ഇസ്സുദ്ദീന്‍ മൗലവിയുടെ കാലവും ജ്ഞാന സഞ്ചാരങ്ങളും
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിലെ ഒരു വര്‍ഷാന്ത്യ അപരാഹ്നം. അവസാന പരീക്ഷയില്‍ ജയിച്ചെത്തിയവര്‍ക്കുള്ള ബിരുദദാന ചടങ്ങ് സ്ഥാപനത്തിന്റെ അങ്കണത്തില്‍. സയ്യിദ് സുലൈമാന്‍ നദ്‌വി ഉള്‍പ്പെടെയുള്ള മഹാഗുരു സാന്നിധ്യത്തില്‍ ബിരുദം സ്വീകരിച്ചുകൊണ്ട് വിദ്യാര്‍ഥി പ്രതിനിധിയായി സംസാരിക്കുന്നത് മലയാളിയായ മലപ്പുറം പടിഞ്ഞാറ്റുമുറി മുഹമ്മദ്. ഉമറാബാദില്‍നിന്നും മൗലവി പരീക്ഷ ജയിച്ച ആദ്യ മലയാളിയാണ് മുഹമ്മദ്. ബിരുദദാനം സ്വീകരിച്ചുകൊണ്ട് അന്ന് യുവാവായ മുഹമ്മദ് മൊഞ്ചുള്ള അറബിയില്‍ നടത്തിയ പ്രൗഢപ്രഭാഷണം ശ്രദ്ധിച്ച് അഭിമാനപുളകിതനായ മൗലാനാ അബ്ദുല്‍ ഖാസിം വത്സല ശിഷ്യനെ ഇരുകൈകളും നെറുകയില്‍ വെച്ച് 'ഇസ്സുദ്ദീന്‍' എന്ന് അനുഗ്രഹിച്ചു. സത്യമായും ആ സ്‌നേഹപ്രഹര്‍ഷം സഫലമായി. അനുഗ്രഹിച്ച ഗുരുവും അനുഗ്രഹിക്കപ്പെട്ട ശിഷ്യനും ഒരേ കര്‍മരാശിയില്‍ ഗാഢസഞ്ചാരികളായിരുന്നു. ബിരുദം നേടി കര്‍മജീവിതത്തിന്റെ സംഘര്‍ഷതാപങ്ങളിലേക്ക് ഇറങ്ങുന്ന ശിഷ്യഗണങ്ങളോട് ഭാവിയിലെ കര്‍മയോഗങ്ങളെ പ്രതി സൂക്ഷ്മത്തില്‍ തന്നെ അധ്യാപകര്‍ വിസ്തരിച്ചു. അപ്പോള്‍ സമര്‍ഥനായ ശിഷ്യന്‍ മുഹമ്മദെന്ന ഇസ്സുദ്ദീന്‍ നടത്തിയ ആത്മവിശ്വാസമിരമ്പുന്ന ഒരു ഉത്തരം കേട്ട് ആ മഹാഗുരുക്കന്മാര്‍ സ്തബ്ധരായി: 'ഇതുപോലൊരു മഹാസ്ഥാപനം ഞാനെന്റെ ദേശത്ത് പണിയും. അങ്ങനെ എന്റെ സമുദായത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അബോധത്തില്‍നിന്നും ഞാന്‍ വിമോചിപ്പിക്കും.' തങ്ങളുടെ സ്ഥാപനലക്ഷ്യം വത്സലനായ ശിഷ്യനിലൂടെ പരദേശത്ത് സഫലമാകുന്നതു കണ്ട് അന്നാ ഗുരുമഹത്വങ്ങള്‍ സംതൃപ്തരായി.
