു സര്‍വരും.
വളരെ വേഗമാണ് സൗഹൃദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്ന സോഷ്യല്‍ മീഡിയ വെറുപ്പുല്‍പ്പാദിപ്പിക്കുന്ന ഒന്നായി രൂപം മാറിയത്. നഷ്ടപ്പെട്ട സര്‍ഗാത്മക കാലങ്ങള്‍ ബ്ലോഗിലൂടെ തിരിച്ചുപിടിച്ചവര്‍ പിന്നീട് ഫേസ്ബുക്കിലൂടെ പതിയെ പോരടിക്കുന്നതാണ് കണ്ടത്. എത്ര വേഗമാണ് എന്തും എഴുതാം എന്ന സ്വാതന്ത്ര്യം അത്രമേല്‍ നമ്മുടെ ചുറ്റുപാടുകളെ മലീമസമാക്കാന്‍ തുടങ്ങിയത്!
യഥാര്‍ഥ ജീവിതത്തില്‍ അത്ര കുഴപ്പക്കാരല്ലാത്തവരും അപകടകരമായ ഇടപെടലുകള്‍ കൊണ്ട് ചെളിവാരിയെറിയുന്നത് കാണാറുണ്ട്. ഫേസ്ബുക്കില്‍ എല്ലാവര്‍ക്കും ഒരേ പ്രായവും സ്വഭാവവും വന്നുചേരുന്നു എന്നത് വലിയ കൗതുകം തന്നെ.
സ്‌കങ്ക് എന്ന ജീവിയെ കുറിച്ച് 'വിവാദകാലങ്ങളിലെ ആള്‍മാറാട്ടം' എന്ന പുസ്തകത്തില്‍ കെ.ഇ.എന്‍ പറയുന്നുണ്ട്. ശത്രുക്കള്‍ സമീപത്തുണ്ടെന്ന് കണ്ടാല്‍ അതൊരു ഭയങ്കരമായ ദുര്‍ഗന്ധം വമിപ്പിക്കും. ആ ദുര്‍ഗന്ധം സഹിച്ചുകൊണ്ട് അടുത്തിരിക്കാന്‍ കഴിയുന്ന ജന്തുക്കള്‍ ചുരുങ്ങും. അങ്ങനെയാണത്രെ സ്‌കങ്ക് സ്വയം രക്ഷിക്കുന്നത്.
അടുത്തുള്ളവരിലേക്ക് ദുര്‍ഗന്ധം എറിയുന്ന സ്‌കങ്കുകള്‍ കൂടിവരുന്നു എന്നതാണ് സോഷ്യല്‍ മീഡിയാ കാലത്തെ വിശേഷം. തെറി തലച്ചോറിന്റെ താളമായാല്‍ പിന്നെ രക്ഷയില്ല എന്നും എഴുതുന്നുണ്ട് കെ.ഇ.എന്‍.
പോസ്റ്റുകളും ഷെയറുകളുമെല്ലാം മോശം പറയാനും മറ്റുള്ളവന്റെ വീഴ്ചകളെ ആഘോഷിക്കാനും കൂടുതല്‍ ഉപയോഗിക്കുന്നു എന്നതാണ് കാലികകാഴ്ച. പോസ്റ്റുന്നതും ഷെയറുന്നതും സത്യമാണോ എന്നുപോലും നോട്ടമില്ല. ഓരോ പോസ്റ്റിടുമ്പോഴും ഇത് അവനിട്ട് കൊള്ളണം എന്നാണ് 'നിയ്യത്ത്.' ദയവു ചെയ്ത് ഒന്ന് നിര്‍ത്തരുതോ എന്ന് പറയാന്‍ ഇവിടെ നേതൃത്വമില്ല, അണികളില്ല; ആള്‍ക്കൂട്ടങ്ങള്‍ മാത്രം...
എം. മുകുന്ദന്റെ 'ദീര്‍ഘ നിശ്വാസം' എന്നൊരു കഥയുണ്ട്. കുമാരന്‍ നായരെ തെറിവിളിക്കുകയാണ് മകന്‍ വിദ്യാധരന്‍. പിന്നെ പിന്നെ അവന്‍ എല്ലാവരെയും തെറിവിളിക്കാന്‍ തുടങ്ങി. വിദ്യാധരനെ കാണുമ്പോള്‍ ആളുകള്‍ വഴിമാറി നടക്കാന്‍ തുടങ്ങി. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അയാളുടെ വീടിനു മുന്നിലൂടെ പോകരുത് എന്ന് മാതാപിതാക്കള്‍ ഉപദേശിക്കും. ഒരാള്‍ മാത്രം അയാളെ ഭയന്നില്ല; ചെകിടന്‍ കിട്ടു. കിട്ടുവിന് ചെവി കേള്‍ക്കില്ല. അതുകൊണ്ടുതന്നെ വിദ്യാധരന്‍ അയാളെ തെറിവിളിക്കുകയും ഇല്ല.
പരിഗണിക്കുന്നില്ല എന്നു വന്നാല്‍ ഏത് വിദ്യാധരനും തെറിവിളികള്‍ നിര്‍ത്തും, നിശ്ശബ്ദനാകും. കേള്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ അവസാനിക്കുന്നതേയുള്ളൂ സോഷ്യല്‍ മീഡിയയിലെ ആക്രോശങ്ങള്‍.
Comments