Prabodhanm Weekly

Pages

Search

2012 ജനുവരി 21

ടി.പി ഹസന്‍ മാസ്റര്‍


കൊണ്ടോട്ടിയിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം നേതൃത്വം നല്‍കി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു 2011 നവംബര്‍ 11-നു വിടപറഞ്ഞ ടി.പി ഹസന്‍ മാസ്റര്‍. പത്തു വര്‍ഷം മുമ്പ് കൊണ്ടോട്ടി ഏരിയ വിഭജിച്ച് കൊണ്ടോട്ടി, യൂനിവേഴ്സിറ്റി, മോങ്ങം എന്നീ ഏരിയകളാക്കി ഭാഗിച്ചപ്പോള്‍ കൊണ്ടോട്ടി പ്രാദേശിക ജമാഅത്ത് അമീറായിരുന്ന ടി.പി ഹസന്‍ മാസ്ററെ തന്നെ ഓര്‍ഗനൈസറായി നിശ്ചയിച്ചപ്പോള്‍ രോഗിയായിരുന്ന അദ്ദേഹം ആ ജോലി കൂടി ഏറ്റെടുത്തു. കൊണ്ടോട്ടി ഏരിയ ചടുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു പ്രവര്‍ത്തിച്ചു. വനിതാ യൂനിറ്റുകള്‍ സജീവമാക്കി. യൂനിറ്റ് സന്ദര്‍ശനവേളയില്‍ നടത്തിയിരുന്ന ഉദ്ബോധനങ്ങള്‍ ആളുകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വ്യക്തികളെ നേതൃത്വത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. പിന്നീട് കൊണ്ടോട്ടി മേഖലാ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
 1963 ജൂലൈ ഒന്നാം തീയതി തറമ്മല്‍ പുത്തന്‍ പീടിയേക്കല്‍ സൈതാലി മൊല്ലയുടെയും ബിവിയുടെയും മകനായി  രണ്ടത്താണിയില്‍ ജനിച്ച ടി.പി ഹസന്‍ മാസ്റര്‍ 1956-ലാണ് കൊണ്ടോട്ടിക്കടുത്ത തവനൂരില്‍ ജോലിയാവശ്യാര്‍ഥം എത്തുന്നത്. തവനൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി ചെയ്ത അദ്ദേഹം പ്രദേശത്തെ മത-സാമൂഹിക സേവന മേഖലകളിലെ കര്‍മോത്സുകനായ അമരക്കാരനായി മാറി. മൂന്നു പതിറ്റാണ്ടു നീണ്ട അധ്യാപന ജീവിതം മൂന്ന് തലമുറകളുടെ ഗുരുവാകാനുള്ള ഭാഗ്യം അദ്ദേഹത്തിന് നല്‍കി.
തവനൂരിലെ ആദ്യ ലൈബ്രറിയും ഇസ്സത്തുല്‍ ഇസ്ലാം മദ്റസയും പള്ളിയും സ്ഥാപിക്കുന്നത് ഹസന്‍ മാസ്ററുടെ നേതൃപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വയോജന ക്ളാസ്സുകള്‍, ഖുര്‍ആന്‍ ക്ളാസ്സുകള്‍ എന്നിവ സംഘടിപ്പിക്കുകയും പോസ്റ് ഓഫീസ്, റോഡ്, റേഷന്‍ കട എന്നിവ സ്ഥാപിച്ചു കിട്ടുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു. കിഴിശ്ശേരിയിലെ മസ്ജിദുര്‍റഹ്മാന്‍ നിര്‍മിക്കുന്നതില്‍ സജീവ പങ്കുവഹിച്ചു.
തവനൂരിലെത്തുന്ന കാലത്ത് മുജാഹിദ് പ്രവര്‍ത്തകനും കമ്യൂണിസ്റ് അനുഭാവിയുമായിരുന്ന മാസ്റര്‍ വായനയുടെയും പഠനത്തിന്റെയും ഫലമായി ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, നേതൃത്വത്തിലേക്ക് വളര്‍ന്നു. നാടിന്റെ പൊതുകാര്യങ്ങളിലെല്ലാം സജീവ സാന്നിധ്യമായും സംഘാടകനായും രംഗത്തുണ്ടായിരുന്നു. 1975-ലെ അടിയന്തരാവസ്ഥയുടെ നാളുകളില്‍ പോലും ഇവിടെ പ്രവര്‍ത്തനം നിലച്ചിരുന്നില്ല. ഇതിന്റെ പേരില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രേരണയില്‍ അദ്ദേഹത്തെയും മറ്റൊരു പ്രവര്‍ത്തകനായിരുന്ന പി.എ അഹ്മദ് കുട്ടി ഹാജിയെയും നിലമ്പൂര്‍ ഭാഗത്തേക്ക് സ്ഥലം മാറ്റുകയുണ്ടായി.
1978-ല്‍ തവനൂരില്‍ സ്ഥാപിച്ച നൂറുല്‍ ഇസ്ലാം ട്രസ്റിനു കീഴില്‍ പള്ളി, മദ്റസ, നഴ്സറി സ്കൂള്‍ എന്നിവ നടന്നുവരുന്നു. മരിക്കുന്നതുവരെ ഹസന്‍ മാസ്റര്‍ തന്നെയായിരുന്നു ട്രസ്റിന്റെ ചെയര്‍മാന്‍. കൊണ്ടോട്ടി മസ്ജിദുല്‍ ഇഹ്സാന്‍ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
കൃത്യമായ സമയം നിശ്ചയിച്ച് ദിവസവും ഖുര്‍ആനും ഇസ്ലാമിക സാഹിത്യങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ രീതി മാതൃകാപരമാണ്. പരേതയായ പി.കെ നഫീസ, ഹഫ്സത്ത് ഈരാറ്റുപേട്ട എന്നീ ഭാര്യമാരിലായി അദ്ദേഹത്തിന് ആറ് ആണ്‍മക്കളും എട്ട് പെണ്‍മക്കളുമുണ്ട്.
എഞ്ചിനീയര്‍ കുഞ്ഞഹമ്മദ്
പറമ്പാടന്‍


എം. ഇബ്റാഹീം കുട്ടി
കണ്ണനല്ലൂര്‍ പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്ന ഇബ്റാഹീം കുട്ടി സാഹിബിനെ അപ്രതീക്ഷിതമായി പിടികൂടിയ അപൂര്‍വരോഗം അല്ലാഹുവിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഉള്‍നാടന്‍ ഗ്രാമമായ കണ്ണനല്ലൂരില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ പ്രസ്ഥാനം നട്ടുവളര്‍ത്തുന്നതില്‍ അദ്ദേഹം നല്‍കിയ സേവനം വലുതാണ്. ഹല്‍ഖാ സെക്രട്ടറി, സകാത്ത് കമ്മിറ്റി സെക്രട്ടറി, ഹുദാ സെന്റര്‍ ജോ. സെക്രട്ടറി എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രസ്ഥാനം എന്നും അദ്ദേഹത്തിന് ഹരമായിരുന്നു. പ്രസ്ഥാന സംരംഭങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നു. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ മാത്രം നേരിടും. സബ് രജിസ്ട്രാറായി റിട്ടയര്‍ ചെയ്ത ശേഷം സ്റേറ്റ് ലൈസന്‍സുള്ള ഡോക്യുമെന്റ് റൈറ്റര്‍ എന്ന നിലയില്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രേഷനുകളും നടത്തുന്നതില്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്.  കുടുംബത്തെയും പ്രസ്ഥാന മാര്‍ഗത്തില്‍ നയിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
എം. അബ്ദുല്‍ അസീസ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം