Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

മാറ്റത്തിന്റെ കരുവന്നൂര്‍ മാതൃക, ധന്യമായ ശാന്തപുരം കാലം

കുഞ്ഞുമുഹമ്മദ് ബാഖവി / ബഷീര്‍ തൃപ്പനച്ചി

1944-ല്‍ കരുവാരക്കു് പുല്‍വെട്ട പനത്തുമ്മല്‍ മഹല്ലിലാണ് എന്റെ ജനനം. മഠത്തൊടിക കുഞ്ഞി സൂപ്പി ഹാജിയാണ് പിതാവ്. ഉമ്മ ആയിശു. ഞങ്ങള്‍ നാലു മക്കളായിരുന്നു. സഹോദരന്‍ ഉണ്ണിയാലു. സഹോദരിമാരായ മറിയുമ്മുവും ഫാത്വിമയും എന്റെ മുതിര്‍ന്നവരാണ്. നാലു പേരില്‍ ഞാന്‍ മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. സി.എന്‍ അഹ്മദ് മൗലവിയുടെ ആദ്യകാല പ്രവര്‍ത്തന മണ്ഡലമായിരുന്നു കരുവാരക്കുണ്ടും പരിസരവും. അതിനാല്‍ എന്റെ ബാല്യകാലത്ത് തന്നെ പുരോഗമനാശയങ്ങള്‍ ഈ ഭാഗങ്ങളില്‍ ചെറുതായി വേരോടിയിരുന്നു. മതപഠനശാലകള്‍ അക്കാലത്ത് അപൂര്‍വമായിരുന്നെങ്കിലും പുല്‍വെട്ട മഹല്ലിനു കീഴില്‍ അന്ന് മദ്‌റസ ഉണ്ടായിരുന്നു. ഞാന്‍ പഠനമാരംഭിക്കുന്നത് അവിടെയാണ്. അഞ്ചു വര്‍ഷത്തെ പ്രാഥമിക മതപഠനത്തിനു ശേഷം എന്നെ പുല്‍വെട്ട എല്‍.പി സ്‌കൂളില്‍ ചേര്‍ത്തു. മതപരമായ ഉപരിപഠനത്തിനാണ് സ്‌കൂള്‍ പഠനത്തെക്കാള്‍ ഉപ്പാക്ക് താല്‍പര്യമുണ്ടായിരുന്നത്. കുടുംബത്തിലെ ചില പ്രയാസങ്ങള്‍ മതപഠനത്തിനായി എന്നെ ദൂരേക്ക് അയക്കുന്നതിന് തടസ്സമായതിനാലാണ് തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പേ എന്നെ എടത്തനാട്ടുകര വെള്ളിയഞ്ചേരി പള്ളി ദര്‍സില്‍ ചേര്‍ത്തു. പിന്നീട് ചെമ്പ്രശ്ശേരി, തുവ്വൂര്‍, ഇരിങ്ങാട്ടിരി പള്ളിദര്‍സുകളിലായി 12 വര്‍ഷത്തോളം മതപഠനം നടത്തി. നാണി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി സഈദ് മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.

സമസ്തയുടെ സെക്രട്ടറിയായിരുന്ന കെ.ടി മാനു മുസ്‌ലിയാരുടെ കീഴില്‍ ഇരിങ്ങാട്ടിരി പള്ളിദര്‍സിലാണ് അവസാനം പഠിച്ചത്. അദ്ദേഹം പല വിഷയങ്ങളിലും അന്നുതന്നെ പുരോഗമന നിലപാട് സ്വീകരിച്ച പണ്ഡിതനായിരുന്നു. ഞാനവിടെ ദര്‍സ് വിദ്യാര്‍ഥിയായ ആദ്യ വര്‍ഷത്തിലാണ് ഇരിങ്ങാട്ടിരി മഹല്ലില്‍ ഫിത്വ്ര്‍ സകാത്ത് പള്ളിയില്‍ ശേഖരിച്ച് സംഘടിതമായി അദ്ദേഹം വിതരണം ചെയ്യുന്നത്. 1965-'66 കാലത്താണിത്. ഖുര്‍ആന്‍ പരിഭാഷക്ക് സമസ്ത എതിരു നില്‍ക്കുന്ന അക്കാലത്ത് ഖുര്‍ആന്‍ തര്‍ജുമക്ക് കെ.ടി മാനു മുസ്‌ലിയാര്‍ അനുകൂലമായിരുന്നു. പരസ്പരധാരണയില്ലാതെ മുന്നോട്ടുപോയിരുന്ന ദര്‍സുകള്‍ക്ക് പൊതുവേദിയുണ്ടാക്കാനും പൊതു പരീക്ഷാ സമ്പ്രദായം നടപ്പാക്കാനും അക്കാലത്ത് അദ്ദേഹം മുന്നിട്ടിറങ്ങിയത് ഓര്‍ക്കുന്നു. ഇന്ന് കാണുന്ന മദ്‌റസാ സംവിധാനം സമസ്ത അംഗീകരിക്കാത്ത കാലത്താണ് വ്യവസ്ഥാപിതമായ ഇത്തരം മാറ്റങ്ങള്‍ക്ക് മാനു മുസ്‌ലിയാര്‍ ശ്രമങ്ങള്‍ നടത്തുന്നത്.

