Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

ത്വയ്യ്, ബനൂ അസദ്, ഖുളാഅ

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-64 

യമനിലാണ് ത്വയ്യ് ഗോത്രത്തിന്റെ ഉത്ഭവം. അറബ് കുടിയേറ്റ ചരിത്രത്തില്‍ വളരെ വികാരനിര്‍ഭരമായ സാഹസിക കഥകള്‍ അയവിറക്കാനുണ്ട് ഈ ഗോത്രവിഭാഗത്തിന്. ത്വയ്യ് എന്ന ഇവരുടെ പേരില്‍നിന്നാണ് താസി, താജിക്, താഷി പോലുള്ള വിവിധ വാക്കുകള്‍ ഉണ്ടായിട്ടുള്ളത്. മധ്യ-പൗരസ്ത്യ ഏഷ്യയിലെ വിവിധ ഭാഷകളില്‍ ഈ വാക്കുകള്‍ക്കെല്ലാം 'അറബികള്‍' എന്നാണ് അര്‍ഥം. ഹി. ഒമ്പതാം വര്‍ഷത്തിനു മുമ്പ് ഇസ്‌ലാമും ഈ ഗോത്രവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് നമുക്ക് അറിഞ്ഞുകൂടാ. അക്കാലത്ത് അവരില്‍ ഒരു വിഭാഗം മധ്യ അറേബ്യയില്‍, പ്രത്യേകിച്ച് നജ്ദില്‍ താമസിക്കുന്നുണ്ടായിരുന്നു. സല്‍മ, ആജാ എന്നീ രണ്ട് പര്‍വതനിരകള്‍ ത്വയ്യ് ഗോത്രത്തിന്റെ പര്‍വതങ്ങളായാണ് വിളിക്കപ്പെട്ടുപോന്നിരുന്നത്. ഹജ്ജ് മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാക്കുന്ന 'ദൈവത്തിന്റെ കരാര്‍' അവര്‍ അംഗീകരിച്ചിരുന്നില്ല. തീര്‍ഥാടന സീസണില്‍ അവര്‍ നടത്തുന്ന കവര്‍ച്ചകള്‍ സകലരാലും അധിക്ഷേപിക്കപ്പെട്ടിരുന്നു. പക്ഷേ വഴിക്കൊള്ളക്കാരുടെ ഈ ഗോത്രം തന്നെയാണ്, ഉദാരമനസ്‌കതയുടെ ഇതിഹാസമായി അറബ് ചരിത്രത്തില്‍ വാഴ്ത്തപ്പെടുന്ന ഹാതിമിന് ജന്മം നല്‍കിയതും.

മക്ക മുസ്‌ലിംകള്‍ക്ക് കീഴടങ്ങിയതോടെ അകലം പാലിച്ചു കഴിഞ്ഞിരുന്ന പല ഗോത്രങ്ങളും ഇസ്‌ലാമുമായി സൗഹൃദക്കരാറില്‍ എത്തിച്ചേരാന്‍ ഉത്സുകരായി. ആ നിലയില്‍ ഹിജ്‌റ ഒമ്പതാം വര്‍ഷം മദീനയില്‍ എത്തിച്ചേര്‍ന്ന പ്രതിനിധി സംഘങ്ങളില്‍ ത്വയ്യുകാരും ഉണ്ടായിരുന്നു. അങ്ങനെ എത്തിച്ചേര്‍ന്ന ഒരു ത്വയ്യ് ഗോത്രക്കാരനായിരുന്നു സൈദ് അല്‍ ഖൈല്‍ ('സൈദ്, കുതിര' എന്നര്‍ഥം). പ്രവാചകന്‍ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ഇസ്‌ലാം സ്വീകരിക്കാന്‍ അദ്ദേഹം സന്നദ്ധനാവുകയും ചെയ്തു. ഒപ്പം, സൈദ് അല്‍ ഖൈര്‍ (സൈദ്, നന്മ നിറഞ്ഞവന്‍) എന്ന പുതിയ പേര് അദ്ദേഹത്തിന് നല്‍കി; എന്നിട്ട് പറഞ്ഞു: 'ഏതൊരു അറബ് വ്യക്തിത്വത്തെപ്പറ്റിയും ഞാന്‍ കേട്ടപ്പോഴൊക്കെ, ആ വ്യക്തിയുടെ വര്‍ണനകളില്‍ അതിശയോക്തി കലര്‍ന്നിട്ടുണ്ടെന്ന് എനിക്ക് പിന്നീട് മനസ്സിലായിട്ടുണ്ട്; സൈദുല്‍ ഖൈര്‍ ഒഴികെ. അദ്ദേഹത്തെക്കുറിച്ച വിവരണത്തില്‍ അതിശയോക്തിയൊന്നുമില്ല.'1 പ്രവാചകന്‍ അദ്ദേഹത്തിന് കുറേയധികം ഭൂമി (അതില്‍ ഫൈദ് മേഖല മുഴുവനായും ഉള്‍പ്പെടും) സമ്മാനമായി പതിച്ചുനല്‍കുന്നുണ്ട്; അതൊക്കെയും നല്ല ഫലപുഷ്ടിയുള്ളതും ആയിരുന്നു.2

ചില ചരിത്രകാരന്മാര്‍ പറയുന്നത് മദീനയില്‍നിന്ന് തിരിച്ചുപോകവെ വഴിമധ്യേ സൈദ് മരണപ്പെട്ടുവെന്നാണ്. ചിലര്‍ പറയുന്നത്, പിന്നെയും അദ്ദേഹം കുറച്ചുകാലം ജീവിച്ചുവെന്നും അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് മതപരിത്യാഗികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയായി എന്നുമാണ്.

അലിയ്യുബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ ത്വയ്യ് ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഫില്‍സ് എന്ന വിഗ്രഹത്തെ എടുത്തു നീക്കുന്നതിനായി അവരുടെ അധിവാസ ഭൂമിയിലേക്ക് ഒരു സംഘം പുറപ്പെട്ടിരുന്നു. ഇതവര്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ ഇതിഹാസ പുരുഷന്‍ ഹാതിം ത്വാഇയുടെ മകന്‍ അദിയ്യ് നാട്ടില്‍നിന്ന് ഒളിച്ചോടി. ക്രിസ്തുമത വിശ്വാസിയായ അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം എത്തിച്ചേര്‍ന്നത് സിറിയ-ഫലസ്ത്വീന്‍ ദേശത്താണ്. തന്റെ സഹോദരിയെ (അവരുടെ പേര് സ്വുഫാന എന്നായിരിക്കണം) ഒപ്പം കൂട്ടാന്‍ അദ്ദേഹം തയാറായതുമില്ല. അലിയും സംഘവും അവരെ ബന്ദിയാക്കുകയും മദീനയിലേക്ക് കൊണ്ടുവരികയും ചെയ്തു. പ്രവാചക സന്നിധിയില്‍ കൊണ്ടുവരപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: 'എന്റെ പിതാവ് മരണപ്പെട്ടു. സഹോദരനാവട്ടെ ഒട്ടും ലജ്ജയില്ലാതെ എന്നെ ഉപേക്ഷിക്കുകയും ചെയ്തു. ആയതിനാല്‍ എന്നോട് ഔദാര്യം കാണിക്കുക; ദൈവം താങ്കളോടും ഔദാര്യം കാണിക്കും.' കനിവ് തോന്നി പ്രവാചകന്‍ അവരെ വിട്ടയച്ചു. ത്വയ്യ് അധിവാസ പ്രദേശത്തേക്ക് യാത്ര പോകുന്ന ഒരു സംഘത്തിനൊപ്പം യാത്രാവാഹനം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കി അവരെ പറഞ്ഞയക്കുകയും ചെയ്തു. പിന്നെ സ്വുഫാന സിറിയയില്‍ എത്തി തന്നെ ഉപേക്ഷിച്ച സഹോദരനെ കണക്കിന് ശകാരിച്ചു. പിന്നീട് ഇരുവരും രമ്യതയിലായി. നടന്നതെല്ലാം വിവരിച്ച ശേഷം സഹോദരനോട് സ്വുഫാന ഇങ്ങനെ ആവശ്യപ്പെട്ടു: 'നീയും മദീനയില്‍ പോവണം. മുഹമ്മദ് യഥാര്‍ഥ പ്രവാചകന്‍ തന്നെയാണ്. അദ്ദേഹത്തെ അംഗീകരിക്കുന്നവര്‍ക്ക് വലിയ ബഹുമതി ഉണ്ടാകാന്‍ പോകുന്നു. ഇനി അദ്ദേഹം ഒരു രാജാവ് മാത്രമാണെങ്കില്‍, നിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നീ അദ്ദേഹത്തിന് കീഴൊതുങ്ങുന്നത് ഒരു നാണക്കേടുമുണ്ടാക്കില്ല.' അദിയ്യ് സമ്മതിച്ചു. മദീനയിലെത്തിയ അദ്ദേഹം പള്ളിയില്‍ കടന്ന് തന്നെ സ്വയം പരിചയപ്പെടുത്തി. പ്രവാചകന്‍ അദ്ദേഹത്തെ വളരെ പരിഗണനയോടെ സ്വീകരിച്ചു; പിന്നെ അദ്ദേഹത്തെ തന്റെ സ്വകാര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. പോകുന്ന വഴിക്ക് ഒരു വൃദ്ധ പ്രവാചകനുമായി ദീര്‍ഘനേരം സംസാരിച്ചു. ഒരു രാജാവാണെങ്കില്‍ ഇങ്ങനെയൊരു സംസാരത്തിന് തയാറാകില്ലെന്ന് അദിയ്യ് ഉറപ്പിച്ചു. തന്റെ മുറിയിലെത്തിയ പ്രവാചകന്‍ അവിടെയുള്ള ഏക ഇരിപ്പിടം അദിയ്യിനായി നല്‍കി. പ്രവാചകന്‍ തറയില്‍ ഇരുന്നു. ഇതെല്ലാം അദിയ്യിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. കുറച്ചു മുമ്പ് അലിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കത്തില്‍ ത്വയ്യ് ഗോത്രക്കാരില്‍നിന്ന് ലഭിച്ച സ്വത്തുക്കളില്‍ നാലില്‍ ഒന്ന് നിങ്ങള്‍ക്ക് തിരിച്ചുതരട്ടെ എന്നും അത് നിങ്ങളുടെ മതത്തില്‍ അനുവദിക്കപ്പെടുന്നില്ലേ എന്നും പ്രവാചകന്‍ ചോദിച്ചു. തെറ്റു പറ്റിയത് തനിക്കാണെന്ന് അദിയ്യ് സമ്മതിച്ചു. പ്രവാചകന്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ വിശദീകരിച്ചു കൊടുത്തശേഷം ഇങ്ങനെ പറഞ്ഞു: 'ഇസ്‌ലാം സ്വീകരിക്കുന്നതില്‍ താങ്കള്‍ക്ക് വല്ല തടസ്സവുമുണ്ടോ? ഈ മുസ്‌ലിംകളെല്ലാം തനി പട്ടിണിപ്പാവങ്ങളാണല്ലോ എന്ന് താങ്കള്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഒരൊറ്റ മുസ്‌ലിമും മറ്റാരുടെയും സഹായം സ്വീകരിക്കേണ്ടാത്ത വിധം അവര്‍ സമ്പന്നരാകും. അവര്‍ ദുര്‍ബലരാണെന്നും താങ്കള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ഇറാഖിലെ ഖാദിസിയ്യയില്‍നിന്ന് ദൈവത്തെയല്ലാതെ മറ്റാരെയും ഭയക്കാതെ ഒരു സ്ത്രീ മക്കയിലേക്ക് തീര്‍ഥാടനം നടത്തുന്ന കാലം വരാനിരിക്കുന്നു. രാജഭരണം മുസ്‌ലിംകള്‍ക്കില്ലല്ലോ എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍, ബാബിലോണിയയിലെ വെള്ളക്കൊട്ടാരങ്ങളുടെ കവാടങ്ങള്‍ അവര്‍ക്കായി തുറക്കപ്പെടാനിരിക്കുന്നു എന്ന് താങ്കള്‍ മനസ്സിലാക്കുക.' അദിയ്യ് ഇസ്‌ലാം സ്വീകരിച്ചു. ഈ പ്രവചനങ്ങളൊക്കെയും സത്യമായി പുലരുന്നത് സ്വന്തം കണ്ണുകൊണ്ട് കാണാന്‍ മാത്രം കാലം അദ്ദേഹം പിന്നെയും ജീവിച്ചു. വഴിക്കൊള്ളക്കാരായ ത്വയ്യ് ഗോത്രക്കാരുടെ അധിവാസ ഭൂമിയിലൂടെ കടന്നുപോകുന്ന പാതകള്‍ ഏതെങ്കിലും കാലം സുരക്ഷിതമായിത്തീരുമെന്ന് വിശ്വസിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സാസാനീ സാമ്രാജ്യത്തെ മുസ്‌ലിംകള്‍ കീഴടക്കുന്നതിനും അദ്ദേഹം സാക്ഷിയായി.3 മറ്റൊരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. ത്വയ്യിന്റെ ശാഖയായ ബനൂ മഅ്ന്‍ വിഭാഗം ഇസ്‌ലാം സ്വീകരിക്കാനെത്തിയപ്പോള്‍ അവരുമായുണ്ടാക്കിയ കരാര്‍പത്രത്തില്‍ 'പാതകളുടെ സുരക്ഷിതത്വം' അവരുടെ ചുമതലയായിരിക്കുമെന്ന് പ്രത്യേകം എഴുതിച്ചേര്‍ത്തിരുന്നു. ഈയൊരു വ്യവസ്ഥയിലാണ് ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് തങ്ങളുടെ കൈവശമുള്ള ഭൂമി അവര്‍ക്ക് വിട്ടുനല്‍കിയതും.4

