Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

'മനുഷ്യരെ ഒന്നടങ്കം കൊന്നൊടുക്കിയ പോലെ'

കെ.സി ജലീല്‍ പുളിക്കല്‍

''.... ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാകുന്നു. ഒരാള്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയാകുന്നു'' (ഖുര്‍ആന്‍ 5:32).

സ്രഷ്ടാവും ഉടമസ്ഥനും സംരക്ഷകനും ദയാപരനുമായ ദൈവത്തിന്റെ വിളംബരമാണിത്. കൊലപാതകം നടന്നിട്ടില്ലാത്ത ഭൂമുഖത്ത് ആദ്യമായി കൊലപാതകം നടത്തിയ മനുഷ്യപുത്രന് ലോകാന്ത്യം വരെ നടക്കുന്ന മുഴുവന്‍ കൊലപാതകങ്ങളിലും പങ്കുണ്ട് എന്ന വസ്തുത ഉണര്‍ത്തിക്കൊണ്ടാണ് ഖുര്‍ആന്‍ ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ ക്രൂരതയും ഭീകരതയും അതിന്റെ വ്യാപ്തിയും തുറന്നുകാട്ടാന്‍ ഇതിലപ്പുറം ഒന്നും വേണ്ടതില്ല. അക്രമത്തിന്റെയും അനീതിയുടെയും മാര്‍ഗം കൈവെടിഞ്ഞ് സ്‌നേഹത്തിന്റെയും നീതിയുടെയും മാര്‍ഗത്തിലേക്ക് വ്യക്തികളെയും സമൂഹത്തെയും കൊണ്ടുവരാന്‍ കെല്‍പുള്ളതാണ് ഈ ദിവ്യവചനം. അതിക്രമങ്ങളുടെ, അനീതിയുടെ, കൊലപാതകങ്ങളുടെ കൂരിരുളില്‍നിന്ന് ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിയെടുത്ത് നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയിലേക്ക് തിരിച്ചുവിട്ട ഖുര്‍ആനിന്റെ വചനങ്ങളിലൊന്നാണിത്. ദേശ-ഭാഷ-വര്‍ണ-വര്‍ഗ- വംശ മഹിമകള്‍ സൃഷ്ടിച്ചെടുത്ത 'അഭിനവ കൂരിരുളില്‍'നിന്ന് ലോകത്തെ രക്ഷിച്ചെടുക്കാനും ഇത്തരം ദിവ്യവചനങ്ങള്‍ക്കേ സാധിക്കൂ.

''മനുഷ്യരേ, നിങ്ങളെ നാം സൃഷ്ടിച്ചത് ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണ്. നിങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രം'' (അല്‍ഹുജുറാത്ത്). 'മനുഷ്യര്‍ അല്ലാഹുവിന്റെ കുടുംബാംഗങ്ങള്‍' എന്ന് നബി(സ)യും പഠിപ്പിക്കുന്നു. ഇതാണ് ഇസ്‌ലാം. ഇസ്‌ലാമിന് മാത്രമേ ഇങ്ങനെ മനുഷ്യനെ ഒന്നായി കാണാനാകൂ. മനുഷ്യര്‍ വര്‍ഗങ്ങളും ഗോത്രങ്ങളുമായി തിരിഞ്ഞ് പരസ്പരം പോരടിക്കുന്നത് ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനും വിവേചനത്തിനും ഒരു പഴുതും അവിടെയില്ല. തുല്യനീതി; മറ്റാര്‍ക്കും ഊഹിക്കാനാകാത്ത നീതി. തികഞ്ഞ അവര്‍ഗീയത; ആരെയും വിസ്മയിപ്പിക്കുന്ന അവര്‍ഗീയത. ഒരൊറ്റ ഉദാഹരണം: ഒരു മുസ്‌ലിം കളവ് നടത്തി. കേസ് മുഹമ്മദ് നബി(സ)യുടെ അടുത്തെത്തി. തൊണ്ടി മുതല്‍ ഒരു ജൂതനെ ഏല്‍പിച്ച് അയാളുടെ മേല്‍ കുറ്റം ചാരാന്‍ മുസ്‌ലിം കുടുംബം ശ്രമിച്ചു. ഉടന്‍ പ്രവാചകന് ദൈവവചനമിറങ്ങുന്നു. 'നിനക്ക് നാം ഈ ഖുര്‍ആനിറക്കിയത് സത്യസന്ധമായി നീതി നടപ്പാക്കാനാണ്. വഞ്ചകരുടെ പക്ഷം ഒരിക്കലും ചേര്‍ന്നുപോകരുത്' എന്നാരംഭിച്ച ഖുര്‍ആന്‍ വചനങ്ങള്‍ തുടര്‍ന്ന് ജൂതന്റെ മേല്‍ കളവാരോപിക്കാനുദ്യമിച്ച മുസ്‌ലിം കുടുംബത്തെ വഞ്ചകരും നീചരും നികൃഷ്ടരുമെന്ന് വിശേഷിപ്പിച്ച് കടുത്ത ഭാഷയില്‍ നിശിതമായി വിമര്‍ശിക്കുകയും ജൂതനെ നിരപരാധിയും നിരാലംബനും മര്‍ദിതനും അനുകമ്പാര്‍ഹനുമായി അവതരിപ്പിക്കുകയും ചെയ്യുന്നു (അന്നിസാഅ് 105-113). പ്രവാചകനെ വധിക്കാന്‍ വരെ ഗൂഢാലോചന നടത്തിയ കടുത്ത മുസ്‌ലിം വിരോധികളായിരുന്നു അന്ന് ജൂതര്‍ എന്നതിവിടെ സ്മരണീയമാണ്.