ഈ ശിഷ്യനാണ് പിന്നീട് കേരളമാസകലം നെടുകെയും കുറുകെയും ഓടിനടന്ന് സത്യവിശ്വാസ സരണിയെ പ്രഫുല്ലമാക്കിയത്. ഇത് ഇസ്സുദ്ദീന്‍ മൗലവി. ചൈതന്യധന്യമായ മുക്കാല്‍ നൂറ്റാണ്ടിലേക്ക് വികസിച്ച തന്റെ ജീവിതത്തില്‍ നിര്‍വഹിച്ച മഹത്തായ സാക്ഷാല്‍ക്കാരങ്ങള്‍, നിര്‍വഹണങ്ങള്‍, സഹനങ്ങള്‍, പ്രഭാഷണങ്ങള്‍ ഇതൊക്കെ എന്തുമാത്രം ദീപ്തവും മഹത്തരവുമായിരുന്നെന്ന് പുതുതലമുറ അറിയേണ്ടതുണ്ട്. ആലിയ അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം പിന്നെ നിരവധി മദ്‌റസകള്‍, പള്ളി ദര്‍സുകള്‍ ഇതൊക്കെയും മൗലവിയുടെ മുന്‍കൈയില്‍ സാധിതമായതും വികസിച്ചതുമായ കലാലയങ്ങളാണ്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ഇങ്ങനെ സംഭാവനകള്‍ നല്‍കിയ അധികമാളുകള്‍ കണ്ടേക്കില്ല. എന്നിട്ടും മുഖ്യധാരാ ചരിത്രത്തിലെവിടെയും ഇടംകിട്ടാതെ പോയ ഒരാള്‍. അതങ്ങനെയാണ്. ഞാനിവിടെയുണ്ടേ എന്നാരോടും പറയാത്ത നിഷ്‌കാമകര്‍മികള്‍ അപരമാക്കപ്പെടുന്നത് സ്വാഭാവികം തന്നെയാണ്. സഹജമായ ഈ വിനയം കൊണ്ടാണ് ഇസ്സുദ്ദീന്‍ മൗലവി ആരാലും അനുസ്മരിക്കപ്പെടാതെ പൊതുമണ്ഡലത്തില്‍നിന്നും തിരസ്‌കൃതനായിപ്പോകുന്നത്. ഈ തിരസ്‌കാരത്തിനൊരു തിരുത്തെന്നോണമാണ് മൗലവിയുടെ ബന്ധുക്കള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇസ്സുദ്ദീന്‍ മൗലവിയുടെ നാടും വീടും എന്റെ ഓര്‍മകളും എന്ന പുസ്തകം. മൗലവിയുടെ കര്‍മയോഗ പെരുമകള്‍ മാത്രമല്ല പടിഞ്ഞാറ്റുമുറി എന്ന ഗ്രാമത്തെയും അവിടെ പടര്‍ന്നു നില്‍ക്കുന്ന കുടുംബ പരിസരത്തെയും സൂക്ഷ്മ വര്‍ത്തമാനത്തില്‍ ഈ പുസ്തകം സമാഹരിക്കുന്നു. മൗലവിയുടെ ഉത്സാഹത്തില്‍ നിലവില്‍ വന്ന സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ സ്വന്തം മകന്‍ വി.കെ. ജലീല്‍ തന്നെയാണ് പുസ്തക രചയിതാവ്.
ഇസ്സുദ്ദീന്‍ മൗലവിയെയും, അദ്ദേഹത്തിന്റെ അത്യന്തം സംഘര്‍ഷാത്മകവും എന്നാല്‍ പ്രസാദാത്മകവുമായ ധന്യജീവിതത്തെയും വിസ്തരിക്കാനാണ് ഉദ്യമിക്കുന്നതെങ്കിലും എഴുത്തുകാരന്‍ അതാരംഭിക്കുന്നത് സ്വന്തം ഗ്രാമമായ പടിഞ്ഞാറ്റുമുറിയെ ഏറെ ഗൃഹാതുരമായി അവതരിപ്പിച്ചുകൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ വളരെ തുടക്കത്തിലുള്ള ഒരു ഏറനാടന്‍ കുഗ്രാമം. അവിടെ ജനിച്ചു വളര്‍ന്ന വാളക്കുണ്ടില്‍ മൊയ്തീന്‍ മകന്‍ മുഹമ്മദില്‍ എങ്ങനെയാണ് ഇരമ്പുന്ന നവോത്ഥാന വാഞ്ഛ പിടയാന്‍ ഹേതുവായതെന്ന അന്വേഷണമാണ് എഴുത്തുകാരന്‍ പുസ്തകത്തില്‍ നിര്‍വഹിക്കുന്നത്. ജ്ഞാനപ്രസാദം തേടിയാണ് മുഹമ്മദ് ഉമറാബാദില്‍ എത്തുന്നത്. ഇത് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയേഴില്‍. ബിരുദ പഠനം പക്ഷേ മിന്നും രീതിയില്‍ പൂര്‍ത്തിയാക്കി സ്ഥാപനം വിടുമ്പോള്‍ മുഹമ്മദ്, 'ഇസ്സുദ്ദീന്‍' മൗലവിയിലേക്ക് പരകായം നേടിയിരുന്നു. ഇതൊരു വലിയ സാമൂഹിക വളര്‍ച്ചയാണ്.
