Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

പൗരോഹിത്യം ദൈവത്തിന്റെ ശത്രുപക്ഷത്ത്

കുഞ്ഞബ്ദുല്ല അഞ്ചില്ലത്ത്

ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു ബിഷപ്പും മറ്റൊരു കേസില്‍ അഞ്ചോളം വൈദികരും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ലൈംഗികാപവാദക്കേസ് കേരളത്തിലുടനീളം വാര്‍ത്തയായിട്ട് കുറച്ച് നാളായി. വെറുമൊരു ലൈംഗികാപവാദമെന്നതിനപ്പുറം പല മാനങ്ങളും പ്രസ്തുത കുറ്റകൃത്യത്തിനുണ്ട് എന്നതാണ് മലയാളിയുടെ സാംസ്‌കാരിക പരിസരത്ത് ആ സംഭവങ്ങള്‍ ഇത്രമാത്രം അപഹസിക്കപ്പെടാന്‍ ഇടയാക്കുന്നത്. അതായത്, ഒരു കന്യാസ്ത്രീയെ പലതവണ ലൈംഗികമായി വേട്ടയാടിയെന്ന ആരോപണം ഒരു സാദാ പള്ളി വികാരിക്കെതിരെ അല്ല, അത്യുന്നതനായ ഒരു ബിഷപ്പിനെതിരെയാണ് ഉയര്‍ന്നത്. രണ്ടാമത്തെ കേസാകട്ടെ, അതിലും വൃത്തികെട്ട കുറ്റകൃത്യമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പാതിരിമാര്‍ എന്തു മാത്രം പൂജനീയത അവകാശപ്പെട്ടാലും അവരും വികാരവിചാരങ്ങളുള്ള മനുഷ്യര്‍ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ കേവലമൊരു അവിഹിത ലൈംഗിക ബന്ധവാര്‍ത്ത മാത്രമായിരുന്നുവെങ്കില്‍ ഇത്രമാത്രം പ്രശ്‌നമാക്കാതിരിക്കാന്‍ പോലീസും, തല്‍ക്കാലത്തേക്ക് ക്ഷമിക്കാന്‍ ജനങ്ങളും തയാറാകാന്‍ മാത്രം അയവുള്ള ധാര്‍മികബോധമാണ് നാമറിയുന്ന മലയാളിയില്‍ പൊതുവെ നിലനില്‍ക്കുന്നത്. എന്നാല്‍, ദൈവഭയത്താല്‍ തന്റെ പാപക്കെട്ട് ഇറക്കിവെക്കാന്‍  കുമ്പസാരക്കൂട്ടിലെത്തിയ ഒരു വീട്ടമ്മയെ ദൈവത്തിന്റെ പ്രതിനിധിയായി വന്ന പുരോഹിതന്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് മാത്രമല്ല, തെരുവിലെ ലൈംഗിക മാഫിയകളെപ്പോലും കവച്ചുവെക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ മറ്റു മൂന്ന് പാതിരി സുഹൃത്തുക്കള്‍ക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു എന്നതാണ് വളരെ ഭീകരമായ കുറ്റകൃത്യമാക്കി അതിനെ മാറ്റുന്നത്. പാപം ഇറക്കിവെക്കുന്ന കുമ്പസാരക്കൂടാണ് ഇതിനെല്ലാം കാരണമായിത്തീര്‍ന്നത് എന്നതാണ് ഏറെ വിചിത്രമായ വസ്തുത.

