Prabodhanm Weekly

Pages

Search

2012 ജനുവരി 21

അങ്ങനെയൊരു പ്രവാസി ദിനം കൂടി....

നസീര്‍ അയിരൂര്‍

ഡോ. അനീസുര്‍റഹ്മാന്റെ 'ഇന്ത്യന്‍ മൈഗ്രേഷന്‍ റ്റു ഗള്‍ഫ്' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രഫ. ഗിരിജേഷ് പാന്ത് എന്‍.ആര്‍.ഐ എന്നതിന്റെ പൂര്‍ണ രൂപം 'നോണ്‍ റെലവന്റ് ഇന്ത്യന്‍ (അപ്രസക്തരായ ഇന്ത്യക്കാര്‍) എന്നാണെന്ന് പരിഹസിച്ചിട്ടുണ്ട്. ഇതിനെ അന്വര്‍ഥമാക്കുന്നതാണ് ഓരോ ഗവണ്‍മെന്റിന്റെയും പ്രവാസി നയം. ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന നോര്‍ക്ക പ്രവാസി സംഗമത്തിന്റെ രണ്ടാം ദിനത്തില്‍ നടന്ന മുഖാമുഖത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച വാഗ്ദാനപ്പെരുമഴയും ഈയിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച പ്രഖ്യാപനവും കണ്ടാല്‍ ഏത് ഇന്ത്യക്കാരനും തോന്നിപ്പോകും ഒന്ന് പ്രവാസിയായാല്‍ കൊള്ളാമെന്ന്. പ്രവാസി പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം, ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ പ്രത്യേക നടപടികള്‍, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍, പ്രവാസി മക്കളുടെ കോളേജ് പ്രവേശം സംബന്ധിച്ച പരാതികള്‍ പരിഹരിക്കല്‍ തുടങ്ങി അപ്പത്തരങ്ങള്‍ കൂമ്പാരമാക്കി തങ്ങളുടെ പരിപാടി ഗംഭീരമാക്കാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍.
സംഗമത്തിന്റെ അവസാനത്തില്‍ 50-ഓളം പേരുടെ പരാതികള്‍ മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കുകയും ബാക്കി എഴുതി വാങ്ങുകയും ചെയ്തതായി വന്ന വാര്‍ത്ത പുതുവര്‍ഷപ്പുലരിയിലെ ഒരു തമാശയായേ കാണേണ്ടതുള്ളൂ. വിദേശ മലയാളികളെ കേരളം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇവരുടെ പ്രശ്‌നങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് തന്നെ ഇതുവരെ അങ്ങനെയായിരുന്നില്ല എന്ന സൂചനയുണ്ടല്ലോ. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും ഗള്‍ഫ് മേഖലയിലെ തദ്ദേശീയ തൊഴില്‍വത്കരണത്തിന്റെയും കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തോടുള്ള നയങ്ങള്‍ സത്വരം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് പ്രവാസി ആവശ്യങ്ങള്‍ പ്രശ്‌നങ്ങളായിതന്നെ കാലങ്ങളോളം നിലനില്‍ക്കുന്നത് തെളിയിക്കുന്നത്.
ഗവണ്‍മെന്ററുകളുടെ പ്രവാസികള്‍ക്കായുള്ള ആനുകൂല്യ പ്രഖ്യാപനങ്ങള്‍ പലപ്പോഴും പ്രഖ്യാപനത്തിനപ്പുറം പോകാറില്ല. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് പ്രവാസി വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക സര്‍വകലാശാല. വോട്ടവകാശം, ബജറ്റ് എയര്‍ലൈന്‍ തുടങ്ങിയവ ഇപ്പോഴും ഗൗനിക്കപ്പെടാതെ കിടക്കുന്നു. പ്രവാസ മണ്ണില്‍ സമ്മതിദാനവകാശം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത്, നാട്ടില്‍ വന്നാല്‍ വോട്ടവകാശം വിനിയോഗിക്കാനുള്ള ഔദാര്യം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം പറയുന്നതുപോലെ. ഗള്‍ഫ് നാടുകളിലെ ദുസ്സഹമായ കാലാവസ്ഥകളില്‍ വിദൂര ലേബര്‍ ക്യാമ്പുകളില്‍ ആടുജീവിതത്തിന് വിധിക്കപ്പെട്ട ലക്ഷക്കണക്കിന് പ്രവാസികള്‍ക്കിടയിലേക്ക് ഗവണ്‍മെന്റിന്റെ മേല്‍ പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഒഴുകിയെത്തിയിട്ടില്ല എന്ന് ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് നന്നായറിയാം. പ്രവാസികള്‍ക്ക് ഒരു പ്രത്യേക മന്ത്രാലയമുണ്ടെന്നും (മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ്) സംസ്ഥാനത്തിന് കീഴില്‍ നോര്‍ക്ക പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ആയിരങ്ങളെ നമുക്ക് ഗള്‍ഫ് മേഖലകളിലെ ലേബര്‍ ക്യാമ്പുകളില്‍ കാണാം. ജനുവരി 9 പ്രവാസി ദിനമാണ് എന്നത് 95 ശതമാനം പ്രവാസികള്‍ക്കും ഒരു പുതിയ വിവരം ആയിരിക്കുമെന്ന് തീര്‍ച്ച. മറ്റു രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തുമ്പോള്‍ ആണ്ടറുതിയില്‍ പാസ്‌പോര്‍ട്ട് പുതുക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാനുമല്ലാതെ ഇന്ത്യന്‍ പ്രവാസികള്‍ കാര്യാലയങ്ങളെ കേള്‍ക്കുന്നതും കാണുന്നതും അപൂര്‍വം. മറ്റു രാജ്യക്കാരുടെ ഗള്‍ഫിലെ കാര്യാലയങ്ങളില്‍ തങ്ങളുടെ പൗരന്മാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ഡാറ്റാ ലേബലുകള്‍ സൂക്ഷിക്കുമ്പോള്‍, ഇന്ത്യന്‍ കാര്യാലയങ്ങളില്‍ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ച് വരുന്നതേയുള്ളൂ. അടിയന്തര ഘട്ടങ്ങളില്‍ ഏറെ ഉപകാരം ചെയ്യുന്ന ഇത്തരം അടിസ്ഥാന സംവിധാനങ്ങള്‍ ഉടന്‍ സജ്ജീകരിക്കേണ്ടതുണ്ട്.
ഓരോ ഗവണ്‍മെന്റും കൃത്യമായ ഹോംവര്‍ക്കുകള്‍ ചെയ്തിട്ടല്ല പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് പദ്ധതികളുടെ തുടര്‍ന്നുള്ള പ്രയോഗവത്കരണം കാണുമ്പോള്‍ തോന്നിപ്പോകും. വൈകിയാണെങ്കിലും പ്രവാസികള്‍ക്കിടയിലെ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് പെന്‍ഷനും ഇന്‍ഷുറന്‍സും നടപ്പിലാക്കാനുള്ള തീരുമാനം, ഇല്ലായ്മക്കിടയില്‍ ഒരാശ്വാസമാണെങ്കിലും പ്രയോഗവത്കരണത്തില്‍ നിരവധി വൈതരണികള്‍ താണ്ടേണ്ടിവരുമെന്ന് തീര്‍ച്ച.
വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസി തൊഴിലാളികളുടെ കണക്കില്‍ 32 ശതമാനം ഇന്ത്യന്‍ തൊഴിലാളികളാണ്. ഇതില്‍ തന്നെ 75 ശതമാനം മലയാളികള്‍ ആണെന്നിരിക്കെ പ്രവാസികളുടെ അധ്വാനം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തിന്റെ ത്വരിത ഗതിയിലുള്ള വികസന സംരംഭങ്ങളില്‍ പ്രവാസികളുടെ പങ്കാളിത്തം അനിഷേധ്യമായ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കെ, വിവിധ സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രവാസിക്കും പ്രവാസി പ്രശ്‌നങ്ങള്‍ക്കും അനല്‍പമായ അംഗീകാരവും പരിഗണനയും ലഭിക്കേണ്ടതുണ്ട്. വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ ഒഴുക്ക് ഈയിടെ വര്‍ധിച്ചുവരികയാണ്. ഇങ്ങനെ തിരിച്ചുവരുന്നവരുടെ കണക്ക് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 12 ലക്ഷം കവിയുമെന്നാണ് സൂചന. ഇങ്ങനെ തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. കൂടാതെ വര്‍ഷങ്ങളോളം വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചും നേതൃത്വം നല്‍കിയും നേടിയ തൊഴില്‍ വൈദഗ്ധ്യവും പ്രഫഷനലിസവും സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളില്‍ ഉപയോഗിക്കാന്‍ ഗവണ്‍മെന്റ് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളോളം വിപരീത കാലാവസ്ഥകളില്‍ ജോലി ചെയ്ത് നമ്മുടെ രാജ്യത്തെ പുറംലോകത്തുനിന്നും സേവിച്ച പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാറുകള്‍ നല്‍കണം. ഗള്‍ഫ് മേഖലകളിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ ശക്തിപ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി പ്രവാസി പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കണം. റിക്രൂട്ട്‌മെന്റ് മേഖലയിലും നിക്ഷേപ സംരംഭങ്ങളിലും നിലനില്‍ക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും നിയമനിര്‍മാണത്തിലൂടെ ഇല്ലാതാക്കുകയും ചെയ്യേണ്ടത് വിവിധ സര്‍ക്കാര്‍ മിഷനുകളുടെ ബാധ്യതയാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം