Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

'പൗരോഹിത്യത്തിന്റെ പാപവഴികളാണ് എന്നെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്'

പി.ടി സണ്ണി തോമസ്

ചര്‍ച്ചുമായി അടുത്ത ബന്ധമുള്ള ഒരു കത്തോലിക്ക കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുടുംബത്തിന്റെ ക്രൈസ്തവ പാരമ്പര്യം ഞങ്ങളെ ഇടവകയിലെ പ്രധാനികളില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍, പള്ളിയുമായുള്ള അടുപ്പം കാരണം ഞാന്‍ കുറച്ചു കാലം കപ്യാരായി പ്രവര്‍ത്തിക്കാനും ഇടവന്നു. അങ്ങനെ, പള്ളിയും പുരോഹിതന്മാരുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചതായിരുന്നു എന്റെ കൗമാരം. കൗമാരത്തിന്റെ കൗതുകവും സാമ്പത്തിക വരുമാനവുമൊക്കെയാണ് എന്നെ കപ്യാരാകാന്‍ പ്രേരിപ്പിച്ചത്. മരണം, കല്യാണം തുടങ്ങിയവയൊക്കെ സാമ്പത്തികമായി കൂടി കപ്യാര്‍ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. വല്യ കപ്യാര്‍ ഒഴിവാകുന്നതോടെ ഞാന്‍ ആ സ്ഥാനത്തേക്ക് വരികയും ചെയ്യും. കപ്യാരെന്ന നിലയില്‍ പള്ളിയും വികാരിമാരുമൊക്കെയായി തുറന്ന് ഇടപഴകാന്‍ അവസരം ലഭിക്കുമല്ലോ. പുരോഹിത ജീവിതത്തെ ഭക്തിയാദരവോടെ കണ്ടിരുന്ന എനിക്ക് പക്ഷേ, അവരില്‍നിന്ന് ഉണ്ടായ അനുഭവങ്ങള്‍ തികച്ചും വ്യത്യസ്തവും ദയനീയവുമായിരുന്നു. തിരുവസ്ത്രമണിഞ്ഞ്, വിശുദ്ധ ജീവിതം നയിച്ച്, അല്‍മായര്‍ക്ക് മാതൃകയാകേണ്ടിയിരുന്ന പാതിരിമാരില്‍ ചിലര്‍, സദാചാരരഹിതമായ, അധാര്‍മിക ജീവിതം നയിക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ദൗര്‍ഭാഗ്യവശാല്‍ എനിക്കവസരമുണ്ടായി. ഒരുപക്ഷേ, പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് വഴി നടക്കാന്‍ എന്നെ പ്രേരിപ്പിച്ചവയിലൊന്നായ ഈ ദുരനുഭവങ്ങള്‍ ഒരര്‍ഥത്തില്‍ എന്റെ സൗഭാഗ്യമായെന്നും പറയാം.

ഇടവകയുടെ പ്രാദേശികമായ പരമാധികാരി അവിടത്തെ അച്ചന്‍, അഥവാ വികാരിയാണ്. അദ്ദേഹത്തിനു മുകളില്‍ മേഖല, രൂപത അധ്യക്ഷന്മാരുണ്ടാകും. വികാരി, മേഖലാ അധികാരി,  രൂപതാ അധികാരിയായ ബിഷപ്പ്, കര്‍ദിനാള്‍, പോപ്പ് എന്നിങ്ങനെയാണ് യഥാക്രമം അധികാരഘടന. പോപ്പിന്റെ അഥവാ വത്തിക്കാന്റെ നേരിട്ടുള്ള പ്രതിനിധിയാണ് കര്‍ദിനാള്‍.  