പരബ്രഹ്മമെന്നോ യഹോവയെന്നോ അല്ലാഹുവെന്നോ വിളിച്ചാലും പ്രപഞ്ചത്തെയും അതിനകത്തെ സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച, ഒപ്പം വിശേഷബുദ്ധിയുള്ള മനുഷ്യനെന്ന സവിശേഷ ജീവിക്കും ഉണ്‍മ നല്‍കിയ, മനുഷ്യന്റെ അകവും പുറയും ഭൂതവും ഭാവിയും അറിയുന്ന, മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും അവകാശവും അധികാരവുമുള്ള സാക്ഷാല്‍ സര്‍വേശ്വരനല്ലാതെ വേറെ മറ്റൊരാള്‍ക്കും നമ്മുടെ പാപങ്ങള്‍ പൊറുക്കാനോ പൊറുപ്പിക്കാനോ വല്ല അധികാരമോ കഴിവോ ഇല്ലെന്ന് ഏത് സാമാന്യ ബുദ്ധിക്കും ആലോചിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണ്. എന്റെ കുട്ടിക്കാലത്ത് റമദാന്‍ ആഗതമായാല്‍ നാട്ടിലെ പാവപ്പെട്ടൊരു മൊല്ലാക്ക വീടുവീടാന്തരം 'തൊവ്വാ ചെയ്യിക്കാന്‍' കയറി ഇറങ്ങാറുണ്ട് .'തൊവ്വ' എന്നാല്‍ സാക്ഷാല്‍ 'തൗബ' (പാപങ്ങളെ ചൊല്ലി പശ്ചാത്തപിക്കല്‍) ആണുദ്ദേശ്യം. മതത്തിലോ ഭൗതിക വിഷയങ്ങളിലോ ഏറ്റവും ചുരുങ്ങിയ ആശയസാക്ഷരത പോലുമില്ലാത്ത സ്ത്രീകളായിരുന്നു മൂപ്പരുടെ ഇരകള്‍. നിശ്ചിത എണ്ണം 'അസ്തഗ്ഫിറുല്ലാ' എന്ന് അദ്ദേഹം ചൊല്ലിക്കൊടുക്കലും പാപികള്‍ ഏറ്റുചൊല്ലലും പിന്നെ സാമ്പ്രദായികമായുള്ള പ്രാര്‍ഥന നടത്തി അവസാനിപ്പിക്കലുമാണ് ആകെയുള്ള ചടങ്ങ്. വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പ് മൊല്ലാക്കക്ക് ചെറുതായൊരു കൈമടക്ക് ലഭിക്കും. പ്രാര്‍ഥനക്ക് വിധേയമാകുന്നവരുടെ പാപം ദൈവം പൊറുത്താലും ഇല്ലെങ്കിലും തനിക്ക് കിട്ടുന്ന ഈ കൈമടക്കില്‍ മാത്രമാണ് പാവപ്പെട്ട ആ മൊല്ലാക്കയുടെ കണ്ണ്. പിന്നീട്, ഇത്തരം ഗ്രാമീണ മൊല്ലാക്കമാരുടെ കുടുംബത്തിലെ ദാരിദ്ര്യത്തിന് കുറച്ചൊക്കെ ആശ്വാസം ലഭിക്കുന്നൊരു സാമ്പത്തിക കാലാവസ്ഥ രൂപപ്പെട്ടുവരികയും, മറുഭാഗത്ത് മതവിഷയങ്ങളെക്കുറിച്ചുള്ള പ്രാമാണിക വായന സമൂഹത്തില്‍ വര്‍ധിച്ചുവരികയും ചെയ്തപ്പോള്‍ കഥ മാറി. തങ്ങള്‍ ഹൃദയം കൊണ്ട് തൊട്ടറിയുന്ന സാക്ഷാല്‍ അല്ലാഹുവിനോട് സ്വയം കരഞ്ഞപേക്ഷിക്കുക എന്നല്ലാതെ, പാപമോചനത്തിന് തങ്ങളെപ്പോലെയുള്ള മനുഷ്യന്‍ മാത്രമായ, കൈമടക്ക് മാത്രം ലക്ഷ്യമാക്കി വരുന്ന ഒരു പുരോഹിതന്റെ ഇടയാളത്തമൊക്കെ അധികപ്പറ്റ് മാത്രമാണെന്നും, ആത്മാര്‍ഥതയുള്ളവര്‍ക്ക് അല്ലാഹു കനിഞ്ഞുതരുന്ന പാപവിമോചനത്തിന്റെ സ്വീകാര്യതക്ക് ഇത്തരം പൗരോഹിത്യ ജാടകള്‍ വലിയ അളവില്‍  പ്രതിബന്ധം സൃഷ്ടിക്കുമെന്നും മുസ്‌ലിം സ്ത്രീകള്‍ തന്നെ ചിന്തിച്ചു തുടങ്ങി. അതോടെ ഇത്തരം അനാചാരങ്ങളൊക്കെ മുസ്‌ലിം സമൂഹത്തില്‍നിന്ന് നാടുനീങ്ങി.

എത്ര സമൃദ്ധമായ നെല്‍വയലിലും കാലക്രമേണ കളകള്‍ വളരുന്നത് സ്വാഭാവികമാണെന്ന പോലെ, പ്രവാചകന്മാര്‍ക്കു ശേഷം അവര്‍ പ്രതിനിധാനം ചെയ്ത ധര്‍മദര്‍ശനങ്ങളെ പൗരോഹിത്യം വിഴുങ്ങാന്‍ ശ്രമിക്കുന്നത് ചരിത്രത്തിലുടനീളം കാണുന്ന പ്രതിഭാസമാണ്. പക്ഷേ, എത്രമാത്രം ശക്തമായ പൗരോഹിത്യത്തിന് നടുവിലും ഇസ്‌ലാമിക ദൈവിക പ്രമാണങ്ങള്‍ വെളളം ചേരാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മേല്‍ സൂചിപ്പിച്ച പ്രകാരം പ്രത്യക്ഷപ്പെടുന്ന എത്ര വലിയ അനാചാരത്തെയും പ്രാമാണിക വിദ്യാഭ്യാസത്തിലൂടെ ക്രമേണയെങ്കിലും ഉച്ഛാടനം ചെയ്യാന്‍ കാലാകാലമുള്ള ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കള്‍ക്ക് സാധിക്കുന്നത്, സാക്ഷാല്‍ വേദപ്രമാണത്തെ കീഴ്‌മേല്‍ മറിച്ച് സ്വന്തം തീര്‍പ്പുകളെ അതിനു മേല്‍ പ്രതിഷ്ഠിക്കാന്‍ പൗരോഹിത്യത്തിന് ഇസ്‌ലാമിക സമൂഹം അത്രയെളുപ്പം നിന്നുകൊടുക്കാത്തതുകൊണ്ട് തന്നെയാണ്. പുരോഹിത വേഷക്കാരെ തങ്ങളുടെ ആത്മീയ ജീവിതയാത്രയില്‍ മുന്നില്‍ നിര്‍ത്തി അനുസരിച്ചുപോരുന്ന പ്രവണത മുസ്‌ലിം സമുദായം ചിലേടത്തൊക്കെ തങ്ങളുടെ അറിവുകേടുകൊണ്ട് ശീലിച്ചുകാണുന്നുണ്ട്. അപ്പോള്‍പോലും, ആരുടെയും കൈകടത്തലുകള്‍ക്ക് വിധേയപ്പെടുത്താന്‍ ഇന്നും സാധിച്ചിട്ടില്ലാത്ത വേദപ്രമാണത്തിന് തുല്യമല്ല പൗരോഹിത്യതീര്‍പ്പുകള്‍ എന്ന് മനസ്സിലാക്കാനുള്ള ആദര്‍ശബോധം മുസ്‌ലിം സമൂഹത്തിന് ഇന്നും കൈമോശം വന്നിട്ടില്ല. പുഴുക്കുത്തുകള്‍ പ്രത്യക്ഷമാകുന്നിടത്തൊക്കെ വേദനിഷ്ഠമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ വിജയകരമായി നടത്താല്‍ ആദര്‍ശ ശുദ്ധിയുള്ള ഇസ്‌ലാമിക പണ്ഡിതര്‍ക്കും സംഘങ്ങള്‍ക്കും ഇപ്പോഴും സാധിക്കുന്നുണ്ട്.

അതേസമയം, ലോകമതങ്ങളുടെ ചരിത്രം വായിക്കുമ്പോള്‍ പൗരോഹിത്യം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് വളര്‍ന്നതിന്റെയും ഒടുക്കം വേദപ്രമാണങ്ങളെപ്പോലും അട്ടിമറിച്ച്, തങ്ങള്‍ തന്നെയാണ് അദൃശ്യനായ ദൈവത്തിന്റെ പ്രതിനിധികളെന്ന് വരുത്തിത്തീര്‍ത്തതിന്റെയും, നിയമങ്ങള്‍ നിര്‍മിക്കുന്നതിനും സംഹരിക്കുന്നതിനുമുള്ള അധികാരം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് ജല്‍

പിച്ചതിന്റെയുമൊക്കെ നിരവധി ഉദാഹരണങ്ങള്‍ കാണാം. പല മതങ്ങള്‍ക്കും ഈ ദുരവസ്ഥ സംഭവിച്ചിട്ടുണ്ട്. മത സമൂഹത്തെ മുന്നില്‍ നടന്ന് നയിക്കുന്നു എന്നവകാശപ്പെടുന്ന പൗരോഹിത്യ  കോട്ടകൊത്തളങ്ങളില്‍നിന്നും സമൂഹമധ്യത്തിലേക്ക് പലപ്പോഴായി അടിച്ചുവീശിക്കൊണ്ടിരുന്ന ദുര്‍ഗന്ധം വമിക്കുന്ന പലതരത്തിലുള്ള കഥകള്‍ മുതല്‍, പൗരോഹിത്യ-പ്രമാണി കൂട്ടുകെട്ടിലൂടെ ലോകത്തിന്റെ പല കോണുകളില്‍ പലപ്പോഴായി  നിലനിന്ന സാമൂഹിക-രാഷ്ട്രീയ മുതലാളിത്ത ഏകാധിപത്യ വാഴ്ചകള്‍ വരെ ദൈവത്തിന്റെ ഇടം അന്യായമായി കവര്‍ന്നെടുത്ത സംഘടിത പൗരോഹിത്യത്തിന്റെ വികലദര്‍ശനത്തിന്റെ അടയാളങ്ങളായി നമുക്ക് കാണേണ്ടിവരും.

ഇപ്പോള്‍ മതവിശ്വാസികളുടെ ഇന്ത്യന്‍ പരിസരത്ത്, പ്രത്യേകിച്ച് കേരളീയ പരിസരത്ത് ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന, തീര്‍ത്തും അസാധാരണവും അതിലേറെ അരോചകവുമായ ലൈംഗികാപവാദത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ പൗരോഹിത്യ അഴുക്കു ചാലുകള്‍ നമുക്ക് ശരിക്കും കാണാനാവുന്നുണ്ട്. മത സമൂഹത്തിന്റെ തലപ്പത്ത് വിഹരിക്കുന്ന പുരോഹിതര്‍  മറ്റുള്ളവരേക്കാള്‍ വ്യത്യസ്തരായ വിശുദ്ധ പശുക്കളായാണ് തങ്ങളെ സ്വയം അവതരിപ്പിക്കാറുള്ളത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഈ വിശുദ്ധപശുവല്‍ക്കരണത്തിന് മറ്റേത് മതങ്ങളിലുള്ളതിനേക്കാളും എത്രയോ ഇരട്ടി പ്രാധാന്യം കൈവരുന്നുണ്ട്. ആഗോള ക്രിസ്ത്യന്‍ പൗരോഹിത്യസഭകളാണ്, അഥവാ അവയിലെ പൗരോഹിത്യ മേധാവികളാണ് തങ്ങളുടെ വിശ്വാസികള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ട മതനിയമങ്ങള്‍ക്കെല്ലാം രൂപം കൊടുക്കുന്നത്. ദൈവാധികാരം കൈയിലെടുത്ത് വിശ്വാസികളില്‍ ചിലരെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ പോലും അധികാരമുള്ളവരാണ് ആഗോള സഭാമേധാവികള്‍. വിശ്വാസികളുടെ കുമ്പസാരം സ്വീകരിക്കാന്‍ പോലും അധികാരമുള്ള ഇടവക അച്ചന്മാര്‍; മുഴുനീള ബ്രഹ്മചര്യത്തില്‍ കഴിയുന്ന കര്‍ത്താവിന്റെ മണവാട്ടികള്‍... ഇങ്ങനെ സ്വയം കല്‍പിതമായ ക്രിസ്ത്യന്‍ പൗരോഹിത്യ ഘടന തങ്ങളോട് മാനസികാടിമത്തം പുലര്‍ത്തി ജീവിക്കുന്ന സാധാരണ വിശ്വാസിയുടെ യുക്തിബോധത്തിന് ഒരിടവും കൊടുക്കാത്ത വിധം മൂടിപ്പൊതിഞ്ഞതാണ്. സാക്ഷാല്‍ ദൈവവചനമായി കൊണ്ടുനടക്കുന്ന വിശുദ്ധ വേദപുസ്തകത്തിലൊന്നും സഭയുടെയോ പൗരോഹിത്യത്തിന്റെയോ ഇത്തരം 'വിശുദ്ധഘടന'യോ 'ദൈവിക പ്രാതിനിധ്യ'മോ ഒന്നും കാണാന്‍ സാധിച്ചെന്നും വരില്ല. എങ്കിലും ഈ പുരോഹിതര്‍ക്ക് സ്വയം കര്‍ത്താവായ പിതാവിന്റെയും പുത്രന്റെയും ജീവിക്കുന്ന വിശുദ്ധ (തെറ്റുപറ്റാത്ത) പ്രതിനിധികളായി വിരാജിക്കാം, മനുഷ്യരിലാരെയും വിശുദ്ധരായി പ്രഖ്യാപിക്കാം, വിശ്വാസികളുടെ രഹസ്യവും പരസ്യവുമായ പാപങ്ങള്‍ കേട്ട് അവയില്‍നിന്നും മോചനം കൈവരുത്താം... ഒരു വിശ്വാസിക്ക് തന്റെ മോക്ഷവഴിയിലെ ഏതു തീര്‍പ്പുകള്‍ക്കും പൗരോഹിത്യ മാധ്യസ്ഥം മാത്രമാണ് ശരണം എന്ന് സാരം. യഥാര്‍ഥത്തില്‍ ഇങ്ങനെ തന്നെയാണോ ദൈവകല്‍പ്പിതമായ ആത്മീയ വിജയത്തെക്കുറിച്ച് പ്രവാചകന്മാരും വേദങ്ങളും നമ്മോട് സംസാരിച്ചിട്ടുള്ളത്?

