ഈ അണക്കെട്ട് പൊട്ടാന്‍ സ്വത്വവാദത്തിന്റെ ചെറുഭൂകമ്പം മതി
മുല്ലപ്പെരിയാര്‍ പ്രശ്‌നം കേവലം വെള്ളത്തിന്റെ കാര്യമല്ല.
ചരിത്രത്തില്‍ വേരൂന്നിനില്‍ക്കുന്ന തമിഴ് ബോധത്തിന്റെ കാര്യമാണ്.
2002 നവംബറിലാണ് ഞാന്‍ മദിരാശിയിലെത്തുന്നത്. 2007 ഒക്‌ടോബര്‍ വരെ അഞ്ചുവര്‍ഷം ദ്രാവിഡ ജീവിതത്തിന്റെ അനുഭവങ്ങള്‍ അറിഞ്ഞും അളന്നും അവിടെ കഴിച്ചുകൂട്ടി. അന്തകാലം എന്റെ ബോധത്തെയും ഭാഷയെയും ചെറുതായൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. എന്റെ കുടുംബത്തിന് അന്നവും ഉപ്പും തന്ന മണ്ണാണിത്. സൈക്കിളിന്റെ പിന്നിലെ ചുമടുതാങ്ങിയില്‍ മീന്‍കുട്ടയും മുന്നിലെ കൈപ്പിടിയില്‍ പ്രാസ്ഥാനിക സാഹിത്യങ്ങളും വെച്ച് എന്റെ ഉപ്പ ചവുട്ടിത്തീര്‍ത്ത കോയമ്പത്തൂരിലെ വഴികളില്‍നിന്ന് തമിഴിനോടുള്ള അടുപ്പം മുമ്പേ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മദ്രാസിലെ ആദ്യനിമിഷങ്ങളില്‍ പൊലും അന്യനൊരാളായി തോന്നിയിട്ടില്ല.
2011 ഡിസംബറില്‍ വീണ്ടും ഒരു ഹ്രസ്വ സന്ദര്‍ശനത്തിന് ചെന്നൈയിലെത്തിയപ്പോള്‍ ജീവിതത്തിലാദ്യമായി ഞാന്‍ മലയാളിയും അന്യനുമാണെന്ന് തോന്നിപ്പോയി. ഒരു തമിഴ് ചങ്ങാതി 'കേരളക്കാരന്‍' എന്ന നിന്ദയോടെ എന്നെ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തി. ബസ്സില്‍വെച്ച് ഫോണില്‍ മലയാളത്തില്‍ സംസാരിക്കുന്നതു കേട്ട സഹയാത്രികന്‍ അല്‍പം നീങ്ങിയിരുന്ന് രൂക്ഷമായി എന്നെ നോക്കി. ഞാന്‍ മലയാളിയാണ്. തമിഴന് വെള്ളം തടയുന്നവന്‍, ശത്രു!
അതിനാല്‍ ചില കാര്യങ്ങള്‍ ഇത്തിരി വേദനയോടെ ഇവിടെ പറയേണ്ടിയിരിക്കുന്നു.
ഏതാനും ദശകങ്ങള്‍ക്കകം ഇന്ത്യ പൊതുവെയും ദക്ഷിണേന്ത്യ പ്രത്യേകമായും നേരിടേണ്ടിവരും എന്നു തോന്നുന്ന തീവ്രവാദം തമിഴ്‌ദേശീയവാദമായിരിക്കും. ഒരു വംശീയ ബഹുജനത്തെ എങ്ങനെ തീവ്രവാദികളാക്കാം എന്നതിന്റെ മറ്റൊരു പരീക്ഷണശാലയായി തമിഴകം മാറിക്കൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങള്‍ക്ക് ചരിത്രം ഓരോരോ കാരണങ്ങള്‍ ഒരുക്കൂട്ടിക്കൊണ്ടിരിക്കും. അതിലെ വളരെ പ്രധാനപ്പെട്ട ഒരു കാരണം പണിതുനല്‍കിയതിന് നാം മലയാളികളും മുല്ലപ്പെരിയാറിന്റെ പേരില്‍ കുറ്റമേല്‍ക്കേണ്ടിവരും. തമിഴ് തീവ്രത ഒരു കലാപമായി മാറുകയാണെങ്കില്‍ (അങ്ങനെ ആകാതിരിക്കട്ടെ) അതിന്റെ ഇര മദിരാശിയിലും മറ്റിടങ്ങളിലും പാടുപെട്ട് അധ്വാനിക്കുന്ന പാവപ്പെട്ട, ലക്ഷക്കണക്കിന് മലയാളികളായിരിക്കും. ഇന്നവര്‍ അരക്ഷിതരായാണ് അന്തിയുറങ്ങുന്നത്. പൊട്ടാന്‍ പോകുന്ന ഡാമിനെയും വെട്ടാന്‍ വരുന്ന തമിഴ്‌വാദക്കാരെനയും ഒരുപോലെ ഭയക്കുന്ന ഇരട്ട ദുഃഖക്കാരായി തമിഴ്‌നാട്ടിലെ മലയാളികള്‍ മാറിയിരിക്കുന്നു.
തമിഴന്റെ മനസ്സില്‍ സംഘകാലം മുതലേ 'നം തമിഴ്' (നമ്മുടെ തമിഴ്) എന്ന ഉറപ്പുണ്ട്. ആധുനികത സൃഷ്ടിച്ച ദേശബോധ രൂപവത്കരണത്തിന്റെ കാലത്ത് അതിന് സവിശേഷമായ ഭാവവും കനവും കൈവന്നു. ആ കനിക്ക് വിത്തിട്ടത് തന്തൈപെരിയാര്‍ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍ (1899-1973) ആണ്. ബ്രാഹ്മണിസത്തിനും ഹിന്ദുമതത്തിനുമെതിരെ യുക്തിവാദത്തിന്റെ ആശയങ്ങളുയര്‍ത്തിയാണ് പെരിയാര്‍ ആരംഭിച്ചത്. അക്കാരണങ്ങള്‍ക്കൊണ്ടുതന്നെ അദ്ദേഹത്തിന് ഗാന്ധിജിയുമായി പിണങ്ങേണ്ടിവന്നു. 1925ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 'സുമരിയാദൈ ഇയക്കം' എന്ന തീവ്ര സവര്‍ണവിരുദ്ധ സാംസ്‌കാരിക സംഘത്തിന് അദ്ദേഹം രൂപം നല്‍കി. ജാതിക്കെതിരെയും വിഗ്രഹാരാധനക്കെതിരെയും അത് തുറന്ന കലാപം നടത്തി. വിഗ്രഹങ്ങള്‍ തകര്‍ത്തും പൂണൂല്‍ പൊട്ടിച്ചും മുന്നേറി. അതോടൊപ്പം സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ (ജസ്റ്റിസ് പാര്‍ട്ടി) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്ന് രാഷ്ട്രീയമുന്നേറ്റവും പെരിയാര്‍ ആരംഭിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാല്‍ സവര്‍ണമേലാളന്മാരായിരിക്കും അധികാരത്തിലേറുക എന്ന് മുമ്പേ പ്രവചിച്ചത് തന്തൈപെരിയാറാണ്. അതിനാല്‍ 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടരുത്' എന്ന പ്രതിമുദ്രാവാക്യം അദ്ദേഹവും കൂട്ടരും ഉയര്‍ത്തി. ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടിലെ ആദ്യ മുന്നേറ്റത്തിന് 1936ല്‍ നേതൃത്വം നല്‍കിയതും പെരിയാറായിരുന്നു. 1944ല്‍ ദ്രാവിഡര്‍ കഴകം എന്ന പുതിയ പാര്‍ട്ടി സ്ഥാപിച്ച് പെരിയാര്‍ തമിഴ് ദേശീയവാദത്തിന് മേല്‍ക്കൂരയും പണിതു. അതിന് 'ദ്രാവിഡ രാജ്യം' എന്ന പ്രത്യയശാസ്ത്ര പിന്‍ബലം ഉണ്ടാക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട ദിവസം ദുഃഖദിനമായി ആചരിച്ച പാര്‍ട്ടിയാണ്, ഇന്നത്തെ എല്ലാ തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃസംഘടനയായ ദ്രാവിഡര്‍ കഴകം. 1957ല്‍ ഇന്ത്യന്‍ ഭരണഘടന പരസ്യമായി കത്തിക്കാന്‍ പെരിയാര്‍ ആഹ്വാനം ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 'പ്രാകൃതന്‍' എന്ന് പെരിയാറെ അപഹസിച്ചതില്‍ പ്രതിഷേധിച്ച് തമിഴകമാകെ ഇളകിമറിഞ്ഞു. കേരളവും കര്‍ണാടകവും ആന്ധ്രയും തമിഴ്‌നാടിനോട് ചേര്‍ത്ത് ഒരു 'ദ്രാവിഡരാജ്യം' സ്വപ്നം കണ്ട ആ തമിഴ് മഹാത്മാവിന്റെ സ്മരണക്കായി ഈറോഡ് ജില്ല വിഭജിച്ച് പെരിയാര്‍ മാവട്ടം സ്ഥാപിച്ചാണ് അദ്ദേഹത്തിന്റെ ദത്തുപുത്രനും പിന്‍ഗാമിയുമായ പേരിനാര്‍ അണ്ണാദുരൈ കണക്കുതീര്‍ത്തത്.
ഈ കഥകളിങ്ങനെ വിശദമാക്കിയതില്‍ മറ്റൊരു ലക്ഷ്യവുമുണ്ട്. ചരിത്രവായനയുടെ വിചിത്രമായ ചില കണ്ണികള്‍ നോക്കൂ. ചില നിലപാടുകളുടെ പേരില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ എതിര്‍ത്തതിനാല്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഇന്നും പഴികേള്‍ക്കുന്നു. തികച്ചും സാമുദായികമായ അത്തരം ചില നിലപാടുകളെടുത്ത മുഹമ്മദലി ജിന്ന മതേതര രാഷ്ട്രീയ ജാടക്കാര്‍ക്കുമുഴുവന്‍ ഇന്നും വിഭജനവാദിയാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുള്ളതിനാല്‍ അബുല്‍ അഅ്‌ലാ മൗദൂദി മതേതര നാട്യക്കാരായ ബുദ്ധിജീവികള്‍ക്കു മുഴുവനും മതമൗലികവാദിയാണ്. തമിഴ്‌നാട്ടില്‍ പക്ഷേ, ഈ വാദങ്ങളെല്ലാമുയര്‍ത്തിയ പെരിയാര്‍ രക്ഷകനും മഹാത്മാവും പ്രവാചകനും ദൈവവുമായി വാഴുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലുള്ള ഈ യോജിപ്പും ഉറപ്പുമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലും അവര്‍ക്കുള്ളതും നമുക്കില്ലാത്തതുമായ സംഗതി.
ഈ തീവ്രനിലപാടുകള്‍ തമിഴ് ഭാഷയുമായും ബന്ധപ്പെട്ടതാണ്. തനിത്തമിഴ് ഇയക്കം എന്ന പ്രസ്ഥാനത്തിന് തമിഴ് സാംസ്‌കാരിക സംഘങ്ങളില്‍ പലതിലും വേരുകളുണ്ട്. ഇംഗ്ലീഷ്, പേര്‍ഷ്യന്‍, സംസ്‌കൃത വാക്കുകളോടുള്ള വെറുപ്പും വിദ്വേഷവുമാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രം. ഇംഗ്ലീഷ് പേരുകളുള്ള സ്ഥാപനങ്ങള്‍ക്കും സിനിമകള്‍ക്കും വരെ ഇവരുടെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. മറൈമലൈ അഡികള്‍, പാവേന്ദര്‍, ഭാരതിദാസന്‍ തുടങ്ങിയ സാഹിത്യകാര്‍ ഈ വാദത്തിന് വെള്ളവും വളവും പകര്‍ന്നവരാണ്. പുറത്തുള്ള ഒരു കാര്യം തമിഴില്‍ കലരുന്നത് തമിഴനില്‍ കലരുന്നതിന് തുല്യമാണെന്ന് എപ്പോഴും വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദി പഠിപ്പിക്കുന്നതിനെതിരെ 1937 ല്‍ ഉണ്ടായ ബഹുജനസമരത്തിന്റെ ഫലമായാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതാവുകയും ദ്രാവിഡ രാഷ്ട്രീയം വേരുപിടിക്കുകയും ചെയ്തത്. ഈ ഭാഷാവിരുദ്ധ കലാപം പലവട്ടം പലരീതിയില്‍ തമിഴ്‌നാട്ടില്‍ തുടര്‍ന്നിട്ടുണ്ട്. ഇപ്പോഴും തമിഴ്‌നാട്ടിലെ ജനറല്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്നില്ല.
രാമദാസിന്റെയും വൈക്കോയുടെയും പുതിയ ആവശ്യം ഇടുക്കി ജില്ല തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാണ്. 1949 ല്‍ സംസ്ഥാനവിഭജനക്കാലത്ത് കന്യാകുമാരി ജില്ല തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ധാരാളം കൊട്ടാരങ്ങളും പ്രദേശങ്ങളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന ആ ഭാഗം കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്നതു തന്നെയായിരുന്നു ഭംഗി. കന്യാകുമാരിയെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് കുമാരിതന്തൈ മാര്‍ഷല്‍ നേശമണി എന്ന നേതാവിന്റെ കീഴില്‍ തമിഴ്‌നാട്ടിലൊന്നടങ്കം സമരങ്ങള്‍ നടന്നു. 1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍വിഭജനം നടത്തിയപ്പോള്‍ ആ സമരങ്ങള്‍ ഫലവത്താവുകയും ചെയ്തു. അതിന് ഒത്താശ ചെയ്തുകൊടുത്ത പട്ടം താണുപിള്ളക്ക് പഞ്ചാബിന്റെ ഗവര്‍ണര്‍സ്ഥാനം പരോപകാരം കിട്ടി എന്ന് ചരിത്രപുസ്തകത്തിലെ അടക്കം പറച്ചില്‍.
തുറന്നു പറഞ്ഞാല്‍, പല പരോപകാരങ്ങളും ഇന്നും കിട്ടുമെന്നിരിക്കെ കേരളത്തിന്റെ ഇടുക്കി ജില്ല തമിഴ്‌നാടിന് തീറെഴുതിക്കൊടുക്കാനും മടിക്കില്ല മലയാളക്കരയിലെ രാഷ്ട്രീയ പിച്ചക്കാര്‍. മുല്ലപ്പെരിയാര്‍ നില്‍ക്കുന്ന ഭൂമിയങ്ങ് അവര്‍ക്കു കൊടുത്തുകഴിഞ്ഞാല്‍ ആ തൊല്ലയങ്ങ് തിര്‍ന്നല്ലോ.
പിന്‍വാതില്‍ - മുല്ലപ്പെരിയാര്‍ പ്രശ്‌നം കേവലം വെള്ളത്തിന്റെ കാര്യമല്ല. ചരിത്രത്തില്‍ വേരൂന്നിനില്‍ക്കുന്ന തമിഴ് ബോധത്തിന്റെ കാര്യമാണ്. ഇന്ത്യ ഒട്ടേറെ വ്യത്യസ്തമായ ഘടകങ്ങളുടെ ഏകസ്വരമാണെന്ന തോന്നല്‍ അവസാനിക്കുകയാണ് എന്ന യാഥാര്‍ഥ്യത്തിന്റെ കാര്യമാണ്. കേള്‍ക്കാന്‍ രസമുണ്ടെന്നതെല്ലാതെ 'നാനാത്വത്തില്‍ ഏകത്വം' എന്ന മുദ്രാവാക്യത്തിന് വേണ്ടത്ര പൊരുളോ പ്രയോജനമോ ഇല്ല. സ്വന്തം സ്വത്വവും അവകാശവും ഉല്പാദിപ്പിക്കുന്ന പ്രാദേശിക വാദങ്ങളുടെ ഒരു കലവറയായി മാറിയിരിക്കുന്നു ഇന്ത്യ. കേന്ദ്രത്തിന്റെ പിടി എത്രകാലം മുറുകിയിരിക്കും എന്നതിനെ ആശ്രയിച്ചാണ് ആര്‍ഷഭാരതത്തിന്റെ ദേശീയ കെട്ടുറപ്പ് നിലനില്‍ക്കുക. സ്വത്വവാദത്തിന്റെ ചെറുഭൂകമ്പം മതി ദേശീയബോധത്തിന്റെ സുര്‍ക്കികൊണ്ടുനിര്‍മിച്ച ഈ അണക്കെട്ടു തകരാന്‍.
9895 437056 [email protected]
Comments