നല്ല അധികാരവും സ്വാധീനവും ഉള്ളവരായിരിക്കും വികാരിമാര്‍. ഏതു വിഷയത്തിലും അവരാണ് തീരുമാനം പറയുക. അവര്‍ക്കു കഴിയില്ലെങ്കില്‍ തൊട്ടു മുകളിലുള്ള സ്ഥാനീയരിലേക്ക് ഉയര്‍ത്തപ്പെടും. ഞാന്‍ കപ്യാരായിരിക്കവെ ഇടവകയില്‍  ഉണ്ടായിരുന്ന വികാരി, ധാര്‍മികമായി ശരിയല്ല എന്ന് ബോധ്യപ്പെടുന്ന പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്. കേട്ടറിഞ്ഞതല്ല, അദ്ദേഹത്തിന്റെ റൂമില്‍നിന്നുള്‍പ്പെടെ ഞാന്‍ യാദൃഛികമായി നേരിട്ടു കണ്ടവയാണ് പലതും. അച്ചന്റെ കുശിനിക്കാര്‍ (പാചകക്കാര്‍) ഉള്‍പ്പെടെ പലരും കാലങ്ങളായി ഇത്തരം അനുഭവങ്ങള്‍ നേരിട്ടു തന്നെ കണ്ടിട്ടുള്ളവരും എല്ലാം അറിയുന്നവരുമായിരുന്നു. ഞാന്‍ കണ്ട കെട്ട കാഴ്ചകള്‍ അത്ഭുതത്തോടെയും വ്യസനത്തോടെയും പങ്കുവെച്ചപ്പോള്‍, 'ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു, ഇതൊക്കെ പലരുടെയും കാര്യത്തില്‍ സാധാരണമാണല്ലോ' എന്ന രീതിയിലായിരുന്നു കുശിനിക്കാരന്റെ പ്രതികരണം. കുശിനിക്കാരനു മാത്രമല്ല, സഭക്കകത്തും പുരോഹിതന്മാര്‍ക്കിടയിലും ക്രൈസ്തവ പൊതു സമൂഹത്തിലുമൊക്കെ പലര്‍ക്കും ബോധ്യമുള്ളതാണ് ഇത്തരം അസാന്മാര്‍ഗിക വൃത്തികള്‍. ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, കപ്യാരായി ജോലി ചെയ്ത്, മിഷണറിയാകാന്‍ പഠിച്ച്, ആശ്രമങ്ങളില്‍ ജീവിച്ച്..... അവസാനം അതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന എനിക്ക്, അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന ലൈംഗിക പീഡന വാര്‍ത്തകളില്‍ എന്തെങ്കിലും തരത്തിലുള്ള അത്ഭുതമോ അസ്വാഭാവികതയോ തോന്നുന്നില്ല. 

കപ്യാരായി ജോലി ചെയ്യവെ കണ്ടറിഞ്ഞ, സദാചാരം ലംഘിച്ചുകൊണ്ടുള്ള അച്ചന്മാരുടെ ജീവിതം എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ചിന്തകളും ഉയര്‍ത്തി. ഇങ്ങനെയല്ലല്ലോ  പുരോഹിതന്മാര്‍ ജീവിക്കേണ്ടത്, എനിക്കെന്തു കൊണ്ട് നല്ലൊരു പുരോഹിതനായിക്കൂടാ എന്ന രീതിയില്‍ ക്രിയാത്മകമായാണ് എന്റെ ആലോചനകള്‍ വളര്‍ന്നത്. മതത്തെയും പുരോഹിതന്മാരെയും വെറുക്കാനല്ല, തെറ്റു ചെയ്യുന്നവരില്‍നിന്ന് വ്യത്യസ്തമായി നല്ല മാതൃകയാകാനായിരുന്നു എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ കണ്ട പുരോഹിതനെപ്പോലെ ആകരുത് എന്നായിരുന്നു എന്റെ ചിന്ത. വിശ്വാസികളും അനുയായികളും പുരോഹിതന്മാര്‍ തങ്ങള്‍ക്ക് മാതൃകയല്ലെന്ന് ചിന്തിക്കുന്നത്  അവരുടെ പരാജയമാണ്. ഏതു മത വിഭാഗത്തിലാണെങ്കിലും മതനേതൃത്വവും ആത്മീയ വ്യക്തിത്വങ്ങളും കര്‍മ മാതൃകയല്ലാതായിത്തീരുന്നത് ദുരന്തമാണ്. ഏതായിരുന്നാലും ബ്രഹ്മചര്യം, സന്യാസം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയിലൊക്കെ മാതൃകാ വ്യക്തിത്വമാകലാണ് എന്റെ ഉത്തരവാദിത്തം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.  ജീര്‍ണത ബാധിച്ച പൗരോഹിത്യ രീതികള്‍ക്കു പകരം, വിശുദ്ധ ജീവിതം നയിക്കുന്ന മാതൃകാ പുരോഹിതനാകാന്‍  തീരുമാനിച്ചു. അങ്ങനെ കുരിശിന്റെ വഴിയില്‍ ഞാനെന്റെ സന്യാസജീവിതത്തിന് തുടക്കമിടുകയായിരുന്നു. 

ഈയൊരു മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സത്യദീപം എന്ന ക്രിസ്ത്യന്‍ പ്രസിദ്ധീകരണത്തില്‍ 'യേശു നിങ്ങളെ വിളിക്കുന്നു' എന്ന തലക്കെട്ടില്‍ ഒരു പരസ്യം കാണുന്നത്. സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ ആലുവ കേന്ദ്രത്തിന്റേതായിരുന്നു പരസ്യം. മിഷണറിയാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് ഞാന്‍ അവര്‍ക്കൊരു കത്തയച്ചു. സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി എന്ന ബ്രദര്‍ സമൂഹം, ലോകതലത്തിലും ഇന്ത്യയിലുമൊക്കെ പ്രവര്‍ത്തനങ്ങളുള്ളവരാണ്. സാധാരണ പളളിയിലച്ചന്മാരെപ്പോലെ, കുര്‍ബാന ചൊല്ലാന്‍ അധികാരമില്ലാത്ത, മറ്റു സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മിഷണറി പ്രവര്‍ത്തകരാണ് ഇവര്‍. മനുഷ്യര്‍ക്ക് ശുശ്രൂഷ ചെയ്യലാണ് യഥാര്‍ഥത്തില്‍ മിഷണറി പ്രവര്‍ത്തനം, അഥവാ ജനസേവനം. ജനങ്ങള്‍ക്ക് സേവനം ചെയ്തുകൊണ്ട് യേശുവിലുള്ള വിശ്വാസത്തിലേക്ക് ക്രമേണ കൊണ്ടുവരുന്ന മതപ്രബോധനമാണ് മിഷണറി പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമെന്നു പറയാം. ഈ വിധത്തില്‍ പ്രബോധനവും സേവനവും ചെയ്യുന്നവരാണ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ബ്രദര്‍ സമൂഹം. 

എന്റെ കത്ത് കിട്ടിയതനുസരിച്ച് ആലുവയില്‍നിന്നൊരു ബ്രദര്‍ വീട്ടില്‍ വന്നു, എന്നോടും വീട്ടുകാരോടും സംസാരിച്ചു. ശേഷം, ആലുവ കേന്ദ്രത്തിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തെ അവിടത്തെ പ്രാരംഭ കോഴ്‌സില്‍, ഇംഗ്ലീഷ് ഭാഷയും വ്യക്തിത്വ വികസനവുമായിരുന്നു പ്രധാനം. മൂന്ന് മാസം കഴിയുമ്പോഴേക്കും ഇംഗ്ലീഷ് മാത്രം സംസാരിക്കണമെന്നായിരുന്നു ചട്ടം. തുടര്‍ പഠനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയായിരുന്നു അത്. അറിയാതെ മലയാളം പറഞ്ഞു പോയാല്‍ മുട്ടുകുത്തി നിന്ന് ഭക്ഷണം കഴിക്കല്‍ ഉള്‍പ്പെടെയുള്ള പണിഷ്‌മെന്റുകള്‍ വരെ ഉണ്ടാകും. ഒരു വര്‍ഷം കഴിഞ്ഞ്, പ്രാരംഭ ക്ലാസ്സുകള്‍ക്കും പ്രാപ്തിയെ കുറിച്ച വിലയിരുത്തലുകള്‍ക്കും ശേഷം ഞങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചു. 'തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കത്തയക്കും, അവര്‍ മാത്രമേ വരേണ്ടതുള്ളൂ' എന്നായിരുന്നു നിര്‍ദേശം. എങ്ങാനും എന്നെ തെരഞ്ഞെടുക്കാതിരിക്കുമോ എന്ന് ചിന്തിച്ച് എനിക്ക് ആധിയായി. തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ വലിയ നാണക്കേടാണ്. വിശ്വാസത്തില്‍ ദൗര്‍ബല്യമുണ്ട്, മോശമാണ് എന്നൊക്കെയാണ് അര്‍ഥം. അതുകൊണ്ട് എങ്ങനെയും എനിക്ക് തുടര്‍പഠനത്തിന് അവസരം കിട്ടിയേ മതിയാകുമായിരുന്നുള്ളൂ. അതുകൊണ്ട് കത്ത് വന്നിട്ടുണ്ടോ എന്ന് ഞാന്‍ എല്ലാ ദിവസവും അന്വേഷിക്കും. അവസാനം കത്ത് വന്നു, ഞാന്‍ രണ്ടാം സ്ഥാനത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 41 പേരില്‍നിന്ന് 21 ആളുകളെ മാത്രമേ തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നുള്ളൂ.

തുടര്‍ന്ന് ആറു മാസത്തെ മിഷന്‍ എക്‌സ്പീരിയന്‍സാണ്; അഥവാ നമ്മുടെ കഴിവുകള്‍ മനസ്സിലാക്കുക, പ്രവര്‍ത്തന രീതികള്‍ അറിയുക തുടങ്ങിയവയൊക്കെയാണ് ഇതിലുള്‍പ്പെടുന്നത്. ഞങ്ങളെ ടീമുകളാക്കി തിരിച്ചു. ഒരു ടീമിനെ ശ്രീലങ്കയിലേക്കയച്ചു, മറ്റൊരു ടീമിനെ ഉത്തര്‍ പ്രദേശിലേക്കും. യു.പിയിലേക്കുളള അഞ്ചംഗ സംഘത്തിന്റെ ലീഡറായിരുന്നു ഞാന്‍. ഒരു ഗ്രാമത്തിലെ  ആശ്രമത്തിലാണ് ഞങ്ങള്‍ ആദ്യമെത്തിയത്. ഹോസ്പിറ്റലും സ്‌കൂളും മിഷണറി പ്രവര്‍ത്തനവുമെല്ലാമുള്ള ഒരു കേന്ദ്രമായിരുന്നു അത്. മൂന്നു പേരെ അവിടെ നിര്‍ത്തി. ഞാനും സഹപാഠിയും മറ്റൊരു ഗ്രാമത്തിലേക്കാണ് നിയോഗിക്കപ്പെട്ടത് (അദ്ദേഹം പിന്നീട് സന്യാസം ഉപേക്ഷിച്ച് വിവാഹം ജീവിതം തെരഞ്ഞെടുത്തു). അവിടെ സഭയുടെ ഒരു ഹൈസ്‌കൂളുണ്ട്, ഗ്രാമങ്ങള്‍ തോറും നഴ്‌സറികളും. ഒരു ഗ്രാമം തന്നെ അവര്‍ ദത്തെടുത്തിരുന്നു. 1984-ലാണ് ഇതെന്ന് ഓര്‍ക്കണം. സ്‌കൂളില്‍ യൂനിഫോമും ഭക്ഷണവും വരെ സൗജന്യമായി കൊടുത്തിരുന്നു. ജനങ്ങളുടെ ജീവിതവും സഭയുടെ പ്രവര്‍ത്തനങ്ങളും പ്രായോഗികമായി കണ്ട് പരിശീലിക്കലായിരുന്നു ഞങ്ങളെ അവിടെ അയച്ചതിന്റെ ഉദ്ദേശ്യം.

