Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

പൗരോഹിത്യത്തിന്റെ പ്രതിസന്ധി

''അവരാവിഷ്‌കരിച്ച സന്യാസം നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവര്‍ സ്വയം അങ്ങനെയൊരു പുതുചര്യ ഉണ്ടാക്കുകയായിരുന്നു. എന്നിട്ടോ, അത് പാലിക്കേണ്ട വണ്ണം പാലിച്ചുമില്ല.'' വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഹദീദ് അധ്യായത്തിലെ ഈ ഇരുപത്തിയേഴാം സൂക്തം ബ്രഹ്മചര്യത്തെയും അതിന്റെ ചുവടൊപ്പിച്ച് പിന്നീട് രൂപപ്പെട്ട അതിശക്തമായ പൗരോഹിത്യ ഘടനയെയും വിശകലനം ചെയ്യാന്‍ ഏറെ സഹായകമാണ്. രണ്ട് ചരിത്ര വസ്തുതകളാണ് അതില്‍ ഊന്നിപ്പറയുന്നത്: ഒന്ന്, ദൈവ പ്രവാചകന്മാരിലൊരാളും തങ്ങളുടെ സമൂഹങ്ങളോട് ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് കല്‍പിച്ചിട്ടില്ല. ആ പ്രവാചകന്മാരുടെ വിവാഹ ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളും ഖുര്‍ആനും ബൈബിളും പരാമര്‍ശിക്കുന്നുമുണ്ട്. യേശു/ഈസാ നബി വിവാഹം കഴിച്ചിരുന്നതായി ഖുര്‍ആനിലോ ബൈബിളിലോ സൂചനകളില്ല. അത് ബ്രഹ്മചര്യവ്രതം ഉള്ളതുകൊണ്ടായിരുന്നില്ല എന്ന് എല്ലാ ചരിത്രകാരന്മാരും ഐകകണ്‌ഠ്യേന രേഖപ്പെടുത്തുന്നുമുണ്ട്. സന്ദര്‍ഭവശാല്‍ ദാമ്പത്യജീവിതം നയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല എന്നേയുള്ളൂ. കുറച്ച് കാലം മാത്രമായിരുന്നല്ലോ ഭൂമിയിലെ അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടാണ് ഒന്നാം നൂറ്റാണ്ടിലെ ആദ്യകാല ക്രൈസ്തവ സമൂഹത്തില്‍ ബ്രഹ്മചര്യം ഒരു മതാനുഷ്ഠാനമെന്ന നിലയില്‍ തീരെ കാണപ്പെടാതിരുന്നത്.

രണ്ട്, ബ്രഹ്മചര്യം എന്നത് മനുഷ്യന്‍ സ്വയം തന്റെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. അതിന്റെ ലക്ഷ്യങ്ങള്‍ പവിത്രമായിരുന്നു എന്ന സൂചനയും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന് മൂന്നാം നൂറ്റാണ്ടില്‍ റോമക്കാരില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന കടുത്ത പീഡനങ്ങള്‍ ഇങ്ങനെയൊരു ആത്മീയമായ ഉള്‍വലിയലിന് കാരണമായിട്ടുണ്ടെന്നു കാണാം. ബ്രഹ്മചര്യം മുഖ്യ അനുഷ്ഠാനമായി വരുന്ന സന്യാസത്തിന് ഖുര്‍ആന്‍ 'റഹ്ബാനിയ്യത്ത്' എന്ന പദമാണ് പ്രയോഗിക്കുന്നത്. ഭീതി മൂലം, അത് വല്ലവരുടെയും ആക്രമണത്തെ സംബന്ധിച്ച ഭീതിയാവട്ടെ, സ്വന്തം ദൗര്‍ബല്യങ്ങളെ സംബന്ധിച്ച ഭീതിയാകട്ടെ, ഒരാള്‍ സംസാരവിരക്തനായി ലൗകിക ജീവിതത്തില്‍നിന്ന് ഓടിയകന്ന് വനത്തിലോ മലയിലോ മറ്റേതെങ്കിലും ഏകാന്ത സ്ഥലങ്ങളിലോ അഭയം തേടുന്നതിനെയാണ് 'റഹ്ബാനിയ്യത്ത്' എന്നു പറയുക. ഉദ്ദേശ്യം നല്ലതാണെങ്കിലും ആ ജീവിത രീതി പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഖുര്‍ആന്‍. കാരണമത് മനുഷ്യപ്രകൃതിക്ക് നിരക്കുന്നതല്ല. അതിന്റെ തിക്താനുഭവങ്ങള്‍ അതിനെ മഹത്വവല്‍ക്കരിക്കുന്ന സമൂഹങ്ങള്‍ അനുഭവിക്കേണ്ടതായും വരും. അതുകൊണ്ടാണ്, വിവാഹവും മറ്റു ലൗകിക സമ്പര്‍ക്കങ്ങളും ഉപേക്ഷിച്ച് ആരാധനകളില്‍ മാത്രമായി ആണ്ടിറങ്ങാന്‍ കൊതിച്ച തന്റെ ചില അനുയായികളെ കര്‍ശനമായി വിലക്കിക്കൊണ്ട് മുഹമ്മദ് നബി(സ) പറഞ്ഞത്; 'ഇസ്‌ലാമില്‍ സന്യാസമില്ല.'

ഈ സന്യാസ ജീവിതത്തെ പൗരോഹിത്യം ഹൈജാക്ക് ചെയ്യുന്നതാണ് പിന്നെ ചരിത്രത്തില്‍ കാണുന്നത്. ലൗകിക സമ്പര്‍ക്കങ്ങളില്‍നിന്ന് വിടുതല്‍ നേടിയെന്ന് പറയപ്പെടുന്ന ഈ 'സന്യാസിമാര്‍' ഭരണകൂടങ്ങളെപ്പോലും കൈയിലൊതുക്കുന്ന അധികാര ശക്തികളായി മാറുകയാണുണ്ടായത്. മധ്യകാല യൂറോപ്യന്‍ ചര്‍ച്ച് ഇതിന്റെ മികച്ച ഉദാഹരണമാണ്. ആള്‍ദൈവങ്ങളുടെ വിളയാട്ടം മറ്റൊരു ഉദാഹരണമായി പറയാം. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ലൈംഗിക പീഡന കേസുകള്‍ ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ കൈകാര്യം ചെയ്യപ്പെടണം. ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് യഥാര്‍ഥത്തില്‍ ബ്രഹ്മചര്യമല്ല, പൗരോഹിത്യമാണ്. ബ്രഹ്മചര്യത്തിന്റെ പ്രതിസന്ധി എന്നതിലുപരി, ഇത് പൗരോഹിത്യത്തിന്റെ പ്രതിസന്ധിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്