 ആത്മാര്‍ഥമായി ആത്മീയ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് തന്റെ ആദര്‍ശ ജീവിതത്തിന് ഒരു തരത്തിലുള്ള പൊയ്മറകളും കെട്ടേണ്ടിവരുന്നില്ല. കാരണം, തനിക്ക് സത്യമെന്ന് ഉറപ്പുള്ളതുകൊണ്ടു മാത്രം ദൈവത്തിങ്കല്‍ സ്വയം സമര്‍പ്പിച്ചവനായിരിക്കും അവന്‍. അനാവശ്യമായ പുകമറയോ ദുരൂഹതകള്‍ നിറഞ്ഞ ദിവ്യത്വപ്രകടനമോ ഒന്നും ഒരു യഥാര്‍ഥ ദൈവവിശ്വാസിയുടെ, അല്ലെങ്കില്‍ ആത്മീയവാദിയുടെ ശൈലിയോ സ്വഭാവമോ അല്ല. മനുഷ്യര്‍ക്കിടയില്‍ തീര്‍ത്തും നിഷ്പ്രയോജനകരമായ കുറേ സ്ഥാപനങ്ങളും അതിനകത്ത് സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ (കൃഷ്ണനോ യേശുവോ മുഹമ്മദോ ചെയ്തിട്ടില്ലാത്ത വിധം) കുറേ വേഷധാരികളുമല്ലാതെ മനുഷ്യന്റെ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ സാംസ്‌കാരികമോ ആയ വിമോചന ചിന്തക്ക് വല്ല സംഭാവനയും ഈ സ്ഥാപനങ്ങളില്‍നിന്നോ അതിനകത്തെ പൂജനീയ വേഷധാരികളില്‍നിന്നോ ലഭിക്കുന്നുണ്ടോ? പല പൗരോഹിത്യ സംഘങ്ങളും വിദ്യാഭ്യാസത്തിലും ആതുരസേവന രംഗത്തും നടത്തുന്ന സംരംഭങ്ങള്‍ ചൂണ്ടിക്കാണിച്ചേക്കാം. ചൂണ്ടിക്കാണിക്കപ്പെടുന്ന അത്തരം പ്രവര്‍ത്തനങ്ങളാണ് ഭൂമിയിലെ മനുഷ്യര്‍ ഇവരെ ഓര്‍ക്കാനുള്ള ആകെയുള്ള കച്ചിത്തുരുമ്പ് എന്നും നാം ഓര്‍ക്കണം. പക്ഷേ, വ്യക്തിതലത്തിലും സാമൂഹികതലത്തിലും ഇവര്‍ വെച്ചുപുലര്‍ത്തുന്ന മൂല്യനിരാസ, വിപ്ലവരഹിത നിലപാടിലുള്ള കയ്പ്പും ചവര്‍പ്പും ഇവര്‍ നടത്തുന്ന മേല്‍പറയപ്പെട്ട ആതുരസേവന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്നില്ലേ എന്നുകൂടി ആലോചിക്കണം. ആദര്‍ശ 

ശുദ്ധിക്കും സാമൂഹിക സത്യസന്ധതക്കും ശുദ്ധ ധാര്‍മികനിഷ്ഠക്കും പകരം നില്‍ക്കാന്‍ ഒരു ചാരിറ്റി കര്‍മത്തിനുമാകില്ല എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. ഈ ഉത്തരം, പ്രവാചകന്മാരുടെയും ഋഷിമാരുടെയും അവര്‍ തങ്ങളുടെ ത്യാഗപൂര്‍ണമായ പരിശ്രമത്തിലൂടെ വിരിയിച്ചെടുത്ത ശുദ്ധ ആത്മീയാധിഷ്ഠിത സംഘങ്ങളുടെയും കാര്യത്തില്‍ ഒരു നിലക്കും പറയാന്‍ കഴിയില്ലെന്ന് അവരുമായി ബന്ധപ്പെട്ട ത്യാഗനിര്‍ഭരമായ ചരിത്രം നമ്മോട് പറയുന്നുണ്ടല്ലോ.

ഇപ്പോള്‍ സംഭവിച്ച പോലെ വൈദികരിലെ ഇത്തരം ധാര്‍മിക അപഭ്രംശങ്ങള്‍ ഇവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ബ്രഹ്മചര്യത്തിന്റെ (ബ്രഹ്മചര്യവും പൗരോഹിത്യസൃഷ്ടി തന്നെയാണെന്നോര്‍ക്കണം) അനന്തരഫലം മാത്രമാണെന്ന് വിലയിരുത്താനാവുകയില്ല. കാരണം, കത്തോലിക്കാ പുരോഹിതരുടെ മേലാണ് വിവാഹം പോലും നിഷേധിക്കുന്ന ബ്രഹ്മചര്യം നിയമമാക്കിയിരിക്കുന്നത്. എന്നാല്‍ ഓര്‍ത്തഡോക്‌സ്-സിറിയന്‍ സഭകളില്‍ അത്തരമൊരു ബ്രഹ്മചര്യമില്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അപവാദത്തില്‍ പ്രതികളായ അഞ്ച് പുരോഹിതരില്‍ മൂന്നു പേരും വിവാഹിതരാണ്. അപ്പോള്‍ ഈ നടക്കുന്ന ദുശ്ശീലങ്ങളൊക്കെയും അടിച്ചേല്‍പിക്കപ്പെട്ട ബ്രഹ്മചര്യത്തിന്റെ മാത്രം പ്രശ്‌നമായി കാണാന്‍ പറ്റില്ല. മറിച്ച്, മൊത്തം പൗരോഹിത്യ ഘടന പേറുന്ന പ്രതിസന്ധിയായി തന്നെ വേണം അതിനെ കാണാന്‍. അറിഞ്ഞിടത്തോളം ബ്രഹ്മചര്യം അടിച്ചേല്‍പിക്കപ്പെട്ട കത്തോലിക്കാ പുരോഹിതരുടെ പീഡനകഥകള്‍ സഭാ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങള്‍ക്ക് വിധേയരായി കഴിഞ്ഞുകൂടുന്ന കന്യാസ്ത്രീകളില്‍ പരിമിതമാകാറാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ പ്രതിക്കൂട്ടിലുള്ള ഓര്‍ത്തഡോക്‌സ് പുരോഹിതരുടെ ഇരകള്‍ തങ്ങളുടെ പാപങ്ങളില്‍നിന്ന് വിടുതല്‍ തേടി ഇവരെ സമീപിച്ച സാധാരണ വീട്ടമ്മമാര്‍ തന്നെയാണെന്ന് വരുമ്പോള്‍, പ്രശ്‌നം പ്രകൃതിവിരുദ്ധമായ ബ്രഹ്മചര്യം  സൃഷ്ടിക്കുന്ന ലൈംഗിക വിശപ്പിനുമപ്പുറം യുക്തിയെയും ബുദ്ധിയെയും നിഷ്‌കളങ്കമായ ദൈവ ബോധത്തെയും മറികടന്നുകൊണ്ട് പൗരോഹിത്യ ഘടന സമ്മാനിക്കുന്ന ആത്മീയനിരാസമാണെന്നു കാണാനാകും. നിലവിലുള്ള പൗരോഹിത്യ നിയമ പ്രകാരം  കിരാതകൃത്യത്തിലേര്‍പ്പെട്ട ഈ പുരോഹിതന്മാര്‍ക്ക് നാണവും മാനവും ദൈവപ്രീതിയും അത്ര വലിയ പ്രശ്‌നമല്ലാതെ വന്നാല്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല. ഇതിലും വലിയ വൃത്തികേട് ചെയ്താലും ഇവരുടെ പൗരോഹിത്യ പദവിക്ക്  ഒരു കോട്ടവും സംഭവിക്കുന്നില്ല. കാരണം സഭാ നിയമപ്രകാരം ഒരിക്കല്‍ പുരോഹിതനായവന്‍ എന്നും പുരോഹിതന്‍ തന്നെയാണ്. അച്ചപ്പട്ടം കൊടുക്കാനല്ലാതെ ഒരാളില്‍നിന്നും അത് തിരിച്ചെടുക്കാന്‍ ആര്‍ക്കും അധികാരമില്ലത്രെ! നോക്കൂ, മനസ്സും ജീവിതവും കളങ്കിതമാക്കി ജീവിക്കുന്നവര്‍ ആരായാലും അവരെ അര്‍ഹമായ ശിക്ഷക്ക് വിധേയമാക്കുക എന്നല്ലാതെ അവരുടെ ഭൂമിയിലെ പദവികളോര്‍ത്ത് അത്തരക്കാരെ രക്ഷിക്കുക എന്ന പക്ഷപാതിത്വം ദൈവിക നീതിക്ക് യോജിച്ചതാണോ?