ഞങ്ങള്‍ താമസിക്കുന്ന ആശ്രമത്തിനടുത്ത്, ഒരു കന്യാസ്ത്രീ മഠം ഉണ്ടായിരുന്നു. അവര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. ഡോക്ടറും നഴ്‌സുമാരും മറ്റും കന്യാസ്ത്രീകള്‍ തന്നെ, 95% മലയാളികള്‍. ഞങ്ങളുടെ ആശ്രമത്തിന്റെ ഭാഗമായി പള്ളിയും കുര്‍ബാനയുമുണ്ട്. മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാനക്ക് വന്നിരുന്നത് ഞങ്ങളുടെ ചാപ്പലിലായിരുന്നു. ചിലപ്പോള്‍ അവരുടെ പ്രെയര്‍ ഹാളില്‍ കുര്‍ബാനയുണ്ടാകും, അപ്പോള്‍ ഇവിടെ നിന്ന് ഞങ്ങള്‍ അങ്ങോട്ട് പോകും. ഞങ്ങളുടെ കോണ്‍ഗ്രിഗേഷനിലുള്ളവര്‍ ബ്രദേഴ്‌സാണ്, വിവാഹം കഴിക്കില്ലെങ്കിലും ഞങ്ങള്‍ വികാരിമാരല്ല. ബ്രദേഴ്‌സിന് കുര്‍ബാന ചൊല്ലാന്‍ അധികാരമുണ്ടായിരുന്നില്ല, അത് അച്ചന്മാര്‍ക്ക് മാത്രമേയുള്ളു. അതിനായി അച്ചന്മാര്‍ പുറത്തുനിന്ന് വരികയായിരുന്നു പതിവ്.  ആശ്രമത്തിലെ ചില മിഷണറിമാരുടെയും കന്യാസ്ത്രീകളുടെയും ജീവിത രീതി  അവര്‍ ഏറ്റെടുത്ത ബ്രഹ്മചര്യത്തെ അതിലംഘിക്കുന്നതായിരുന്നുവെന്ന് എന്റെ പ്രാരംഭ പഠന കാലത്തു തന്നെ ബോധ്യപ്പെട്ടു. നാട്ടിലെ അനുഭവത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

ഒരു സീനിയര്‍ ബ്രദറായിരുന്നു ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്റെ തലവന്‍. അവിടത്തെ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന അദ്ദേഹത്തിന് എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം പ്രകടിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് അത് വളര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും നിരാശനും ദുഃഖിതനുമായി. 'താങ്കള്‍ സന്യാസം സ്വീകരിച്ചത് ഇതിനാണോ? എത്രയോ വര്‍ഷമായി താങ്കള്‍ ബ്രദറാണ്, ഇതാണോ താങ്കള്‍ ചെയ്യേണ്ടത്.... ?' എന്നൊക്കെ ഞാന്‍ ചോദിച്ചു. 'അതൊക്കെ ശരിയാണ്, പക്ഷേ .......'! 'പക്ഷേ' പറഞ്ഞ് അദ്ദേഹമവിടെ നിര്‍ത്തി. 