സമ്പൂര്‍ണമായൊരു ഇസ്‌ലാമിക കലാലയമെന്ന തന്റെ സ്വപ്‌നത്തെ താലോലിച്ചും അതിന്റെ സാക്ഷാല്‍ക്കാരത്തെ പ്രണയിച്ചും ഇസ്സുദ്ദീന്‍ മൗലവി നടത്തിയ സഞ്ചാരത്തിന് സമാനതകളില്ല. തൊള്ളായിരത്തി മുപ്പത്തിയാറില്‍ ഈ ലക്ഷ്യവുമായി മൗലവി ഉത്തരായനം ആരംഭിക്കുന്നു. തലശ്ശേരി പിലാക്കുല്‍ പള്ളിയില്‍ തദാവശ്യം ഊന്നിക്കൊണ്ട് മൗലവി ഒരാഴ്ച ദീര്‍ഘിച്ച പ്രഭാഷണം സ്വയം ഏറ്റെടുക്കുന്നു. ലക്ഷ്യസാഫല്യം ക്ഷിപ്രമാകില്ലെന്ന് ക്രാന്തദര്‍ശിയായ മൗലവിക്ക് പെട്ടെന്നു ബോധ്യമായി. കോട്ടിക്കുളത്തേക്കായി അടുത്ത സഞ്ചാരം. പിന്നീടത് ഉദുമയിലേക്കെത്തി. അവിടെ അറക്കല്‍ സുല്‍ത്താന്റെ പിന്തുണയോടെ സ്ഥാപനം ലക്ഷ്യത്തോടടുത്തെങ്കിലും ദുഷ്ടബുദ്ധികള്‍ അതത്രയും കശക്കിക്കുടഞ്ഞു. ഈ ദീര്‍ഘ ദുര്‍ഘട യജ്ഞത്തില്‍ മൗലവി മനസ്സിലാക്കിയ ഒരു സത്യമുണ്ട്. ഇത്തരമൊരു മഹാസാക്ഷ്യം സാധിതമാകാന്‍ ഒറ്റയാള്‍ ക്ലേശം മതിയാകില്ലെന്ന്. തെക്കന്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ എന്ന ഒരു പണ്ഡിത സംഘ രൂപീകരണത്തിന് മൗലവി തയാറായത് അതുകൊണ്ടാണ്. ഇത് ഫലം കണ്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇരമ്പുന്ന നവോത്ഥാന ബോധ്യങ്ങളുള്ള മൗലവിയാണ് തന്റെ മഹത്തായ സ്വപ്‌ന സ്ഥാപനത്തിനായി ഇതേ യാഥാസ്ഥിതികതയുമായി തന്ത്രത്തില്‍ സന്ധിയായത്. അങ്ങനെ 1940-ല്‍ ചെംനാട് പള്ളിയില്‍ മൗലവിയുടെ നായകത്വത്തില്‍ സമാരംഭിച്ച ദര്‍സ് തന്നെയാണ് സത്യത്തില്‍ ആലിയ അറബിക്കോളേജായി പരിണമിച്ചത്. 1943-ല്‍ ആലിയയെ ഔപചാരികമായി സമൂഹത്തിന് സമര്‍പ്പിച്ചത് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും. തൊട്ടടുത്ത് പരവനടുക്കത്ത് കെട്ടിടം നിര്‍മിച്ചു. എട്ടു വര്‍ഷത്തേക്കുള്ള പഠന പദ്ധതിയിലേക്ക് പാഠഭാഗങ്ങള്‍ മൗലവി തന്നെ രൂപകല്‍പ്പന ചെയ്തു. അതില്‍ ദീനീപാഠങ്ങള്‍ മാത്രമല്ല ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളും മനഃശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഗണിതശാസ്ത്രവും ഉണ്ടായിരുന്നു. പുതിയ കാലത്ത് ഇസ്‌ലാമിനെ പ്രബോധനം ചെയ്യാന്‍ പറ്റിയ പ്രതിഭകളെയാണല്ലോ മൗലവിക്ക് സൃഷ്ടിക്കാനുള്ളത്. മൗലവി തന്നെയായിരുന്നു സ്ഥാപനത്തിന്റെ സര്‍വസ്വവും. പാഠ്യപദ്ധതി പരിഷ്‌കരണവും ധനസമാഹരണവും അധ്യാപകരെ കണ്ടെത്തുന്നതും പെരുംശത്രുക്കളില്‍നിന്നും തന്റെ അരുമ സ്ഥാപനത്തിന് കാവല്‍ നില്‍ക്കുന്നതും.