എന്നാല്‍ ദൈവിക നിയമമായി ആഘോഷിക്കപ്പെടുന്ന പൗരോഹിത്യ നിയമം അങ്ങനെയൊക്കെയാണ്. അതായത്, ഏതു മതമായാലും, കേവലം പൗരോഹിത്യ കല്‍പനകളെ വേദകല്‍പനകളാക്കി കണക്കാക്കുന്ന ജീര്‍ണാവസ്ഥ അതിനകത്ത് ആധിപത്യം ചെലുത്തുമ്പോള്‍ സാക്ഷാല്‍ ദൈവം അവിടെനിന്നും പടിയിറങ്ങും. ആത്മീയ വിശുദ്ധിയുടെ യഥാര്‍ഥ ഭൂമിക ആ മതകൂട്ടായ്മക്ക് തീര്‍ത്തും കൈമോശം വരും. ഏതാനും വൈദികര്‍ എളുപ്പത്തില്‍ പൊറുക്കപ്പെടാന്‍ പറ്റാത്ത തെറ്റ് ചെയ്തു എന്നതല്ല വിശ്വാസികളെയും അതുപോലെ സാംസ്‌കാരിക ബോധമുള്ളവരെയും അലട്ടുന്ന പ്രശ്‌നം. മറിച്ച്, തെറ്റു ചെയ്തവരാരായാലും അതിന്റെ ഭവിഷ്യത്ത് നീതിപൂര്‍വം അവനവന്‍ അനുഭവിക്കട്ടെ എന്ന നിഷ്‌കപടമായ നിലപാടെടുക്കാന്‍ ആ മതനേതൃത്വത്തിന് സാധിക്കാതെ വരുന്നു എന്നതാണ്. ഓര്‍ത്തഡോക്‌സ് സഭ മൊത്തത്തില്‍ പിണങ്ങിയേക്കുമോ എന്നു ഭയന്ന് തുടക്കത്തില്‍ ഏറെ കാലം പോലീസ് കേസെടുക്കാന്‍ തന്നെ മടിച്ചു (ധര്‍മവും നീതിയും കളങ്കിതമാക്കപ്പെട്ട വിഷയത്തില്‍ നീതിമാനായ ദൈവത്തെ ഉപാസിച്ച് ജീവിക്കാന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കാന്‍ ബാധ്യസ്ഥരായ ആത്മീയനേതൃത്വത്തെ സര്‍ക്കാറും നിയമപാലകരും ഇങ്ങനെ ഭയപ്പെടേണ്ടി വരിക എന്നത് വിരോധാഭാസമാണ്). മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള പൗരോഹിത്യത്തിന്റെ വികല നിയമങ്ങളാണ് ഒരു വലിയ പരിധി വരെ ഈ ദുരവസ്ഥക്ക് കാരണം.