ഈ ഗോത്രത്തിന്റെ വിവിധ ശാഖകള്‍ക്കു വേണ്ടി ഏതാണ്ട് പത്ത് കരാര്‍പത്രങ്ങളെങ്കിലും പ്രവാചകന്‍ തയാറാക്കിയിട്ടുണ്ട്.5 ഇതില്‍ അഞ്ചെണ്ണമെങ്കിലും നമുക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് ഒരേപോലെയിരിക്കുന്ന കരാര്‍പത്രങ്ങളാണിവ. ഓരോന്നിലും തന്റെ സംരക്ഷണം അവര്‍ക്ക് ഉണ്ടാകുമെന്ന് പ്രവാചകന്‍ വാക്കു കൊടുക്കുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് അവര്‍ക്കുണ്ടായിരുന്ന എല്ലാ ഉടമസ്ഥതകളെയും അംഗീകരിക്കുന്നു. ഇതിനു പകരമായി, ഇസ്‌ലാമിക വിശ്വാസാനുഷ്ഠാനങ്ങള്‍ ജീവിതത്തില്‍ പാലിക്കണമെന്നും നികുതി നല്‍കണമെന്നും വിഗ്രഹാരാധകരുമായുള്ള ബന്ധങ്ങള്‍- അവര്‍ സ്വന്തം കുടുംബക്കാരായിരുന്നാല്‍ പോലും- ഉപേക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ബനൂ ആജാക്ക് നല്‍കിയ കരാര്‍പത്രത്തില്‍, സ്ഥിരവാസികള്‍ക്കും നാടോടികള്‍ക്കും തുല്യ അവകാശമായിരിക്കുമെന്നും പ്രത്യേകം എഴുതിയിട്ടുണ്ട്. മൂന്ന് കരാര്‍പത്രികകളില്‍ 'രാവിലെ പുറപ്പെട്ട കാലിക്കൂട്ടങ്ങളെ നാടിന്റെ പുറത്ത് കഴിയാന്‍ രാത്രി അനുവദിക്കും' എന്നൊരു പരാമര്‍ശം കാണാം. ഒരുപക്ഷേ, ഇതിന്റെ അര്‍ഥം, ത്വയ്യുകള്‍ അവരുടെ കാലിക്കൂട്ടങ്ങളെ അവര്‍ക്ക് നിശ്ചയിച്ച പരിധിക്കപ്പുറം കൊണ്ടുപോകാന്‍ പാടില്ല എന്നാകാം. അതായത് കാലികള്‍ക്ക് എത്രവരെ പോകാം എന്നതിന് പരിധി നിശ്ചയിക്കുകയാണ്. രാവിലെ മുതല്‍ രാത്രി വരെ നടന്നാല്‍ എത്തുന്ന ദൂരമെത്രമോ അത്രയും ദൂരം. അതിനപ്പുറം കടക്കരുത്. അപ്പുറമുള്ളത് അവരുടെ അയല്‍ക്കാരാണ്; ബനൂ അസദ്. ഇനി അവരെക്കുറിച്ചാണ്.

 

ബനൂ അസദ്

ബനൂ അസദും ത്വയ്യിനെപ്പോലെ ഒരു വലിയ ഗോത്രമാണ്. അവരുടെ സാംസ്‌കാരിക നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരുന്നു. അറേബ്യന്‍ നാടോടികളിലെ ആദ്യത്തെ കൊല്ലപ്പണിക്കാരന്‍ എന്നറിയപ്പെടുന്ന അല്‍ ഹാലികുബ്‌നു അസദ് അവരില്‍ പെട്ടവനാണ്. പില്‍ക്കാലത്ത് ബനുല്‍ ഖൈന്‍ (കൊല്ലപ്പണിക്കാരന്റെ അനന്തിരവന്മാര്‍) എന്നറിയപ്പെട്ട ഗോത്രശാഖയുടെ കുലപതി.6 ഈ ഗോത്രവുമായി പ്രവാചകനുണ്ടാക്കിയ കരാര്‍പത്രത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: 'ത്വയ്യുകാരുടെ ജലസ്രോതസ്സുകളിലേക്ക് നിങ്ങള്‍ വരരുത്; അവരുടെ ഭൂമിയിലേക്കും. കാരണം അതൊന്നും നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളതല്ല. ക്ഷണിച്ചാല്‍ മാത്രമേ അങ്ങോട്ടു പോകാന്‍ അനുവാദമുള്ളൂ. നിയമലംഘനം നടത്തിയാല്‍ പിന്നെ മുഹമ്മദിന്റെ സംരക്ഷണം പ്രതീക്ഷിക്കരുത്.'7

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ഗോത്രപരിധികള്‍ ലംഘിച്ചുള്ള കടന്നുകയറ്റങ്ങള്‍ അറ്റമില്ലാതെ തുടരുന്ന ഒരു പശ്ചാത്തലത്തില്‍ ശക്തമായ ഒരു അധികാര കേന്ദ്രം അതിന് തടയിടുകയാണ്. ആക്രമണ പ്രത്യാക്രമണങ്ങളുടെ വിഷമവൃത്തത്തിന് അതോടെ അറുതിയായി. അതോടെ വളരെക്കാലമായി മേഖലക്ക് അന്യമായിരുന്ന സമാധാനവും നല്ല അയല്‍പക്കവും പുനഃസ്ഥാപിതമായി.8 കഴിഞ്ഞത് മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ഇസ്‌ലാം മാത്രമാണ് അവരെ പ്രാപ്തരാക്കിയത്.

 

ഖുളാഅഃ

മറ്റൊരു വലിയ ഗോത്രമായ ഖുളാഅ പ്രവാചക ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ്. ഇതിന്റെ ശാഖകളായ ജുഹൈനയും ഉദ്‌റും ബലീയും കല്‍ബും സ്വതന്ത്ര ഗോത്രങ്ങളെപ്പോലെ ശക്തരായിരുന്നു. ഇവരുടെ ഉത്ഭവം തെക്കന്‍ അറേബ്യയിലാണെന്നാണ് ചരിത്ര കൃതികളില്‍നിന്ന് മനസ്സിലാവുന്നത്. മആരിബ് അണക്കെട്ട് തകര്‍ന്നപ്പോള്‍ അവര്‍ നാടുവിടുകയും മദീനയുടെ വടക്കു ഭാഗത്ത് താമസമാക്കുകയും ചെയ്തു. ഇവരുടെ അധിവാസ മേഖല ഫലസ്ത്വീന്റെ അതിര്‍ത്തിവരെ നീണ്ടുകിടന്നിരുന്നു. പ്രവാചകന്റെ പൂര്‍വികരിലൊരാളായ ഖുസ്വയ്യിന്റെ മാതാവ് ഖുളാഅ ഗോത്രക്കാരിയായിരുന്നു. വിധവയായതിനു ശേഷം അവര്‍ സ്വന്തം ഗോത്രത്തിലേക്ക് മടങ്ങിപ്പോയി. തന്റെ ഗോത്രക്കാരനായ മറ്റൊരാളെ വിവാഹം ചെയ്തു. അവരുടെ മകന്‍ മക്കക്കാരനായ ഖുസ്വയ്യ് ആ ഗോത്രക്കാരോടൊപ്പമാണ് തന്റെ ബാല്യം ചെലവിട്ടത്. തന്റെ അര്‍ധ സഹോദരനുമായും അയാളുടെ ഗോത്രവുമായും വളരെ ആഴത്തിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഇതുവഴി ഖുസ്വയ്യിന് സാധിച്ചു. മക്കയില്‍ ഖുസ്വയ്യ് അധികാരം പിടിച്ചപ്പോള്‍ പിന്‍ബലമായി നിന്നത് ഖുളാഅ ഗോത്രമായിരുന്നല്ലോ.9 ഇവരെക്കുറിച്ച് ഒരു വിചിത്രമായ കഥ ഉദ്ധരിക്കപ്പെടാറുണ്ട്. മക്കയില്‍ തീര്‍ഥാടനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന അല്‍ഗൗസു ബ്‌നു മുര്‍റ് എന്നയാള്‍ അറഫയില്‍ ഒരുമിച്ചുകൂടുന്ന തീര്‍ഥാടകരോട് പറയാറുണ്ടായിരുന്നുവത്രെ: 'ദൈവമേ, ചടങ്ങുകളൊക്കെ ഞാന്‍ യഥാവിധി പാലിക്കുന്നുണ്ട്. എന്തെങ്കിലും വീഴ്ച വന്നാല്‍ അതിന്റെ പാപഭാരം ഖുളാഅക്കാര്‍ക്ക് മേല്‍ വീഴേണമേ.'10 അതിന് കാരണമുണ്ട്. തീര്‍ഥാടന മാസങ്ങളിലെ യുദ്ധവിലക്കുകള്‍ ഖുളാഅ പാലിക്കാറുണ്ടായിരുന്നില്ല. അവര്‍ തീര്‍ഥാടകരെ കൊള്ള ചെയ്യുമായിരുന്നു. പക്ഷേ, ഏഴ് തലമുറകള്‍ പിന്നിടുകയും ഖുളാഅക്കാര്‍ മക്കയുടെ അധികാരം പിടിക്കുകയും ചെയ്തപ്പോള്‍ തീര്‍ച്ചയായും ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടായി. പിന്നീട് വളരെ സാത്വികരായ ആളുകളെ (ഇവരെ ഹുംസ് എന്ന് പറയാറുണ്ട്, തീവ്ര പ്യൂരിറ്റന്‍സ്) വരെ ഈ ഗോത്രക്കാരില്‍ കാണാനാവുന്നുണ്ട്.11 കഅ്ബയെ അധിക്ഷേപിക്കുന്നതിനു പകരം അവരതിന്റെ ചടങ്ങുകളില്‍ പങ്കാളികളാകാനും തുടങ്ങി. ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പ്, മിനയില്‍ തീര്‍ഥാടനാര്‍ഥം എത്തിച്ചേര്‍ന്ന ഗോത്രങ്ങളില്‍ ആരെങ്കിലും തനിക്ക് അഭയം നല്‍കാന്‍ തയാറാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായി ഖുളാഅയുടെ ശാഖയായ ഉദ്‌റയുമായും (ഖുസ്വയ്യിന്റെ പിന്മുറക്കാരായ കുടുംബം) പ്രവാചകന്‍ ആശയവിനിമയം നടത്തിയിട്ടുണ്ടായിരുന്നു.12