തന്റെ സ്ഥാപനത്തില്‍ അധ്യാപകനായാണ് അന്ന് ധിഷണാശാലിയായ കെ.സി അബ്ദുല്ല മൗലവി ആലിയയില്‍ എത്തുന്നത്. പിന്നീട് പ്രതിഭാധനനായ ടി. മുഹമ്മദും (കൊടിഞ്ഞി). ഇതിലൂടെയാണ് ഇസ്സുദ്ദീന്‍ മൗലവി ഹാജി സാഹിബുമായി സൗഹൃദത്തിലാവുന്നത്. ഈ സമ്പര്‍ക്കമാണ് സത്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു കേരളത്തിന് ധൈഷണികമായൊരു പ്രതിനിധാനം സാധിതമാക്കിയത്. ടി.കെ. അബ്ദുല്ല സാഹിബ്, കെ. മൊയ്തു മൗലവി, കെ.എന്‍. അബ്ദുല്ല മൗലവി, കെ.പി.കെ അഹ്മദ് മൗലവി തുടങ്ങി നിരവധി യുവാക്കള്‍ ഈയൊരു ഗുരുശിഷ്യബന്ധത്തിന്റെ സാന്ദ്രതുറസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിന്റെ നേതൃഗരിമയിലേക്ക് കടന്നുവന്നത്. ഇതിനൊക്കെ പ്രാപ്തമായ ഒരു പഠന പ്രതലമൊരുക്കാന്‍ മൗലവിയുടെ സമര്‍ഥമായ സംഘാടനത്തിന് സാധിച്ചു എന്നത് പുസ്തകത്തിലൂടെ നാം വായിച്ചെടുക്കുമ്പോള്‍ തമസ്സ് മുറ്റിയ ഒരു ഗതകാലബോധം വായനക്കാരനിലേക്ക് അറിയാതെ അരിച്ചെത്തും. ഒപ്പം ഏതുതരം നവോത്ഥാന വജ്രം കൊണ്ടാണ് മൗലവിയും സഹപ്രവര്‍ത്തകരും ഈ ഇരുള്‍ഗുഹകള്‍ തുരന്നുടച്ചതെന്ന 'സത്യസാക്ഷ്യ'വും. ഇതിന് കാരണം മൗലവി വികസിപ്പിച്ച ഉള്‍ക്കൊള്ളലിന്റെ തന്ത്രസാമര്‍ഥ്യമാണ്. തനിക്ക് ബോധ്യമായത് നടപ്പാക്കാന്‍ എതിര്‍ബോധ്യങ്ങളെ എങ്ങനെ സമീകരിക്കാന്‍ പറ്റുമെന്ന സൂക്ഷ്മതന്ത്രം, ഒരിക്കലും പ്രകോപിതനാകാതെ. ഇന്ന് ഇത് ഏറെ പ്രസക്തമായൊരു രാഷ്ട്രമീമാംസയാണ്. ഇസ്സുദ്ദീന്‍ മൗലവിയുടെ ചരിത്രം വായിക്കുമ്പോള്‍ നാം കണ്ടെത്തുക സമീകരണത്തിന്റെയും സഹകരണത്തിന്റെയും ഈ ദീപ്തപാഠങ്ങള്‍ തന്നെയാണ്.
