ലൗ ജിഹാദ് കെട്ടടങ്ങിയോ?
2009 ആഗസ്റ്റ് മുതല്‍ നാലു മാസക്കാലത്തോളം കേരളത്തില്‍ വന്‍ വിവാദമായി കത്തിനിന്ന 'ലൗ ജിഹാദ്' ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ സൃഷ്ടിച്ച കെട്ടുകഥയാണെന്ന് ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നു. തെക്കന്‍ കേരളത്തിലെ സമ്പത്തും സ്വാധീനവുമുള്ള കുടുംബങ്ങളില്‍ പെട്ട രണ്ട് അമുസ്‌ലിം യുവതികളും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള യുവാക്കളും തമ്മില്‍ നടന്ന പ്രണയ വിവാഹത്തെത്തുടര്‍ന്ന് ഉടലെടുത്ത കോടതി വ്യവഹാരത്തിന്റെ ഭാഗമായിട്ടാണ് ഈ വിവാദം തീക്കൊളുത്തപ്പെട്ടത്. ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ പ്രണയം നടിച്ച് വശീകരിച്ച് മതം മാറ്റുന്ന മുസ്‌ലിം തീവ്രവാദ പ്രസ്ഥാനം കേരളത്തില്‍ സജീവമാണെന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വരിച്ച സ്ത്രീകള്‍ അവരുടെ ഇരകളാണെന്നും തല്‍പരകക്ഷികള്‍ വാദിച്ചു. ഈ ഭീകര പ്രസ്ഥാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബഹു: ഹൈക്കോടതി പോലീസിനോടും ആഭ്യന്തര വകുപ്പിനോടും ആവശ്യപ്പെട്ടതോടെ 'ലൗ ജിഹാദ്' കേരളം നേരിടുന്ന ഏറ്റവും ഭീകരമായ ഭീഷണിയായിത്തീര്‍ന്നു. മാധ്യമങ്ങള്‍ അത് മത്സരിച്ചാഘോഷിച്ചു.
മതേതരത്വത്തിന്റെയും സമുദായ സൗഹാര്‍ദത്തിന്റെയും മിശിഹകളും മുത്തശ്ശികളുമായി ചമയുന്ന വന്‍കിട പത്രങ്ങള്‍ മുതല്‍ പ്രാദേശിക സായാഹ്ന പത്രങ്ങള്‍ വരെ 'പൊട്ടിക്കാന്‍ ലൗ ബോംബു'കളുടെ പരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ സ്‌ത്രൈണ യൗവനത്തില്‍ 'ജിഹാദികള്‍' നടത്തുന്ന ഭീകര താണ്ഡവത്തിന്റെ സ്‌തോഭജനകമായ കഥകള്‍ മാധ്യമ ചര്‍ച്ചകളില്‍ തിളച്ചുമറിഞ്ഞ കാലം. പ്രത്യേകം പരിശീലിപ്പിച്ചയച്ച മുസ്‌ലിം യുവാക്കള്‍ പ്രണയം നടിക്കുന്നു. ഹിന്ദു-ക്രിസ്ത്യന്‍ യുവതികള്‍ അതില്‍ വീഴുന്നു. ഉടനെ അവരെ പര്‍ദയില്‍ പൊതിഞ്ഞുകൊണ്ടുപോകുന്നു. മതം മാറ്റുന്നു. പിന്നെ തീവ്രവാദ പരിശീലനത്തിനയക്കുന്നു. മയക്ക് മരുന്നു വ്യാപാരത്തിനു നിയോഗിക്കുന്നു. ചെന്തെരുവുകളില്‍ വില്‍ക്കുന്നു. മുന്നൂറോളം കേരളീയ യുവതികള്‍ പ്രണയ വലയില്‍ കുടുങ്ങി നരകിക്കുന്നു. കര്‍ണാടകത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ടത് മൂവായിരത്തോളം പേരാണ്. നാലായിരം ഇന്ത്യന്‍ യുവതികള്‍ പാകിസ്താനിലേക്കയക്കപ്പെട്ടിരിക്കുന്നു.... കഥകള്‍ അങ്ങനെ നീണ്ടുപോയി. 'ലൗ ജിഹാദ്' ഒരു ഭാവനാ സൃഷ്ടിയാണെന്നും അതിന്റെ പേരില്‍ മതവിദ്വേഷം വളര്‍ത്തുന്ന കഥകള്‍ പ്രചരിപ്പിക്കുന്നത് ആപത്കരമാണെന്നും കാര്യവിവരവും വിവേകവുമുള്ളവര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും ആഘോഷ ലഹരിയിലായിരുന്ന മാധ്യമങ്ങളോ മുതലെടുക്കാന്‍ വെമ്പുന്ന തല്‍പര കക്ഷികളോ ശ്രദ്ധിക്കുകയുണ്ടായില്ല. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളെ കൂടി മുസ്‌ലിം വിരുദ്ധതയില്‍ തങ്ങളുടെ പങ്കാളികളാക്കാന്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് കഴിഞ്ഞു. ക്രൈസ്തവ സഭയും സാവേശം മുന്നോട്ടുവന്നു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പ്രണയവലയിലകപ്പെട്ട് കാണാതായ യുവതികളുടെ ലിസ്റ്റ് കെ.സി.ബി.സി പുറത്തുവിട്ടു. ഇങ്ങനെ കേരളത്തിന്റെ പൊതുബോധം മുസ്‌ലിംവിരുദ്ധമാക്കാനുള്ള നാനാതരം തന്ത്രങ്ങള്‍. സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കരിമ്പുക പടര്‍ത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ് അച്യുതാനന്ദന്റെ കമ്യൂണിസ്റ്റ് മനസ്സില്‍ നിന്നു പോലും മുസ്‌ലിം വിരോധം വമിക്കുന്നത് കണ്ട് സമുദായം അന്ധാളിച്ചുപോയ നാളുകളാണത്. ഇതൊക്കെയായിട്ടും കേരളം സാമുദായിക കലാപത്തിലേക്ക് വഴുതിവീഴാതിരുന്നത് ദൈവാനുഗ്രഹം.
