Prabodhanm Weekly

Pages

Search

2012 ജനുവരി 21

ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ എങ്ങനെ പരിഷ്‌കരിക്കണം?

മൗലാനാ മൗദൂദി

ചോദ്യം:  ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ എനിക്ക് വലിയ ആശയക്കുഴപ്പമുണ്ട്. ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത് ഇസ്‌ലാമിക വീക്ഷണത്തില്‍ നിയമാനുസൃതമാണോ എന്ന് തീരുമാനിക്കാനാവുന്നില്ല. നിലവിലുള്ള രീതികള്‍ നിയമാനുസൃതമല്ലെങ്കില്‍ എന്തൊക്കെ ഭേദഗതികളാണ് വരുത്തേണ്ടത്? ഇന്നത്തെ സാഹചര്യത്തില്‍ ഈ ഇടപാട് തീരെ വേണ്ടെന്ന് വെക്കുകയാണെങ്കില്‍, അതിന്റെ നിരവധി പ്രയോജനങ്ങള്‍ പൊതുജനത്തിന് നഷ്ടമാവും. ഇന്‍ഷുറന്‍സിന് ലോക വ്യാപകമായി ഒരു നിയത രൂപമുണ്ട്. എല്ലാ രാഷ്ട്രങ്ങളും അതില്‍ പങ്കാളികളും അതിന്റെ ഗുണഭോക്താക്കളുമാണ്. നമുക്കാണെങ്കില്‍ ആശയക്കുഴപ്പവും ചാഞ്ചല്യവും ഒട്ടും തീരുന്നില്ല. ഇക്കാര്യത്തില്‍ താങ്കള്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തരം: നിലവിലുള്ള ഇന്‍ഷുറന്‍സ് ബിസിനസിനെ നിയമാനുസൃതമല്ലാതാക്കുന്ന മൂന്ന് തടസ്സവാദങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് ഉന്നയിക്കുന്നുണ്ട്.
ഒന്ന്: പ്രീമിയം എന്ന നിലക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ശേഖരിക്കുന്ന തുകയുടെ വലിയ പങ്കും പലിശാധിഷ്ഠിത സംരംഭങ്ങളിലാണ് നിക്ഷേപിക്കുന്നത്. പോളിസി ഓഹരിക്കാര്‍ സ്വാഭാവികമായും നിയമാനുസൃതമല്ലാത്ത ഈ കച്ചവടത്തിന്റെ പങ്കാളികളായി മാറുന്നു.
രണ്ട്: മരണം, അപകടം, നഷ്ടം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കമ്പനി ഒരു നിശ്ചിത തുക നല്‍കുമ്പോള്‍ തികഞ്ഞ യാദൃഛികതയെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. അതിനൊരു തരം ചൂതാട്ട സ്വഭാവമുണ്ട്.
മൂന്ന്: പോളിസിയെടുത്ത ആള്‍ മരിച്ചാല്‍ അയാളുടെ പേരില്‍ ലഭിക്കുന്ന തുക നിയമാനുസൃത അവകാശികള്‍ക്ക് ചട്ടപ്രകാരം വീതിച്ച് നല്‍കണമെന്നതാണ് ഇസ്‌ലാമിക വിധി. പക്ഷേ, ഈ നിയമാനുസൃത അവകാശികള്‍ക്കല്ല കമ്പനി തുക നല്‍കുന്നത്. പോളിയെടുത്തയാള്‍ ആരെയാണോ നോമിനേറ്റ് (വസ്വിയ്യത്ത്) ചെയ്തത് അയാള്‍ക്കാണത് കിട്ടുക. അനന്തരാവകാശികളുടെ കാര്യത്തില്‍ ഇത്തരം വസ്വിയ്യത്ത് ഇസ്‌ലാം അനുവദിക്കുന്നില്ല.
എങ്കില്‍ ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ ഊന്നി എങ്ങനെ ഇന്‍ഷുറന്‍സ് നടത്താം എന്നാണ് തിരിച്ചുള്ള ചോദ്യമെങ്കില്‍, അതിന് ഉത്തരം പറയുക വളരെ പ്രയാസകരമാണ്. ഇന്‍ഷുറന്‍സ് ബിസിനസ്സിലും ഇസ്‌ലാമിക ശരീഅത്തിലും ഒരുപോലെ അവഗാഹമുള്ള പണ്ഡിതരും വിദഗ്ധരും ഒന്നിച്ചിരുന്നാണ് ഇസ്‌ലാമികമായി ഈ ഇടപാട് എങ്ങനെ സാധുവാക്കാം എന്ന് ചിന്തിക്കേണ്ടത്. ഈ പഠനം നടക്കാത്തേടത്തോളം കാലം ഇതില്‍ ഇപെടുമ്പോള്‍ നമുക്കൊരു കുറ്റബോധം ഉണ്ടാകും. ആ കുറ്റബോധമില്ലെങ്കില്‍ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് അര്‍ഥമില്ലാതാവും.
നിങ്ങള്‍ പറഞ്ഞതൊക്കെ ശരി തന്നെ. ഇന്‍ഷുറന്‍സിന് നമ്മുടെ കാലത്ത് വലിയ പ്രാധാന്യമുണ്ട്. എല്ലാ നാടുകളും അത് പ്രയോഗത്തില്‍ വരുത്തുന്നുണ്ട്. അതുകൊണ്ട് മാത്രം അത് നിയമാനുസൃതമാണ് എന്ന് പറയാന്‍ പ റ്റില്ലല്ലോ. ലോകം മുഴുക്കെ ഒരു സംഗതി നടപ്പാക്കപ്പെടുന്നുണ്ടെങ്കില്‍ അക്കാരണം കൊണ്ടുമാത്രം അത് നിയമാനുസൃതമാവുകയില്ല. സഞ്ചാരം നേര്‍വഴിയില്‍ തന്നെ എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്.

ചോദ്യം: ഇന്‍ഷുറന്‍സ് രീതികളില്‍ മൗലിക പരിഷ്‌കരണം വേണ്ടതുണ്ടെന്ന താങ്കളുടെ നിലപാട് തീര്‍ത്തും ശരിയാണ്. പക്ഷേ, വളരെക്കാലമെടുക്കും അത്തരമൊരു പരിഷ്‌കരണം നടപ്പില്‍ വരുത്താന്‍.
ഇതുവരെ എന്റെ കമ്പനി ഇന്‍ഷുറന്‍സ് ബിസിനിസിലേക്ക് കടന്നിരുന്നില്ല. പക്ഷേ, കുറച്ചധികം ആലോചിച്ചപ്പോള്‍ ഇന്‍ഷുറന്‍സിന്റെ തിന്മകളെ താഴെ പറയുന്ന രീതിയില്‍ മറികടക്കാമെന്ന നിഗമനത്തിലെത്തി ഞാന്‍.
1. പ്രീമിയമായി പിരിച്ചെടുക്കുന്ന തുക പലിശാധിഷ്ഠിത സംരംഭങ്ങളില്‍ മുടക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മുമ്പില്‍ വ്യവസ്ഥ വെക്കുക. അതത് ഗവണ്‍മെന്റുകള്‍ പലിശാധിഷ്ഠിതമല്ലാത്ത വല്ല സംരംഭങ്ങളും നടത്തുന്നുണ്ടെങ്കില്‍ അതില്‍ മുടക്കണമെന്ന് അവരോട് നിര്‍ദേശിക്കാം. ഈ നിര്‍ദേശം അവര്‍ സ്വീകരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹൃതമാവുമെന്നാണ് തോന്നുന്നത്.
2. ഏത് പോളിസി നിര്‍ദേശവും സ്വീകരിക്കാനോ തള്ളാനോ ഉള്ള അധികാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടെങ്കിലും, കരാര്‍ വ്യവസ്ഥകള്‍ തയാറാക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ മരണശേഷം ഇസ്‌ലാമിക ശരീഅത്ത് പ്രകാരമായിരിക്കണം കമ്പനി തുക വീതിച്ച് നല്‍കേണ്ടതെന്ന ഉപാധി ഒരാള്‍ക്ക് മുന്നോട്ട് വെക്കാവുന്നതാണ്.
3. ഊഹത്തിന്റെയും ചൂതിന്റെയും കാര്യം പറഞ്ഞല്ലോ. താന്‍ നല്‍കിയ പണം എത്രയാണോ അത്ര മാത്രമേ അവകാശികള്‍ക്ക് തിരിച്ചുനല്‍കേണ്ടതുള്ളൂ എന്നൊരാള്‍ക്ക് ഉപാധി വെച്ചുകൂടേ? ഒട്ടുവളരെ തിന്മകള്‍ ഉള്‍ച്ചേര്‍ന്നു വരുന്നുണ്ടെങ്കിലും ഈ വിധത്തില്‍ നല്ല കാര്യങ്ങള്‍ക്കും ആ സംവിധാനത്തെ ഉപയോഗപ്പെടുത്താമെന്ന് തോന്നുന്നു.
ഇങ്ങനെ ഇന്‍ഷുറന്‍സ് രംഗത്ത് ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ പറ്റില്ലേ? താങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: താങ്കള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ഇല്ലാതാകും. കമ്പനിക്ക് ലഭിക്കുന്ന പണം അവര്‍ നിക്ഷേപിക്കേണ്ടത് വിശ്വാസ്യതയുള്ള സംരംഭങ്ങളില്‍ ആയിരിക്കണം. സംരംഭത്തില്‍ ലാഭവിഹിതമായി എത്രയാണോ ലഭിക്കുന്നത് അത്രമാത്രമേ പോളിസിയെടുത്തവന് ലഭിക്കാവൂ. ഒരു നിശ്ചിത തുക പലിശയായി കണക്കിലേക്ക് വന്നുകൊണ്ടിരിക്കുന്ന രീതി തടയണം. കമ്പനിയുടെ മൂലധനം പലിശാധിഷ്ഠിത സംരംഭങ്ങളില്‍ മുടക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം. പോളിസിയെടുത്തയാളുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് ലഭിക്കുന്നത് അടച്ച തുക (ഹലാലായ ബിസിനസില്‍ മുടക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ലാഭവിഹിതവും) മാത്രമായിരിക്കണം. ആ തുക വീതിക്കപ്പെടുന്നത് ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതവുമായിരിക്കണം.
ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ താങ്കള്‍ക്ക് സാധ്യമാവുകയാണെങ്കില്‍ അത് നിയമാനുസൃതമാണെന്ന് മാത്രമല്ല, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിഷ്‌കരണത്തിനുള്ള പ്രായോഗിക മാതൃക സമര്‍പ്പിക്കുക കൂടിയാണ് താങ്കള്‍ ചെയ്യുന്നത്.
 
(ലേഖകന്‍ കൈകാര്യം ചെയ്തിരുന്ന ചോദ്യോത്തര പംക്തിയില്‍ നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം