മാപ്പിളപ്പാട്ടിന്റെ ആകാശവും അബൂസഹ്‌ലയുടെ നക്ഷത്രക്കൊട്ടാരവും
മലയാളത്തിലെ മുസ്‌ലിം പ്രതിനിധാനങ്ങളിലും സര്‍ഗാത്മക അന്വേഷണങ്ങളിലും അറബിയും മലയാളവും എങ്ങനെ അടയാളപ്പെടുന്നുവോ അതേ ആഴത്തിലും ആരത്തിലും അന്വേഷിക്കപ്പെടേണ്ടതുണ്ട് അറബി മലയാളവും മാപ്പിളപ്പാട്ട് ശാഖകളും. അറബികള്‍ വിശ്വാസ പ്രചാരണം കൂടി ലക്ഷ്യമാക്കിയെത്തിയ സര്‍വ തീരഭൂമികളിലും ഇത്തരം പുതുമയാര്‍ന്ന ഭാഷാ മിശ്രണം പ്രയോഗതലത്തില്‍ വിജയിപ്പിച്ചിട്ടുണ്ട്. കാലംകൊണ്ട് അറബി മലയാളം ഉപരിദേശ ഭാഷയുടെ ഉപാദാനങ്ങള്‍ സ്വീകരിച്ച് നില ഭദ്രമാക്കി.
അറബികള്‍ക്ക് മലബാറുമായുള്ള ബന്ധം ദാവീദിന്റെയും സുലൈമാന്റെയും കാലം തൊട്ടുണ്ട്. ഗാഢവും ഹൃദയഹാരിയുമായ ആത്മബന്ധം. പ്രവാചകന്റെ കാലത്തുതന്നെ, അദ്ദേഹത്തിന്റെ ആശയ പരിശ്രമങ്ങള്‍ കേരളം ഏറ്റുവാങ്ങിയിട്ടുണ്ട്. അതിദീര്‍ഘമായ കപ്പലോട്ടകാലത്ത് വിനിമയം ചെയ്യപ്പെട്ടത് ഭൗതിക ജംഗമങ്ങള്‍ മാത്രമല്ല പുതുവിശ്വാസത്തിന്റെ സ്ഥാവരികള്‍ കൂടിയാണ്. മലബാറില്‍ ഉരുവം കൊണ്ട നവജാത സമൂഹം നിത്യനിദാനത്തിനു ഉഴറുമ്പോഴും വിശ്വാസ കാര്‍ക്കശ്യങ്ങള്‍ സാമൂഹിക ജീവിതത്തില്‍ പ്രയോഗസാധ്യതയുടെ സംവാദങ്ങള്‍ തേടി. ഈ അന്വേഷണമാണ് അറബി മലയാള സാഹിത്യ സര്‍വം. ഒരു സര്‍ഗാത്മക സമൂഹത്തിന് മതേതരമായ പൊതുമണ്ഡലത്തിലേക്ക് പ്രവേശിക്കാനുള്ള കളമൊരുക്കുന്നതില്‍ കലയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പങ്കുണ്ട്. നിമ്‌നവല്‍കൃതര്‍ക്ക് മുഖ്യരാശിയിലേക്ക് വരാന്‍ ഇതേ മാര്‍ഗമുള്ളൂ. അതുകൊണ്ടുതന്നെ അറബി മലയാള സാഹിത്യ ശാഖ ഗദ്യവും പദ്യവുമായി വളരെ വേഗം വളര്‍ന്നു പടര്‍ന്നു. പല പ്രവാഹ ധാരകളിലൂടെ. പാഠാവതരണത്തിലെ ശാലീനതയും ഛന്ദസ്സിന്റെ പ്രയോഗ സൂക്ഷ്മതയും കോമള പദങ്ങളുടെ പ്രവാഹ ദീപ്തിയും ഇശല്‍ ഭേദങ്ങളുടെ ഇന്ദ്രജാല വിസ്മയങ്ങളും ബിംബ പ്രയോഗത്തിലെ അനന്യമായ കൃതഹസ്തതയും പാട്ടിന്റെ പാഠസന്ദര്‍ഭങ്ങളില്‍ ദാര്‍ശനിക ഗഹനതയെയും ആശയഗരിമയുടെ വിഘ്‌നങ്ങളെയും പിളര്‍ത്തി സംവേദനത്തിന്റെ ത്വരണം കൂട്ടി.
ഖാദി മുഹമ്മദും കുഞ്ഞായിന്‍ മുസ്‌ല്യാരും മോയിന്‍കുട്ടി വൈദ്യരും ചേറ്റുവാ പരീക്കുട്ടിയും ഉണ്ണിമമ്മദും ചാക്കീരിയും പി.ടി ബീരാന്‍കുട്ടിയും പുലിക്കോട്ടില്‍ ഹൈദറും നല്ലളം ബീരാനും ഹലീമയും ടി. ഉബൈദും യു.കെ അബൂസഹ്‌ലയും അടങ്ങുന്ന മഹാപ്രതിഭകള്‍ ഒരുമിച്ചു പണിതുതന്നതാണ് ആസ്വാദനക്കുളിര്‍മയുടെ ഈ പുഷ്യരാഗക്കൊട്ടാരം. അവര്‍ ദാനം നല്‍കിയതാണ് ഏറെക്കുറെ നമ്മുടെ ലാവണ്യ ബോധത്തിന്റെ ജ്ഞാനമണ്ഡലം. ഒരു കാലം വരെ മുസ്‌ലിംജീവിത ഇടപഴക്കങ്ങളെ നിര്‍ണയിച്ചതും ഈ പാട്ടുലോകം നല്‍കിയ വടക്കുനോക്കിയാണ്.
മാപ്പിളപ്പാട്ടിന്റെ ആസ്വാദന ലാവണ്യതയില്‍ നിന്നും ആശയതലത്തിലെ യാഥാര്‍ഥ്യത്തിലേക്കു സഞ്ചരിച്ചാല്‍ പക്ഷേ പലപ്പോഴും നമുക്കു പൊറുതികേടു തോന്നും. കാരണം കാവ്യ വ്യവഹാരങ്ങളില്‍ അരാജക മൂല്യബോധവും വിശ്വാസ വ്യതിയാനത്തിന്റെ തീയിടങ്ങളും പെരും ചുഴലികള്‍ സൃഷ്ടിച്ചു. അനാരോഗ്യകരമായ അശ്ലീലപഥത്തിലേക്കത് ശീഘ്ര പ്രയാണം ചെയ്തു. കേവല സാഹസികതയുടെയും പരനിന്ദയുടെയും പെരുംകാട്ടില്‍ ഗതിയില്ലാതെ അലഞ്ഞു നടന്നു. വിശ്വാസം കൊണ്ട് ജീവിതത്തെ വിമലീകരിക്കാന്‍ കഴിയാതെ ദേഹമോഹങ്ങളുടെ മലിന താഴ്‌വരകളില്‍ ഉഴറി നടന്ന 'ഉക്കാളി'ലെ പഴയ പാട്ടുകാരെപ്പോലെ.
കണ്ടെടുക്കപ്പെട്ട മാപ്പിളപ്പാട്ടു ശാഖയില്‍ ഏറ്റവും പഴക്കം ചെന്നത് ഖാദി മുഹമ്മദിന്റെ മുഹ്‌യദ്ദീന്‍ മാലയാണ്. മുസ്‌ലിം ജ്ഞാനപരിസരങ്ങളില്‍ ഉജ്ജ്വലിച്ചുനിന്ന മഹാ ജീവിതങ്ങളെ സ്തുതിച്ചും അപദാനങ്ങള്‍ പാടിയും അവരുടെ ഇടതേട്ടംകൊണ്ട് അല്ലാഹുവില്‍ തവക്കുലിനെ തേടുകയും ചെയ്യുന്ന പാട്ടുകൃതികളാണ് മാലകള്‍. ഇരുനൂറോളം മാലപ്പാട്ടുകള്‍ മാപ്പിളമാര്‍ രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഹൈന്ദവ സ്‌തോത്രകൃതികളുടെ രചനാ സാമീപ്യമുണ്ട് മാലപ്പാട്ടു കൃതികള്‍ക്ക്. മാപ്പിളപ്പാട്ടിന്റെ നിബന്ധനകളില്‍ ഒതുങ്ങുകയും ഇസ്‌ലാമിക ദര്‍ശനങ്ങളുടെ സൂക്ഷ്മ പരിധിയില്‍ നിന്നു പുറത്തുകടക്കുകയും ചെയ്ത ഇത്തരം പാട്ടുകള്‍ ഇസ്‌ലാമിക ജ്ഞാന വിനിമയ മണ്ഡലത്തില്‍ ഏറെ പ്രതിലോമപരമായ ഇടപെടലുകള്‍ നടത്തി. അതല്ലാഹുവിന്റെ ദാത്തിലും സിഫാത്തിലും കലര്‍പ്പുകള്‍ കയറ്റി.
ഇരുന്നെ ഇരിപ്പിന്നേള്‍ ആകാശം കണ്ടോവര്‍
ഏറും മലക്കൂത്തില്‍ രാജാളി എന്നോവര്‍
ബലത്ത് ശരീഅത്തെന്നും കടല്‍ ഉള്ളോവര്‍
ഇടത്ത് ഹഖീഖത്തെന്നും കടല്‍ ഉള്ളോവര്‍
മുത്താല്‍ പടച്ച ദുനിയാവില്‍ നില്‍ക്കുന്നാള്‍
മൂപ്പര്‍ മുഹിയിദ്ദീന്‍ കാവലില്‍ ഏകള്ളാ
കാലം അസ്‌റായീല്‍ മൗത്തു വാങ്ങും നാളില്‍
കരുത്തര്‍ മുഹിയിദ്ദീന്‍ കാവലില്‍ ഏകള്ളാ
(മൊഹിയുദ്ദീന്‍ മാല. ഇരവ്. ഖാദി മുഹമ്മദ്)
മാലപ്പാട്ടുകളും ഇരവുകളും പിന്നിട്ട് പടപ്പാട്ടുകളിലെത്തിയാല്‍ അത്യസാധാരണമായ വീരസ്യത്തിന്റെയും അമാനുഷികമായ ആവിഷ്‌കാരത്തിന്റെയും ഗോദയില്‍ നാം ചെന്നു നില്‍ക്കും. ബദര്‍, ഉഹുദ്, മക്കം ഫത്ഹ്, ഫത്ഹുശ്ശാം, ഹുനൈന്‍ തുടങ്ങി മലപ്പുറം പടപ്പാട്ടുകള്‍ വരെ. യുദ്ധരംഗങ്ങളുടെ അതിഭീകരമായ അവതരണക്കാഴ്ചകള്‍. ഇതില്‍ ഏറെ പ്രസിദ്ധമാണ് മോയിന്‍കുട്ടി വൈദ്യരുടെയും ചാക്കീരിയുടെയും പടപ്പാട്ടുകള്‍. യുദ്ധകഥകള്‍ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ മാത്രമല്ല യുദ്ധത്തിന്റെ തല്‍സമയ ദൃശ്യത്തിലേക്ക് ശ്രോതാവിനെ അവനറിയാതെ കൊണ്ടുപോവാനും ഇത്തരം പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധത്തിന്റെ തല്‍സമയദൃശ്യം ധൃതരാഷ്ട്ര സഭയില്‍ അപ്പപ്പോഴെത്തിക്കുന്ന വ്യാസനെപ്പോലെ. ഇത്തരം നിരവധി പടപ്പാട്ടുകള്‍ ഇംഗ്ലീഷുകാര്‍ കണ്ടുകെട്ടി. ബ്രിട്ടീഷ്‌വിരുദ്ധ പോര്‍നിലങ്ങളില്‍ മലബാറിലെ മുസ്‌ലിംകള്‍ക്ക് പ്രചോദനമായത് ഇത്തരം പാട്ടുകളായിരുന്നു. അപ്പോഴും ഇവ അന്ധവിശ്വാസങ്ങളുടെയും വീരസ്യ പ്രകടനങ്ങളുടെയും ചതുപ്പില്‍ കുരുങ്ങിനിന്നു.
തിമിര്‍ദമെ ദുല്‍ദുല്‍ വരവിലെ സല്‍സല്‍
തിറം അലിജല്‍ജല്‍ അണവായേ
തരമെ തഖദ്ദം കരിഷമില്‍ മദ്ദം
ധ്വനി ഒരു ശദ്ദം ഇടുവാനേ
സമീനത് കിടുങ്കീ മലപലം കുലുങ്കീ
കുഫിര്‍മനം ഞടുങ്ങീ ഉരമാനേ
(സുഖൂം പടപ്പാട്ട്. ഉമര്‍ ആലി ലബ്ബ)
ഒപ്പനപ്പാട്ടിലേക്കും മറ്റു കല്യാണ (സന്തോഷ)പ്പാട്ടുകളിലേക്കും വന്നാല്‍ മാപ്പിളപ്പാട്ട് ശ്ലീലരാഹിത്യത്തിന്റെ മഹാ പ്രകരണങ്ങളിലേക്ക് അടര്‍ന്നുവീഴുന്ന സങ്കടരംഗം കണ്ടു നാം കുനിഞ്ഞുനില്‍ക്കും.
സുരലോക മണിഹൂറുല്‍ ഇസലിങ്ങളേ
സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ള ഹ്‌ലീങ്ങളേ
(ആലിക്കുട്ടി കുരിക്കള്‍)
വിവാഹം, ചേലാകര്‍മം, കാതുകുത്ത്, പള്ള കാണല്‍, നാല്‍പതുകുളി, നാത്തൂന്‍ സല്‍കാരം തുടങ്ങിയ പഴയ അനുഷ്ഠാനങ്ങളൊക്കെയും മുസ്‌ലിം സാമൂഹിക പരിസരങ്ങള്‍ ആഘോഷത്തിമിര്‍പ്പുകളാക്കിയത് മാപ്പിളപ്പാട്ടിന്റെ മൊഞ്ചും സീനത്തും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. പ്രധാന ചടങ്ങുകളത്രയും രാത്രിയാവുകയും പുലരുവോളം ഖിസ്സ പാടുകയും ചെയ്യുക അവരുടെ പതിവായി. അഗ്നി കടയുന്ന ഭാഷാ മുറുക്കവും പാഠാവതരണത്തിലെ ചടുലതയും ഇത്തരം പാട്ടുകളെ എന്നും ആസ്വാദ്യകരമാക്കി. ഏറെ ജനകീയവും ശ്രുതി പഞ്ചാത്മകവുമായെങ്കിലും ചപലബോധത്തിന്റെയും മാംസനിബദ്ധതയുടെയും മഹാ കയങ്ങളില്‍ മിക്ക പാട്ടുകാരും ആപാദം മുങ്ങിനിന്നു. തരള വികാരങ്ങളെ മാംസള പദങ്ങള്‍ കൊണ്ടു പൊതിഞ്ഞു കൊതിപ്പിക്കുകയും ത്രസിപ്പിക്കുകയുംചെയ്യാന്‍ ഇത്തരം പാട്ടുകള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു.
പെണ്ണുടല്‍ വര്‍ണിക്കുന്നതിലും അതിന്റെ ശ്ലീല രഹിത സാധ്യതകള്‍ വികസിപ്പിക്കുന്നതിലും മാപ്പിളപ്പാട്ടെഴുത്തുകാര്‍ കാണിച്ച വികട സാമര്‍ഥ്യം മലയാളത്തിലെ സര്‍ഗാത്മക അന്വേഷണങ്ങളില്‍ സമാനതകളില്ലാത്തതാണ്. നായാട്ടും സര്‍ക്കീട്ടും പോലും മലബാറിലന്ന് കമ്പിയും കഴുത്തുമൊപ്പിച്ച പാട്ടു പാനകള്‍ക്ക് സമൃദ്ധ സ്ഥലികളായി. പി.ടി ബീരാന്‍ കുട്ടിയുടെ ഹജ്ജു പാട്ടിനെപ്പോലെ അത്യപൂര്‍വ രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ മാപ്പിളപ്പാട്ടുകളുടെ പൊതുധാര ഇതാണ്.
ഈ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് മാപ്പിളപ്പാട്ടു പാരമ്പര്യങ്ങളില്‍ യു.കെ അബൂസഹ്‌ലയുടെ പ്രതിനിധാനം പഠനവിധേയമാക്കേണ്ടത്. മാപ്പിളപ്പാട്ടിന്റെ സ്വകീയ ദൗര്‍ബല്യമായ മാംസനിബദ്ധതയില്‍ നിന്നും ഉദാരമായ അരാജകതയില്‍ നിന്നും ശിര്‍ക്കോളമെത്തുന്ന മാലയില്‍ നിന്നും ഇരവിന്റെ ജീര്‍ണതയില്‍ നിന്നും മഹത്തായ പാട്ടു പാരമ്പര്യത്തെ സമ്പൂര്‍ണമായി യു.കെ വിമോചിപ്പിച്ചു. എന്നിട്ട് തീര്‍ത്തും നവീനമായ ഒരു ഭാവുകത്വത്തിലേക്ക് ആസ്വാദന രചനാ മണ്ഡലങ്ങളെ ഒരുപോലെ ഉയര്‍ത്തി നിര്‍ത്തുകയും ചെയ്തു.
മലബാറിലെ ഒരു കുഗ്രാമ പശ്ചാത്തലത്തില്‍ നിന്നാണ് യു.കെ നടന്നു വരുന്നത്. ഒരു തുടം പാട്ടുമായ്. അന്ധവിശ്വാസങ്ങളും വികലാനുഷ്ഠാന കാര്‍ക്കശ്യങ്ങളും തിമര്‍ത്താടിയ കാലം. കോഴിക്കോട് ജില്ലയിലെ ചെറൂപ്പയില്‍ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലില്‍ ജനിച്ച യു.കെ തെങ്ങിലക്കടവ് ഉണ്ണിക്കുരു അഹമ്മദാജിയുടെയും ഫാത്വിമയുടെയും മകന്‍. പ്രാഥമിക പഠനം മാവൂരില്‍. കുറ്റിക്കടവ് ദര്‍സിലും പിന്നീട് വാഴക്കാട്ടെ ദാറുല്‍ ഉലൂമിലും ഉപരിപഠനം. ദാറുല്‍ ഉലൂം അന്ന് മലബാറിലെ കൊര്‍ദോവയാണ്. പഠനകാലത്തു തന്നെ സ്വകീയമായ കവന കൗതുകം ഇശല്‍ മാലികകളായി വാര്‍ന്നു വീണു തുടങ്ങിയെന്നത് സഹപാഠിയായിരുന്ന കെ. മൊയ്തു മൗലവി അനുസ്മരിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞിറങ്ങിയ യു.കെയെ അന്നാകര്‍ഷിച്ചത് എം.സി.സി സഹോദരങ്ങളോ ഐക്യ സംഘങ്ങളോ അല്ല. ഇസ്‌ലാമിക കേരളത്തിലെ ഒറ്റയാനായിരുന്ന ഹാജി സാഹിബായിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ടില്‍ കുറ്റിയാടിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ യു.കെ പങ്കെടുക്കുന്നു. തെങ്ങിലക്കടവില്‍ നിന്നും ഊടുവഴികള്‍ നീണ്ട ഗ്രാമ വിഘ്‌നപാതയിലൂടെ കുറ്റിയാടി വരെ ഒരു ദുര്‍ഘടപ്പദയാത്ര. അന്നു താന്‍ ആശ്ലേഷിച്ച പ്രസ്ഥാനത്തെ അറുപത്തി അഞ്ചു വല്‍സരം നീണ്ട ഭൗതിക ജീവിതത്തില്‍ നിന്നും ആഹ്ലാദത്തോടെ തിരിച്ചു പോകുന്നതുവരെ ഗാഢവും ഊഷ്മളവും ഏറെ വിനയാന്വിതവുമായി കൂടെക്കൂട്ടി. പ്രസ്ഥാനാരോഹണം യു.കെക്ക് ഭൗതിക ജീവിതത്തില്‍ ഭയാനക നഷ്ടങ്ങള്‍ നല്‍കി. നാട്ടുകൂട്ടവും മഹല്ലും യു.കെയെ നിര്‍ദയം തിരസ്‌കരിച്ചു. ഈ തിരസ്‌കാര ഭീകരതക്ക് സ്വന്തം പിതാവു തന്നെ പന്തം പിടിച്ചു. അതോടെ വീടും നാടും തനിക്കു മുന്നില്‍ അടഞ്ഞു കിടന്നു. സത്യവിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം ഒരു അപരാധമായി. സ്വസ്ഥജീവിതം മഹാദുരിതത്തിന്റെ ശുഅബ് അബീത്വാലിബിലേക്ക് തുരത്തപ്പെട്ടു.
ജീവിതത്തിന്റെ ഭൗതിക തുറസ്സുകള്‍ അടഞ്ഞ നിസ്സഹായതയുടെയും അപരവല്‍ക്കരണത്തിന്റെയും ഗഹനഘോര ഗഹ്വരതയില്‍ പിടയുമ്പോഴാണു കെ.സി അബ്ദുല്ല മൗലവിയും അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ ചേന്ദമംഗല്ലൂരും പ്രതീക്ഷ നല്‍കുന്നത്. മതയാഥാസ്ഥിതികതയുടെ ഇരുമ്പറയില്‍ നിന്നു വിമോചനം നേടിയ അപൂര്‍വം ഗ്രാമങ്ങളില്‍ ഒന്നാണ് അന്ന് ചേന്ദമംഗല്ലൂര്‍. ഇത്തരം ഗ്രാമങ്ങള്‍ക്കൊക്കെയും ഇതിഹാസതുല്യമായ ഒരു പോരാട്ട ചരിത്രമുണ്ട്. പോരാളി ജീവിതവും. ശ്രദ്ധാപൂര്‍വമായൊരു നേരിടലാണ് പരിവര്‍ത്തനം കൊണ്ടുവരുന്നത്. അനുഷ്ഠാന കല്‍പനകള്‍ മാത്രം മതമായി കണ്ട ഒരു തലമുറയെ മതമെന്ന സമഗ്ര ജീവിത പരികല്‍പനയുടെ സാക്ഷ്യത്തിലെത്തിച്ചത് ഈ പോരാളികളാണ്. മതം അകര്‍മണ്യതയിലേക്കു നയിക്കുന്ന പ്രതിലോമ ദര്‍ശനമാണെന്ന അസംബന്ധ യുക്തിയെ നവോത്ഥാന നായകര്‍ ജീവിതം കൊണ്ടു തകര്‍ത്തു. ഈ ചെറു ഗ്രാമത്തിലും മതത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ചിതലരിച്ച കുലപ്രതാപങ്ങളോട് നിരന്തരം അവര്‍ക്കേറ്റുമുട്ടേണ്ടി വന്നു. കെ. സി അബ്ദുല്ല മൗലവിയുടെയും പി. സി സഗീര്‍ മൗലവിയുടെയും കാര്‍മികത്വത്തില്‍ ത്യാഗസുരഭിലമായ ജീവിത സമര്‍പ്പണമാണ് ചേന്ദമംഗല്ലൂരിനെയും മത നവീകരണത്തിന്റെ ശാദ്വലതയിലെത്തിച്ചത്.
ഇവര്‍ സൃഷ്ടിച്ച വിശ്വാസ സമഗ്രതയുടെ പുണ്യം തേടി ചെറൂപ്പയിലെ കുന്നിന്‍ പള്ളയില്‍ നിന്നൊരു നിസ്വ യുവാവെത്തി. യു.കെ ഇബ്‌റാഹീം മൗലവി. ഇസ്‌ലാമിന്റെ വിശുദ്ധ തീര്‍ഥം തേടി പേര്‍ഷ്യയിലെ വിദൂര ഗ്രാമത്തില്‍ നിന്നു യസ്‌രിബിലെ ഈത്തപ്പനച്ചോട്ടിലെത്തിയ സല്‍മാനെപ്പോലെ. കാരിരുമ്പിന്റെ മെയ്ക്കരുത്ത്. കൈ നിറയെ ആത്മവിശ്വാസം. മനസ്സിലാകെ നവോത്ഥാന ബോധ്യത്തിന്റെ വജ്ര ബീജങ്ങള്‍. ചുണ്ടിലാവട്ടെ അനവദ്യ സുന്ദരമായ തേനിശലും. കൂട്ടിത്തുന്നിയ നിറം ചുരത്താത്ത മല്ലിന്‍ തുണി നിലം തൊടാന്‍ തീര്‍ത്തും വിസമ്മതിച്ചു നിന്നു. ഇറക്കം കുറഞ്ഞ പതിവു ജുബ്ബ. പരുക്കനെങ്കിലും മുഴങ്ങുന്ന ശബ്ദം. പ്രസാദ ദീപ്തമായിരുന്നു ആ പ്രത്യക്ഷം. ഊനം തീര്‍ക്കേണ്ട പഴങ്കുടകളുടെയും ഞെക്കു വിളക്കിന്റെയും കുഞ്ഞു ചുമട് ജീവിത പ്രാരാബ്ധങ്ങളെ മൗനമായി പ്രതീകവല്‍ക്കരിച്ചു. പലായനത്തിന്റെ പാരവശ്യങ്ങളൊന്നും ആ വട്ടമുഖത്ത് കണ്ടതേയില്ല. പകരം തീര്‍ഥാടനത്തിന്റെ ആത്മനിര്‍വൃതി. ക്ഷിപ്രവേഗം കൊണ്ടു യു.കെ നാട്ടുകാരനായി. പയ്യെപ്പയ്യെ ഗ്രാമത്തിന്റെ പരിവര്‍ത്തന വ്യഗ്രതയില്‍ യു.കെ ഒരു രാസത്വരകമായി. അപ്പോഴേക്കും ഇവിടം ഓത്തുപള്ളിയും കുടിപ്പള്ളിക്കൂടവും പിന്നിട്ടു വ്യവസ്ഥാപിത മതപഠന സാധ്യതകള്‍ വികസിപ്പിച്ചിരുന്നു. യു.കെ ഇതിന്റെ ആന്തരഘടനയുടെ നടത്തിപ്പുകാരനായി. നീണ്ട വര്‍ഷങ്ങള്‍. ഈ കാലഘട്ടത്തിലാണ് യു.കെയിലെ കവി ഉദാരമായി പാട്ടു പാടിയത്. പ്രധാനമായും ഈ ഗ്രാമവും അവിടത്തെ ജ്ഞാനാക്ഷര പ്രവര്‍ത്തനങ്ങളുമാണ് യു.കെ അബൂസഹ്‌ലയുടെ സര്‍ഗരചനാ മണ്ഡലം.
യു.കെ പാട്ടുകളുടെ ഗഹനത തേടുമ്പോള്‍ വൈവിധ്യമാര്‍ന്ന നിരവധി പാട്ടുവഴികളിലൂടെ അദ്ദേഹം കടന്നു പോകുന്നതായി കാണാം. ദൈവ സ്തുതിഗീതങ്ങളും ആശംസാ പാട്ടുകളും കുഞ്ഞു കവിതാ ശകലങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ യു.കെ കൃതികളിലെ അഗാധ വിസ്മയം കണ്ടെത്തുക പ്രവാചകന്മാരായ നൂഹിന്റെയും മൂസയുടെയും കഥകള്‍ പാടിപ്പറയുമ്പോഴാണ്. പിന്നെ ഹിജറത്തുന്നബി, മറിയക്കുട്ടി, ജമീല തുടങ്ങിയ ഖണ്ഡകാവ്യങ്ങളിലും. എങ്ങനെ ഇഴകള്‍ ചീന്തി പരിശോധിച്ചാലും ഈ രചനകളില്‍ ചിലതെങ്കിലും മാപ്പിളപ്പാട്ടു ശാഖയിലെ ഗംഭീരമായ ഉപലബ്ധങ്ങളാണ്. മാപ്പിളകവികളില്‍ പൊതുവെ കാണുന്ന പതിവു അനുപാതങ്ങള്‍ യു.കെയില്‍ പ്രവര്‍ത്തിക്കുന്നില്ല. യൗവനം അതിന്റെ സര്‍വ വ്യന്യാസ സാധ്യതയോടെയും ജ്വലിച്ചു നിന്നപ്പോള്‍ പോലും കാവ്യ വിഷയങ്ങളില്‍ സാത്വിക ഭാവമായിരുന്നു തെഴുത്തു നിന്നത്. അന്ധബോധ്യങ്ങളില്‍ നിന്നും ജീവിതനിയോഗങ്ങളെ അതിലഘുത്വത്തോടെ പാടിത്തുലക്കുന്ന കവന കൗതുകങ്ങളില്‍ നിന്നും അംഗനാ സൗന്ദര്യത്തിന്റെ അപനിര്‍മിതിയില്‍ നിന്നും യു.കെ കൃതികള്‍ സമ്പൂര്‍ണമായും വിമോചിതമായി. കാവ്യ പാഠ സന്ദര്‍ഭങ്ങളില്‍ പ്രമാണ പരിചിതവും തീര്‍ത്തും ഗ്രാമ്യവുമായ നറും ലളിത ബിംബങ്ങളെ മുസ്‌ലിം ജീവിത പരിസരങ്ങളില്‍ നിന്നും അതി സൂക്ഷ്മതയോടെ കവി കണ്ടെത്തുന്നു. അത് ഊതിയൂതി തിളക്കി ആസ്വാദകന്റെ കൈവെള്ളയില്‍ ഏറെ നനുത്ത കുസൃതിച്ചിരിയോടെ വെച്ചുകൊടുത്ത് നിര്‍മമതയോടെ കവി മാറിനിന്നു നിരീക്ഷിക്കുന്നു. അനുതാപത്തോളമെത്തുന്ന ഈയൊരു സാത്വികത മാപ്പിളപ്പാട്ടുകാരില്‍ യു.കെ ക്കു മാത്രമവകാശപ്പെട്ടതാണ്. വര്‍ത്തമാനകാല ഇസ്‌ലാമിനെ കവി അവതരിപ്പിക്കുന്നതിങ്ങനെ.
ഇസ്‌ലാമിനെതിരില്‍ മുളച്ച കളകള്‍ കാടായ് മാറിയേ
ഇസ്‌ലാമിന്റെ പൂമരം ആ കാട്ടില്‍ ഭാരം പേറിയേ
മുസ്‌ലിം പൂവണ്ടുകളേ ആയുധമേന്തിയിറങ്ങുവിന്‍
മൂടികിടക്കും കാടു നീക്കാന്‍ ഉശിരും ചുണയും കാട്ടുവിന്‍ (മതമൂട്ടും മധുരത്തില്‍)
ഇസ്‌ലാമെന്ന പൂമരം അനിസ്‌ലാമികതയുടെ പെരുംകാട്ടില്‍ ഞെരുങ്ങി നില്‍ക്കുന്നതായാണ് കവി സങ്കല്‍പിക്കുന്നത്. കള്ളിമുള്‍ക്കാടുകളില്‍ നിന്ന് ആ പാരിജാതത്തെ സ്വന്തം കര്‍മജീവിതത്തിന്റെ അങ്കണത്തികവില്‍ പറിച്ചു നട്ടു പരിപാലിക്കാനുള്ള മധുരമായ ആഹ്വാനവും. ഉപമയും ഉല്‍പ്രേക്ഷയും പ്രയോഗിക്കുമ്പോഴുള്ള കരുതല്‍ ഇവിടെ ഏറെ സൂക്ഷ്മമാണ്. അവിശ്വാസത്തിന്റെ കൊടും വിപിനത്തിനുള്ളില്‍ അകപ്പെട്ട ഇസ്‌ലാമിനെ പൂമരമായാണ് കവി കാണുന്നത്. മതം ഏറെ ചുമതലയും ഭൗതിക നഷ്ടവും നല്‍കുന്ന ഒന്നായല്ല, പിന്നെ ജീവിതത്തിലാകെ ഭാഗ്യവും സുഗന്ധവും ആഹ്ലാദവും നല്‍കുന്ന പൂമരമായി. ഈ പൂക്കാല സമൃദ്ധിയെ കണ്ടെത്താന്‍ മുസ്‌ലിം പൂവണ്ടുകളെ ആഹ്വാനം ചെയ്യുന്നു. വെറും വണ്ടുകളല്ല. പൂവണ്ടുകള്‍. വെറും വണ്ടുകള്‍ മറ്റു പലേടത്തേക്കു കൂടി സഞ്ചരിച്ചു കളയും. മാപ്പിളപ്പാട്ടിന്റെ ക്ലാസ്സിക്കല്‍ നിയമാവലികളും പ്രാസനിബന്ധനകളുമായ കമ്പി, കഴുത്ത്, വാല്‍ കമ്പി, വാലുമ്മല്‍ കമ്പി ഇതത്രയും അതിസൂക്ഷ്മമായി ഈ പാട്ടില്‍ ദീക്ഷിച്ചിട്ടുണ്ട്.
ഏറെ ചുമതലാ ഗൗരവമുള്ളതാണ് കവി ബോധ്യത്തില്‍ ജീവിതം. മനുഷ്യ ജീവിതത്തിന് നിയോഗമുണ്ടെന്നും അത് മൊത്തമായി ചാണക്കിടുന്ന ഒടുവു ദിനം വരുമെന്നും അതിന്ന് കര്‍മജീവിതത്തെ വിശുദ്ധ വാക്യം കൊണ്ടു വിമലീകരിക്കണമെന്നും കവി വിശ്വസിക്കുകയും അത് തോറ്റിത്തോറ്റി പാടുകയും ചെയ്തു. ക്ഷണഭംഗുരതയുടെ ഭൗതിക കാമനകള്‍ അഭംഗുര ലോകത്തെ മോക്ഷപൂര്‍ണിമയെ തകര്‍ത്തുകൂടെന്നും കവിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തൗഹീദും രിസാലത്തും ആഖിറത്തും അതിന്റെ സമഗ്രതയില്‍ തന്നെ എന്നും കവിക്ക് പ്രധാന വിഷയമാണ്. ഒരു ഒഴിയാ ബോധ്യം.
ലാ ഇലാഹ ഇല്ലല്ലാ പ്രകീര്‍ത്തനം ചെയ്യുന്നേ
മുഹമ്മദുര്‍റസൂലുല്ലാ തുടര്‍ന്നുരുവിടുന്നേ
മാനസം നമുക്കിതു ശാന്തി പകര്‍ന്നീടുന്നേ
മാനമായ് നാം ജീവിതമധു നുകര്‍ന്നീടുന്നേ
അക്ഷര ഭാരം ചുരുക്കി കൊച്ചു മുദ്രാവാക്യമാക്കി
അര്‍ഥഗാംഭീര്യം പെരുക്കി അത്രയും സമഗ്രമാക്കി
വാര്‍ത്തെടുത്തൊരു വാക്യം - ഇത് - മര്‍ത്യ കുല സൗഭാഗ്യം
(തൗഹീദിന്റെ മുദ്രാവാക്യം)
(തുടരും)
Comments