Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ഇസ്‌ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതന്‍

അബ്ദുല്‍ അസീസ് അന്‍സാരി, പൊന്മുണ്ടം

'പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണ് അറിവ്' ഉയര്‍ത്തപ്പെടുക,' 'ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്നാണ് ജ്ഞാനജ്യോതിസ്സുകളുടെ വിയോഗം' എന്നിങ്ങനെ ആശയം വരുന്ന പ്രവാചകവചനങ്ങള്‍ ഒരിക്കല്‍കൂടി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ്, പ്രമുഖ ഇസ്ലാമിക പണ്ഡിതനും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും മുജാഹിദ് നേതാവുമായിരുന്ന ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അല്ലാഹുവിങ്കലേക്ക് യാത്രയായത്.  

വിജ്ഞാനവും വിനയവും മിതഭാഷണവും ലാളിത്യവും ജീവിതസപര്യയാക്കിയ, സ്വപ്രയത്‌നം കൊണ്ട് മത-ഭൗതിക വിജ്ഞാനീയങ്ങളുടെ വ്യത്യസ്ത മേഖലകളില്‍ വ്യുല്‍പത്തി നേടിയ, സംഘടനാ കെട്ടുപാടുകള്‍ക്കപ്പുറം വിപുലമായ സൗഹൃദ ലോകം കെട്ടിപ്പടുത്ത അപൂര്‍വ വ്യക്തിത്വം എന്ന് ഒറ്റവാചകത്തില്‍ മദനിയെ വിശേഷിപ്പിക്കാം. ആഴവും പരപ്പുമുള്ള വായനയും അതിന്റെ ഉപോല്‍പന്നമായ രചനാ പാടവവും മദനിയെ വ്യതിരിക്തനാക്കുന്നു. 

പള്ളിദര്‍സ് പഠനത്തിന്റെ പഴമയില്‍ നേടിയ ആഴവും പരപ്പുമുള്ള വൈജ്ഞാനിക ഗരിമയും, അറബിക് കോളേജ് വിദ്യാഭ്യാസത്തിന്റെ പുതുമയും പ്രായോഗികതയും സമഞ്ജസമായി സമ്മേളിച്ച അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അബ്ദുല്‍ ഹമീദ് മദനി. 1944 സെപ്റ്റംബര്‍ 8-ന് മുത്താണിക്കാട്ട്  ഹൈദര്‍ മുസ്‌ലിയാര്‍-ആഇശ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിവിധ പള്ളി ദര്‍സുകളിലും അഴീക്കോട് ഇര്‍ശാദുല്‍ മുസ്ലിമീന്‍ അറബിക് കോളജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എന്നിവിടങ്ങളിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. അറബ് ലോകവുമായി നേര്‍ക്കുനേരെ ബന്ധമൊന്നുമില്ലായിരുന്നെങ്കിലും ക്ലാസിക്കല്‍ അറബിയോടൊപ്പം മോഡേണ്‍ അറബിയും മൗലവിക്ക് നന്നായി വഴങ്ങിയിരുന്നു. പുറത്തൂര്‍, പുതിയങ്ങാടി, പൊന്മുണ്ടം എന്നിവിടങ്ങളില്‍ 22 വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഔദ്യോഗിക ജോലിയില്‍നിന്ന് സ്വമേധയാ വിരമിച്ചു. പുളിക്കല്‍ ജാമിഅ സലഫിയ്യ, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോേളജ് എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പുത്തന്‍ ഭാഷാ പ്രയോഗങ്ങളടങ്ങുന്നതും ചിന്തോദ്ദീപകവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകളെന്ന് ശിഷ്യന്മാര്‍ അനുസ്മരിക്കുന്നു. ഈ ലേഖകന്‍ അറബി ഭാഷയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയത് അദ്ദേഹത്തില്‍നിന്നായിരുന്നു. 

അറബി ഭാഷക്ക് പുറമെ ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്തിരുന്ന, ആരോഗ്യശാസ്ത്രം ഇഷ്ട വിഷയമായിരുന്ന, 'ദീനും ദുന്‍യാവുമറിയുന്ന മൗലവി'യായിരുന്നു മദനി. ഉര്‍ദു ഭാഷയും വശമുണ്ടായിരുന്നു. ആംഗ്ലേയ ഇസ്ലാമിക സാഹിത്യങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. രോഗശയ്യയിലാകുന്നതിനു മുമ്പ് വീട് സന്ദര്‍ശിക്കുന്ന ആര്‍ക്കും കിതാബോതുന്ന 'മൗലവി'യെയല്ല, ഇംഗ്ലീഷ് സാഹിത്യങ്ങള്‍ വായിക്കുന്ന, അതേക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന സാത്വികനായ 'മിസ്റ്ററെ'യായിരുന്നു കാണാന്‍ സാധിച്ചിരുന്നത്. 'ഇന്നിപ്പോള്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളിലുള്ള മൗലിക പഠനങ്ങളില്‍ പലതും പാശ്ചാത്യ-ഇസ്ലാമികേതര നാടുകളില്‍നിന്നാണ് പുറത്തുവരുന്നത്, സലഫി-അറബ് നാടുകളില്‍ വരണ്ട കര്‍മശാസ്ത്ര പഠനങ്ങള്‍ക്കപ്പുറം ആഴമുള്ള പഠനങ്ങള്‍ നന്നേ കുറവാണ്' എന്നദ്ദേഹം പറയാറുണ്ടായിരുന്നു. 

മദനിയുടെ വീക്ഷണങ്ങളോട് പലപ്പോഴും വിയോജിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഇസ്ലാമിനും മുസ്ലിം സമുദായത്തിനും അദ്ദേഹം ചെയ്ത സേവനങ്ങളെ വിസ്മരിക്കാനാവില്ല. ഈടുറ്റ നിരവധി കൃതികളുടെ കര്‍ത്താവും ഇസ്ലാമിക പ്രബോധന രംഗത്തെ സജീവ സാന്നിധ്യവും ഗഹന ചിന്തകളുടെ ഉടമയുമായിരുന്നു മദനി. കേരളത്തില്‍ ആഴമേറിയ പാണ്ഡിത്യമുള്ള, കിതാബ് തിരിയുന്ന സര്‍വാദരണീയരായ ചുരുക്കം ചില പണ്ഡിതന്മാരില്‍ ഒരാള്‍ എന്ന് ആരും സമ്മതിക്കുന്ന വ്യക്തിത്വം. 'ഇസ്ലാഹീ പ്രസ്ഥാനം കേരളക്കരക്ക് സംഭാവന ചെയ്ത ബൗദ്ധിക പ്രതിഭ' എന്ന് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പ്രസാധക കുറിപ്പില്‍ നല്‍കപ്പെട്ട വിശേഷണം തീര്‍ത്തും ശരിയാണ്.

ഈടുറ്റ നിരവധി കൃതികളുടെ കര്‍ത്താവാണ് മദനി. എന്റെ മറ്റൊരു ഗുരുനാഥനായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരുമായി ചേര്‍ന്ന് അബ്ദുല്‍ ഹമീദ് മദനി രചിച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ഏറെ പ്രചാരം നേടിയ കൃതിയാണ്. മദീനയിലെ കിംഗ് ഫഹ്ദ് പ്രിന്റിംഗ് പ്രസ്സ് വഴി ഇതിന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 'ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍' എന്ന ലഘുകൃതിയും സ്‌നേഹ സംവാദം മാസികയില്‍ എഴുതിയിരുന്നതും പിന്നീട് പുസ്തകമായി ക്രോഡീകരിക്കപ്പെട്ടതുമായ 'കൂടിക്കാഴ്ച'യും ഇസ്ലാമിക സമൂഹത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ദീര്‍ഘകാലം ശബാബ് വാരികയുടെ മുഖ്യ പത്രാധിപരായിരുന്നു. ശബാബില്‍ 'മുസ്ലിം' എന്ന പേരില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്നതും അദ്ദേഹം തന്നെ. കോഴിക്കോട് യുവത ബുക്ക് ഹൗസ് പുറത്തിറക്കിയ 'ഇസ്ലാം അഞ്ചു വാള്യങ്ങളില്‍' പരമ്പരയുടെയും ഹദീസ് വിവര്‍ത്തന സമാഹാരത്തിന്റെയും മുഖ്യപത്രാധിപരായിരുന്നു.

മനുഷ്യാസ്തിത്വം വിശുദ്ധ ഖുര്‍ആനിലും ഭൗതികവാദത്തിലും, ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം, അല്ലാമ യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷ വിവര്‍ത്തനം, നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം, ഖുര്‍ആനും യുക്തിവാദവും, ബുലൂഗുല്‍ മറാം പരിഭാഷ, മോഡേണ്‍ അറബി ട്യൂട്ടര്‍, അറേബ്യന്‍ ഗള്‍ഫിലെ സംസാര ഭാഷ, ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും, നാല്‍പ്പത് ഹദീസ് പരിഭാഷ, ഇസ്ലാമും വിമര്‍ശകരും, അരോഗ്യത്തിന് ദൈവ ശാസ്ത്രം, ഇതര മതസ്ഥരോടുള്ള മുസ്ലിമിന്റെ സമീപനം, ഖുര്‍ആനും മാനവിക പ്രതിസന്ധിയും, ഇസ്ലാം വിമര്‍ശകരും അവരുടെ തലയ്ക്കു വില പറയുന്നവരും, ദഅ്വത്ത് ചിന്തകള്‍(അഞ്ച് വാള്യങ്ങള്‍), ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി, മതം-രാഷ്ട്രീയം-ഇസ്ലാഹീ പ്രസ്ഥാനം, പ്രാര്‍ഥന-തൗഹീദ്, സൂഫി മാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും, ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും, ഇസ്‌ലാമിന്റെ ദാര്‍ശനിക വ്യതിരിക്തത, നിത്യജീവിതത്തിലെ ഇസ്‌ലാമികവിധികള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ മൗലവിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട്, വക്കം മൗലവി പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ 2013-ലെ 'വക്കം മൗലവി അവാര്‍ഡ്' മദനിക്കാണ്  ലഭിച്ചത്.

പൊതുസമൂഹത്തില്‍ ഇസ്ലാമിനെ പ്രമാണബദ്ധമായും യുക്തിയുക്തമായും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവ് മദനി സ്വന്തമാക്കിയിരുന്നു.  യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനം അതിന്റെ പാരമ്യത്തിലെത്തിയ സമയത്താണ് അദ്ദേഹം പ്രഭാഷണ രംഗത്ത് സജീവമാകുന്നത്. ഗഹനമായ ചിന്തകള്‍  കൊണ്ടും കൂര്‍മബുദ്ധി കൊണ്ടും എതിരാളികളെ നിരായുധരാക്കുന്നതില്‍ മദനിയുടെ പങ്ക് വലുതായിരുന്നു. ശരീഅത്ത് വിവാദം കത്തിനിന്ന കാലത്ത് കേരളീയ മുസ്ലിം ധിഷണക്ക് വൈജ്ഞാനിക നേതൃത്വം നല്‍കിയവരില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. യുക്തിവാദികളുടെയും ഓറിയന്റലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും മറ്റും ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മദനി നല്‍കിയ മറുപടികള്‍ പ്രമാണബദ്ധവും യുക്തിയില്‍ ചാലിച്ചെടുത്തവയുമാണെന്നു കാണാം. 

ആദ്യകാലങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ സംവാദ വേദികളിലും സജീവമായിരുന്നു മദനി. കൊട്ടപ്പുറത്ത് നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദം ഉദാഹരണം. മുജാഹിദ് ആനുകാലികങ്ങളില്‍ അത്തരം വിഷയങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുമുണ്ടായിരുന്നു. 

2002-ലെ നിര്‍ഭാഗ്യകരമായ മുജാഹിദ് പിളര്‍പ്പില്‍ ഏറെ ദുഃഖിതനായിരുന്നു മദനി. അതിനാല്‍ തന്നെ പില്‍ക്കാലത്ത് ഏതെങ്കിലും ഗ്രൂപ്പില്‍ ചേരാതെ എല്ലാവരുമായും സഹകരിച്ചു പോകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കിയ വിഭാഗത്തോട് ചിന്താപരമായി ചായ്വ് കാണിച്ചിരുന്നെങ്കിലും സംഘടനക്കാരനാവാതെ തന്റെ രചനാ ലോകത്ത് ഒതുങ്ങിക്കഴിയുകയായിരുന്നു പിന്നീടദ്ദേഹം. പിളര്‍പ്പാനന്തര കാലത്ത് ഈ പണ്ഡിതന്റെ കഴിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്താനായില്ല, അതിനായി ശ്രമിച്ചില്ല എന്നത് മുജാഹിദ് സംഘടനകള്‍ക്ക് ഒരു നഷ്ടം തന്നെയാണ്.