തുടക്കത്തില്‍ തന്നെ ഖുളാഅക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ലെങ്കിലും, ഇസ്‌ലാമുമായുള്ള അവരുടെ ഇടപാടുകളും സമ്പര്‍ക്കങ്ങളും സൗഹൃദപരമായിരുന്നു. ജുഹൈന ശാഖയെക്കുറിച്ച് നാം സൂചിപ്പിച്ചു. ഹി. അഞ്ചാം വര്‍ഷം നടന്ന ദൂമതുല്‍ ജന്‍ദല്‍ പടയോട്ടത്തില്‍ മുസ്‌ലിം സേനക്ക് വഴികാട്ടിയത് ഉദ്‌രി ശാഖയില്‍പെടുന്ന മക്‌സ്‌കൂര്‍ ആയിരുന്നു.13 മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ തന്നെ പടയോട്ട സംഘത്തോടൊപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകനെ സമീപിച്ച ഉമ്മു കബ്ശ എന്ന വനിതയും ഉദ്‌രി താവഴിയില്‍ പെടുന്നു (ഇബ്‌നു ഹജര്‍- മത്വാലിബ്, ചീ: 1970). മുഅ്ത യുദ്ധത്തില്‍ (ഹി. എട്ടാം വര്‍ഷം) മുസ്‌ലിം സേനയുടെ വലത് ദളത്തെ നയിച്ചിരുന്നത് ഉദ്‌രി തന്നെയായ ഖുത്വ്ബ ബ്‌നു ഖത്വാദ.14 തൊട്ടുടനെ ഇതേ മേഖലയിലേക്ക് അംറു ബ്‌നുല്‍ ആസ്വിനെ ഒരു നയതന്ത്ര ദൂതുമായി പ്രവാചകന്‍ പറഞ്ഞയച്ചപ്പോള്‍ ഉദ്‌രികളുടെ സഹായം തേടാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.15 ഒരു വര്‍ഷം കഴിഞ്ഞ് (ഹി. 9) തബൂക്ക് യുദ്ധവേളയില്‍, മുസ്‌ലിം ക്യാമ്പില്‍ ഉദ്‌രി പടയാളികളെ കാണാനുണ്ടായിരുന്നു. അവരിലൊരാള്‍ പ്രവാചകന് ഒരു കുതിരയെ സമ്മാനിക്കുകയുണ്ടായി.16 ഹി. പതിനൊന്നാം വര്‍ഷം മുസ്‌ലിം സൈന്യാധിപനായ ഉസാമ തന്റെ വഴികാട്ടിയായി തെരഞ്ഞെടുത്തത് ഉദ്‌രിയായ ഹുറൈസിനെ17 ആയിരുന്നു.

ഹി. ഒമ്പതാം വര്‍ഷം ഒരു ഉദ്‌രി നിവേദക സംഘം മദീനയില്‍ എത്തുന്നുണ്ട്. അവരുടെ നേതാവ് സാമിലുബ്‌നു അംറ് പ്രവാചകനെ പ്രശംസിച്ചുകൊണ്ട് ഒരു കവിത ചൊല്ലുകയുണ്ടായി. പ്രവാചകന്‍ അദ്ദേഹത്തിന് ഒരു കൊടി സമ്മാനിച്ചു. സ്വന്തം ദേശത്ത് ജനങ്ങള്‍ക്കു മേല്‍ അധികാരം അദ്ദേഹത്തിനായിരിക്കുമെന്നതിന്റെ അടയാളമായിരുന്നു ആ കൊടി കൈമാറ്റം. ആ പ്രദേശത്തു നിന്ന് നികുതി പിരിക്കാനുള്ള മൊത്തം അവകാശവും ഗവര്‍ണറെന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കി. ഇസ്‌ലാമിക പ്രബോധനമെന്ന ചുമതലയും ഏല്‍പ്പിച്ചു. ഇതെല്ലാം രേഖാമൂലമായിരുന്നു.18 അതേസമയം ഹി. ആറാം വര്‍ഷത്തിനു മുമ്പ് തന്നെ പ്രവാചകനും ഈ ഗോത്രക്കാരും തമ്മില്‍ ആശയവിനിമയം നടന്നുവന്നിരുന്നു. ഇബ്‌നു സഅ്ദ്19 പറയുന്നു: 'ഉദ്‌റ ഗോത്രശാഖയിലേക്ക് പ്രവാചകന്‍ ഒരു കത്ത് അയച്ചു. ഒരു ഉദ്‌രിക്കാരന്റെ കൈവശമാണത് കൊടുത്തയച്ചത്. വഴിമധ്യേ വര്‍ദു ബ്‌നു മിര്‍ദാസ് (സഅ്ദ് ഹുദൈം ഗോത്രത്തില്‍പെടുന്നയാള്‍) ഈ സന്ദേശവാഹക സംഘത്തെ ആക്രമിക്കുകയും കത്ത് ചീന്തിയെറിയുകയും ചെയ്തു. പക്ഷേ, ഈ വര്‍ദ് തന്നെ പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും വാദില്‍ ഖുറക്കെതിരെ (അല്ലെങ്കില്‍ വാദില്‍ ഖറദ) സൈദിന്റെ നേതൃത്വത്തില്‍ നടന്ന പടയോട്ടത്തില്‍ പങ്കെടുത്ത് രക്തസാക്ഷിയാവുകയും ചെയ്തു' (സൈദിന്റെ നേതൃത്വത്തില്‍ ഖറദക്കെതിരെയുള്ള പടനീക്കം ഹി. മൂന്നാം വര്‍ഷം മധ്യത്തിലാണ്. അങ്ങനെയെങ്കില്‍ കാലഗണന ശരിയാവുകയില്ല. കുറച്ചധികം നേരത്തേയാണല്ലോ ഈ സംഭവം. വാദില്‍ ഖറദക്കെതിരെയുള്ള ഒരു പടനീക്കം ഹി. ആറില്‍ നടക്കുന്നുണ്ട്. ഇബ്‌നു ഹിശാമും അതേപ്പറ്റി പറയുന്നുണ്ട്.20 പക്ഷേ, അദ്ദേഹത്തിന്റെ വിവരണത്തില്‍, രക്തസാക്ഷിത്വം വരിച്ച ആളുടെ പേര് വര്‍ദുബ്‌നു അംറുബ്‌നു മദാഷ് എന്നാണ്). ഈ കത്തിന്റെ ഉള്ളടക്കം എന്തായിരുന്നെന്നും കണ്ടെത്താനായിട്ടില്ല.