'ലൗ ജിഹാദു'മായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന കുപ്രചാരണങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയായിരുന്നുവെന്നും യു.പിക്കാരന്‍ മാര്‍ഗിര്‍ കൃഷ്ണ എന്നയാള്‍ ഹിന്ദു ജാഗൃദി ഡോട്ട് ഓര്‍ഗ് (hindujagruti.org) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വെബ് സൈറ്റാണ് അതിന്റെ ഉറവിടമെന്നും ഇപ്പോള്‍ സൈബര്‍ പോലീസ് വെളിപ്പെടുത്തിയത് ഏറെ ആശ്വാസകരം തന്നെ. ഇതിനകം സൃഷ്ടിക്കപ്പെട്ട സംശയവും അവിശ്വാസവും പൂര്‍ണമായി ദൂരീകരിക്കാന്‍ പോലീസിന്റെ ഈ വെളിപ്പെടുത്തല്‍ മാത്രം പോരാ. അതിന് ജനമനസ്സുകളില്‍ അതൊക്കെ ജനിപ്പിച്ച മാധ്യമങ്ങളും സംഘടനകളും കൂടി മുന്നോട്ടുവരേണ്ടതുണ്ട്. പക്ഷേ, ലൗ ജിഹാദിന് വെണ്ടക്ക നിരത്തിയ പത്രങ്ങളില്‍ പലതും അതൊരു കെട്ടുകഥയായിരുന്നുവെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി പോലും കണ്ടില്ല. ഹിന്ദുത്വത്തിന്റെ വക്താക്കളാവട്ടെ, പോലീസ് വെളിപ്പെടുത്തല്‍ ലൗ ജിഹാദിനെ കെട്ടുകഥയാക്കാനുള്ള കുത്സിത നീക്കമായി വിലയിരുത്തി തങ്ങളുടെ പ്രചാരണം പൂര്‍വോപരി ശക്തിയോടെ തുടരുകയാണ്. കെ.സി.ബി.സി മാത്രമാണ് അന്ന് നടന്നത് മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമമായിരുന്നുവെന്ന് മനസ്സിലാക്കുന്നതായി സമ്മതിച്ചിട്ടുള്ളത്. അത്രയും നല്ലത്. ആ ശ്രമത്തില്‍ പങ്കാളികളായ കെ.സി.ബി.സിക്ക് അത് സമൂഹത്തിലുളവാക്കിയ വിടവുകളും വിള്ളലുകളും പരിഹരിക്കുന്നതിന് മുന്നോട്ട് വരാന്‍ ബാധ്യതയുണ്ട്. പത്രങ്ങള്‍ തങ്ങള്‍ക്ക് നീതിബോധവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടെന്നവകാശപ്പെടുന്നത് സത്യമാണെങ്കില്‍, ലൗ ജിഹാദുമായി ബന്ധപ്പെട്ട് പണ്ട് പ്രസിദ്ധീകരിച്ച കഥകള്‍ കരിങ്കള്ളങ്ങളായിരുന്നുവെന്ന് തുറന്നു പറയാന്‍ തയാറാകണം.സൈബര്‍ പോലീസ് കണ്ടെത്തിയ, ലൗ ജിഹാദിന്റെ യഥാര്‍ഥ ഉപജ്ഞാതാക്കളും ഉറവിടങ്ങളും ആരാണെന്നും എവിടെയാണെന്നും വായനക്കാര്‍ക്ക് കാണിച്ചുകൊടുക്കുകയും വേണം. അസത്യം പ്രചരിപ്പിക്കുകയും സത്യം മൂടിവെക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണല്ല; ഛിദ്രശക്തികളുടെ വൈതാളികരാണാകുന്നത്.
Comments