Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

വളാഞ്ചേരിയിലെ ആദ്യ തലമുറയിലെ അവസാന കണ്ണി സി.കെ മൊയ്തീന്‍ മൗലവി (1934-2018)

അബ്ദുല്‍ ഹകീം നദ് വി

നബിയോട് ഒരാള്‍ ചോദിച്ചു: 'ആരാണ് ഏറ്റവും ഉത്തമന്‍?' അവിടുന്ന് പറഞ്ഞു: 'ദീര്‍ഘായുസ്സ് ലഭിക്കുകയും സല്‍ക്കര്‍മങ്ങളാല്‍ ജീവിതത്തെ ധന്യമാക്കുകയും ചെയ്തവന്‍.' ഈ നബിവചനത്തെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു സി.കെ എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന സി.കെ മൊയ്തീന്‍ മൗലവിയുടേത്. ഇസ്ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മര്‍ഹൂം വി.പി മുഹമ്മദലി എന്ന ഹാജി സാഹിബിനോടൊപ്പമുണ്ടായിരുന്ന വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിനും അതിന്റെ നേതൃത്വത്തിനും പരിക്കേല്‍ക്കാതിരിക്കാന്‍ എന്തിനും തയാറായി നിലകൊണ്ട വിപ്ലവകാരികളില്‍ ഒരാള്‍. പ്രസ്ഥാന പ്രവര്‍ത്തകനായതിന്റെ പേരില്‍ രണ്ട് മക്കളുണ്ടായിരുന്ന തന്റെ ഭാര്യയെ അദ്ദേഹത്തിന് ത്വലാഖ് ചൊല്ലേണ്ടി വന്നു. പറക്കമുറ്റാത്ത മക്കളെയും കൊണ്ടാണ് അദ്ദേഹം സ്വന്തം നാടും വീടും വിട്ടിറങ്ങിയത്. പിന്നീടങ്ങോട്ട് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് അദ്ദേഹം ജീവിക്കുകയായിരുന്നു. പാരമ്പര്യ ഇസ്ലാമിന്റെയും സാമുദായിക മതത്തിന്റെയും വക്താക്കള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനം വലിയ ദഹനക്കേടുണ്ടാക്കിയ ആദ്യ കാലങ്ങളില്‍ യുക്തി കൊണ്ടും പ്രമാണം കൊണ്ടും മാത്രമല്ല ധീരമായ ചെറുത്തുനില്‍പ്പു കൊണ്ടും ചങ്കുറപ്പു കൊണ്ടും വസന്തം വിരിയിച്ച പൂര്‍വകാല പ്രസ്ഥാന ഓര്‍മകളില്‍ എന്നും നിലകൊള്ളേണ്ട വ്യക്തികളില്‍ ഒരാളാണ് ബഹുമാന്യനായ സി.കെ.

1946-ലാണ് ഇസ്ലാമിക പ്രസ്ഥാനത്തോട് അനുഭാവമുള്ളവരെ സംഘടിപ്പിച്ച് ഹാജി സാഹിബ് വളാഞ്ചേരിയില്‍ ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയത്. 1948-ല്‍ ഹാജിസാഹിബിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ സി.കെ പ്രസ്ഥാന സഹയാത്രികനായിരുന്നു. ഹാജി സാഹിബ് വഴി പ്രസ്ഥാനത്തെ മനസ്സിലാക്കിയ അദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സില്‍ വീട്ടുകാരോട് പ്രസ്ഥാന വിഷയത്തില്‍ കലഹിച്ച് വീടു വിട്ടിറങ്ങി. പിതാവുള്‍പ്പെടെ വീട്ടുകാര്‍ കടുത്ത പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കളായതിനാല്‍ വഹാബിമുദ്ര കുത്തി (അക്കാലത്ത് മൗദൂദിമുദ്ര ചാര്‍ത്തപ്പെടാന്‍ തുടങ്ങിയിരുന്നില്ല) അദ്ദേഹത്തെ ചെറുപ്പത്തില്‍തന്നെ പീഡിപ്പിച്ചിരുന്നുവത്രെ. അതിന് കാരണമായ ഒരു സംഭവം അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: മരണപ്പെട്ട ഉമ്മയുടെ മൗലിദ് നടത്താനായി വീട്ടിലേക്ക് പള്ളിയിലെ ഉസ്താദുമാരും കുട്ടികളും വന്നപ്പോള്‍ കുട്ടിയായിരുന്ന സി.കെ മൗലിദ് ഓതാന്‍ വേണ്ടി ഒരുക്കിയ ബെഞ്ചില്‍ നീണ്ടു നിവര്‍ന്നു കിടന്ന് 'എന്റെ ജീവനുള്ളിടത്തോളം ഇത് സമ്മതിക്കുകയില്ല' എന്ന് പറഞ്ഞ്, വന്ന ഉസ്താദുമാരെ മടക്കിയയച്ചുവത്രെ. സി.കെയുടെ വാശിയുടെ മുമ്പില്‍ അവര്‍ക്ക് തോറ്റുകൊടുക്കേണ്ടി വന്നു. പാരമ്പര്യമായി നടന്നുവരുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അമിത താല്‍പര്യം കാണിച്ചിരുന്ന ഉപ്പയെയും വിട്ടുകാരെയും ഈ സംഭവം വലിയ തോതില്‍ പ്രകോപിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് വീട്ടുകാരോട് പിണങ്ങി ആ പന്ത്രണ്ടു വയസ്സുകാരന്‍ വീടുവിട്ടിറങ്ങുന്നത്. അന്നു മുതല്‍ അദ്ദേഹം സഞ്ചരിച്ചത് ഇസ്ലാമിക പ്രസ്ഥാനത്തോടൊപ്പമാണ്.

മദ്‌റസയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പല മദ്റസകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. മദ്റസാ ജീവിത കാലം ധാരാളം അനുഭങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ടായിരുന്നു. അതിലൊന്നാണ് മണ്ണാര്‍ക്കാട് കൊറ്റിയോട്ട് അദ്ദേഹം ജോലിചെയ്ത 1955-58 കാലയളവിലുണ്ടായത്. പ്രദേശത്തെ പ്രസ്ഥാനവിരുദ്ധര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചു. മാസങ്ങള്‍ വേണ്ടിവന്നു മുറിവുകളുണങ്ങാന്‍.  മദ്‌റസാസമയം കഴിഞ്ഞാല്‍ പിന്നെ എട്ടും പത്തും കിലോമീറ്ററുകള്‍ നടന്ന് പ്രബോധനം വിതരണം ചെയ്തും ഇസ്ലാമിക സാഹിത്യങ്ങളുടെ പ്രചാരണം നടത്തിയും  പ്രസ്ഥാന സന്ദേശം ജനങ്ങളിലേക്കെത്തിക്കുക അദ്ദേഹത്തിന് ഹരമായിരുന്നു. ഇത്തരം യാത്രകള്‍ക്കിടയില്‍ കയ്‌പ്പേറിയ അനുഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും മധുരമേറിയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ഹാജി സാഹിബിനോടൊപ്പം പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്ന അദ്ദേഹവും മര്‍ഹൂം യു. മുഹമ്മദ് സാഹിബും ഹാജി സാഹിബിന്റെ അംഗരക്ഷകര്‍ കൂടിയായിരുന്നു. ധീരതയും പക്വതയും കൈമുതലാക്കിയ യു. മുഹമ്മദ് സാഹിബും സി.കെയും ഒരു വേലിക്കിപ്പുറവും അപ്പുറവും താമസിച്ച ആത്മമിത്രങ്ങളായ അയല്‍വാസികള്‍ കൂടിയായിരുന്നു. യു. മുഹമ്മദ് സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സി.കെ കൂടി അല്ലാഹുവിങ്കലേക്ക് യാത്രയായതോടെ വളാഞ്ചേരിയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ തലമുറയിലെ കണ്ണിയറ്റിരിക്കുന്നു. ആ ഗണത്തില്‍ ഇനിയാരും അവശേഷിക്കുന്നില്ല എന്നത് വേദനയുളവാക്കുന്നു. 

ഹാജി സാഹിബില്‍നിന്നും പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിച്ച അദ്ദേഹം തന്റെ ജീവിതം പ്രസ്ഥാനത്തിനു സമര്‍പ്പിച്ചു. ആദ്യ നാളുകളില്‍ തന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹധര്‍മിണിയും ജമാഅത്ത് അംഗത്വമെടുത്ത് പ്രസ്ഥാനത്തോടൊപ്പം നിലയുറപ്പിച്ചു. ഭാര്യ അദ്ദേഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. സഹധര്‍മിണി വെറും ഒരു ഭാര്യയല്ല, വിപ്ലവപാതയിലെ തുണയാണെന്ന് അദ്ദേഹത്തിന് നല്ല പോലെ ബോധ്യമുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ എട്ടു മക്കളെയും പ്രസ്ഥാന നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ തന്നെ അദ്ദേഹം പഠിപ്പിച്ചു. 