'പക്ഷേ......' പറഞ്ഞ് സീനിയര്‍ ബ്രദര്‍ നിര്‍ത്തിയേടത്തു നിന്നാണ് എന്റെ വഴിമാറ്റത്തിന്റെ തുടക്കം. മിഷണറി പ്രവര്‍ത്തനം അവസാനിപ്പിച്ച് ആശ്രമത്തില്‍നിന്ന് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, അനുവാദം കിട്ടാതെ  നാട്ടില്‍ പോകാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പുറത്തു കടക്കാന്‍ അനുവാദം വേണം, അനുവാദമില്ലാതെ പോയാല്‍ മറ്റേതെങ്കിലും വിധത്തില്‍ കേസിലോ മറ്റോ പെടുത്താന്‍ അവര്‍ക്ക് കഴിയും. ചാടിപ്പോകാമെന്നുവെച്ചാല്‍ കൈയില്‍ പണമില്ല. കൈയില്‍ പണമൊന്നും സൂക്ഷിക്കാന്‍ പാടില്ല എന്നാണ് നിയമം. ക്രൈസ്തവ  സന്യാസി മഠങ്ങള്‍ ഒരു വശത്ത് ആധ്യാത്മികതയുടെ വിശുദ്ധ വഴികള്‍ തുറക്കുകയും ജനസേവനത്തിന്റെ മഹദ് ഗാഥകള്‍ രചിക്കുകയും ചെയ്യുന്നുവെന്നതില്‍ സംശയമില്ല. അതേസമയം, മറുവശത്ത്   ശരിക്കും പാരതന്ത്ര്യത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കേന്ദ്രങ്ങള്‍ കൂടിയാണ് അവയില്‍ പലതും. ഇത് നേരിട്ടനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. സാമ്പത്തിക, സാമൂഹിക, വ്യക്തി ആവിഷ്‌കാര മേഖലകളിലെല്ലാം സഭകളുടെ കടുത്ത നിയന്ത്രണത്തിലും, ചിലപ്പോഴെങ്കിലും ജയില്‍ സമാനം എന്ന് പറയാവുന്ന അവസ്ഥയിലുമാണ് സാധാരണ പുരോഹിതന്മാരുടെയും, പ്രത്യേകിച്ച് കന്യാസ്ത്രീകളുടെയും ജീവിതം. ബിഷപ്പ്, കര്‍ദിനാള്‍, മദര്‍ സുപ്പീരിയര്‍ തുടങ്ങിയ ഉന്നതാധികാരങ്ങളുള്ളവരുടെ ആധിപത്യത്തിനും വളരെ കര്‍ക്കശമായ സഭാവ്യവസ്ഥകള്‍ക്കകത്തുമാണ് പുരോഹിതന്മാരും മിഷണറിമാരും കന്യാസത്രീകളും മതസമുദായവും കഴിയുന്നത്. യേശു പീഡ സഹിച്ച പോലെ, അതേ പാതയില്‍ എന്ത് പീഡയും സഹിച്ച് ആത്മീയ വഴിയില്‍ മുന്നേറാനും വിശുദ്ധപദവിയിലേക്ക് ഉയരാനും ആഗ്രഹിച്ചും തീരുമാനിച്ചും സഭാവസ്ത്രം അണിഞ്ഞവരാണ് സന്യാസി സമൂഹങ്ങള്‍.

മിഷണറി പ്രവര്‍ത്തനം അവസാനിപ്പിച്ച്, സഭ വിട്ട് വീട്ടിലേക്ക് മടങ്ങണമെന്ന എന്റെ ആവശ്യം ആദ്യം നിരസിച്ചെങ്കിലും, ഞാന്‍ താക്കീതിന്റെ സ്വരത്തില്‍ നിലപാടുകള്‍ കടുപ്പിച്ചതോടെ എനിക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തു തന്നു. നിര്‍ത്തിപ്പോരുകയാണെന്ന് പറഞ്ഞ്, കാരണങ്ങള്‍ വിശദീകരിച്ച് ഞാന്‍ നേരത്തേതന്നെ വീട്ടിലേക്ക് കത്തയച്ചിരുന്നു. സീനിയര്‍ ബ്രദറില്‍നിന്ന് ദുരനുഭവമുണ്ടായ ഉടനെയായിരുന്നു അത്. സന്യാസ ജീവിതം തെരഞ്ഞെടുത്ത ഒരാള്‍, സഭാ വസ്ത്രം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നത് അയാളുടെ കുടുംബത്തിന് കടുത്ത മാനഹാനിയാണ്. ചിലപ്പോള്‍, ആ കുടുംബത്തിന് വിവാഹബന്ധങ്ങളില്‍ പ്രയാസമുണ്ടാകും. അതുകൊണ്ട്, വീടും കുടുംബവും മറ്റും ഓര്‍ത്താണ് പലരും അതിനകത്ത് സഹിച്ചു കഴിയുന്നത്. എനിക്ക് പക്ഷേ, അപ്പന്റെ അനുവാദം ലഭിച്ചു. 'നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീ തന്നെയാണ്, നീ എന്ത് തീരുമാനമെടുത്താലും പ്രശ്‌നമില്ല, നിന്റെ തീരുമാനത്തെ പ്രതി  കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യ ചെയ്‌തോളാം. തുടരാന്‍ പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോന്നോളൂ..... ' എന്ന് അപ്പനെഴുതിയ കത്ത് തന്ന ധൈര്യത്തില്‍ ഞാന്‍ സന്യാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി (പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇസ്‌ലാമിലേക്കുള്ള എന്റെ യാത്ര, അതേക്കുറിച്ച് മറ്റൊരിക്കല്‍ പറയാം).