ഹി. ഒമ്പതാം വര്‍ഷം റബീഉല്‍ അവ്വലില്‍ മറ്റൊരു ഗോത്രശാഖയായ ബലീ ഒരു പ്രതിനിധി സംഘത്തെ അയക്കുകയും അവര്‍ ഇസ്‌ലാം സ്വീകരിച്ച് വളരെ ആത്മനിര്‍വൃതിയോടെ തിരിച്ചു പോരുകയും ചെയ്തു.21 അതു സംബന്ധമായി ഒരു അസാധാരണ കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. അതിങ്ങനെ:22

'ബനൂ ജുഐലിന് (ബലീ ശാഖയുടെ താവഴിയാണിവര്‍):

ഖുറൈശികളുടെ, പ്രത്യേകിച്ച് ബനൂ അബ്ദി മനാഫിന്റെ ഒരു ശാഖയാണവര്‍. ബനൂ അബ്ദി മനാഫിനുള്ള അതേ അവകാശങ്ങളും ബാധ്യതകളും അവര്‍ക്കുമുണ്ട്. ഇവരില്‍നിന്ന് പത്തിലൊന്ന് നികുതി ഈടാക്കരുത്; അവര്‍ക്ക് സൈനിക സേവനവും നിര്‍ബന്ധമില്ല. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അവര്‍ക്കുള്ള എല്ലാ സ്വത്തും അവര്‍ക്കു തന്നെ അവകാശപ്പെട്ടതാണ്. നസ്വ്ര്‍, സഅ്ദു ബ്‌നു ബക്ര്‍, സുമാമ, ഹുദൈല്‍ എന്നീ ഗോത്രങ്ങളില്‍നിന്ന് പിരിച്ചെടുത്ത നികുതികള്‍ അവര്‍ക്ക് കൂടിയുള്ളതാണ്' (കത്തില്‍ സാക്ഷികളുടെ കൂട്ടത്തില്‍ അബൂ സുഫ്‌യാനുമുണ്ട്).

ബലീ വിഭാഗം താമസിച്ചിരുന്നത് അഖബാ ഉള്‍ക്കടലിന് സമീപം അറേബ്യയുടെ അങ്ങേയറ്റം വടക്ക് ഭാഗത്തായിരുന്നു. ഇവരുടെ ശാഖയായ ബനൂ ജുഐല്‍ വിഭാഗം മക്കയില്‍ സ്ഥിരതാമസമാക്കിയവരായിരുന്നോ, അതോ പ്രവാചകന്റെ കുടുംബവുമായി ഒരു സൈനിക സഖ്യത്തിലേര്‍പ്പെടുക മാത്രമായിരുന്നോ അവര്‍ ചെയ്തിരുന്നത്? സഖ്യം മാത്രമായതുകൊണ്ടാവുമോ അവര്‍ പിന്നെയും ബൈസാന്റിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് തന്നെ താമസിച്ചത്? ഒന്നാമത്തെ അനുമാനമെടുത്താല്‍, മക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടാവുക അവരില്‍നിന്ന് ചില വ്യക്തികള്‍ മാത്രമായിരിക്കാം. നാല് ഗോത്രങ്ങളില്‍നിന്ന് രാഷ്ട്രത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ ഒരു വിഹിതം (ഇതില്‍ ഹുദൈല്‍ ഗോത്രം ഏതായാലും അവഗണിക്കാവുന്ന ഒന്നല്ല) ഈ വ്യക്തികള്‍ക്ക് നല്‍കുമെന്ന് പറയുന്നത് യുക്തിസഹമല്ല. ബൈസാന്റിയന്‍ അതിര്‍ത്തിയിലാണ് അവര്‍ അധിവസിച്ചിരുന്നതെങ്കില്‍ തൊട്ടടുത്ത് താമസിക്കുന്ന ഗോത്രങ്ങളില്‍നിന്നുള്ള വരുമാനമല്ലേ അവര്‍ക്ക് നല്‍കേണ്ടത്, മക്കക്ക് സമീപം വളരെ വിദൂരത്ത് താമസിക്കുന്ന ഹുദൈല്‍ പോലുള്ള ഗോത്രങ്ങളുടെ വരുമാനമല്ലല്ലോ എന്ന് സംശയമുയരാം. എന്തായിരുന്നാലും ബലീ വിഭാഗം തബൂക്ക് പടനീക്കത്തിലും മറ്റും നല്‍കിയ സഹായം വളരെ വിലപ്പെട്ടതായിരുന്നു.23 മുഅ്ത യുദ്ധവേളയിലുണ്ടായിരുന്ന ശത്രുത അവര്‍ വിസ്മരിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.24

