ഇനിയുമുണ്ട് തുറന്നുവെക്കാന്‍ വാതിലുകളേറെ
'ലോകം മാറി കൊണ്ടിരിക്കുന്നു, കമ്യൂണിസ്റ്റുകളും. പഴയ സിദ്ധാന്തങ്ങളില്‍ ഒട്ടിനില്‍ക്കാന്‍ ഇനിയും നമുക്കാവില്ല. ഡെംഗ് സിയാവോ പിംഗ് പറയാറുള്ളതുപോലെ, സിദ്ധാന്തങ്ങളില്‍ നിന്നല്ല, വസ്തുതകളില്‍ നിന്നാണ് പഠിക്കേത്' മാറിക്കൊണ്ടിരിക്കുന്ന സമകാലിക ആഗോള - ഇന്ത്യന്‍ രാഷ്ട്രീയത്തെ മനനം ചെയ്ത്, ഹിന്ദുസ്ഥാന്‍ ടൈംസിനോട് മനസ്സ് തുറന്ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സൈദ്ധാന്തികനുമായ ബുദ്ധദേവ് ഭട്ടാചാര്യ മുമ്പ് പറഞ്ഞ വാക്കുകളാണ്, 'ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍' (ലക്കം 06) വായിച്ചപ്പോള്‍ ഓര്‍ത്തത്. ലോകതലത്തിലും ദേശീയ തലത്തിലും കേരളത്തിലും സാമാജ്യത്വ അധിനിവേശം പുതു ഭാവങ്ങളില്‍ നുഴഞ്ഞ് കയറുമ്പോള്‍, ഫാഷിസ്റ്റ് ഭീകരത സമസ്ത മേഖലകളിലും അതിന്റെ രണോത്സുകത പച്ചയായി പുറത്ത് കാട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും ആഗോള രാഷ്ട്രീയ ചലനങ്ങളെയും സസൂക്ഷ്മം നീരിക്ഷിച്ച് വിശകലനം നടത്തുന്നതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പാളിച്ചകള്‍ പറ്റിയിട്ടുണ്ട് എന്നത് സത്യമാണ്.
ഇസ്‌ലാമിസ്റ്റ് - മാര്‍ക്‌സിസ്റ്റ് ധാരകള്‍ക്കിടയില്‍ നടന്ന തുറന്ന ആശയസംവാദങ്ങള്‍ കൃത്യമായൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയതിന് പ്രായോഗിക രാഷ്ട്രീയത്തിലെ അടവ് നയങ്ങളും താന്‍പോരിമയും മറ്റുമാകാം കാരണങ്ങള്‍. അതേസമയം ആശയവൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മാര്‍ക്‌സിസ്റ്റ് -ഇസ്‌ലാമിസ്റ്റ് കൈകോര്‍ക്കല്‍ സാധ്യമെന്നാണ് പല ഇടതു നേതാക്കളുടെയും ചിന്തകരുടെയും നിലപാട്. ആണവകരാര്‍ ചൂടുപിടിച്ച കാലത്ത് ജമാഅത്ത് മുന്‍കൈയെടുത്ത് ദല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ചത് അന്നത്തെ സി.പി.എം എം.പി മുഹമ്മദ് സലീം, സി.പി.ഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജന്‍, ആര്‍.എസ്.പി എം.പി അബനിറോയ്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍ എന്നിവരായിരുന്നു. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി ദല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പി. കരുണാകരന്‍ എം.പി പങ്കെടുത്തത് വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം നടത്തിയ വിശദീകരണത്തില്‍ പറയുന്നത്, 'സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചും മുതിര്‍ന്ന നേതാവ് സീതറാം യെച്ചൂരിയുടെ അനുവാദത്തോടും കൂടിയായിരുന്നു' എന്നാണ് (9/10/12 മാധ്യമം).
സാമ്രാജ്യത്വ വെല്ലുവിളികള്‍ നേരിടാന്‍ കമ്യൂണിസ്റ്റുകാരനും മത വിശ്വാസിയും കൈകോര്‍ക്കണമെന്നാണ് മുന്‍ വനംവകുപ്പ് മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ബിനോയ് വിശ്വം 'അഹ്മദി നജാദ്: നവ സാമ്രാജ്യത്വത്തോട് മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ പറഞ്ഞത് (പ്രബോധനം, 2006 ജൂലൈ 8).
പ്രമുഖ ഇടതുപക്ഷ വിശകലന വിദഗ്ധന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറയുന്നത്: ''.... മതമൗലികതയുടെ കാര്യമൊഴിച്ചാല്‍ മതവും കമ്യൂണിസ്റ്റുമായി കേരളത്തിലോ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഏറ്റമുട്ടലിന്റെ ആവശ്യമില്ല'' (ഗള്‍ഫ് മാധ്യമം, 2007 നവംബര്‍ 2). കെ.ഇ.എന്‍ പറയുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ജമാഅത്തുമായി സഹകരിക്കണമെന്നാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജൂലൈ 10).
സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജമാഅത്ത് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക കൂട്ടായ്മകളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു (ദേശാഭിമാനി വാരിക 2007 ജൂലൈ 8) എന്നും കാണാം.
ഒ. അബ്ദുര്‍റഹ്മാന്‍ തന്റെ അഭിമുഖത്തില്‍ ഉദ്ധരിച്ച പ്രമുഖ ഇടത് ബുദ്ധിജീവിയായ പി. ഗോവിന്ദപ്പിള്ള മറ്റൊരിടത്ത് പറയുന്നത്, ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാവുന്ന പല മേഖലകളും വിഷയങ്ങളുമുണ്ട് എന്നാണ് (പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ് 2009).
സോവിയറ്റ് യൂനിയനെ തകര്‍ക്കാനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുമാണ് സി.ഐ.എ റാബിത്വ (മുസ്‌ലിം വേള്‍ഡ് ലീഗ്) രൂപീകരിച്ചതെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ (ദേശാഭിമാനി 2010 ജുലൈ 24) പറയുമ്പോള്‍, പി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം മറിച്ചാണ്: 'ഇപ്പോഴും ഇസ്‌ലാമിക ലോകത്ത് ധാരാളം ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമൊക്കെ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന അഭിപ്രായമുള്ളവരാണെങ്കിലും അത് വേണ്ടത്ര ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ല. അത്തരം കൂട്ടായ്മകളില്‍ ഒന്നായിരുന്നു അറബ് ലീഗ്. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളില്‍ ശക്തമായ തിരുമാനങ്ങള്‍ എടുക്കുന്ന ഫോറമായിരുന്നു അറബ് ലീഗ്' (പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ്).
'യാസിര്‍ അറഫാത്തിന്റെ പി.എല്‍.ഒ മതേതര ദേശീയസ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഘമാണെന്നും മതനിരപേക്ഷ രാഷ്ട്രത്തിന് പകരം പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കളായ ഹമാസാണ് പി.എല്‍.ഒയുടെ തകര്‍ച്ചക്ക് കാരണമായതെന്നും ഡോ. പി.ജെ വിന്‍സന്റ് (2010 ജൂലൈ 25) സമര്‍ഥിക്കുമ്പോള്‍, പി.ജി പറയുന്നത്, പൊളിറ്റിക്കല്‍ ഇസ്‌ലാം ഗ്രൂപ്പുകളെ ഏകീകരിക്കാനുള്ള ശ്രമം നടത്തിയത് പി.എല്‍.ഒ ആണെന്നാണ്. അവരുടെ അഴിമതിയും മറ്റു താല്‍പര്യങ്ങളുമാണ് പി.എല്‍.ഒയുടെ തകര്‍ച്ചക്ക് കാരണം. അതേസമയം ഹമാസും ഹിസ്ബുല്ലായുമൊക്കെ ജീവിത വിശുദ്ധി പുലര്‍ത്തുന്നവരും ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നവരുമാണ്. അതിനാല്‍തന്നെ ഹമാസിനെയും ഹിസ്ബുല്ലായെയും ഭീകരവാദ പ്രസ്ഥാനങ്ങളായി താന്‍ കണക്കാക്കുന്നില്ല (പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ്).
ശരീഅത്ത് സംവാദകാലത്ത് വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ വായിക്കാനോ ഇസ്‌ലാമിനെ പഠിക്കാനോ തനിക്ക് അവസരം ലഭിച്ചിട്ടില്ല എന്ന് പി.ജി തുറന്ന് സമ്മതിച്ചെന്നും ശേഷം അദ്ദേഹത്തിന് ഖുര്‍ആന്‍ പരിഭാഷ എത്തിക്കാന്‍ ഏര്‍പ്പാടാക്കിയെന്നും അഭിമുഖത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍ സൂചിപ്പിക്കുന്നുണ്ട്. ഹദീസും ഖുര്‍ആനും വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത് ഇസ്‌ലാം മതനിരപേക്ഷ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണെന്ന് പറയുന്ന (പ്രബോധനം അറുപതാം വാര്‍ഷിക പതിപ്പ്) പി.ജിയെയാണ് പിന്നീട് നാം കാണുന്നത്. തീര്‍ന്നില്ല, 'പി.ജിക്ക് ഇഷ്ടപ്പെട്ട മതമേതാണെന്ന് വ്യക്തമാക്കാമോ? ജീവിതത്തില്‍ ഒരു മതം തെരഞ്ഞെടുക്കേണ്ടിവന്നിരുന്നെങ്കില്‍ ഏതായിരിക്കും തെരഞ്ഞെടുത്തിരിക്കുക?' എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത്, 'ഒരു മതത്തിന്റെ ആവശ്യം ജീവിതത്തിലുണ്ടായിട്ടില്ല. പലതും വെച്ചു നോക്കുമ്പോള്‍ ഏറ്റവും നല്ല മതം ഇസ്ലാമാണെന്നും പുണ്യ ഗ്രന്ഥങ്ങളിലേക്ക് വെച്ച് ഏറ്റവും നല്ലത് ഖുറാനാണെന്നുമാണ് എന്റെ അഭിപ്രായം' (സമകാലിക മലയാളം വാരിക, ഓണപ്പതിപ്പ് 2008, പേജ് 287).
മാര്‍ക്‌സിന്റെ മാത്രമല്ല ലോകത്തെ സ്വാധീനിച്ച എല്ലാ മഹാന്മാരുടെയും ആശയങ്ങളും വരികളും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. പരിവര്‍ത്തിപ്പിക്കേണ്ടതാണ്. എങ്കിലേ നിലനില്‍ക്കുന്ന അനീതികളും അസമത്വങ്ങളും അസഹിഷ്ണുതകളും കെട്ട് കെട്ടിക്കപ്പെടുകയുള്ളൂ. കാലഘട്ടം തേടുന്ന നന്മ, സഹജീവി സ്‌നേഹം, സമത്വബോധം, പ്രതിപക്ഷ ബഹുമാനം, വിശാല തല്‍പ്പരത എന്നിവ പ്രയോഗവല്‍ക്കരിക്കാത്ത വായന മാര്‍ക്‌സിന്റേതായാലും ഇസ്‌ലാമിക ധാരകളുടേതായാലും അവ പ്രായോഗിക ജീവിത പരിസരങ്ങളില്‍ നവംനവങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്നതല്ലെങ്കില്‍ പ്രയോജനവുമില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇസ്‌ലാമും ഇടതുപക്ഷവും
ഇസ്‌ലാമിനെ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നവല്‍ക്കരിക്കുന്നത് മാര്‍ക്‌സിസ്റ്റുകളാണ്. ജനസംഘത്തില്‍നിന്നും ബി.ജെ.പി ഉദയം ചെയ്യുകയും, ഹിന്ദുമത ടൂളുകള്‍ രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ (പ്രത്യക്ഷമായി) തുടങ്ങുകയും ചെയ്ത് നാള്‍ മുതല്‍ (1980) ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം അതിനെ നേരിട്ടത് ന്യൂനപക്ഷ വര്‍ഗീയതയും അപകടകരമാണ് എന്ന വാദവും ഉയരത്തിക്കൊായിരുന്നു.
മുസ്‌ലിം ലീഗിന്റേത് വര്‍ഗീയ രാഷ്ട്രീയവും ജമാഅത്തെ ഇസ്‌ലാമിയുടേത് മതമൗലികവാദവുമാണെന്നും അതു കൊണ്ട് തന്നെ ബി.ജെ.പി ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയും മുസ്‌ലിം ലീഗ് പോലുള്ളവര്‍ ഉയര്‍ത്തുന്ന ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന് ഭീഷണിയാണെന്നും നിരന്തരം സ്റ്റേജും പേജും ഉപയോഗിച്ച് നടത്തിയ പ്രചണ്ഡമായ പ്രചാരണം പക്ഷേ ഏറ്റവുമധികം ഗുണം ചെയ്തത് ബി.ജെ.പിക്കായിരുന്നു എന്ന് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധ്യമാവും. ഇ.എം.എസ്സിന്റെ തന്നെ മുന്‍കൈയില്‍ തിമിര്‍ത്താടിയ ശരീഅത്ത്വിരുദ്ധ കാമ്പയിന്‍ സംഘ് പരിവാറിന് ഗുണം ചെയ്തത് ടി.ടി ശ്രീകുമാര്‍ അടയാളപ്പെടുത്തുന്നത് കാണുക: ''ഇ.എം.എസ് തുടക്കമിട്ട ശരീഅത്ത് വിവാദം മുതല്‍ക്കാണ് കേരളത്തില്‍ ശക്തമായ ഹിന്ദുത്വ വികാരം തുടങ്ങിയത്. ഭരണഘടനാപരമായി ന്യുനപക്ഷങ്ങള്‍ സംഘടിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പോലും വര്‍ഗീയതയായി ചിത്രീകരിച്ച് കൊണ്ട് കേരളത്തില്‍ മോങ്ങാനിരുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ തലയില്‍ തേങ്ങ ഇട്ട് കൊടുത്തത് മുതല്‍ കേരളത്തില്‍ പ്രസക്തമല്ലാതിരുന്ന ന്യൂനപക്ഷ വര്‍ഗീയത എന്ന അമൂര്‍ത്ത ആശയവും വളരെ പെട്ടെന്ന് പ്രബലമായി തീര്‍ന്നു.
ഇ.എം.എസ്സാണ് അതിന് തുടക്കമിട്ടതെങ്കിലും അത് സവര്‍ണ ഫാഷിസത്തിന്റെ മുന്നില്‍ വലിയ ആയുധമായി മാറി. ദേശീയതലത്തില്‍ തന്നെ അപ്പോള്‍ രൂപംകൊണ്ടിരുന്ന ബി.ജെ.പിക്ക് അതൊരു പ്രചാരണോപാധിയായി മാറി. അപരത്വത്തെ എങ്ങനെ നിര്‍വചിക്കണം എന്നതിനെ കുറിച്ചുള്ള അവരുടെ ആശങ്കകളെ അത് ദൂരീകരിച്ചു. അപരത്വം ന്യൂനപക്ഷ വര്‍ഗീയത എന്ന തിന്മയാണെന്ന് വളരെ വേഗം മുദ്രയടിക്കപ്പെട്ടു'' (ടി.ടി ശ്രീകുമാര്‍, മാധ്യമം 2016 മെയ് 24).
ഏറ്റവും അവസാനം അഭിമന്യു കൊലപാതകം പോലും മുസ്‌ലിംകളിലേക്ക് ചേര്‍ത്തു വെച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് സൈബര്‍ പോരാളികള്‍ ഫലത്തില്‍ ബി.ജെ.പിക്ക് വിടുവേല ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികള്‍ ഇസ്‌ലാമികമല്ലെന്ന് മുസ്‌ലിം പണ്ഡിതന്മാരുടെ പ്രസ്താവനകള്‍ വന്നിട്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാന്‍ ഉത്സാഹം കാണിക്കുന്ന സഖാക്കള്‍ ഇസ്‌ലാം ഭീകരമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് തിരിച്ചറിയാതെ പോവുന്നു.
മറുഭാഗത്ത് സംഘ് പരിവാര്‍ ശക്തികള്‍ ഹിന്ദു ഏകീകരണം നടത്തുന്നത് 'ഇസ്‌ലാം ഭീകരത' പ്രചരിപ്പിച്ച് കൊണ്ടാണെന്ന് എന്തേ സഖാക്കളറിയാതെ പോവുന്നു?
അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് ജൂലൈ 11 ജന്മഭൂമി പത്രത്തിലെ ലേഖനം ഒരാവൃത്തി വായിച്ചാല്‍ കാര്യങ്ങളെ സംഘ് പരിവാര്‍ എത്ര സമര്‍ഥമായി തങ്ങളുടെ അജണ്ടയിലേക്ക് കൊണ്ടുപോവുന്നു എന്ന് ബോധ്യമാവും.
അതുകൊണ്ട് ഏതൊരു വിഷയത്തില്‍, ഇടതുപക്ഷം ഇസ്‌ലാമിനെ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവോ അതിന്റെ ഗുണഫലം അവസാന വിശകലനത്തില്‍ ആര്‍ക്ക് കിട്ടുന്നു എന്നു കൂടി പഠിക്കാന്‍ സി.പി.എം, പ്രത്യേകിച്ച് അവരുടെ സൈബര്‍ പോരാളികള്‍ തയാറാവുന്നില്ലെങ്കില്‍ ചുവപ്പ് കാവിയാകാന്‍ അധിക നാള്‍ വേണ്ടി വരില്ല.
കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍
Comments