പൂര്‍വിക മുസ്‌ലിം സമുദായമായിരുന്നല്ലോ ഈജിപ്തിലെ ഇസ്രാഈല്‍ വംശജര്‍. ഭരണവിഭാഗമായിരുന്ന ഖിബ്ത്വികള്‍ ഫറോവ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ഇസ്രാഈല്‍ വംശജര്‍ക്കു നേരെ കടുത്ത അക്രമവും കൊലപാതകങ്ങളും വംശഹത്യയും നടത്തിവരികയായിരുന്നു. ഇതിനിടക്കാണ് ഒരു ഖിബ്ത്വിക്കാരന്റെ മര്‍ദനമേറ്റ് പിടയുന്ന ഇസ്രാഈല്‍ വംശജന്റെ സഹായാഭ്യര്‍ഥനയനുസരിച്ച് ഇടപെട്ട മൂസ (അ) അബദ്ധത്തില്‍ ഖിബ്ത്വിയെ വധിക്കാനിടയായത്. തുടര്‍ന്ന് നാടുവിട്ട മൂസാ വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രവാചകത്വം ലഭിച്ച് തിരിച്ചെത്തി ഫറോവയെ സമീപിച്ച് ദൈവമാര്‍ഗത്തിലേക്ക് ക്ഷണിച്ചു. അപ്പോള്‍ ഫറോവ പഴയ കൊലപാതകം അനുസ്മരിച്ചു. ഉടനെ മൂസാ (അ) കുറ്റബോധത്തോടെ പറഞ്ഞു: ''അന്നേരം ഞാനത് അറിവില്ലായ്മയാല്‍ ചെയ്തുപോയതായിരുന്നു. അങ്ങനെ ഞാന്‍ നിങ്ങളെ ഭയന്നോടിപ്പോവുകയും ചെയ്തു. അനന്തരം നാഥന്‍ എനിക്ക് ജ്ഞാനം നല്‍കുകയും ദൈവദൂതരിലുള്‍പ്പെടുത്തുകയും ചെയ്തു'' (അശ്ശൂഅറാഅ് 20,21).

മര്‍ദിതരെ സഹായിക്കാനാണെങ്കിലും നിയമം കൈയിലെടുത്തുകൂടെന്നും വര്‍ഗീയത അനിസ്‌ലാമികവും ദുര്‍മാര്‍ഗവുമാണെന്നും ഇത് വ്യക്തമാക്കുന്നു്. മറുപക്ഷം ആയുധമെടുക്കുകയോ കൊലപാതകങ്ങള്‍ നടത്തുകയോ ചെയ്താല്‍ പോലും സമാന സ്വഭാവത്തില്‍ പ്രതികരിക്കാന്‍ ഇസ്‌ലാമില്‍ അനുവാദമില്ലെന്നും മൂസാ(അ)യുടെ തുടര്‍ നിലപാടുകളും വ്യക്തമാക്കുന്നു. ഒരു പ്രവാചകനും അങ്ങനെ ചെയ്തിട്ടുമില്ല.

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യും കൊലപാതകത്തിനോ കലാപത്തിനോ അനുമതി നല്‍കിയിട്ടില്ല. ഒരു പ്രകോപനവുമില്ലാതെ പ്രവാചകന്റെയും അനുയായികളുടെയും നേരെ എതിര്‍ പക്ഷം കടുത്ത മര്‍ദനങ്ങളും അക്രമങ്ങളും അഴിച്ചുവിടുകയായിരുന്നു. സൈ്വരമായി ഇറങ്ങി നടക്കാനോ അങ്ങാടിയില്‍ 

പോയി സാധനങ്ങള്‍ വാങ്ങാനോ നിര്‍വാഹമുണ്ടായിരുന്നില്ല. സ്ത്രീയെ പോലും പരസ്യമായി കുത്തി കൊലപ്പെടുത്തി ആര്‍ത്തുല്ലസിക്കുന്ന ശത്രുവിനെതിരില്‍ ഒന്നു പ്രതികരിച്ചാലെന്താ എന്ന് ചിന്തിച്ചപ്പോഴതാ ദൈവവചനം: ''നിങ്ങളുടെ കൈകളടക്കൂ, ക്ഷമിക്കൂ.'' നീണ്ട പതിമൂന്നു വര്‍ഷം നിരന്തരം മര്‍ദനമേറ്റ് അവസാനം നാടുവിടുമ്പോഴും ശത്രുക്കള്‍ സ്വത്തും വീടുമെല്ലാം പിടിച്ചെടുത്ത് വളഞ്ഞുവെച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുമ്പോഴും ശത്രുക്കളേല്‍പിച്ച അമാനത്തുകള്‍ കൃത്യമായി തിരിച്ചേല്‍പിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്ന പ്രവാചകനാണ് വിശ്വാസികളുടെ മാതൃക. കടുത്ത മര്‍ദനത്തിന് നേതൃത്വം നല്‍കുന്ന കരുത്തരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതിനു പകരം, അവര്‍ക്ക് സന്മാര്‍ഗം നല്‍കി സല്‍പാന്ഥാവിന് കരുത്ത് നല്‍കേണമേ എന്ന് പ്രാര്‍ഥിക്കുന്ന പ്രവാചകനാണ് വിശ്വാസികള്‍ക്ക് മാതൃക.

നിരന്തര ഗോത്ര യുദ്ധവും കൊള്ളയും കൊള്ളിവെപ്പും മൂലം പൊറുതിമുട്ടിയ യസ്‌രിബിലെ സമാധാനകാംക്ഷികളുടെ ക്ഷണം സ്വീകരിച്ചാണ് പ്രവാചകനും അനുയായികളും അങ്ങോട്ട് ഹിജ്‌റ ചെയ്തത്. യസ്‌രിബാണ് പിന്നീട് മദീനയായത്. ക്ഷേമരാഷ്ട്രമെന്ന പ്രവാചക ദൗത്യത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു ഈ കൊച്ചു രാഷ്ട്രത്തിന്റെ പിറവി. പ്രസ്തുത ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് എല്ലാം ഉപേക്ഷിച്ച് പ്രവാചകനും അനുയായികളും ഹിജ്‌റ ചെയ്തതും. എന്നാല്‍ മക്കയിലെ ഖുറൈശികള്‍ അതിനും വിലങ്ങുതടിയാകും എന്ന അവസ്ഥ വന്നതിനാലാണ് ബദ്ര്‍ വേണ്ടിവന്നത്. അഥവാ രാഷ്ട്രത്തിന്റെയും രാജ്യനിവാസികളുടെയും സുരക്ഷക്ക് വേണ്ടിയാണ് ആദ്യമായി ആയുധമേന്തിയത.് രാഷ്ട്രം യാഥാര്‍ഥ്യമാവുന്നതിനു മുമ്പ് കലാപമുണ്ടാക്കി രക്തം ചിന്താന്‍-പ്രതിരോധത്തിന്റെ പേരില്‍ പോലും-അല്ലാഹു അനുവദിച്ചിട്ടില്ലെന്നതിന് മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതവും മൂസാ നബിയുടെ ഈജിപ്ഷ്യന്‍ കാലവും സാക്ഷിയാണ്. രാഷ്ട്രസുരക്ഷക്ക് അനിവാര്യമായിത്തീര്‍ന്ന നടപടികളില്‍ പോലും രക്തം ചിന്താതിരിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് പ്രവാചകന്‍ പരമാവധി ശ്രമിക്കുകയും തന്ത്രമാവിഷ്‌കരിക്കുകയും ചെയ്തതു കാണാം. മദീനയില്‍ നിരന്തരം ശല്യം ചെയ്തിരുന്ന ഗോത്രങ്ങളെ പോലും നാടുവിട്ടു പോകാന്‍ പരമാവധി അവസരം നല്‍കുകയായിരുന്നു. രക്തം ചിന്തുന്നതൊഴിവാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ചരിത്രപ്രസിദ്ധമായ മക്കാ വിജയം രക്തരഹിതമാക്കാന്‍ പ്രവാചകന്‍ നടത്തിയ തന്ത്രം സമാനതകളില്ലാത്തതാണല്ലോ. 

സംയമനവും സഹനവും സമാധാന സന്ദേശവുമായി കടന്നുവന്ന്, ലോകത്തിന്റെ ഗതി തന്നെ സമാധാനത്തിലേക്കും ശാന്തിയിലേക്കും അതുവഴി ക്ഷേമൈശ്വര്യത്തിലേക്കും തിരിച്ചുവിട്ട പ്രവാചക മാതൃക അഥവാ ഖുര്‍ആനിന്റെ സമ്പൂര്‍ണ പ്രയോഗവത്കരണം അതാണ് അന്ന് ലോകം കണ്ടത്. കലാപകലുഷിതമായ അഭിനവ ഇരുണ്ട യുഗത്തിലും ഇതേ റോള്‍ തന്നെയാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിന്റെ തിരിച്ചുവരവ് മുന്‍കൂട്ടിക്കണ്ട് അതിനെ ഭീകരമായി ചിത്രീകരിക്കാന്‍ ശത്രുക്കള്‍ നടത്തിയ നിരവധി ആസൂത്രണങ്ങളില്‍ അവസാനത്തേതാണ് ഐ.എസ് എന്ന ഭീകര സംഘം. മുസ്‌ലിംകളുടെ ചെലവില്‍ തന്നെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ ശത്രുക്കള്‍ നടപ്പാക്കുന്നു. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനം 'ഐ.എസ് ഇസ്‌ലാമല്ല' എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. 

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതര രാജ്യമാണ്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഏഷ്യയില്‍, ഒരുപക്ഷേ ലോകത്തു തന്നെ ഏറ്റവും മതസ്വാതന്ത്ര്യമുള്ളത് ഇന്ത്യയിലായിരിക്കും. എന്നാലിന്ന് ഇന്ത്യയുടെ ഈ പ്രത്യേകത തകര്‍ക്കാന്‍  അതിശക്തമായ നീക്കമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമും മുസ്‌ലിം സമുദായവുമാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്, പിന്നെ ദലിത്-പിന്നാക്ക വിഭാഗങ്ങളും. ഇവരെ ചേര്‍ത്തുപിടിച്ച് മതേതര വിഭാഗങ്ങളുമായി ചേര്‍ന്ന് വര്‍ഗീയ ഫാഷിസത്തെ തോല്‍പിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണിത്.

മേല്‍ ജാതിക്കാരുടെ പീഡനത്തില്‍നിന്ന് രക്ഷനേടാന്‍ ദലിതരും പിന്നാക്കക്കാരും ഈ വഴിയില്‍ ചിന്തിച്ചു തുടങ്ങുന്നതു കണ്ട് ഫാഷിസ്റ്റ് ശക്തികള്‍ അമ്പരന്നുനില്‍ക്കുമ്പോഴാണ്, അവര്‍ക്ക് ആശ്വാസം നല്‍കുന്ന കുറ്റകൃത്യം ഏതോ ഒറ്റപ്പെട്ട അവിവേകികളില്‍നിന്നുണ്ടാകുന്നത്. ഇത് ഏറെ അപകടകരമാണ്. ഇതിന് അറുതി വരുത്തേണ്ടത് മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള മുഴുവന്‍ രാജ്യസ്‌നേഹികളുടെയും കടമയാണ്.

ഈ ഭ്രാന്ത് ഇസ്‌ലാമുമായി ബന്ധപ്പെട്ടതല്ലെന്നും ഇസ്‌ലാമിന് നേര്‍വിപരീതമാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനുതകുന്ന ഏകോപിച്ച കാമ്പയിനുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തു വരേണ്ടതുമുണ്ട്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നാടിനും എത്ര വലിയ നാശമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വരുത്തിവെക്കുന്നതെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ സ്‌നേഹത്തിന്റെ ശൈലിയില്‍ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. 'മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിനു തുല്യമാണ് ഈ കൊലപാതകം' എന്ന, തുടക്കത്തിലുദ്ധരിച്ച ഖുര്‍ആന്‍ വചനം ഒന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്