മറ്റൊരു ശാഖയായ സഅ്ദ് ഹുസൈം ഹി. ഒമ്പതാം വര്‍ഷം മദീനയിലെത്തുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ഇസ്‌ലാം സ്വീകരിച്ച് തിരിച്ചുപോവുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രദേശത്ത് ആ ഗോത്രശാഖയില്‍പെട്ട ഒരാളെ തന്നെ അവര്‍ക്ക് ഗവര്‍ണറായി നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു. പ്രവാചകന്‍ നല്‍കിയ പാരിതോഷികങ്ങള്‍ ഇവരെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.25 പ്രതിനിധി സംഘം തിരിച്ചെത്തിയതോടെ ആ ഗോത്രശാഖ മുഴുവന്‍ ഇസ്‌ലാം സ്വീകരിച്ചു.

പ്രവാചകന്റെ ആഗമനത്തിനു മുമ്പ് സഅ്ദ് ഹുസൈം പോലുള്ള ഖുളാഅ ഗോത്രശാഖകള്‍- ബനൂ വബറ ഇതില്‍നിന്നൊഴിവാണ്- ആരാധിച്ചിരുന്നത് സാഇദ, മനാത്ത എന്നീ വിഗ്രഹങ്ങളെയായിരുന്നു. മനാത്തയുടെ ദേവാലയം ചെങ്കടലിന് സമീപമായിരുന്നു. അസ്ദ് ഗോത്രക്കാരും ഇവയെ പൂജിച്ചിരുന്നു. ബനൂ വബറ ആരാധിച്ചിരുന്നത് വദ്ദ് വിഗ്രഹത്തെ. അതിന്റെ പ്രതിഷ്ഠയുള്ള ദേവാലയം ദൂമതുല്‍ ജന്‍ദലിലായിരുന്നു. ഈ ദേവാലയങ്ങളിലെ പൂജാരികള്‍ ആരെല്ലാമായിരുന്നെന്നും അവിടെ സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രാര്‍ഥനകള്‍ എന്തെല്ലാമായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.26

(തുടരും)

 

 

 

കുറിപ്പുകള്‍

1. ഇബ്‌നു ഹിശാം, പേ; 947

2. വസാഇഖ്, No: 201

3. ഇബ്‌നു ഹിശാം, പേ: 947, ബുഖാരി 61/25/23

4. വസാഇഖ് No: 196

5. അതേ കൃതി No: 193201

6. ലിസാനുല്‍ അറബ്

7. വസാഇഖ് No: 202

8. ഇബ്‌നു ഹമ്പല്‍, IV, III, No. 6

9. മുഹബ്ബര്‍, പേ: 251, ഇബ്‌നു ഹിശാം പേ: 75-6

10. ഇബ്‌നു ഹിശാം പേ: 76, സുഹൈലി I, 845

11. മുഹബ്ബര്‍, പേ: 179

12. ഇബ്‌നു സഅ്ദ് I/I, പേ: 145

13. അതേ കൃതി 2/I, പേ: 44

14. ഇബ്‌നു ഹിശാം, പേ: 794

15. ഇബ്‌നു സഅ്ദ് 2/I, പേ: 95

16. മഖ്‌രീസി I, 461, 463

17. അതേ കൃതി, പേ: 504

18. മുഹബ്ബര്‍, പേ: 293, ഇബ്‌നു സഅ്ദ് I/II, പേ: 66-7, വസാഇഖ് No: 179

19. ഇബ്‌നു സഅ്ദ് I/ii, പേ: 33

20. അതേ പുസ്തകം 2/I, പേ: 64, ഇബ്‌നു ഹിശാം പേ: 979-80

21. ഇബ്‌നു സഅ്ദ് I/ii, പേ: 65-6

22. വസാഇഖ്, No: 48

23. മഖ്‌രീസി I, 477

24. ഇബ്‌നു ഹിശാം, പേ: 792, 799, മാലികു ബ്‌നു സാഫിലയെക്കുറിച്ച പരാമര്‍ശം.

25. ഇബ്‌നു സഅ്ദ് I/ii, പേ: 65

26. മുഹബ്ബര്‍, പേ: 312, ഇബ്‌നു ഹിശാം, പേ: 52

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്