ഇന്ന് പ്രശസ്തിയില്‍ നില്‍ക്കുന്ന ശാന്തപുരം സ്ഥാപന സമുച്ചയം ഇസ്സുദ്ദീന്‍ മൗലവിയുടെ കൂടി നിര്‍മിതിയാണ്. മുള്ള്യാന്‍ കുര്‍ശിയെന്ന ഏറനാടന്‍ കുഗ്രാമമിന്ന് ലോകാലോകങ്ങളില്‍ ഏറെ പ്രചുരമാണ്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ വിടര്‍ന്നുവന്നത് അവിടത്തെ ദരിദ്രസാഹചര്യങ്ങളില്‍നിന്നാണ്. ആ തലമുറയാണ് കേരളത്തില്‍ പ്രസ്ഥാനത്തിന് ധൈഷണിക പ്രതിരോധത്തിന്റെ മഹാസാധ്യതകള്‍ തീര്‍ത്തത്. സ്വന്തം പണംകൊടുത്തു വാങ്ങിയ ഒരു ഉച്ചഭാഷിണിയുമായി ഏറനാടന്‍ വെളിമ്പറമ്പുകളിലൂടെ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞുനടന്ന മൗലവി തനിക്കു പ്രതീക്ഷയുള്ള സര്‍വ കവലകളിലും ശ്രോതാക്കളുണ്ടെങ്കിലും ഇല്ലെങ്കിലും മനോഹരമായി പ്രസംഗിച്ചു. മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണം അവസാനിക്കുമ്പോഴേക്കും ആ ഗ്രാമചത്വരത്തില്‍ ജ്ഞാനാന്വേഷണത്തിന്റെ പുതിയ തിങ്കളുദിക്കും. അതിനുള്ള സിദ്ധിയും സാധകവും മൗലവിക്കുണ്ടായിരുന്നു. അങ്ങനെ കേരളത്തില്‍ നിരവധി പള്ളിദര്‍സുകള്‍, അറബിക്കോളേജുകള്‍, മദ്‌റസകള്‍.... ആ പ്രഭാഷണം നട്ടുമുളപ്പിച്ച ജ്ഞാനശാലകളുടെ പെരുക്കം കണ്ട് വായനക്കാര്‍ സത്യമായും അമ്പരക്കും. മുള്ള്യാന്‍കുര്‍ശി ഗ്രാമത്തില്‍ മൗലവി നടത്തിയ ഒരു വാരം നീണ്ട പ്രഭാഷണത്തിന്റെ ഉപലബ്ധമാണ് ശാന്തപുരം. മനോഹരമായ ആ ഏറനാടന്‍ ഗ്രാമത്തിന് ശാന്തപുരമെന്ന പേരുവിളിച്ചതും മൗലവി. 1951-ല്‍ സ്ഥാപിച്ച അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയാണ് 55-ല്‍ ഇസ്‌ലാമിയ കോളേജായി വികാസം നേടിയത്.
സയ്യിദ് മൗദൂദിയുടെ ഇസ്‌ലാമിക പ്രസ്ഥാനം മലബാറില്‍ പ്രചുരമാകുന്നതിനും ഹാജി സാഹിബും കെ.സി. അബ്ദുല്ല മൗലവിയും ഇതിന്റെ വാഹകരാവുന്നതിനും എത്രയോ മുമ്പുതന്നെ ഇസ്‌ലാമിന്റെ സാമൂഹിക ഉള്ളടക്കത്തെ സമഗ്രമായി ഉള്‍ക്കൊണ്ട ധിഷണാശാലിയായിരുന്നു മൗലവി. പക്ഷേ സമുദായ സാഹചര്യങ്ങളെ സമര്‍ഥമായി വിവേചിച്ചറിയാന്‍ കുശാഗ്ര ധിഷണക്ക് സാധിച്ചിരുന്നതുകൊണ്ട് ബഹളങ്ങളില്ലാതെയാണ് മൗലവി പ്രസ്ഥാനത്തിലേക്ക് വന്നത്. അപ്പോഴുമദ്ദേഹത്തിന് പൊതുസമ്മതനായി തുടരാന്‍ കഴിഞ്ഞത് ആ വ്യക്തിവിശേഷത്തിലെ വിനിമയക്ഷമത കൊണ്ടാണ്. സാങ്കേതികമായി പ്രസ്ഥാനത്തിനകത്ത് മൗലവി മൂന്നാമനാണെങ്കിലും സത്യത്തില്‍ അദ്ദേഹം ഒന്നാമനാണ്. തന്റെ തിരക്കുപിടിച്ച പ്രസ്ഥാന പ്രവര്‍ത്തനത്തിനും ജ്ഞാനയാത്രക്കുമിടയിലും ആലിയയുടെ നിത്യനിദാനങ്ങളില്‍ അദ്ദേഹം സൂക്ഷ്മമായി ഇടപെട്ടു. അതദ്ദേഹത്തിന്റെ സ്വപ്‌നസ്ഥാപനമാണല്ലോ. പുസ്തകം വായിച്ചുപോകുമ്പോള്‍ പലേടത്തും നാമറിയാതെ വിതുമ്പിപ്പോകും. എത്ര ക്ലേശപ്പെട്ടാണ് പ്രസ്ഥാനത്തിലെ ഒന്നാം തലമുറ ജീവിച്ചതും തങ്ങളുടെ അരുമയായ പ്രസ്ഥാനത്തെ ആട്ടിപ്പോറ്റിയതും അത് ഏറെ പ്രഫുല്ലമായി അനന്തര തലമുറക്ക് കൈമാറിയതും. ആ ത്യാഗസുരഭിലതക്ക് അടുത്തൊന്നുമെത്താന്‍ പറ്റുന്നില്ലല്ലോ എന്ന ഒരന്തഃസംഘര്‍ഷം വായനക്കാരനെ നിരന്തരം അനുഗമിക്കും.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എത്ര സമഗ്രമായ ചരിത്രരചനയിലും ഇങ്ങനെയുള്ള മഹാസമര്‍പ്പണജീവിതത്തിന്റെ സൂക്ഷ്മഭാഗങ്ങള്‍ ചിലപ്പോള്‍ ഉണ്ടാവുകയില്ല. എന്നാല്‍ ഇതത്രയും പ്രസ്ഥാന ചരിത്രത്തിന്റെ ഭാഗവുമാണ്. അത് വരുംതലമുറക്ക് അവരുടെ സംഘപ്രവര്‍ത്തനത്തിലെ ഈടുവെപ്പുകളുമാണ്. ഇതൊക്കെയും സഞ്ചിതമാക്കാന്‍ ഇത്തരം പ്രാദേശിക, വ്യക്തി കേന്ദ്രീകൃത ചരിത്ര രചനയിലേ നമുക്ക് സമ്പൂര്‍ണമായും സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം രചനകള്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഇവരുടെയൊക്കെ കര്‍മജീവിത പെരുമകള്‍ വരുംതലമുറക്ക് അന്യമാവും. അതൊരു ചരിത്രനഷ്ടം തന്നെയാണ്. ഹാജി സാഹിബ്, എ.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, സാദിഖ് മൗലവി ഇവരെപ്പറ്റി മാത്രമേ ഇന്ന് ഇത്തരം രചനകള്‍ ലഭ്യമായിട്ടുള്ളൂ. പിന്നെ ടി.കെ. അബ്ദുല്ല സാഹിബിന്റെയും മൊയ്തു മൗലവിയുടെയും ആത്മകഥാ കുറിപ്പുകളും. ഇതുപോലും അപൂര്‍ണമാണ്. ഇവിടെയാണ് വി.കെ. ജലീലിന്റെ ഈ പുസ്തകം പൂര്‍ണമാകുന്നത്. പുസ്തകത്തിലെ നല്ലൊരു ഭാഗവും നിറഞ്ഞുനില്‍ക്കുന്നത് പടിഞ്ഞാറ്റുമുറിയെന്ന ഗ്രാമവും അവിടത്തെ മനുഷ്യരുമാണ്. പിന്നെ എഴുത്തുകാരനായ വി.കെ. ജലീലിന്റെ ജീവിതകഥകളും. അത് സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും മാത്രം പ്രസക്തമാകുന്ന വസ്തുതാ വിവരങ്ങള്‍ മാത്രമാണ്. ഭാഷ അടുത്ത പതിപ്പില്‍ ഇത്തിരികൂടി ചിതമാക്കാനുണ്ട്.
Comments