സി.കെയുടെ ജീവിതം ലളിതമായിരുന്നു. ഏറെക്കാലം മദ്‌റസ അധ്യാപകനായിരുന്ന അദ്ദേഹം തനിക്ക് കിട്ടുന്ന തുഛമായ ശമ്പളം കൊണ്ട് ഒതുങ്ങിയ ജീവിതം നയിക്കുകയും കുടുംബത്തെ അതിനനുസരിച്ച് ജീവിക്കാന്‍ ശീലിപ്പിക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ അതിസൂക്ഷ്മത പാലിച്ചു. നിഷിദ്ധമായ സമ്പത്ത് തന്റെയും മക്കളുടെയും അന്നത്തിലും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും കടന്നുകൂടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പ്രസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വ്യക്തിപരമായ ഇടപാടുകളും ഒരു കാരണവശാലും കൂടിക്കലരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് എങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും പരാതികള്‍ അദ്ദേഹം ആരോടും പറഞ്ഞില്ല. പറയാതിരിക്കുക എന്നത് അദ്ദേഹത്തിന്റെ ധീരമായ നിലപാടായിരുന്നു. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അദ്ദേഹം ഒരു ഫഖീറാണ്. പൊളിഞ്ഞുവീഴാറായ കൊച്ചു കുടില്‍. കാലപ്പഴക്കം കൊണ്ട് ദുര്‍ബലമായ അലമാരയും കട്ടിലും ചാരുകസേരയും. വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്ത്രങ്ങള്‍. എല്ലും തോലുമെന്ന് തോന്നുന്ന ശരീരം. എന്നാല്‍ മനസ്സ് കൊണ്ട് അദ്ദേഹം എന്നും ഐശ്വര്യവാനായിരുന്നു. 

സി.കെ മൊയ്തീന്‍ മൗലവി നല്ല ഒരു പണ്ഡിതന്‍ കൂടിയായിരുന്നു. അനന്തരാവകാശ വിഷയങ്ങള്‍ ഉള്‍പ്പെടെ എന്ത് സങ്കീര്‍ണതയുള്ള സംശയങ്ങള്‍ക്കും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ കൃത്യമായി നിവാരണം നടത്താന്‍ മാത്രം അസാമാന്യ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ദുന്‍യാവിന്റെ പ്രലോഭനങ്ങള്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒട്ടും അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ലായിരുന്നു. ദുന്‍യാവിന്റെ വിഭവങ്ങള്‍ പ്രസ്താവയോഗ്യമായ ഒന്നായി അദ്ദേഹം ഒരുകാലത്തും പരിഗണിച്ചിരുന്നുമില്ല. 

'അല്ലാഹുവുമായുള്ള നേര്‍ച്ച പൂര്‍ത്തീകരിച്ചവരുടെ' കൂട്ടത്തിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം. 84 വര്‍ഷം ഈ ഭൂലോകത്ത് ജീവിക്കാനുള്ള സൗഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കി. തന്റെ ആയുസ്സിന്റെ നാലില്‍ മൂന്ന് ഭാഗവും അതിലധികവും ഇസ്ലാമിനും പ്രസ്ഥാനത്തിനുമായി അദ്ദേഹം സമര്‍പ്പിച്ചു.

സി.കെയുടെ ജീവിതത്തില്‍നിന്നും പുതുതലമുറക്ക് ഏറെ പഠിക്കാനും പകര്‍ത്താനുമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ, ആത്മധൈര്യവും ഇഛാശക്തിയും ചോര്‍ന്നുപോകാതെ അവ തരണം ചെയ്യാന്‍ സാധിക്കണമെന്നും അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഉള്ളതു കൊണ്ട് സംതൃപ്തമായി ജീവിക്കാന്‍ സാധിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 

 

 

 

 

ഡോ. കെ. അബ്ദുല്‍ ഗഫൂര്‍

ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് കോഴിക്കോട് ഗവണ്‍മെന്റ് ടീച്ചര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടീച്ചര്‍ എജ്യുക്കേറ്റര്‍, സ്റ്റേറ്റ് ഉര്‍ദു സ്‌പെഷ്യല്‍ ഓഫീസര്‍, എസ്.സി.ഇ.ആര്‍.ടി ഉര്‍ദു റിസര്‍ച്ച് ഓഫീസര്‍, ഗവണ്‍മെന്റ് പാഠപുസ്തക നിര്‍മാണ സമിതി മേധാവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തൂടങ്ങി നിരവധി ഉയര്‍ന്ന തസ്തികകളില്‍ മികച്ച സേവനമനുഷ്ഠിക്കുകയും വിരമിച്ച ശേഷം അബൂദബി ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മുക്കം മുസ്‌ലിം ഓര്‍ഫനേജ് അക്കാദമിക് ഡയറക്്ടര്‍, കേരളത്തിലെ അല്‍ബിര്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്്ടര്‍ എന്നീ പദവികളില്‍ ധാരാളം സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു കൊടിയത്തൂരില്‍ ഈയിടെ നിര്യാതനായ ഡോ. അബ്ദുല്‍ ഗഫൂര്‍ കണ്ണഞ്ചേരി.

ഏതു ചുമതലയും വളരെ കൃത്യമായും ഏറെ ഭംഗിയായും നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു  അദ്ദേഹം. ഒരു വര്‍ഷം എഴുപതോളം പാഠപുസ്തകങ്ങളും അധ്യാപക കൈപ്പുസ്തകങ്ങളും തയാറാക്കാന്‍ നിരവധി ശില്‍പശാലകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയത്, ആന്ധ്യവും ആലസ്യവും ബാധിച്ച ബ്യൂറോക്രസി കാലത്ത് എടുത്തുപറയേണ്ട കാര്യമാണ്. ജെ.ഡി.ടി ഇസ്‌ലാം ഹൈസ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും, സ്വന്തം പ്രയത്‌നത്തിലൂടെ ഇംഗ്ലീഷ്-ഉര്‍ദു ഭാഷകളിലും മനശ്ശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലും പോസ്റ്റ് ഗ്രാജ്വേഷനും ഉര്‍ദു, വിദ്യാഭ്യാസം, മനശ്ശാസ്ത്രം എന്നിവയില്‍ ഡോക്ടറേറ്റും നേടിയ പ്രതിഭയാണ് അദ്ദേഹം.

കേരളത്തിലെ ഉര്‍ദു അധ്യാപക സംഘടനയുടെ പ്രഥമ ജനറല്‍ സെക്രട്ടറി, ഇന്ത്യയിലെ ഉര്‍ദു വികസന സംഘടനയായ അന്‍ജുമന്‍ തര്‍ഖി ഉര്‍ദുവിന്റെ കേരള ചാപ്റ്റര്‍ മുഖ്യകാര്യദര്‍ശി, ജെ.ഡി.ടി സ്ഥാപനങ്ങളുടെ അലുംനി പ്രസിഡന്റ്, കൊടിയത്തൂര്‍ വാദി റഹ്മ ഗവേണിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

സമൂഹത്തിലെ ദരിദ്രരും അനാഥരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു അദ്ദേഹം. ജെ.ഡി.ടി അലുംനി പ്രസിഡന്റ്്, ങങഛ അക്കാദമിക് ഡയറക്ടര്‍, വാദിറഹ്മ ഗവേണിംഗ് ബോഡി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ ഒന്നിച്ചു വഹിക്കുമ്പോള്‍ മൂന്ന് സ്ഥാപനങ്ങളിലെയും അനാഥകള്‍ക്കും അഗതികള്‍ക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. അന്തേവാസികളുടെ പാഠ്യ-പാഠ്യേതര കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തി. ഏതു കാര്യവും ഭംഗിയായി ചെയ്യുക എന്ന പ്രതിബദ്ധത ഏതു പദവിയിലിരുന്നപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു.

 അക്കൗണ്ടിലും ഫയലുകളിലുമുള്ള കൃത്യതയും വ്യക്തതയും മാതൃകാപരമായിരുന്നു. കേരളത്തിനകത്തും പുറത്തും വിശാലമായ സൗഹൃദവും വ്യക്തിബന്ധങ്ങളുമുണ്ടായിരുന്നു. അതിന് തെളിവാണ് മരണശേഷം വീട്ടിലും ഖബ്‌റടക്ക വേളയിലും തുടര്‍ന്നും അന്തിമോപചാരമര്‍പ്പിക്കാന്‍ വന്ന ജനസഹസ്രങ്ങള്‍.

പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്