Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

ജന്മകര്‍മ പാപങ്ങളും കുമ്പസാരവും

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍

ക്രൈസ്തവ വിശ്വാസത്തില്‍  ജന്മപാപം, കര്‍മപാപം എന്നിങ്ങനെ പാപത്തെക്കുറിച്ച് രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. ഏഴു കൂദാശകളെ കര്‍മകാര്യങ്ങളായി പാരമ്പര്യ സഭകള്‍ കാണുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, പരിശുദ്ധ ഖുര്‍ബാന, കുമ്പസാരം, വിവാഹം, തിരുപ്പട്ടം, രോഗീലേപനം എന്നിവ. ഇതില്‍ മാമ്മോദീസ, കുമ്പസാരം എന്നിവയാണ് പാപപരിഹാര നടപടികളായി മനസ്സിലാക്കപ്പെടുന്നത്.

 

ജന്മപാപ പരിഹാരം

ക്രിസ്തുമതത്തിന് അസ്തിവാരമിട്ട പൗലോസിന്റെ വീക്ഷണത്തില്‍ ജന്മപാപത്തിന്റെ പരിഹാരമാണ് മാമ്മോദീസ. ജലത്തില്‍ മുങ്ങിയുള്ള സ്‌നാനത്തിലൂടെ ആദിപിതാവായ ആദമിലൂടെ മനുഷ്യ കുലത്തില്‍ പ്രവേശിച്ച പാപം ഇല്ലാതെയാകുന്നു. ജലത്തില്‍ മുങ്ങുമ്പോള്‍ യേശുവിനെപ്പോലെ മരിക്കുകയും പൊങ്ങുമ്പോള്‍ യേശുവിനെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ ദൈവിക നിയമമായ മോശൈക ന്യായപ്രമാണത്തിന്റെ കെട്ടുപാടുകളില്‍നിന്നും അവന്‍ മുക്തനായി. കാരണം ജീവിച്ചിരിക്കുന്നവര്‍ക്കേ ദൈവിക നിയമങ്ങള്‍ ബാധകമാവൂ. യേശുവിനോടൊപ്പം മരിച്ച് ഉയിര്‍ത്തതിനാല്‍ പുതിയൊരു സൃഷ്ടിയായി മനുഷ്യന്‍ മാറുന്നു. ഇതാണ് പൗലോസ് വിശദമാക്കുന്നത്:

''ക്രിസ്തു യേശുവിനോടു ബന്ധപ്പെടുത്തുന്നതിനു വേണ്ടി സ്‌നാനം ചെയ്യപ്പെട്ടവരായ നാം ആ സ്‌നാനം മൂലം അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടയോ? സ്‌നാനത്തില്‍ നാം ക്രിസ്തുവിനോടു കൂടി മരിക്കുകയും, കുഴിച്ചിടപ്പെടുകയും ചെയ്തു. അത് പിതാവിന്റെ മഹത്വമേറിയ ശക്തിയാല്‍ ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതുപോലെ നാമും ജീവന്റെ പാതയില്‍ നടക്കേണ്ടതിനാണ് ക്രിസ്തുവിന്റെ മരണത്തോട് നാം ഏകീഭവിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും'' (റോമര്‍ 6:3-5).

മരിച്ചവര്‍ക്ക് നിയമം ബാധകമല്ല. നിയമത്തിനു മുമ്പില്‍ മരിച്ചവരാണ് ക്രിസ്ത്യാനികള്‍. ''സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ക്രിസ്തുവിന്റെ ശരീരത്തോടു നിങ്ങള്‍ ഏകീഭവിച്ചിരിക്കുന്നതിനാല്‍ നിയമത്തിനു മുമ്പില്‍ നിങ്ങളും മരിച്ചിരിക്കുന്നു'' (റോമര്‍ 7:4).

ജീവിച്ചിരിക്കുന്നവര്‍ക്കു ബാധകമായ ന്യായ പ്രമാണം, യേശുവില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവരായ ക്രിസ്ത്യാനികള്‍ക്ക് ബാധകമല്ല. മനുഷ്യകുലത്തിന്റെ ശൈശവകാലത്തായിരുന്നു ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും ആവശ്യം. മനുഷ്യകുലത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ യേശു കുരിശില്‍ മരിച്ച് ആദാമ്യ പാപത്തില്‍നിന്നും, ന്യായപ്രമാണത്തിന്റെ അടിമത്വത്തില്‍നിന്നും, പുത്രത്വത്തിലേക്ക് മനുഷ്യകുലത്തെ ഉയര്‍ത്തി. ഇനി മേലില്‍ ഒരാള്‍ക്ക് രക്ഷിക്കപ്പെടാനുള്ള വഴി പൗലോസിന്റെ ഭാഷയില്‍ ഇപ്രകാരമാണ്: 'യേശുവിനെ കര്‍ത്താവ് എന്ന് വായകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.'