കുമ്പസാരവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരനുഭവം സാന്ദര്‍ഭികമായി പ്രധാനമാണെന്ന് തോന്നുന്നു. 'ആസക്തിയോടെ സ്ത്രീയെ നോക്കുന്ന ഏതൊരുവനും വ്യഭിചാരം ചെയ്തു' എന്ന് യേശു പറഞ്ഞതായി കാണാം. നോട്ടങ്ങള്‍ വഴിയുള്ള ചില തെറ്റുകള്‍ സംഭവിച്ചുവെന്ന് തോന്നിയപ്പോള്‍ ഞാന്‍  കുമ്പസാരത്തില്‍ അത് സൂചിപ്പിച്ചു. 'ഏതു സ്ത്രീയുമായാണ് നീ വ്യഭിചരിച്ചത്' എന്നായിരുന്നു ഉടന്‍ തന്നെ അച്ചന്‍ ചോദിച്ചത്. ' അങ്ങനെയല്ല, നോട്ടത്തെ കുറിച്ചാണ്  ഉദ്ദേശിച്ചത്' എന്ന് ഞാന്‍ വിശദീകരിച്ചു. 'ആ സ്ത്രീ ആരാണെന്ന് വികാരി ചോദിച്ചത് എന്തിനാണ്, അച്ചനെന്തിന് ആ സ്ത്രീയെ അറിയണം' എന്നൊക്കെ ഞാന്‍ ചിന്തിച്ചു. കുമ്പസാര രഹസ്യം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണങ്ങളിലൊന്നായിരുന്നു അത്. ഇതോടെ, ഞാന്‍ കുമ്പസാര കൂദാശ നിര്‍ത്തി. വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസരിക്കണം എന്നായിരുന്നു നിയമം. ഞാന്‍ കുമ്പസരിക്കാത്തതില്‍ അപ്പനും അമ്മയും ദുഃഖിതരായിരുന്നു. ഒരിക്കല്‍ എന്റെ അപ്പന്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍, കുമ്പസരിക്കാന്‍ പറ്റിയ ഒരു വികാരിയച്ചനെ  കാണിച്ചുതരൂ എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍, കുമ്പസാര രഹസ്യം കരുവാക്കി നടന്ന അധാര്‍മിക വൃത്തികള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, അന്ന് വികാരി ഉന്നയിച്ച ചോദ്യം എന്നില്‍ ഉയര്‍ത്തിയ ചിന്തകളും ഞാന്‍ എടുത്ത തീരുമാനവും ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുകയാണ്.

ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമായ സന്യാസ ജീവിതം മനുഷ്യപ്രകൃതിക്ക് ചേരാത്തതും അപ്രായോഗികവുമാണെന്നത് അനുഭവ യാഥാര്‍ഥ്യമാണെന്ന് ഇതല്ലാം മുന്‍നിര്‍ത്തി എനിക്ക് പറയാന്‍ കഴിയും. ഇതു സംബന്ധിച്ച് ഖുര്‍ആന്‍ പറഞ്ഞത് കൃത്യതയുള്ള വര്‍ത്തമാനമാണ്! ''ബ്രഹ്മചര്യം അവര്‍ സ്വയം സൃഷ്ടിച്ച പുത്തനാചാരമത്രെ. നാമത് അവര്‍ക്ക് നിയമമാക്കിയിട്ടില്ല, എന്നാല്‍  സ്വയം ഏറ്റെടുത്തവര്‍ അത് ശരിയായ വിധത്തില്‍ പാലിച്ചതുമില്ല'' (ഖുര്‍ആന്‍ 57;27). മൂന്ന് പ്രധാന കാര്യങ്ങള്‍ ഈ ഖുര്‍ആന്‍ വചനത്തില്‍ അടങ്ങിയിട്ടുണ്ട്. ഒന്നാമതായി, ബ്രഹ്മചര്യവും പൗരോഹിത്യവും ദൈവനിര്‍ദേശമല്ല. ക്രൈസ്തവതയുടെ അടിസ്ഥാനമായി നിലകൊള്ളുന്നതാണ് ബ്രഹ്മചര്യത്തിലധിഷ്ഠിതമായ പൗരോഹിത്യം. ഇതിന് പക്ഷേ, യേശുവിന്റെയോ ബൈബിളിന്റെയോ യാതൊരു പിന്തുണയുമില്ല. ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ പുരോഹിതന്മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണെന്ന് പറയുന്ന ഒരു വചനവും കാണുക സാധ്യമല്ല. 'സ്വര്‍ഗരാജ്യത്തെ പ്രതി' തന്നെപ്പോലെ അവിവാഹിതരായി തുടരുന്നവരെക്കുറിച്ച് യേശുവും (മത്തായി 19:12), തന്റെ മാതൃക അനുകരിച്ചുകൊണ്ട് 'സന്തോഷവാര്‍ത്തക്കുവേണ്ടി' വിവാഹം കഴിക്കാതെ തുടരുന്ന ക്രിസ്ത്യാനികളെക്കുറിച്ച് അപ്പോസ്തലനായ പൗലോസും (1 കൊരിന്ത്യര്‍ 7:37, 38; 9:23.) പറയുന്നുണ്ട്. എന്നാല്‍ യേശുവോ പൗലോസോ സഭയിലെ ശുശ്രൂഷകര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന നിബന്ധന വെക്കുകയായിരുന്നില്ല. വിവാഹം കഴിക്കാതെ തുടരുന്നതിനെ ഒരു 'വരം' എന്നാണ് പൗലോസ് വിളിച്ചത്. ആ വരം എല്ലാവര്‍ക്കും ലഭിക്കുന്ന ഒന്നല്ല. 'അവിവാഹിതരെക്കുറിച്ച്' പൗലോസ് എഴുതിയപ്പോള്‍ അദ്ദേഹം ഇങ്ങനെ തുറന്നു സമ്മതിച്ചു: 'അവരെപ്പറ്റി എനിക്കു കര്‍ത്താവില്‍നിന്ന് കല്‍പനയൊന്നുമില്ല. ഞാന്‍ എന്റെ അഭിപ്രായം പറയുകയാണ്' (1 കൊരിന്ത്യര്‍ 7:25). അപ്പോസ്തലനായ, ക്രിസ്തുശിഷ്യരില്‍ പ്രധാനിയായ പത്രോസ് ഉള്‍പ്പെടെ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന വിവാഹിതരായ പല ക്രിസ്തീയ ശുശ്രൂഷകരെക്കുറിച്ചും ബൈബിള്‍ പറയുന്നുണ്ട് (മത്തായി 8:14; മാര്‍ക്കോസ് 1:29-31; 1 കൊരിന്ത്യര്‍ 9:5). ആദ്യത്തെ പോപ്പ് എന്നാണ് പത്രോസിനെ സഭ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരില്‍ ഭൂരിപക്ഷവും വിവാഹ ജീവിതം നയിച്ചവരായിരുന്നു.  ക്രിസ്തീയ മേല്‍വിചാരകന്‍ വിവാഹിതനാണെങ്കില്‍ അദ്ദേഹം 'ഒരു ഭാര്യ മാത്രമുള്ളവനും', 'മക്കള്‍ അദ്ദേഹത്തിനു കീഴ്പ്പെട്ടിരിക്കുന്നവരും' ആയിരിക്കണമെന്ന് സെന്റ് പൗലോസ് പറഞ്ഞതായി കാണാം. റോമന്‍ സാമ്രാജ്യത്തില്‍ അന്നു നിലനിന്നിരുന്ന ലൈംഗിക ദുഷ്പെരുമാറ്റത്തിന്റെ വ്യാപനം കണക്കിലെടുത്താണത്രെ പൗലോസ് അങ്ങനെ പറഞ്ഞത് (1 തിമൊഥെയൊസ് 3:2, 4). ഇവര്‍ വിവാഹശേഷം ബ്രഹ്മചാരികളായിരുന്നില്ല. കാരണം ബൈബിള്‍ വ്യക്തമായി പറയുന്നത്, 'ഭര്‍ത്താവ് ഭാര്യക്കു കടപ്പെട്ടിരിക്കുന്നു....  ലൈംഗികതാല്‍പര്യങ്ങള്‍ 'ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നിഷേധിക്കരുത്' എന്നൊക്കെയാണ് (1 കൊരിന്ത്യര്‍ 7:3-5). അതുകൊണ്ട് ക്രിസ്തീയശുശ്രൂഷകര്‍ ബ്രഹ്മചാരികളായിരിക്കണം എന്നൊരു നിബന്ധന  ഇല്ല എന്നര്‍ഥം.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയില്‍ ബ്രഹ്മചര്യം ഒരു നിബന്ധനയായിരുന്നില്ല. വാസ്തവത്തില്‍, 'വഴിതെറ്റിക്കുന്ന അരുളപ്പാടുകള്‍' പറയുന്നവര്‍ക്കും 'വിവാഹം വിലക്കുന്നവര്‍ക്കും' എതിരെ ജാഗ്രത പാലിക്കണമെന്നാണ് അക്കാലത്ത് ജീവിച്ചിരുന്ന അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പ് നല്‍കിയത് (1 തിമൊഥെയൊസ് 4:1-3). രണ്ടാം നൂറ്റാണ്ടിലാണ് പാശ്ചാത്യ ക്രിസ്തീയ സഭകളിലേക്കു ബ്രഹ്മചര്യം കടന്നുവരുന്നത്. 'റോമന്‍ സാമ്രാജ്യത്തില്‍നിന്ന് ഉത്ഭവിച്ച ലൈംഗികവിലക്കിനു ചേര്‍ച്ചയിലാണ് ഈ പുത്തന്‍തരംഗം അലയടിക്കുന്നത്' എന്നാണ്  'ബ്രഹ്മചര്യവും മതപരമായ പാരമ്പര്യങ്ങളും' എന്ന പുസ്തകം അഭിപ്രായപ്പെടുന്നത്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ സഭാസമിതികളും സഭാപിതാക്കന്മാര്‍ എന്ന് അറിയപ്പെടുന്നവരും പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തിനു നിയമപരത ഉണ്ടാക്കിയെടുക്കുകയായിരുന്നു. ലൈംഗികത അശുദ്ധമാണെന്നും  അതു പുരോഹിതശുശ്രൂഷകര്‍ക്കു ചേര്‍ന്നതല്ലെന്നും പലരും ചിന്തിച്ചു.  എന്നാല്‍, '10-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മിക്ക പുരോഹിതന്മാര്‍ക്കും ചില ബിഷപ്പുമാര്‍ക്കുപോലും ഭാര്യമാരുണ്ടായിരുന്നു' എന്ന് ബ്രിട്ടാനിക്ക സര്‍വവിജ്ഞാനകോശം പറയുന്നുണ്ട്. 1123-ലും 1139-ലും റോമില്‍ വെച്ച് നടന്ന ലാറ്ററന്‍ സമിതികളാണ് പുരോഹിതന്മാരുടെ ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയത്. ആ ആചാരം റോമന്‍ കത്തോലിക്കാ സഭകളിലെ പുരോഹിതന്മാര്‍ക്കിടയില്‍ ഒരു ഔദ്യോഗിക സമ്പ്രദായമായി ഇന്നോളം നിലനില്‍ക്കുന്നു. വിവാഹിതരായ പുരോഹിതന്മാര്‍ സഭയുടെ സ്വത്ത് തങ്ങളുടെ മക്കള്‍ക്കു കൈമാറുമ്പോള്‍ സഭക്കു വരുന്ന നഷ്ടവും അധികാരത്തിനു വരുന്ന വീഴ്ചയും ഈ നിബന്ധനയിലൂടെ സഭ ഒഴിവാക്കുന്നു. 'അപ്പോസ്തലന്മാര്‍ക്കു ശേഷമുള്ള കാലം മുതല്‍ പിന്തുടര്‍ന്നുപോരുന്ന പാരമ്പര്യവുമായി' ബന്ധപ്പെട്ട ഒന്നാണു നിര്‍ബന്ധിത ബ്രഹ്മചര്യമെന്ന് 2006-ല്‍ പാപ്പായുടെ ഭരണസമിതി കൂടിയപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറയുകയുണ്ടായി. എന്നാല്‍, ഇത് ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.