യൂറോപ്യന്‍ നവോത്ഥാന കാലഘട്ടത്തില്‍ പൗരോഹിത്യ സഭയുടെ തീരുമാനമെന്നാല്‍ സാക്ഷാല്‍ കര്‍ത്താവിന്റെ തീരുമാനം തന്നെയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മധ്യകാല നൂറ്റാണ്ടുകളില്‍ പൗരോഹിത്യം  രാജാക്കന്മാരുടെ താല്‍പര്യങ്ങള്‍ക്കായി നിലകൊണ്ടപ്പോള്‍ യൂറോപ്പില്‍ ദൈവരൂപമണിഞ്ഞ പൗരോഹിത്യ സഭയുടെ നൃശംസതകള്‍ക്ക് രാജാക്കന്മാര്‍ നിലമൊരുക്കിക്കൊടുക്കുകയും അന്നത്തെ ശാസ്ത്ര പുരോഗതിയെ ദൈവവിരുദ്ധമായി പ്രഖ്യാപിക്കുകയും ആദികാല ശാസ്ത്രജ്ഞരെ കിരാതമായി ശിക്ഷിക്കുകയും ചെയ്തു. സ്വയം ദൈവ രൂപമണിയുകയും എന്നാല്‍ നീതിമാനായ ദൈവത്തെ തന്നെ കൊച്ചാക്കുംവിധം അസത്യത്തിനും അന്യായത്തിനും അനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്ന പൗരോഹിത്യ സഭയുടെ നേരെ നോക്കി അന്ന് സഭയുടെ മതകോടതിയാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ശാസ്ത്രജ്ഞനും ദാര്‍ശനികനുമായ ജിയോഡാനോ ബ്രൂണോ പറഞ്ഞ ഒരു വര്‍ത്തമാനമുണ്ട്. അതിങ്ങനെയാണ്; 'നിങ്ങളുടെ ഈ ശിക്ഷാവിധി കേള്‍ക്കുമ്പോള്‍ എനിക്കെത്ര മാത്രം ഭയമുണ്ടോ അതിനേക്കാള്‍ എത്രയോ ഇരട്ടി ഭയത്തോടെയാണ് നിങ്ങള്‍ എനിക്കെതിരെ ശിക്ഷ വിധിക്കുന്നത് എന്ന് എനിക്ക് നന്നായറിയാം.' എന്താണ് ബ്രൂണോ ഇപ്പറഞ്ഞതിന്റെ പൊരുള്‍? എന്താണ് സത്യമെന്ന് ശിക്ഷ വിധിക്കുന്ന കോടതിക്കറിയാം. എന്നാല്‍ പോപ്പിന്റെ വിധി പ്രതിയെയും ലോകത്തെയും അറിയിക്കുക എന്നതിനപ്പുറം ആ സത്യം വിളിച്ചുപറഞ്ഞാല്‍ ബ്രൂണോയുടെ ഗതി തന്നെയാണ് തനിക്കുമുണ്ടാവുക എന്ന ഭയം ഒരു ഭാഗത്തും, എന്നാല്‍ മാര്‍പാപ്പ സ്വയം ദൈവം ചമയുന്ന പുരോഹിതന്‍ മാത്രമാണെന്ന് നന്നായറിയാവുന്നതിനാല്‍ സഭയുടെ ആധിപത്യത്തിനു വേണ്ടി താന്‍ ചെയ്യുന്ന ഈ പാതകത്തിന് നീതിമാനായ സാക്ഷാല്‍ ദൈവം തന്നോട് പരലോകത്ത് വെച്ചെങ്കിലും കണക്കു ചോദിക്കും എന്ന ഭയം മറുഭാഗത്തും. അങ്ങനെ ഇരട്ടി ഭയം പേറിക്കൊണ്ടാണ് ലോകത്തിലെ ഓരോ പൗരോഹിത്യ സംഘവും നിലകൊള്ളുന്നത് എന്ന സത്യമാണ് ബ്രൂണോ അന്ന് വിളിച്ചുപറഞ്ഞത്. 'എന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ ഞാന്‍ അവളുടെ കൈവെട്ടുകതന്നെ ചെയ്യും' എന്ന പ്രവാചകനായ മുഹമ്മദി(സ)ന്റെ പ്രശസ്ത വചനം സൂചിപ്പിക്കുന്ന നീതിബോധമാണ് ദൈവത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മതനേതൃത്വങ്ങളില്‍നിന്ന് ലോകം ആവശ്യപ്പെടുന്നത്. ദൈവത്തിന്റെ ജോലി സ്വയം ഏറ്റെടുത്ത് ദൈവം ചമയുന്ന പൗരോഹിത്യ സംഘങ്ങള്‍ സാക്ഷാല്‍ ദൈവത്തിന്റെ ശത്രുപക്ഷത്താണെന്ന് സ്വയം വിലയിരുത്തേണ്ട സന്ദര്‍ഭമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്