1964-ല്‍ അദ്ദേഹത്തിനു കീഴില്‍ ഇരിങ്ങാട്ടിരി പള്ളിദര്‍സില്‍ പഠിക്കുമ്പോഴാണ് എന്റെ വിവാഹം. ഇരിങ്ങാട്ടിരിയിലെ ഫാത്വിമയായിരുന്നു വധു. വിവാഹശേഷവും പള്ളിദര്‍സ് പഠനം തുടര്‍ന്നു. എന്റെ വീട്ടു ചെലവുകള്‍ ഉപ്പ തന്നെ ഏറ്റെടുത്തു. ദര്‍സ് പഠനം പൂര്‍ത്തിയാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കെ.ടി മാനു മുസ്‌ലിയാരുടെ അടുത്ത് പഠനം പൂര്‍ത്തിയാക്കുന്നവരില്‍ ചിലര്‍ എല്ലാ വര്‍ഷവും ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പോകാറുണ്ടായിരുന്നു. ദര്‍സ് പഠനത്തിന്റെ അവസാന വര്‍ഷം ഞാനും കൂടെയുണ്ടായിരുന്ന കുന്നുമ്മല്‍ മൊയ്തീന്‍ മൗലവി, കരിങ്കല്ലത്താണി യൂസുഫ് മൗലവി, മരുത പോക്കര്‍ മൗലവി, ചക്കിപ്പറമ്പന്‍ അലവി മൗലവി എന്നിവരും ഉപരിപഠനത്തിന് ബാഖിയാത്തില്‍ പോകാന്‍ തീരുമാനിച്ചു. അവിടെ അഡ്മിഷന്‍ കിട്ടാന്‍ റഫര്‍ ചെയ്യേണ്ട കിതാബുകളൊക്കെ ആ വര്‍ഷം ഞങ്ങള്‍ പ്രത്യേകം പഠിച്ചു. 1967-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി. പരീക്ഷയിലെ മാര്‍ക്കിനനുസരിച്ചാണ് മുഖ്തസ്വര്‍, മുത്വവ്വല്‍ എന്നീ കോഴ്‌സുകളിലൊന്നിലേക്ക് പ്രവേശനം ലഭിക്കുക.  പരീക്ഷാ ഫലം വന്നപ്പോള്‍ എനിക്ക് മാത്രമാണ് മുത്വവ്വലില്‍ പ്രവേശനം ലഭിച്ചത്. മറ്റു നാലു പേര്‍ക്കും മുഖ്ത്വസറിലായിരുന്നു അഡ്മിഷന്‍. മുത്വവ്വല്‍ ക്ലാസില്‍ ഏറ്റവും ചെറിയ വിദ്യാര്‍ഥി ഞാനായിരുന്നു. നാല് കര്‍മശാസ്ത്ര മദ്ഹബുകള്‍ ആഴത്തില്‍ പഠിക്കാനായതും ഫിഖ്ഹിന്റെ വിശാലത മനസ്സിലാക്കാനായതും ബാഖിയാത്തിലെ പഠനകാലത്താണ്. ഒപ്പം ഹദീസില്‍ ആധികാരിക പഠനവും. ഹദീസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഇജാസത്ത് (അംഗീകാരം) നേടിയാണ് ബാഖിയാത്തിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

ബാഖിയാത്തില്‍നിന്ന് വീട്ടിലെത്തി രണ്ടാമത്തെ ദിവസം തന്നെ കെ.ടി മാനു മുസ്‌ലിയാര്‍ എന്നോട് ഇരിങ്ങാട്ടിരിയിലെത്താന്‍ പറഞ്ഞു. ഉസ്താദിനെ ചെന്നു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഈ വര്‍ഷം ഹജ്ജിന് പോവുകയാണ്. റമദാന്‍ ഒന്നു മുതല്‍ തന്നെ ഹജ്ജുമായി ബന്ധപ്പെട്ട് എനിക്ക് പരിപാടികളുണ്ടാവും. അതിനാല്‍ നാളെ മുതല്‍ നീ ഇവിടെ ഉണ്ടാവണം. ഞാനില്ലാത്ത സമയത്ത് ക്ലാസ്സെടുക്കുകയും ഇവിടത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം.'' അദ്ദേഹം ഹജ്ജിന് പോയപ്പോള്‍ പള്ളിദര്‍സിന്റെ പൂര്‍ണ ചുമതല എന്നെ ഏല്‍പിച്ചു. അദ്ദേഹം ഹജ്ജ് കഴിഞ്ഞു വന്ന് അഞ്ച് മാസം കൂടി ഇരിങ്ങാട്ടിരിയില്‍ തുടര്‍ന്നു. അതിനിടയിലാണ് തൃശൂര്‍ ജില്ലയിലെ കൊക്കാല മഹല്ല് വൈസ് പ്രസിഡന്റായിരുന്ന പരീത് മാസ്റ്റര്‍ അവിടത്തെ ദര്‍സ് നടത്താന്‍ എന്നെ നല്‍കണമെന്നാവശ്യപ്പെട്ട് മാനു മുസ്‌ലിയാരെ സമീപിച്ചത്. അങ്ങനെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്ന് ഞാന്‍ തൃശൂര്‍ ജില്ലയിലെ കൊക്കാല മഹല്ലിലെത്തി.

1970 മെയ് മാസത്തില്‍ കൊക്കാല പള്ളിയിലെ ദര്‍സില്‍ അധ്യാപനം തുടങ്ങി. ഒമ്പതര വര്‍ഷം അവിടെ അധ്യാപകനും ഖത്വീബുമൊക്കെയായി തുടര്‍ന്നു. വ്യക്തിപരമായി എന്റെ മാറ്റങ്ങളുടെയും ഒട്ടേറെ വിവാദങ്ങളുടെയും കാലമായിരുന്നു കൊക്കാലയിലേത്. ഞാനവിടെയെത്തുമ്പോള്‍ കൊക്കാല മഹല്ലില്‍ പി.കെ റഹീം സാഹിബിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമായിരുന്നു അവര്‍ നടത്തിയിരുന്നത്. ഇങ്ങനെ ചിലര്‍ അവിടെയുണ്ടെന്ന വിവരം എനിക്ക് മുന്‍കൂട്ടി ലഭിച്ചിരുന്നു. അതിനാല്‍ കൊക്കാലയിലെ ആദ്യത്തെ മീലാദ് പൊതു പ്രഭാഷണത്തില്‍ ഞാന്‍ പുത്തന്‍വാദികള്‍ക്കെതിരെ ആഞ്ഞടിച്ചു. മൗലിദ് ബിദ്അത്താണെന്ന് തെളിയിക്കാന്‍ അവരെ വെല്ലുവിളിച്ചു. പി.കെ റഹീം സാഹിബ് ജമാഅത്തുകാരനാണെങ്കിലും പള്ളിയുടെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു. അതിനൊന്നും തടസ്സമാകാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ജമാഅത്ത് പ്രവര്‍ത്തനം. ഈ മീലാദ് പ്രഭാഷണത്തിനു ശേഷം അദ്ദേഹം എന്നെ പ്രത്യേകം നോട്ടമിട്ടിരിക്കണം. പിന്നീട് പലതവണ പള്ളിയിലെ റൂമില്‍ വന്ന് എന്നോട് സ്വകാര്യമായി സംസാരിച്ചു. എന്നോട് സംശയങ്ങളും ഫത്‌വകളും ചോദിക്കുന്ന വിധമാകും പല സംസാരങ്ങളും തുടങ്ങുക. വിഷയം പഠിച്ച് പിന്നീട് മറുപടി പറയാമെന്ന് ഞാന്‍ പ്രതികരിക്കും. അങ്ങനെ റഹീം സാഹിബ് ഉന്നയിച്ച പല വിഷയങ്ങളും പഠിച്ചുനോക്കിയപ്പോള്‍, അതുവരെ ആ വിഷയങ്ങളില്‍ കേട്ടുപോന്നതല്ല മദ്ഹബിന്റെ ഇമാമുമാരുടെ അഭിപ്രായങ്ങളെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ പല വിഷയങ്ങളിലും സംഭാഷണങ്ങള്‍ തുടര്‍ന്നു. ഇതിനിടെ പ്രബോധനത്തിന്റെ കോപ്പി എന്റെ റൂമില്‍ മറന്നുവെച്ചുപോകുന്ന തന്ത്രവും അദ്ദേഹം പയറ്റി. പ്രബോധനത്തിലെ ഖുര്‍ആന്‍ പഠനമാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്. മൗദൂദി സാഹിബിന്റെ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' ആയിരുന്നു അന്ന് ഖണ്ഡശ്ശയായി വന്നുകൊണ്ടിരുന്നത്. എനിക്കത് പുതിയൊരു വായനാനുഭവമായിരുന്നു. വായനയുടെ തുടര്‍ച്ചക്ക് പ്രബോധനം ലക്കങ്ങള്‍ ലഭ്യമായെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, ആ ആഗ്രഹം റഹീം സാഹിബിനോട് തുറന്നു പറഞ്ഞതുമില്ല. പിന്നീടൊരിക്കല്‍ പള്ളിക്കടുത്തുള്ള അവസുകുട്ടിക്കാക്കാന്റെ ചായക്കടയിലിരിക്കെ പ്രബോധനത്തിന്റെ ഒരു കോപ്പി അവിടെയും കണ്ടു. 'ആരുടേതാണീ പ്രബോധനം കോപ്പി' എന്ന്് അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ 'അത് ആ റഹീം ഇടുന്നതാണ്. ഉസ്താദിന് വേണമെങ്കില്‍ എടുത്തോളൂ. എല്ലാ ലക്കവും ഇവിടെ ഇടാറുണ്ട്' എന്ന് പറഞ്ഞു. ഒരു ലക്കവും മുടങ്ങാതെയുള്ള പ്രബോധനം വായന അവിടെ തുടങ്ങി.

പ്രബോധനം വായന എന്റെ ക്ലാസ്സുകളെയും സംസാരങ്ങളെയുമെല്ലാം ഞാനറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങി. കൊക്കാലയടക്കം ആ ഭാഗങ്ങളിലെ പള്ളികളില്‍ ഖുത്വ്ബയുടെ മലയാള പരിഭാഷയാണ് ഉണ്ടായിരുന്നത്. മലബാറില്‍ മാത്രമേ മലയാളത്തിന് ഖുത്വ്ബയില്‍ വിലക്കുണ്ടായിരുന്നുള്ളൂ. സമസ്ത വിലക്കേര്‍പ്പെടുത്തുന്നതിനു മുമ്പ് മലബാറിലും പലയിടത്തും ഖുത്വ്ബ പരിഭാഷ ഉണ്ടായിരുന്നു. എന്റെ ഖുത്വ്ബയിലും പ്രബോധനം വായനയിലെ ഇസ്‌ലാമിക പാഠങ്ങള്‍ ഞാന്‍ ഉള്‍പ്പെടുത്തി. എന്റെ പ്രബോധനം വായനയും വിഷയങ്ങളിലെ നിലപാടുകളും തിരിച്ചറിഞ്ഞ പി.കെ റഹീം സാഹിബ് എന്റെ മഹല്ലിലെ പദവി ഉപയോഗപ്പെടുത്തി ചില അനാചാരങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കൊക്കാല മഹല്ലില്‍ എല്ലാ വര്‍ഷവും പലതരം പേക്കൂത്തുകളോടുകൂടി അരങ്ങേറിയിരുന്ന ചന്ദനക്കുടം നേര്‍ച്ച ഇസ്‌ലാമികമായി ശരിയോ തെറ്റോ എന്ന ഫത്‌വ റഹീം സാഹിബ് എന്നോട് ചോദിക്കുന്നത്. അതിലുണ്ടാവാറുള്ള അനാചാരങ്ങള്‍ നേരില്‍ കണ്ടിരുന്ന എനിക്ക്, അതൊക്കെ തെറ്റാണെന്ന് പറയാന്‍ രണ്ടു പ്രാവശ്യം ആലോചിക്കേണ്ടിയിരുന്നില്ല. എങ്കില്‍ ഫത്‌വ രേഖാമൂലം വേണമെന്നായി റഹീം സാഹിബ്. പിന്നീട് കാണുന്നത്, എന്റെ ഫത്‌വയും ചേര്‍ത്ത് ചന്ദനക്കുടം നേര്‍ച്ചക്കെതിരെ റഹീം സാഹിബും സംഘവും മഹല്ലില്‍ ലഘുലേഖ വിതരണവും കാമ്പയിനും നടത്തുന്നതാണ്. കൊക്കാല ദര്‍സിലെ ഉസ്താദായ ഞാന്‍ നല്‍കിയ ഫത്‌വയായിരുന്നു അതിലെ മുഖ്യ തുരുപ്പുചീട്ട്. മദ്യപന്മാര്‍ പോലും അഴിഞ്ഞാടുന്ന ചന്ദനക്കുട നേര്‍ച്ചക്ക് മഹല്ലിലെ ദീനീ സ്‌നേഹികളില്‍ ഭൂരിപക്ഷവും നേരത്തേതന്നെ എതിരായിരുന്നു. അതിനാല്‍ റഹീം സാഹിബിനും സംഘത്തിനും പ്രതീക്ഷച്ചതിലുമധികം പിന്തുണ കിട്ടി. എന്റെ ഫത്‌വയില്‍ മഹല്ല് കമ്മിറ്റി വിശദീകരണം ചോദിച്ചപ്പോള്‍ ഞാനതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതോടെ മഹല്ല് കമ്മിറ്റി ചന്ദനക്കുട നേര്‍ച്ച ആ കൊല്ലത്തോടുകൂടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഞാന്‍ പി.കെ റഹീം സാഹിബിന്റെ കെണിയില്‍ പെട്ടുപോയതായി ചിലര്‍ പ്രചരിപ്പിക്കാനും മഹല്ലില്‍ എനിക്ക് ചില ശത്രുക്കള്‍ ഉണ്ടാകാനും ഈ ഫത്‌വ വഴിവെച്ചു.

1975-ലെ അടിയന്തരാവസ്ഥയിലാണ് ആ ശത്രുതയുടെ ആഴം ഞാനറിഞ്ഞത്. തൃശൂര്‍ ജില്ലയിലെ ജമാഅത്ത് നേതാക്കളായ മാള അബ്ദുസ്സലാം മൗലവിയും പി.കെ റഹീം സാഹിബുമൊക്കെ അന്ന്  അറസ്റ്റിലായിരുന്നു. അങ്ങനെയിരിക്കെ എന്നെ അന്വേഷിച്ച് ഒരു ദിവസം പോലീസ് എന്റെ താമസസ്ഥലത്ത് വന്നു. ഉടന്‍ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. 'മാള അബ്ദുസ്സലാം മൗലവിയെയും പി.കെ റഹീം സാഹിബിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിങ്ങളുടെ അധ്യക്ഷതയില്‍ കൊക്കാല പള്ളിയില്‍ യോഗം ചേര്‍ന്നില്ലേ' എന്നായിരുന്നു പോലീസ് മേധാവിയുടെ പ്രധാന ചോദ്യം. അങ്ങനെയൊരു യോഗം നടന്നിട്ടില്ലായിരുന്നു. അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു യോഗവും നടന്നിട്ടില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. 'താങ്കള്‍ക്കിവിടെ എതിരാളികളുണ്ടോ' എന്നായി എസ്.ഐയുടെ അടുത്ത ചോദ്യം. എന്റെ അറിവില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. 'എന്നാല്‍ ഉണ്ട്. അങ്ങനെയൊരാള്‍ വിവരം തന്നതിന്റെ അടിസ്ഥാനത്തിലാണ് താങ്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചത്'- അദ്ദേഹം പറഞ്ഞു. ശേഷം എന്നെ പോലീസ് ജീപ്പില്‍ പള്ളി പ്രസിഡന്റിന്റെ വീട്ടില്‍ എത്തിച്ചു. അവിടെ എന്നെ സുരക്ഷിതമായി ഏല്‍പിച്ചുവെന്നതിന് പ്രസിഡന്റിന്റെ സാക്ഷ്യം രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷമാണ് പോലീസ് മടങ്ങിയത്. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷവും ഉദ്യോഗസ്ഥര്‍ എന്റെയടുത്ത് വന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ഉപദ്രവിച്ചിരുന്നോ എന്ന വിവരമാണ് അവര്‍ അന്വേഷിച്ചത്. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ അത് എഴുതി ഒപ്പിട്ടുതരാന്‍ ആവശ്യപ്പെട്ടു.

അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം റഹീം സാഹിബും ഞാനും പിന്നെയും പലതവണ പല വിഷയങ്ങളും സംസാരിച്ചു. അതിനിടയിലാണ് സ്ത്രീ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് അടുത്ത വിവാദം ഉണ്ടാകുന്നതും റഹീം സാഹിബിനെ കമ്മിറ്റിയില്‍നിന്ന് പുറത്താക്കുന്നതും, എനിക്ക് കൊക്കാലയില്‍നിന്ന് രാജിവെക്കേണ്ടിവരുന്നതും. കൊക്കാലക്കടുത്ത അയ്യന്തോള്‍ ടൗണില്‍ ഒരു പള്ളിയുണ്ടായിരുന്നു. ജഡ്ജിമാരും വക്കീലന്മാരും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും നമസ്‌കരിക്കാന്‍ വരുന്ന പള്ളി. അവരുടെ പിന്തുണയോടെ അവിടെ സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യമൊരുക്കാന്‍ റഹീം സാഹിബ് ശ്രമം നടത്തി. ഒരുനാള്‍ സ്ത്രീകള്‍ക്കവിടെ പ്രവേശനം നല്‍കുകയും ചെയ്തു. ആ രീതി തുടര്‍ന്നെങ്കിലും വിഷയം വിവാദമായി. കൊക്കാല മഹല്ലിലും അത് വലിയ ചര്‍ച്ചയായി. മഹല്ല് കമ്മിറ്റി കൂടിയപ്പോള്‍ സ്ത്രീകളുടെ ജുമുഅ പങ്കാളിത്തത്തെ കുറിച്ച് അവര്‍ എന്നോട് ഫത്‌വ ചോദിച്ചു. ഇരുതല മൂര്‍ച്ചയുള്ള ചോദ്യമായിരുന്നു അത്. ഞാന്‍ റഹീം സാഹിബിനും സംഘത്തിനും അനുകൂലമായ മറുപടിയാണ് നല്‍കുന്നതെങ്കില്‍ എന്നെ പുറത്താക്കാനുള്ള ഗൂഢലക്ഷ്യം കൂടി അത് ഉന്നയിക്കുന്നവര്‍ക്കുണ്ടായിരുന്നു. 'വിഷയം വിശദമായി പഠിച്ച് അടുത്ത ആഴ്ച അവതരിപ്പിക്കാം' എന്ന് ഞാന്‍ മഹല്ല് കമ്മിറ്റിക്ക് വാക്കു കൊടുത്തു.

സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്‌ലിമുമായാണ് അടുത്ത മഹല്ല് കമ്മിറ്റിയിലേക്ക് ചെന്നത്. കമ്മിറ്റിയിലധിക പേരും അധ്യാപകരും വിദ്യാ സമ്പന്നരുമായിരുന്നു. ഞാനവരോട് പറഞ്ഞു: 'സ്ത്രീ പള്ളിപ്രവേശന വിഷയത്തില്‍ ഞാനായിട്ട് ഒരഭിപ്രായവും പറയുന്നില്ല. ഇത് സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമുമാണ്. ആധികാരിക ഹദീസ് ഗ്രന്ഥങ്ങള്‍. ഈ വിഷയത്തില്‍ വന്ന ഹദീസുകള്‍ അര്‍ഥസഹിതം ഞാന്‍ വായിക്കാം. അര്‍ഥത്തില്‍ വല്ല പിശകും തോന്നുകയാണെങ്കില്‍ മറ്റൊരു പണ്ഡിതനെ സമീപിക്കാം.' നബിയുടെ കാലത്ത് സ്ത്രീകള്‍ പള്ളിയിലെ ജുമുഅയിലും നമസ്‌കാരത്തിലും പങ്കെടുത്തതായുള്ള ഹദീസുകള്‍ അര്‍ഥസഹിതം അവരെ കേള്‍പ്പിച്ചു. അതോടെ ഞാന്‍ പി.കെ റഹീം സാഹിബിന്റെ വലയില്‍ പൂര്‍ണമായും പെട്ടതായി അവരില്‍ ചിലര്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തെ മഹല്ലിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും പുറത്താക്കിയതായും ആ യോഗത്തില്‍ പ്രഖ്യാപനമുണ്ടായി. എന്നോടുള്ള സമീപനം യോഗം പ്രഖ്യാപിച്ചതുമില്ല. എനിക്കെതിരെ അണിയറയില്‍ നടപടി ആലോചിക്കുന്ന വിവരം ഞാനറിഞ്ഞിരുന്നു. 'അടുത്ത മഹല്ല് കമ്മിറ്റിയില്‍ താങ്കളെയും പുറത്താക്കും. അതിനു മുമ്പ് രാജിവെച്ച് മറ്റൊരു മഹല്ലിലേക്ക് മാറുന്നതാണ് ഉചിതം'  എന്ന് റഹീം സാഹിബ് എന്നെ ഉപദേശിച്ചു. ഉടനെ ഞാനവിടെനിന്നും രാജിവെച്ച് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത കരുവന്നൂര്‍ മഹല്ലിലെ ഖാദിയും ഖത്വീബുമായി ചാര്‍ജെടുത്തു. മൗലിദ് പോലുള്ള ആചാരങ്ങളും നാട്ടുനടപ്പുകളും അവിടെ കൂടുതലായിരുന്നു. അതൊക്കെയാണ് യഥാര്‍ഥ ദീനീ പ്രവര്‍ത്തനങ്ങളെന്നാണ് മതവിദ്യാഭ്യാസം കുറവായിരുന്ന അവര്‍ ധരിച്ചിരുന്നത്. കരുവന്നൂര്‍ മസ്ജിദിലും ഖുത്വ്ബ മലയാള പരിഭാഷയുണ്ടായിരുന്നു. അവിടത്തെ ആചാരങ്ങളിലൊന്നും ഇടപെടാതെ ദീനിയായ അടിസ്ഥാന വിദ്യാഭ്യാസം നല്‍കാന്‍ ഈ മലയാള ഖുത്വ്ബകളെ ഞാന്‍ പ്രയോജനപ്പെടുത്തി. തഫ്ഹീമുല്‍ ഖുര്‍ആനും പ്രബോധനത്തിലെ ലേഖനങ്ങളും ഇതിന് സഹായകമായി. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ്, മഹല്ലില്‍ നിലനില്‍ക്കുന്ന പല ആചാരങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ലെന്ന് ഒട്ടും പ്രകോപനപരമല്ലാതെ ഖുത്വ്ബകളിലും ക്ലാസ്സുകളിലും ഞാന്‍ സമര്‍ഥിച്ചത്. അവയെല്ലാം ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതുമില്ല. ചെറുപ്പക്കാരും മഹല്ല് ഭാരവാഹികളുമടങ്ങുന്ന ഒരു വലിയ സംഘം ഞാന്‍ പറയുന്നതാണ് ഇസ്‌ലാമികമായി ശരിയെന്ന് അംഗീകരിച്ച് മുന്നോട്ടു വന്നതോടെയാണ് പ്രായോഗിക നടപടികളിലേക്ക് കടക്കുന്നത്. അങ്ങനെ മഹല്ലിലെ അനാചാരങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ചു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മൗലിദുണ്ടായിരുന്നു കരുവന്നൂര്‍ മഹല്ലില്‍. പള്ളി ആളുകളെക്കൊണ്ട് നിറയും. മധുര പലഹാരങ്ങളും വിതരണം ചെയ്യും. ഒരു വര്‍ഷത്തെ റബീഉല്‍ അവ്വല്‍ ഒന്നിന് മൗലിദിന് പകരം ഞാന്‍ നബിചരിത്രം പറയാന്‍ തുടങ്ങി. ആദ്യ ദിവസം കുറച്ചാളുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പിന്നെ എതിര്‍പ്പുകള്‍ കുറഞ്ഞുവന്നു. അങ്ങനെ ആ വര്‍ഷം റബീഉല്‍ അവ്വല്‍ 30 ദിവസങ്ങളിലായി നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രം പറഞ്ഞുതീര്‍ത്തു. നബിയുടെ അത്ര വിശദമായ ചരിത്രം അവര്‍ക്കറിയില്ലായിരുന്നു. അത്തരം ചരിത്ര ക്ലാസ്സുകള്‍ ഇനിയും വേണമെന്നവര്‍ ആവശ്യപ്പെട്ടു. അതോടെ മൗലിദ് സംഘടിപ്പിച്ചുവരാറുള്ള സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ക്ലാസ്സുകളാക്കി മാറ്റി. പിറ്റേ വര്‍ഷം മഹല്ല് കമ്മിറ്റി തന്നെ ചരിത്ര ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നു.  അതോടെ മൗലിദ് കരുവന്നൂര്‍ പള്ളിയില്‍ ഇല്ലാതായി. ബദ് ര്‍ ദിനത്തില്‍ ബദ്ര്‍ ശുഹദാക്കളുടെ പേരില്‍ ഇറച്ചിയും ഭക്ഷണവും വിതരണം ചെയ്തുകൊണ്ടല്ല, അവരുടെ ജീവിത മാതൃക പിന്‍പറ്റിയാണ് സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന് മറ്റൊരു ഖുത്വ്ബയില്‍ വിശദീകരിച്ചു. അതോടെ മഹല്ല് കമ്മിറ്റി തന്നെ ബദ്‌രീങ്ങളുടെ നേര്‍ച്ചയും നിര്‍ത്തലാക്കി.

നാലഞ്ചു വര്‍ഷം എന്റെ ഖുത്വ്ബയും ക്ലാസ്സും സ്ഥിരമായി ശ്രവിച്ചിരുന്ന  മഹല്ല് കമ്മിറ്റിയിലെ ആളുകള്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ മുന്നോട്ടുവന്നു. വലിയൊരു സംഘം ചെറുപ്പക്കാരും എന്നെ പിന്തുണച്ചു. അതോടെ കരുവന്നൂര്‍ മഹല്ലില്‍ ചില ഇസ്‌ലാമിക പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു. മദ്‌റസാ പഠനം വ്യവസ്ഥാപിതമാക്കുകയാണ് ആദ്യം ചെയ്തത്. കൃത്യമായ സിലബസോ പഠനരീതിയോ അതുവരെ മദ്‌റസയില്‍ ഉണ്ടായിരുന്നില്ല. മജ്‌ലിസിന്റെ സിലബസും പുസ്തകങ്ങളും മഹല്ല് കമ്മിറ്റിയോട് പഠിക്കാന്‍ ഞാനാവശ്യപ്പെട്ടു. അവരത് പഠിച്ച ശേഷം മദ്‌റസയില്‍ നടപ്പാക്കി. മഹല്ലിലെ ഒറ്റപ്പെട്ട ചിലരില്‍ ഇത് അരിശമുണ്ടാക്കി.  അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു കരുവന്നൂര്‍ മഹല്ലില്‍ എനിക്കെതിരെ ആദ്യമുയര്‍ന്ന പ്രതിഷേധം.

മുഴുവന്‍ മഹല്ല് വാസികള്‍ക്കും ഉപയോഗപ്പെടുത്താനാവുന്ന വിശാലമായ ഒരു ഇസ്‌ലാമിക ലൈബ്രറി സ്ഥാപിക്കുകയാണ് പിന്നീട് ചെയ്തത്. ഫിത്വ്ര്‍ സകാത്ത് വിതരണം സംഘടിതമാക്കി. ആദ്യ വര്‍ഷം 80 പറ അരിയാണ് ലഭിച്ചത്. അത്രയും അരി ഒരുമിച്ച് കാണാന്‍ ഒരുപാടാളുകള്‍ പള്ളിയിലേക്ക് വന്നത് ഓര്‍ക്കുന്നു. അക്കാലത്ത് അതൊരു അത്ഭുതക്കാഴ്ചയായിരുന്നു. പിന്നീട് മഹല്ലിന്റെ പല ഭാഗങ്ങളിലായി ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളുണ്ടാക്കി. മഹല്ലിലെ ഒറ്റപ്പെട്ട യാഥാസ്ഥിതികര്‍ക്ക് ഇതൊന്നും സഹിക്കാനാവുമായിരുന്നില്ല. മഹല്ലിലെയും മഹല്ല് കമ്മിറ്റിയിലെയും ഭൂരിപക്ഷമാളുകളും എനിക്കൊപ്പമായിരുന്നതിനാല്‍ നിയമപരമായി നേരെ ചൊവ്വെ എനിക്കെതിരെ ഒന്നും ചെയ്യാനവര്‍ക്ക് കഴിയുമായിരുന്നില്ല. മഹല്ല് കമ്മിറ്റി തീരുമാനമെന്ന പേരില്‍  എന്നെ പുറത്താക്കിക്കൊണ്ടുള്ള ഒരു വക്കീല്‍ നോട്ടീസ് അവരാദ്യം എന്റെ നാട്ടിലെ വിലാസത്തില്‍ അയച്ചു. ഈ വിവരം ഞാനറിഞ്ഞിരുന്നില്ല. ഒരു ദിവസം അവര്‍ സംഘടിച്ച് എന്റെ റൂമിലേക്ക് വന്നു. 'താങ്കളെ ഇവിടെ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഉടനെ മഹല്ല് വിട്ടുപോകണം' എന്ന് ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ് ചില ചെറുപ്പക്കാര്‍ എത്തിയപ്പോള്‍ ആദ്യത്തെ സംഘം പതിയെ പിന്‍വലിഞ്ഞു. ഞാന്‍ പോകില്ലെന്ന് ഉറപ്പായതോടെ അവര്‍ കോടതിയില്‍ കേസ് കൊടുത്തു. എന്നെ മഹല്ല് കമ്മിറ്റി പുറത്താക്കിയതാണെന്നാണ് അവര്‍ ഉന്നയിച്ചിരുന്ന വാദം. കോടതി അന്വേഷണത്തിന് കമീഷനെ വെച്ചു. അവര്‍ ഒരു വെള്ളിയാഴ്ച പള്ളിയില്‍ പരിശോധനക്കും നിരീക്ഷണത്തിനുമായി വന്നു. ആരാണ് നിലവില്‍ പള്ളിയില്‍ ഖുത്വ്ബക്കും മറ്റു മതകര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്, അദ്ദേഹത്തോടുള്ള മഹല്ല് വാസികളുടെ സമീപനമെന്ത് ഇത് അറിയാനാണ് അവര്‍ വന്നത്. മഹല്ല് വാസികളെ മാത്രമേ അന്ന് പോലീസ് പള്ളിയിലേക്ക് കടത്തിവിട്ടുള്ളൂ. ഞാന്‍ പതിവുപോലെ ഖുത്വ്ബയും നമസ്‌കാരവും നിര്‍വഹിച്ചു. ഒരാളില്‍നിന്നും ഒരു അസ്വാഭാവിക പ്രവര്‍ത്തനവും ഉണ്ടായില്ല. ഉദ്യോഗസ്ഥര്‍ എന്നെ സമീപിച്ചു. പേരും മറ്റു വിവരങ്ങളും അന്വേഷിച്ചു. പിന്നീടവര്‍ മഹല്ലിലെ വിവാഹ രജിസ്റ്ററും മദ്‌റസാ രജിസ്റ്ററുമെല്ലാം പരിശോധിച്ചു. എന്നെ മഹല്ല് പുറത്താക്കിയെന്ന് എതിര്‍ വിഭാഗം ഉന്നയിച്ച തീയതിക്കു ശേഷവും ഞാന്‍ തന്നെയാണ് മഹല്ലിലെ വിവാഹത്തിനടക്കം കാര്‍മികത്വം വഹിച്ചതെന്ന് രജിസ്റ്ററില്‍നിന്ന് എന്റെ പേരും ഒപ്പും കണ്ടതോടെ അവര്‍ക്ക് മനസ്സിലായി. അതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ആ കേസ് അവസാനിച്ചു. അന്ന് എങ്ങനെയാണോ മദ്‌റസയും പള്ളിയും മറ്റു സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് അതങ്ങനെ തന്നെ തുടരാമെന്ന് കോടതി വിധിച്ചു. പുതുതായി പരിഷ്‌കരണങ്ങളൊന്നും വരുത്തരുതെന്ന സ്റ്റാറ്റസ്‌കോയും നിലവില്‍ വന്നു. ഇടക്കാലത്ത് ആസൂത്രണം ചെയ്ത ഒരു നീക്കം മാത്രമാണ് ആ കോടതിവിധി മൂലം തടസ്സപ്പെട്ടത്. സ്ത്രീകള്‍ക്ക് പള്ളിയില്‍ നമസ്‌കരിക്കാനുള്ള സംവിധാനമായിരുന്നു അത്. പള്ളി പുതുക്കിപ്പണിതപ്പോള്‍ ഭാവിയില്‍ സ്ത്രീകള്‍ക്ക് കൂടി സൗകര്യപ്പെടുംവിധം മുകളിലത്തെ നില സംവിധാനിച്ചിരുന്നു. മഹല്ലിലെ സ്ത്രീകള്‍ തന്നെ തങ്ങള്‍ക്ക് പള്ളിയില്‍ നമസ്‌കാരസൗകര്യം ഒരുക്കണമെന്ന് മഹല്ല് കമ്മിറ്റിയോട് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. അത് പരിഗണിക്കുന്നതിനിടെയാണ് കേസും കമീഷനും കോടതിയുടെ സ്റ്റാറ്റസ്‌കോ വിധിയും വന്നത്. 1978 മുതല്‍ 1998 വരെ ഇരുപത് വര്‍ഷമാണ് ഞാന്‍ കരുവന്നൂര്‍ മഹല്ലില്‍ ഉണ്ടായിരുന്നത്. എന്‍.എ മുഹമ്മദ് സാഹിബ്, കുഞ്ഞാവക്ക, ടി.കെ.എസ് മൗലവി എന്നിവരുടെയും ചെറുപ്പക്കാരടക്കമുള്ള മഹല്ലിലെ ഭൂരിപക്ഷം പേരുടെയും പിന്തുണ കൊണ്ടാണ് കരുവന്നൂര്‍ മഹല്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചത്.