കേരളീയ മുസ്ലിം ചിന്തക്ക് എ. അബ്ദുസ്സലാം സുല്ലമിയെ പോലുള്ള ഇരുത്തം വന്ന പണ്ഡിതന്മാരുടെ മരണം സൃഷ്ടിച്ച വിടവിനോടൊപ്പം മറ്റൊരു വന്‍ നഷ്ടമാണ് അബ്ദുല്‍ ഹമീദ് മദനിയുടെ വേര്‍പാട്. മുജാഹിദുകള്‍ക്കിടയില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയെങ്കിലും 'പൊതുതാല്‍പര്യ മേഖല കണ്ടെത്തുക' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പഴയ ശബാബ് ലേഖനം ഇസ്ലാമിക പ്രബോധന മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കേണ്ട ശ്രദ്ധേയമായ ചില ചിന്തകള്‍ മുന്നോട്ട് വെക്കുന്നതാണ്. ഖുര്‍ആനിക ആശയപ്രപഞ്ചമായിരുന്നു മദനിയുടെ ചിന്താ ലോകം. ശബാബ് വാരികയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്‍ വ്യാഖ്യാനം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹത്തിന്റെ രോഗവും വിയോഗവും. 

സംഘടനാപരമായി നോക്കിയാല്‍, ഒരുവേള കെ. ഉമര്‍ മൗലവിയെ കഴിച്ചാല്‍ മുജാഹിദുകള്‍ക്കിടയില്‍നിന്നും ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച് എഴുതിയിട്ടുണ്ടാവുക അബ്ദുല്‍ ഹമീദ് മദനിയായിരിക്കും. ഈ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് കൃതികളാണ് അദ്ദേഹത്തിന്റെ 'ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യ'വും അതിന്റെ നിരൂപണം കൂടി ഉള്‍ക്കൊള്ളുന്ന കെ.സി അബ്ദുല്ല മൗലവിയുടെ 'ഇബാദത്ത് ഒരു സമഗ്ര പഠന'വും. വിജ്ഞാന കുതുകികള്‍ക്ക് നല്ലൊരു വിരുന്നാണത്.  പൊതുവെ 'പക്കാ സംഘടനക്കാരനാ'യി അറിയപ്പെട്ടിരുന്നില്ലെങ്കിലും കെ.പി മുഹമ്മദ് മൗലവിയുടെ 'ഇബാദത്തും ഇത്വാഅത്തും' എന്ന പുസ്തകത്തെ ന്യായീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കവെ ഇബാദത്തിന്റെ 'അനുസരണം', 'അടിമത്തം' എന്നീ അര്‍ഥങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഹാക്കിമിയ്യത്തിനെ രാഷ്ട്രീയ മുക്തമാക്കാനുമുള്ള ശ്രമത്തിനിടയില്‍  പലപ്പോഴും പ്രമാണങ്ങളേക്കാളും സച്ചരിതരായ മുന്‍ഗാമികളുടെ നിലപാടുകളേക്കാളും കേവലയുക്തിക്കും സംഘടനാ താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ പരാമൃഷ്ട കൃതിയില്‍ മദനി നിര്‍ബന്ധിതനായതായി കാണാം (മതം രാഷ്ട്രീയം ഇസ്‌ലാഹീ പ്രസ്ഥാനം- മുഖാമുഖം എന്ന പുസ്തകത്തിലും ഇത്തരം പോരായ്മകള്‍ ഉണ്ട്). ഇക്കാരണങ്ങളാല്‍തന്നെ മദനിയുടെ 'താരതമ്യ'ത്തെ നിരൂപണം നടത്തവെ, 'എന്തുകൊണ്ടും വളരാന്‍ സാധ്യതയുള്ള ഒരു പണ്ഡിതന്‍ ഇത്രത്തോളമൊക്കെ പോകുന്നത് ഖേദകരമാണ്' എന്ന് കെ.സി അബ്ദുല്ല മൗലവി തന്റെ 'ഇബാദത്ത് ഒരു സമഗ്രപഠന'ത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ എന്തോ പിന്നീട് അവസരമേറെ ലഭിച്ചിട്ടും കെ.സി അബ്ദുല്ല മൗലവിയുടെ പുസ്തകത്തെ നിരൂപിക്കാന്‍ അബ്ദുല്‍ ഹമീദ് മദനി മുതിര്‍ന്നിട്ടില്ല. എങ്കിലും മുജാഹിദ് നേതാവായിരുന്ന കെ. ഉമര്‍ മൗലവി മുമ്പ് കാലത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ അഴിച്ചുവിട്ട അര്‍ഥശൂന്യമായ വിമര്‍ശനങ്ങളെ അപേക്ഷിച്ച് എത്രയോ വൈജ്ഞാനികവും സംവാദക്ഷമതയുള്ളതുമാണ് മുജാഹിദുകള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ 'ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം'. 

അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നതോടൊപ്പം തന്നെ പൊതുവിഷയങ്ങളില്‍ സഹോദര സംഘടനകളുമായി സഹകരിച്ചുനീങ്ങാന്‍ തയാറായിരുന്ന, മുസ്ലിം ഐക്യത്തിന് പ്രാധാന്യം കല്‍പിച്ചിരുന്ന നേതാവും പണ്ഡിതനുമായിരുന്നു എന്നതാണ് അബ്ദുല്‍ ഹമീദ് മദനിയുടെ മറ്റൊരു സവിശേഷത. രോഗശയ്യയിലാകുന്നതുവരെ ജമാഅത്ത് വേദികളില്‍ പലപ്പോഴായി അദ്ദേഹം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നതും, ജമാഅത്ത് ഉള്‍പ്പെടെ മുജാഹിതേതര സംഘടനാ നേതാക്കളുമായി അടുത്ത വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നതും, മുജാഹിദ് പിളര്‍പ്പുകളും ആരോപണ-പ്രത്യാരോപണങ്ങളും അനാവശ്യ വാശിയുടെയും ഭൗതിക താല്‍പര്യങ്ങള്‍ ദീനീതാല്‍പര്യങ്ങളെ അതിജയിച്ചതിന്റെയും അനന്തരഫലമായിരുന്നു എന്ന് തുറന്നു പറഞ്ഞ് പ്രബോധനം വാരികക്ക് അഭിമുഖങ്ങളും ലേഖനങ്ങളും നല്‍കിയതും അതുകൊണ്ടുതന്നെ. ജനാസ നമസ്‌കാരത്തിനായി സംഘടനാഭേദമന്യേ ആയിരങ്ങള്‍ ഒത്തുകൂടിയതില്‍നിന്നുതന്നെ പൊതുസമൂഹം ആ പണ്ഡിതനെ എങ്ങനെയാണ് കണ്ടിരുന്നത് എന്ന് മനസ്സിലാക്കാം.

വിയോജിക്കാനെങ്കിലും വൈജ്ഞാനിക ഗരിമയുള്ള പണ്ഡിതന്മാരുടെ സാന്നിധ്യം എന്നും അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇസ്ലാമിക ചിന്ത മയങ്ങിക്കിടക്കും. അത് മുസ്ലിം സമുദായത്തെ പിന്നോട്ടു നയിക്കും. ഇസ്ലാമിക ചിന്തയെ സജീവമാക്കി നിലനിര്‍ത്താനും പ്രസരണം ചെയ്യാനും സഹായിച്ച പണ്ഡിതന്‍ എന്ന നിലക്ക് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയോട് കേരളീയ മുസ്ലിം സമൂഹം കടപ്പെട്ടിരിക്കുന്നു. 

മദനിയെ ചെന്നു കണ്ട്, സാധ്യമെങ്കില്‍ പുറത്തിറങ്ങാനിരിക്കുന്ന 'സംഗീതം ഇസ്ലാമിക വീക്ഷണത്തില്‍' എന്ന ഈയുള്ളവന്റെ പുസ്തകത്തിന് അവതാരികയെഴുതിക്കുകയോ അഭിപ്രായമാരായുകയോ ചെയ്യണം എന്ന ആഗ്രഹത്തോടെ ഇക്കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നെത്തി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മദനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും സ്വന്തമായി എഴുന്നേറ്റു നില്‍ക്കാനോ പരിചിതരെ പോലും ഓര്‍ത്തെടുക്കാനോ പോലും കഴിയാത്ത വിധം അവശനാണെന്നുമുള്ള വിവരമറിയുന്നത്. ഒന്ന് കാണാനൊക്കും മുമ്പേ അദ്ദേഹം തന്റെ നാഥനിലേക്ക് യാത്രയാവുകയും ചെയ്തു. 

അല്ലാഹു അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ സേവനങ്ങളും രചനകളും ജാരിയായ സ്വദഖയായി സ്വീകരിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂട്ടട്ടെ -ആമീന്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്