ഖുര്‍ആന്‍ പറഞ്ഞ പോലെ, മനുഷ്യര്‍ക്ക് പാലിക്കാന്‍ കഴിയാത്ത വിധം പ്രകൃതിവിരുദ്ധമാണ് ബ്രഹ്മചര്യം എന്നതുകൊണ്ടാണ് അത് ദൈവിക നിയമങ്ങളില്‍ ഉള്‍പ്പെടാതിരുന്നത്. കാരണം, പ്രകൃതിയെ അണിയിച്ചൊരുക്കിയ ദൈവം തന്നെയാണ് മനുഷ്യനെയും സൃഷ്ടിച്ചത്. മനുഷ്യന്റെ ശാരീരിക- മാനസിക പ്രകൃതി നന്നായി അറിയാവുന്ന ദൈവം അതിനു വിരുദ്ധമായി ഒരു നിയമവും കല്‍പിക്കുകയില്ല. അതുകൊണ്ടാണ് ഇസ്‌ലാം ബ്രഹ്മചര്യം വിലക്കിയത്. വിവാഹം കഴിക്കാത്തവരെല്ലാം ബ്രഹ്മചാരികളാകണമെന്നില്ലല്ലോ. ഒറ്റപ്പെട്ട ചിലര്‍ ബ്രഹ്മചര്യം പാലിക്കുന്നതില്‍ വിജയിച്ചേക്കാം. പക്ഷേ, ഇത്തരം അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കാനോ തദടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കാനോ സാധിക്കുകയില്ലല്ലോ. ക്രൈസ്തവ പുരോഹിതന്മാരില്‍ തന്നെ വിശുദ്ധമായ സന്യാസജീവിതം നയിക്കുന്ന നല്ല മാതൃകാ വ്യക്തിത്വങ്ങള്‍ ധാരാളമുണ്ട്. ഇത്തരം വിവാദങ്ങളുടെ പേരില്‍ പുരോഹിത സമൂഹത്തെ മൊത്തത്തില്‍ തെറ്റിദ്ധരിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, എല്ലാം ബോധ്യപ്പെട്ടിട്ടും കുറ്റവാളികളോട് സഭ എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രശ്‌നം. സ്വയം സൃഷ്ടിച്ച ബ്രഹ്മചര്യം യഥാവിധി പാലിക്കുന്നില്ല എന്ന ഖുര്‍ആന്റെ പ്രഖ്യാപനം അനുഭവസത്യമായി പുലരുന്നു എന്നതാണ് ഈ സദാചാര ലംഘന വിവാദങ്ങള്‍ തെളിയിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്