ഉമ്മാക്ക് അസുഖം ബാധിച്ചതിനാല്‍ ഞാന്‍ വീട്ടിലുണ്ടാവല്‍ അനിവാര്യമായപ്പോള്‍ 1998-ലാണ് കരുവന്നൂര്‍ മഹല്ല് വിട്ടത്. ഞാന്‍ കരുവന്നൂര്‍ വിട്ടതും നാട്ടില്‍ സ്ഥിര താമസമാക്കാനൊരുങ്ങുന്നതും അന്നത്തെ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഒ.പി ഹംസ മൗലവിയെ ആരോ അറിയിച്ചു. അദ്ദേഹം എന്നെ വിളിച്ച് നഹ്‌വും സ്വര്‍ഫുമൊക്കെ പഠിപ്പിക്കാന്‍ ശാന്തപുരത്ത് വന്നുകൂടേ എന്ന് ചോദിച്ചു. അങ്ങനെ 1999-ല്‍ ശാന്തപുരത്ത് അധ്യാപകനായി ചേര്‍ന്നു. അസുഖം ബാധിച്ച ശേഷവും മൂന്നു മാസം മുമ്പു വരെ ഞാനവിടെ ക്ലാസ്സെടുക്കാന്‍ പോയിരുന്നു. യാത്ര പ്രയാസമായതോടെ തല്‍ക്കാലം അധ്യാപനം നിര്‍ത്തിയിരിക്കുകയാണ്. എന്റെ ആയുസ്സിലെ ആരോഗ്യവും പ്രവര്‍ത്തനശേഷിയുമുള്ള നല്ല കാലം കരുവന്നൂരിലായിരുന്നുവെങ്കിലും എനിക്ക് ഏറ്റവും സംതൃപ്തിയും സന്തോഷവും നല്‍കിയ ഘട്ടം ശാന്തപുരത്തെ അധ്യാപന കാലമാണ്. ശാന്തപുരം മഹല്ലിന്റെ അസിസ്റ്റന്റ് ഖാദിയും ഖത്വീബുമായും ഇക്കാലത്ത് പ്രവര്‍ത്തിച്ചു. കേരളത്തിലുടനീളം ശിഷ്യന്മാരുണ്ടെന്നത് എത്ര സന്തോഷകരമാണ്! അവരില്‍ പലരുമിന്ന് പുതിയ തലമുറയിലെ പ്രഗത്ഭരായ സംഘാടകരും പ്രഭാഷകരും എഴുത്തുകാരുമൊക്കെയാണ്.

ശാന്തപുരത്ത് ഞാന്‍ ചെല്ലുമ്പോള്‍ കടന്നമണ്ണ മുഹമ്മദ് മൗലവി അധ്യാപകനായുണ്ടായിരുന്നു. അദ്ദേഹം പഠിപ്പിച്ചിരുന്ന ഫറാഇദ് (അനന്തരാവകാശ നിയമങ്ങള്‍) ചില ക്ലാസ്സുകളില്‍ എന്നോട് പഠിപ്പിക്കാനാവശ്യപ്പെട്ടു. മുഹമ്മദ് മൗലവി അല്‍ ജാമിഅ വിട്ടതോടെ ആ വിഷയം പൂര്‍ണമായും എന്റെ ചുമതലയിലായി. ആ വിഷയത്തില്‍ ലൈബ്രറിയില്‍ ലഭ്യമായ പൗരാണികവും പുതിയതുമായ എല്ലാ കിതാബുകളും പരിശോധിച്ച് വിശദമായ അധ്യാപന കുറിപ്പുകള്‍ ഞാന്‍ തയാറാക്കി. വിദ്യാര്‍ഥികള്‍ അവരുടെ നാടുകളില്‍ അനന്തരാവകാശ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്വേഷിക്കാനായി എന്റെ  ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. അതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ വിഷയത്തില്‍ എനിക്ക് ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി. ചിലരൊക്കെ അവരുടെ സ്വത്ത് വിഹിതങ്ങളുടെ ലിസ്റ്റുമായി വീട്ടിലേക്ക് വന്നു. പ്രശ്‌നങ്ങള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ ആ വിഷയത്തില്‍ എന്ത് പ്രശ്‌നവും പരിഹരിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. പിന്നീട് ഇടക്കാലത്ത് ശാന്തപുരത്തെ എന്റെ ക്ലാസ് രണ്ട് ദിവസമായി ചുരുങ്ങിയപ്പോള്‍ മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്ക് ഫറാഇദ് പഠിപ്പിക്കല്‍ മാത്രമായി ഉത്തരവാദിത്തം. ഇപ്പോള്‍ അധ്യാപനം നിര്‍ത്തിയപ്പോള്‍ അറബി ഭാഷയില്‍ ആ വിഷയത്തിലുള്ള എന്റെ വിശദമായ ടീച്ചിംഗ് നോട്ടുകള്‍ പുസ്തകമാക്കിയാലോ എന്ന ആലോചന വന്നു. ശാന്തപുരം അല്‍ജാമിഅ തന്നെ അതിന്റെ പ്രസിദ്ധീകരണ ചുമതലയും ഏറ്റെടുത്തു. ആ ഗ്രന്ഥം പണിപ്പുരയില്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. കരുവാരക്കുണ്ടിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിലുള്ള നാല് പള്ളികളുടെ ഖാദിയും സകാത്ത് കമ്മിറ്റി പ്രസിഡന്റും ട്രസ്റ്റിന്റെ മുഖ്യ ഭാരവാഹിയുമാണ് ഇപ്പോള്‍. ഭാര്യ ഫാത്വിമക്കൊപ്പം മക്കളായ അശ്‌റഫും ജമാലും സല്‍മയും ആഇശയും മരുമക്കളായ ഫാത്വിമയും മൈമൂനയും എന്നെ പരിചരിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്നതിനാല്‍ ഞാനിപ്പോഴും വൈജ്ഞാനിക ലോകത്ത് തുടരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്