ഏകമനുഷ്യന്‍ മുഖാന്തരം മനുഷ്യകുലത്തില്‍ പ്രവേശിച്ച പാപത്തിനുള്ള പരിഹാരം, അഥവാ ജന്മപാപത്തിനുള്ള പരിഹാരം, ക്രിസ്തുമതത്തില്‍ ഈ മാമ്മോദീസ എന്ന കൂദാശയാണ്.

 

കര്‍മപാപവും പരിഹാരവും

കര്‍മപാപങ്ങള്‍ക്കുള്ള പരിഹാരമാണ് കുമ്പസാരം. ''പാപം ഏറ്റുപറയുന്നതിനാണ് കുമ്പസാരം എന്നു പറയുന്നത്. മലങ്കര മല്പാന്‍ കോറൂസോ ദശറോറോ കുര്യന്‍ കോറെപ്പിസ്‌കോപ്പാ- 'ഒരു ക്രിസ്ത്യാനി മാമ്മോദീസായ്ക്കു ശേഷം, പ്രവര്‍ത്തിച്ചതായി ഏറ്റുപറയുന്ന പാപങ്ങളെ മോചിക്കുന്ന പ്രവൃത്തി' എന്ന് കുമ്പസാരത്തെ നിര്‍വചിച്ചിരിക്കുന്നു'' (പേ. 200, വേദശബ്ദ രത്‌നാകരം).

നിത്യജീവിതത്തില്‍ വന്നുചേരുന്ന പാപപ്രവൃത്തികളില്‍നിന്ന് മനുഷ്യന്‍ ദൈവത്തോട് അനുതപിക്കണം. യോശുവ ആഖാനോട് പറഞ്ഞു: 'മകനേ, യിസ്രയേലിന്റെ ദൈവമായ യഹോവെയ്ക്കു മഹത്വം കൊടുത്ത് അവനോട് ഏറ്റുപറയുക. നീ എന്തു ചെയ്തു എന്നു പറയുക. എന്നോട് മറച്ചുവെക്കരുത് എന്നു പറഞ്ഞു' (യോശുവ 7:19).

സങ്കീര്‍ത്തനങ്ങളില്‍ കുറ്റം ഏറ്റുപറയേണ്ടതിന്റെ പ്രാധാന്യം ഇങ്ങനെ സൂചിപ്പിക്കുന്നു:

'ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു.

എന്റെ അകൃത്യം മറച്ചതുമില്ല.

എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു.

അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു'  (സങ്കീര്‍ത്തനങ്ങള്‍ 32:5).

കുമ്പസാരിക്കേണ്ടതിന്റെ ആവശ്യകത സങ്കീര്‍ത്തനങ്ങളില്‍ ദാവീദ് ഇങ്ങനെ വ്യക്തമാക്കുന്നു:

'ദൈവമേ, നിന്റെ ദയക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ

നിന്റെ കരുണയുടെ ബഹുത്വപ്രകാരം

എന്റെ ലംഘനങ്ങളെ മായിച്ചു കളയേണമേ.

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ.

എന്റെ പാപം നീക്കി നീ എന്നെ വെടിപ്പാക്കേണമേ.

എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു.

എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.

നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു.

നിനക്ക് അനിഷ്ടമായുള്ളത് ഞാന്‍

ചെയ്തിരിക്കുന്നു.

സംസാരിക്കുമ്പോള്‍ നീ നീതിമാനായും

വിധിക്കുമ്പോള്‍ നിര്‍മലനായും

ഇരിക്കേണ്ടതിനു തന്നേ'

(സങ്കീര്‍ത്തനങ്ങള്‍ 51:1-4).

സ്വന്തം പാപവും യിസ്രയേലിന്റെ പാപവും ഏറ്റുപറഞ്ഞ് ദൈവത്തോടടുക്കാന്‍ ശ്രമിക്കുന്ന ദാനിയേല്‍ പ്രവാചകന്റെ കുമ്പസാരത്തെക്കുറിച്ച് ദാനിയേല്‍ 9:20-ല്‍ കാണാം.

എന്നാല്‍ പുരോഹിതന്റെ മുമ്പാകെ പാപങ്ങള്‍ ഏറ്റുപറയണം എന്ന് ബൈബിളില്‍ എവിടെയും പറയുന്നില്ല എന്നാണ് വേദശബ്ദ രത്‌നാകരത്തില്‍ ഡോ. ഡി. ബാബുപോള്‍ പറയുന്നത്:

'എന്നാല്‍ പുരോഹിതന്റെ മുമ്പാകെ ഏറ്റുപറയണം എന്നു പഠിപ്പിക്കുന്നത് ഓര്‍ത്തഡോക്‌സ്-കത്തോലിക്കാ സഭകള്‍ മാത്രമാണ്. പ്രത്യേകമായി നല്‍കപ്പെടുന്ന പാപമോചനാധികാരം ഉള്ള ഒരു മനുഷ്യനോട് പാപങ്ങള്‍ ഏറ്റുപറയണം എന്ന് പുതിയ നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. എന്നാല്‍ സഭ വളരെ പഴയകാലം മുതല്‍ അങ്ങനെ പഠിപ്പിച്ചു. കുമ്പസാരം ഒരു കൂദാശയായി നിര്‍വചിച്ചു' (പേ. 200, വേദശബ്ദരത്‌നാകരം).

പാരമ്പര്യ ക്രിസ്തീയ സഭകളുടെ വീക്ഷണത്തില്‍ മാനസികമായി ഭദ്രമായ ഒരു സമൂഹസൃഷ്ടിക്ക് കുമ്പസാരം സഹായകമാകുന്നുണ്ട്. ഒരു കൗണ്‍സലിംഗിലേതു പോലെ വലിയ ഒരു ആശ്വാസം അത് വിശ്വാസിക്കു പ്രദാനം ചെയ്യുന്നു. പാരമ്പര്യ സഭാ വിശ്വാസപ്രകാരം, യേശു പത്രോസിനു നല്‍കിയ 'കെട്ടാനും അഴിക്കാനും' ഉള്ള അധികാരം വഴിയാണ്, പത്രോസിന്റെ പാരമ്പര്യം കൈവയ്പിലൂടെ സ്വായത്തമാക്കിയ പുരോഹിതന് കുമ്പസാരം കേള്‍ക്കാനും പാപം പൊറുത്തു കൊടുക്കാനും ഉള്ള അധികാരം കൈവരുന്നത് (മത്തായി 16:18,19).

പാരമ്പര്യ സഭാ പിതാക്കന്മാരും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ തലവനായ ലൂഥറും വ്യക്തിയുടെ മുമ്പില്‍ കുറ്റം ഏറ്റുപറഞ്ഞുള്ള കുമ്പസാരത്തെ അനുകൂലിച്ചിരുന്നു. 'കുപ്രിയാനോസ്, ബസേലിയോസ്, അംബ്രോസ്, ആഗസ്തിനോസ്, സ്വര്‍ണനാവുകാരനായ ഈവാനിയോസ്(ക്രിസോസ്തം), ജറോം തുടങ്ങിയ പിതാക്കന്മാര്‍ മാത്രമല്ല ലൂഥര്‍ പോലും ഈ കര്‍മം അംഗീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. പീഡിതമാനസര്‍ക്ക് സമാശ്വാസം നല്‍കുന്നതിന് രഹസ്യ കുമ്പസാരത്തിന് കഴിയും എന്ന മനഃശാസ്ത്രപരമായ ചിന്ത ആയിരുന്നിരിക്കാം ലൂഥറെ ഭരിച്ചത്' (പേ. 200, വേദശബ്ദ രത്‌നാകരം).

 

കുമ്പസാര രഹസ്യം

പാരമ്പര്യ സഭകള്‍ വളരെ പവിത്രമായാണ് കുമ്പസാര രഹസ്യത്തെ കാണുന്നത്. ഉദാഹരണമായി, ഒരു കപ്യാര്‍ പള്ളിയില്‍നിന്ന് മോഷ്ടിച്ച വിവരം കുമ്പസാര രഹസ്യമായി വന്നാല്‍, പുരോഹിതന് ആ സംഭവം ആസ്പദമാക്കി ഒരു നടപടിയും എടുക്കാന്‍ സഭ അനുവദിക്കുന്നില്ല. എന്തിന് ആ സമ്പത്ത് അതിന്റെ സ്ഥാനത്തു നിന്ന് മാറ്റിവെക്കാന്‍ പോലും പാടില്ല. അത്രക്കു പവിത്രമായാണ് സഭ അതിനെ കാണുന്നത്.

അത് ദുരുപയോഗം ചെയ്യുന്നു എന്നത് വളരെ ഗുരുതരമായ വിഷയമാണ്. എന്നാല്‍ ചിലയാളുകള്‍ ചെയ്ത തെറ്റുകളുടെ പേരില്‍ അവരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അടച്ചാക്ഷേപിക്കുന്നത് ശരിയോ എന്നാലോചിക്കേണ്ടതാണ്. പ്രത്യേകിച്ചും വിശുദ്ധ ഖുര്‍ആന്‍ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കെ; 'അവര്‍ എല്ലാവരും ഒരേ തരക്കാരല്ല. നേര്‍വഴിയില്‍ നേരെ നില്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ വേദക്കാരിലുമുണ്ട്. അവര്‍ രാത്രിസമയങ്ങളില്‍ നമസ്‌കരിക്കുന്നവരായി കൊണ്ട് അല്ലാഹുവിന്റെ വചനങ്ങള്‍ ഓതുന്നവരാണ്' (3:113).

 

പ്രൊട്ടസ്റ്റന്റ് വീക്ഷണം

പാരമ്പര്യ സഭകളില്‍നിന്നും വിഭിന്നമാണ് കുമ്പസാരത്തെക്കുറിച്ച പ്രൊട്ടസ്റ്റന്റ് വീക്ഷണം. ദൈവത്തോട് നേരിട്ടു പാപക്ഷമ ചോദിക്കുക എന്നതാണ് ഈ വിഷയത്തില്‍ അവരുടെ നിലപാട്. മനുഷ്യരോടു ചെയ്ത തെറ്റുകള്‍ക്ക് മനുഷ്യരോടു തന്നെ പൊരുത്തം  വാങ്ങി ദൈവസന്നിധിയില്‍ പാപമോചനത്തിനായി അര്‍ഥിക്കുകയാണ് ആ രീതി.

എല്ലാ മനുഷ്യരും പാപികളായിരിക്കെ, മനുഷ്യരില്‍ ചിലര്‍ക്ക് പാപം മോചിപ്പിക്കാന്‍ കഴിയുമെന്ന വീക്ഷണം നവീകരണത്തില്‍ വിശ്വസിക്കുന്ന, മാര്‍ത്തോമ്മാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, പെന്തക്കോസ്ത്, ബ്രദറണ്‍, സെവന്‍ത് ഡേക്കാര്‍, സാല്‍വേഷന്‍ ആര്‍മി തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകള്‍ വെച്ചുപുലര്‍ത്തുന്നില്ല.

വെളിപാട് പുസ്തകത്തില്‍ (17:1-16) സൂചിപ്പിക്കുന്ന മ്ലേഛതകളുടെയും വേശ്യമാരുടെയും മാതാവായ ബാബിലോണിയാ മതത്തിലെ, തുലാസിന്റെ ദേവനായ അനൂബിയസിന്റെ പുരോഹിതന്മാരുടെ കൗശലമായിട്ടാണ് കുമ്പസാരത്തെ പാസ്റ്റര്‍ കെ.ഇ എബ്രഹാം തന്റെ 'മഹതിയാം ബാബിലോണ്‍' എന്ന ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത്. ബഹുദൈവ വിശ്വാസങ്ങളുടെ ഭാഗമായ, ഓസിറിസ് ദേവന്റെ മുമ്പിലെ ന്യായവിധിക്ക് മുമ്പേയുള്ള ഏറ്റുപറച്ചിലായിട്ടാണ് പുരോഹിതന്മാര്‍ ഇത് ബാബിലോണിലെ ആചാരമാക്കിയിരുന്നത്. ബാബിലോണിയാ ബഹുദൈവത്വ മതത്തിന്റെ മര്‍മങ്ങളിലേക്കും രഹസ്യങ്ങളിലേക്കും ഈ രഹസ്യ കുമ്പസാരത്തിലൂടെയാണ് പ്രവേശനം നല്‍കിയിരുന്നത്. അതേപ്രകാരം തന്നെയാണ്, കുമ്പസാരം നിര്‍വഹിക്കാത്ത ക്രിസ്ത്യാനിക്ക് ഖുര്‍ബാന കൈക്കൊള്ളാന്‍ അവകാശമില്ലാ എന്ന സഭയുടെ തീരുമാനം എന്നതാണ് പ്രൊട്ടസ്റ്റന്റ് വിമര്‍ശനം.

''മര്‍മങ്ങളിലേക്കുള്ള പ്രവേശനം, പാപമേറ്റു പറച്ചില്‍ കഴിയാതെ ബാബിലോന്യ മതത്തില്‍ സാധിക്കാതിരുന്നതു പോലെ റോമാ സഭയില്‍ ഈ ഏറ്റുപറച്ചില്‍ കൂടാതെ വിശുദ്ധ കര്‍മത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതല്ല. വെറും സ്വേഛാനുസൃതമായ ഹിതത്തിനും പ്രസാദത്തിനും ഒത്തവണ്ണം കുറ്റം വിധിക്കയോ മോചിക്കയോ ചെയ്യുന്നതിന് അധികാരം സിദ്ധിച്ചു. ദൈവത്തിന്റെ നാമത്തിലും സ്ഥാനത്തും ഇരിക്കുന്ന പട്ടക്കാരന്റെ മുമ്പില്‍ ഇപ്രകാരമുള്ള കുമ്പസാരം ഓരോരുത്തരും രഹസ്യമായും തനിച്ചും ചെന്ന് കഴിക്കേണ്ടിയിരിക്കുന്നു. പാപ്പാ മതത്തില്‍ മൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന വിധം 'അധര്‍മത്തിന്റെ മര്‍മം' മുഴുവ

നും വ്യാപിക്കുന്നതിനുള്ള കേന്ദ്രസ്ഥാനം ഇതാകുന്നു. എവിടെയെല്ലാം ഇതിന് അധീനപ്പെട്ടു കിടക്കുന്നുവോ അവിടെയൊക്കെയും പട്ടത്വത്തിന്റെ നീചമായ ആധിപത്യത്തില്‍ ജനങ്ങളെ ബന്ധിക്കുന്ന കൃത്യം നിര്‍വഹിച്ചുപോരുന്നു'' (ജ. 50, മഹതിയാം ബാബിലോണ്‍).

ബാബിലോണ്‍, ഗ്രീക്ക്, റോമന്‍ ബഹുദൈവത്വ മതങ്ങളില്‍ അവയുടെ പുരോഹിതര്‍ക്കു മാത്രമേ ഇതിഹാസങ്ങള്‍ വ്യാഖ്യാനിക്കാനുള്ള അധികാരമുണ്ടായിരുന്നുള്ളൂ. അതുപോലെ വേദപുസ്തകം വ്യാഖ്യാനിക്കാനുള്ള അവകാശം പട്ടക്കാര്‍ക്കു മാത്രമേയുള്ളൂ എന്ന സഭയുടെ വാദത്തെ വെല്ലുവിളിച്ച് പുറത്തുവന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍, കുമ്പസാരം എന്ന ഒരു ബഹുദൈവ ആചാരത്തെ സഭ 'മാമ്മോദീസ' മുക്കി ക്രൈസ്തവമാക്കിയതാണ് എന്ന നിലപാടാണ് പങ്കുവെക്കുന്നത്. 

 

കൂടുതല്‍ പഠനങ്ങള്‍ക്ക്

1. വേദശബ്ദ രത്‌നാകരം - ഡി. ബാബുപോള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1997.

2. കത്തോലിക്കനും ക്രിസ്ത്യാനിയും - അലന്‍ ഷ്രെക്ക്, എമ്മാവൂസ് പബ്ലിക്കേഷന്‍സ്, എറണാകുളം 1995.

3. പെന്തക്കോസ്ത് സമൂഹങ്ങളും കത്തോലിക്കാ സഭയും - റവ. ഡോ. വര്‍ഗീസ് പെരേപ്പാടന്‍, ബിബ്ലിയ പബ്ലിക്കേഷന്‍സ്, തൃശൂര്‍ 2006.

4. പൗലോസിന്റെ ദൈവശാസ്ത്രം - ഫാ. ലൂക്ക് പൂതൃക്കയില്‍, ഛ.ട.ഒ വിമല പബ്ലിക്കേഷന്‍സ്, കാഞ്ഞിരപ്പള്ളി 2008.

5. പൗലോസ് അപ്പോസ്തലന്‍ - റിച്ചിയോത്തി, കാര്‍മല്‍ പബ്ലിഷിംഗ് സെന്റര്‍, തിരുവനന്തപുരം 2006.

6. മഹതിയാം ബാബിലോണ്‍ - പാസ്റ്റര്‍ കെ.ഇ എബ്രഹാം, കെ.ഇ എബ്രഹാം ഫൗണ്ടേഷന്‍, കുമ്പനാട് 2009.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്